ആധുനിക കാലഘട്ടത്തില്‍ മുതലാളിത്തം അതിന്റെ ആധിപത്യം നിലനിര്‍ത്തുന്നതിന് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്ന കാര്യം നേരത്തേതന്നെ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല ലിബറല്‍ ചിന്താഗതിക്കാരും മുതലാളിത്ത പ്രചാരകരും ഇക്കാര്യം അടിവരയിട്ട് രേഖപ്പെടുത്തിയിട്ടുള്ളതാണ്.
വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലുകളുടെ രാഷ്ട്രീയത്തെക്കുറിച്ച് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ജര്‍മ്മനിയില്‍ ഫാസിസ്റ്റ് അജൻഡകളുമായി മുന്നോട്ടുപോയ ഹിറ്റ്ലറെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ജര്‍മ്മനിയിലെ കോര്‍പ്പറേറ്റുകളും അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളും വഹിച്ച പങ്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി തങ്ങളുടെ പ്രചരണം ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴിപ്പെടാത്ത മാധ്യമങ്ങളെ തകര്‍ക്കുന്നതിനുള്ള ആസൂത്രിതമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
നമ്മുടെ രാജ്യത്തും ഇതിന് സമാനമായ രീതിയിലുള്ള ഇടപെടലുകളും പ്രചരണങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണല്ലോ രാജ്യത്തെ മാധ്യമങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് അജൻഡ നടപ്പിലാക്കുന്ന മോദി സര്‍ക്കാരിനെ തങ്ങളുടെ മാധ്യമങ്ങളുപയോഗിച്ച് കലവറയില്ലാതെ പിന്തുണയ്ക്കുകയാണ് അവർ. അതുകൊണ്ടാണ് രാജ്യം കണ്ട ഏറ്റവും ദുരിതപൂര്‍ണ്ണമായ ഒരു ഭരണകാലഘട്ടമായിട്ടും ഒരന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള കണ്ടെത്തലുകള്‍ പോലും ഇന്ന് രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നുവരാത്തത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച എത്രയോ കണ്ടെത്തലുകള്‍ മുന്നോട്ടുവെച്ചിരുന്നു. ഇത്തരത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി സ്രോതസ്സുകളിലൊന്നായ മാധ്യമങ്ങള്‍ ഷണ്ഡീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന കടുത്ത വെല്ലുവിളിയായി മാറിയിരിക്കുന്നത്. തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത മാധ്യമങ്ങളെ ഭരണകൂടത്തിന്റെ കരുത്തുപയോഗിച്ച് നിഷ്ക്രിയമാക്കുകയെന്ന പ്രവര്‍ത്തനവും ഇതോടൊപ്പം നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഇതിനായി ഉപയോഗപ്പെടുത്തുന്ന നിലയും ഉണ്ടായിരിക്കുകയാണ്. ബിബിസിക്കുനേരെ നടന്ന കേന്ദ്ര സര്‍ക്കാരിന്റെ റെയ്ഡും ഓക്സ്ഫാമിനെതിരായ നടപടികളുമെല്ലാം ഇതാണ് കാണിക്കുന്നത്.
അതോടൊപ്പം തന്നെ ഹിന്ദുത്വശക്തികള്‍ പത്രപ്രവര്‍ത്തകരെത്തന്നെ കൊലപ്പെടുത്തുന്ന സംഭവവും ഗൗരി ലങ്കേഷിന്റേതുള്‍പ്പെടെ അനുഭവങ്ങളിലൂടെ നമുക്ക് വ്യക്തമായിട്ടുള്ളതാണ്. ഇത്തരത്തില്‍ മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്ന ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെ തടയുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്. ഈ ഘട്ടത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ശക്തമായ പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവരികയെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും ഏറെ പ്രധാനമാണുതാനും.
ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് മുകളില്‍ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദങ്ങളാണ് മാധ്യമ രംഗം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയായി നിലനില്‍ക്കുന്നത്. കേരളത്തിന്റെ സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ഇവിടെ ഭരിക്കുന്നത് എന്നതിനാല്‍ മാധ്യമങ്ങളുടെ മുകളില്‍ ഇത്തരമൊരു സമീപനം ആരും സ്വീകരിക്കുന്നില്ല. മാധ്യമങ്ങളെ പ്രീണിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ വാര്‍ത്തകള്‍ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനം ഇവിടെ നിലനില്‍ക്കുന്നില്ല.
കേരളത്തിന്റെ സാഹചര്യത്തില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നീങ്ങുന്നത് തങ്ങളുടെ വര്‍ഗ്ഗ താല്‍പര്യങ്ങള്‍ക്കടിസ്ഥാനപ്പെടുത്തി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനും, അവ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം ഉയര്‍ത്തുന്നതിനും ഉപയോഗപ്പെടുത്തുന്നുവെന്നതാണ്. ഏതൊരു പത്രത്തെ സംബന്ധിച്ചിടത്തോളവും ആരേയും വിമര്‍ശിക്കാനും, തെറ്റായ കാര്യങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ക്കൊണ്ടുവരുന്നതിനും യാതൊരു തടസ്സവും ഒരു ജനാധിപത്യ സമൂഹം സൃഷ്ടിക്കുകയില്ലതന്നെ. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനോ ഭരണ സംവിധാനത്തെ വിമര്‍ശിക്കുന്നതിനോ ആരും ഇവിടെ എതിരു നിന്നിട്ടില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്നതിന്റെ പേരില്‍ ഒരു കേസും ഇവിടെ ആരുടെ പേരിലും ചുമത്തപ്പെട്ടിട്ടില്ല. ജനാധിപത്യപരമായ ഒരു അന്തരീക്ഷം സമൂഹത്തില്‍ നിലനിര്‍ത്തുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടാണ് ഇടതുപക്ഷം കേരളത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തിലും കേന്ദ്ര സര്‍ക്കാരിന്റെ നയത്തില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് സംസ്ഥാന സര്‍ക്കാരിന്റേത്.
മാധ്യമ സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തി മാധ്യമങ്ങള്‍ എന്തുചെയ്യുന്നുവെന്നത് പരിശോധിക്കേണ്ടതും പ്രധാനമാണ്. ജനങ്ങള്‍ക്കിടയില്‍ ശരിയായ വാര്‍ത്തകളെത്തിക്കുന്നതിനും, നാടിന്റെ പൊതുവായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും എത്രത്തോളം ശ്രമിക്കുന്നുണ്ടെന്ന കാര്യം പലപ്പോഴും ചര്‍ച്ചാവിഷയമായിട്ടുള്ളതാണ്.
കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട കാലം മുതൽ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുകയെന്ന സമീപനമാണ് വലതുപക്ഷ മാധ്യമങ്ങള്‍ പൊതുവില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പത്രമാധ്യമങ്ങളില്‍ നിന്ന് ദൃശ്യമാധ്യമങ്ങളിലേക്ക് മാറിയതോടെ ഈ പ്രതിഭാസം കൂടുതല്‍ ശക്തമായി തുടരുന്ന നിലയാണ് കാണാനാകുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്റെ കാര്യം തന്നെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അതിന്റെ പേരില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും തേജോവധം ചെയ്യാന്‍ മാസങ്ങളോളം ഇവര്‍ പരിശ്രമിച്ചു. പക്ഷേ സ്വര്‍ണ്ണം ആരാണ് അയച്ചത്, ആര്‍ക്കുവേണ്ടിയാണ് അതയച്ചത് എന്ന ഏറ്റവും പ്രസക്തമായ ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം കണ്ടെത്തുകയെന്നനതിന് ഇവരാരും തയ്യാറായില്ല. മാത്രമല്ല സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയെ വിശുദ്ധയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ അരങ്ങേറുകയുണ്ടായി. ഇടതുപക്ഷ രാഷ്ട്രീയത്തേയും, അതിന്റെ നേതൃത്വത്തേയും ദുര്‍ബലപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. മറുനാടനെപ്പോലുള്ള മഞ്ഞ പത്രക്കാരന്റെ പ്രവര്‍ത്തനം മാതൃകാപരമാണ് എന്ന് പ്രഖ്യാപിക്കാന്‍ തന്നെ വലതുപക്ഷം സന്നദ്ധമായത് മാധ്യമ പ്രവര്‍ത്തനത്തെ സംബന്ധിച്ച് എത്ര വികലമായ കാഴ്ചപ്പാടാണ് അവർ മുന്നോട്ടുവെക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.
തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുകയും, കോര്‍പ്പറേറ്റ് അജൻഡകള്‍ സ്ഥാപിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുകയെന്ന കാഴ്ചപ്പാടിന്റെ വക്താക്കളായി മാധ്യമങ്ങള്‍ മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള തെറ്റായ പ്രവണത തിരുത്തണമെന്നതാണ് സിപിഐ എം എക്കാലത്തും മുന്നോട്ടുവെച്ചിട്ടുള്ള കാഴ്ചപ്പാട്. യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കാനും, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട് എന്നതായിരുന്നു എടുത്ത നിലപാട്. അതിനായുള്ള ഇടപെടലാണ് നടത്തിക്കൊണ്ടിരുന്നത്.
ഒരു ഭാഗത്ത് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുമ്പോള്‍ തന്നെ ജനപക്ഷത്തുനിന്ന് അവ പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം തുടര്‍ച്ചയായി ഓര്‍മ്മപ്പെടുത്തുകയാണ് എന്നും ഇടതുപക്ഷം ചെയ്തിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ ഈ വിമര്‍ശനം കോടതി കൂടി അംഗീകരിച്ചിരിക്കുന്നുവെന്നതാണ് പ്രിയാ വര്‍ഗ്ഗീസിന്റെ കേസില്‍ കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലൂടെ വ്യക്തമാകുന്നത്.
മാധ്യമങ്ങളുടെ തെറ്റായ ഇടപെടല്‍ നീതിന്യായ വ്യവസ്ഥയുടെ ശരിയായ ഇടപെടലിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന പ്രശ്നമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. വിചാരണ സമയത്ത് ജഡ്ജി നടത്തുന്ന പരാമര്‍ശങ്ങളെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നതിനേയും കോടതി വിമര്‍ശിച്ചിട്ടുണ്ട്. മാധ്യമ വിചാരണ ശരിയായ നടപടിയല്ലെന്നും കോടതി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ന്യായമായ വിചാരണയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആര്‍ടിക്കിള്‍ 21 പ്രകാരം പൗരന്റെ മൗലിക അവകാശമായി കാണണമെന്നും കോടതി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യം ഓര്‍മ്മിപ്പിച്ച ശേഷം മാധ്യമങ്ങള്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ് ഉത്തരവാദിത്വത്തോടെ നടത്തണമെന്നും വ്യക്തമാക്കുന്നുണ്ട്.
പ്രിയാ വര്‍ഗ്ഗീസ് കേസില്‍ കോടതി മുന്നോട്ടുവെച്ച ഈ കാഴ്ചപ്പാട് എല്ലാ കാലത്തും സിപിഐ എം മുന്നോട്ടുവെച്ചിട്ടുള്ളതാണ്. ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. അതിന് കൂച്ചുവിലങ്ങിടാനുള്ള ഏതൊരു പരിശ്രമത്തേയും സിപിഐ എം ശക്തമായി എതിര്‍ക്കും. അതേസമയം ജനകീയ താല്‍പര്യങ്ങള്‍ ഹനിച്ചുകൊണ്ട് മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലുകളെ തുറന്നുകാണിക്കാനും പാര്‍ടി മുന്‍പന്തിയിലുണ്ടാകും. അതോടൊപ്പം ജനങ്ങള്‍ക്ക് ശരിയായ വാര്‍ത്തകള്‍ ലഭ്യമാക്കുന്നവിധം ബദല്‍ മാധ്യമങ്ങളെ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുകയെന്നതാണ് ഈ രംഗത്ത് പാര്‍ടി പുലര്‍ത്തുന്ന സമീപനം. ♦