Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിഇന്ത്യയെ ശിഥിലീകരിക്കാനുള്ള സാമ്രാജ്യത്വ തന്ത്രം

ഇന്ത്യയെ ശിഥിലീകരിക്കാനുള്ള സാമ്രാജ്യത്വ തന്ത്രം

പി കൃഷ്ണപ്രസാദ്‌

ണിപ്പൂരിൽ 2023 മെയ് 3 ന് ആരംഭിച്ച, ഒരു ഭാഗത്ത് ഭൂരിപക്ഷ സമുദായമായ മെയ്-തെയ്കളും മറുഭാഗത്ത് ന്യൂനപക്ഷം വരുന്ന കുക്കികളും തമ്മിലുള്ള ആഭ്യന്തര യുദ്ധം രണ്ട് മാസമായിട്ടും തുടരുകയാണ്. സമാധാനത്തിന് മുൻകൈ എടുക്കേണ്ട സംസ്ഥാന സർക്കാർ തന്നെ കലാപത്തിന് നേതൃത്വം നൽകുന്നു. കലാപം അടിച്ചമർത്തുന്നതിലും നിയമവാഴ്ച സ്ഥാപിക്കുന്നതിലും യൂണിയൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. മണിപ്പൂരിലെ അതീവ ഗുരുതരമായ രാഷ്ട്രീയ സാഹചര്യം രാജ്യത്തെയാകെ നടുക്കും വിധം തുടരുകയാണ്. സ്ത്രീകളടക്കം ആയിരക്കണക്കിന് ജനങ്ങൾ ആയുധങ്ങൾക്കായി സൈനിക ക്യാമ്പുകൾ വളയുന്നതായുള്ള വാർത്തയാണ് ഈ ലേഖനം എഴുതുമ്പോൾ പുറത്തുവരുന്നത്.

ജൂലൈ 3 വരെ 138 പേർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക വിവരം. യഥാർഥ മരണ നിരക്ക് അതിൽ അധികമാണ്. 60,000 ത്തിലേറെ പേർ അഭയാർഥികളായി വിവിധ ആർമി ക്യാമ്പുകളിലും ആസ്സാം, മിസോറാം ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിലും കഴിയുകയാണ്. കുക്കികളെയാകെ ദേശ വിരുദ്ധരായി പ്രഖ്യാപിച്ച് അവർക്കെതിരായ യുദ്ധത്തിലാണ് സർക്കാരും സേനാവിഭാഗങ്ങളും എന്ന പരസ്യനിലപാടിലാണ് മുഖ്യമന്ത്രി ബീരേൻ സിങ്. രണ്ട് തവണയായി പൊലീസ് സ്റ്റേഷനുകളിൽ നിന്നും സേനയുടെ ആയുധപ്പുരകളിൽ നിന്നും അയ്യായിരത്തോളം തോക്കുകളും തിരകളും ഗ്രനേഡുകളും അടക്കമുള്ള ആയുധങ്ങൾ കാര്യമായ എതിർപ്പില്ലാതെ മെയ്തെയ് വിഭാഗത്തിലെ തീവ്രവാദ ഗ്രൂപ്പുകൾ പിടിച്ചെടുത്തു എന്ന അതീവ ഗുരുതരമായ ആരോപണമാണ് ബീരേൻ സിങ് സർക്കറിനെതിരെ പ്രതിപക്ഷപാർട്ടികൾ ഉന്നയിക്കുന്നത്. മെയ്-തെയ്കളായ ഉദ്യോഗസ്ഥരുടെയും സംസ്ഥാന സർക്കാരിന്റെയും അറിവോടെയാണ് ഇതെന്നും റിപ്പോർട്ടും ചെയ്യപ്പെടുന്നു. ഈ ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാക്കളെല്ലാം മെയ്-തെയ് വിഭാഗക്കാരാണ് എന്നതും ശ്രദ്ധേയം.

കുക്കി വിഭാഗത്തെ ആക്രമിക്കാൻ മെയ്-തെയ് വിഭാഗം കലാപകാരികൾക്കൊപ്പം മണിപ്പൂർ പൊലീസ് സേനയും ചേരുകയാണ്. കുക്കി വിഭാഗത്തിൽ പെട്ടവരുടെ വീടുകൾ മുൻകൂട്ടി അടയാളപ്പെടുത്തി ആക്രമിക്കുകയും 260 ഓളം ക്രിസ്ത്യൻ പള്ളികൾ ചുട്ടെരിക്കുകയും ചെയ്തു. മറുഭാഗത്ത്, യൂണിയൻ സർക്കാരുമായി ‘സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ’ കരാർ ഒപ്പിട്ട കുക്കി തീവ്രവാദ ഗ്രൂപ്പുകൾ ആ കരാർ ലംഘിച്ച് അവർക്കായി അനുവദിച്ച കാമ്പുകളിൽ നിന്നും പുറത്തുവന്നു ഭൂരിപക്ഷ സമുദായത്തിലെ കുടുംബങ്ങളെ കൊന്നൊടുക്കുകയും വീടുകൾ തീയിടുകയുമാണ്. ഇരു വിഭാഗവും കഴിഞ്ഞ നിയമസഭാ തിര ഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ടുനൽകിയവരാണ്.

മണിപ്പൂരിൽ 90% ഭൂപ്രദേശവും മലമ്പ്രദേശങ്ങളാണ്. ഇംഫാൽ നഗരം അടക്കമുള്ള 10% ആണ് താഴ്വര പ്രദേശം. ഇംഫാലിൽ നിന്നും എല്ലാ കുക്കി-, നാഗ ആദിവാസി കുടുംബങ്ങളും ഇതിനകം ഒഴിഞ്ഞുപോയി. ശേഷിക്കുന്നവർ ആർമി ക്യാമ്പുകളിലാണ്. കുന്നുംപ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ വസിച്ചിരുന്ന എല്ലാ മെയ്-തെയ് കുടുംബങ്ങളും പൊലീസുകാർ അടക്കമുള്ള ഉദ്യോഗസ്ഥരും പലായനം ചെയ്തു. മണിപ്പൂർ ജനങ്ങളാകെ രണ്ട് ചേരികളായി തിരിഞ്ഞിരിക്കുന്നു. മുൻപൊരിക്കലും ഇല്ലാത്തവിധം മെയ്-തെയ്-മണിപ്പൂരും കുക്കി-മണിപ്പൂരുമായി സംസ്ഥാനം വിഭജിക്കപ്പെട്ടിരിക്കുന്നു. ഏഴു ബിജെപി എംഎൽഎ മാരടക്കം 10 കുക്കി എംഎൽഎ മാർ കുക്കികൾക്ക് പ്രത്യേക ഭരണമേഖല അംഗീകരിക്കണം എന്നാവശ്യപ്പെട്ട് യൂണിയൻ സർക്കാറിന് കത്ത് നല്കിയിരിക്കുകയാണ്.

60,000 ത്തോളം സൈനികരെ മണിപ്പൂരിൽ വിന്യസിച്ചിട്ടും സമാധാനം സ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സൈന്യത്തിന് പിന്തുണ നല്കാൻ ഇരുവിഭാഗങ്ങളും തയ്യാറല്ല. മണിപ്പൂർ പൊലീസിന് സമാനമായി കുക്കി കുടുംബങ്ങളെ ആക്രമിക്കാൻ തങ്ങൾക്കൊപ്പം ചേരാൻ തയ്യാറാകാത്ത ആസ്സാം റൈഫിൾസ് സൈന്യത്തെ പിൻവലിക്കണമെന്നാണ് മെയ്-തെയ് വിഭാഗത്തിലെ തീവ്രവാദികൾ ആവശ്യപ്പെടുന്നത്. കുക്കി മേഖലയിൽ നാഷണൽ ഹൈവെയിലെ തടസ്സങ്ങൾ നീക്കാൻ വരുന്ന സൈന്യത്തെ സ്ത്രീകളുടെ നേതൃത്വത്തിൽ തടയുകയാണ്. ബിജെപിയുടെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ആയുധധാരികളായ സ്വകാര്യസേനകളുടെ സംരക്ഷണത്തിലാണിത്. ഈ സ്വകാര്യ സേനകളെ നിരായുധീകരിക്കണം, സമാധാനം സ്ഥാപിക്കാൻ എല്ലാ ആയുധങ്ങളും സർക്കാർ പിടിച്ചെടുക്കണം എന്നാണ് 10 പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. എന്നാൽ മോദി സർക്കാർ ഈ ദിശയിൽ യാതൊരു നടപടിക്കും തയ്യാറല്ല.

പരസ്പരം വെറുക്കാനുള്ള വിപുലമായ പ്രചാരണമാണ് ഇരു ജനവിഭാഗങ്ങളിലുമുള്ള ചില സാമുദായിക സംഘടനകളും അവയുടെ തീവ്രവാദഗ്രൂപ്പുകളും നടത്തുന്നത്. അവയ്ക്ക് ആർഎസ്എസ്-–ബിജെപി പിന്തുണ ലഭിക്കുന്നുണ്ട്. 60 അംഗ നിയമസഭയിൽ 32 അംഗങ്ങളുള്ള ബിജെപിയിലെ കുക്കികളായ 7 എംഎൽഎ മാരുടെ കൂടി പിന്തുണയോടെ മുഖ്യമന്ത്രിയായ ബീരേൻ സിങ് കുക്കികളാകെ രാജ്യദ്രോഹികളാണ് എന്നു പ്രഖ്യാപിച്ച് ആഭ്യന്തരയുദ്ധത്തിന് സ്വയം നേതൃത്വം കൊടുക്കുകയാണ്. മനോരോഗികളുടെ മാനസികാവസ്ഥയിലേക്കാണ് മുഖ്യമന്ത്രിയടക്കമുള്ള ആർഎസ്എസ്–ബിജെപി നേതാക്കൾ മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങളെ കൊണ്ടുപോകുന്നത്.

മണിപ്പൂരിൽ നടക്കുന്ന ദാരുണമായ ആക്രമണങ്ങളെ വേദനയോടെ വീക്ഷിക്കുന്ന ഇന്ത്യയിലെ ഓരോ പൗരനെയും ചിന്തിപ്പിക്കേണ്ടത് ആർഎസ്എസ്-–ബിജെപി നയിക്കുന്ന യൂണിയൻ സർക്കാരിന്റെ പ്രതികരണമാണ്. എല്ലാ വിഭാഗം ജനങ്ങളോടും കലാപം അവസാനിപ്പിക്കാനും സമാധാനം പാലിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേവരെ പരസ്യമായി അഭ്യർഥിച്ചിട്ടില്ല. രണ്ടു മാസം കഴിഞ്ഞിട്ടും മണിപ്പൂർ സന്ദർശിക്കാൻ മോദി തയ്യാറായിട്ടില്ല. തന്നെ കാണാൻ ജൂൺ 10 മുതൽ ഡൽഹിയിലെത്തി കാത്തുനിന്ന മുൻ മണിപ്പൂർ മുഖ്യമന്ത്രി ഒകരാം ഇബോബി സിങ് ഉൾപ്പെടെ 10 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധി സംഘത്തെ – അതിൽ സിപിഐ എം, സിപിഐ സംസ്ഥാന സെക്രട്ടറിമാരുണ്ട് – – കാണാൻ സമയം അനുവദിക്കാതെയാണ് ജൂൺ 20 നു അമേരിക്കക്കു പോകാൻ ഈ മനുഷ്യൻ തീരുമാനിച്ചത്. തന്നെ കാണാൻ മണിപ്പൂരിൽ നിന്നും എത്തിയ ബിജെപിയുടെ ഇരു വിഭാഗത്തിൽനിന്നുള്ള പ്രതിനിധി സംഘങ്ങളെയും കാണാൻ പ്രധാനമന്ത്രി തയ്യാറായില്ല.

മെയ് 3 ന് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട് 26 ദിവസം കഴിഞ്ഞ് 75 മനുഷ്യർ കൊല്ലപ്പെട്ട ശേഷമാണ്- മെയ് 29 ന് മൂന്നു ദിവസത്തേക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിക്കുന്നത്. ഈ സന്ദർശന ദിനങ്ങളിലും 18 കുക്കി ഗ്രാമങ്ങൾ ആക്രമിക്കപ്പെട്ടു എന്നു പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു. കുക്കി വിഭാഗത്തിൽ നിന്നുള്ള സംസ്ഥാന പൊലീസ് മേധാവിയെ മാറ്റിനിയമിച്ച് 15 ദിവസത്തിനകം സമാധാനം വാഗ്ദാനം നൽകി അമിത് ഷാ ഡൽഹിക്ക് മടങ്ങി. എന്നാൽ, ഒരു മാസം കഴിഞ്ഞിട്ടും മണിപ്പൂരിൽ കൊലങ്ങളും ആക്രമണങ്ങളും തുടരുകയാണ്. ജൂൺ 24 ന് ഡൽഹിയിൽ താൻ വിളിച്ച സർവകക്ഷി യോഗത്തിൽ ഉന്നയിക്കപ്പെട്ട, ‘എല്ലാ പാർട്ടികളുടെയും ഒരു പ്രതിനിധി സംഘം മണിപ്പൂർ സന്ദർശിക്കുക’ എന്ന നിർദേശം അമിത് ഷാ തള്ളിക്കളഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുർബലനായ ആഭ്യന്തര മന്ത്രിയാണ് അമിത് ഷാ എന്ന വസ്തുത മണിപ്പൂരിലെ അണയാത്ത കലാപത്തീ കാണിച്ചുതരുന്നു.

2024ൽ നടക്കേണ്ട പൊതു തിരഞ്ഞെടുപ്പിന് മുൻപ് സ്വത്വ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ജനങ്ങളെ വിഭജിക്കാനും ബിജെപിയെ ഭരണത്തിൽ വീണ്ടും കൊണ്ടുവരാനുമുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും സാമ്രാജ്യത്വം, – ആഗോള മൂലധന ശക്തികളും – ആഭ്യന്തര വൻകിട മുതലാളിത്ത വർഗവുമായും ചേർന്ന് നടത്തുകയാണ്. 2002 ലെ ഗുജറാത്ത് പരീക്ഷണം 2023 ൽ മണിപ്പൂരിൽ മറ്റൊരു രൂപത്തിൽ ആവർത്തിക്കുകയാണ്. 2002ൽ ഗുജറാത്തിൽ 1044 പേർ മരിച്ച (790 മുസ്ലിം 254 ഹിന്ദു) മുസ്ലിം വിരുദ്ധ കൂട്ടക്കൊലയിൽ പൊലീസ് ഹിന്ദുവർഗീയ വാദികൾക്കൊപ്പം ചേർന്നതിന് സമാനമായ വിധം –2020ൽ ഡൽഹിയിലെ 53 പേർ കൊല്ലപ്പെട്ട വർഗീയ കലാപത്തിലും ഇതാവർത്തിച്ചു.- ഭരണകൂട പിന്തുണയോടെ ഭൂരിപക്ഷ ജനതയായ മെയ്-തെയ്കളുടെ വർഗീയ ആക്രമണവും അതിനെതിരായ കുക്കി–നാഗ ജനവിഭാഗങ്ങളുടെ സംഘടിതമായ തിരിച്ചടിയുമാണ് മണിപ്പൂരിൽ നടക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മണിപ്പൂരിൽ മെയ് 3 ന് കലാപം ആരംഭിച്ച് 45 ദിവസം കഴിഞ്ഞാണ് ആർഎസ്എസ് സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഒരു പ്രസ്താവന നല്കിയത്. കലാപത്തിന് കാരണമായ വെറുപ്പിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ച് പ്രസ്താവന മൗനംപാലിക്കുകയാണ്.

മണിപ്പൂർ ഒരു ടൈംബോംബ് പോലെ മിടിക്കുകയാണ്. ആർഎസ്എസ് പ്രതിനിധാനം ചെയ്യുന്ന സ്വത്വ രാഷ്ട്രീയമാണ് മണിപ്പൂരിനെ അഗ്നിയിലേക്ക് വലിച്ചെറിഞ്ഞത്. വർഗ രാഷ്ട്രീയത്തെ സ്വത്വ രാഷ്ട്രീയംകൊണ്ട് മറികടക്കുക എന്ന സാമ്രാജ്യത്വ പദ്ധതിയാണ് അമേരിക്കൻ സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ആർഎസ്എസ്- – ബിജെപി കൂട്ടുകെട്ട് മണിപ്പൂരിൽ നടപ്പിലാക്കുന്നത് എന്ന വസ്തുത എല്ലാ രാഷ്ട്രീയ വിദ്യാർഥികൾക്കും എളുപ്പത്തിൽ ബോധ്യപ്പെടുന്നതാണ്. നാനാത്വത്തിലെ ഏകത്വം എന്ന ആശയം അടിസ്ഥാനമാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധ- – ഫ്യൂഡൽവിരുദ്ധ വർഗരാഷ്ട്രീയത്തിലൂടെ ഒരു ദേശരാഷ്ട്രമായി രൂപപ്പെട്ട ബഹുദേശീയ രാജ്യമായ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയാണ് മണിപ്പൂരിൽ കലാപത്തീയിൽ വെന്തുരുകുന്നത്.

ബഹു ദേശീയ രാജ്യമാണ് ഇന്ത്യ. ഭാഷ, മതം, ജാതി, വംശം, ഗോത്രം, സംസ്കാരം, ആചാരം എന്നിങ്ങനെ നിരവധി വൈവിധ്യങ്ങളാണ് ഇന്ത്യയിലെ ജനങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. സ്വത്വ രാഷ്ടീയതിന്റെ സ്വാധീനത്തിൽ നിന്നും മോചിപ്പിച്ച് നാനാത്വത്തിലെ ഐക്യം സാധ്യമാക്കി ഇന്ത്യയിലെ ജനങ്ങളെ ഐക്യപ്പെടുത്തിയത് സാമ്രാജ്യത്വ വാഴ്ചയ്ക്കും ഫ്യൂഡൽ ഭൂ-ഉടമസ്ഥതയ്ക്കും മുതലാളിത്ത ചൂഷണത്തിനുമെതിരെ ഉയർന്നുവന്ന വർഗ രാഷ്ട്രീയമാണ്. അതാണ് സ്വാതന്ത്ര്യ സമരമായി വികസിച്ചതും തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങൾ അതിൽ വ്യാപകമായി അണിനിരന്നതും. സുഭാഷ് ചന്ദ്ര ബോസ് നയിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ മണിപ്പൂരിലെ ജനങ്ങൾ -പ്രത്യേകിച്ചും കുക്കി ഗോത്ര ജനവിഭാഗം വ്യാപകമായി അണിനിരന്നു. ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തെ ചെറുക്കാനും വലിയ പങ്കാണ് മണിപ്പൂരിലെ ജനങ്ങൾ വഹിച്ചത്.

തങ്ങളുടെ ചൂഷണം തുടരാനും അതിനെതിരെ ജനങ്ങൾ വർഗപരമായി ഐക്യപ്പെടുന്നത് തടയാനുമാണ് എന്നും സാമ്രാജ്യത്വം സ്വത്വരാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടുള്ളത്. 1917 ൽ തൊഴിലാളി വർഗം സോവിയറ്റ് യൂണിയൻ സ്ഥാപിച്ച് ലോകത്ത് രാഷ്ട്രീയ അധികാരം പിടിച്ചെടുത്തു. 1920 ൽ ആണ് തൊഴിലാളി സംഘടനയായ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് മുംബൈയിൽ രൂപീകരിക്കുന്നത്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവർത്തനം ആരംഭിച്ചതും 1920 ലാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം ശക്തിപ്പെടുകയും ജാലിയൻവാലാബാഗിൽ 1919ൽ ആയിരക്കണക്കിന് കർഷകരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അടക്കമുള്ള ജനങ്ങൾ ഒരുമിച്ചുകൂടിയതുപോലെ രാജ്യവ്യാപകമായി വർഗപരമായ സമരങ്ങൾ വികസിക്കുന്നത് തടയാനാണ് ഹിന്ദു രാഷ്ട്രം, മുസ്ലിം രാഷ്ട്രം എന്ന വിഭാഗീയമായ സ്വത്വരാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കാനും വിഭജിച്ച് ഭരിക്കുക എന്ന നയം സ്വീകരിക്കാനും ബ്രിട്ടീഷ് കൊളോണിയൽ ഭരണക്കാർ തയ്യാറായത്. ഈ പശ്ചാത്തലത്തിലാണ് വർഗ രാഷ്ട്രീയത്തെ തടയുക എന്ന ലക്ഷ്യത്തോടെ, ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തോടെ 1925 ൽ നാഗ്പ്പൂരിൽ ആർഎസ്എസ് സ്ഥാപിക്കപ്പെടുന്നത്.

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട് സ്വത്വരാഷ്ട്രീയം എന്ന ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു- : “സ്വത്വരാഷ്ട്രീയം നിലവിലുള്ള രാഷ്ട്രീയവ്യവസ്ഥയ്ക്കെതിരെ ജനങ്ങൾ ഒരുമിക്കുന്നത് തടസ്സപ്പെടുത്തി തൊഴിലാളിവർഗ ഐക്യത്തെ തടയുന്നു. നവ-ഉദാരവൽക്കരണ സർക്കാരുകളുടെ കീഴിൽ നടക്കുന്ന ചൂഷണത്തിൽ നിന്നും തീവ്രമാകുന്ന അസമത്വത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടുന്നു. ആഗോള ധനമൂലധനത്തിന്റെയും വൻകിട കോർപ്പറേറ്റ് മൂലധനത്തിന്റെയും അവയുടെ ഉപകരണങ്ങളായ വേൾഡ് ബാങ്ക്, ഐഎംഎഫ്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ എന്നിവയുടെയും, രാജ്യത്ത് മൂലധനവാഴ്ച തുടരാൻ ആവശ്യമായ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്ന ആഭ്യന്തര വൻകിട മുതലാളിത്ത വർഗത്തിന്റെയും പ്രവർത്തനങ്ങളെ രാഷ്ട്രീയമായി നോക്കിക്കാണുന്നതിൽ നിന്നും അത് ജനങ്ങളെ തടയുന്നു.”

ഇന്ത്യയെപ്പോലെ ബഹുദേശീയ രാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയനെ തകർക്കാൻ സാമ്രാജ്യത്വം ഉപയോഗപ്പെടുത്തിയ ഒരു ഘടകം സ്വത്വരാഷ്ട്രീയമാണ്. 1990 കളിൽ ദേശീയതകളെ അടിസ്ഥാനമാക്കി അനവധി രാജ്യങ്ങളായി സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായി. നിലവിൽ റഷ്യയും ഉക്രയിനും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുന്നതിലും സാമ്രാജ്യത്വ ശക്തികളുടെ പങ്ക് വ്യക്തമാണ്. അഫ്ഗാനിസ്താനിൽ സോഷ്യലിസ്റ്റ് ശക്തികളെ തകർക്കാൻ ഇസ്ലാമിക സ്വത്വരാഷ്ട്രീയത്തെയാണ് സാമ്രാജ്യത്വം ഉപയോഗപ്പെടുത്തിയത്. അതിനായി താലിബാൻ തീവ്രവാദികൾക്ക് എല്ലാ പിന്തുണയും നൽകി. ഒസാമ ബിൻ ലാദനെ വളർത്തിയെടുത്തു.

1980കളിൽ ഇന്ത്യയിൽ പഞ്ചാബ്, ആസ്സാം സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രൂപപ്പെട്ട സ്വത്വരാഷ്ട്രീയം അടിസ്ഥാനമാക്കിയ വിഘടനവാദ തീവ്രവാദ പ്രസ്ഥാനങ്ങളെ പ്രോൽസാഹിപ്പിച്ചതും അമേരിക്കയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ ശക്തികളാണ്. ഇന്ത്യയെ ദുർബലമാക്കാനും ശിഥിലീകരിക്കാനുമാണ് സാമ്രാജ്യത്വം സ്വത്വരാഷ്ട്രീയത്തെ ആധാരമാക്കി ആർഎസ്എസ് – ബിജെപി കൂട്ടുകെട്ട് മുന്നോട്ടുവെക്കുന്ന വർഗീയ രാഷ്ട്രീയത്തെ ഉപയോഗിക്കുക.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന പശ്ചിമബംഗാളിൽ സ്വത്വ രാഷ്ട്രീയം ദുരൂപയോഗിച്ച് സാമ്രാജ്യത്വ ശക്തികൾ നടത്തിയ രാഷ്ട്രീയ പരീക്ഷണമാണ് 1986-–88 ലെ 1000 ത്തോളം പേരുടെ, അതിൽ അധികവും ഇടതുപക്ഷ പ്രവർത്തകരും അനുഭാവികളുമാണ്, ജീവൻ നഷ്ടപ്പെട്ട ഗൂർഖാലാണന്റ് സമരം. ഡാർജലിങ് മേഖലയിൽ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഏതാണ്ട് പൂർണ്ണമായും നഷ്ടപ്പെട്ടു എന്നു സിപിഐഎം പിന്നീട് വിലയിരുത്തി. ഏറ്റവും പ്രധാനപ്പെട്ട ട്രേഡ് യൂണിയൻ ആയിരുന്ന സിഐടിയുവിന് വിരലിലെണ്ണാവുന്നവയൊഴികെ എല്ലാ തോട്ടങ്ങളിലും തൊഴിലാളികളിൽ ഉണ്ടായിരുന്ന നേതൃത്വം ഇല്ലാതായി.

ഏറ്റവും അടുത്ത കാലത്ത് -2023 മാർച്ചിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ – ത്രിപുരയിലെ ‘തിപ്ര മോത്ത’ എന്ന പരീക്ഷണം സത്വ രാഷ്ട്രീയ പ്രയോഗത്തിന്റെ മറ്റൊരു ഉദാഹരണം. പരമ്പരാഗതമായി ഇടതുപക്ഷത്തിന്റെ സ്വാധീനത്തിലായിരുന്ന ആദിവാസിജനതയെ – പ്രത്യേക ആദിവാസി സംസ്ഥാനം എന്ന ആവശ്യം ഉന്നയിച്ച് തിപ്ര മോത്ത എന്ന പുതിയ പാരടി രൂപീകരിച്ച് അടർത്തിമാറ്റി തങ്ങൾക്കെതിരെ വരുമായിരുന്ന ബഹുജന ഐക്യത്തെ ഭിന്നിപ്പിച്ചാണ് വോട്ടുവിഹിതവും എംഎൽഎ മാരുടെ എണ്ണവും കുറഞ്ഞിട്ടും അധികാരത്തിൽ തുടരാൻ ബിജെപിക്കു സാധിച്ചത്.

ആഴത്തിലുള്ള ഗവേഷണത്തിലൂടെ സാമൂഹ്യ-സാംസ്കാരിക ചരിത്ര പഠനത്തിലൂടെയുള്ള തന്ത്രങ്ങൾ അടിസ്ഥാനമാക്കിയാണ് സാമ്രാജ്യത്വം തങ്ങളുടെ ചതുരംഗ പലകയിൽ കരുക്കൾ നീക്കുന്നത്. അത് മനസിലാക്കി സൂക്ഷ്മമായ പഠനങ്ങളിലൂടെ പ്രതിരോധം ആവിഷ്ക്കരിക്കാനും വിപുലമായ ഐക്യത്തിലൂടെ ലക്ഷ്യത്തിലേക്ക് മുന്നേറാനും തൊഴിലാളി വർഗവും അതിന്റെ മുന്നണിപോരാളിയായ രാഷ്ട്രീയ പ്രസ്ഥാനവും സജ്ജമായിരിക്കണം.

വിഷം കുത്തിവെക്കുന്ന പോലെ, ഹിന്ദു വിഭാഗങ്ങളിൽപ്പെടുന്ന മനുഷ്യരിൽ മുസ്ലീം വിരുദ്ധ ഉന്മാദം വളർത്തിയെടുക്കുന്ന പ്രവർത്തന രീതിയാണ് രാജ്യത്താകെ ആർഎസ്എസ് ശാഖകളിൽ നടക്കുന്നത്. സ്വത്വ രാഷ്ട്രീയത്തിന്റെ ഈ രോഗാതുരമായ അവസ്ഥയെയാണ് മണിപ്പൂരിൽ മെയ്-തെയ് – -കുക്കി ജനവിഭാഗങ്ങൾക്കിടയിൽ ആർഎസ്എസ് -– ബിജെപി നേതൃത്വം പ്രോൽസാഹിപ്പിച്ചത്. ഇരു വിഭാഗത്തിലുംപെട്ട സമ്പന്നവർഗ – ബുദ്ധിജീവി വിഭാഗങ്ങളെ തങ്ങളോടൊപ്പം നിർത്തി അവർക്ക് എംപി / എംഎൽഎ അടക്കമുള്ള സ്ഥാനമാനങ്ങൾ നൽകി അവരുടെ സഹായത്തോടെ അതത് സമുദായങ്ങളെ ബിജെപിയുടെ വോട്ട് ബാങ്ക് ആക്കി മാറ്റിയാണ് തങ്ങൾക്ക് യാതൊരു സ്വാധീനവും ഇല്ലാതിരുന്ന മേഖലകളിൽ ബിജെപി അധികാരത്തിൽ എത്തുന്നത്. കേരളത്തിലടക്കം രാജ്യത്താകെ ഇതേ പ്രവർത്തനരീതിയാണ് ആർഎസ്എസ് ഇപ്പോഴും പിന്തുടരുന്നത്. ആദിവാസികൾ, നായർ, ഈഴവർ, മൽസ്യത്തൊഴിലാളികളായ അരയ സമുദായം തുടങ്ങി എല്ലാ ജനവിഭാഗങ്ങളെയും സ്വത്വ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി തങ്ങൾക്കൊപ്പം അണിനിരത്താനും അവർക്കിടയിലെ വ്യത്യസ്തതകളെ സാമൂഹ്യ സംഘർഷവും വർഗീയ ചേരിതിരിവും സൃഷ്ടിക്കാനായി ഉപയോഗപ്പെടുത്താനും വിപുലമായ ഗവേഷണമാണ് ആർഎസ്എസ് നടത്തുന്നത്. ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്കെതിരെ വിഷലിപ്ത പ്രചാരണം ഒരു ഭാഗത്ത് നടത്തുമ്പോൾ തന്നെ മറുഭാഗത്ത് അതേ ന്യൂനപക്ഷ വിഭാഗങ്ങളിലെ സമ്പന്ന വർഗങ്ങൾ, ബുദ്ധിജീവികൾ, മതനേതാക്കൾ എന്നിവരെ അധികാരത്തിന്റെ പങ്ക് വാഗ്ദാനം ചെയ്തു കൂടെനിർത്താനും തങ്ങളുടെ വോട്ട്ബാങ്ക് ആക്കിമാറ്റാനും പരിശ്രമിക്കുകയുമാണ്.

സ്വത്വരാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയ ഹിന്ദു രാഷ്ട്രം എന്ന മുദ്രാവാക്യം എത്രമാത്രം പൊള്ളയാണ് എന്നാണ് ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു രാഷ്ട്രം എന്ന മുദ്രാവാക്യത്തെ തുറന്നെതിർത്ത് പരാജയപ്പെടുത്താൻ തൊഴിലാളി വർഗവും കർഷക വർഗങ്ങളും മുന്നോട്ടുവെക്കുന്ന വർഗ രാഷ്ട്രീയത്തിലൂടെ മാത്രമേ സാധിക്കൂ. അതിനായി തൊഴിലാളി- കർഷക ഐക്യം ഗ്രാമ-–നഗര തലത്തിൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. വർഗ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മാത്രമേ മത, ജാതി, സാമുദായ, ഭാഷ, പ്രാദേശിക ഭിന്നതകൾക്കതീതമായി പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും പാതയിൽ തൊഴിലാളികളെയും കർഷകരെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും വർഗപരമായി ഒരുമിപ്പിക്കാനും അവർ നേരിടുന്ന ജീവിതപ്രശ്നങ്ങൾക്കു പരിഹാരം കാണാനും സാധിക്കുകയുള്ളൂ.

സ്വത്വരാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള വർഗീയപ്രചാരണത്തെ ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കാനും സ്വത്വരാഷ്ട്രീയത്തെ ആളിക്കത്തിച്ച് ഇന്ത്യയിലാകെ മണിപ്പൂർ ആവർത്തിക്കാനുമുള്ള സാമ്രാജ്യത്വ ഗൂഢാലോചനയെ ജനങ്ങളെയാകെ അണിനിരത്തി ചെറുത്തു തോൽപ്പിക്കാനും തൊഴിലാളി–കർഷക പ്രസ്ഥാനങ്ങൾക്ക് സാധിക്കണം. മണിപ്പൂരിലെ ജനങ്ങളെ ഐക്യപ്പെടുത്താൻ സാധിക്കണമെങ്കിലും ഇന്ത്യയെ ശിഥിലീകരിക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വ തന്ത്രവും അതിനു വിനീതവിധേയരാവുന്ന ആർഎസ്എസ്-–ബിജെപി നേതൃത്വത്തെയും നരേന്ദ്ര മോദി സർക്കാരിനെയും തുറന്നുകാണിക്കണം. അതിനായി എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും മണിപ്പൂർ ഐക്യദാർഢ്യ പ്രചാരണ പ്രവർത്തനങ്ങൾ നാം ഏറ്റെടുക്കേണ്ടതുണ്ട്. 2024 ലെ തിരഞ്ഞെടുപ്പിൽ ആർഎസ്എസ്–ബിജെപി ശക്തികൾ പരാജയപ്പെടുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

മണിപ്പൂരിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കാനും അവർക്കൊപ്പം നിൽക്കാനും രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രത്യേകിച്ച് തൊഴിലാളികൾക്കും കർഷകർക്കും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും സാധിക്കണം. അതിൽ സാഹിത്യകാരും ബുദ്ധിജീവികളും കലാകാരരുമടക്കം എല്ലാവരെയും ഒരുമിപ്പിക്കാനും സാധിച്ചു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + nine =

Most Popular