Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറിമലയാള മാധ്യമങ്ങളുടെ നിരാശയും രോഷവും

മലയാള മാധ്യമങ്ങളുടെ നിരാശയും രോഷവും

എം സ്വരാജ്

കേരളത്തിലിന്ന് ഒരു വിഭാഗം മാധ്യമങ്ങളും അവരുടെ പ്രിയപ്പെട്ടവരും അസ്വസ്ഥരാണ്. മാധ്യമസ്വാതന്ത്ര്യ സംരക്ഷണാർത്ഥം ഇക്കൂട്ടർ വിലാപങ്ങളും മുറവിളികളും ഉയർത്തുന്നു. അഭിപ്രായ സമാഹരണ യജ്ഞം നടത്തുന്നു . കേരളവും യുപി പോലെയായെന്ന് വിലപിക്കുകയും രോഷം കൊള്ളുകയും ചെയ്യുന്നു.

സത്യത്തിൽ ഇത്രത്തോളം കോലാഹലങ്ങളുണ്ടാവാൻ മാത്രം കേരളത്തിൽ ഇപ്പോഴെന്തുണ്ടായി ? ഇങ്ങനെയൊരു പരിശോധന നടത്തിയാൽ അതെത്തി നിൽക്കുക ഇപ്പോഴത്തെ ഏതെങ്കിലും ഒരു സംഭവത്തിലല്ല. മറിച്ച് രണ്ടു വർഷങ്ങൾക്കു പുറകിലേക്ക് പോകേണ്ടിവരും.

കൃത്യമായി പറഞ്ഞാൽ 2021 ലേക്ക്.

അതെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലം തന്നെ.

കേരള ചരിത്രത്തിൽ സിപിഐ എം നയിച്ച ഒരു സർക്കാരിനും ഭരണത്തുടർച്ച ഉണ്ടായിട്ടില്ല. എത്ര മികച്ച ഭരണം കാഴ്ച വെച്ചാലും അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്നത് ഒരു കീഴ് വഴക്കമെന്നതു പോലെയായിരുന്നു അതുവരെ. ചരിത്രത്തിലൊരു കാലത്തും മാഞ്ഞുപോവാത്ത മഹത്തരമായ ചുവടുവെയ്പുകൾക്ക് നേതൃത്വം കൊടുത്ത കമ്യൂണിസ്റ്റ്സർക്കാരുകൾക്ക് പക്ഷേ തുടർ ഭരണം സാധ്യമായില്ല. കുടിയിറക്കൽ നിരോധന നിയമവും, ക്ഷേമ പെൻഷനുകളും, സമ്പൂർണ സാക്ഷരതയും, ജനകീയാസൂത്രണവുമെല്ലാം കേരളത്തിന്റെ ഗതിയെ സ്വാധീനിക്കുകമാത്രമല്ല നിർണയിക്കുക തന്നെ ചെയ്തു. എന്നാൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച മാത്രമുണ്ടായില്ല.

2006–2011 കാലത്തെ എൽ ഡി എഫ് സർക്കാർ ഭരണത്തുടർച്ചയിലേക്കു നീങ്ങുമെന്ന പ്രതീതി സൃഷ്ടിച്ചുവെങ്കിലും അതുണ്ടായില്ല. കേവലം 2 എം എൽ എ മാരുടെ മാത്രം മേൽക്കൈ നേടിക്കൊണ്ടാണെങ്കിലും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു.

തുടർ ഭരണത്തിന്റെ വക്കോളമെത്തിയിട്ട് എൽഡിഎഫിന് പ്രതിപക്ഷത്തിരിക്കേണ്ടി വന്നെങ്കിലും കേരള രാഷ്ട്രീയത്തിലെ ചില പരമ്പരാഗത രീതികൾ മാറിവരുന്നതിന്റെ സൂചനകൾ 2011 ലെ തിരഞ്ഞെടുപ്പിൽ പ്രകടമായിരുന്നു. കേരളത്തിലെ മാധ്യമങ്ങൾ ആ ദിശയിലുള്ള പഠനാന്വേഷണങ്ങൾക്കു പക്ഷേ അധികം മിനക്കെട്ടിട്ടില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും (2021) ചരിത്രം ആവർത്തിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു യു ഡി എഫും കേരളത്തിലെ മാധ്യമങ്ങളും . അവർ ആത്മാർത്ഥമായി വിശ്വസിക്കുകയും ആഗ്രഹിക്കുകയും ചെയ്തത് അതായിരുന്നു. സർക്കാരിനെതിരായ വിമർശനങ്ങളിലും വാർത്തകളിലും മാത്രമല്ല വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളിൽ പോലും 2021 ൽ യു ഡി എഫ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയും ആഗ്രഹവും പ്രകടമായിരുന്നു.

അന്നൊരിക്കൽ മനോരമ ന്യൂസ് ചാനലിലെ കോൺഗ്രസിന്റെ മുഖമായി അറിയപ്പെട്ടിരുന്ന ലേഖകൻ മനോരമ പത്രത്തിലെ സിപിഐ എം വിരുദ്ധതയുടെ മുഖങ്ങളിലൊന്നായി അറിയപ്പെടുന്ന ലേഖകനോട് കൊച്ചിയിലേക്ക് ഇനിയെന്നാണ് വരുന്നതെന്ന ചോദ്യത്തിന് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി നൽകിയ മറുപടി “വിജയൻ പടിയിറങ്ങും ദിനം’ എന്നായിരുന്നു. 2020 ൽ ” ഇനി രണ്ടു കൊല്ലം കൂടി ഈ സർക്കാരിനെ സഹിച്ചാൽ മതിയല്ലോ’ എന്ന ഒരു മാധ്യമപ്രവർത്തകയുടെ പരസ്യമായ ആത്മഗതത്തെ നവമാധ്യമങ്ങളിലും സജീവമായ ഒരു അഭിഭാഷകൻ “രണ്ടോ? ഒരു വർഷമല്ലേ?’ എന്ന് തിരുത്തുന്നതും നവമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു. ചുരുക്കത്തിൽ ഇവരെല്ലാം ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിലെത്തും എന്നു തന്നെയായിരുന്നു.

സ്വാഭാവികമായും ഈ പ്രതീക്ഷയിലാണ് മുഖ്യമന്ത്രിപദം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കുവെക്കുമെന്ന് തിരഞ്ഞെടുപ്പു ഫലം വരുന്നതിന്റെ തലേ ദിവസം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പക്ഷേ , തിരഞ്ഞെടുപ്പു ഫലം ഇക്കൂട്ടരെയെല്ലാം നിരാശയുടെ ആഴക്കടലിലേക്ക് വലിച്ചെറിഞ്ഞു.

ഇടവേളകളില്ലാതെ നാടിനുമേൽ പതിച്ച മഹാദുരന്തങ്ങളെ ധീരമായി പ്രതിരോധിച്ച എൽഡിഎഫ് സർക്കാർ മലയാളികളുടെയാകെ ഹൃദയത്തിലിടം പിടിക്കുകയായിരുന്നു. ഒപ്പം ചരിത്രത്തിലിന്നോളമില്ലാത്ത വികസനപഥങ്ങളിലെ മഹാമുന്നേറ്റവും തുടർ ഭരണം അനായാസമാക്കി.

പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും നിരാശയിലാഴ്ത്തിയ തുടർ ഭരണം അവരുടെ സമനില തെറ്റിക്കുന്നതായി മാറി. തുടർഭരണം എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനാവാത്ത മാനസികാവസ്ഥയിൽ നിന്നും പുറത്തുകടക്കാനാവാതെ അന്നു മുതൽ അസ്വസ്ഥരായി നിലതെറ്റിയിരിപ്പാണ് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും.

സിപിഐ എം വിരുദ്ധ ജ്വരം ഒരു വിഭാഗം മാധ്യമങ്ങളെ അതീവ ദയനീയമായ പതനത്തിൽ എത്തിച്ചിരിക്കുന്നു. സിപിഐ എം വിരുദ്ധത സർക്കാർ വിരുദ്ധതയായും ക്രമേണ അതു കേരള വിരുദ്ധതയായും പരിണമിച്ചു കഴിഞ്ഞു. സംസ്ഥാനം ആർജ്ജിക്കുന്ന മഹാനേട്ടങ്ങൾ പോലും അവഗണിച്ചുകൊണ്ട് നാടിന്റെ കുറ്റവും കുറവും തെരഞ്ഞു നടക്കുന്ന ദോഷൈകദൃക്കുകളായി മാധ്യമങ്ങൾ മാറി. കെ ഫോൺ പോലെയുള്ള മഹത്തായ ചരിത്രനേട്ടങ്ങളുടെ മുന്നിൽ പോലും ഉദാസീനരായി സർക്കാർ വിരുദ്ധ വാർത്തകൾക്ക് കാത്തിരിക്കുന്ന മലയാള മാധ്യമങ്ങൾ സ്വയം അപഹാസ്യരാവുകയാണ്.

ബ്രിട്ടണിലെ ‘ദി ഗാർഡിയൻ’ ഉൾപ്പെടെയുള്ള പ്രസിദ്ധ മാധ്യമങ്ങൾ കേരളത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളെ പുരസ്കരിച്ചുകൊണ്ട് ഫീച്ചറുകൾ എഴുതുമ്പോഴാണ് ഇവിടുത്തെ മാധ്യമങ്ങളുടെ ദുഷ്ടലാക്കുള്ള മൗനമെന്ന് ഓർക്കണം.

രാഷ്ട്രീയ കാരണങ്ങളാൽ കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും നാടിനു വേണ്ടി നാവനക്കാൻ മാധ്യമങ്ങൾ തയ്യാറാവുന്നില്ല. കടുത്ത അനീതിയാണ് കേന്ദ്ര സർക്കാരിൽ നിന്നും കേരളം നേരിടുന്നത്. കേരളത്തിലെ ഒരു ജില്ലയുടെ ജനസംഖ്യ പോലുമില്ലാത്ത സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന പരിഗണന പോലും കേരളത്തിന് കിട്ടുന്നില്ല. യൂണിയൻ ബജറ്റിൽ ഉൾപ്പെടെ ദയാരഹിതമായ അവഗണനയെയാണ് കേരളം നേരിട്ടത്. കേന്ദ്രം കേരളത്തിനെതിരെ സാമ്പത്തിക യുദ്ധം നടത്തുമ്പോൾ മാധ്യമങ്ങളും കേന്ദ്രത്തിനൊപ്പം ചേർന്ന് കേരളത്തോട് യുദ്ധം ചെയ്യുന്നു.

സർക്കാരിനും സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഐ എമ്മിനും എതിരായ നുണപ്രചരണം വ്രതമായെടുത്തവർ ഇപ്പോൾ ഒറ്റക്കെട്ടായി വിലപിക്കുന്നത് തങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചു കൊണ്ടാണ്. കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യം അപകടത്തിലായെന്ന് വലിയ വായിൽ നിലവിളിക്കുന്നവർ ഉത്തർപ്രദേശുമായൊക്കെ കേരളത്തെ താരതമ്യപ്പെടുത്താനുളള അപാരധൈര്യവും പ്രകടിപ്പിച്ചു.

ഏഷ്യാനെറ്റിലെ ഒരു റിപ്പോർട്ടറുടെ പേര് ഒരു കേസിന്റെ എഫ് ഐ ആറിൽ വന്നതാണ് മാധ്യമങ്ങളുടെയും മാധ്യമത്തണലിൽ ജീവിക്കുന്ന ചിലരുടേയും വിലാപത്തിന് കാരണം. അതാവട്ടെ സർക്കാരിനെ വിമർശിച്ചതിനോ സർക്കാർ താൽപര്യത്തിനെതിരായി വാർത്തറിപ്പോർട്ട് ചെയ്തതിനോ കേസെടുത്തതല്ല എന്ന് ഇക്കൂട്ടർ ബോധപൂർവം മറക്കുന്നു.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ വ്യക്തിഹത്യ ചെയ്യാനുദ്ദേശിച്ച് ഗൂഢാലോചന നടത്തിയ സംഘത്തിനെതിരെ ആർഷോ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് പ്രസ്തുത കേസിൽ എഫ് ഐ ആർ തയ്യാറാക്കിയത്. ഇത് പൊലീസിനു മുമ്പാകെ വരുന്ന എല്ലാ പരാതികളിന്മേലുമുള്ള സ്വാഭാവിക നടപടിയാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്. പ്രഥമവിവര റിപ്പോർട്ടിൽ പേരു വന്നതു കൊണ്ടു മാത്രം കേസിൽ ഒരാൾ പ്രതി ആയിക്കൊള്ളണമെന്നില്ല. അന്വേഷണത്തിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്ന് തെളിഞ്ഞാൽ കേസിൽ അവരുണ്ടാവില്ല. മറിച്ചാണെങ്കിൽ നിയമാനുസൃത നടപടികൾ നേരിടുകയും വേണം. മനസറിയാത്ത കാര്യത്തിന് ഒരു പകൽ മുഴുവൻ കേരളീയ സമൂഹത്തിനുമുന്നിൽ കുറ്റവാളിയായി നിൽക്കേണ്ടിവന്ന ആർഷോയ്ക്ക് നീതി തേടി ഒരു പരാതി നൽകാൻ പോലും അവകാശമില്ലെന്ന നിലയിലുള്ള പ്രതികരണങ്ങൾ വിചിത്രവും അപഹാസ്യവുമാണ്.

മാധ്യമ പ്രവർത്തകർക്ക് മാത്രമായി ഒരു പ്രത്യേകാവകാശവുമില്ല എന്ന കാര്യം എല്ലാവരും ഓർക്കണം.

ഭരണഘടനാ നിർമാണ സഭയിൽ ജയപ്രകാശ് നാരായണനും മറ്റും മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി ഭരണഘടന മൗനം പാലിക്കുന്നതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഭരണഘടനാ ശിൽപികളിലൊരാളായ ബി എൻ റാവു (Benegal Narsing Rau) ഈ വാദത്തെ സമർത്ഥമായി ഖണ്ഡിച്ചു. ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ പരിധിയിൽ മാധ്യമങ്ങളും ഉൾപ്പെടുമെന്നാണ് റാവുവാദിച്ചത്. അംബേദ്ക്കറും ഈ അഭിപ്രായത്തെ പിന്തുണച്ചു. അതായത് ഒരു പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവുമാണ് മാധ്യമപ്രവർത്തകർക്കുമുള്ളത്. ഒരു സാധാരണ ഇന്ത്യൻ പൗരനില്ലാത്ത ഒരവകാശവും മാധ്യമപ്രവർത്തകർക്കില്ല എന്നു ചുരുക്കം. വ്യാജം പ്രവർത്തിക്കാനും, വ്യക്തിഹത്യ നടത്താനുമൊന്നും ഒരു മാധ്യമത്തിനും പ്രത്യേകാവകാശമില്ല. മാധ്യമ സ്വാതന്ത്ര്യമെന്നാൽ സത്യം പ്രചരിപ്പിയ്ക്കാനുള്ള സ്വാതന്ത്ര്യമാണ്. കള്ളം പറയാനുള്ള സ്വാതന്ത്ര്യമല്ല. വ്യാജം പ്രചരിപ്പിയ്ക്കാനും വ്യക്തിഹത്യ നടത്താനും മാധ്യമങ്ങളെ ഉപയോഗിക്കുമ്പോൾ ആത്യന്തികമായി ക്ഷതമേൽക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു തന്നെയാണ്.

കേന്ദ്രസർക്കാരിന്റെയും സംഘപരിവാരത്തിന്റെയും മാധ്യമവേട്ടകൾക്കു മുന്നിൽ മൗനം പാലിക്കുന്നവരാണ് കേരളത്തിലെ ഇല്ലാത്ത ‘മാധ്യമ വേട്ടയിൽ’ പ്രതിഷേധിക്കുന്നത്. സ്വതന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിലിന്ന് അസാധ്യമായിക്കൊണ്ടിരിക്കുകയാണ്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 161 –ാം സ്ഥാനത്താണ് ഇപ്പോഴിന്ത്യ . കഴിഞ്ഞ 8 വർഷത്തിനിടെ 22 മാധ്യമ പ്രവർത്തകരാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടത്. യു പിയിൽ മാത്രം 68 മാധ്യമപ്രവർത്തകർ ജയിലിലടയ്ക്കപ്പെട്ടു. നൂറുകണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിയ്ക്കുന്ന പതിവിനും മോദി ഭരണം അന്ത്യം കുറിച്ചു. മാധ്യമങ്ങൾ ഭയത്തിന്റെ മേൽക്കൂരയ്ക്കുതാഴെയാണ് അന്തിയുറങ്ങുന്നത്. ഈ പരിതഃസ്ഥിതിയിൽ നേരിയ പ്രതിഷേധം പോലും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. സംഘപരിവാർ വിധേയത്വം പ്രമുഖമാധ്യമങ്ങളുടെ മുഖമുദ്രയായി മാറി. കോർപ്പറേറ്റുവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മാധ്യമങ്ങളിൽ നിന്ന് കൂടുതലായൊന്നും പ്രതീക്ഷിക്കാനാവില്ല എന്നതാണ് സത്യം.

അമിത് ഷാ പ്രതിയായ കേസിൽ വാദം കേട്ട ജസ്റ്റിസ് ലോയ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത് രാജ്യത്തെത്തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണാത്മക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് ‘കാരവൻ’ ആയിരുന്നു.

എന്നാൽ ആ റിപ്പോർട്ട് സാഹസികമായി തയ്യാറാക്കിയ മാധ്യമപ്രവർത്തകൻ നിരഞ്ജൻ താക്ക്ലെ മനോരമയുടെ ഉടമസ്ഥതയിലുള്ള ‘ദി വീക്കി’ ലെ മാധ്യമപ്രവർത്തകനായിരുന്നു എന്നോർക്കണം. മൂടിവെയ്ക്കപ്പെട്ട സത്യങ്ങളെ പുറത്തു കൊണ്ടുവന്ന നിരഞ്ജൻ താക്ക്ലെയുടെ അന്വേഷണ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ പക്ഷേ ‘ദി വീക്ക്’ തയ്യാറായില്ല. പകരം നിരഞ്ജനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു അവർ. ക്ലേശിച്ചു തയ്യാറാക്കിയ തന്റെ സ്റ്റോറി ‘ദി വീക്കി’ലൂടെ പുറം ലോകം കാണില്ല എന്നുറപ്പായപ്പോഴാണ് നിരഞ്ജൻ താക്ക് ലെ ‘കാരവനെ ‘ സമീപിക്കുന്നത്.

മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഉപന്യാസമെഴുതുന്ന മനോരമ പത്രമോ ചർച്ച നടത്തുന്ന ചാനലോ ഇക്കാര്യത്തെക്കുറിച്ച് മിണ്ടില്ല. മാധ്യമസ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുകയും ഭരണകൂട അടിച്ചമർത്തൽ നടക്കുകയും ചെയ്യുന്നിടത്തൊന്നും ഇക്കൂട്ടരുടെ ശബ്ദം കേൾക്കുന്നില്ല. യുദ്ധം തുടങ്ങുന്നതിനു മുമ്പേ കീഴടങ്ങി സംഘപരിവാരത്തിന്റെ നല്ല കുട്ടികളാവാൻ മത്സരിക്കുന്ന ഭീരുക്കളാണ് കേരളത്തിൽ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വാചകമേള നടത്തുന്നത്.

ഇന്ത്യയിലിന്ന് ആവിഷ്കാര സ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമ പ്രവർത്തനവും എത്രമാത്രം അപകടത്തിലാണെന്ന് ട്വിറ്ററിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.

ട്വിറ്ററിന് പൂട്ടുപണിയാൻ രാജീവ് ചന്ദ്രശേഖർ ശ്രമിക്കുമ്പോൾ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാൻ ഏഷ്യാനെറ്റിന് കഴിയുന്നതെങ്ങനെ?

സംഘപരിവാർ ഭീകരവാഴ്ച ഇന്ത്യയിലെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മരണവാറണ്ടൊരുക്കുമ്പോൾ മൗനമായും ചിലപ്പോഴൊക്കെ വാക്കുകൾ കൊണ്ടും പിന്തുണ കൊടുക്കുന്ന കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾക്ക് കേരളം സുരക്ഷിതമാണെന്നറിയാം. കേരളത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് പോറലേൽക്കില്ലെന്നും തങ്ങൾ സുരക്ഷിതരാണെന്നും ഉറപ്പുള്ള തുകൊണ്ടാണ് ഇടതുപക്ഷവിരുദ്ധ ദുഷ്ടലാക്കോടെ ഹീനമായ നുണപ്രചരണങ്ങൾക്കും വ്യക്തിഹത്യയ്ക്കും ഇക്കൂട്ടർ ഇറങ്ങിപ്പുറപ്പെടുന്നത്.

ഇത്തരക്കാർക്കാണ് പ്രതിപക്ഷ നേതാവ് പിന്തുണയുമായി ഇറങ്ങിയിട്ടുള്ളത്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാൻ സമരം ചെയ്യുമെന്നു പറയുന്ന വി ഡി സതീശന് മാധ്യമസ്വാതന്ത്ര്യം എന്ന വാക്ക് ഉച്ചരിക്കാനുള്ള ധാർമികമോ രാഷ്ട്രീയമോ ആയ അവകാശമില്ല.

ഇന്ത്യയിൽ ആദ്യമായി മാധ്യമ സ്വാതന്ത്ര്യം തടവിലാക്കപ്പെട്ടത് ഇന്ദിരാ ഭരണത്തിൽ അടിയന്തിരാവസ്ഥയിലായിരുന്നുവെന്ന് ചിലർ സൗകര്യ പൂർവം മറക്കുകയാണ്.
മാധ്യമവേട്ടയുടെ ക്രൂരചരിത്രം അത്രയെളുപ്പത്തിൽ ആർക്കും മറച്ചുവെക്കാനാവില്ല. വിയോജിപ്പിന്റെ നേർത്ത ശബ്ദം പോലും ഉയരരുതെന്ന് ഒരു ഏകാധിപതി വാശിപിടിച്ച കാലം. ഇന്ദിരാഗാന്ധിക്ക് അനിഷ്ടം തോന്നിയ പ്രസിദ്ധീകരണങ്ങൾ ഓരോന്നായി അടച്ചുപൂട്ടപ്പെട്ട ഭീകര ദിനങ്ങൾ.

രാജ്മോഹൻ ഗാന്ധിയുടെ ഹിമ്മത്തും നിഖിൽ ചക്രവർത്തിയുടെ മെയിൻസ്ട്രീമും രമേഷ്താപ്പറുടെ സെമിനാറുംമൊക്കെ അന്നു പൂട്ടുവീണ പ്രസിദ്ധീകരണങ്ങളിൽ ചിലതു മാത്രം. ദേശാഭിമാനിക്ക് അച്ചടിക്കുന്നതിന് മുമ്പ് സെൻസറിങ് ഏർപ്പെടുത്തിയതും മറക്കാറായിട്ടില്ല.

തിരുവനന്തപുരത്തെ ഹോംഗാർഡിന്റെ പത്രാധിപർ ബാലൻ ഗോപിയെ അറസ്റ്റു ചെയ്ത് തുറങ്കിലടച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെപ്പോലും വെറുതെ വിട്ടില്ല, അവരെയും ജയിലിലടച്ചു. ആലപ്പുഴയിൽ നിന്നും പ്രസിദ്ധീകരിച്ച ക്രോസ് ബെൽറ്റും ആലുവയിലെ സോഷ്യലിസ്റ്റ് നാദവുമെല്ലാം നിശബ്ദമാക്കപ്പെട്ടു.

കിഷോർ കുമാറിന്റെ പാട്ടുകൾക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയ നാളുകളിലാണ് അമ്രത് നഹാതയുടെ വിഖ്യാത ചലച്ചിത്രം “കിസാൻ കുർസി കാ’ യുടെ ഓരോ പ്രിന്റും പിടിച്ചെടുത്ത് ചുട്ടുകരിയ്ക്കപ്പെട്ടത്.

ജനാധിപത്യാവകാശങ്ങൾക്കായി ശബ്ദമുയർത്തിയവരെക്കൊണ്ട് ഇന്ത്യൻ തടവറകൾ നിറഞ്ഞു കവിഞ്ഞപ്പോൾ മാധ്യമങ്ങൾക്കും വിലങ്ങു വീണു .

258 മാധ്യമ പ്രവർത്തകരാണ് അന്ന് ജയിലിലടയ്ക്കപ്പെട്ടത്. സത്യം പറയാൻ കരുത്തുകാണിച്ച വിദേശപത്രപ്രതിനിധികളെ ഇന്ത്യയിൽ നിന്നും പുറത്താക്കി. 1965 ലെ പ്രസ് കൗൺസിൽ ആക്ട് തന്നെ അന്ന് അസാധുവാക്കി. ഇന്നത്തെ പല പ്രമുഖമാധ്യമങ്ങളും ആ നാളുകളിൽ ഏകാധിപത്യ വാഴ്ചയുടെ ആരാധകരും സ്തുതിപാഠകരും വിധേയരുമായി മാറി.

അടിയന്തിരാവസ്ഥയ്ക്കു ശേഷവും തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോഴൊക്കെയും കോൺഗ്രസ് തനിനിറം പുറത്തെടുത്തിട്ടുണ്ട്. അടിയന്തിരാവസ്ഥയിലെ നയം തന്നെയാണ് എല്ലായ്പോഴും തങ്ങളുടെ ഉള്ളിലെന്ന് കോൺഗ്രസ് പല തവണ തെളിയിച്ചിട്ടുമുണ്ട്.

നവാബ് രാജേന്ദ്രൻ
ബി എൻ റാവു

ഒരു റേഡിയോ നാടകമെഴുതിയതിന്റെ പേരിൽ കവി എസ് രമേശൻ നായരെ ആൻഡമാനിലേക്ക് നാടുകടത്തിയ പാർട്ടിയാണു കോൺഗ്രസ്. ദേശാഭിമാനിയുടെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം മോഹൻ ദാസിന്റെ പേരിൽ സത്യം പറഞ്ഞതിന് കേസെടുത്തത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ്. നിയമസഭയിൽ നിന്നും ദേശാഭിമാനിയിലെ ആർ എസ് ബാബുവിനെ പുറത്താക്കിയത് വക്കം പുരുഷോത്തമൻ സ്പീക്കറുടെ കസേരയിൽ ഇരിക്കുമ്പോഴാണ്.

നവാബ് രാജേന്ദ്രൻ എന്ന മാധ്യമപ്രവർത്തകനെ പല്ലുകൾ തല്ലിക്കൊഴിച്ച് ശരീരവും ജീവിതവും ചവിട്ടിയരച്ചു കളഞ്ഞതും കോൺഗ്രസല്ലാതെ മറ്റാരുമല്ല. അപ്പോഴൊക്കെയും മാധ്യമസ്വാതന്ത്ര്യമെന്ന വാക്കുപോലും മറന്ന ചില മാധ്യമങ്ങളോടൊപ്പം ചേർന്നാണ് ഇന്ത്യൻ മാധ്യമങ്ങൾക്ക് ജയിലുപണിത പാർട്ടിയുടെ നേതാവ് വിഡി സതീശൻ ‘മാധ്യമ സ്വാതന്ത്ര്യ സമരം’ നയിക്കാൻ പോകുന്നത്.

പ്രശ്നം തുടർ ഭരണമാണ്
തങ്ങളുടെ സ്വപ്നം പൊലിഞ്ഞതിന്റെ നിരാശയും ദുഃഖവും മാധ്യമങ്ങൾ കള്ളപ്രചാരവേലയിലൂടെ പ്രകടിപ്പിച്ച് സ്വയം ആശ്വാസിക്കുന്നു. അത്രമാത്രം. കേരളത്തിലെ ഇടതുഭരണത്തുടർച്ച ഇപ്പോഴും ഉൾക്കൊള്ളാനാവാത്ത ഒരു വിഭാഗം മാധ്യമങ്ങൾ പെയ്യാത്ത മഴയ്ക്കാണ് കുടപിടിക്കുന്നത്. സബ്രീന സിദ്ദീഖി മുതൽ തുളസി ചന്തു വരെ വേട്ടയാടപ്പെടുന്ന കാലത്ത് , ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം അർത്ഥം നഷ്ടപ്പെട്ട കേവലം ഒരു വാക്കു മാത്രമായി മാറുമ്പോൾ നിവർന്നു നിൽക്കാനോ ഒരക്ഷരം കൊണ്ടെങ്കിലും പ്രതികരിക്കാനോ കെൽപ്പില്ലാത്തവർ പ്രവർത്തന സ്വാതന്ത്ര്യത്തിന്റെയും സുരക്ഷിത്വ ബോധത്തിന്റെയും കേരളീയാന്തരീക്ഷം പകർന്നു നൽകുന്ന കരുത്തിൽ ഇടതുപക്ഷവിരുദ്ധ പ്രഹസനം ആടിത്തകർക്കുകയാണ്. ജനങ്ങൾ ഇത് തിരിച്ചറിയുകയും മാധ്യമങ്ങളെ തിരുത്തുകയും ചെയ്യും. തീർച്ച. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 1 =

Most Popular