Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഅഗ്നി അടങ്ങാത്ത മണിപ്പൂർ

അഗ്നി അടങ്ങാത്ത മണിപ്പൂർ

എം എ ബേബി

ണിപ്പൂരിൽ ആളിപ്പടർന്ന അഗ്നി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പരസ്പരം കൊന്നുതള്ളിയവരുടെ കണക്കും കൃത്യമായി ലഭ്യമല്ല. നൂറിലധികമെന്നും ഇരുന്നൂറിലേറെയെന്നും വെവ്വേറെ കണക്കുകളുണ്ട്. ഗുരുതരമായി പരിക്കേറ്റത് ആയിരങ്ങൾക്കാണ്. അഭയാർഥി ക്യാമ്പുകളിൽ അമ്പതിനായിരത്തിലേറെ കുഞ്ഞുങ്ങളും വൃദ്ധരും ഗർഭിണികളുമടക്കം അസഹനീയമായ ജീവിതസാഹചര്യങ്ങളിൽ കഴിയുന്നു. ഇംഫാൽ താഴ്-വരയിലും കുന്നിൻപ്രദേശത്തും ഒഴുകിപ്പരന്ന മനുഷ്യരക്തം, വെെരക്കല്ലുകളുടെ നാടിനെ വെെരാഗ്യത്തോടെ പരസ്പരം വകവരുത്തുന്നവരുടെ ശവപ്പറമ്പാക്കിത്തീർത്തിരിക്കുന്നു. ആരാണീ ദുരവസ്ഥയ്ക്ക് കാരണം? വംശീയ വർഗീയ വെെരുദ്ധ്യങ്ങൾ മൂർച്ഛിപ്പിച്ച് അതിൽനിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കി അധികാരം പിടിച്ചെടുക്കുവാനും നിലനിർത്തുവാനും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപിയും അവരുടെ സഖ്യകക്ഷികളും നടത്തുന്ന ദേശദ്രോഹപരമായ കുടിലതന്ത്രങ്ങളാണ് മണിപ്പൂരിന്റെ ഇന്നത്തെ രക്തപങ്കിലമായ അവസ്ഥയ്ക്ക് കാരണം.

മെയ് മൂന്നിന് (2023) ആരംഭിച്ച കൊള്ളിവെപ്പും കൂട്ടക്കുരുതികളും രണ്ടു മാസം പിന്നിട്ടിട്ടും പൂർണമായി അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഡബിൾ എഞ്ചിൻ സർക്കാരെന്ന് വീമ്പിളക്കുന്ന ബിജെപിക്കും അതിന്റെ പരമോന്നത നേതാക്കളായ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും നഗ്നമായ ഭരണപരാജയത്തെപ്പറ്റി എന്താണ് പറയാനുള്ളത്? അമിത്ഷാ സംസ്ഥാനം സന്ദർശിക്കുന്നത് ദീർഘമായ ഇരുപത്താറ് ദിവസങ്ങൾക്ക് ശേഷമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അറുപത് തവണ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കേണ്ടിയിരുന്ന ഈ പ്രതിസന്ധി നേരത്ത് അതിനു മുതിരാതെ അമേരിക്കയും ഈജിപ്തും സന്ദർശിക്കുന്നതാണ് നാം കണ്ടത്. ഈജിപ്തിലെ പിരമിഡുകൾക്ക് മുന്നിൽ യാതൊരു കൂസലും കൂടാതെ നരേന്ദ്രമോദി ഫോട്ടോ സെഷനും നടത്തി. അപ്പോൾ മണിപ്പൂർ കത്തിയെരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. മണിപ്പൂരിൽ നിന്നുള്ള നമ്മുടെ സഹോദരീ സഹോദരന്മാർ ചേരിതിരിഞ്ഞു കൊന്നുവീഴ്-ത്തുകയും ആരാധനാലയങ്ങൾ ആക്രമിക്കുകയുമായിരുന്നു. റോം കത്തിയെരിഞ്ഞപ്പോൾ നീറോ ചക്രവർത്തി സംഗീതവാദ്യം വായിക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നമോ ചെയ്തതും മറ്റൊന്നല്ല. എന്നാലിതൊന്നുമല്ല അധികാരമത്തു പിടിച്ച നരേന്ദ്രമോദിയുടെ സമീപനത്തിലെ ഏറ്റവും ഹീനമായ ഭാഗം. മണിപ്പൂരിലെ അക്രമത്തെ അപലപിക്കുവാനോ സമാധാനം പാലിക്കണമെന്ന് ഇരുവിഭാഗത്തിലും പെട്ടവരോട് ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ ഉറപ്പിച്ചുപറയാനോ നരേന്ദ്രമോദി ഇതുവരെ തയ്യാറായിട്ടില്ല. തന്റെ ഭരണഘടനാപരമായ പ്രാഥമിക ഉത്തരവാദിത്വം നിർവഹിക്കാൻ നിസ്സങ്കോചം വിസമ്മതിക്കുകയാണ് നരേന്ദ്രമോദി. ഇതോടു ചേർത്തുവച്ച് വിലയിരുത്തേണ്ടതാണ് നരേന്ദ്രമോദി കാണിച്ച മറ്റൊരു ധിക്കാരം. മണിപ്പൂരിൽനിന്ന് പത്തു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ ക്കണ്ട് സംസാരിക്കാൻ സമയം അഭ്യർഥിച്ചു. ഒരു കൂസലും കൂടാതെ അവരുടെ അഭ്യർഥന മോദി തിരസ്-കരിച്ചു. പ്രധാനമന്ത്രി തങ്ങളെ കാണാൻ സമയം തരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന അവർ നിരാശരായി. മോദി ചെയ്തത്, തീ ആളിക്കത്തുകയും മനുഷ്യരക്തം ചിതറിപടരുകയും ചെയ്തുകൊണ്ടിരുന്ന മണിപ്പൂർ കണ്ടില്ലെന്ന് നടിച്ചുകൊണ്ടും ആ വടക്കു കിഴക്കൻ സംസ്ഥാനത്തുനിന്ന് അവിടുത്തെ സ്ഥിതി തന്നെ ധരിപ്പിക്കാനെത്തിയ രാഷ്ട്രീയപാർട്ടി നേതാക്കളെ (മണിപ്പൂരിലെ മുൻ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരെ) കൂസലില്ലാതെ അവഗണിച്ചുകൊണ്ടും അമേരിക്കൻ–ഈജിപ്ത് പര്യടനത്തിന് പ്രത്യേക വിമാനത്തിൽ പുറത്തേക്ക് പറക്കുകയായിരുന്നു.

രക്തക്കുരുതിയാണ് അധികാരം കെെക്കലാക്കാനും അത് നിലനിർത്താനും ദൃഢീകരിക്കാനും ആർഎസ്എസും ബിജെപിയും എന്നും ആശ്രയിച്ചുപോന്നിട്ടുള്ളത്. 2002ലെ ഗുജറാത്ത് കൂട്ടക്കുരുതി ഒരു മുഖ്യ ഉദാഹരണമാണ്. നരേന്ദ്രമോദി 2014ൽ പ്രധാനമന്ത്രി സ്ഥാനം നേടിയതിനെത്തുടർന്ന്, ഉത്തർപ്രദേശ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വർഗീയധ്രുവീകരണ ലക്ഷ്യത്തോടെ കലാപങ്ങളും ആക്രമണങ്ങളും സംഘടിപ്പിക്കുവാൻ അമിത്ഷായെ ബിജെപി പ്രസിഡന്റ് എന്ന പദവി നൽകി അവിടേക്കു നിയോഗിച്ചതും അതിന്റെ അനന്തരഫലങ്ങളും വർഗീയ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സാമ, ദാന, ഭേദ, ദണ്ഡ മുറകൾ പയറ്റി ഘട്ടംഘട്ടമായി ആർഎസ്എസ് –ബിജെപി ആധിപത്യം പ്രത്യക്ഷമായോ സഖ്യകൂട്ടുകെട്ടുകൾ വഴിയോ സമ്പാദിക്കുന്നതും നാം കണ്ടു. രാംമാധവനും (ആർഎസ്എസ് നിയോഗിച്ച ബിജെപി കാര്യനിർവാഹകൻ) കോൺഗ്രസ്സിൽനിന്ന് ദത്തെടുത്ത ആസ്സാമിലെ ബിജെപി മുഖ്യമന്ത്രി ആയ ഹേമന്ത് ബിശ്വശർമയും കോൺഗ്രസ്സിൽനിന്നുതന്നെ ബിജെപിയിൽ എത്തിയ ബിരേൻ സിങ് എന്ന മണിപ്പൂർ മുഖ്യമന്ത്രിയും ഈ കരുനീക്കങ്ങളിൽ നേതൃത്വപരമായ പങ്ക്, വ്യത്യസ്ത തോതിൽ നിർവഹിച്ചുവരികയാണ്.

ഇപ്പോൾ മണിപ്പൂരിൽ വ്യാപകമായ കൊള്ളിവയ്പും ക്രിസ്ത്യൻ പള്ളിപൊളിക്കലും കൂട്ടക്കൊലകളും അഭയാർഥി പ്രവാഹവും മറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് ചില തെറ്റിധാരണകൾ നിമിത്തമാണെന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ പ്രസ്താവന അത്യന്തം ആസൂത്രിതമായ ഒരു തട്ടിപ്പു പരിപാടിയാണ്. യഥാർഥത്തിൽ അവിടെയുള്ള ജനങ്ങളുടെ 53 ശതമാനം വരുന്ന ‘മെയ്-തെയ്’കളും 40 ശതമാനത്തിലധികം വരുന്ന കുക്കി–നാഗ ട്രൈബുകളും തമ്മിൽ നടക്കുന്ന രക്തരൂഷിത സംഘട്ടനം ഒരു ആഭ്യന്തര കലാപമായി പരിണമിച്ചിരിക്കുകയാണ്. അഭയാർഥി ക്യാമ്പുകളും മെയ്-തെയ്കൾക്കും കുക്കികൾക്കും മറ്റും പ്രത്യേകം പ്രത്യേകമാണ്. ഇവർക്കെല്ലാം സായുധ തീവ്രവാദ വിഭാഗങ്ങൾ എന്തും ചെയ്യാൻ സന്നദ്ധതയോടെ നിലനിൽക്കുന്നുണ്ട്. ഇപ്പോഴത്തെ സംഘർഷങ്ങൾക്കിടയിൽ, വിവിധ വിഭാഗങ്ങളിൽപ്പെട്ട തീവ്രവാദ സംഘങ്ങൾ, പട്ടാളത്തിന്റേതോ പൊലീസ്– അർധ സെെനികവിഭാഗങ്ങൾ എന്നിവയുടെയോ പക്കലുണ്ടായിരുന്ന 4,157 ആയുധങ്ങൾ കെെവശപ്പെടുത്തി സ്വന്തം പ്രഹരശേഷി പല മടങ്ങ് വർധിപ്പിക്കുകയുണ്ടായി.

മണിപ്പൂരിലെ ഭൂമിയുടെ 90% ട്രൈബൽ വിഭാഗങ്ങൾക്കു മാത്രം കെെവശാവകാശമുള്ള മലയും കുന്നുകളും നിക്ഷിപ്ത വനങ്ങളുമാണ്. ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്-തെയ്കൾക്ക് താരതമേ-്യന നിരപ്പായ താഴ്-വരയിലുള്ള 10% ഭൂമിക്കുമേൽ കെെവശാവകാശമുണ്ട്. നേരെമറിച്ച് 60 അംഗ നിയമസഭയിലെ 40 ജനറൽ സീറ്റുകളിൽ 39 ഉം മെയ്-തെയ് വിഭാഗത്തിൽപ്പെട്ടവരാണ് ജയിച്ചു വന്നിരിക്കുന്നത്.

കുക്കികളും നാഗവിഭാഗത്തിൽപെട്ടവരും ജനസംഖ്യയിൽ 40 ശതമാനത്തിൽ അധികമാണ്. അവർ മഹാഭൂരിപക്ഷവും ക്രിസ്തു മതവിശ്വാസികൾ ആണ്. മെയ്-തെയ്കളുടെ ഭാഷ ‘മെയ്-തി’ എന്നും ‘മണിപ്പൂരി’ എന്നും അറിയപ്പെടുന്നു. 22 ഭാഷകളാണ് ഇന്ത്യൻ ഭരണഘടനയിൽ 8–ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്. അതിൽ ഒന്നാണ് മണിപ്പൂരി (മെയ്-തി) ഭാഷ.

കുക്കി–ചിൻ ഭാഷയായ ‘താ ടൗ’, നാഗാഭാഷകളായ താൻഗ്ഖൂൽ, ‘പൗല’, ‘റോൾമേയ്’, ‘മൗ’ തുടങ്ങിയവയും ഉപയോഗത്തിലുണ്ട്. ഭാഷയിലെ വെെവിധ്യംപോലെ മതജീവിതത്തിലും വലിയ വെെവിധ്യമുണ്ട്.

മെയ്-തെയ് വിഭാഗത്തിൽ ‘സനമാഹി’ എന്ന പ്രകൃതി ആരാധനയിൽ അധിഷ്ഠിതമായ മതമായിരുന്നു ഏറ്റവും പ്രബലം. എന്നാൽ വെെഷ-്ണവ ഹിന്ദൂയിസം രാജാവിന്റെ മതമായിരുന്ന ഘട്ടമുണ്ട്. 18–ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ചാരെെറൊജ്ബാ രാജാവ് വെെഷ്ണവിസം അംഗീകരിച്ച് തന്റെ മെയ്-തെയ് നാമം ഉപേക്ഷിച്ച് പീതാംബർസിങ് എന്ന ഹെെന്ദവനാമം സ്വീകരിച്ചത്. എന്നാൽ മെയ്-തെയ് വിഭാഗക്കാരുടെ ഗൃഹങ്ങളിലെല്ലാം, അവർ ഏതു മതം പിന്തുടരുന്നവരാണെങ്കിലും ആരാധിക്കുന്ന ദെെവങ്ങളാണ്, ‘സനമാഹിയും’, ‘ലെയ്–മരൽ സിദാബി’യും.

‘സനമാഹിസ’ത്തിന് ഒരു മതാധിപൻ ഇല്ല. ‘മാരു ലോയ്ഷാങ്’ (പണ്ഡിറ്റ്–ലോയ് ഷാങ് എന്നും പറയും) എന്ന ഒരു സമിതിയാണുള്ളത്. സ്ത്രീ പുരുഷന്മാർ പുരോഹിതരായുള്ള മതമാണിത്. ‘സനമാഹി’കളെ ഹിന്ദുമതത്തിലേക്ക് മതംമാറ്റിക്കൊണ്ട് ആർഎസ്-എസ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി സ്വാധീനം വ്യാപിപ്പിക്കാനുള്ള നിഗൂഢപദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതും മണിപ്പൂർ ആളിക്കത്തുന്നതിനു പിന്നിലുള്ള കാരണങ്ങ‍ളിലൊന്നാണ്.

ഹിന്ദുരാഷ്ട്ര നിർമിതിക്ക് ഇന്ത്യയെ ‘പാകപ്പെടുത്തുന്ന’തിന്റെ ഭാഗമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങ‍ളിൽ ആർഎസ്എസ് അവലംബിക്കുന്ന തന്ത്രം’ അവിടെ വ്യത്യസ്ത പാരമ്പര്യ മത–ഗോത്ര വിശ്വാസങ്ങൾ പിന്തുടരുന്നവരെ ബ്രാഹ്മണാധിപത്യത്തിൻകീഴിൽ ഹെെന്ദവവൽക്കരിക്കുക; സ്വത്വരാഷ്ട്രീയ സംഘർഷങ്ങളുണ്ടാക്കി വിവിധ വിഭാഗങ്ങളെ സാമ, ദാന, ഭേദ, ദണ്ഡ മുറകൾ വഴി കീഴ്പ്പെടുത്തുക; കീഴ്പ്പെടാത്തവരെ വംശഹത്യക്ക് ഇരയാക്കിയും അടിമസമാന ജീവിതം നയിക്കാൻ നിർബന്ധിതരാക്കിയും സ്വന്തം പരമാധികാരം അടിച്ചേൽപ്പിക്കുക എന്നിവയാണ്.

ഇതിന്റെ ഭാഗമായി ഗോത്രവർഗക്കാർ കഴിയുന്ന 90% ഭൂപ്രദേശത്ത് അനധികൃത കുടിയേറ്റം, കഞ്ചാവ് കൃഷി എന്നിങ്ങനെ ആരോപണം ഉയർത്തി ‘ബുൾഡോസർ രാജ്’ കെട്ടഴിച്ചുവിട്ടു മെയ്-തെയ് വിഭാഗക്കാരനെന്ന് പരസ്യമായി വാക്കിലും പ്രവൃത്തിയിലും വ്യക്തമാക്കുന്ന മുഖ്യമന്ത്രി ബിരേൻ സിങ്. (2016 വരെ കോൺഗ്രസ് നേതാവായിരുന്നു ഇന്ന് മണിപ്പൂരിൽ ചോരക്കളം തീർത്ത ബിജെപി മുഖ്യമന്ത്രി ബിരേൻ സിങ് എന്ന് കൂട്ടത്തിൽ ഓർക്കുക). ബർമയിൽനിന്ന‍് നുഴഞ്ഞുകയറി കുക്കികളുടെ കൂടെ കൂടുന്ന ‘ചിൻ’ വിഭാഗക്കാരുണ്ടെന്ന ആക്ഷേപവും ഉയർത്തുന്നു. ബർമയിൽനിന്ന് പീഡനം സഹിക്കാനാവാതെ കടന്നുവരുന്നവരുണ്ടെന്നത് വസ്തുതയാണ്. അവർക്ക് അഭയാർഥി സൗകര്യമൊരുക്കുകയാണ് ഇന്ത്യാ ഗവൺമെന്റ് ചെയ്യേണ്ടത്. എന്നാൽ അതിന് ഡബിൾ എഞ്ചിൻ സർക്കാർ മുതിരുന്നില്ല എന്നതാണ് പ്രശ്നം. അതിനു പകരം ‘നാർക്കോടെററിസം’ എന്ന് മുദ്രകുത്തി ആദിവാസി ഗോത്ര ജനതയെ ആട്ടി ഓടിക്കാനും അടിച്ചമർത്താനും കീഴ്പ്പെടുത്താനുമാണ് ബിജെപി മുഖ്യമന്ത്രി മുതിരുന്നത്.

ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) 1951 അടിസ്ഥാനവർഷമാക്കി തയ്യാറാക്കണമെന്ന ബിജെപിയുടെ മണിപ്പൂരിലെ ആവശ്യം ഈ പശ്ചാത്തലത്തിലാണ് ഭയപ്പാടോടെ ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവർ കാണുന്നത്. ‘അപരത്വം’ ആരോപിച്ച് കീഴ്പ്പെടുത്താനോ കൂട്ടക്കുരുതിക്കോ ലക്ഷ്യം വച്ചാണ് ആസ്സാമിലെന്നപോലെ ‘മണിപ്പൂർ’ ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം ഈ നവഫാസിസ്റ്റുകൾ കരുനീക്കം നടത്തുന്നത്.
രാഷ്ട്രീയ മേഖലയിൽ ഇപ്പോൾതന്നെ വൻ ആധിപത്യമുള്ള മെയ്-തെയ് വിഭാഗത്തെ (ജനസംഖ്യയുടെ 53%) പട്ടികവർഗപ്പട്ടികയിൽപ്പെടുത്തണമെന്ന ഹർജി ‘അനുകൂല നടപടികൾക്ക് സംസ്ഥാന സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണം’ എന്ന നിരുത്തരവാദപരമായ നിർദേശത്തോടെ മണിപ്പൂർ ഹെെക്കോടതി തീർപ്പു കൽപ്പിച്ചത്, നേരത്തെ ചൂണ്ടിക്കാട്ടിയ ഭയാശങ്കകളുടെ പശ്ചാത്തലത്തിൽ കുക്കി–നാഗാ ഗോത്ര വിഭാഗങ്ങളെ പ്രകോപിതരാക്കുക സ്വാഭാവികം. ഇവിടെ ഒരു ചരിത്ര വസ്തുത ഓർക്കണം. പട്ടികവർഗപ്പട്ടികയിലുള്ള കുക്കി–നാഗാ വിഭാഗങ്ങളെ അതുകൊണ്ടുതന്നെ തരംതാണവർ എന്ന ഭാഷയിൽ പരാമർശിക്കുകയും, തങ്ങൾ ഉയർന്നവരാണ് എന്നതിനാൽ എസ്ടി വിഭാഗത്തിൽ ഒരിക്കലും ഉൾപ്പെടാൻ ഉദ്ദേശിക്കുന്നില്ല എന്നുമാണ് മെയ്-തെയ് വിഭാഗക്കാർ ഇതുസംബന്ധിച്ച കേന്ദ്ര പരിശോധനാ (ബിസിസി) കമ്മീഷനുകൾക്കുമുന്നിൽ പറഞ്ഞിരുന്നത്.

2023 മെയ് 3 മുതൽ സംഘർഷം, ആർഎസ്എസ് പദ്ധതി പ്രകാരം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഫലത്തിൽ ആസൂത്രണം ചെയ്തതാണ്. അതുമൂലം മാത്രമാണ് അവിടെ തീ ആളിപ്പടരാനും, മനുഷ്യരക്തം ചീറി ഒഴുകാനും കാരണമായത് എന്നു വ്യക്തം. ‘മെയ്-തെയ്കൾ’ക്ക് പട്ടികവർഗപ്പട്ടികയിൽ ഇടം കിട്ടിയാൽപ്പിന്നെ കുന്നുകളിലും മലമ്പ്രദേശത്തും മാറിമാറി കൃഷി ചെയ്തു ജീവിക്കുന്ന കുക്കി–നാഗ ഗോത്ര വിഭാഗങ്ങളുടെ കാർഷികജീവിതരീതിതന്നെ അട്ടിമറിക്കപ്പെടും എന്ന വ്യാപകമായ ഭീതി അടിസ്ഥാനമുള്ളതാണ്. ഇപ്പോൾ കുക്കി–നാഗാ ഗോത്രങ്ങൾക്കു മാത്രം ഉടമസ്ഥതാ അവകാശമുള്ള 30% ഭൂപ്രദേശം കൂടി രാഷ്ട്രീയാധികാര മേധാവിത്വമുള്ള മെയ്-തെയ്കളുടെ സ്വന്തമാകും. ഈ ഭയം കുക്കികളെ പ്രകോപിതരാക്കിയതിനു പിന്നാലെ പരസ്പരാക്രമണം തുടങ്ങി. കുക്കികളെ തേടിപ്പിടിച്ച് വകവരുത്തുന്ന മെയ്-തെയ് നീക്കത്തിൽ വർഗീയസ്വഭാവം ശക്തമായി. 200ൽ അധികം ക്രിസ്ത്യൻ ദേവാലയങ്ങൾ അഗ്നിക്കിരയായി എന്നത് ഇതിനു തെളിവാണ്. ജീവഹാനിയും കൂടുതൽ ആ വിഭാഗത്തിൽപ്പെട്ടവർക്കാണ്.

ഗ്രിഗറിസ്റ്റെൻടൺ ആശങ്കപ്പെട്ടതുപോലുള്ള വംശഹത്യ (Genocide) ഇന്ത്യയിൽ ഓരോ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നിടത്തേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

മണിപ്പൂരിൽ ഓരോ വിഭാഗത്തിനും ഒന്നിലധികം സായുധ തീവ്രവാദ സംഘടനകളും സേനകളുമുണ്ട്. മെയ്-തെയ്കളുടെ അത്തരമൊരു സംഘടനയെ, ‘ആറംബെെ ടെം ഗോൾ’ നയിക്കുന്നത് ബിജെപിയുടെ രാജ്യസഭാംഗമാണ്! മെയ്-തെയ് ലിപുൺ അവരുടെതന്നെ മറ്റൊരു തീവ്രവാദ സായുധസേനയാണ്. യുണെെറ്റഡ് കുക്കി ലിബറേഷൻ ഫ്രന്റ് (യുകെഎൽഎഫ്) കുക്കികളുടെ തീവ്രവാദ സേനകളിൽ ഒന്നുമാത്രം നാഗാ തീവ്രവാദസംഘങ്ങളും പ്രസിദ്ധമാണല്ലോ.

ദേശാഭിമാനികളെ നടുക്കുന്ന ഒരു വസ്തുത സമീപനാളിൽ പുറത്തുവന്നു. ബിജെപി നേതൃത്വത്തിലുള്ള ആർഎസ്എസ് പ്രമുഖൻ രാം മാധവൻ, ആസ്സാം മുഖ്യമന്ത്രിയായ ബിജെപി നേതാവ് ഹേമന്ത് ബിശ്വ ശർമ (ഇദ്ദേഹം മുൻ കോൺഗ്രസ് പ്രമുഖനും, ബിജെപി സർക്കാരിനാൽ അഴിമതിക്കേസിൽ സിബിഐ വലയിൽ കുടുങ്ങിയതിനെത്തുടർന്ന് ബിജെപിയിൽ ചേർന്ന് ആസ്സം മുഖ്യമന്ത്രിയായി പരിശുദ്ധി തെളിയിച്ച ‘സാംസ്കാരിക ദേശീയത’യുടെ അടയാളവുമാണ് എന്ന് മറക്കരുതേ) എന്നിവർ ചേർന്ന് 2017ലെ മണിപ്പൂർ അസംബ്ലി തിരഞ്ഞെടുപ്പിലും 2019ലെ ലോക്-സഭാ തിരഞ്ഞെടുപ്പിലും കുക്കി വിഭാഗത്തിന്റെ സമ്പൂർണ പിന്തുണ ബിജെപിക്ക് ഉറപ്പാക്കുന്ന കരാർ, യുണെെറ്റഡ് കുക്കി ലിബറേഷൻ ഫ്രന്റുമായി സംസാരിച്ച് ഉറപ്പിക്കുകയും പണം കെെമാറുകയും ചെയ്തു എന്ന കുക്കി തീവ്രവാദി സംഘ നേതാവിന്റെ –എസ് എസ് ഹോക്കിപ്പ് എന്നാണദ്ദേഹത്തിന്റെ പേര്– വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നു. ഇക്കാര്യം ഇംഫാലിലെ എൻഐഎ കോടതിയിൽ അഫിഡവിറ്റായി ഹോക്കിപ്പ് രേഖാമൂലം സമർപ്പിക്കുകയുമുണ്ടായി.

ചുരുക്കത്തിൽ, മണിപ്പുരിൽ ആർഎസ്എസ് നിയന്ത്രണത്തിൽ നടക്കുന്ന ഹിന്ദുരാഷ്ട്ര നിർമാണ പ്രവർത്തനങ്ങൾ ഇപ്രകാരം ചുരുക്കിപ്പറയാം: പരമ്പരാഗത മതമായ ‘സനമാഹി’കളെ ഹിന്ദുക്കളാക്കി മാറ്റി എണ്ണം ഉയർത്തി വർഗീയവൽക്കരിച്ച് ആധിപത്യം നേടാനുള്ള ശ്രമം; മെയ്-തെയ്കളെ എസ്ടി വിഭാഗമായി ഉയർത്താമെന്ന വാഗ്ദാനം നൽകി അവർക്കിടയിൽ സമ്പൂർണ സ്വാധീനം ഉറപ്പാക്കൽ, മറ്റു മതവിഭാഗങ്ങ‍ളിൽപ്പെട്ടവരെ ഭയപ്പെടുത്തി വരുതിയിലാക്കൽ, അവരുടെ ആരാധനാലയങ്ങൾ ബാബ്റി മസ്ജിദ് പോലെ തകർത്ത് നിരപ്പാക്കൽ, വർഗീയ സംഘർഷങ്ങളിലൂടെ ബ്രാഹ്മണാധിപത്യത്തിൽ അധിഷ്ഠിതമായ ‘ഹിന്ദു രാഷ്ട്ര’ സ്ഥാപനത്തിന്റെ കരുക്കൾനീക്കുക, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കാകെ ഒരു പൊതുസന്ദേശം നൽകി, ആർഎസ്എസ് പദ്ധതിക്ക് വിധേയമായി സഹകരിച്ചു നിന്നില്ലെങ്കിൽ രക്തച്ചൊരിച്ചിലാവും ഫലം എന്ന് വ്യക്തമാക്കിക്കൊടുക്കുക.

ഇത്തരത്തിൽ പൂർണമായ വിശദാംശങ്ങളോടെ തയ്യാറാക്കപ്പെട്ട ആർഎസ്എസ് ബൃഹദ് പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് മണിപ്പൂരിൽ ഇപ്പോൾ ആളിക്കത്തുന്ന അഗ്നിയും ഒഴുകിപ്പടരുന്ന രക്തവും വ്യക്തമാക്കിത്തരുന്നത്.

മണിപ്പൂരിൽ നിന്നെത്തിയ 10 രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ഡൽഹിയിലെ ഹർകിഷൻ സിങ് സുർജിത്ത‍് ഭവനിൽ ചേർന്ന് അംഗീകരിച്ച പ്രമേയത്തിലെ ആവശ്യങ്ങൾ അടിയന്തിരമായി അംഗീകരിക്കണമെന്നതാണ് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അടിയന്തിരമായി നാം ഉന്നയിക്കുന്ന ആവശ്യങ്ങൾ ഇവയാണ്:

ഒന്ന് : മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചൊഴിയുക. ജനങ്ങൾ രാജിക്കത്ത് കെെവശപ്പെടുത്തി വലിച്ചു കീറി എന്നത് ഒരു ബിജെപി നാടകം മാത്രം.

രണ്ട്: മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിന് ശക്തമായ നടപടികൾ ഭരണസംവിധാനങ്ങൾ കെെക്കൊള്ളണം.

മൂന്ന്: അഭയാർഥി ക്യാമ്പുകളിൽ ജീവിത യോഗ്യമായ സാഹചര്യമൊരുക്കണം.

നാല‍്: ജീവനും സ്വത്തിനും ഉണ്ടായ നഷ്ടങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണം.

അഞ്ച‍്: പരിക്കേറ്റവർക്ക് മികച്ച വെെദ്യസഹായം ഉറപ്പാക്കുക

ആറ്: കൊള്ളിവയ്പും, കൊലപാതകങ്ങളും നടത്തിയവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകാൻ ക്രമീകരണമുണ്ടാക്കുക.

മണിപ്പൂരിലുണ്ടായ മഹാദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്ര / സംസ്ഥാന ബിജെപി സർക്കാരുകൾക്കാണെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് ഇന്ത്യൻ ജനത ഈ നവഫാസിസ്റ്റുകൾക്കെതിരെ അണിനിരക്കണമെന്ന പാഠമാണ് ഉൾക്കൊള്ളേണ്ടത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × three =

Most Popular