Sunday, September 8, 2024

ad

Homeചിത്രകലഭീതി: വിൻസെന്റിന്റെ ചിത്രങ്ങൾ

ഭീതി: വിൻസെന്റിന്റെ ചിത്രങ്ങൾ

ഡോ. രഞ്ജു

ഠനം പൂർത്തിയായശേഷം, ഒരുചെറിയ ഇടവേള, അദ്ദേഹം നിദ്രയിലായിരുന്നു. ഇരുപതുവർഷം നീണ്ട നിദ്രയിൽ, തന്റെ വീട്ടിൽ, രോഗശയ്യയിൽ, തീർത്തും കോമയുടെ അവസ്ഥയിൽ. ഒരുരാത്രിയിലെ ഗാഢനിദ്രയിൽ നിന്നെന്നോണം, ഉണർന്നെഴുന്നേറ്റ അദ്ദേഹം നേര പോയത് തന്റെ ഉന്നതപഠനത്തിനാണ്.
ഇതാണ് തിരുവനന്തപുരം, കാഞ്ഞിരംകുളം സ്വദേശി ആർട്ടിസ്റ്റ് വിൻസെന്റിന്റെ ജീവിതം.

1988ൽ തിരുവനന്തപുരം ഫൈനാർട്സ് കോളേജിൽനിന്നാണ് അദ്ദേഹം ചിത്രരചനയിൽ ബിഎഫ്‌എ പൂർത്തിയാക്കിയത്. മാസങ്ങൾക്കുള്ളിൽ വീണ്ടും തീവ്രരോഗത്തിന്റെ പിടിയിൽ. വീണ്ടും വർഷങ്ങൾ നീണ്ട രോഗശയ്യ. അദ്ദേഹം വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുമോയെന്ന് ഡോക്ടർമാർപോലും സംശയിച്ച വർഷങ്ങൾ. അദ്ദേഹം മടങ്ങിയെത്തി, രണ്ടായിരത്തി ഇരുപതിൽ, പൂർണ്ണ ആരോഗ്യവാനായിത്തന്നെ. അതിനുശേഷം ആദ്യം ചെയ്തതും, ഫൈനാർട്സ്കോളേജിൽചിത്രരചനയിൽ എംഎഫ്‌എയ്ക്ക്ചേരുക എന്നതായിരുന്നു.

തുടർന്ന് വിശ്രമരഹിതമായ ചിത്രരചനാകാലം. അത് വരകളുടെ അതിശക്തമായ കുത്തൊഴുക്കായിരുന്നു. പൂർവ്വനിശ്ചിതമല്ലാത്ത വരകൾ. തന്നിൽ ഉറഞ്ഞിരുന്ന, പതുങ്ങിയിരുന്ന സൃഷ്ടിപരതയുടെ, ചിന്തകളുടെ ഒഴുക്ക്. എന്നെ സംബന്ധിച്ചിടത്തോളം അത് അദ്ദേഹത്തിന്റെ ഉപബോധമനസ്സിന്റെ വെളിപാടുകളായിരുന്നു.

സ്വദുരിതങ്ങളുടെ ക്ഷണികതയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. അതിൽ അന്തർലീനമായ ഭയത്തിന്റെ നൈരാശ്യത്തിന്റെയും ചിന്തകളുടെ മനശ്ശാസ്ത്രപരമായ നീർച്ചുഴികൾ തിരിച്ചറിയണമെങ്കിൽ നാം അദ്ദേഹത്തിന്റെ ജീവിതം മനസ്സിലാക്കിയേ മതിയാവൂ, ആ തീവ്രവേദനകളും.

എന്നിട്ടും, കല അദ്ദേഹത്തിന് ഒരു സാന്ത്വനമല്ല. വേട്ടയാടപ്പെടുന്ന സത്യങ്ങളിൽ നിന്നുള്ള രക്ഷനേടലോ, ഉൾവലിയലോ അല്ല. അത് ശക്തമായ പ്രത്യാക്രമണമാണ്. തന്റെ ക്യാൻവാസിലേക്ക് അദ്ദേഹം ആവാഹിച്ചത്, കല്പനയുടെ പാരമ്യതയിൽതൊടുത്തുവിട്ട ശരങ്ങളാണ്. ചില നിമിഷങ്ങളിൽ അവ നടുക്കം സൃഷ്ടിക്കുന്നു. തീയും തോക്കും അസ്ഥികളും അവയ്ക്കൊപ്പം രൂപഭേദം വരുത്തിയ വികല മാനുഷികരൂപങ്ങളും അവയിൽ ധാരാളമാകുന്നു. അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത് തലയോട്ടിയിൽനിന്നും വളരുന്ന വൃക്ഷങ്ങളാണ്.

ചില വിമർശകരും കലാകാരും അദ്ദേഹത്തിന്റെ രചനകളെ “എസ്പ്രഷനിസ”ത്തോടും മറ്റ് കലാസങ്കേതങ്ങളോടും ബന്ധിപ്പിക്കുന്നുണ്ട്. അദ്ദേഹം അതിനെ നിരാകരിക്കുന്നു. തനിക്കുവേണ്ടി, താൻതന്നെ വികസിപ്പിച്ച ഒരു ചിത്രവിതാനശൈലി. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ പ്രബലമായ അസ്വാസ്ഥ്യത്തിന്റെയും തീവ്രമായ ഭയാശങ്കകളുടെയും കാഴ്ചക്കാരനല്ല, മറിച്ച് അവയുടെയെല്ലാം ഇരയായ തന്റെ ആശയങ്ങളെ അദ്ദേഹം സംവേദനം ചെയ്യുന്നത് ഈ വിധമാണ്.

കേരളത്തിൽ കല ഇപ്പോഴും നിശ്ചലമാണ്. കാല്പനിക ചിന്തകളുടെ, സ്വർണ്ണം പൂശിയ ചട്ടക്കൂടിനുള്ളിൽ അത് ഇപ്പോഴും തടവിലാണ്. ആകർഷകമായ ഭൂപ്രകൃതി, പൂക്കളുടെ ചിത്രീകരണം, പക്ഷികളുടെ ആഘോഷത്തിമിർപ്പ്, ഇന്നും ചുമരുകളെ അലങ്കരിക്കുന്നത് ഇതൊക്കെത്തന്നെ. ഇവ‌‌ തെളിച്ചിട്ട ഈ പാതയിൽ സഞ്ചരിക്കുന്നവർ ഉന്നതസ്ഥാനീയർ. അവർ അംഗീകരിക്കപ്പെടുന്നു, പുരസ്കൃതരാവുന്നു, പ്രശംസനീയരുമാവുന്നു. ഇത്തരമൊരു കലാവേദിയിൽ വിൻസെന്റിനെ പോലുള്ളവർ, പാർശ്വവൽക്കരിക്കപ്പെടുന്നു. ഒറ്റപ്പെടുന്നു.

വർണ്ണാഭമായ രൂപങ്ങളോ, അലംകൃമാകുന്ന നിറങ്ങളോ വിൻസെന്റിന്റെ ചിത്രങ്ങളിൽ കാണാനാകില്ല കറുപ്പിന്റെയും അതുപോലുള്ള കടുംചായക്കൂട്ടുകളുടേയും ബാഹുല്യമാണ് അവയിൽ കാണാവുന്നത്. പഠിച്ചതും പഠിപ്പിച്ചതുമായ സൗന്ദര്യശാസ്ത്രത്തിന്റെ നേർത്ത അവതരണം മാറ്റുമ്പോൾ, ആ മൂടുപടത്തിനു പിന്നിൽ അസ്വസ്ഥമാകുന്ന അരാജകതയുടെ വെളിപ്പെടുത്തലുകൾ.

ധർമ്മം, അവകാശം, സംസ്കാരം, വിവേകം, വിശുദ്ധി, മൂല്യം, മതപരമായ സൈദ്ധാന്തികത അല്ലെങ്കിൽ രാഷ്ട്രീയം ഇവയുടെയെല്ലാം പൊള്ളത്തരത്തെ അദ്ദേഹം ചോദ്യംചെയ്യുന്നു. പക്ഷേ, അദ്ദേഹത്തോട് സംസാരിക്കുമ്പോഴും ആ ജീവിതത്തെ അടുത്തറിയുമ്പോഴും ഞാനെത്തിച്ചേരുന്നത് ചോദ്യംചെയ്യലിനും വെളിപ്പെടുത്തലിനുമപ്പുറം അദ്ദേഹത്തിന്റെ കല ഇത്തരം ആശയങ്ങളുടെ അർത്ഥം ശൂന്യതയെ വെളിപ്പെടുത്തുന്നു എന്ന നിഗമനത്തിലാണ്. അസ്ഥിത്വവാദത്തിന്റെ കാഴ്ചപ്പാടിൽ നിന്നുള്ള ഈ നിസ്സംഗത. ഇതാണ് അദ്ദേഹത്തിന്റെ കലയെ അനന്യമാക്കുന്നത്. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ വൈശിഷ്ട്യവും.

ഗോദോ, വരില്ലാ എന്നറിഞ്ഞുകൊണ്ടുതന്നെയായിരുന്നു. വ്ളാദിമറിന്റെയും ഈസ്ട്രജന്റെയും കാത്തിരിപ്പ്. വിൻസെന്റ് ഒന്നിനുവേണ്ടിയും ആർക്കുവേണ്ടിയും കാത്തിരുന്നില്ല. തന്റെ മുന്നിൽ അദ്ദേഹം കണ്ടത് ലോകത്തിന്റെ നശീകരണംമാത്രമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ചുവന്ന വെളിച്ചവും അഗ്നിയും ചാരവുമെല്ലാം ഇത് വെളിപ്പെടുത്തുന്നു. ഈ ചാരത്തിൽ നിന്നും ഒരു പുതിയലോകം സൃഷ്ടിക്കപ്പെടും. പക്ഷെ, അത് പുതിയ ആയുധങ്ങളുടെയും പുതിയ യുദ്ധങ്ങളുടെയും നൂതന ലോകമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.

What are the roots that clutch, what branches grow
Out of this stony rubbish? Son of man,

You cannot say, or guess, for you know only
A heap of broken images . . . Only
There is shadow under this red rock,
Come in under the shadow of this red rock,
I will show you fear in a handful of dust.”-
‐ T. S. Elot, “The wasteland”

ഈ വരികൾ വിൻസെന്റിന്റെ ചിത്രങ്ങളിൽ ഞാൻ കാണുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × two =

Most Popular