മണിപ്പൂരിൽ സമാധാനവും ക്രമസമാധാനപാലനവും ഉറപ്പുവരുത്തുന്നതിൽ കേന്ദ്രത്തിലെയും മണിപ്പൂരിലെയും ബിജെപി സർക്കാരുകൾ സമ്പൂർണമായും പരാജയമടഞ്ഞതിലൂടെ ബിജെപി/ആർഎസ്എസിന്റെ അതിനീചമായ മുഖമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. അവരുടെ ‘‘ഭിന്നിപ്പിച്ചു ഭരിക്കൽ’’ തന്ത്രവും വെളിപ്പെടുകയാണ്. മെയ്-തെയ്കളും കുക്കികളും തമ്മിലുള്ള സംഘട്ടനം തുടങ്ങിയതോടെ മെയ് മാസം മുതൽ മണിപ്പൂർ കത്തിയെരിയുകയാണ്. ബിജെപിയും ആർഎസ്എസും ഈ സംഘട്ടനങ്ങളിലുടനീളം പങ്കാളികളാണ്; സംസ്ഥാനത്ത് കലാപത്തിന്റേതായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലെ മുഖ്യകുറ്റവാളികളുമാണ് അവർ. അനൗദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത് ഇരുന്നൂറിലേറെ ആളുകൾ ഈ സംഘട്ടനങ്ങളിൽ കൊല്ലപ്പെട്ടതായാണ്; ഒരുലക്ഷത്തോളം ആളുകളാണ് ഭവനരഹിതരാക്കപ്പെട്ടത്;അവർ മനുഷേ–്യാചിതമല്ലാത്ത സാഹചര്യങ്ങളിൽ അഭയാർഥികളായി ക്യാമ്പുകളിൽ കഴിഞ്ഞുകൂടുന്നതിന് നിർബന്ധിതരാണ്. ഒട്ടേറെപ്പേർ പ്രാണരക്ഷാർഥം അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നു; ചിലരാകട്ടെ മ്യാൻമറിലേക്കാണ് രക്ഷതേടി പോയത്; അവിടെ അപകടകരമായ അവസ്ഥയിലാണ് അവർ കഴിയുന്നത്. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കുന്നതിനും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനും മൂർത്തമായ നടപടികൾ ഒന്നും തന്നെ ഇതേവരെയും കെെക്കൊണ്ടിട്ടില്ല. ‘ഇരട്ട എഞ്ചിന്’ പാളം തെറ്റിയതായാണ് തോന്നുന്നത്; അവരുടെ വെറുപ്പിന്റെ രാഷ്ട്രീയവും ‘കണ്ണടച്ച് ഇരുട്ടാക്കൽ നയവും’ സംസ്ഥാനതത്തെ കടുത്ത ദുരിതങ്ങളോട് തികച്ചും നിരുത്തരവാദപരവും നിസ്സംഗവുമായ സമീപനം അവർ സ്വീകരിക്കുന്നതിലൂടെയും പ്രകടിപ്പിക്കുന്നത് അതാണ്. റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്; എന്നാൽ ഏറെക്കുറെ സമാനമായ ശബ്ദം – നമോ – ദേ–്യാതിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഇന്നത്തെ അവതാരത്തിന്റെ ചെയ്തികൾ നീറോയെപ്പോലും അപ്രസക്തമാക്കുന്നതാണ്. അക്രമങ്ങൾ കെട്ടടങ്ങാതെ തുടരുക തന്നെയാണ്. സാധാരണ സ്ഥിതി പുനഃസ്ഥാപിക്കുന്നതിനും അനുരഞ്ജനമുണ്ടാക്കുന്നതിനും സമുദായങ്ങളെ തമ്മിൽ യോജിപ്പിലെത്തിക്കുന്നതിനും സഹായകരമായ സമീപനങ്ങൾ ഒന്നുംതന്നെ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. റഷ്യയും ഉക്രെയ്നും തമ്മിൽ സമാധാനം സ്ഥാപിക്കുന്നതിന് നരേന്ദ്രമോദി തീവ്രശ്രമം നടത്തുകയാണെന്ന് ബിജെപി/ആർഎസ്എസ് സംഘങ്ങൾ കൊണ്ടുപിടിച്ച് പ്രചാരണം നടത്തുമ്പോൾ മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിൽ മോദി ഗവൺമെന്റ് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്; ആ സംസ്ഥാനത്ത് ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടതിന്റെ ഉത്തരവാദിത്വത്തിൽനിന്നും മോദി ഗവൺമെന്റിന് രക്ഷപ്പെടാനുമാവില്ല.
പ്രതിസന്ധിയോട് പുറംതിരിയുന്ന സർക്കാർ
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും കർണാടകത്തിൽ തിരഞ്ഞെടുപ്പ‍് പ്രചരണത്തിന് ആഴ്ചകൾ ചെലവഴിച്ചു; പ്രതിസന്ധിയോട് പുറംതിരിഞ്ഞുനിന്നു. അക്രമങ്ങളും മരണവും നടമാടിയ 26 ദിനരാത്രങ്ങൾ പിന്നിട്ടതിനുശേഷം മാത്രമേ അമിത്ഷാ സംസ്ഥാനം സന്ദർശിച്ചുള്ളൂ. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരാണ് സംഘർഷത്തിന് ചൂട്ടുപിടിക്കുന്നത് എന്നും സംഘപരിവാറാണ് സമുദായങ്ങൾ തമ്മിൽ വിദേ–്വഷം വർധിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നത് എന്നും ആരോപണങ്ങളുണ്ട്. അരാംബായ് തെംഗോൽ പോലെയുള്ള മെെണേയി വിഭാഗത്തിലെ വർഗീയ വിഷം മുറ്റിയ വിഭാഗങ്ങളുടെ സ്വകാര്യസേനയ്ക്ക് നൽകപ്പെട്ട പിന്തുണ എരിതീയിൽ എണ്ണയൊഴിക്കലായി മാറി. ‘‘ഹിന്ദു മതമെന്ന സനാതന ധർമത്തിന്റെ പരിശുദ്ധ രൂപത്തിലുള്ള അവസാനത്തെ കാവൽപ്പുര’’ എന്ന നിലയിൽ മണിപ്പൂരിനെ വിശേഷിപ്പിച്ച മെയ്-തെയ് വിഭാഗത്തിന്റെ സംഘടനയായ മെയ്-തെയ് ലീപുന്നെയെയും അതിന്റെ നേതാവ് പ്രമോത്-സിങ്ങിനെയും കുക്കികൾ കാണുന്നത് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെയും സംഘപരിവാറിന്റെയും സംരക്ഷണയിൽ കഴിയുന്നവരെന്നനിലയിലാണ്. വംശീയ അക്രമങ്ങൾ ഉയർന്നുവന്നത്, മെയ്-തെയ്കളെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഒരു മാസത്തിനുള്ളിൽ പരിഗണിക്കണമെന്ന മണിപ്പൂർ ഹെെക്കോടതി ഉത്തരവിനെതിരായ കുക്കികളുടെ പ്രതിഷേധത്തിന്റെ ഫലമായിട്ടായിരുന്നു എന്നാണല്ലോ മിക്കവാറും മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ അതിനും ഏറെക്കാലം മുൻപുതന്നെ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘട്ടനത്തിന് മണ്ണൊരുങ്ങിക്കഴിഞ്ഞിരുന്നു; വളരെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന, ഇരുവിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നതകൾ സംസ്ഥാനത്തെ വംശീയമായി ധ്രുവീകരിക്കാൻ ഉപയോഗിക്കുകയാണ് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗിരിവർഗക്കാരും ഗോത്രവർഗക്കാരും മുഖ്യമായും ബിജെപിക്കാണ് വോട്ടു ചെയ്തത്; ഒട്ടേറെ വാഗ്ദാനങ്ങൾ ബിജെപി അവർക്ക് നൽകിയിരുന്നു. എന്നാൽ വനപ്രദേശങ്ങളിലെ നിയമവിരുദ്ധ കെെയേറ്റങ്ങൾ ഒഴിപ്പിക്കാനെന്ന പേരിൽ മുഖ്യമന്ത്രി കുപ്രസിദ്ധമായ ‘‘ബുൾഡോസർ രാജ്’’ ആരംഭിച്ചു. കെ. സോങ്ജാങ് വില്ലേജിൽ 16 വീടുകൾ ഇടിച്ചുനിരത്തി; ചുരാചന്ദ്പൂരിന്റെ നാനാഭാഗങ്ങളിൽ ഇത്തരം നടപടികൾ ആസൂത്രണം ചെയ്തിരുന്നു; യാതൊരു കൂടിയാലോചനയും കൂടാതെയും ബദൽ പാർപ്പിടസൗകര്യങ്ങളും പുനരധിവാസ നയവും കൂടാതെയാണ് ഇതൊക്കെ ചെയ്തത്. ഈ നീക്കങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെയെല്ലാം ഭീകരവാദികളായി മുദ്രകുത്തി. കഴിഞ്ഞ കുറെ കാലമായി കുക്കികളെ ‘‘പരദേശികൾ’’, ‘‘മ്യാന്മറിൽനിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാർ’’, ‘‘കയ്യേറ്റക്കാർ’’, ‘‘വിദേശികളായ കുക്കികൾ’’ എന്നെല്ലാമാണ് മുഖ്യമന്ത്രി ആവർത്തിച്ച് മുദ്രകുത്തിക്കൊണ്ടിരുന്നത്; ഇത്തരത്തിൽ തദ്ദേശീയരായ ഈ ആദിവാസി ജനതയെ ബിജെപി സർക്കാർ രണ്ടാംകിട പൗരരായി തരംതാഴ്ത്തുകയായിരുന്നു; അതിനുപുറമെ അവരെ ‘‘കഞ്ചാവ് കൃഷിയിലും മയക്കുമരുന്ന് ബിസിനസ്സിലും ഉൾപ്പെട്ട നാർക്കോ ടെററിസ്റ്റുകൾ’’ എന്ന് വിശേഷിപ്പിക്കുന്ന ഒരാഖ്യാനം മെല്ലെ വികസിപ്പിക്കുകയുമായിരുന്നു. രാജ്യത്തിനകത്തുള്ളവരും പുറത്തുള്ളവരും എന്നൊരു വിഭജനം സൃഷ്ടിക്കാനുള്ള കുടിലമായ നീക്കം ബോധപൂർവമായി നടത്തിവരുകയുമായിരുന്നു. എന്നാൽ, 1840 കൾ മുതൽ ആംഗ്ലോ കുക്കി യുദ്ധംവരെയും ഒന്നാം ലോക യുദ്ധകാലത്ത് നിർബന്ധപൂർവം പട്ടാളത്തിൽ ചേർക്കാനുള്ള നീക്കത്തിനെതിരെ 1917–19 കാലത്തും കുക്കികൾ ബ്രിട്ടീഷുകാർക്കെതിരെ ധീരോദാത്തമായി പോരാടിയിരുന്നുവെന്നത് ചരിത്ര യാഥാർഥ്യമാണ്. അവരിൽ ഒട്ടേറെപ്പേർ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയുടെ (ഐഎൻഎ) ഭാഗവുമായിരുന്നു.
ആരാധനാലയങ്ങളും
വീടുകളും ചുട്ടെരിക്കപ്പെടുന്നു
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആരാധനാലയങ്ങളും വീടുകളും കടകളും മറ്റു സ്ഥാപനങ്ങളുമെല്ലാം ചുട്ടെരിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ആണ്. താഴ്വാരങ്ങളിലെ അഞ്ചു ജില്ലകളിലും ചുരാചന്ദ്പൂർ, തെങ്ണോപാൽ, കാങ്ങോക്പ്പി തുടങ്ങിയ ചില കുന്നിൻപ്രദേശ ജില്ലകളിലും വസ്തുവകകളും പള്ളികളും ക്ഷേത്രങ്ങളുമെല്ലാം ആക്രമിക്കപ്പെടുകയാണ്; കൊള്ളയും കൊള്ളിവെപ്പും അവിടങ്ങളിൽ നടമാടുകയാണ്. ഡൽഹിയിലെ മണിപ്പൂർ ട്രൈബൽ ഫോറം റിപ്പോർട്ടുപ്രകാരം 230 ലധികം പള്ളികൾ പൂർണമായും ചുട്ടെരിക്കപ്പെടുകയോ ഭാഗികമായി നശിപ്പിക്കപ്പെടുകയോ ചെയ്തിരിക്കുന്നു; അവയിൽ 200ൽ അധികവും രണ്ടു ദിവസം കൊണ്ടാണ് നശിപ്പിക്കപ്പെട്ടത്; കൊല്ലപ്പെട്ടവരിൽ ഏറെയും ഗോത്രവർഗക്കാരായ കുക്കികളോ സോമികളോ (zomi) ആണ്; അവർ ക്രിസ്ത്യാനികളുമാണ്. ഹിന്ദുക്കൾ എന്ന് കരുതപ്പെടുന്ന മെയ്-തെയ്കൾ പുണ്യസ്ഥലങ്ങളായി കണക്കാക്കുന്ന ചില സ്ഥാനങ്ങളും (sites) നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കൊല്ലപ്പെട്ടവരുടെ എണ്ണമെടുത്താൽ മെയ്-തെയ്കളെക്കാൾ വളരെയധികമാണ് കുക്കികൾ; അതുപോലെതന്നെ കുക്കികളുടെ വസ്തുവകകളും വില്ലേജുകളും വീടുകളും പള്ളികളും നശിപ്പിക്കപ്പെട്ട അത്രയൊന്നും മെയ്-തെയ്കളുടെ സ്വത്തുക്കളും വില്ലേജുകളും വീടുകളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടിട്ടില്ല. ആയിരത്തോളം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്; കൂട്ടബലാത്സംഗങ്ങൾ നടന്നതായും രോഗികളുൾപ്പെടെ, ആംബുലൻസുകൾക്ക് തീ കൊളുത്തിയതായും റിപ്പോർട്ടുകളുണ്ട്. വിവിധ സമുദായങ്ങളിൽപെട്ട 5,000ത്തിൽ അധികം വീടുകളും 200 വില്ലേജുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട‍്. സെെന്യത്തിലും സിആർപിഎഫ്, ബിഎസ്എഫ്, സശസ്ത്ര സീമാബൽ, ആസാം റൈഫിൾസ് എന്നീ അർധ സെെനിക വിഭാഗങ്ങളിലുംപെട്ട 40,000ത്തിലധികം പേരെ വിന്യസിച്ചിരുന്നെങ്കിലും അക്രമം പൂർണമായും തടയാൻ കഴിഞ്ഞില്ല. അകലങ്ങളിലുള്ള വില്ലേജുകളിൽ ഇപ്പോഴും ആക്രമണങ്ങൾ നടക്കുകയാണ്; വെടിവയ്പുകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള മേഖലകളിലുള്ള ചില മന്ത്രിമാരുടെയും എംഎൽഎമാരുടെയും വാസസ്ഥലങ്ങൾപോലും അക്രമങ്ങളിൽ പൂർണമായും നശിപ്പിക്കപ്പെട്ടു എന്ന വസ്തുതയിൽനിന്നുതന്നെ സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാനാകും. സാധാരണ ജനങ്ങളുടെ സ്ഥിതിയെക്കുറിച്ചും നമുക്ക് ഇതിൽനിന്ന് മനസ്സിലാക്കാനാകും. സംസ്ഥാനത്തെ ജനങ്ങൾ ഇത്രയേറെ ദുരിതമയമായ സാഹചര്യത്തിൽപെട്ട് നട്ടംതിരിയുമ്പോൾ, കേന്ദ്ര അർദ്ധ സെെനികവിഭാഗങ്ങളും – പ്രത്യേകിച്ച് ആസാം റൈഫിൾസ് – സംസ്ഥാന പൊലീസ് സേനയും തമ്മിൽ അഭിപ്രായഭിന്നതകൾ ഉയർന്നുവരുന്നതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് ഭരണഘടനയിലെ 355–ാം വകുപ്പ് പ്രയോഗിക്കുന്നതു സംബന്ധിച്ച് കുറെക്കാലം ആകെ ആശയക്കുഴപ്പം നിലനിന്നിരുന്നു; ആ വകുപ്പ് പ്രയോഗിക്കുമെന്ന് ഗവർണർ സ്ഥിരീകരിച്ചപ്പോൾ മണിപ്പൂർ ഗവൺമെന്റിന്റെ സുരക്ഷാ ഉപദേഷ്ടാവ് അത് തള്ളിക്കളഞ്ഞു; എന്നാൽ അതിപ്പോൾ പ്രാബല്യത്തിലുമാണ്.
കുക്കികളുടെയും മെയ്-തെയ്കളുടെയും കെെവശം ആധുനിക ആയുധങ്ങളും വെടിക്കോപ്പുകളുമുണ്ട്. ഇങ്ങനെ ആയുധമണിഞ്ഞ വിവിധ വിഭാഗങ്ങളിൽപെട്ട ഭീകരസംഘങ്ങൾ മിക്കവയും സസ്–പെൻഷൻ ഓഫ് ഓപ്പറേഷൻസ് കരാറിൽ ഒപ്പിട്ടവയുമാണ്; ഇവയിൽ ചില വിഭാഗങ്ങൾ സംസ്ഥാന പൊലീസിൽനിന്നും സായുധസേനാവിഭാഗങ്ങളിൽനിന്നും തട്ടിയെടുത്ത ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. 2023 മെയ് മൂന്നിന് ആദ്യമായി അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾതന്നെ 1,800 ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടുവെന്ന ഭീതിജനകമായ വാർത്ത റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്; അമിത്ഷായുടെ സന്ദർശനത്തിന് തൊട്ടുമുൻപായി 2023 മെയ് 27നും 28നും 2,557 ആയുധങ്ങൾകൂടി ഇങ്ങനെ കൊള്ളയടിക്കപ്പെട്ടതായും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്; റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇവയെല്ലാം തന്നെ മെയ്-തെയ്കൾക്ക് ആധിപത്യമുള്ള മണിപ്പൂർ താഴ്വരയിലെ പൊലീസ് ക്യാമ്പുകളിൽനിന്നും ആയുധപ്പുരകളിൽനിന്നുമാണ് കൊള്ളയടിക്കപ്പെട്ടത് എന്നാണ്. റൈഫിളുകൾ മാത്രമല്ല ഗ്രനേഡുകളും ബോംബുകളും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. മിക്കവാറും എല്ലാ ആയുധങ്ങളും ഒരേ സമുദായത്തിൽപെട്ടവർക്കാണ് അവ പൊലീസ് ക്യാമ്പുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ, ലഭിച്ചത് എന്നും പറയപ്പെടുന്നു. വലിയൊരു ജനക്കൂട്ടം പൊലീസ് ക്യാമ്പ് വളഞ്ഞ് ആയുധങ്ങൾ എടുത്തുകൊണ്ടുപോയ സംഭവങ്ങളുമുണ്ട്. സർക്കാരിന്റെ മെയ്-തെയ് അനുകൂല നിലപാടിനെ സാധൂകരിക്കുന്നതാണ് മണിപ്പൂർ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) തസ്തികയിൽനിന്ന് കുക്കി വിഭാഗക്കാരനായ പി ദൂംഗലിനെ നീക്കം ചെയ്തത്. പൗരരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിൽ സംസ്ഥാന പൊലീസ് വിഭാഗങ്ങൾ പാടെ പരാജയപ്പെട്ടുവെന്നും കേന്ദ്ര സേനകൾ നിഷ്ക്രിയ നിലപാടാണ് സ്വീകരിക്കുന്നത് എന്നുമുള്ള ആരോപണങ്ങളും ശക്തമാണ്. കുക്കികൾക്കു മാത്രമല്ല, മെയ്-തെയ്കൾക്കും ഈ പരാതിയുണ്ട്. നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾ നിറവേറ്റാനായി മണിപ്പൂരിൽ ആഭ്യന്തരയുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് വ്യക്തമാണ്. യഥാർഥത്തിൽ എന്താണ് മണിപ്പൂരിൽ നടക്കുന്നത് എന്ന കാര്യം (റിട്ടയേഡ്) ലഫ്റ്റനന്റ് ജനറൽ എൽ നിഷികാന്ത സിങ് തന്റെ ട്വീറ്റിൽ വെളിപ്പെടുത്തുന്നു: ‘‘റിട്ടയർമെന്റ് ജീവിതം നയിക്കുന്ന, മണിപ്പൂരിൽനിന്നുള്ള വെറുമൊരു സാധാരണ ഇന്ത്യൻ പൗരനാണ് ഞാൻ. സംസ്ഥാനത്ത് ഇപ്പോൾ ‘ഭരണം’ തന്നെ ഇല്ലാത്ത അവസ്ഥയാണ്. ലിബിയയിലോ ലബനണിലോ നെെജീരിയയിലോ സിറിയയിലോ എന്ന പോലെ മണിപ്പൂരിൽ ഇപ്പോൾ ഏതൊരാൾക്കും ഏതു സമയത്തും ആരുടെയും ജീവനും സ്വത്തും നശിപ്പിക്കാൻ കഴിയുന്ന അവസ്ഥയാണ്. മണിപ്പൂരിനെ വിധിക്ക് എറിഞ്ഞുകൊടുത്തിരിക്കുന്നതായാണ് തോന്നുന്നത്. കേൾക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ’’.
കോർപ്പറേറ്റ് മാധ്യമങ്ങളുടെ
പക്ഷപാതം
പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വീഴ്ചകൾ മൂടിവയ്ക്കുന്നതിനു കോർപ്പറേറ്റ് മാധ്യമങ്ങൾ പക്ഷപാതപരമായ രീതിയിലാണ് റിപ്പോർട്ടു ചെയ്യുന്നത്. ആയിരക്കണക്കിനാളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും അക്രമങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴും യഥാർഥത്തിൽ മണിപ്പൂരിൽ നടക്കുന്നതെന്താണെന്നും സാധാരണക്കാരുടെ ജീവിതദുരിതങ്ങൾ എന്താണെന്നും ഈ മാധ്യമങ്ങളുടെ തലവാചകങ്ങളിൽ പ്രത്യക്ഷപ്പെടാത്തത് അതുകൊണ്ടാണ്; ‘‘ഇരട്ട എഞ്ചിൻ സർക്കാർ’’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുന്നതിൽ സംഭവിച്ച വീഴ്ചകൾ മൂടിവയ്ക്കുകയാണ് കോർപ്പറേറ്റ് മാധ്യമങ്ങൾ. ഇന്റർനെറ്റ് തടസ്സപ്പെടുത്തപ്പെട്ട അവസ്ഥയിലാണ്; യഥാർഥ വസ്തുതകളും പ്രതിസന്ധിയുടെ വലിപ്പവും അതുകൊണ്ട് പുറത്തുവരുന്നില്ല. ഇന്റർനെറ്റ് തടസ്സപ്പെടുത്തപ്പെട്ടിരിക്കുന്നതിനാലും സമൂഹ മാധ്യമങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലായതിനാലും മണിപ്പൂരിൽ നടക്കുന്ന ഭീകരമായ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാനത്തിനു പുറത്തുള്ള ജനങ്ങളെയും വിവിധ സംഘടനകളെയും അറിയിക്കുന്നതിന് മണിപ്പൂരിലെ വ്യക്തികൾക്കും സംഘടനകൾക്കും കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. വർഗീയ ധ്രുവീകരണവും ഭരണാധികാരികളുടെ സേ–്വച്ഛാധിപത്യ സ്വഭാവവുംമൂലം ജനങ്ങൾ നിസ്സഹായാവസ്ഥയിലാണ്. വൃദ്ധരും രോഗികളും അംഗപരിമിതരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളുടെ അവസ്ഥ പരമദയനീയമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോഷകാഹാരത്തിന്റെയും ഔഷധങ്ങളുടെയും ചികിത്സാ സൗകര്യങ്ങളുടെയും അഭാവംമൂലം ഗർഭിണികളും രോഗങ്ങൾ ബാധിച്ചവരും വൃദ്ധരും വല്ലാതെ കഷ്ടപ്പെടുകയാണ്.
മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സഹായഹസ്തവുമായി അവരെ സമീപിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്ന അവസ്ഥ അനുവദിക്കാനാവില്ല. നമ്മുടെ ശബ്ദവും സഹായവും മണിപ്പൂരിലെ ജനങ്ങൾക്ക് ഇപ്പോൾ ആവശ്യമാണ്. മണിപ്പൂരിനായി നിലകൊള്ളുകയെന്നാൽ നമ്മുടെ ഫെഡറൽ മൂല്യങ്ങൾക്കും മതനിരപേക്ഷ സംസ്കാരത്തിനും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനുംവേണ്ടി നിലകൊള്ളുകയെന്നാണ് അർഥം. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള ബിജെപി ഗവൺമെന്റുകൾ ആ മേഖലയുടെ ഐക്യവും ഉദ്ഗ്രഥനവും കെെവെടിഞ്ഞിരിക്കുകയാണ്; ജനങ്ങളെ ചേരിതിരിക്കുന്നതിനായി അവർ നടപ്പാക്കുന്ന ‘ഭിന്നിപ്പിച്ച് ഭരിക്കൽ’ തന്ത്രത്തിൽനിന്നും അവരെ എത്രയുംവേഗം പിന്തിരിപ്പിക്കണം. നീണ്ടുനിൽക്കുന്ന കർ-ഫ്യൂകളും ഇന്റർനെറ്റ് നിരോധനവും ഉടൻതന്നെ പിൻവലിക്കണം; എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യ റേഷൻ നൽകണം; ആവശ്യമായത്ര മരുന്നുകളും ചികിത്സാ സഹായവും ഉറപ്പിക്കണം; തകർക്കപ്പെട്ട വീടുകളും സ്ഥാപനങ്ങളും പുനർനിർമിക്കണം. ഭവനരഹിതരാക്കപ്പെട്ടവരെയെല്ലാം പുനരധിവസിപ്പിക്കുന്നതിന് ത്വരിതഗതിയിലുള്ള നീക്കങ്ങൾ ആരംഭിക്കണം. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കെല്ലാം ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കണം. സംഘർഷമേഖലകളിൽനിന്നാകെ സെെന്യത്തെ പിൻവലിക്കുകയും സമാധാനം സ്ഥാപിക്കുകയും വേണം. കൊള്ളയടിക്കപ്പെട്ടതിൽ 20 ശതമാനം ആയുധങ്ങളും വെടിക്കോപ്പുകളും മാത്രമേ ഇതേവരെയായി തിരിച്ച് പിടിച്ചെടുത്തിട്ടുള്ളൂ. ഇരുസമുദായങ്ങളിലെയും അക്രമാസക്തരായ ജനക്കൂട്ടങ്ങളെയും സ്വകാര്യസേനകളെയും കുക്കി തീവ്രവാദികളെയും ഉൾപ്പെടെ കർക്കശമായി നേരിടണം. ഇന്ത്യാ ഗവൺമെന്റും മണിപ്പൂർ സർക്കാരും കുക്കി തീവ്രവാദികളും തമ്മിൽ ഒപ്പുവെച്ചിട്ടുള്ള സസ‍്പെൻഷൻ ഓഫ് ഓപ്പറേഷൻ കരാറിലെ വ്യവസ്ഥകൾ എല്ലാ കക്ഷികളും കർശനമായി പാലിക്കണം. ദൗർഭാഗ്യവശാൽ സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണം നടത്തുന്ന ബിജെപി ഗവൺമെന്റുകൾ ദേശീയ പൗരത്വ രജിസ്ട്രേഷനെക്കുറിച്ചാണ് പറയുന്നത്; കണ്ണിലെ കൃഷ്ണമണിയുടെ പകർപ്പും വിരലടയാളവും ഉപയോഗിച്ച് മ്യാൻമറിൽനിന്നുള്ള ‘നിയമവിരുദ്ധ കുടിയേറ്റക്കാരെ’ തിരിച്ചറിയുന്നതിനാണ് അധികാരത്തിലിരിക്കുന്നവർ ഊന്നൽ നൽകുന്നത്. ഇത് ബാംഗ്ലാദേശിലും മ്യാൻമറിലും മിസോറാമിനെപ്പോലെയുള്ള അയൽസംസ്ഥാനങ്ങളിലുമായി വ്യാപരിച്ചിട്ടുള്ള കുക്കികളെ ആസാമിൽ നടന്നതുപോലെ പീഡിപ്പിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള കുറിപ്പടിയാണ്. സമാധാനം സ്ഥാപിക്കുന്നതിന് തനിക്ക് 15 ദിവസംകൂടി തരണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇടയ്ക്ക് ആവശ്യപ്പെട്ടത്;പിന്നീട് 36 ദിവസം കൂടി കഴിഞ്ഞിട്ടും സമാധാനം ഇപ്പോഴും അകലെ തന്നെയാണ്. പ്രധാനമന്ത്രിയാകട്ടെ മണിപ്പൂരിന്റെ കാര്യം വരുമ്പോൾ വാതുറക്കാനാവാത്ത അവസ്ഥയിലാണ്; മൻ കി ബാത്തിലും പൊതുപ്രസംഗങ്ങളിലുമൊന്നിലും മോദി മണിപ്പൂരിനെക്കുറിച്ച് മിണ്ടുന്നതേയില്ല.
വിവിധ സംഘടനകളിൽനിന്നും സിവിൽ സമൂഹ ഗ്രൂപ്പുകളിൽനിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടെയുള്ള സർവകക്ഷി പ്രതിനിധിസംഘം സംസ്ഥാനം സന്ദർശിക്കുകയും വസ്തുതകൾ കൃത്യമായി മനസ്സിലാക്കുകയും വേണം; ഒപ്പം സംസ്ഥാനത്ത് സാധാരണ നില സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുകയും വേണം. അക്രമത്തിനുത്തരവാദികളായവരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിന് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അനേ–്വഷണം നടത്തണം; ഇനിയും ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കാനുള്ള ശക്തമായ പ്രതിരോധ സംവിധാനങ്ങളും ഉണ്ടാകണം.
മണിപ്പൂരുമായി എനിക്ക് ദീർഘകാല ബന്ധമുണ്ട്; മെയ്–തെയ്കളും നാഗന്മാരും കുക്കികളും ഉൾപ്പെടെ എല്ലാ സമുദായങ്ങളിലുമുള്ള സുഹൃത്തുക്കളും വിദ്യാർഥികളും എനിക്കുണ്ട്. അവരിൽ പലർക്കും വീടുകളും സ്വത്തും നഷ്ടപ്പെട്ടു; ഭീതിയിലും അരക്ഷിതബോധത്തിലുമാണ് അവർ ഓരോ ദിവസവും തള്ളിനീക്കുന്നത്. സമാധാനവും സൗഹാർദവും എത്രയുംവേഗം പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ ഏതു സമുദായത്തിൽപെട്ടവരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പാക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുമെന്നും ഞാൻ കരുതുന്നു. സർവോപരി, വിദേ–്വഷത്തിന്റെയും ഭിന്നിപ്പിച്ച് ഭരിക്കലിന്റെയും ധ്രുവീകരണ രാഷ്ട്രീയം കയ്യാളുന്ന, സംസ്ഥാനത്തെ ഇത്തരമൊരു അവസ്ഥയിലെത്തിച്ച ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ തുറന്നു കാണിക്കുകയും ഒറ്റപ്പെടുത്തുകയും വേണം. ബിജെപി/ആർഎസ്എസിന്റെ ‘ഇരട്ട എഞ്ചിൻ’ ഗവൺമെന്റ‍് മണിപ്പൂരിൽ മാത്രമല്ല, ഇന്ത്യയിലാകെ അനെെക്യവും മരണവും വിനാശവും വിതയ്ക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിനെ തടയാൻ ചുവപ്പു കൊടി വീശേണ്ടത് നമ്മുടെ ബാധ്യതയാണ്. ♦