യുവ കമ്മ്യൂണിസ്റ്റ് നേതാക്കളായ അലക്സാണ്ടർ കോണനോവിച്ചിനും സഹോദരൻ മിഖായേൽ കോണനോവിച്ചിനുംമേൽ ഉക്രൈൻ ഭരണകൂടം നടത്തുന്ന വധഭീഷണിക്കും വേട്ടയാടലിനുമെതിരെ ലോകത്താകെയുള്ള വിവിധ കമ്മ്യൂണിസ്റ്റ് പുരോഗമന സംഘടനകൾ രംഗത്തെത്തിയിരിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുടെ ഗവൺമെന്റ് തങ്ങളെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന്, ഉക്രൈൻ‐റഷ്യ യുദ്ധം ആരംഭിച്ചതുമുതൽ വീട്ടുതടങ്കലിൽ കഴിയുന്ന അലക്സാണ്ടറും മിഖായേലും അപ്പീലിൽ പ്രസ്താവിച്ചത്. യേവ്ജെൻ ക്രാവ്ചുക്ക് എന്ന പോലീസ് ഉദ്യോഗസ്ഥൻ തങ്ങളുടെ വീട്ടിൽ വന്ന് നിരന്തരം വധഭീഷണി മുഴക്കുന്നു എന്നും ഫേസ്ബുക്കിലൂടെ തങ്ങളെ കൊല്ലുന്നതിന് പൊതു ആഹ്വാനം നൽകിക്കൊണ്ട് തങ്ങളുടെ അഡ്രസ്സ് വെളിപ്പെടുത്തി എന്നും കോണനോവിച്ച് സഹോദരന്മാർ ആരോപിക്കുന്നു.
ഇത് ഗുരുതരമായ ആരോപണമാണ്. റഷ്യ – ഉക്രൈൻ യുദ്ധം ആരംഭിക്കുന്നത് 2022 ഫെബ്രുവരി 24നാണ്. യുദ്ധത്തിന് തുടക്കമിട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, അതായത് 2022 മാർച്ച് 6ന്, തലസ്ഥാനമായ കീവിൽ നിന്നും ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ് യൂത്ത് യൂണിയൻ ഓഫ് ഉക്രൈനിന്റെ (LKSMU) നേതാക്കളായ കോണനോവിച്ച് സഹോദരന്മാരെ ഉക്രൈനിലെ സെക്യൂരിറ്റി സർവീസ് (SBU) അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഉക്രൈനിലെ ആഭ്യന്തര സാഹചര്യം അസ്ഥിരപ്പെടുത്തുന്നതിന് റഷ്യൻ -അനുകൂല ബലാറസ്- അനുകൂല ആശയങ്ങൾ പ്രചരിപ്പിക്കുകയാണെന്നും റഷ്യൻ-ബനാറസ് ചാനലുകൾക്ക് വിവരങ്ങൾ ചോർത്തിനൽകുന്നുവെന്നുമുള്ളതായിരുന്നു ഇവർക്കുമേൽ ചുമത്തപ്പെട്ട ആരോപണം. ഇവരുടെ അറസ്റ്റ് യൂറോപ്പിലും മറ്റിടങ്ങളിലും ഉള്ള കമ്മ്യൂണിസ്റ്റ് പുരോഗമന വിഭാഗങ്ങളുടെ വമ്പിച്ച പ്രതിഷേധത്തിനിടയാക്കി. ദേശീയ സുരക്ഷയുടെ പേരിൽ രാജ്യത്തെ കമ്മ്യൂണിസ്റ്റുകാർക്കും സോഷ്യലിസ്റ്റ്കാർക്കും തന്റെ ഭരണത്തെ വിമർശിക്കുന്നവർക്കാകെയുമെതിരെ യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും പിന്തുണയോടെ സെലൻസ്കി നടത്തുന്ന വേട്ടയാടലിന്റെ ഭാഗമാണ് ഇതെന്ന് ഈ സംഘടനകൾ പറഞ്ഞു. ഒടുവിൽ ജൂലൈ 2022ന് ജില്ലാ കോടതിയിൽ കോണനോവിച്ച് സഹോദരന്മാരുടെ വിചാരണ ആരംഭിച്ചു. കോടതിയുടെ വിചാരണ നിരന്തരം മാറ്റി വയ്ക്കുകയും വൈകിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അലക്സാണ്ടറിനേയും മിഖായേലിനെയും ഉക്രൈൻ ഗവൺമെൻറ് വീട്ടുതടങ്കലിൽ ആക്കി. 2023 ജൂലൈ അഞ്ചിന് 486 ദിവസം പിന്നിട്ടിരിക്കുന്നു അവർ അറസ്റ്റ് ചെയ്യപ്പെട്ടിട്ട്.
ഇപ്പോൾ തങ്ങൾ വധഭീഷണി നേരിടുന്നു എന്ന സഹോദരന്മാരുടെ പ്രസ്താവന പുറത്തുവന്നതിനെതുടർന്ന് വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റ് യൂത്ത് (WFDY), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രീസ് (KKE), കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസ് (KNE) തുടങ്ങിയ സംഘടനകൾ ഈ സഹോദരന്മാരെ അടിയന്തരമായി വിട്ടയക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളോടൊത്ത് കമ്മ്യൂണിസ്റ്റ് യൂത്തിന്റെ ഒരു സംഘവും ചേർന്ന് ജൂലൈ 6ന് ഏതൻസിലെ ഉക്രൈൻ എംബസി സന്ദർക്കുകയുമുണ്ടായി.
ജൂലൈ അഞ്ചിന് ഇറക്കിയ പ്രസ്താവനയിൽ WFDY പറയുന്നു: “അവരെ അടിയന്തരമായി വിട്ടയക്കുകയും രാഷ്ട്രീയമായ വേട്ടയാടലിന് അന്ത്യംകുറിക്കുകയും ചെയ്യണമെന്നുമുള്ള ആവശ്യം ഞങ്ങൾ ആവർത്തിച്ച് ഊന്നിപറയുന്നു. നമ്മുടെ സഖാക്കളുടെ ജീവനും സ്വാതന്ത്ര്യത്തിനുംവേണ്ടി പോരാടുന്നതിന് ലോകത്താകെയുള്ള സാമ്രാജ്യത്വവിരുദ്ധരായ യുവജനങ്ങൾ മുന്നോട്ടുവരണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. കാരണം, ലോകത്തെവിടെയെങ്കിലും അടിച്ചമർത്തൽ നടന്നാൽ നമുക്കത് കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നതുതന്നെ. യുദ്ധത്തിനു മുൻപുതന്നെ ഉക്രൈനിലെ മുതലാളിത്ത ഭരണകൂടം കമ്മ്യൂണിസ്റ്റുകാർക്ക് എതിരായ വേട്ടയാടൽ ആരംഭിച്ചിരുന്നു. 2015ലെ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ നിരോധിച്ചിരുന്നു. അതിന്റെ പ്രസിദ്ധീകരണമായ റാബോച്ചായ ഗസെറ്റ നിരോധിക്കുകയും നേതാക്കളെയും പാർട്ടി അംഗങ്ങളെയും പോലീസ് ഭീകരമായി മർദ്ദിക്കുകയും തീവ്രവലതുപക്ഷ സംഘടനകൾ കമ്മ്യൂണിസ്റ്റുകാരെ വലിയതോതിൽ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഉക്രൈൻ റഷ്യ യുദ്ധം ആരംഭിച്ചതോടുകൂടി നടന്നുകൊണ്ടിരിക്കുന്നത്. യുദ്ധം തുടങ്ങിയ ഉടനെതന്നെ കമ്മ്യൂണിസ്റ്റുകാർ വേട്ടയാടപ്പെടുവാൻ തുടങ്ങി. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ പ്രസ്ഥാനത്തെ, ഉക്രൈൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന ഈ പ്രസ്ഥാനത്തെ ഇതുകൊണ്ടൊന്നും തകർക്കാൻ ആവില്ല എന്നും ഞങ്ങൾ ജനങ്ങൾക്ക് വേണ്ടി പോരാടുകയും ഇപ്പോഴും പോരാടികൊണ്ടിരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് എന്നും കമ്മ്യൂണിസ്റ്റുകാർ ആവർത്തിച്ച് ഉറക്കെ വിളിച്ചു പറയുന്നു. കോണനോവിച്ച് സഹോദരന്മാരെ ഉടൻ വിട്ടയക്കണമെന്ന ആവശ്യം ലോകത്തെ എല്ലാ രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തമായി ഏറ്റെടുക്കേണ്ടതുണ്ട്. ♦