മലമ്പ്രദേശങ്ങളിൽ വസിക്കുന്ന കുക്കി ഗോത്ര വിഭാഗം മണിപ്പൂരിന്റെ 90 ശതമാനം പ്രദേശത്ത് വസിക്കുമ്പോൾ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തെയ് വിഭാഗത്തിൽ പെട്ടവർ താഴ്-വാരങ്ങളിലെ 10 ശതമാനം പ്രദേശത്താണ് വസിക്കുന്നത് . മണിപ്പൂരിൽ നിലവിലുള്ള ഭൂമി കൈമാറ്റ ചട്ടങ്ങൾ അനുസരിച്ച് പട്ടിക വിഭാഗത്
തിൽപെട്ടവരുടെ ഭൂമി കൈമാറ്റം നിയമപരമല്ലതാനും . ഇതിനെ മറികടക്കുവാനാണ് മെയ്തെയ് വിഭാഗത്തിൽ പെട്ടവർക്ക് പട്ടികവിഭാഗ പദവി നൽകുന്ന ഇപ്പോഴത്തെ നിയമ പരിഷ്കാര നീക്കങ്ങൾ എന്ന ആശങ്കയിൽ നിന്നാണ് ഇന്നത്തെ സംഘർഷങ്ങൾ തുടങ്ങുന്നത് എന്ന നിരീക്ഷണം എത്രത്തോളം ശരിയാണ് ?
ഈ നിരീക്ഷണം ശരിയാണ് . മെയ്–തെയ്കൾക്ക് പട്ടികജാതി പദവി നൽകുന്നത് കുന്നി
ൻ പ്രദേശങ്ങളിൽ ഭൂമിയുടെമേൽ തങ്ങൾക്കുള്ള നിയന്ത്രണം ഇല്ലാതാക്കാൻ വഴിവെക്കുമെന്ന ആശങ്കയിൽ നിന്നാണ് കുക്കികൾ പ്രക്ഷോഭം തുടങ്ങുന്നത് . 1960 ൽ പാർലമെന്റ് പാസ്സാക്കിയ മണിപ്പൂർ ലാൻഡ് റിഫോംസ് ആക്ട് ( MLR&LR) ഇപ്രകാരം പറയുന്നു .
‘‘പട്ടികജാതി വിഭാഗത്തിൽപെട്ടവർ നടത്തുന്ന ഭൂമി കൈമാറ്റങ്ങൾ താഴെ പറയുന്ന പ്രകാരമല്ലെങ്കിൽ സാധുവല്ല -(a) പട്ടിക ജാതി വിഭാഗത്തിൽപെട്ട മറ്റൊരാൾക്ക് കൈമാറുക അഥവാ (b ) ഗോത്രേതര വിഭാഗത്തിൽ പെട്ടവർക്കാണ് കൈമാറുന്നതെങ്കിൽ ഡെപ്യൂട്ടി കമ്മീഷണറുടെ മുൻകൂട്ടിയുള്ള അനുമതിയോടു കൂടി മാത്രം നടത്തുക അഥവാ (c ) ഒരു സഹകരണസംഘത്തിൽ ഈടുവെയ്ക്കുന്ന രീതിയിലുള്ളത് .”
അതുപോലെതന്നെ മെയ്തെയ്കൾക്ക് പട്ടികജാതി പദവി നൽകുകയാണെങ്കിൽ പട്ടിക ജാതിക്കാർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന സീറ്റുകളിൽ മത്സരിക്കാനും ഭരണഘടനാപരമായി പ്രത്യേക അവകാശമുള്ള ഹിൽ ഏരിയ കമ്മിറ്റികളിൽ അംഗത്വം നേടി അവയുടെ നിയന്ത്രണം അവർ കയ്യാളാനും അതിടയാക്കുമെന്നും കുക്കികൾ ആശങ്കപ്പെടുന്നു. ഭരണഘടനയുടെ 371 (സി) പ്രകാരം മണിപ്പൂർ അസംബ്ലിയിലെ 19 പട്ടിക ജാതി എം എൽ എ മാർക്ക് ഹിൽ ഏരിയ കമ്മിറ്റി രൂപീകരിക്കാനുള്ള പ്രത്യേക അവകാശം ഉണ്ട് .അതോടൊപ്പം 13 വിഷയങ്ങളിൽ സംസ്ഥാന ഭരണകൂടത്തിന് നിർദേശങ്ങൾ നൽകാനും ഹിൽ ഏരിയ കമ്മിറ്റിയുടെ ചെയർമാനെയും വൈസ് ചെയർമാനെയും തിരഞ്ഞെടുക്കാനും കഴിയും .ഹിൽ ഏരിയ കമ്മിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ മെയ്–തെയ്കൾക്കും മറ്റു ഗോത്ര വിഭാഗങ്ങൾക്കും ഭൂമി വാങ്ങാനാവില്ല .
എന്നാൽ മെയ്തെയ്കൾ അവകാശപ്പെടുന്നത് മണിപ്പൂർ ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിനുമുമ്പ് താഴ്വാരങ്ങൾ മാത്രമല്ല കുന്നിൻപ്രദേശങ്ങളും ഭരിച്ചിരുന്നത് തങ്ങളുടെ രാജവംശമായിരുന്നുവെന്നാണ് .
കുക്കികളും മെയ്തെയ്കളുമായുള്ള സംഘർഷത്തിന്റെ ചരിത്രത്തിന് എത്ര പഴക്കമുണ്ട് ?
മുൻപ് വളരെ സമാധാനത്തോടെ സഹവർത്തിച്ചിരുന്നവരാണ് കുക്കികളും മെയ്തെയ്കളും . 2012 ൽ മെയ്തെയ്കൾ പട്ടികജാതി പദവി ആവശ്യപ്പെടുന്നതോടെയാണ് സംഘർഷം ഉടലെടുക്കുന്നത് .2013 ൽ കേന്ദ്ര പട്ടിക ജാതി മന്ത്രാലയം ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി . എന്നാൽ സംസ്ഥാന സർക്കാർ വ്യക്തമായ മറുപടി നൽകിയില്ല . ഇക്കഴിഞ്ഞ മാർച്ച് 27 ന്റെ വിധിയിലൂടെ മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ഇത് സംബന്ധിച്ച മറുപടി കേന്ദ്രത്തിന് നൽകാൻ ആവശ്യപ്പെടുകയും മെയ്തെയ്കളെ പട്ടിക ജാതി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു .ഇതിനു മുൻപ് 2015 ൽ നടപ്പാക്കാൻ ശ്രമിച്ച മൂന്നു നിയമങ്ങൾ – – ഭൂ അവകാശ നിയമ ഭേദഗതി (MLR&LR amendment act ,2015) , മണിപ്പുർ ജന സംരക്ഷണ ബിൽ 2015 , മണിപ്പൂർ ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം – കുക്കികൾക്കിടയിൽ വലിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഈ സംഘർഷം അക്രമത്തിലേക്ക് നീങ്ങുകയും ചുരാചന്ദ്പുരിൽ 9 കുക്കികളുടെ മരണത്തിൽ അതു കലാശിക്കുകയും ചെയ്തിരുന്നു .
ഈ രണ്ട് വിഭാഗങ്ങൾക്കിടയിലുള്ള സംഘർഷത്തിന് മറ്റ് കാരണങ്ങൾ എന്തെങ്കിലുമുണ്ടോ?
മ്യാന്മറിൽനിന്നും അനധികൃത വിഭാഗങ്ങളും സായുധരായ കുക്കികളും സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറുന്നുവെന്നും വനം കൈയേറി നിയമ വിരുദ്ധ കറുപ്പ് കൃഷി നടത്തുന്നുവെന്നും ,പ്രാദേശിക കുക്കി വിഭാഗങ്ങൾ ഇവർക്ക് സംരക്ഷണം നൽകുന്നുവെന്നും മെയ്-തെയ് സംഘടനകൾ ആക്ഷേപം ഉന്നയിക്കുന്നു. 1960 ഒരു കട്ട് ഓഫ് തീയതിയാക്കിക്കൊണ്ട് ദേശീയ പൗരത്വ രജിസ്റ്റർ രൂപപ്പെടുത്തണമെന്നും ഇവർ ആവശ്യമുന്നയിക്കുന്നു. എന്നാൽ കുക്കി സംഘടനകൾ ഈ ആക്ഷേപങ്ങൾ നിഷേധിക്കുകയാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടുപിടിച്ച് തിരിച്ചയക്കേണ്ടത് സർക്കാരിന്റെ പണിയാണ് എന്നാണ് അവർ പറയുന്നത്. അനധികൃത കുടിയേറ്റക്കാരായി കുക്കികളെ ചിത്രീകരിക്കുന്നത് പ്രശ്നം ഏറെ രൂക്ഷമാക്കി. വനപ്രദേശത്തു താമസിക്കുന്ന കുക്കികളുടെമേൽ സർക്കാർ സംഘടനകൾ നടത്തുന്ന ബലപ്രയോഗങ്ങൾ കാലാകാലങ്ങളായി അവിടെ നിലനിന്നിരുന്ന ഗ്രാമ മുഖ്യന്റെ നേതൃത്വത്തിലുള്ള ഗ്രാമീണ ഭരണ സംവിധാനങ്ങളെ ശിഥിലീകരിക്കുന്നതും സംഘർഷങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് താങ്കളുടെ നേരിട്ടുള്ള അനുഭവങ്ങൾ എന്തെങ്കിലും എടുത്തുപറയാനുണ്ടോ? ഇപ്പോൾ നടക്കുന്ന കലാപത്തിൽ ഏതു വിഭാഗത്തിൽപെട്ടവർക്കാണ് ഏറ്റവും കൂടുതൽ ക്ഷതമേറ്റത്?
ഇപ്പോൾ നടക്കുന്ന കലാപത്തിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾ ക്യാമ്പുകളെ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇരുവിഭാഗവും ഇതിൽ പെടും. കൊല്ലപ്പെട്ടവരെ സംബന്ധിച്ച ഔദ്യോഗിക കണക്കുകളൊന്നുംതന്നെ ലഭ്യമല്ല. അനൗദ്യോഗിക കണക്കുകളനുസരിച്ച് കുക്കി വംശജരാണ് ഏറ്റവും കൂടുതൽ കലാപത്തിൽ ഇരകളായിട്ടുള്ളത്. മെയ്–തെയ് നേതാക്കൾ തന്നെ ഇത്തരം അവകാശങ്ങൾ ഉന്നയിക്കുന്നുണ്ട്. മലയടിവാരങ്ങളിലുള്ള ഗ്രാമങ്ങളാണ് ഏറ്റവും കൂടുതൽ ആക്രമണത്തിന് കേന്ദ്രമായിട്ടുള്ളത്.
ഇപ്പോഴത്തെ കലാപത്തിൽ , മൂന്ന് ദിവസത്തിനിടയിൽ 300 പള്ളികളാണ് തകർക്കപ്പെട്ടത് . ഇത് ആസൂത്രിതമായ ഒരു ആക്രമണത്തെയല്ലേ സൂചിപ്പിക്കുന്നത് ?
ആക്രമണത്തിന്റെ പാറ്റേൺ കൂടുതൽ പഠിക്കപ്പെടേണ്ടതാണ് . കുക്കി പ്രദേശങ്ങളിലെ പള്ളികളാണ് ആക്രമണങ്ങളുടെ ഒരു കേന്ദ്രമെങ്കിൽ , മെയ്തെയ് പ്രദേശങ്ങളിലെ ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത് . കുക്കികളല്ലാത്ത ഗോത്രവിഭാഗങ്ങളുടെ പള്ളികൾ പൊതുവെ ആക്രമിക്കപ്പെട്ടിട്ടില്ല . മതപരം എന്നതിനേക്കാൾ വംശീയ സഘർഷത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. എന്നാൽ മെയ്-തെയ് ലുപൻ ,ആരംബൈ ടെൻ ഗോൾ തുടങ്ങിയ മെയ്–തെയ് സംഘടനകൾ കുക്കി ഗ്രാമങ്ങളുടെമേലുള്ള ആക്രമണങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് സനാതന ഹിന്ദൂയിസത്തിന്റെ അവശേഷിക്കുന്ന അവസാന കേന്ദ്രമാണ് മണിപ്പൂരെന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് .കാശ്മീരി പണ്ഡിറ്റുകളുടെ അനുഭവങ്ങളുമായി മണിപ്പൂരിലെ മെയ്–തെയ് വംശജരുടെ അവസ്ഥയെ സമീകരിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട് . പുറമെ കാണുന്ന സംഘർഷ സ്ഥിതിവിശേങ്ങളുടെ അടിയിൽ നടക്കുന്ന നീക്കങ്ങളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
സംഘപരിവാർ ഗൂഢാലോചന ഇതിനു പിന്നിലുണ്ടോ?
ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ പല ഗൂഢശ്രമങ്ങളുമുണ്ട്. ബിജെപി എംഎൽഎമാർ മെയ് തെയ് വിഭാഗത്തിലും, കുക്കി വിഭാഗങ്ങളിലുമുണ്ട് . കുക്കികൾക്ക് പ്രത്യേക ഭരണ സംവിധാനം ആവശ്യപ്പെടുന്ന 10 കുക്കി എംഎൽഎ മാരിൽ 7 പേർ ബി ജെ പി ക്കാരാണ് .കുക്കി വിഭാഗത്തിനിടയിൽ ബി ജെ പിക്ക് നല്ല സ്വാധീനമുണ്ട്. എങ്കിലും ഇരുവിഭാഗത്തിലും പെട്ടവരെ സമാശ്വസിപ്പിക്കാൻ സംസ്ഥാന ഭരണകൂടത്തിനാകുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്.
മണിപ്പൂർ പ്രശ്നത്തിൽ നരേന്ദ്രമോദി ഇപ്പോഴും മൗനം തുടരുകയാണ്. കലാപം അഴിച്ചുവിടുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളാതിരിക്കുകയും ചെയ്യുന്നു. 2002 ലെ ഗുജറാത്തിലെ അവസ്ഥയെ ഇത് ഓർമപ്പെടുത്തുന്നു. എന്ത് തോന്നുന്നു?
നരേന്ദ്രമോദിയുടെ മൗനം സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ചെറുപ്പക്കാർക്കിടയിൽ കടുത്ത ഇന്ത്യാവിരുദ്ധ വികാരം പടർത്തുന്നതിന് ഇടയാക്കിയിട്ടുണ്ട് . ആക്രമണങ്ങൾക്ക് ഏറ്റവുമധികം ഇരയായിട്ടുള്ള കുക്കികൾക്കിടയിൽ കടുത്ത രോഷം ജനിപ്പിക്കുന്നതിനും ഇതിടയാക്കിയിട്ടുണ്ട് . മോദിയുടെ മൗനം ഇനിയും തുടർന്നാൽ ജനരോഷം നിയന്ത്രണാതീതമാകും. ഇത്, തകരാറിലായ സാമൂഹികാവസ്ഥയെ വീണ്ടെടുക്കുന്നത് കൂടുതൽ ദുഷ്കരമാക്കും.
ഇരു വിഭാഗങ്ങൾക്കുമിടയിൽ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന അകൽച്ച – വൈകാരികവും ശാരീരികവും സ്ഥലീയവുമായത് – പുതിയൊരു ഭരണ സംവിധാനത്തെ അനിവാര്യമാക്കുന്നുണ്ടോ ?
മുറിപ്പാടുകൾ ഒരുപക്ഷേ കാലം മായ്ച്ചേക്കും. പക്ഷെ ഇരു വിഭാഗങ്ങൾക്കും സ്വീകാര്യമായ വ്യവസ്ഥകൾക്ക് രൂപംകൊടുക്കണം .ഭയരഹിതരായി തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരികെപ്പോയി സമാധാനപരമായി ജീവിക്കാൻ ആൾക്കാർക്ക് കഴിയണം. അതിനു സാധിച്ചാൽ അകൽച്ചയുടെ ദൂരം കുറയും. എന്നാൽ ഇതിനു കഴിയാതെവന്നാൽ, ഭിന്നതകൾ വർധിച്ചാൽ, പുതിയ ഭരണ സംവിധാനങ്ങൾ അനിവാര്യമാകും. ഒരു മേശയ്ക്ക് ഇരുപുറവുമിരുന്നു പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ , സ്ഥായിയായ പരിഹാരം രൂപപ്പെടുത്താൻ കഴിഞ്ഞാൽ മാത്രമേ ഇതൊഴിവാക്കാനാവൂ .എന്നാൽ അതിനുള്ള സാധ്യത ഇപ്പോൾ കുറവാണ്. ♦