Monday, May 20, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്ഗ്രേറ്റ് ഡൈവേർജൻസ്: സാമ്പത്തിക കരുത്തിൽ യൂറോപ്പ് ഏഷ്യയെ എങ്ങിനെ ബഹുകാതം പിന്തള്ളി?

ഗ്രേറ്റ് ഡൈവേർജൻസ്: സാമ്പത്തിക കരുത്തിൽ യൂറോപ്പ് ഏഷ്യയെ എങ്ങിനെ ബഹുകാതം പിന്തള്ളി?

കെ എസ് രഞ്ജിത്ത്

മേരിക്കയിലേക്കും യൂറോപ്പിലേക്കും ജോലിതേടി പോകാനും പറ്റുമെങ്കിൽ അവിടേക്ക് സ്ഥിരമായി കുടിയേറാനും, ആ നാടുകളിലെ ഉയർന്ന മധ്യവർഗ ജീവിതനിലവാരത്തിലേക്ക് ഉയർത്തപ്പെടാനും ഏഷ്യൻ യുവതലമുറയിൽ നല്ലപങ്കും ആഗ്രഹിക്കുന്ന ഒരു വർത്തമാനകാലത്തു നിന്നുകൊണ്ട് ഏതാനും നൂറ്റാണ്ടുകൾ പിന്നിലേക്ക് തിരിഞ്ഞുനോക്കിയാൽ കാണുന്ന കാഴ്ചയെന്താണ്? ഉല്പാദനരംഗത്ത് 20‐ാം നൂറ്റാണ്ടിലെയും -21‐ാം നൂറ്റാണ്ടിലെയും സ്ഥിതിതന്നെയായിരുന്നോ രണ്ടുമൂന്നു നൂറ്റാണ്ടുമുമ്പും നിലനിന്നിരുന്നത്? യൂറോപ്പും വടക്കേ അമേരിക്കയും തന്നെയായിരുന്നവോ അന്നും ആഗോള ഉല്പാദനത്തിന്റെയും വാണിജ്യത്തിന്റെയും കേന്ദ്രങ്ങൾ? ആഭ്യന്തരോൽപാദനത്തിലും പ്രതിശീർഷ വരുമാനത്തിലും പാശ്ചാത്യലോകവും ഏഷ്യൻ ഉപഭൂഖണ്ഡവും തമ്മിൽ ഇന്നത്തെപ്പോലെ പതിന്മടങ്ങ് അന്തരം അന്നും നിലനിന്നിരുന്നുവോ? ഇല്ല എന്നാണ് കണക്കുകളത്രയും പറയുന്നത്. എന്ന് മാത്രമല്ല ഉൽപാദനമേഖലയുടെ ഏതു മാനദണ്ഡം വെച്ച് നോക്കിയാലും ഏഷ്യൻ രാജ്യങ്ങളായ ചൈനയും ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ബഹുകാതം മുന്നിലായിരുന്നു അന്ന്. 1750ൽ ആഗോള ഉൽപാദനത്തിന്റെ പകുതിയിലധികവും നടന്നിരുന്നത് രണ്ടു ഏഷ്യൻ രാജ്യങ്ങളിലായിരുന്നു‐ – ചൈനയിലും ഇന്ത്യയിലും. ആഗോള ഉൽപാദനത്തിന്റെ 33 ശതമാനം ചൈനയിലും 25 ശതമാനം ഇന്ത്യയിലുമായിരുന്നു (വൻതോതിലുള്ള ജനസംഖ്യ ഉള്ളതിനാൽ പ്രതിശീർഷവരുമാനത്തിൽ പാശ്ചാത്യരാജ്യങ്ങൾ താരതമ്യേന മുന്നിലായിരുന്നു എന്ന് മാത്രം). എന്നാൽ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകമായപ്പോഴേക്കും ചിത്രം പാടെ മാറി. ആഗോള ഉൽപാദനത്തിൽ ചൈനയുടെയും ഇന്ത്യയുടേയും പങ്ക് ഇടിഞ്ഞുതകർന്നു. ഇത് യഥാക്രമം നാല് ശതമാനവും ഒരു ശതമാനവുമായി മാറി. ആഗോള ഉൽപാദനത്തിന്റെ 75 ശതമാനവും യൂറോപ്പിൽനിന്നും വടക്കേ അമേരിക്കയിൽ നിന്നുമായി മാറി (ചിത്രം 1).

ചിത്രം 1

ഇംഗ്ലണ്ടിലെ പ്രതിശീർഷ ഉല്പാദനം ചൈനയുടേതിനേക്കാൾ 38 ഇരട്ടിയും ഇന്ത്യയുടേതിനേക്കാൾ 58 ശതമാനവുമായി മാറി. എന്നുമാത്രമല്ല പാശ്ചാത്യരാജ്യങ്ങളിൽനിന്നുമുള്ള നിർമിത വസ്തുക്കളുടെ കടന്നുവരവ് – തുണിത്തരങ്ങൾ ലോഹനിർമ്മിത വസ്തുക്കൾ – ഏഷ്യൻ രാജ്യങ്ങളിലെ നിർമാണപ്രവർത്തനങ്ങളെ പാടെ തച്ചുതകർത്തു. ഇതെങ്ങിനെ സംഭവിച്ചു? ഇങ്ങിനെയൊരു സാമ്പത്തിക മലക്കംമറിച്ചിൽ എന്തുകൊണ്ട് ഉണ്ടായി? ഗ്രേറ്റ് ഡൈവേർജൻസ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തെ മനസിലാക്കാനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ്.

വ്യവസായിക വിപ്ലവം
യൂറോപ്പ് കേന്ദ്രിതമായി നടന്ന വ്യവസായിക വിപ്ലവത്തിനും അതിലേക്കു നയിച്ച ആഗോളരാഷ്ട്രീയത്തിനും ഇതിൽ വലിയൊരു പങ്കുണ്ട് എന്ന ലോകചരിത്രത്തിന്റെ നാൾവഴികളിലൂടെ സഞ്ചരിച്ചാൽ മനസിലാകും. ഉൽപാദന പ്രവർത്തനങ്ങളിലേക്കുള്ള യന്ത്രങ്ങളുടെ കടന്നുവരവാണ് വ്യവസായികവിപ്ലവത്തിന്റെ മുഖമുദ്ര. തുണിനിർമാണം, മെറ്റൽ ഇൻഡസ്ട്രീസ് എന്നിവയിലൊക്കെ പുതിയ സാങ്കേതികവിദ്യകൾ പ്രയോഗിക്കപ്പെട്ടു. അന്നുവരെ മനുഷ്യാധ്വാനത്തെമാത്രം ഉപയോഗിച്ച് നടന്നുകൊണ്ടിരുന്ന പ്രവർത്തനങ്ങൾ പലതും യന്ത്രങ്ങൾ ഏറ്റെടുത്തു. നൂൽനൂൽപ്പും നെയ്തും ചെയ്യുന്ന യന്ത്രങ്ങൾ തുണിനിർമാണമേഖലയെ വിപ്ലവകരമായി പരിഷ്കരിച്ചു. വ്യാവസായികവിപ്ലവത്തോടെ നിർമാണമേഖലയിൽ മൂലധനത്തിന്റെ പങ്കു വൻതോതിൽ വർധിക്കുകയും മനുഷ്യാധ്വാനത്തിന്റെ തോത് ഗണ്യമായി കുറയുകയും ചെയ്തു. ഇംഗ്ലണ്ടായിരുന്നു വ്യാവസായികവിപ്ലവത്തിന്റെ സിരാകേന്ദ്രം. 1750 നും 1880നുമിടയിൽ ആഗോള ഉല്പാദനത്തിൽ ബ്രിട്ടന്റെ പങ്ക് 2 ശതമാനത്തിൽ നിന്നും 23 ശതമാനമായി കുത്തനെ ഉയർന്നു. 1880നും രണ്ടാം ലോകയുദ്ധത്തിനുമിടയിലുള്ള നാളുകളിൽ വടക്കേ അമേരിക്കയിലും യൂറോപ്പിലെ ഇതരപ്രദേശങ്ങളിലും വ്യവസായവൽക്കരണം പടർന്നു. ഇക്കാലയളവിൽ ഇംഗ്ലണ്ട് താരതമ്യേന താഴേക്ക് പോവുകയും ചെയ്തു.

ആഭ്യന്തരോൽപാദനത്തിൽ മാത്രമല്ല ജീവിതനിലവാരത്തിലും വലിയ അന്തരത്തിലേക്ക് ഇത് വഴിതെളിച്ചു. തൊഴിലാളികൾക്ക് ലഭിക്കുന്ന യഥാർത്ഥ വേതനത്തിലും ഇത് പ്രതിഫലിച്ചു. കഷ്ടിച്ചു ജീവൻ നിലനിർത്താനാവശ്യമായ വേതനത്തിന്റെ (subsistence wages) നാലുമടങ്ങ് വേതനത്തിലേക്ക് ഈ കാലയളവിൽ ആംസ്റ്റർഡാമിലെയും ലണ്ടനിലെയും തൊഴിലാളികളുടെ വേതനം വർധിച്ചപ്പോൾ ഡൽഹിയിലും ബീജിങിലുമുള്ള തൊഴിലാളികളുടെ അവസ്ഥ കൂടുതൽ ദയനീയമായി.

(ചിത്രം 2)

രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളുടെ ഭാവി മുന്നേറ്റത്തിന്റെ സ്വഭാവത്തെതന്നെ നിർണയിക്കുന്ന ഒന്നായി ഇത് മാറി. വളരെ കുറഞ്ഞ നിരക്കിൽ പണിയെടുക്കാൻ ആളെ കിട്ടുന്ന ഒരു രാജ്യത്ത് കൂടുതൽ മൂലധനമിറക്കി യന്ത്രവൽക്കരണം നടത്താനുള്ള ത്വര സ്വാഭാവികമായും കുറയും. വ്യവസായവൽക്കരണത്തിന്റെ തോത് കുറയ്ക്കാൻ ഇതിടയാക്കും. വ്യാവസായികവിപ്ലവത്തിന് ശേഷമുള്ള നാളുകളിൽ എന്തുകൊണ്ട് യൂറോപ്പിനെ അപേക്ഷിച്ച് അമേരിക്ക യന്ത്രവൽക്കരണത്തിലും കണ്ടുപിടുത്തങ്ങളിലും മുന്നേറി എന്ന ചോദ്യത്തിനും ഇതിൽ ഉത്തരമുണ്ട്. തൊഴിലാളികളുടെ ദൗർലഭ്യവും ഉയർന്ന വേതനനിരക്കുകളും യൂറോപ്പിനെ അപേക്ഷിച്ച് ഓട്ടോമേഷനിൽ മുന്നേറാൻ അമേരിക്കയെ സഹായിച്ചു എന്ന് പഠനങ്ങൾ പറയുന്നു. അർദ്ധപട്ടിണിക്കാരുടെ എണ്ണം കൂടുന്നത് ഒരു ദൂഷിതവലയത്തിലേക്ക്, ദാരിദ്ര്യത്തിന്റെ കെണിയിലേക്ക് രാജ്യത്തെ തള്ളിയിടും. കുറഞ്ഞ കൂലിക്ക് വലിയൊരു തൊഴിൽസേന ലഭ്യമെങ്കിൽ എന്തിനു ഇല്ലാത്ത കാശ് കടംവാങ്ങി യന്ത്രങ്ങൾ വാങ്ങികൂട്ടണം. ‘ലാഭം’ എന്ന ഒരേയൊരു ലക്ഷ്യം മാത്രമാണല്ലോ എന്നും എല്ലായ്പ്പോഴും മൂലധനത്തെ നയിക്കുന്നത്.

പാശ്ചാത്യ ലോകത്തിന്റെ കുതിപ്പിനിടയാക്കിയ ഘടകങ്ങൾ
ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, രാജ്യത്ത് നിലനിന്നിരുന്ന അധികാരസ്ഥാപനങ്ങൾ, സാംസ്കാരിക അന്തരീക്ഷം എന്നിങ്ങനെ പലതും യൂറോപ്പിന്റെ കുതിപ്പിന് കാരണമായി അവതരിക്കപ്പെടാറുണ്ട്. ബ്രിട്ടനിലെ കൽക്കരിഖനികൾ വ്യവസായികവിപ്ലവത്തെ നിർണായകമായി സഹായിച്ചു. ഉരുക്കുവ്യവസായങ്ങൾ രൂപംകൊണ്ടത് ഖനികളുടെ സമീപപ്രദേശങ്ങളിലായിരുന്നു. യാത്രാസംവിധാനങ്ങളും ചരക്കുകടത്തും ദുഷ്കരമായിരുന്നു ആദ്യകാലത്ത് ഈ ഘടകം സുപ്രധാനമായിരുന്നു.

സംരഭകത്വസ്വഭാവത്തിൽ മതപരമായ ഘടകങ്ങൾക്കുള്ള പങ്കിനെപ്പറ്റി മാക്സ് വെബർ നടത്തിയ പഠനങ്ങളുണ്ടായതും ഈ പശ്ചാത്തലത്തിലാണ്. വടക്കൻ യൂറോപ്യന്മാരുടെ കഠിനാധ്വാനത്തിനും യുക്തിചിന്തയ്ക്കും പ്രൊട്ടസ്റ്റന്റനിസം ഒരു കാരണമായി എന്നായിരുന്നു വെബറിന്റെ സിദ്ധാന്തം. പ്രൊട്ടസ്റ്റന്റ് ബ്രിട്ടൻ കത്തോലിക്കരുടെ ഇറ്റലിയേക്കാൾ എന്തുകൊണ്ട് മുൻപിൽ വന്നു എന്നതിന് ഒരു വിശദീകരണമായി അക്കാലത്ത് ഈ സിദ്ധാന്തം നിലനനിന്നിരുന്നു. എന്നാൽ പിൽക്കാല ലോകചരിത്രം വെബറിന്റെ ഈ സിദ്ധാന്തങ്ങളെ സാധൂകരിക്കുന്നില്ല.

ഉയർന്ന സാക്ഷരതയും ശാസ്ത്രീയമായ ചിന്താധാരകളും മാറ്റിനിർത്തിയാൽ സാംസ്കാരികമായ ഘടകങ്ങൾക്ക് പാശ്ചാത്യലോകത്തിന്റെ കുതിപ്പിൽ വലിയ സ്വാധീനമില്ല എന്ന് കാണാം.

രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ – നിയമസംവിധാനങ്ങളാണ് മറ്റൊന്ന്. സ്വത്തുസംരക്ഷണനിയമങ്ങളും, കുറഞ്ഞ നികുതിനിരക്കുകളും, സർക്കാർനിയന്ത്രണങ്ങളുടെ മിതത്വവും വ്യവസായികമുന്നേറ്റത്തിന് അനിവാര്യമാണ് എന്ന സിദ്ധാന്തം മുഖ്യധാരാ സാമ്പത്തികവിദഗ്ദർ അന്നും ഇന്നും മുന്നോട്ടുവെയ്ക്കുന്ന ഒന്നാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ, സ്പെയിനിലെയും ഫ്രാൻസിലെയും ചൈനയിലെയും ഏകാധിപത്യഭരണകൂടങ്ങൾ ഏർപ്പെടുത്തിയ കടുത്ത വ്യാപാരനിയന്ത്രങ്ങൾ അവിടങ്ങളിലെ വളർച്ചയെ തടഞ്ഞു നിർത്തി എന്നാണ് ഒരു നിരീക്ഷണം. ജനകീയ ഭരണകൂടങ്ങൾ-തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ നിശ്ചയിക്കുന്ന- യൂറോപ്പിലെ സാമ്പത്തിക അഭിവൃദ്ധിയ്ക്ക് വഴിതെളിച്ചു എന്നാണ് വാദം. ആദം സ്മിത്തിന്റേയും 18‐ാം നൂറ്റാണ്ടിലെ ലിബറലുകളുടെയും ചിന്താധാരയ്ക്ക് ചേർന്നുനിൽക്കുന്ന വാദമാണിത്. സ്പാനിഷ് കൊളോണിയൽ ഭരണത്തിനെതിരെ വിജയകരമായ പ്രക്ഷോഭം നയിച്ച് റിപ്പബ്ലിക്കായി മാറിയ ഹോളണ്ടിന്റെയും ജെയിംസ് രണ്ടാമനെതിരെ 1688ൽ നടന്ന ‘മഹത്തായവിപ്ലവ’ത്തെ (Glorious Revolution) തുടർന്ന് പാർലമെന്ററി ഭരണക്രമത്തിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിന്റെയും ചരിത്രം ഇത്തരുണത്തിൽ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട് .

ഇന്ത്യയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും അതിനെ നിലനിർത്തിയിരുന്ന ഫ്യൂഡൽ സാമൂഹ്യസംഘാടനവും സ്വാതന്ത്ര്യത്തിനു മുൻപും പിൻപും രാജ്യ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ എങ്ങനെ തടഞ്ഞുനിർത്തിയിരുന്നു എന്നതിനെ സംബന്ധിച്ച് ഏറെ പഠനങ്ങൾ നടന്നിട്ടുണ്ട്. ജനാധിപത്യ ഭരണസ്ഥാപനങ്ങളിലേക്കും, ഭൂമിയുടെ സ്വതന്ത്ര കൈമാറ്റങ്ങളിലേക്കും യൂറോപ്പും പാശ്ചാത്യ ലോകവും, മുന്നേറിയപ്പോൾ ഇന്ത്യൻ സമൂഹവും സമ്പദ്‌വ്യവസ്ഥയും ആയിരത്തണ്ടുകൾ പഴകിയ ദുഷിച്ച ഫ്യൂഡൽ വ്യവസ്ഥയിൽ അകപ്പെട്ട് നിശ്ചലമായി നിലകൊണ്ടു. മഹാഭൂരിപക്ഷത്തിനും ഏറ്റവും പ്രാഥമികമായ അവകാശങ്ങൾ – സ്വതന്ത്രമായി സഞ്ചരിക്കുക, പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടുക, ഇഷ്ടപെട്ട ജോലി തിരഞ്ഞെടുക്കുക – അപ്രാപ്യമായി നിലകൊണ്ടു. അധ്വാനശക്തിയുടെ വളർച്ചയെയും മൂല്യത്തെയും ഇത് ഇല്ലാതാക്കി. അടിമപ്പണിക്ക് എത്ര ആളെ വേണമെങ്കിലും നക്കാപ്പിച്ചയ്ക്ക്‌ കിട്ടുമെങ്കിൽ എന്തിന് കൂടുതൽ മൂലധനപ്രധാനമായ മാർഗങ്ങളിലേക്ക് അധികാരവും സ്വത്തും കൈയാളുന്നവർ മാറണം. ബ്രാഹ്മണ്യം അടിച്ചേൽപ്പിച്ച ഈ ദാരിദ്ര്യക്കെണിയിൽ (poverty trap) ഇന്ത്യ ബഹുകാതം പിന്നോട്ട് പോയി . ഒരു കാലത്ത് പൊതുവിൽ ഇന്ത്യയേക്കാൾ ഏറെ പുറകിൽ നിന്നിരുന്ന യൂറോപ്യൻ രാഷ്ട്രങ്ങൾക്ക് ഇവിടേക്ക് കടന്നുവരാനും ആധിപത്യമുറപ്പിക്കാനും ഇതിടയാക്കി .

കൊളോണിയലിസം സൃഷ്ടിച്ച അസമത്വത്തിന്റെ ലോകം
രാഷ്ട്രങ്ങൾ തമ്മിലുണ്ടായ അതിഭീമമായ സാമ്പത്തിക അന്തരത്തിൽ ഭൂമിശാസ്ത്രത്തിനും സാംസ്കാരിക സവിശേഷതകൾക്കും ഉള്ള ചെറിയ പങ്ക് നിഷേധിക്കേണ്ടതില്ല. അതെസമയം ശാസ്ത്ര സാങ്കേതികവിദ്യകളുടെ വളർച്ചയും ഉൽപാദനത്തിലുള്ള അവയുടെ പ്രയോഗവും, സാമൂഹിക സാമ്പത്തിക നയസമീപനങ്ങളും ഇതിൽ ഏറ്റവും നിർണായക പങ്കുവഹിക്കുന്നു. ഇതിൽ ഏറ്റവും സുപ്രധാനമാണ് 1400കളുടെ ഒടുവിൽ തുടങ്ങി 1900ത്തിന്റെ മധ്യകാലത്തോളം നീണ്ട കൊളോണിയൽ ആധിപത്യം.

1498ലാണ് വാസ്കോഡ ഗാമ കൊച്ചിയിൽ കപ്പലിറങ്ങുന്നത് . താൻ വന്ന കപ്പലിൽ നിറയെ കറുത്ത പൊന്ന് എന്ന് വിളിച്ചിരുന്ന കുരുമുളകുമായാണ് ഗാമ മടങ്ങുന്നത്. യൂറോപ്പിൽ അന്നുണ്ടായിരുന്നതിന്റെ 4 ശതമാനം മാത്രം വിലയാണ് കൊച്ചിയിൽ അന്ന് കുരുമുളകിനുണ്ടായിരുന്നത്. കടത്തു ചിലവായിരുന്നു 96 ശതമാനവും . എന്നാൽ കപ്പൽയാത്രയിലുണ്ടായ മുന്നേറ്റങ്ങൾ ഈ ചിലവിൽ ഗണ്യമായ മാറ്റം വരുത്തി. യൂറോപ്പിലെ കുരുമുളക് വില കുത്തനെ കുറഞ്ഞു. പക്ഷെ ഈ ഒരു ഘട്ടത്തിലും ഇന്ത്യയിലെ കർഷകർക്ക് തങ്ങൾക്കു ലഭിക്കുന്ന വിലയിൽ കാര്യമായ ഒരു വർധനയും ലഭിച്ചില്ല. അതുപോലെതന്നെ പടിഞ്ഞാറൻ മാർഗത്തിൽ ഏഷ്യയിൽ എത്തിച്ചേരാൻ പുറപ്പെട്ട കൊളംബസ് അമേരിക്ക കണ്ടെത്തിയതും, പോർച്ചുഗീസുകാർ 1500ൽ ആകസ്മികമായി ബ്രസീൽ കണ്ടെത്തിയതും കൊളോണിയലിസത്തിന്റെ ആഗോളവ്യാപനത്തിന് വഴിതെളിച്ചു. ലോക മുതലാളിത്തത്തിന്റെ ആവിർ്ഭാവത്തിനും വളർച്ചയ്ക്കും അത് ആവശ്യത്തിന് ഊർജംപകർന്നു. പ്രാകൃത മൂലധനസഞ്ചയം എന്ന് വിളിക്കപ്പെടുന്ന പകൽകൊള്ള നീതിവൽകരിക്കപ്പെട്ടു. ഇതിനിടയിൽപെട്ട് കൊളോണിയൽ രാജ്യങ്ങളിലെ ചെറുകിടവ്യവസായങ്ങൾ തകർന്നടിഞ്ഞു. അല്ലെങ്കിൽ കൊളോണിയൽ നിയമങ്ങൾകൊണ്ട് അവയെ ഇല്ലാതാക്കി. ബ്രിട്ടനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപ്പിനു കമ്പോളം ഉറപ്പുവരുത്താൻ ഉപ്പു കുറുക്കൽ നിരോധനം ഇന്ത്യയിൽ നടപ്പിലാക്കിയത്, ചൈനയിലേക്ക് നിർബന്ധിത കറുപ്പ് കയറ്റുമതി നടത്തിയത് ഇതൊക്കെ ഇന്നത്തെ കാലത്ത് നിന്നും തിരിഞ്ഞുനോക്കുമ്പോൾ അസംഭവ്യമാണ് എന്ന് പോലും തോന്നാം, പ്രത്യേകിച്ച് ജനാധിപത്യത്തിന്റെ വായ്ത്താരികൾ പാശ്ചാത്യരാജ്യങ്ങൾ ആവർത്തിച്ചാവർത്തിച്ച്‌ മുഴക്കുന്ന പശ്ചാത്തലത്തിൽ, ആ ആഖ്യാനങ്ങൾ വെള്ളംചേർക്കാതെ നാം വിഴുങ്ങുന്ന പശ്ചാത്തലത്തിൽ.

കോളനികളുമായുള്ള ഇത്തരം വ്യാപാരങ്ങൾ ഇംഗ്ലീഷ് ഡച്ച് സമ്പദ്‌വ്യവസ്ഥകളെ അടിമുടി മാറ്റി. ഇവിടങ്ങളിലെ തൊഴിൽഘടനകൾ മാറി. 15‐ാം നൂറ്റാണ്ടിൽ യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങളിൽ നാലിൽമൂന്നും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരായിരുന്നു. കൈത്തൊഴിൽ വേലക്കാരും പുരോഹിതന്മാരും വീട്ടുജോലിക്കാരും മറ്റും മാത്രമാണ് ഇതര തൊഴിലിൽ ഏർപ്പെട്ടിരുന്നവർ. എന്നാൽ വ്യവസായവിപ്ലവത്തിന്റെ പടിവാതിൽക്കൽ എത്തിയ ഇംഗ്ലണ്ടിൽ സ്ഥിതി പാടെ മാറി. കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ 45 ശതമാനമായി കുറഞ്ഞു. നഗരങ്ങൾ വൻതോതിൽ വളർന്നു. 1500ൽ 50000 പേരുണ്ടായിരുന്ന ലണ്ടൻ നഗരം 1700ൽ 5 ലക്ഷം പേരുള്ള മഹാനഗരമായി വളർന്നു. സാക്ഷരതാനിരക്ക് 1500ൽ 6 ശതമാനമായിരുന്നത് 1800ൽ 53 ശതമാനമായി ഉയർന്നു. ഡച്ചുകാർക്കിടയിൽ സാക്ഷരതാനിരക്ക് 10 ശതമാനമായിരുന്നത് ഇക്കാലയളവിൽ 68 ശതമാനമായി. ഇന്ത്യയിൽ ആദ്യ സെൻസസ് നടക്കുന്ന 1872ൽ സാക്ഷരതാനിരക്ക് 3.2 ശതമാനം മാത്രമായിരുന്നു. സ്ത്രീകൾക്കിടയിൽ ഇത് കേവലം 0.5 ശതമാനം മാത്രമായിരുന്നു.

(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − five =

Most Popular