Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെമതനിരപേക്ഷ തുർക്കിക്കായി കമ്മ്യൂണിസ്റ്റ് പാർട്ടി

മതനിരപേക്ഷ തുർക്കിക്കായി കമ്മ്യൂണിസ്റ്റ് പാർട്ടി

ടിനു ജോർജ്‌

“മതഭ്രാന്തും ഫാസിസവും മതാന്ധതയും ഉപേക്ഷിക്കുക”എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്, “മതനിരപേക്ഷ തുർക്കി” എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് ജൂലൈ 3 തിങ്കളാഴ്ച ഇസ്മിർ നഗരത്തിൽ തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കുകയുണ്ടായി. 1993 ജൂലൈ രണ്ടിന് സെൻട്രൽ തുർക്കിയിലെ ശിവാസിലെ ഹോട്ടലിൽവെച്ച് തീവ്ര വലതുപക്ഷ അക്രമിസംഘം നടത്തിയ അക്രമപേക്കത്തിലുണ്ടായ ഇടതുപക്ഷ ആക്ടിവിസ്റ്റുകളുടെയും ബൗദ്ധികരുടെയും കൂട്ടക്കൊലയുടെ മുപ്പതാമത് വാർഷികാചരണത്തിന്റെ ഭാഗമായാണ് ജൂലൈ 3ന് തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ റാലി സംഘടിപ്പിച്ചത്. “ഞങ്ങൾ സുശോഭനമായ ഒരു തുർക്കിക്കുവേണ്ടി അണിനിരക്കുന്നു” എന്ന് ആലേഖനംചെയ്ത ബാനറിനുപിന്നിൽ അണിനിരന്ന ജനങ്ങൾ മതനിരപേക്ഷവും നീതിയധിഷ്ഠിതവുമായ, പ്രകാശപൂരിതമായ ഒരു തുർക്കിയെ സ്വപ്നം കാണുന്നവരാണ് എന്ന് നേതാക്കൾ തങ്ങളുടെ പ്രഭാഷണങ്ങളിൽ ആവർത്തിച്ചു പറയുകയുണ്ടായി. മതഭ്രാന്തും മതപരമായ അന്ധതയും ഫാസിസ്റ്റ് പ്രവണതകളും ഉപേക്ഷിച്ച് മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും സമത്വത്തിനും നീതിക്കും മുൻതൂക്കം നൽകുന്ന ഒരു ഭരണ സംവിധാനം ആക്കി തുർക്കിയെ മാറ്റുമെന്നും ഇവർ ആവർത്തിച്ചു പറയുന്നു.

1993 ജൂലൈ രണ്ടിന് ശിവാസിലെ ഹോട്ടലിൽവെച്ച് മതഭ്രാന്തരും വലതുപക്ഷ നേതാക്കളും ചേർന്ന് നയിച്ച അക്രമി സംഘം നടത്തിയ രക്തരൂഷിതമായ ലഹളയിൽ 33 ഇടതുപക്ഷ ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളുമടക്കം ആകെ 37 പേരാണ് കൊല്ലപ്പെട്ടത്; 65 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. 15-16 കാലത്ത് തുർക്കിയുടെ പുരോഗമന കവിയായ പീർ സുൽത്താൻ അബ്ദാലിന്റെ ഓർമ്മ ദിവസത്തിന്റെ ഭാഗമായുള്ള ആഘോഷത്തിൽ പങ്കെടുക്കുന്നതിന് ശിവാസിലെ ഹോട്ടലിലേക്ക് രാജ്യത്തുടനീളമുള്ള ഇടതുപക്ഷ ആക്ടിവിസ്റ്റുകൾ എത്തിയിരുന്നു. അനാറ്റോലിയ പ്രദേശത്തെ മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങൾക്കിടയിൽ സുൽത്താനെ ഒരു സന്യാസി എന്ന നിലയിലാണ് കാണുന്നത്. ആധുനിക തുർക്കിയിൽ മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങൾ കാലങ്ങളായി കടുത്ത വിവേചനവും അടിച്ചമർത്തലും നേരിടുന്നുണ്ട്. ഇതിനെതിരെ ചില വിഭാഗങ്ങൾ സായുധ പോരാട്ടത്തിലേക്ക് വരെ പോകുന്നുണ്ട്; കുർദിഷ് വർക്കേഴ്സ് പാർട്ടി അതിനൊരുദാഹരണമാണ്. ശിവാസിലെ കൂട്ടക്കൊലയിൽ പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ട നിരവധിപേരെ നിലവിലെ പ്രസിഡന്റ്‌ ആയ ഏർദൊഗാന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ആൻഡ് ഡെവലപ്മെൻറ് പാർട്ടി അധികാരത്തിൽ വന്നതോടുകൂടി കുറ്റവിമുക്തരാക്കുകയും അവരിൽ പലരെയും ഇന്നത്തെ ഭരണസംവിധാനത്തിൽ പങ്കാളികളാക്കുകയും ചെയ്തത് രാജ്യത്ത് വലിയ രീതിയിലുള്ള ജനരോഷത്തിനു ഇടയാക്കിയിട്ടുണ്ട്. മതത്തെയും രാഷ്ട്രീയത്തെയും തമ്മിൽ കൂട്ടിക്കുഴയ്ക്കാനും മതനിരപേക്ഷതയെ വളച്ചൊടിച്ചുകൊണ്ട് മതഭ്രാന്തിനെ പ്രോത്സാഹിപ്പിക്കാനുമാണ് ഏർദോഗാന്റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായ സവാസ് സാരി പറയുന്നു. അതേസമയം തുർക്കിയെ വീണ്ടും ഒരു മതനിരപേക്ഷ രാജ്യമാക്കി മാറ്റാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + 18 =

Most Popular