Wednesday, May 8, 2024

ad

Homeസമകാലികംവലതുപക്ഷത്തിന്റെ കുഴലൂത്തുകാര്‍

വലതുപക്ഷത്തിന്റെ കുഴലൂത്തുകാര്‍

എം വി ഗോവിന്ദന്‍

കേരളത്തില്‍ സിപിഐ എമ്മിനും സര്‍ക്കാരിനുമെതിരെ അപവാദപ്രചരണങ്ങളുടെ നീണ്ട പരമ്പരയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വലതുപക്ഷ പത്രമാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. നവമാധ്യമങ്ങളിലാവട്ടെ ജനാധിപത്യ മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള പ്രചരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തും വിളിച്ചുപറയാമെന്ന നിലയിലേക്ക് ഈ അപവാദ പ്രചരണങ്ങള്‍ വളര്‍ന്നിരിക്കുകയാണ്.

നവമാധ്യമങ്ങളിലുള്‍പ്പെടെ ആരു വിളിച്ചുപറയുന്ന കാര്യങ്ങളും അതിന്റെ വസ്തുതകള്‍ പരിശോധനയ്ക്ക് വിധേയമാക്കാതെ ഏറ്റുപാടുന്ന നില മറ്റ് (മുഖ്യധാര) മാധ്യമങ്ങളും സ്വീകരിക്കുകയാണ്. കള്ള പ്രചാരവേല നടത്തുന്നതിനായി പ്രൊഫഷണല്‍ സംവിധാനങ്ങളേയും ഇവര്‍ വ്യാപകമായി ഉപയോഗിക്കുകയാണ്. നേരത്തെ സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്താക്കുകയും ചെയ്തവര്‍ വിപ്ലവകാരികളായി ചമഞ്ഞുകൊണ്ട് നട്ടാല്‍ പൊടിക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്ന അവസ്ഥയും രൂപപ്പെട്ടിരിക്കുകയാണ്. വര്‍ഗ്ഗീയ നിലപാടുകളില്‍ നിന്നുകൊണ്ടും, വലതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുമുള്ള വിമര്‍ശനങ്ങള്‍ക്ക് പുറമേ ഇടതുപക്ഷമെന്ന് അവകാശപ്പെട്ടുകൊണ്ട് പാര്‍ട്ടിയേയും, സര്‍ക്കാരിനേയും അക്രമിക്കുന്ന പ്രവണതയും വളര്‍ന്നുവരികയാണ്. തുടര്‍ച്ചയായ വിവാദങ്ങള്‍ സൃഷ്ടിച്ച് പാര്‍ട്ടിയേയും സര്‍ക്കാരിനേയും സംശയത്തിന്റെ പുകമറയില്‍ തുടര്‍ച്ചയായി നിര്‍ത്തുകയെന്ന ലക്ഷ്യമാണ് ഇത്തരം പ്രചരണത്തിന്റെ പിന്നിലുള്ളത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ലഭിക്കുകയെന്ന ചരിത്രപരമായ സംഭവത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഇത്തരമൊരു സ്ഥിതിവിശേഷം രൂപപ്പെടുത്തുന്നതിന് സി.പി.ഐ എം മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാടുകളും, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് വലതുപക്ഷ ശക്തികള്‍ക്കറിയാം. അതുകൊണ്ട് തന്നെ പാര്‍ട്ടിയേയും, സര്‍ക്കാരിനേയും തുടക്കത്തിലേ ആക്രമിച്ച് ജനകീയ അംഗീകാരം തകര്‍ക്കാന്‍ പറ്റുമോയെന്ന പരിശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കുന്നതാണെന്ന് സംഭവഗതികള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സവിശേഷ ശ്രദ്ധ പതിഞ്ഞ മേഖലയാണ് വിദ്യാഭ്യാസ രംഗം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ രംഗത്തെ പശ്ചാത്തല സൗകര്യ വികസനം വലിയ തോതില്‍ നടത്തുകയുണ്ടായി. അടുത്ത ഘട്ടമായി അതിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ സര്‍ക്കാര്‍ മുഴുകിയിരിക്കുകയാണ്. വൈജ്ഞാനിക സമൂഹ സൃഷ്ടിയിലൂടെ വിവിധ മേഖലകളിലെ ഉത്പാദനവും, ഉത്പാദന ക്ഷമതയും വര്‍ദ്ധിപ്പിച്ച് മുന്നോട്ടുപോകുകയാണ് ലക്ഷ്യമെന്ന് എൽഡിഎഫ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തന ഫലമായി കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഉന്നതമായ നിലവാരത്തിലേക്ക് എത്തിയതായി കേന്ദ്ര ഏജന്‍സികള്‍ തന്നെ നടത്തിയ വിലയിരുത്തലിലൂടെ വ്യക്തമായിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്നതിന് ഗവര്‍ണറുടെ വാചകങ്ങള്‍ വാര്‍ത്തയാക്കിയവര്‍ നാടിന്റെ ഇത്തരം നേട്ടങ്ങള്‍ കണ്ടതായിപ്പോലും ഭാവിക്കുന്നില്ല. നേടിയ നേട്ടങ്ങള്‍ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഈ രംഗത്ത് സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി വിദ്യാഭ്യാസ കമ്മീഷനുകള്‍ നിയമിച്ച് അതിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള വ്യക്തമായ കര്‍മ്മ പരിപാടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല വലിയ കുതിപ്പിന് സാക്ഷ്യംവഹിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇത്തരമൊരു മുന്നേറ്റത്തിന് കളമൊരുങ്ങുന്ന ഘട്ടത്തില്‍ ആ തിളക്കത്തെ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ എത്തിക്കാതിരിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പദ്ധതികളുടെ ഭാഗമായാണ് സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട അപവാദ പ്രചരണങ്ങളുടെ പരമ്പര ആരംഭിച്ചിരിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതിരായി പോലും ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്ന സ്ഥിതിയും ഉണ്ടായിരിക്കുകയാണ്. മുമ്പ് എസ്.എഫ്.ഐയുടെ പ്രവര്‍ത്തകയായിരുന്ന ഒരു പെണ്‍കുട്ടി പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ മാധ്യമങ്ങളിലുണ്ടായി. തെറ്റായ നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം. എന്നാല്‍ മുമ്പ് എസ്.എഫ്.ഐ പ്രവര്‍ത്തകയായി എന്നതിന്റെ പേരില്‍ എസ്.എഫ്.ഐയെ കടന്നാക്രമിക്കുന്ന വിചിത്രമായ പ്രചരണത്തിനും കേരളം സാക്ഷ്യംവഹിച്ചു. അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കെ.എസ്.യു നേതാവ് അന്‍സലിന്റെ പ്രവൃത്തികള്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് പലതിനും ഒരു കോളം വാര്‍ത്തപോലും ആയില്ല.

സി.പി.ഐ എമ്മിനും, എസ്.എഫ്.ഐക്കും, സര്‍ക്കാരിനുമെതിരായി തെറ്റായ പ്രചാരവേലകള്‍ മുന്നോട്ടുവെക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ ഇക്കാലയളവില്‍ വലതുപക്ഷ ശക്തികള്‍ കാണിച്ച ഗുരുതരമായ അഴിമതികൾക്കും ക്രമക്കേടുകൾക്കും നേരെ പുറംതിരിഞ്ഞ് നില്‍ക്കുന്ന സ്ഥിതിയും ഉണ്ടായിരിക്കുകയാണ്. വയനാട്ടില്‍ ബാങ്ക് തട്ടിപ്പിന് നേതൃത്വം നല്‍കിയത് വയനാട്ടില്‍ നിന്നുള്ള കെ.പി.സി.സി ഭാരവാഹിയാണ്. ആ തട്ടിപ്പിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയുണ്ടായി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ ഭര്‍ത്താവും മൂര്‍ക്കനാട് സര്‍വ്വീസ് കോ–ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയുമായിരുന്ന ഉമറുദ്ദീന്‍ കോടികള്‍ വെട്ടിച്ചതും, അതിന്റെ അടിസ്ഥാനത്തില്‍ കേസുകളില്‍ പ്രതിയായതും വാര്‍ത്തയായില്ല.

പത്തനംതിട്ടയില്‍ വലിയ തട്ടിപ്പിന് കൂട്ടുനിന്നത് കോണ്‍ഗ്രസിന്റെ നിരണം പഞ്ചായത്ത് പ്രസിഡന്റ് പുന്നൂസാണ്. 56 ലക്ഷം രൂപ ഒരു ജര്‍മ്മന്‍ കമ്പനിയുമായി ചേർന്ന് നടത്തിയ തട്ടിപ്പിലാണ് അയാൾ പ്രതിയായത്. നേരത്തെ 25 ലക്ഷം തട്ടിയതിന്റെ പേരിലുള്ള കേസിലും പുന്നൂസ് പ്രതിയായിരുന്നു.

യുഡിഎഫ് നേതാക്കളിൽ പലർക്കും തട്ടിപ്പ് വീരൻ മോന്‍സന്‍ മാവുങ്കലുമായി അടുത്ത് ബന്ധപ്പെട്ടിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. അതിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനേയും അറസ്റ്റ് ചെയ്യുന്ന സ്ഥിതിയുണ്ടായി. വിവിധ രാജ്യങ്ങളില്‍ നിന്നും പണം പിരിച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട പുനര്‍ജനി കേസും വിരല്‍ ചൂണ്ടുന്നത് പ്രതിപക്ഷ നേതാവിന് എതിരെയുള്‍പ്പെടെയാണ്. ഇത്തരം കേസുകള്‍ ഉയര്‍ന്നുവരുമ്പോള്‍ സര്‍ക്കാര്‍ പ്രതികാരത്തോടെ നടത്തിയ ഇടപെടലാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചതെന്ന പ്രചാരവേലയും മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളാ പോലീസ് എന്തെങ്കിലും വിരോധത്തിന്റെ പേരിലല്ല കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരം അന്വേഷണങ്ങളില്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ അവ മറച്ചുവെച്ച് രാഷ്ട്രീയ പ്രേരിതമാണെന്ന് വരുത്തി തീര്‍ക്കാനുള്ള പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

തട്ടിപ്പുകളുടെ പരമ്പരയില്‍ യു.ഡി.എഫ് വട്ടം കറങ്ങുമ്പോഴാണ് അടിയന്‍ ലച്ചിപ്പോം എന്ന് പറഞ്ഞ് കൈതോലപ്പായയുമായി ഒരാള്‍ രംഗത്ത് വന്നത്. ബിരിയാണി ചെമ്പിനേയും, ഈന്തപ്പഴത്തിലെ സ്വര്‍ണ്ണക്കുരുവിനേയും, ഖുറാനിലെ സ്വര്‍ണ്ണക്കടത്തിനേയും കേട്ട മലയാളികൾ കൈതോലപ്പായയില്‍ കാര്‍ക്കിച്ച് തുപ്പിയാണ് കടന്നുപോയതെന്ന് ഇത്തരക്കാര്‍ മനസ്സിലാക്കാന്‍ വൈകിപ്പോകുകയാണുണ്ടായത്. കമലാ ഇന്റര്‍നാഷണലിന്റെ വാര്‍ത്തകളുമായി രംഗത്ത് വന്നവർ ഇപ്പോഴും ഇതിന് പിന്നിലും സജീവമായി നില്‍ക്കുന്നുണ്ട് എന്നതും, അപവാദ വ്യവസായ ശാലകള്‍ പൂട്ടപ്പെട്ടില്ല എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്.

വലതുപക്ഷ മാധ്യമങ്ങള്‍ ഇത്തരം അപവാദ പ്രചരണങ്ങളുടെ വക്താക്കളായി മാറുന്ന സ്ഥിതിവിശേഷമാണ് കേരളത്തിലും കാണാനാകുന്നത്. രാജ്യത്തിന്റെ അഖണ്ഡതയേയും, ജനാധിപത്യപരമായ ഉള്ളടക്കങ്ങളേയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്ന ഘട്ടം കൂടിയാണ് ഇത്. അത്തരം പ്രശ്നങ്ങൾ ജനങ്ങളെ അറിയിക്കാന്‍ ശ്രമിക്കാതെ അപവാദ വ്യവസായങ്ങള്‍ നടത്താനാണ് വലതുപക്ഷ മാധ്യമങ്ങള്‍ക്ക് താല്‍പര്യം. നാടിന്റെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ നിലപാടുകളും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ജനാധിപത്യത്തിന്റെ തൂണുകളിലൊന്നായി വിഭാവനം ചെയ്യപ്പെടുന്നതാണ് മാധ്യമവും, മാധ്യമ സ്വാതന്ത്ര്യവും. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതിനുപകരം അപവാദ വ്യവസായത്തിന്റേയും, വ്യക്തിഹത്യയുടേയും വഴികളിലാണ് മാധ്യമങ്ങളുടെ യാത്ര. അത്തരം വ്യക്തിഹത്യയാണ് പത്ര പ്രവര്‍ത്തനത്തിന്റെ മഹത്തായ മാതൃകയെന്ന് ഓര്‍മ്മിപ്പിക്കുന്ന വിധം മറുനാടനുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുകയാണ് യു.ഡി.എഫ് നേതാക്കളിൽ പലരും ചെയ്യുന്നത്. ഇങ്ങനെ നാടിന്റെ ഗുണപരമായ പാരമ്പര്യങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ നമുക്ക് തുറന്നുകാട്ടാനാകണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 + 14 =

Most Popular