അന്യംനിന്നു പോകുന്ന തലമുറയിലെ ഒരാൾ കൂടി ഓർമയായി. വളരെ ഊർജസ്വലമായ, സംഭവ ബഹുലമായ ജീവിതം നയിച്ച് ദേവകി നിലയങ്ങോട് യാത്രയായി.
നമ്പൂതിരി സമുദായം ‘യോഗ ക്ഷേമസഭ’യിൽ നിന്ന് ‘നമ്പൂതിരി യുവജനസംഘ’ത്തിലേക്കും, നമ്പൂതിരി പരിഷ്-കരണ പ്രസ്ഥാനത്തിൽനിന്ന് നമ്പൂതിരി സാമുദായിക വിപ്ലവത്തിലേക്കും മാറുന്ന കാലത്താണ് ദേവകി നിലയങ്ങോടിന്റെ ജനനം. യോഗ ക്ഷേമസഭയുടെ 22–ാം വാർഷികത്തിൽ 1929ൽ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന സാമുദായിക പ്രഹസനം അരങ്ങേറുന്നു. രാവിലെ തന്നെ തുടങ്ങുന്ന സമ്മേളനത്തിൽ പാവാടയും ബ്ലൗസും ധരിച്ച് മുടി പിന്നിക്കെട്ടി, പാർവതി മനേഴി പ്രാർഥന ചൊല്ലുന്നു. വിപ്ലവത്തിന്റെ തുടക്കം, യാഥാസ്ഥിതികത്ത്വത്തിന്റെ അടിത്തറ ഇളക്കുന്ന ചരിത്രപ്രസിദ്ധമായ 22–ാം വാർഷികം. അന്ന് ദേവകി നിലയങ്ങോടിന് ഒരു വയസ്സ് പ്രായം. 1906ൽ തുടങ്ങി 1950 വരെ നീണ്ടുനിന്ന നമ്പൂതിരി പരിഷ്-കരണത്തിൽ ഉടനീളം മാറ്റങ്ങൾ കണ്ടുകൊണ്ടും, സ്വയം മാറിക്കൊണ്ടും പൂർണമായി ‘ജീവിച്ച’ മഹദ്-വ്യക്തിയാണ് ദേവകി നിലയങ്ങോട്. കേരളത്തിലെ സാമൂഹ്യ പരിഷ്-കരണ പ്രസ്ഥാനങ്ങൾ സൃഷ്ടിച്ചെടുത്ത ഭൂമികയിൽ ‘നിലനിന്നു പോരുന്ന’ പുത്തൻ തലമുറയ്ക്കുള്ള ‘ഓർമിപ്പിക്കലാ’യി അവർ രണ്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രണ്ടും ആത്മകഥാപരമാണ്. 2003ൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘നഷ്ടബോധങ്ങളില്ലാതെ’ എന്ന പുസ്തകവും 2008ൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കാലപ്പർച്ചകൾ’ എന്ന പുസ്തകവും അവരുടെ പോരാട്ട ജീവിച്ചതത്തെ സാക്ഷ്യപ്പെടുത്തുന്നു.
നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളും വിവേചനങ്ങളും പലരും രേഖപ്പെടുത്തിയിട്ടുണ്ട്. അവ പലതും ദരിദ്ര നമ്പൂതിരി ഗൃഹപശ്ചാത്തലങ്ങളാണ്; കനിഷ്ഠന്റെ (അപ്ഫന്റെ) ജീവിതത്തെക്കുറിച്ചാണ്; അവർ നടത്തിയ വിപ്ലവത്തെക്കുറിച്ചാണ്; വി ടി, ഇ എം എസ്, ഐസിപി, പാതിരിശ്ശേരി, പള്ളം, പ്രേംജി, എം ആർ ബി എന്നിങ്ങനെ ധാരാളംപേർ ഉദാഹരണമായുണ്ട്. ആചാരാനാചാരങ്ങൾ, ദിനചര്യ, അതിലുള്ള അസമത്വം എന്നിവയും മൂന്നുവോള്യങ്ങളിലായി കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് ‘എന്റെ സ്-മരണകൾ’ എന്ന ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘പെൺകുട്ടികളുടെ ദിനചര്യ’ എന്ന അധ്യായത്തിൽ വിശദമായിത്തന്നെ വിവേചനങ്ങളെ തുറന്നു കാണിക്കുമ്പോഴും ഒരു അപരത്വ വിമർശനമായി മാത്രമേ നമുക്ക് അതിനെ കാണാൻ കഴിയൂ. അതിൽ നിന്ന് വ്യത്യസ്തമായി സ്ത്രീ പക്ഷത്ത് നിന്നുകൊണ്ട്, അനുഭവത്തിന്റെ വെളിച്ചത്തിൽ ദേവകി നിലയങ്ങോടിന്റെ ആത്മകഥ നമ്മോട‍് സംവദിക്കുന്നുണ്ട്; സ്വയം വിമർശനാത്മകവും, സ്വയം പ്രതികരണാത്മകവുമാണത്.
അച്ഛന്റെ (പകരാപൂർ കൃഷ്ണൻ സോമയാജിപ്പാട്) പതിമൂന്നാമത്തെ കുട്ടിയും, അമ്മയുടെ (പാർവതി അന്തർജനം, നരിപ്പറ്റമന) ഏഴാമത്തെ കുട്ടിയുമായിട്ടാണ് ദേവകി ജനിക്കുന്നത്. ഉണ്ണി പിറന്നാലുള്ള ആർപ്പുവിളികളില്ലാതെ, വാതിലിൽ ചെറിയ ശബ്ദത്തിൽ തട്ടി പെൺകുട്ടിയാണെന്നറിയിക്കുന്നതു തൊട്ടു തുടങ്ങുന്നു, വിവേചനം. ദേവകി ജനിക്കുമ്പോൾ അച്ഛന് 68 വയസ്സ്, അമ്മയ്ക്ക് 25 വയസ്സ്. അന്ന് സമുദായത്തിൽ നിലനിന്നിരുന്ന അധിവേദനത്തിന്റെ ഭാഗമായി, സോമയാജിപ്പാടിന്റെ മൂന്നാമത്തെ വേളിയായിരുന്നു പാർവതി നരിപ്പറ്റ. മാത്രമല്ല, മാറ്റക്കല്യാണത്തിന്റെ ഭാഗമായി, നരിപ്പറ്റ ഇല്ലത്തിലെ 3 വയസ്സുകാരിയെ സോമയാജിപ്പാടിന്റെ ആദ്യവേളിയിലെ അഞ്ചുവയസ്സായ മകന് ‘മാറ്റമായിട്ടാണ് വിവാഹം കഴിക്കുന്നത്. ‘‘ചീഞ്ഞളിഞ്ഞ സംസ്-കാര’’മെന്ന് പലരും വിശേഷിപ്പിച്ച അക്കാലത്താണ് ദേവകി ജനിക്കുന്നത്.
സ്കൂൾ പഠനം പെൺകുട്ടികൾക്കു മാത്രമല്ല, ആൺകുട്ടികൾക്കും നിഷേധിക്കപ്പെട്ടിരുന്നു. പകരാപൂറിലെ സമ്പന്നത കാരണം, വീട്ടിൽവച്ച് മലയാളം, സംസ്-കൃതം എന്നീ ഭാഷകൾക്ക് ട്യൂഷൻ ഏർപ്പെടുത്തിയിരുന്നു. പുരാണങ്ങൾ വായിക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. വിപ്ലവകാലത്ത് ഏട്ടൻമാർക്ക് ചമത ഒതുക്കിക്കൊടുക്കുന്ന പെൺകിടാങ്ങൾക്ക് വായിക്കാൻ പുസ്തകങ്ങൾ ഒളിച്ചുകൊടുക്കുന്ന രീതിയുണ്ടായിരുന്നു. ദേവകിക്ക് വായനയിൽ കമ്പമുണ്ടാവുന്നത് അങ്ങനെയാണ്. തീണ്ടാരിയാവുന്ന മൂന്നുദിവസം ആരും കയറാത്ത മുറിയിലിരുന്നു വായിക്കാം. പക്ഷേ പുസ്തകം ‘അശുദ്ധി’യാവും. അതുകൊണ്ട് ഒരു നായർ സ്ത്രീ–ഇരിക്കണമ്മ– പേജുകൾ മറിച്ചുകൊടുത്തുകൊണ്ട് കൂടെ ഇരിക്കും നിയമം ലംഘിച്ച് പുസ്തകം അശുദ്ധമാക്കാറില്ല. പുസ്തകം തൊടാതെ, മൂന്നുദിവസം വായിക്കാറുണ്ടായിരുന്ന ഇവർ ഒരു പുസ്തകപ്പുഴുവാകുന്നത് ഈ ‘പുറം’ വായനയിലൂടെയാണ്. കൂടുതൽ തവണ വായിച്ച പുസ്തകം ‘പാവങ്ങൾ’ ആണെന്ന് പറയുമ്പോൾ അവർ കൂട്ടിച്ചേർക്കുന്നതിങ്ങനെ ‘‘വിഷ്ണുവിനെയും ശിവനെയും നമസ്-കരിക്കുന്ന കൂട്ടത്തിൽ, ഞാൻ നിത്യവും രാവിലെ ഡിയിലെ മെത്രാനെയും നമസ്-കരിക്കുമായിരുന്നു.’’– ഇംഗ്ലീഷ് പഠിക്കാനുള്ള താൽപ്പര്യമുണ്ടായത‍് 15–ാം വയസ്സിലാണ്. തങ്കം ടീച്ചർ അക്ഷരം പഠിപ്പിച്ചു, പക്ഷേ തങ്കം ടീച്ചർ ഒരു ദിവസം പറയുന്നു ‘‘മറ്റന്നാളെ ആത്തോലിന്റെ പെൺകൊടയാണല്ലോ’’ എന്ന്– ട്യൂഷൻ ടീച്ചർ പറഞ്ഞാണ് സ്വന്തം വിവാഹംപോലും അറിയാനുള്ള സാഹചര്യമുണ്ടാവുന്നത്. വി ടി പണ്ട്ുപറഞ്ഞതുപോലെ ‘‘നെയ്യപ്പത്തിന്റെയടുത്ത് ചോദിച്ചിട്ടല്ലല്ലൊ, നെയ്യപ്പം കഴിക്യാ’’– എങ്കിലും, ഇംഗ്ലീഷ് അക്ഷരാഭ്യാസം കൊണ്ട്, അവർ വിവാഹാനന്തരം പേൾ എസ് ബക്കിന്റെ ‘ഗുഡ് എർത്ത്’, ജെയ്ൻ ആസ്റ്റിന്റെ ‘പ്രൈഡ് ആൻഡ് പ്രെജൂഡിസ്’ എന്നിവപോലുള്ള നോവലുകൾ വായിച്ചെടുത്തു. പുസ്തകങ്ങളെ, അക്ഷരങ്ങളെ പ്രണയിച്ചിരുന്ന, പള്ളിക്കൂടത്തിൽ പോകാത്ത പണ്ഡിതയെ നമുക്ക് നിലയങ്ങോടിൽ കാണാം.
വിവാഹം കഴിക്കുന്നത് ആരെയാണ് എന്നത് വിവാഹം കഴിഞ്ഞ ശേഷമേ അറിയാറുള്ളൂ. 1942കളിൽ കാറോടിച്ചിരുന്ന, പരിഷ്-കാരിയായ,നിലയങ്ങോട്ടെ രവി നമ്പൂതിരി ദേവകി വളർന്നുവന്ന ഇല്ലങ്ങളിൽ കണ്ട ചെറുപ്പക്കാരിൽനിന്നും വ്യത്യസ്തനായിരുന്നു. കൃഷി, ഓട്ടോമൊബെെൽ വ്യവസായം എന്നിവ ഒരുപോലെ നടനത്തിയിരുന്നതു കൂടാതെ ഇല്ലത്തിന്റെ നാലുഭാഗവും താമസിച്ചിരുന്ന മുസ്ലീം യുവാക്കൾക്ക് തൊഴിലില്ലാത്തതുകൊണ്ട് അവർക്കുവേണ്ടി ‘ജയ്ഹിന്ദ്’ എന്നുപേരായ (അന്നത്തെ ദേശീയതയുടെ പേര്) ബീഡി കമ്പനി തുടങ്ങിയ ഉൽപതിഷ്ണുവായിരുന്നു രവി നമ്പൂതിരി. വിവാഹം കഴിഞ്ഞ അടുത്ത ദിവസം ഇവർ ഭർത്തൃഗൃഹമായ നിലയങ്ങോട് പോയപ്പോൾ അവരെ സ്വീകരിച്ചത്, പല ജാതി, മതങ്ങളിൽപ്പെട്ട ആൾക്കൂട്ടമായിരുന്നു. അവർ രണ്ടുപേർക്കും ചുവന്ന നിറത്തിലുള്ള മാല കൊടുക്കുന്നു. പരസ്പരം അണിയിക്കുന്നു. ദേവകി ജീവിതത്തിലാദ്യമായി കേട്ട ഒരു വിളി എല്ലാവരും വിളിക്കുന്നു. ‘‘ഇക്വിലാബ് സിന്ദാബാദ്’’. അതിന്റെ അർഥം ദേവകി അറിയുന്നത് വർഷങ്ങൾക്കുശേഷമാണ്.
ദേവകിക്ക് മൂന്നുവയസ്സുള്ളപ്പോൾ, 1931ൽ ഒരു വെെകുന്നേരം കുറേ നമ്പൂതിരിമാരും അന്തർജനങ്ങളും ഇല്ലത്തേക്ക് (പകരാവൂർ) കയറിവന്നു. നമ്പൂതിരിമാർ കുടുമ മുറിച്ച് ഷർട്ട് ധരിച്ചിട്ടുണ്ട്. സ്ത്രീകൾ കാതുമുറിച്ച് കമ്മലിട്ടിട്ടുണ്ട്. സാരിയും ബ്ലൗസും ധരിച്ചിട്ടുണ്ട്. കാഞ്ഞൂർ മഠത്തിൽനിന്നാണ് വന്നത്. അവർ പൂമുഖത്ത് നിന്ന് സംസാരിച്ചു. സ്ത്രീകൾ പേടിച്ച് അകത്തേക്കോടിപ്പോയി. കാഞ്ഞൂർ മഠം വഴിയാണ് അമ്പലത്തിലേക്കുപോകേണ്ടത്. വഴിയിൽ ഒരു കടലാസുമായി മുടി ബോബ് ചെയ്ത് സാരിയുടുത്ത ഒരു അന്തർജനം കുട്ടികളെ വിളിച്ചു. ‘‘പേടിക്കണ്ട. ഇത് അമ്മകയ്ക്ക് കൊടുക്കൂ’’– കടലാസ് മറ്റൊന്നുമായിരുന്നില്ല. വി ടിയുടെ ‘നമ്പൂതിരി പെൺകിടാങ്ങൾക്കൊരുകത്ത്’’ എന്ന പ്രസിദ്ധമായ ലേഖനമായിരുന്നു. അതുവായിക്കാൻ കുളപ്പുരയിൽ പോകേണ്ടി വന്നതായി ഇവർ പറയുന്നു. വിപ്ലവത്തിന്റെ ആദ്യ മുഖം, ദേവകിയുടെ മനസ്സിൽ പതിഞ്ഞ ആ ബോബ് ചെയ്ത സുന്ദരമുഖം മറ്റാരുമായിരുന്നില്ല, ആര്യാ പള്ളം എന്ന നമ്പൂതിരി വിപ്ലവനായികയായിരുന്നു. അവരുടെ കൂടെ ‘അധിവേദന പിക്കറ്റിങ്’ നടത്തുവാൻ, വർഷങ്ങൾക്കുശേഷം ദേവകിക്ക് കഴിഞ്ഞു.
കയ്യണ്ടത്തിൽ വേളി മുടക്കാൻ
കെെയുമുയർത്തി വരുന്നു, സഖാക്കൾ
എന്ന മുദ്രാവാക്യം വിളിച്ചതിന്റെ കൂടെ ദേവകിയും വിളിച്ചു. ‘‘ഇക്വിലാബ് സിന്ദാബാദ്’’. ചെറുപ്പത്തിൽ കാപ്പികുടി നിഷേധിച്ചതിന്റെ ഭാഗമായി, ഒളിച്ച് ഏടത്തിയും ദേവകിയും ചേർന്ന് കാപ്പി ഉണ്ടാക്കാൻ തീരുമാനിച്ചതും, കതകടച്ച് കുറ്റിയിട്ട് കാപ്പിയിട്ടുകഴിഞ്ഞപ്പോൾ എന്തോ എടുക്കാനായി അപ്ഫൻ കതകിൽ മുട്ടിയതും, ഒാവുപുരയിലേക്ക് ഓടി, രക്ഷപ്പെട്ട് കാപ്പി ഒളിപ്പിച്ചു വച്ചതും അപ്ഫൻ തിരികെപോയേ-പ്പിന്നെ തണുത്ത കാപ്പി കുടിച്ചതും ഒരു ചെറുത്തുനിൽപ്പായിരുന്നു. എന്തേ, തങ്ങൾ കാപ്പി കുടിച്ചാൽ എന്ന ചോദ്യമായിരുന്നു. അന്ന് അകത്ത് ഒളിഞ്ഞുകിടന്ന വിപ്ലവത്തെ സമൂഹമധ്യത്തിൽ കൊണ്ടുവരാൻ സഹായിച്ചത്, മുടി ബോബ് ചെയ്ത സുന്ദരിയായ ആ ‘വിപ്ലവ ജേ-്യാതി’യായിരുന്നു. ആര്യ പള്ളം പ്രസിഡന്റും ദേവകി നിലയങ്ങോട് സെക്രട്ടറിയുമായി അന്തർജനസമാജത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് വിവാഹശേഷം, സാമുദായികപ്രവർത്തനത്തിലൂടെയാണ്.
നായർ–നമ്പൂതിരി ബന്ധങ്ങളുടെ അതിപ്രസരം ഏറെയുണ്ടായിരുന്ന കാലഘട്ടമാണ് ദേവകിയുടെ ചെറുപ്പകാലം. പെൺകിടാങ്ങൾക്ക് ‘അപകർഷതാബോധം’ സൃഷ്ടിച്ചിരുന്ന വേഷവിധാനങ്ങൾ. കാടുപിടിച്ച് പേൻ നിറഞ്ഞ മുടിയും, ഇലക്കോണകവും നീട്ടിവളർത്തിയ കാതുമായി നിൽക്കുന്ന ദേവകിയെ കെട്ടിപ്പുണർന്ന് കൂടെയിരുത്തിയ രണ്ടുപേർ – സുഭദ്രയും ഭാരതിയും– ചെറിയ അപ്ഫന്റെ നായർ സംബന്ധത്തിലെ കുട്ടികളും. പാവാടയും ബ്ലൗസും ധരിച്ച്, മുടിപിന്നിക്കെട്ടി, പൊട്ടുതൊട്ട് വാസനയോടെ അവർ വരുമ്പോൾ, അവരുടെ മുൻപിൽ നിൽക്കാൻ കഴിയാതെ അപകർഷതാബോധംകൊണ്ട് ദേവകി തലകുനിക്കുമായിരുന്നു. സംസ്കൃത പണ്ഡിതകളായിരുന്നു ആ രണ്ടു പെൺകുട്ടികളായിരുന്നു. ‘‘അവർ ഞങ്ങൾക്കൊരൽഭുതമായിരുന്നു. അവർ വരുമ്പോൾ എന്തൊരു മണം. അവർ പരിചയപ്പെടുത്തിയതാണ് സോപ്പ്, അവർ കാണിച്ചുതന്നതാണ് ചീർപ്പ്, കണ്ണാടി, റിബ്ബൺ എന്നിവ. ‘മാറണം’ എന്ന തോന്നലുണ്ടായതും, മനസ്സിനകത്ത് മാറ്റത്തിന്റെ പിടച്ചിൽ ഉണ്ടായതും ഈ കുട്ടികളിൽനിന്നാണ്’’. നീതിയും നിയമവും ഭരണവും സമ്പത്തും ഒക്കെ നിറഞ്ഞിരുന്ന ആഢ്യഗൃഹങ്ങളിലെ പെൺകിടാങ്ങളുടെ അധമപദവിയും അവ സൃഷ്ടിക്കുന്ന അപകർഷതാബോധവും ഒരുപക്ഷേ അക്കാലഘട്ടത്തിലെ മിക്കവാറും എല്ലാവരിലും ഉണ്ടായിരുന്നിരിക്കണം. എങ്കിലും മാറാനുള്ള സാഹചര്യങ്ങൾ ഒത്തുവരുമ്പോൾ, മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങുമ്പോൾ, അതിന്റെ ഭാഗമാകണം എന്ന തോന്നൽ വളരെ കുറച്ചുപേരിലേ കണ്ടിട്ടുള്ളൂ.
ദേവകിവാരിയരുടെ സമപ്രായക്കാരിയായ ദേവകി നിലയങ്ങോടിന്റെ ഏട്ടനാണ് കഴിഞ്ഞയാഴ്ച 103–ാമത്തെ വയസ്സിൽ ദിവംഗതനായ ചിത്രൻ നമ്പൂതിരിപ്പാട്. വിദ്യാഭ്യാസ വിചക്ഷണനും, വാഗ്മിയുമായിരുന്ന അദ്ദേഹം തന്റെ 14–ാം വയസ്സിൽ, പന്തിഭോജനത്തിൽ പങ്കെടുത്ത വ്യക്തിയാണ്.
ഈ ഏട്ടന്റെ സന്ധ്യാവന്ദനത്തിന് ദേവകി ചമത ഒരുക്കുമ്പോഴാണ് ചമത കൊടുക്കുന്ന പലകയുടെ അടിയിൽ പുസ്തകങ്ങൾ വെച്ച് തിരിച്ചുകൊടുത്തിരുന്നത്. വിപ്ലവകാരികളായ പുരുഷന്മാർ അക്കാലത്ത് കുടുംബത്തിലെ സ്ത്രീകളിൽ മാറ്റമുണ്ടാക്കുവാനുള്ള പല തന്ത്രങ്ങളും പ്രയോഗിച്ചിരുന്നതായി ചരിത്രം പറയുന്നുണ്ട്: ഇ എം എസ്, ആര്യാ അന്തർജനത്തിന് ഉണ്ണിനമ്പൂതിരി വായിച്ചു കൊടുത്തിരുന്നതുൾപ്പെടെ.
ദേവകിയുടെ ഏട്ടനായ ചിത്രൻ നമ്പൂതിരി അവരുടെ ഏറ്റവും വലിയ ശക്തിയായിരുന്നു. കെ ദാമോദരന്റെ സ്വാധീനത്തിൽ കമ്യൂണിസത്തിലേക്കാകർഷിക്കപ്പെട്ട ഇദ്ദേഹം, എഐഎസ്എഫിന്റെ പ്രഥമ സെക്രട്ടറിയുമായിരുന്നു. കുടുംബം ഭാഗം ചെയ്തപ്പോൾ തനിക്ക് ലഭിച്ച അഞ്ചര ഏക്കർ ഭൂമി ഒരു രൂപ പ്രതിഫലം വാങ്ങി, സ്കൂളിനായി സർക്കാരിന് കെെമാറിയയാളാണ് ചിത്രൻ നമ്പൂതിരിപ്പാട് – ആ ഏട്ടൻ എന്നും ദേവകിയുടെ പിന്തുണയ്ക്കുണ്ടായിരുന്നു.
ജീവിതത്തിന്റെ അവസാനഘട്ടങ്ങളിൽ അവർ മകളുടെ കൂടെയാണ് ജീവിച്ചിത്. അക്കാലത്താണ് ‘കാലപ്പകർച്ചകൾ’ എഴുതുന്നത്.
‘തൊഴിൽ കേന്ദ്രത്തിലേക്ക്’ എന്ന നാടകം ഉണ്ടാവാനുണ്ടായ സാഹചര്യം, തീർത്ഥയാത്രകൾ പകർന്നു നൽകിയ പാഠങ്ങൾ, സമുദായത്തിലുണ്ടായിരുന്ന ഉച്ചനീചത്വങ്ങൾ, അക്കാലത്തെ വസൂരി പോലുള്ള രോഗങ്ങൾ, ഡോക്ടർമാരുടെ രീതി എന്നിങ്ങനെ, തന്റെ സാമൂഹ്യ ചിന്തകളും വ്യാകുലതകളും വരച്ചു കാണിക്കുകയാണ്, ‘ഓർമകളിലൂടെ’ ദേവകി ചെയ്തത്.
‘‘ഇവ എഴുതിയിട്ടില്ലെങ്കിൽ, ജീവിതം സാർത്ഥകമാവില്ല, പൂർണമാവില്ല. നമ്മൾ ജീവിക്കുന്ന ലോകം ഇതും കൂടിയാണ്. ഇവയൊക്കെ മാറേണ്ടതുണ്ട് എന്ന തോന്നലെപ്പോഴുമുണ്ട്. – എഴുതാനല്ലെ, എനിക്ക് കഴിയൂ’’ ദേവകിയുടെ നിസ്സഹായതയുടെ ശബ്ദം. തന്റെ ആഗ്രഹങ്ങൾക്കൊത്ത് സമൂഹം മാറാത്തതിന്റെ വ്യഥകൾ ഒക്കെ, അവസാനം വരെയും അവരെ പിൻതുടർന്നിരുന്നു. തീർച്ചയായും അവർ സമൂഹത്തിന് തരുന്ന ഈ സന്ദേശം – മാറേണ്ടതുണ്ട്… ഇനിയും ഇനിയും മാറേണ്ടതുണ്ട് എന്നത് സ്വാംശീകരിച്ചുകൊണ്ട് മാറാനുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടു മാത്രമേ ദേവകി നിലയങ്ങോടിനോട് നമുക്ക് നീതി പുലർത്താൻ കഴിയുകയുള്ളൂ. ♦