Saturday, April 27, 2024

ad

Homeഅനുസ്മരണംവരയുടെ വിസ്മയം തീർത്ത 
ആർട്ടിസ്റ്റ് നമ്പൂതിരി

വരയുടെ വിസ്മയം തീർത്ത 
ആർട്ടിസ്റ്റ് നമ്പൂതിരി

കാരയ്ക്കാമണ്ഡപം വിജയകുമാർ

ചിത്രകാരൻ, ശിൽപ്പി, കലാസംവിധായകൻ എന്നീ നിലകളിലൊക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി കലാലോകത്തോട് വിടപറഞ്ഞിരിക്കുന്നു, ദേശവും കാലവും അടയാളപ്പെടുത്തിയ രേഖാചിത്രങ്ങളും മറ്റ് നിരവധി കലാസൃഷ്ടികളും സമ്മാനിച്ചുകൊണ്ട്. ആധുനികമായ ചിന്താധാരകളോട് ചേർന്നുനിന്നുള്ള കാഴ്-ചാനുഭവങ്ങളെയും വായനാനുഭവങ്ങളെയും നവീനമായ രൂപമാതൃകകളിലൂടെ അവതരിപ്പിക്കുകയായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി. സാഹിത്യരചനകൾക്കപ്പുറമുള്ള അദ്ദേഹത്തിന്റെ ശക്തമായ രേഖാചിത്രങ്ങൾ മലയാളി ജീവിതത്തിൽനിന്ന് ഒഴിവാക്കാനാകാത്ത സാംസ്കാരിക അടയാളപ്പെടുത്തലുകളായി മാറുകയായിരുന്നു. സാഹിത്യത്തെ വായനയ്ക്ക് പ്രേരിപ്പിക്കുന്നതിൽ രേഖാചിത്രകാരന്മാരുടെ പങ്കിന് പ്രസക്തിയുണ്ടാകുന്നത് അറുപതുകൾക്കുശേഷമാണ്. വിവിധ ശെെലീ സങ്കേതങ്ങളിലൂടെ അക്കാലത്തെ ചിത്രകാരന്മാർ ആനുകാലികങ്ങളിൽ വരച്ചുകൊണ്ടിരുന്നു.

ആർട്ടിസ്റ്റ് നമ്പൂതിരി മാതൃഭൂമിയിലെത്തുമ്പോൾ എം വി ദേവൻ, എ എസ് എന്നീ പ്രമുഖരുടെ സാന്നിധ്യമുണ്ടായിരുന്നു. യഥാതഥ രൂപനിർമിതിയിൽനിന്ന് മാറി ക്രിയാത്മകാവിഷ്-കാരങ്ങളോടെയുള്ള പരീക്ഷണങ്ങളായിരുന്നു ഇവരുടെ രേഖാചിത്രങ്ങൾ. എം വി ദേവന്റെയും എ എസ് നായരുടെയും ചിത്രമെഴുത്തു ശെെലികളിൽനിന്ന് മാറി രേഖകളുടെയും രൂപങ്ങളുടെയും മൗലികമായ സ്വന്തം ശെെലിയിലേക്കാണ് നമ്പൂതിരി നടന്നുകയറിയത്. പിന്നെയും വർഷങ്ങൾക്കുശേഷം എൺപതുകളിലാണ് രേഖാചിത്രരചനയെ കൂടുതൽ അംഗീകരിക്കുന്നതും ചർച്ചചെയ്യപ്പെടുന്നതും. സാഹിത്യരചനയ്ക്കുവേണ്ടിയുള്ള ഇലസ്ട്രേഷൻ എന്നതിനപ്പുറം സ്വതന്ത്രവും ശുദ്ധവുമായ കലാരൂപമായി ആ രചനകൾ ആസ്വാദകർ സ്വീകരിച്ചുതുടങ്ങി.
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ പ്രത്യേകതയും പ്രസക്തിയും പരിശോധിക്കുമ്പോൾ അദ്ദേഹത്തിന്റെ ബാല്യകാലം മുതലുള്ള രചനാരീതികൾ പരിശോധിക്കുന്നത് നന്നായിരിക്കും. മുറ്റത്തെ നനഞ്ഞ മണ്ണിൽ ഈർക്കിൽകൊണ്ട് ചിത്രം വരച്ചുതുടങ്ങിയ ബാല്യകാലവും കളിമണ്ണിൽ ശിൽപ്പരചനയിലേർപ്പെടുന്ന യൗവനകാലവും സമ്മാനിച്ച സർഗാത്മകമായ പിൻബലത്തിലാണ് വരിക്കാശ്ശേരി മനയിലെ കൃഷ്ണൻനമ്പൂതിരിയുടെ സഹായത്തോടെ ആർട്ടിസ്റ്റ് നമ്പൂതിരി മദ്രാസ് കോളേജ് ഓഫ് ഫെെനാർട്സിൽ എത്തുന്നത്. ആധുനിക ശിൽപ്പകലയുടെ ആചാര്യനായ ദേവിപ്രസാദ് റോയ് ചൗധരി, ചിത്രകലയുടെ കുലപതിയായ കെ സി എസ് പണിക്കർ എന്നിവരുടെ ശിക്ഷണത്തിലാണ് കലാപഠനത്തിന് തുടക്കംകുറിക്കുന്നത്. ഭാരതീയ ചിത്ര–ശിൽപ്പകലയിൽ ആധുനിക കലാപ്രസ്ഥാനങ്ങളുടെ അടയാളപ്പെടുത്തലുകൾ സജീവമാകുന്ന കാലത്ത് താൻ ശീലിച്ചതും പരുവപ്പെട്ടതുമായ ചിത്രരചനാശെെലിയിൽതന്നെ കലാവിദ്യാർഥിയായ നമ്പൂതിരി ഉറച്ചുനിന്നു. വർണാഭമായ കലാന്തരീക്ഷത്തിൽനിന്ന് സ്വാംശീകരിച്ചെടുത്ത കറുപ്പിന്റെ ശക്തി അദ്ദേഹം തിരിച്ചറിഞ്ഞതും അക്ഷരങ്ങളുടെ അർഥം തേടുന്ന പുതിയ കാഴ്-ചകൾ ആസ്വാദകർക്കു മുന്നിൽ വരച്ചിടാൻ തുടങ്ങുന്നതും പഠനം പൂർത്തിയാകുമ്പോഴാണ്.

വരയ്ക്കുന്ന രേഖാചിത്രത്തെക്കുറിച്ചും അതിന്റെ ഉൾക്കരുത്തിനെക്കുറിച്ചും നമ്പൂതിരിക്കു പറയാനുള്ളത് ഇങ്ങനെ– ‘‘ഒരു ദൃശ്യം പൂർണമായി സങ്കൽപ്പിച്ചാവണമെന്നില്ല വരച്ചുതുടങ്ങുന്നത‍്. സാഹിത്യരചനയുടെ വായനയുടെ ഏതോ ഒരു മുഹൂർത്തത്തിൽ ഒരു ഭാവത്തിന്റെ മിന്നലാട്ടമുണ്ടാകും. കഥാപാത്രത്തിന്റെ സ്വഭാവം, ഭാവതലങ്ങൾ എല്ലാം മനസ്സിൽ വരും. കഥയിൽ കഥാകൃത്ത് വിവരിക്കുന്ന പാത്രസൃഷ്ടിയെ കൂടുതൽ സജീവമാകും. അതാണല്ലൊ ഇലസ്ട്രേഷന്റെ ധർമവും. അസാമാന്യദൃശ്യബോധമുള്ള എഴുത്തുകാരുടെ കഥാപാത്ര സങ്കൽപ്പത്തിനനുസരിച്ചുള്ള വര എളുപ്പവും ആസ്വാദനക്ഷമവുമാകുന്നു. ചെറിയ രണ്ടുവരിയിൽ നിന്നാവും ഒരു കവിത മുഴുവൻ ഉണ്ടാകുന്നത്. അതുപോലെ ആദ്യവരയിൽനിന്ന് വികസിച്ച് വിപുലമായ ആശയപ്രപഞ്ചത്തിലേക്ക് കടന്നുപോകുന്ന സന്ദർഭങ്ങളുമുണ്ട്.’’

കഥയുടെ, നോവലിന്റെ നിയന്ത്രണങ്ങൾക്കപ്പുറത്തെ ഭാവതലത്തിലേക്ക് രേഖാചിത്രങ്ങളെ കാണുകയും എന്നാൽ സ്വതന്ത്രമായ ഒരു കലാസൃഷ്ടിയായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യരൂപങ്ങളുടെ ശരീരഘടനയിലുണ്ടാകുന്ന ചലന പ്രത്യേകതകൾ, ആകാര വടിവുകളുടെ സൗന്ദര്യം ഇവയൊക്കെച്ചേർന്ന സാധ്യതകളെയാണ് നമ്പൂതിരിയുടെ ചിത്രഭാഷയായി ആസ്വാദകർ സ്വീകരിച്ചത്. തന്റെ ദൃശ്യപരതയിൽനിന്ന് നുള്ളിയെടുത്ത മനുഷ്യരൂപങ്ങൾ, അവ ജീവിക്കുന്ന കാലം, സാമൂഹ്യപശ്ചാത്തലം ഇവയൊക്കെ ചേരുന്ന ചിത്രഭാഷയായിരുന്നു അത്. അദ്ദേഹത്തിന്റെ വരകൾ നിശ്ചലതയുടെ നിർവികാരത സൃഷ്ടിക്കുന്നില്ല, മറിച്ച് അത് ചലനാത്മകമാവുകയാണ്. ഒന്നിലധികം രേഖകളിലൂടെ ചിലയിടങ്ങളിൽ രേഖകൾ ഒഴിവാക്കിക്കൊണ്ടുമാണ് രേഖകളിലൂടെയുള്ള ദൃശ്യചലനം അദ്ദേഹം സാധ്യമാക്കുന്നത്. നിഴലിന്റെയും വെളിച്ചത്തിന്റെയും അനന്തമായ സാധ്യതകളെയും രേഖാവ്യത്യാസ പ്രത്യേകതകളിലൂടെ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയം. നമ്പൂതിരിയുടെ സ്ത്രീരൂപങ്ങളും ഈ ഗണത്തിൽ ശ്രദ്ധേയമാണ്. അവരുടെ ശരീരഭാഷയിൽ, മുഖശ്രീയിൽ, നോട്ടത്തിൽ, നടപ്പിൽ, വേഷവിധാനങ്ങളിൽ, അങ്ങനെ അലക്ഷ്യമെന്നു തോന്നുന്ന കോറിയിട്ടുവരകൾ സ്ത്രീസൗന്ദര്യത്തിലൂടെ വാചാലമാകുന്നു. അതേക്കുറിച്ചും നമ്പൂതിരിക്കു പറയാനുള്ളത് നോക്കൂ:
‘‘സ്ത്രീ രൂപങ്ങളിൽ കണ്ണുകൾ വരയ്ക്കുമ്പോഴേ രൂപത്തിന് ജീവൻ വയ്ക്കൂ. നോട്ടം പ്രധാന ഘടകമാണ്. കണ്ണുകളാണ് പ്രധാനം. ചെറിയ വര വ്യത്യാസംകൊണ്ട് സ്ത്രീ സൗന്ദര്യം വിവിധ രൂപങ്ങളായി തയ്യാറാക്കാം. വിവിധ സ്വഭാവ വെെശിഷ്ട്യങ്ങൾ പ്രകടമാക്കാം. ചടങ്ങുകൾക്കൊക്കെ പോകുമ്പോൾ നമ്മളറിയാതെ തന്നെ അവരുടെ ചലനവും നിൽപ്പുമെല്ലാം മനസ്സിൽ കയറിക്കൂടും. വരയ്ക്കുമ്പോൾ അവ തെളിഞ്ഞുവരും. പ്രത്യേക പഠനമൊന്നും അതിനായി നടത്താറില്ല.’’

കേരളത്തെ തൊട്ടറിഞ്ഞ ഈ വരയുടെ കുലപതി പ്രധാനമായി വരച്ച ഗ്രാമീണദൃശ്യങ്ങൾ, കൃഷിക്കാർ, വിവിധ മതവിഭാഗങ്ങളിലെ മനുഷ്യർ, അവരുടെ വേഷവിധാനങ്ങൾ, ഗൃഹാന്തരീക്ഷം, കഥകളി ദൃശ്യങ്ങൾ, പുരാണ കഥാപാത്രങ്ങൾ അങ്ങനെ നമ്പൂതിരി കാണാത്ത ദൃശ്യങ്ങളും വരയ്ക്കാത്ത ചിത്രങ്ങളുമില്ലെന്നുതന്നെ പറയാം.

ചിത്രകലയിലെ നവോത്ഥാനം തന്റെ രേഖാചിത്രങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് എംടിയുടെ രണ്ടാംമൂഴം, യു എ ഖാദറിന്റെ തൃക്കോട്ടൂർ പെരുമ, വി കെ എന്നിന്റെ പിതാമഹൻ, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കഥകൾ, ഇടശ്ശേരിയുടെ പൂതപ്പാട്ട് തുടങ്ങി മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ കൃതികൾക്കുവേണ്ടി അദ്ദേഹം വരച്ചത്.
ശിൽപ്പരചനയിലും നമ്പൂതിരിയുടെ അടയാളപ്പെടുത്തലുകളുണ്ട്. തിരുവനന്തപുരത്ത് ഹിന്ദുസ്ഥാൻ ലാറ്റക്-സിനു മുന്നിലെ അമ്മയും കുഞ്ഞും, ഹെെക്കോടതിയിലെ നീതി ശിൽപ്പം, കൽപ്പറ്റയിലെ അക്ഷയപാത്രം, മറ്റ് നിരവധി റിലീഫ് ശിൽപ്പങ്ങളും എടുത്തുപറയേണ്ടതാണ്. ചലച്ചിത്ര കലാസംവിധായകനായി ജി അരവിന്ദനോടൊപ്പം പ്രവർത്തിക്കുകയും ‘കുമ്മാട്ടി’ക്കും പത്മരാജന്റെ ‘ഞാൻ ഗന്ധർവനി’ലെ ഗന്ധർവനും മുഖരൂപം നൽകിയതും നമ്പൂതിരിയുടെ കരവിരുതാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − eight =

Most Popular