Friday, November 22, 2024

ad

Homeവിശകലനംജനങ്ങളെ വഴിതെറ്റിക്കലല്ല മാധ്യമ ധർമ്മം

ജനങ്ങളെ വഴിതെറ്റിക്കലല്ല മാധ്യമ ധർമ്മം

സി പി നാരായണൻ

സിൽവർ ലെെൻ എന്നോ കെ – റെയിൽ എന്നോ വിളിക്കപ്പെടുന്നതാണ് കേരളത്തിലെ നിർദിഷ്ടമായ പുതിയ കാസർകോട് – – തിരുവനന്തപുരം റെയിൽ പാത. നിലവിലുള്ള പാത അതിന്റെ ശേഷിയിലധികം ഉപയോഗിക്കപ്പെടുന്നതുകൊണ്ട് പുതിയ തീവണ്ടികളൊന്നും അതിലൂടെ ഓടിക്കാനാവില്ല എന്നു റെയിൽവെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെക്കു വടക്കു യാത്രക്കാരുടെ ബാഹുല്യമുണ്ട് എന്ന് ഔദ്യോഗിക പഠനങ്ങൾ വെളിവാക്കുന്നു. വേണ്ടത്ര വണ്ടികളില്ല. കേന്ദ്ര സർക്കാർ ഇന്ത്യയുടെ നാനാഭാഗങ്ങളിലും പുതിയ ലെെനുകൾ ആസൂത്രണം ചെയ്യുന്നുണ്ട്, അതിന്റെ മുൻഗണന അനുസരിച്ച് അവയിൽ ചിലവ പണിയുന്നുമുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ വാർഷികമായി ഇതിനുവേണ്ടി നീക്കിവെക്കുന്ന തുക തികച്ചും അപര്യാപ്തമാകയാൽ റെയിൽവെ ബോർഡിന്റെ പദ്ധതിയിൽ കേരളത്തിലെ പുതിയ റെയിൽവെ ലെെനിനു വളരെ കുറഞ്ഞ മുൻഗണനയേ ഉള്ളൂ. കേരളത്തിലെ ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ എൽഡിഎഫ് സർക്കാർ അവരുടെ പ്രയാസം പരിഹരിക്കാനായി ബദൽ പദ്ധതി തയ്യാറാക്കി.

അങ്ങനെ റെയിൽവെ ബോർഡും കേരള സർക്കാരും ചേർന്നു രൂപീകരിച്ചതാണ് കെ – റെയിൽ പദ്ധതിയും അതിനുള്ള കമ്പനിയും. കേന്ദ്ര സർക്കാരിനോ റെയിൽവെ ബോർഡിനോ പണം നീക്കിവെക്കാൻ ഇല്ലാത്തതുകൊണ്ട് കേരളത്തിലെ പുതിയ റെയിൽവെ നിർമാണം വെെകിക്കൂട എന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. പുതിയ തെക്കു വടക്ക് ഇരട്ടപ്പാത നിർമാണത്തിന് 63,000 കോടിയിൽപരം രൂപ വേണ്ടി വരുമെന്നായിരുന്നു നേരത്തെ കണക്കാക്കപ്പെട്ടിരുന്നത്. ഇപ്പോൾ സാമഗ്രികളുടെ വിലയിലും മറ്റുമുണ്ടായ വർധന മൂലം അതിൽ 20,000 കോടി രൂപയുടെയെങ്കിലും വർധന വേണ്ടിവന്നേക്കും. എത്രയും നേരത്തെ പണിയുന്നോ അത്രത്തോളം സ്ഥലവില, പാതയുടെ നിർമാണച്ചെലവ്, സ്റ്റേഷനുകൾക്കും മറ്റും വേണ്ടിവരുന്ന ചെലവ്, ആ പാതയിലൂടെ ഓടേണ്ട റെയിൽവെ എൻജിനുകളുടെയും ബോഗികളുടെയും വില എന്നിവയിലൊക്കെ ലാഭിക്കാൻ കഴിയും.

കെ – റെയിൽ കേന്ദ്ര സർക്കാരിനെ അവഗണിച്ചുകൊണ്ട് എൽഡിഎഫ് സർക്കാർ നിർമിക്കാൻ ഉദ്ദേശിക്കുന്നു എന്ന കള്ളപ്രചരണം ചിലർ നടത്തുന്നുണ്ട്. അതുശരിയല്ല എന്ന് മുകളിൽ വിവരിച്ചതിൽനിന്നു വ്യക്തമാണ്. ഇന്ത്യയിലെ റെയിൽവെ എല്ലാം തന്നെ കേന്ദ്ര സർക്കാരിനുകീഴിലുള്ള റെയിൽവെ ബോർഡാണ് നിർമിക്കുന്നത്. ആ പാതയിലൂടെ ഓടേണ്ട എൻജിനുകളും ബോഗികളും വാങ്ങുകയും റെയിൽവെ സ്റ്റേഷനുകൾ പണിയുകയും ജീവനക്കാരെ നിയമിക്കുകയും അവരുടെ വേതനം ആദിയായ ചെലവ് വഹിക്കുകയും ചെയ്യുന്നത് ആത്യന്തികമായി കേന്ദ്ര സർക്കാരാണ്. കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിലാണ് റെയിൽവെ വരുന്നത്. എന്നാൽ, റെയിൽവെ വികസനത്തിനാവശ്യമായ തുക മുഴുവൻ വർഷംതോറും ബജറ്റിൽ വകകൊള്ളിക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ലാത്തതുകൊണ്ട് വേഗത്തിൽ ആ പദ്ധതി പൂർത്തിയാക്കാനാണ് കേരള സർക്കാർ റെയിൽവെ ബോർഡുമായി സഹകരിച്ച് പുതിയ തെക്കു വടക്കു പാത നിർമിക്കാൻ മുൻകെെയെടുത്തത്. ആ തുക പിന്നീട് സംസ്ഥാന സർക്കാരിനു തിരിച്ചു നൽകപ്പെടും.

ഇവിടെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിൽ സംഘർഷത്തിന്റേതായ ഒരു പ്രശ്നവുമില്ല. ജനാധിപത്യ സർക്കാരിന്റെ കടമയാണ് ജനങ്ങളുടെ അടിയന്തരാവശ്യങ്ങൾ നിറവേറ്റുന്നത്. കേരളത്തിൽ റെയിൽ യാത്രാ സൗകര്യം സമീപഭാവിയിൽ വികസിപ്പിക്കുന്നതിനു കേന്ദ്ര സർക്കാർ മുതൽമുടക്കാൻ തയ്യാറല്ല എന്നു കണ്ടാണ് സംസ്ഥാന സർക്കാർ അതിനു മുൻകയ്യെടുത്തത്. അതിന്റെ പാത ഏതു വഴിക്കാകണം എന്നു നിശ്ചയിക്കുന്നത് റെയിൽവെ ബോർഡാണ്. സംസ്ഥാന സർക്കാരിനു അതിന്റെ അഭിപ്രായങ്ങൾ അറിയിക്കാം. അന്തിമ തീരുമാനം റെയിൽവെയുടെയും കേന്ദ്ര സർക്കാരിന്റേതുമാണ്. ഇവിടെ സംസ്ഥാന സർക്കാരും റെയിൽവെ ബോർഡും തമ്മിൽ സംഘർഷത്തിന്റെ പ്രശ്നമില്ല. സംസ്ഥാന സർക്കാർ തന്നിഷ്ട പ്രകാരമാണ് കെ – റെയിൽ സംബന്ധിച്ച നിർദ്ദേശങ്ങൾ വെക്കുന്നത് എന്നു ചില മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എൽഡിഎഫ് സർക്കാർ ചെയ്യുന്നതെല്ലാം തെറ്റാണ് എന്നു പ്രചരിപ്പിച്ച് ജനങ്ങളെ അതിനെതിരായി അണിനിരത്തുന്നതിന് അവ നടത്തുന്ന നിരന്തര കള്ളപ്രചരണത്തിന്റെ ഭാഗമാണ് കെ – റെയിൽ സംബന്ധിച്ചുമുള്ള അവയുടെ നിർമിത വാർത്തകൾ.

കെ–റെയിൽ നിർമാണത്തിനു വേഗം അംഗീകാരം ലഭിക്കാനും അതിന്റെ പ്രവർത്തനം കഴിയുന്നത്ര വേഗം ആരംഭിച്ചു പൂർത്തിയാക്കാനും എൽഡിഎഫ് സർക്കാർ ആഗ്രഹിക്കുന്നു. അതിനു രണ്ട് കാരണങ്ങളുണ്ട്. നിർമാണം വെെകുംതോറും അതിനുവേണ്ടി ചെലവഴിക്കേണ്ടിവരുന്ന തുക വർധിച്ചുകൊണ്ടിരിക്കും. ജനങ്ങൾക്ക് പുതിയ റെയിൽ ലെെനിന്റെ പ്രയോജനം സിദ്ധിക്കുന്നത് അത്രയും വെെകും. അത് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് മെട്രോ വിദഗ്ധനായ ഇ ശ്രീധരനെ കണ്ട് അതുസംബന്ധിച്ച് ചർച്ച ചെയ്തത്. പുതിയ റെയിൽവെ ലെെൻ ഇപ്പോഴത്തേതുപോലെ തന്നെയാകാം. അതിലൂടെ ഓടുന്ന തീവണ്ടികൾ ഇപ്പോഴുള്ളവയെപ്പോലെ തിരുവനന്തപുരം – കാസർകോട് യാത്രക്ക് 12 മണിക്കൂർ എടുക്കാം. അല്ലെങ്കിൽ അത് സെമി ഹെെസ്പീഡിൽ വണ്ടികൾ ഓടുന്ന തരത്തിലാക്കാം. അപ്പോൾ യാത്രാ സമയം ഏതാണ്ട് 4 മണിക്കൂറായി ചുരുങ്ങും. ഹെെ സ്പീഡിൽ ആ ദൂരം താണ്ടാൻ ഒരു തീവണ്ടിക്ക് 1.5 മണിക്കൂർ മതിയാകും.

ഇവിടെ പരിഗണിക്കേണ്ട രണ്ടു ഘടകങ്ങളുണ്ട്. നിർമാണത്തിനും ഓടേണ്ട തീവണ്ടികൾക്കു വരുന്നതുമായ ചെലവ്, ജനങ്ങൾക്ക് എത്രത്തോളം ഉപകരിക്കും എന്നിവയാണ് ആ ഘടകങ്ങൾ. ഹെെ സ്പീഡായാൽ മണിക്കൂറിൽ 300 കി. മീ. വേഗതയെങ്കിലും വേണം. വേഗത്തിലെത്തും. പക്ഷേ, നമ്മുടെ പ്രധാന കേന്ദ്രങ്ങളിൽ (ഓരോ ജില്ലയിലും ഒന്നു വീതം‍) നിർത്തുന്നെങ്കിൽ മാത്രമേ കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്രദമാകുകയുള്ളൂ. തിരുവനന്തപുരത്തുനിന്നും കാസർകോടേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം കുറവായിരിക്കും. തീവണ്ടി കണ്ണൂർ, കോഴിക്കോട്, തിരൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം, കൊല്ലം എന്നീ ജില്ലാ കേന്ദ്രങ്ങളിലെങ്കിലും നിർത്തുന്നെങ്കിൽ മാത്രമേ കൂടുതൽ ജനങ്ങൾക്ക് അത് പ്രയോജനപ്പെടുകയുള്ളൂ. മാത്രമല്ല, അപ്പോഴേ റെയിൽവെയ്ക്ക‍് പറയത്തക്ക വരുമാനം ഉണ്ടാകുകയുമുള്ളൂ. തീവണ്ടിയുടെ വേഗത കൂട്ടണം എന്നത് പൊതു ആവശ്യമാണ്. എന്നാൽ, ഏതാണ്ട് 125 വർഷം മുമ്പ് തീവണ്ടിപ്പാത പണിതപ്പോൾ ഏറ്റവും ചെലവു കുറച്ചു ചെയ്യാനാണ് അന്നു ഭരിച്ചിരുന്നവർ ശ്രമിച്ചത്. അതുകൊണ്ട് പാതയുടെ വഴിയിൽ വരുന്ന കുന്നുകളും കുഴികളും മറ്റും ഒഴിവാക്കാനായി ഏതാണ്ട് 600 വളവുതിരിവുകൾ ഈ പാതയിൽ ഉണ്ടായി. തീവണ്ടിയുടെ വേഗം കൂട്ടണമെങ്കിൽ അത് നേർവരയിലൂടെ ഓടണം. ഒന്നുകിൽ ഇപ്പോഴുള്ള പാതയിലെ കുന്നുകൾ ഇടിക്കണം; അതല്ലെങ്കിൽ തുരങ്കങ്ങൾ ഉണ്ടാക്കണം; രണ്ടായാലും വലിയ ചെലവുവരും; അതുകൊണ്ട് പാത പോകുന്ന വഴിയിൽ വലിയ മാറ്റം വരുത്താത്തവിധത്തിൽ അതിൽ മാറ്റം വരുത്തണമെന്നാണ് ചിലരുടെ വാദം; ഇതിനെ ചൊല്ലി ധാരാളം തർക്കങ്ങളുണ്ടായി. പുതിയ റെയിൽപ്പാത സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തവരൊക്കെ വിദഗ്ധരെപ്പോലെയാണ് സംസാരിക്കുന്നത്. അവരിൽ കുറച്ചു പേർക്കു മാത്രമേ വേണ്ടത്ര കാര്യവിവരമുള്ളൂ എന്നതാണ് സത്യം.

ഏതാനും വർഷം മുമ്പ് എൽഡിഎഫ് സർക്കാർ ഈ നിർദേശം ഉന്നയിച്ചപ്പോൾ കേന്ദ്ര സർക്കാർ അനുമതി അന്തിമമായി ലഭിച്ചാൽ ഏതാനും വർഷങ്ങൾക്കകം പദ്ധതി പൂർത്തിയാക്കാം എന്നാണ് വിദഗ്ധർ പറഞ്ഞത്. ആദ്യം തിരുവനന്തപുരം – എറണാകുളം വിഭാഗം, തുടർന്ന് എറണാകുളം–കാസർകോട് ഈ സർക്കാരിന്റെ കാലത്തുതന്നെ ഈ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞാൽ എൽഡിഎഫ് സർക്കാരിന്റെ വലിയൊരു നേട്ടമായി അത് സാർവത്രികമായി കണക്കാക്കപ്പെടും. ഭാഗികമായി പൂർത്തിയാക്കുകയും ദ്രുതഗതിയിൽ അത് പൂർത്തിയാക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്താലും എൽഡിഎഫ് സർക്കാരിന് നേട്ടമുണ്ടാകും. അത് എൽഡിഎഫിനു നൽകുന്ന ബഹുജനാംഗീകാരവും പിന്തുണയും ഏറെ വലുതായിരിക്കും.

എക്കാലവും എൽഡിഎഫിനെ, അതിൽ വിശേഷിച്ച് സിപിഐ എമ്മിനെ എതിർക്കുന്ന വലതുപക്ഷ രാഷ്ട്രീയക്കാർക്കും അവർക്ക് പതിറ്റാണ്ടുകളായി വഴിപിഴച്ച മാർഗനിർദേശങ്ങൾ നൽകിവരുന്ന കുത്തകമാധ്യമങ്ങൾക്കും ഇത് ഒട്ടും സഹിക്കാൻ കഴിയുന്നതല്ല. നിരന്തരം കെ റെയിലിനെതിരെ അവ കള്ളപ്രചരണം നടത്തി. ഇങ്ങനെ ഒരു പുതിയ റെയിൽവേ ലെെനിന്റെ അടിയന്തരാവശ്യമൊന്നും കേരളത്തിനില്ല എന്നുവരെ അവയിൽ പലതും പ്രചരിപ്പിച്ചു. തീവണ്ടി യാത്രയുടെ പ്രയാസങ്ങൾ നിത്യേന അനുഭവിക്കുന്ന കേരളത്തിലെ ആയിരക്കണക്കിനു യാത്രക്കാരുടെയും മറ്റും പ്രതീക്ഷകളെ അപ്പാടെ തകർക്കുന്ന നിലപാടാണ് നിക്ഷിപ്ത താൽപ്പര്യക്കാരായ ഈ വലതുപക്ഷ രാഷ്ട്രീയ നേതാക്കളും കുത്തക മാധ്യമങ്ങളും തുടർച്ചയായി കെെക്കൊണ്ടത്. ആ സമ്മർദത്തിനു വഴങ്ങി കേന്ദ്ര സർക്കാരും റെയിൽവേയും കെ റെയിൽ പദ്ധതിക്ക് അംഗീകാരം നൽകുന്നത് അനിശ്ചിതമായി നീട്ടിവച്ച പ്രതീതിയുണ്ടായി.

അതിനിടെയാണ് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് മെട്രോ വിദഗ്ധനായ ഇ ശ്രീധരനെ കണ്ട് ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഉപദേശ നിർദേശങ്ങൾ തേടിയത്. പുതിയൊരു റെയിൽവേ ലെെൻ കേരളത്തിൽ വേണം എന്ന പക്ഷക്കാരനാണ് ശ്രീധരൻ. ഹെെസ്പീഡ് വേണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിന്റെ പ്രയോജനം സംസ്ഥാനത്തെ ചെറിയൊരു ശതമാനം പേർക്കു മാത്രമേ ലഭിക്കൂ എന്നു കണ്ടപ്പോൾ അദ്ദേഹം സെമി ഹെെസ്പീഡ് ലെെനായി ആരംഭിച്ച് പിന്നീട് ഹെെസ്‍പീഡാക്കാം എന്ന അഭിപ്രായം പ്രകടിപ്പിച്ചു. തന്റെ നിർദേശം അദ്ദേഹം സർക്കാരിനെ രേഖാമൂലം അറിയിച്ചതായാണ് മാധ്യമ വാർത്തകൾ.

ഇ ശ്രീധരനെപ്പോലെയുള്ള വിദഗ്ധന്മാരുടെ അഭിപ്രായവും നിർദേശവും സർക്കാർ തീർച്ചയായും പരിഗണിക്കണം. അദ്ദേഹത്തിന്റെ നിർദേശങ്ങളോട് യോജിക്കുന്നവരും യോജിക്കാത്തവരും ഉണ്ടാകാം. അത്തരം നിർദേശങ്ങളെല്ലാം പരിഗണിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ പൊതുതാൽപ്പര്യത്തെ മുൻനിർത്തിയായിരിക്കും സംസ്ഥാന സർക്കാർ അന്തിമതീരുമാനം കെെക്കൊള്ളുന്നത്. ഇത്തരം പദ്ധതികളെക്കുറിച്ച് വിവിധ വെെദഗ്ധ്യങ്ങൾ ഉള്ളവർ നൽകുന്ന നിർദേശങ്ങൾ എല്ലാം ഒത്തുപോകണമെന്നില്ല. ജനങ്ങളുടെ മാറി വരുന്ന യാത്രാവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാകണം സർക്കാർ അന്തിമതീരുമാനം കെെക്കൊള്ളേണ്ടത്. ഏത് പദ്ധതിയുടെ കാര്യത്തിലും അങ്ങനെയേ കഴിയൂ. കൊച്ചിൻ ഷിപ്പ്-യാർഡ്, ഇടുക്കി, സെെലന്റ്-വാലി, നീണ്ടകരയിലെ തീരദേശ മണൽ സംസ്കരണം മുതലായ പല പദ്ധതികൾ അംഗീകരിക്കുന്നതു സംബന്ധിച്ചും വലിയ വാദവിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. അവസാനം വ്യത്യസ്തമേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾ പൊതുവിൽ കണക്കിലെടുത്താണ് ആ പദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാർ തീരുമാനമെടുത്തത്. ആ മാതൃക ഇവിടെയും പ്രസക്തമാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. എൽഡിഎഫോ, സിപിഐ എമ്മോ കൊണ്ടുവരുന്ന നിർദേശങ്ങളെ, പ്രത്യേകിച്ച് അവ ഭരണം നിർവഹിക്കുന്ന വേളയിൽ, നിരന്തരം എതിർക്കുക ഒരു വിഭാഗം മാധ്യമങ്ങളുടെ സ്ഥിരപരിപാടിയായിട്ടുണ്ട്. അവ പലപ്പോഴും ദുർവ്യാഖ്യാനങ്ങളിലൂടെ വസ്തുതകളെ അപ്പാടെ വളച്ചൊടിക്കും. അത്തരം അഭിപ്രായഗതിയെ അധികാരികൾ സ്വീകരിച്ചിരുന്നെങ്കിൽ സംസ്ഥാനത്തിന് ഇന്നു ലഭിക്കുന്ന പുരോഗതിയും ജനങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങളും തീർത്തും ഇല്ലാതായിപ്പോകുമായിരുന്നു.

പ്രതിപക്ഷവും അതിനെ ഉപദേശിച്ച് വഴിതിരിച്ചുവിടുന്ന മാധ്യമങ്ങളും ജനങ്ങളുടെ താൽപ്പര്യങ്ങളെ മുൻനിർത്തിയല്ല പലപ്പോഴും ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാറുള്ളത് എന്നത് ഒരു വസ്തുതയാണ്. ഭരണത്തിലുള്ള സിപിഐ എമ്മിനെയും സഖ്യകക്ഷികളെയും ജനമധ്യത്തിൽ കരിതേച്ചു കാണിക്കുന്നതിലാണ് അവ ശ്രദ്ധകേന്ദ്രീകരിക്കാറുള്ളത്. അത് ഒരതിരുവരെ അവയുടെ ധർമമാണെന്നു സമ്മതിക്കാം. പക്ഷേ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, അതിനായി വസ്തുതകളെ വളച്ചൊടിക്കുകയോ തലകീഴായി അവതരിപ്പിക്കുകയോ ചെയ്യുക എന്നതെല്ലാം കടുത്ത ജനദ്രോഹമാണ്. ജനാധിപത്യത്തിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെയും അവയ്ക്കു നിർദേശിക്കപ്പെടുന്ന പരിഹാരങ്ങളെയുംകുറിച്ച് അവരെ പറഞ്ഞു മനസ്സിലാക്കുകയും അവർക്കിടയിൽ ചർച്ച സംഘടിപ്പിക്കുകയും ആണ് ആ വ്യവസ്ഥിതിയുടെ നാലാമത്തെ തൂണ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളുടെ കടമ. ആ നിലയിൽ വിവരം നിഷ്-പക്ഷമായും സത്യസന്ധമായും ജനങ്ങളെ അറിയിക്കാനുള്ള കടമ അവയ്ക്കുണ്ട്. ഓരോ മാധ്യമവും നടത്തുന്നവരുടെ അഭിപ്രായങ്ങൾ അതതിനു പ്രചരിപ്പിക്കാം. എന്നാൽ, വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിച്ച് ജനങ്ങളെ വഴി തെറ്റിക്കാൻ ഒരു മാധ്യമത്തിനും അവകാശമില്ല. അത് കുതന്ത്രങ്ങൾ പ്രയോഗിച്ച് ജനപിന്തുണ തേടലാണ്, കുറ്റകരമാണ്. എൽഡിഎഫിനോടും അതിനു നേതൃത്വം നൽകുന്ന സിപിഐ എമ്മിനോടും അന്ധമായ എതിർപ്പുള്ളതുകൊണ്ട് അവയെക്കുറിച്ച് ജനങ്ങൾക്ക് തെറ്റായ വിവരവും ഉപദേശവും നൽകുക മാധ്യമ ധർമമല്ല.

നിർഭാഗ്യവശാൽ ഒരു വിഭാഗം മാധ്യമങ്ങൾ ജനങ്ങളെ വഴിതെറ്റിക്കുകയും അവരെ തമ്മിൽ അടിപ്പിക്കുകയും ചെയ്യുന്ന വഴിപിഴ-ച്ച പോക്ക് തുടരുകയാണ്. അവയെ തിരുത്താൻ ജനങ്ങൾക്കേ കഴിയൂ. വഴിപിഴച്ചുള്ള അവയുടെ പോക്കിനെ വിമർശനത്തിലൂടെയോ ബഹിഷ്കരണത്തിലൂടെയോ തിരുത്തേണ്ടിവരും. ജനങ്ങൾ അപ്പാടെ എതിരായാൽ അല്ലെങ്കിൽ ബഹിഷ്കരിച്ചാൽ മാധ്യമങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല. ഇങ്ങനെയൊരു ‘ചികിത്സ’ അവയ്ക്കു ജനങ്ങൾ നൽകേണ്ടത് മാധ്യമങ്ങളെ നേർവഴിക്കു കൊണ്ടുവരാൻ ഇന്ന് അത്യന്താപേക്ഷിതമായിരിക്കുന്നു. ഇത് മാധ്യമങ്ങളോടുള്ള ശത്രുത കൊണ്ടല്ല. ജനാധിപത്യത്തിൽ മാധ്യമങ്ങൾ കൂടിയേ കഴിയൂ. പക്ഷേ, അവ ജനങ്ങൾക്ക് കാര്യങ്ങൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യുന്നവയാകണം, ജനങ്ങളെ തമ്മിലടിപ്പിക്കാത്തവിധം അവരെ ഉപദേശിക്കുകയോ പഠിപ്പിക്കുകയോ വേണം. ഇവിടെ പല മാധ്യമങ്ങളും അങ്ങനെ ചെയ്യുന്നില്ല, മറിച്ച് അവരെ വഴിതെറ്റിക്കുകയാണ‍്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 2 =

Most Popular