Tuesday, September 17, 2024

ad

Homeമുഖപ്രസംഗംമോദിയുടെ ഭോപ്പാൽ പ്രസംഗം വിരൽചൂണ്ടുന്നത്

മോദിയുടെ ഭോപ്പാൽ പ്രസംഗം വിരൽചൂണ്ടുന്നത്

ന്ത്യക്ക് ഒരു ഏകീകൃത സിവിൽ കോഡ് ആവശ്യമാണ് എന്നു കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ബിജെപി പ്രവർത്തകരോട് ചെയ്ത പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ശക്തമായി സമർഥിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല ആ പ്രസംഗത്തെ കാണേണ്ടത്. അതിനുശേഷം നടക്കുന്ന ലോക്–സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം ഏകീകൃത സിവിൽ കോഡ് ആയിരിക്കും എന്ന സൂചന ഭോപ്പാലിൽ ചെയ്ത മോദിയുടെ ആ പ്രസംഗം നൽകുന്നു. സംഘപരിവാറിന്റെ വർഗീയധ്രുവീകരണ അജൻഡയാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

പത്തുവർഷത്തെ ഭരണത്തിന്റെ നേട്ടമായി കാര്യമായി ഒന്നും തന്നെ ഉയർത്തിക്കാട്ടാനില്ല പ്രധാനമന്ത്രി മോദിക്കും കേന്ദ്ര ഭരണകക്ഷിക്കും.ജനസാമാന്യം തങ്ങൾക്ക് വോട്ടുചെയ്യണം എന്നു പറയാൻ ഒരു ഭരണനേട്ടവും മോദിക്ക് അവകാശപ്പെടാനില്ല. മറിച്ച്, നോട്ട് റദ്ദാക്കലും ജിഎസ്ടിയും ഉൾപ്പെടെ മോദി സർക്കാർ കൊട്ടിഘോഷിച്ചു നടപ്പാക്കിയ പരിഷ്കാരങ്ങളെല്ലാം ജനജീവിതത്തെ താറുമാറാക്കുകയാണ് ചെയ്തത്. അതുപോലെ തന്നെയായിരുന്നു കാർഷിക പരിഷ്കാരങ്ങളും തൊഴിൽ നിയമഭേദഗതികളും മറ്റും. മോദി ഭരണം കൊണ്ട് നേട്ടം ഉണ്ടായതൊക്കെ കുത്തകകൾക്കും മറ്റു വൻ പണക്കാർക്കും മാത്രമാണ്; വോട്ടർമാരിൽ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികൾ, കൃഷിക്കാർ, മറ്റ് അധ്വാനിക്കുന്നവർ എന്നിവർക്കൊന്നുമല്ല. രാജ്യത്ത് തൊഴിലെടുത്തു ജീവിക്കുന്നവരുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ മോദി സർക്കാർ പുതിയ തൊഴിലവസരങ്ങൾ ഒന്നും തന്നെ സൃഷ്ടിച്ചില്ല. യന്ത്രവൽക്കരണത്തിലൂടെയും ആട്ടോമേഷനിലൂടെയും തൊഴിലെടുക്കുന്നവരുടെ എണ്ണം കാര്യമായി വെട്ടിക്കുറച്ച് തൊഴിലുടമകളുടെ ലാഭം വർധിപ്പിച്ചുകൊടുക്കുകയാണ് മോദി ചെയ്തത്. സർക്കാർ – പൊതുമേഖലയിലാകെ ലക്ഷക്കണക്കിനു തസ്തികകളാണ് ഒഴിച്ചിട്ടിരിക്കുന്നത്.

ഇങ്ങനെ നോക്കിയാൽ വീണ്ടും തങ്ങളെ ജയിപ്പിക്കണമെന്ന് അഭ്യർഥിക്കാൻ വോട്ടർമാരോട് തൃപ്തികരമായി വിശദീകരിക്കാവുന്ന ഒരു ഭരണനേട്ടവും മോദിക്കും കൂട്ടർക്കും അവതരിപ്പിക്കാനില്ല. ബിജെപിയുടെ ഈ സർക്കാർ തുടരരുത് എന്ന ജനങ്ങളുടെ പൊതുബോധത്തെ മാനിച്ചുകൊണ്ടാണ് പതിനഞ്ച് പ്രതിപക്ഷ പാർട്ടികൾ ലോക്–സഭാ തിരഞ്ഞെടുപ്പിൽ യോജിച്ചു മത്സരിക്കാൻ പാറ്റ്നയിൽ വെച്ചു തീരുമാനിച്ചത്. പൊതുപരിപാടി തയ്യാറാക്കി യോജിച്ചുള്ള പ്രവർത്തന അജൻഡയും പൊതുസ്ഥാനാർഥികളുമായി ആ പതിനഞ്ചു പാർട്ടി സഖ്യം താമസിയാതെ പ്രചാരണത്തിന് ഇറങ്ങുമെന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

ഇത് ബിജെപി നേതൃത്വം പ്രതീക്ഷിച്ചതല്ല. ഇങ്ങനെയൊരു പ്രതിപക്ഷ ഐക്യത്തെ നേരിടുക കടുത്ത പരീക്ഷണമാകും തങ്ങൾക്ക് എന്ന വ്യക്തമായ ബോധ്യം അവർക്കുണ്ട്. സാധാരണഗതിയിൽ പ്രതിപക്ഷത്തെ പല പാർട്ടികളും ഒത്തുചേർന്നു മത്സരിച്ചാൽ ഭരണകക്ഷിക്ക് ഒറ്റയ്ക്ക് അതിനെ നേരിടുക ഏറെ പ്രയാസമാണ് എന്നതാണ് മുൻ അനുഭവം. 1977ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി നയിച്ച കോൺഗ്രസ് പാർട്ടിക്ക് പ്രതിപക്ഷ ഐക്യത്തിനു മുമ്പിൽ അടിയറവ് പറയേണ്ടിവന്നു. അതിന്റെ മറ്റൊരു തരത്തിലുള്ള ആവർത്തനം 1989ൽ വി പി സിങ്ങിന്റെ നേതൃത്വത്തിൽ ജനതാദൾ രൂപീകരിച്ചപ്പോൾ ഉണ്ടായി. 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപി 15 പാർട്ടികളുടെ സഖ്യത്തെ നേരിടുമ്പോൾ അത് ആവർത്തിച്ചേക്കാം.

ആ വെല്ലുവിളി യാഥാർഥ്യമാകുമെന്നു കണ്ടതോടെ ബിജെപിക്കുവേണ്ടി പ്രധാനമന്ത്രി മോദി അതിനെ വെല്ലുന്ന ആയുധം എന്ന നിലയിൽ ആണ് ആ പ്രസംഗം നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഒരു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും എന്നതായിരിക്കും വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് ബിജെപി നൽകുന്ന ഏറ്റവും പ്രധാന വാഗ്ദാനം. മോദിയുടെ ഈ പ്രസംഗം നടക്കുമ്പോൾ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂർ കത്തിയെരിയുകയാണ്. അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്ത മോദി മതന്യൂനപക്ഷങ്ങൾക്കെതിരെ തന്റെ പ്രസംഗത്തിൽ യുദ്ധം പ്രഖ്യാപിക്കുകയാണ്. മണിപ്പൂരിലേതുപോലെ ഇന്ത്യയിലാകെ വർഗീയ ചേരിതിരിവ് സൃഷ്ടിക്കലാണ് ബിജെപിയുടെ ലക്ഷ്യം എന്ന് ഇത് വ്യക്തമാക്കുന്നു.

ഹിന്ദുക്കൾ സ്വീകരിച്ചുപോരുന്ന മതപരമായ വ്യവസ്ഥകൾ മറ്റു മതവിഭാഗങ്ങളുടെ മേൽ അടിച്ചേൽപ്പിക്കണമെന്നതാണ് ആർഎസ്എസ് നിലപാട്. അതാണ് നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഭോപ്പാലിൽവെച്ച് പ്രഖ്യാപിച്ചത‍്. ബിജെപി നിയോഗിച്ച ലാ കമ്മീഷൻ ഏകീകൃത സിവിൽ കോഡ് ഏർപ്പെടുത്തണമെന്ന് എടുത്തു പറയുന്നുണ്ട്. എന്നാൽ, നിലവിൽ ഓരോ മതക്കാരും ഓരോ സിവിൽ കോഡാണ് പിന്തുടരുന്നത്. സർവ സമ്മതമായല്ലാതെ അത്തരമൊരു മാറ്റം അംഗീകരിക്കാനാവില്ല. അത് രാജ്യത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാൻ മാത്രമേ സഹായകമാകൂ.

ബിജെപിക്ക് അത്തരം പരിഗണനയൊന്നുമില്ല. ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷത്തിനുള്ള അതേ പരിഗണന നൽകണം എന്ന ഭരണഘടനാപരമായ സമീപനത്തോട് മോദി സർക്കാർ യോജിക്കുന്നില്ല. അതുകൊണ്ടാണ് ഇന്ത്യക്ക് ഏകീകൃത സിവിൽ കോഡ് ആവശ്യമാണ് എന്നും അത് ഉടനെ നടപ്പാക്കാൻ സമ്മതിക്കാതെ തങ്ങളെ നശിപ്പിക്കാൻ ഏതേത് രാഷ്ട്രീയ പാർട്ടികളാണ് ശ്രമിക്കുന്നത‍് എന്നും മനസ്സിലാക്കാൻ അദ്ദേഹം മുസ്ലീങ്ങളോട് ആവശ്യപ്പെട്ടത്. മറ്റു മതക്കാർക്ക് ഹിന്ദുക്കൾക്കുള്ള സിവിൽ കോഡ് അംഗീകരിക്കാൻ പ്രയാസമുണ്ട്. ഹിന്ദുക്കൾക്ക് തങ്ങളുടെ കോഡിൽ ഭേദഗതി വരുത്തുന്നത് അംഗീകരിക്കാനും പ്രയാസമുണ്ട്. ഇക്കാര്യത്തിൽ ഒരു അഭിപ്രായ സമന്വയം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് രാജ്യം ഇതേവരെ തീരുമാനിച്ചിരുന്നത്.

എന്നാൽ ബിജെപിക്ക് ആവശ്യം വിവിധ മതാനുയായികൾ തമ്മിൽ ഇക്കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടാകുന്നതിലല്ല. മറ്റു മതക്കാരുടെമേൽ ഹിന്ദു കോഡ് അടിച്ചേൽപ്പിക്കുന്നതിലാണ്. ഇവിടെ ഒരു മതത്തിനേ സ്ഥാനമുള്ളൂ എന്നു സ്ഥാപിക്കണമെന്ന പിടിവാശിയാണ് അവർക്ക്. അങ്ങനെ അവർ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നത്.

എന്നാൽ, ഇന്ത്യ ഭരണഘടനാപരമായി മതനിരപേക്ഷ രാഷ്ട്രമാണ്. ഏതെങ്കിലും ഒരു മതത്തിന്റെ വ്യക്തിനിയമം അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്; ഭരണഘടനാ വിരുദ്ധവും. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1954ൽ വ്യത്യസ്ത ഹിന്ദു വ്യക്തിനിയമങ്ങൾ ഏകീകരിച്ച് ഹിന്ദുകോഡ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയുണ്ടായി. അന്ന് അതിനെ നഖശിഖാന്തം എതിർത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്ന സംഘപരിവാർ. കോൺഗ്രസിലെ ഒരു വിഭാഗം കൂടി അന്ന് അവർക്കൊപ്പം ചേർന്നതിനാൽ നെഹ്റുവിന് ആ നീക്കത്തിൽ നിന്നും പിന്തിരിയേണ്ടി വന്നു. ഇന്ന് ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് വാചാലരാകുന്നവർ ഈ ചരിത്രം മറക്കരുത്.

മോദി ശ്രമിക്കുന്നത് സംഘപരിവാറിന്റെ ആഗ്രഹപ്രകാരമുള്ള ഹിന്ദുരാഷ്ട്രം കൊണ്ടുവരാനാണ്. മോദിയുടെ ഭോപ്പാൽ പ്രസംഗത്തിൽ വ്യക്തമാക്കുന്നത് സംഘപരിവാറിന്റെ പരമ്പരാഗത ആഭ്യന്തരശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ള മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ടാർഗറ്റ് ചെയ്തായിരിക്കും 2024ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജൻഡ എന്നാണ്. ഇത് രാജ്യത്തെ നിലവിലുള്ള സന്തുലിതാവസ്ഥ തകർക്കുമെന്നുറപ്പാണ്. അങ്ങനെ കലാപമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യുകയെന്ന തന്ത്രമാണ് അത് പയറ്റുന്നത‍്. ഇതിനെതിരെ എല്ലാ ജനാധിപത്യ മതനിരപേക്ഷ ശക്തികളും യോജിച്ചണിനിരക്കേണ്ടതാണ്. സംഘപരിവാറിന്റെ ഈ നീക്കത്തെ ചെറുത്തുതോൽപ്പിക്കുക തന്നെവേണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − 7 =

Most Popular