Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഭാര്യാ പദവിയും മാധ്യമ വേട്ടയും

ഭാര്യാ പദവിയും മാധ്യമ വേട്ടയും

പ്രിയാ വർഗീസ്

മ്യൂണിസ്റ്റുവിരുദ്ധ പ്രചാരണവേട്ടയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടികളോളം തന്നെ പഴക്കമുണ്ട്.ജർമ്മൻ പാർലമെന്റ് മന്ദിരമായ റീഷ് താഗ് മന്ദിരത്തിന് നാസികൾ തീവെക്കുകയും അതിന്റെ പഴി ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടിക്കുമേൽ കെട്ടിവെക്കുകയും ചെയ്യുമ്പോൾ 17%വോട്ട് ഷെയറുള്ള പാർട്ടിയായിരുന്നു ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടി. ഒന്നാം ലോകയുദ്ധത്തെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും രാജ്യത്തെ വേട്ടയാടുകയും ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനിൽക്കുകയും ചെയ്ത അക്കാലത്ത് 17% വോട്ട് നിർണായകവുമായിരുന്നു. ആ ഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു ആരോപണം ഉയർന്നു വരുന്നത്.1933 ഫെബ്രുവരി 27നാണ് റീഷ് താഗ് അഗ്‌നിക്കിരയാക്കപ്പെട്ടത്.പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട മാർച്ച് 5ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആ തിരഞ്ഞെടുപ്പിൽ ഹിറ്റ്‌ലർ ജർമ്മൻ ചാൻസിലറായി അവരോധിക്കപ്പെടുകയും ചെയ്തു. പ്രചാരണവേട്ടകൾ വെറുതെ ഉണ്ടാവുന്നതല്ല എന്നതിന് ചരിത്രത്തിലെമ്പാടും തെളിവുകളുണ്ട്.

കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഒന്നും ഉന്നയിക്കാൻ കഴിയാതെ വരികയും മറുപക്ഷത്ത് യഥേഷ്ടം അത്തരം ആരോപണങ്ങളും തെളിവുകളും കുമിഞ്ഞുകൂടുകയും ചെയ്ത ഘട്ടത്തിലാണ് ബന്ധു നിയമനം എന്നആരോപണം പലർക്കു നേരെയും ഉയർത്തിക്കൊണ്ടു വന്നതെന്ന് കാണാം. ആ ഗണത്തിൽ ഒടുവിലത്തെയായിരുന്നു പ്രിയാ വർഗീസ് എന്ന എനിക്കെതിരെ കൊണ്ടുവന്ന വിവാദങ്ങൾ. ദീർഘകാലം നിയമന നിരോധനം പോലും ഏർപ്പെടുത്തിയിരുന്ന യുഡിഎഫ് ഭരണത്തിൽ നിന്ന് വ്യത്യസ്തമായി സർക്കാർ മേഖലയിലും സംരംഭക രംഗത്തുമെല്ലാം നിരവധി നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെ തമസ്‌കരിക്കാൻ വളരെ എളുപ്പമുള്ള ഒരു വഴിയായാണ് ബന്ധുനിയമന വിവാദം ഉയർത്തിക്കൊണ്ടുവന്നത്. നിയമനം ലഭിക്കുന്ന എല്ലാവരും ആരുടെയെങ്കിലും ബന്ധു ആവാതിരിക്കില്ലല്ലോ.- അങ്ങനെ ഒരു സൗകര്യംകൂടി ബന്ധു നിയമന വിവാദത്തിനുണ്ട്. ഈ വിവാദങ്ങളുടെ ഇരയാവേണ്ടി വന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് അത്തരം വിവാദങ്ങൾക്കുപിന്നിൽ പ്രവർത്തിച്ച താല്പര്യങ്ങളെക്കുറിച്ച്, അനുഭവിക്കേണ്ടി വന്ന സംഘർഷങ്ങളെക്കുറിച്ച് എഴുതുന്നത് കമ്യൂണിസ്റ്റുവിരുദ്ധ പ്രചാരണങ്ങളുടെ സ്വഭാവത്തെ പഠിക്കാൻ ഭാവിയിലും ഉപയോഗപ്പെട്ടേക്കാം എന്നത് മാത്രമാണ് ഈ ലേഖനത്തിന്റെ പ്രസക്തി.

കമ്യൂണിസ്റ്റ് ബന്ധുത എന്ന 
അയോഗ്യത
കണ്ണൂർ സർവകലാശാലയിൽ മലയാളത്തിൽ ഒഴിവുവന്ന അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ എല്ലാ അടിസ്ഥാനയോഗ്യതകളും അതിലേറെയും ഉണ്ടെന്ന ഉത്തമ ബോധ്യത്തിലാണ് മറ്റെല്ലാവരെയുംപോലെ ആ തസ്തികയിലേക്ക് ഞാൻ അപേക്ഷ നൽകുന്നത്. ചുരുക്കപ്പട്ടികയിൽ പ്രിയാ വർഗീസ് എന്ന പേര് ഇടം പിടിച്ചതു മുതൽക്ക് തുടങ്ങി ആക്രമണങ്ങൾ. ചുരുക്കപ്പട്ടിക ഉദ്യോഗാർത്ഥികളെ സർവകലാശാല ഇ -മെയിൽ മുഖാന്തിരമാണ് അറിയിച്ചിരുന്നത്. അന്നാവട്ടെ കോവിഡ് കാലവും! എന്നിട്ടും പ്രിയാ വർഗീസ് എന്ന പേര് കണ്ടെടുത്ത് വി. സിക്ക് പരാതി നൽകുന്നത് കോൺഗ്രസുകാരനും അധ്യാപകനുമായ ഒരു സെനറ്റ് അംഗമാണ്. അതായിരുന്നു ഈ വിഷയത്തിൽ ആദ്യമുണ്ടായ പരാതി. റാങ്ക് ലിസ്റ്റിലേക്കോ നിയമനത്തിലേക്കോ ഒക്കെ പോകുന്നതിനും എത്രയോ മുൻപ് ഇന്റർവ്യൂ നടക്കുന്ന ദിവസംതന്നെ കോൺഗ്രസ്സുകാരും കെഎസ്–യുക്കാരും വി സിയുടെ വീട് ഉപരോധിക്കുന്ന വിചിത്രമായ കാര്യങ്ങളാണ് തുടർന്ന് അരങ്ങേറിയത്. ഈ രാഷ്ട്രീയനാടകങ്ങളും ഇന്റർവ്യൂവിനു തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിയും വരെ അതിജീവിച്ചാണ് ഒരു ഉദ്യോഗാർത്ഥി എന്ന നിലകയ്ക്ക് അഭിമുഖ പരീക്ഷക്ക് ഞാൻ ഹാജരായത്. അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയിൽ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങളും.

മാധ്യമ വിചാരണയിലെ ഇരട്ടത്താപ്പ്
ഏതൊരു പരീക്ഷയിലും പരീക്ഷാർത്ഥികൾ തമ്മിൽ പരീക്ഷാഫലത്തെച്ചൊല്ലി തർക്കങ്ങൾ ഉണ്ടാവുന്നത് ഇന്നൊരു പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷേ ഒരു ചുരുക്കപ്പട്ടികയ്ക്കെതിരെ അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തി അയാൾ സെനറ്റ് അംഗമാണെങ്കിൽകൂടി പരാതി കൊടുക്കുന്നതിൽ അസ്വാഭാവികതയുണ്ട്. ഈ പരാതി വിവരം ഞാൻ അറിയുന്നതാകട്ടെ ഇന്റർവ്യൂവിന്റെ തലേന്ന് ഒരു മാധ്യമ പ്രവർത്തകന്റെ ഫോൺ സംഭാഷണത്തിലൂടെയും! നാളിതുവരെ എഫ്. ഐ. പി /എഫ്. ഡി. പി സ്‌കീമിന്റെ ഭാഗമായി പി. എച്ച്. ഡി ഗവേഷണം നടത്തിയവർക്കെല്ലാം ആ കാലയളവുകൂടി പരിഗണിച്ചാണ് അധ്യാപന പരിചയ സാക്ഷ്യപത്രം നൽകി വന്നിരുന്നത്. ആ സ്‌കീമിൽ ഗവേഷണം ചെയ്യുകയും ആ കാലയളവുകൂടി പരിഗണിക്കപ്പെട്ട് വിവിധ തസ്തികകളിൽ ജോലി നോക്കുകയും ചെയ്യുന്ന നിരവധി പേർ കേരളത്തിനകത്തും പുറത്തുമുണ്ട്. എന്നിട്ടും എനിക്കെതിരെ ആ കാലയളവ് അധ്യാപനപരിചയമായി കണക്കാക്കാൻ പാടില്ല എന്നു കാണിച്ച് പരാതി നൽകാൻ സെനറ്റ് അംഗത്തിന് തോന്നിയതിന്റെ താല്പര്യം അക്കാദമികമാണെന്ന് കരുതാൻ വയ്യ. മാത്രമല്ല, അഭിമുഖ പരീക്ഷയുടെ തലേന്ന് വിളിച്ച മാധ്യമ പ്രവർത്തകൻ പിറ്റേന്ന് എല്ലാ മാധ്യമങ്ങളിലും വാർത്ത ഉണ്ടാകും എന്ന് പ്രവചിച്ചതും അത് സത്യമായതും എന്ത് മായാജാലംകൊണ്ടു സംഭവിച്ചു എന്നും അറിയില്ല. തന്റെ മാധ്യമത്തിൽ വാർത്ത നൽകാൻ തീരുമാനമെടുത്തിട്ടുണ്ട് എന്ന് ഒരു മാധ്യമപ്രവർത്തകൻ പറയുന്നത് മനസ്സിലാക്കാം. പക്ഷേ മുഴുവൻ മാധ്യമങ്ങളുടെയും കാര്യം അയാൾ പ്രവചിച്ചതുപോലെ നടക്കുമ്പോഴാണ് അതിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സംശയം തോന്നുന്നത്.

അഭിമുഖ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സർവകലാശാല ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനു മുൻപുതന്നെ പ്രിയാ വർഗീസിനാണ് ഒന്നാം റാങ്ക് എന്ന് മാധ്യമങ്ങളിൽ വാർത്ത വന്നു. തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ രണ്ടാം റാങ്കുകാരൻ എന്ന പേരിൽ ഒരു അധ്യാപകനെ അവതരിപ്പിക്കുന്നു. അദ്ദേഹം നേരിട്ട് ചാനലിൽ വന്ന് തന്റെ അക്കാദമിക് മികവിനെക്കുറിച്ചും അധ്യാപന പരിചയത്തെക്കുറിച്ചും അവകാശവാദങ്ങളും ഉന്നയിക്കുന്നു. അന്ന് ചാനൽ തലക്കെട്ടുകളിൽ നിറഞ്ഞു നിന്നത് 27വർഷം സർവീസ് ഉള്ള അധ്യാപകനെ തഴഞ്ഞുകൊണ്ട് കമ്യൂണിസ്റ്റ് നേതാവിന്റെ ഭാര്യക്ക് നിയമനം എന്നായിരുന്നു. എന്റെ അധ്യാപനപരിചയത്തെ നാളിതുവരെയില്ലാത്ത മാനദണ്ഡങ്ങളും യുജിസി റെഗുലേഷന്റെ തെറ്റായ വ്യാഖ്യാനവും നിരത്തി ചോദ്യം ചെയ്തവർ 27 വർഷം സർവീസ് എന്ന് അവതരിപ്പിച്ച വ്യക്തിയുടെ സർവ്വീസിൽ പകുതിയിലേറെ വർഷം ഹൈസ്‌ക്കൂൾ അധ്യാപനമായിരുന്നു. 27വർഷം സർവീസ് ഉള്ള അധ്യാപകൻ എന്തുകൊണ്ട് ഇതുവരെ അസോസിയേറ്റ് പ്രൊഫസർ ആയില്ല എന്ന് ചാനൽ ചർച്ചയിൽ ആരും ചോദിച്ചു കണ്ടില്ല. പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ സർവീസ് 11 വർഷവും 13 വർഷവും ഒക്കെയായി ചുരുങ്ങി. അപ്പോഴും ആ കാലത്ത് NET പരീക്ഷ ഉണ്ടായിരുന്നില്ല എന്ന പച്ചക്കള്ളം ചാനലിൽ ഇരുന്നു പറഞ്ഞ സേവ് യൂണിവേഴ്‌സിറ്റി ഫോറം വക്താവിനോട് ഏത് വർഷം മുതൽക്കാണ് യു. ജി. സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് തുടങ്ങിയത് എന്ന് ചോദിക്കാനും ആളുണ്ടായില്ല! എന്റെ അടിസ്ഥാന യോഗ്യതയെ ചോദ്യം ചെയ്തവർ അവർ അവതരിപ്പിച്ച ഉദ്യോഗാർത്ഥി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അടിസ്ഥാനയോഗ്യതയായ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസ്സായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ മെനക്കെടാത്തതെന്തുകൊണ്ടായിരിക്കും? നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസ്സായി സർവീസിൽ വരുന്ന അസിസ്റ്റന്റ് പ്രൊഫസർമാർക്ക് പി. എച്ച്. ഡി ഗവേഷണം പൂർത്തീകരിക്കാൻ അനുവദിക്കുന്ന ‘ഡെപ്യൂട്ടേഷൻ’ ആണ് ശരിയായ അർഥത്തിൽ എഫ്. ഐ. പി അല്ലെങ്കിൽ എഫ്. ഡി. പി എന്ന പേരിൽ അറിയപ്പെടുന്നത്. ആ കാലയളവിൽ മറ്റ് മുഴുവൻ സമയ ഗവേഷകരെ പരാമർശിക്കുന്നതുപോലെ റിസർച്ച് ഫെല്ലോ എന്നല്ല ‘ടീച്ചർ ഫെല്ലോ ‘എന്ന വാക്ക് ഉപയോഗിച്ചാണ് എഫ്. ഐ. പി /എഫ്. ഡി. പി സ്‌കീമിൽ ഗവേഷണം ചെയ്യുന്നവരെ യു. ജി. സി റഗുലേഷനിൽ അടക്കം പരാമർശിക്കുന്നത്. ലീവ് ഒന്നും എടുക്കാതെ അധ്യാപക തസ്തികയിൽ ഇരുന്നുകൊണ്ടു തന്നെ നടത്തുന്ന പി. എച്ച്. ഡി ഗവേഷണം നേരിട്ടുള്ള നിയമനങ്ങൾക്കും ഉദ്യോഗക്കയറ്റത്തിനും ഒരു പോലെ പരിഗണിക്കും എന്നു തന്നെയാണ് 2018 വരെയുള്ള എല്ലാ യു. ജി. സി റെഗുലേഷനുകളിലും വ്യക്തമാക്കിയിട്ടുള്ളത്. അടിസ്ഥാന യോഗ്യതയായ NET പാസ്സായി ജോലിയിൽ പ്രവേശിച്ച അസിസ്റ്റന്റ് പ്രൊഫസർമാരെ സംബന്ധിച്ച് പി. എച്ച്. ഡി ഗവേഷണവും അധികയോഗ്യതയായി തന്നെ പരിഗണിക്കപ്പെടും. എഫ് ഐ പി കാലയളവ് ലീവായിരുന്നു എന്ന വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടന്നത്. എന്റെ ഡെപ്യൂട്ടേഷൻ ഉത്തരവും ഗവേഷണകാലത്ത് ഗവേഷണകേന്ദ്രമായ കണ്ണൂർ സർവകലാശാലാ ലൈബ്രറിയിലും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും ശനിയാഴ്ചകളും വേനലവധിക്കാലവും ഉൾപ്പടെ മുഴുവൻ പ്രവൃത്തി ദിവസങ്ങളിലും ഒപ്പുവെച്ചതിന്റെ രേഖകളും ഇല്ലാതാക്കാൻ ഈ പ്രചാരവേലകൊണ്ട് സാധിക്കുകയില്ലല്ലോ!

റിസർച്ച് സ്‌കോറുമായി ബന്ധപ്പെട്ടാണ് ഭീകരമായ തെറ്റിദ്ധരിപ്പിക്കൽ നടന്നത്. ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാൻ മാത്രമേ എ. പി. ഐ സ്‌കോർ പരിഗണിക്കേണ്ടതുള്ളൂ എന്ന യു. ജി. സി റഗുലേഷൻ കമ്യൂണിസ്റ്റ് നേതാവിന്റെ ഭാര്യയെ സഹായിക്കാൻ എഴുതിയുണ്ടാക്കിയതല്ല. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ മിനിമം എ. പി. ഐ സ്‌കോർ ആയ ‘75 ‘തികച്ചുള്ള മുഴുവൻ ആളുകളേയും കണ്ണൂർ സർവകലാശാല ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അതിനുമുകളിലേക്ക് ഉദ്യോഗാർത്ഥികൾ അവകാശപ്പെട്ട സ്‌കോറുകൾ സർവകലാശാല സൂക്ഷ്മ പരിശോധനയ്ക്ക് -യു. ജി. സി കെയർ ലിസ്റ്റിലോ സർവകലാശാല അംഗീകരിച്ച ജേർണലുകളുടെ പട്ടികയിലോ ഉൾപ്പെട്ട പ്രസിദ്ധീകരണങ്ങളിലാണോ ലേഖനം വന്നിട്ടുള്ളത് തുടങ്ങിയ കാര്യങ്ങളുടെ പരിശോധന -പരിഗണിച്ചിട്ടുമില്ല. എന്നിട്ടും ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ചതനുസരിച്ചു മാത്രം കമ്പ്യൂട്ടറിൽ ഓട്ടോ ജനറേറ്റ് ആയ സ്‌കോറുകളാണ് തെറ്റിദ്ധരിപ്പിക്കാനായി ഉപയോഗിച്ചത്. ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച എല്ലാവരെയും തുല്യരായി പരിഗണിച്ചുകൊണ്ടാണ് അഭിമുഖപരീക്ഷ നടക്കുന്നത്. ഉദ്യോഗാർത്ഥിയുടെ പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ചടക്കം അഭിമുഖപരീക്ഷയിൽ ചോദ്യങ്ങളും വരാം. അങ്ങനെയുള്ള അഭിമുഖ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. മനപ്പൂർവം തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള വാർത്തകളാണ് മാധ്യമങ്ങൾ ഇതു സംബന്ധിച്ചു നൽകിയത്. എ. പി. ഐ. സ്‌കോറുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർത്തികൊണ്ടുവന്ന മാധ്യമങ്ങൾ എന്തുകൊണ്ടായിരിക്കാം യു. ജി. സി റഗുലേഷനുകളിൽ എ. പി. ഐ സ്‌കോർ ചുരുക്കപ്പട്ടിക തയ്യാറാക്കാൻ മാത്രം പരിഗണിച്ചാൽ മതി എന്നൊരു നിഷ്‌കർഷ കൊണ്ടുവന്നത് എന്ന ചർച്ചയിലേക്ക് പോയിക്കണ്ടില്ല. വലിയ തുക ഈടാക്കികൊണ്ട് ബാക് ഡേറ്റഡായി പോലും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന വ്യാജ ജേർണലുകൾ പെരുകി വന്ന പശ്ചാത്തലം കൂടി ഈ നിഷ്‌കർഷയ്ക്കു പിന്നിൽ പ്രവർത്തിച്ചിരിക്കണം.

ഉദ്യോഗാർത്ഥികൾ സ്വയം അവകാശപ്പെട്ട എ. പി. ഐ സ്‌കോറിനെ പരീക്ഷാഫലമായി തെറ്റായി ചിത്രീകരിച്ചുകൊണ്ട് വലിയ തോതിലുള്ള പ്രചാരണങ്ങൾ സിങ്കിൾ ബഞ്ച് വിധിയെ തുടർന്ന് നടക്കുകയുണ്ടായി. നവ മാധ്യമങ്ങൾ വഴിയാണ് ആ പ്രചാരണം പ്രധാനമായും നടന്നത്. വസ്തുതാവിരുദ്ധ പ്രചരണങ്ങൾക്ക് കൂടുതൽ സാധ്യത നവമാധ്യമങ്ങളിലാണല്ലോ! ആ സാധ്യതയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചതിനെക്കുറിച്ച് ഒരു ഘട്ടത്തിൽ അതിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന സ്വാതി ചതുർവേദിയെ പോലെയുള്ളവർ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട് (I am a Troll). സ്വകാര്യ വാട്ട്‌സാപ്പ് അക്കൗണ്ടുവഴി വഴി പ്രചരിപ്പിക്കുന്ന കാര്യങ്ങൾ മുഖ്യധാരാ മാധ്യമങ്ങളുടെയത്ര വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കപ്പെടാറില്ല. നമുക്ക് ഊഹിക്കാൻ പോലുമാകാത്തത്ര വേഗതയിലാണ് അത്തരം വാർത്തകൾ പ്രചരിക്കുന്നതും. 156 V/s 651 എന്ന സംഖ്യ പരീക്ഷാഫലമായി പ്രചരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. കോടതിയുടെ പരിഗണനയിൽപോലും വരാത്ത ഈ സംഖ്യകളുടെ അടിസ്ഥാനത്തിലായിരുന്നു സിംഗിൾ ബഞ്ച് വിധി എന്ന പൊതുബോധമാണ് ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടത്. ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെട്ട വാർത്തകളൊന്നും പിന്നീട് ഏതെങ്കിലും അവസരത്തിൽ തിരുത്തപ്പെടുന്നതേയില്ല! (ഇത് എഴുതുന്ന അവസരത്തിൽ പോലും ആ പ്രചരണം സ്വാധീനിച്ച എത്രപേർ അതൊരു വ്യാജവാർത്തയായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് നമുക്കറിയില്ല.) മുഖ്യധാരാ മാധ്യമങ്ങളുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നവ മാധ്യമങ്ങളുടെയും എല്ലാം സാധ്യതകൾ കമ്യൂണിസ്റ്റുവിരുദ്ധ പ്രചാരണങ്ങളിൽ ഒത്തുചേരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം കോ–-ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന കാലം അധ്യാപനപരിചയമായി കണക്കാക്കാനാവില്ല എന്ന മാധ്യമ പ്രചാരണം ബഹുമാന്യമായ ആ സംഘടനയുടെ പ്രവർത്തനങ്ങളെപ്പോലും വിലകുറച്ചു കാണിക്കുന്ന വിധത്തിലായിപ്പോയി. സാമൂഹിക പ്രവർത്തനത്തിന്റെയും സന്നദ്ധ സേവനത്തിന്റെയും ഗാന്ധിയൻ ആശയങ്ങൾ യുവാക്കളിലേക്ക് പകർന്നു കൊടുക്കാൻ ലക്ഷ്യം വെച്ചുകൊണ്ടു രൂപീകൃതമായ നാഷണൽ സർവീസ് സ്‌കീമിന്റെ പ്രവർത്തനങ്ങളെ ‘കോ -കരിക്കുലർ ആക്ടിവിറ്റി ‘ആയിട്ടാണ് മുൻകാലങ്ങളിൽ പരിഗണിച്ചിരുന്നതെങ്കിൽ ഇപ്പോൾ കരിക്കുലത്തിന്റെ തന്നെ ഭാഗമായിട്ടാണ് പരിഗണിക്കുന്നത്. പ്രിയാവർഗീസിന്റെ ജീവിതപങ്കാളിയോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മാധ്യമങ്ങൾ ഉപയോഗിച്ച ഭാഷ, കൊറോണക്കാലത്തും പ്രളയകാലത്തുംപോലും നിസ്തുലമായ സേവനങ്ങൾ സമൂഹത്തിനായി ചെയ്ത നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാരുടെ ആത്മാഭിമാനത്തെപ്പോലും മുറിപ്പെടുത്തുന്ന വിധത്തിലായിരുന്നു. അത് മനസ്സിലാക്കി തന്നെയാണ് ഡിവിഷൻ ബഞ്ച് ഈ കേസിന്റെ വിധിപ്രസ്താവനയിൽതന്നെ മാധ്യമങ്ങളെ രൂക്ഷമായ ഭാഷയിൽ താക്കീത് ചെയ്തത്.

അധ്യാപനം എന്നത് നാലു ചുമരുകൾക്കുള്ളിൽ മാത്രം സംഭവിക്കുന്ന പരീക്ഷാ പരിശീലനമാണെന്ന സങ്കല്പം വിദ്യാഭ്യാസക്കച്ചവടക്കാർ നടത്തുന്ന ടീച്ചിങ് ഷോപ്പുകളുടെ വിദ്യാഭ്യാസാദർശമാണ്. വിദ്യാഭ്യാസകമ്മീഷനുകളിൽപോലും വിദ്യാഭ്യാസ വിചക്ഷണർ പുറന്തള്ളപ്പെടുകയും കച്ചവടക്കാരുടേയും ഉദ്യോഗസ്ഥരുടേയും തീരുമാനങ്ങൾ നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന സമകാലിക സാഹചര്യങ്ങളിൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ശരിയായ സമീപനങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ബാധ്യത ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കുമുള്ളതാണ്. അധ്യാപന പരിചയം അവശ്യയോഗ്യതയായി നിഷ്‌കർഷിക്കപ്പെടുന്ന നിരവധി തസ്തികകൾ സർവകലാശാലകളിലും മറ്റ് അക്കാദമികൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലും ഉണ്ട്. ആ തസ്തികകളിലേക്കൊന്നും ഭാവിയിൽ അധ്യാപകരുടെ സേവനം ലഭ്യമാകാത്ത സാഹചര്യം സിങ്കിൾ ബഞ്ച് വിധിക്കുശേഷം സംജാതമായിരുന്നു. ആ ഒരു പ്രതിസന്ധികൂടിയാണ് ഡിവിഷൻ ബഞ്ചിന്റെ വിധിയോടെ പരിഹരിക്കപ്പെട്ടത്.

അരുത് മാധ്യമവിചാരണ

പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ 
ഹെെക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച 
വിധിന്യായത്തിന്റെ അവസാന ഭാഗം
34. ഈ കേസ് അവസാനിപ്പിക്കുന്നതിനു മുമ്പ്, ഈ കേസിന് ലഭിച്ച മാധ്യമശ്രദ്ധ കണക്കിലെടുത്ത് കുറച്ച് നിരീക്ഷണങ്ങൾ നടത്തുന്നത് ഉചിതമാണെന്ന് ഞങ്ങൾ കരുതുന്നു. അക്കാദമിക് സമിതികളുടെ തീരുമാനങ്ങളിൽ ഇടപെടുമ്പോൾ കോടതികൾ ജാഗ്രത പാലിക്കേണ്ടത് വളരെ അനിവാര്യമാണ്, കാരണം പല തീരുമാനങ്ങളുടെയും നിയമസാധുത പരിശോധിക്കുമ്പോൾ അപരിചിതമായ പല കാര്യങ്ങളും കയറി വരും. അക്കാദമിക് പദപ്രയോഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകളുടെ യഥാർത്ഥ വ്യാപ്തി പരിശോധിക്കുമ്പോൾ പല ബുദ്ധിമുട്ടുകളും നേരിടും. കാരണം സന്ദർഭങ്ങൾക്കനുസരിച്ചു സ്വീകരിക്കാവുന്ന ധാരാളം വ്യാഖ്യാനങ്ങൾക്കുള്ള സാധ്യത ഇവിടെയുണ്ട്. അത്തരം സന്ദർഭങ്ങളിൽ, അക്കാദമിക് വിദഗ്ദ്ധരുടെ വീക്ഷണങ്ങൾക്ക് അർഹമായ വെയിറ്റേജ് നൽകുക എന്നതാണ് സ്വീകരിക്കാവുന്ന ഉചിതമായ തീരുമാനം. യുക്തി പ്രകാരം കേസുകളുടെ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ വിദഗ്ധ അക്കാദമിക് സമിതികളുടെ തീരുമാനങ്ങൾക്ക് മതിയായ പരിഗണന നൽകാറുണ്ട്. അത്തരം സമിതികളുടെ തീരുമാനങ്ങളിൽ ഇടപെടുന്നത് നിയമത്തിലെ വകുപ്പുകളുടെ കൃത്യമായ ലംഘനം കാണപ്പെടുമ്പോഴോ അവരുടെ തീരുമാനങ്ങളിൽ ജൂഡിഷ്യൽ റിവ്യൂ ആവശ്യമുള്ള കാരണങ്ങൾ കാണുമ്പോഴോ ആണ്.

അക്കാദമിക് മേഖലയുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങൾക്ക് പതിവിൽ കവിഞ്ഞ മാധ്യമ ശ്രദ്ധ ലഭിക്കുകയും അതുമായി ബന്ധപ്പെട്ട ചർച്ചകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ തുടങ്ങിയവ കോടതി വ്യവഹാരങ്ങളെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ കോടതികൾ നിർബന്ധിതമാവുകയും ചെയ്യുന്ന സന്ദർഭങ്ങൾ വളരെ കൂടുതലാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ ഇത്തരത്തിലുള്ള ചർച്ചകൾ ഒഴിവാക്കണമെന്ന് അച്ചടി- – ഇലക്‌ട്രോണിക് മാധ്യമങ്ങളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത് നിയമവാഴ്ച ശക്തിപ്പെടുത്തി നീതി നടപ്പിലാക്കുന്നത് എളുപ്പമാക്കാനാണ്.

35. കോടതിയിൽ കേസ് നടക്കുമ്പോൾ ഒരു ജഡ്ജിയുടെ വാക്കാലുള്ള പരാമർശങ്ങളെ അടിസ്ഥാനമാക്കി, മാന്യമല്ലാത്ത അഭിപ്രായങ്ങളിലൂടെയും പരാമർശങ്ങളിലൂടെയും കക്ഷിയുടെ അന്തസ്സിനും സൽപ്പേരിനും വരുത്തുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാധ്യമങ്ങൾക്ക് ഒഴിഞ്ഞുമാറാനാവില്ല. വ്യവഹാരത്തിൽ കക്ഷി വിജയിച്ചോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ല. വാദം കേൾക്കുന്ന ജഡ്‌ജി നടത്തുന്ന പരാമർശങ്ങൾ കേസിന്റെ ഗുണദോഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളായി പരിഗണിക്കാനാവില്ലെന്ന് ഈയിടെ പറഞ്ഞത് രാജ്യത്തിന്റെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ്. ന്യായമായ വിചാരണയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും, അടുത്ത കാലത്തായി, സ്വകാര്യതയ്ക്കുള്ള അവകാശവും അതിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടു (K.S. Puttaswamy & Anr vs. Union of India & Ors ലെ സുപ്രീം കോടതി. – [(2017) 10 എസ്‌സി‌സി 11). പ്രസ്‌തുത വിധിക്ക് മുമ്പുതന്നെ, ഒരാളുടെ സൽപ്പേര് സംരക്ഷിക്കാനുള്ള അയാളുടെ അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിരുന്നു (നദ്കർണി – [(1983) 1 SCC 124]). 1965ലെ സിവിൽ, പൊളിറ്റിക്കൽ റൈറ്റ്‌സ് ഓൺ ഇന്റർനാഷണൽ കൺവെൻഷൻ, മറ്റുള്ളവരുടെ സൽപ്പേരിനുള്ള അവകാശത്തിന് വിധേയമായി മാത്രമേ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശവും നിലനിൽക്കുന്നുള്ളൂവെന്ന് പറയുന്നു. ബിഹാർ വേഴ്സസ് ലാൽ കൃഷ്ണ അദ്വാനി- [(2003) 8 SCC 3611-ലും ഈ അവകാശം അംഗീകരിക്കപ്പെട്ടതാണ്.

36. ഒരു വ്യക്തിയുടെ നടപടികൾമൂലം മറ്റൊരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവാതിരിക്കാൻ നമ്മുടെ മൗലികാവകാശങ്ങളിൽ പലതിനും ഭരണഘടനതന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി ഗ്രാൻവിൽ ഓസ്റ്റിൻ നമ്മുടെ ഭരണഘടനയെക്കുറിച്ചുള്ള തന്റെ “The Indian Constitution – The Cornerstone of a Nation” എന്ന പ്രബന്ധത്തിൽ പറയുന്നുണ്ട്. ആർട്ടിക്കിൾ 23 ൽ വ്യക്തിയുടെ സ്വകാര്യതയെന്നത് മൗലികാവകാശമായി അംഗീകരിക്കപ്പെട്ട കാര്യമാണ്. സ്വന്തം അന്തസ്സും സൽപ്പേരും സംരക്ഷിക്കാനുള്ള അവകാശവും അതിന്റെ ഭാഗമായി വരും. ഇതിന്റെ വ്യവസ്ഥകൾ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള നീക്കങ്ങളെ നിയന്ത്രിക്കാൻ വേണ്ടി മാത്രമല്ല ഉപയോഗിക്കേണ്ടത്. സ്വകാര്യവ്യക്തികൾ, മാധ്യമങ്ങളടക്കമുള്ള സ്ഥാപനങ്ങൾ തുടങ്ങിയവ മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്കും സൽപ്പേരിലേക്കും കൈകടത്തുന്നത് തടയാനും ഈ അവകാശം വഴി സാധിക്കണം. അതിനാൽ, മാധ്യമങ്ങൾ കോടതിയുടെ ഈ നിരീക്ഷണങ്ങൾ ശ്രദ്ധിക്കുമെന്നും വരുംദിവസങ്ങളിൽ സ്വമേധയാ ഉത്തരവാദിത്തമുള്ള പെരുമാറ്റരീതി അവലംബിച്ചു റിപ്പോർട്ട് ചെയ്യുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

മാധ്യമതാളത്തിന് 
ആടിത്തിമിർത്തവർ
അധ്യാപക തസ്തികയിലായിരുന്നിട്ടും രാഷ്ട്രീയവൈരാഗ്യവും പരദ്രോഹബുദ്ധിയും തെല്ലും കുറയാത്ത ഒരു സെനറ്റ് അംഗം നൽകിയ പരാതി കമ്യൂണിസ്റ്റുവിരുദ്ധ പ്രചാരണ സാധ്യത ഉണ്ടെന്ന് കണ്ടറിഞ്ഞ് പല ഘട്ടങ്ങളിലായി പല കേന്ദ്രങ്ങളും ഏറ്റു പിടിക്കുന്ന കാഴ്ചയാണ് ഈ വിവാദങ്ങളുടെ നാൾവഴികൾ പരിശോധിച്ചാൽ വ്യക്തമാവുക. സേവ് യൂണിവേഴ്‌സിറ്റി ഫോറം എന്ന കടലാസ് സംഘടന, യൂണിവേഴ്‌സിറ്റികളിലെ അനധ്യാപക തസ്തികകളിൽ പൂർണമായും രാഷ്ട്രീയ നിയമനം മാത്രം നടന്നിരുന്ന ഒരു കാലത്ത് യൂണിവേഴ്‌സിറ്റി തസ്തികകളിൽ കയറിപ്പറ്റുകയും ആ കാലത്തു നടത്തിയ അഴിമതികൾ റിട്ടയർമെന്റിനുശേഷവും നടത്തിയെടുക്കാൻ സാധിക്കാതെ വരുന്നതിന്റെ കൊതിക്കെറുവിൽ മാനസിക വിഭ്രാന്തി വന്നിട്ടുള്ള ചിലരുടെ ചരടുവലിയിൽ പ്രവർത്തിക്കുന്ന ഒന്നാണ്. ഇത്തരം ഉപജാപക സംഘങ്ങൾക്കുമുന്നിൽ വാതിലുകൾ തുറന്നിട്ടാൽ എത്ര ഉന്നതമായ ഓഫീസ് ആയാലും ആ ഓഫീസിന്റെ വിശ്വാസ്യതയും മാന്യതയും അപകടത്തിലാവും എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ ഏകാധിപതികളുടെ ചരിത്രങ്ങളിലെല്ലാം ഒരു ഉപചാപക സംഘത്തെ കണ്ടെത്താൻ സാധിക്കും എന്നത് എല്ലാ ഏകാധിപതികൾക്കും അത്ഭുതപ്പെടുത്തുന്ന ചില സമാനതകൾ ഉണ്ടെന്നതിനു കൂടി നിദർശനമാണ്.

രണ്ടു പൗര ജനങ്ങൾ തമ്മിൽ തർക്കമുണ്ടായാൽ ഭരണഘടനാ പദവിയിൽ ഇരിക്കുന്ന വ്യക്തികൾ നിയമാനുസൃതമായിട്ടല്ലാതെ പക്ഷപാതപരമായി നിലപാടുകൾ സ്വീകരിക്കില്ല എന്നതാണ് ആധുനികമായ ഭരണഘടനാ സ്ഥാപനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷ. എന്നാൽ കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഏറ്റവും ഉന്നതമായ ഭരണഘടനാ പദവിയിൽ ഇരിക്കുന്ന വ്യക്തിതന്നെ തന്റെ പദവിക്ക് ഒട്ടും ചേരാത്ത തരത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ പരസ്യപ്രസ്താവന നടത്തുന്ന സാഹചര്യമുണ്ടായി എന്നത് തികച്ചും ദൗർഭാഗ്യകരമായിരുന്നു. അതോടെ രണ്ട് ഉദ്യോഗാർത്ഥികൾ തമ്മിലുള്ള തർക്കം എന്നതിനേക്കാൾ വലിയ മാനങ്ങളിലേക്ക് ഈ കേസ് എത്തിപ്പെടുകയുണ്ടായി. അത് ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെപ്പോലും സ്വാധീനിക്കുന്ന തരത്തിലേക്ക് വളരുകയും ചെയ്തു.

ഈ കേസിൽ യു. ജി. സി യുടെ ഇടപെടലും തീർത്തും അസ്വാഭാവികവും പക്ഷപാതപരവുമായിരുന്നു. യുജി സി ആദ്യഘട്ടത്തിൽ ഈ കേസിൽ കക്ഷി അല്ലാതിരുന്നിട്ടും സ്യുഓ മോട്ടോ അധികാരമുപയോഗിച്ചു യു. ജി. സിയെ കോടതി വിളിച്ചു വരുത്തുകയായിരുന്നു. യു. ജി. സി വക്കീലാവട്ടെ എഫ്. ഡി. പി ഗവേഷണം ലീവെടുത്തുള്ള ഗവേഷണമാണെന്ന വസ്തുതാ വിരുദ്ധമായ നിലപാട് കോടതിയിൽ സ്വീകരിക്കുകയും ചെയ്തു. യു. ജി. സി തന്നെ നെറ്റ് പാസ്സായി അസിസ്റ്റന്റ് പ്രൊഫസർമാരായി വരുന്ന അധ്യാപകർക്ക് നൽകിയിരുന്ന ഒരു സവിശേഷാനുകൂല്യത്തെ ഒരു പ്രത്യേകം കേസിൽ തള്ളിപ്പറയുന്ന അസാധാരണമായ സാഹചര്യമാണുണ്ടായത്. അതുകൊണ്ടാണ് വിചാരണവേളയിൽ ഡിവിഷൻ ബെഞ്ചിന് നിങ്ങൾ നിങ്ങളുടെ റഗുലേഷനു തന്നെ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും, റഗുലേഷനിലുള്ള കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതിയെന്നും വ്യാഖ്യാനം കോടതിയാണ് നടത്തേണ്ടതെന്നും യു. ജി. സി വക്കീലിനെ താക്കീത് ചെയ്യേണ്ടി വന്നത്. തിഹാർ ജയിലിന്റെ സൂപ്രണ്ടിനെപ്പോലെ പ്രവർത്തിക്കുന്ന സർവകലാശാലാ വൈസ് ചാൻസിലർമാർ യു. ജി. സി തലപ്പത്ത് വരുന്ന സംഘപരിവാർ കാലത്ത് അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ അനുകൂലമായ നിലപാടുകൾ പ്രതീക്ഷിക്കരുത് എന്ന മുന്നറിയിപ്പു കൂടിയാണ് യു. ജി. സി വക്കീലിന്റെ നിലപാടിൽ പ്രതിഫലിച്ചത്.

ഭാര്യാപദവി ഉപയോഗിച്ചുള്ള 
സമ്മതിനിർമ്മിതിയിൽ 
വെളിപ്പെട്ട സ്ത്രീവിരുദ്ധത
പൊതുബോധത്തിലുള്ള ചില ധാരണകളെ വളച്ചൊടിച്ച് തങ്ങൾക്കനുകൂലമായ സമ്മതികൾ നിർമ്മിച്ചെടുക്കാൻ വലതുപക്ഷ ശക്തികൾ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. പഴയ കമ്യൂണിസ്റ്റ് നേതാക്കൾ മഹാന്മാരായിരുന്നെങ്കിലും ഇപ്പോഴുള്ളവർ അങ്ങനെയല്ല, ഇടതുപക്ഷവും വലതുപക്ഷവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല, നിക്ഷേപം വരാത്തതിനുത്തരവാദികൾ തൊഴിലാളി സംഘടനകളാണ് തുടങ്ങി നിരവധി ആഖ്യാനങ്ങൾ – (Narratives) -മാധ്യമങ്ങൾ നിർമ്മിച്ചെടുത്തിട്ടുണ്ട്. അതിലൊന്നാണ് ഇടതു നേതാക്കളുടെ ഭാര്യമാരൊക്കെ ബന്ധുനിയമനം ലഭിച്ചവരാണ് എന്നത്. കെ. ആർ. മീരയുടെ ‘ഓർമ്മയുടെ ഞരമ്പ്’എന്ന കഥയിൽ ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. ഭർത്താവിന്റെ പേര് വെച്ച് താൻ എഴുതിയ കഥയ്ക്ക് ലഭിച്ച സമ്മാനം സ്വയം വാങ്ങാൻ മടിയില്ലാത്ത ഭർത്താവിനെയും ‘‘പെണ്ണുങ്ങൾക്ക് എന്തു കഥ! ചോറും കറിയും വെക്കാനറിയണം പെറണം’’ എന്നു പറയുന്ന അമ്മായിയമ്മയേയും കഥ അവതരിപ്പിക്കുന്നുണ്ട്. അതുപോലെയായിരിക്കണം സകല മനുഷ്യരും ഭാര്യമാരെ പരിചരിക്കേണ്ടത് എന്ന ബോധമാണ്, അല്ലെങ്കിൽ അതാണ് മാതൃകാ ഭർത്താവും ഭാര്യയും എന്നതാണ് മാധ്യമങ്ങളുടെ സ്റ്റോറിലൈനുകൾ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. സ്വന്തമായി ഒരു ജോലിക്കപേക്ഷിക്കാനോ ജോലി നേടിയെടുക്കാനോ പ്രാപ്തിയില്ലാത്ത ‘കുട്ടികൾ ‘ ആയിട്ടാണ് ഭാര്യമാരെ ഈ ആഖ്യാനം സങ്കല്പിക്കുന്നത്. അതുകൊണ്ടാണ് ഭാര്യയുടെ അപേക്ഷയുടെയും നിയമനത്തിന്റെയും എല്ലാം ഉത്തരവാദിത്വം ഭർത്താവിനാകുന്നത്. എന്താ സ്ത്രീകളെ വിമർശിക്കാൻ പാടില്ലേ? മുഖ്യമന്ത്രിയുടെ ഓഫിസിനെ വിമർശിക്കാൻ പാടില്ലേ, എന്നൊക്കെ നിഷ്‌കളങ്കമെന്ന് തോന്നുന്ന സംശയങ്ങൾ ഉന്നയിക്കുന്നവർ മേൽസൂചിപ്പിച്ച ആഖ്യാനങ്ങളെ സാധ്യമാക്കുന്നതുതന്നെ ആൺകോയ്മാ മൂല്യങ്ങളാണെന്ന് കാണുന്നില്ല.

ചുരുക്കപ്പട്ടികയിൽ ഇടം പടിച്ചവരിൽ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ചില സ്ത്രീപക്ഷ ആലോചനകൾക്ക് വക നൽകുന്നുണ്ട്. ഉയർന്ന തസ്തികകളിലേക്ക് അപേക്ഷിക്കാനും അതിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും ആവശ്യമായ അധിക സമയം ഈ നാട്ടിലെ സ്ത്രീകൾക്ക് പുരുഷന്മാർക്ക് ലഭിക്കുന്നത്രയും ലഭിക്കുന്നില്ല എന്നതും യഥാർത്ഥ്യമാണ്. സ്വന്തമായി ഒരു മുറി പോയിട്ട് സ്വന്തമായി നിമിഷങ്ങൾ പോലും ഇല്ലാത്ത സ്ത്രീസമൂഹത്തെയാണ്, ഇരട്ടി അധ്വാനം ചെയ്ത് അവർ നേടിയെടുക്കുന്ന നേട്ടങ്ങളെപ്പോലും ഭർത്താവിന്റെ ലേബലിൽ അടയാളപ്പെടുത്തി തമസ്‌കരിച്ചുകൊണ്ട് ഇവിടുത്തെ ആൺകോയ്മാ മാധ്യമങ്ങൾ വീണ്ടും ഇരുട്ടിലാഴ്ത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വ്യക്തിഹത്യയോളമെത്തിയ മാധ്യമ വേട്ടയ്ക്കാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഞാൻ വിധേയയായത്. 2003ൽ തന്നെ കേന്ദ്രസർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സ്ഥിരനിയമനം ലഭിക്കുകയും, നാഷണൽ എലിജിബിലിറ്റി ടെസ്റ്റും പിഎച്ച്ഡിയും ഉൾപ്പെടെയുള്ള യോഗ്യതകൾ കരസ്ഥമാക്കി 2012 മുതൽ കൊച്ചിൻ ദേവസ്വം ബോർഡിനുകീഴിലുള്ള കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കി വരികയും ചെയ്യുന്ന ഒരാളാണ് ഞാൻ. വിദ്യാർത്ഥി ജീവിത കാലത്ത് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ, സ്റ്റുഡന്റ് എഡിറ്റർ, ചെയർപേഴ്‌സൺ തുടങ്ങിയ പദവികളിലേക്ക് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആളുമാണ്. എന്നാൽ നിലവിൽ ജോലിയും യോഗ്യതയും ഒന്നുമില്ലാതെ ഭർത്താവിന്റെ വഴിവിട്ട ഇടപെടലിലൂടെ ജോലി തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഒരു തട്ടിപ്പുകാരി ആയിട്ടാണ് മാധ്യമങ്ങൾ എന്നെ കഥാപാത്രവൽക്കരിക്കാൻ ശ്രമിച്ചത്. കഥകളിലെ കഥാപാത്രങ്ങളെ യഥാർത്ഥ വ്യക്തികളായി വായിക്കാൻ ശ്രമിക്കുന്നതുപോലെ അപകടമാണ് യഥാർത്ഥ വ്യക്തികളെ ചില നിക്ഷിപ്ത താല്പര്യക്കാരുടെ ഉദ്ദേശ്യങ്ങൾക്കനുസരിച്ച് കഥാപാത്രവൽക്കരിക്കാൻ ശ്രമിക്കുന്നതും. അത്തരം കഥാപാത്രവൽക്കരണങ്ങൾ ആരുടെ കാര്യത്തിലായാലും നീചമായ വ്യക്തിഹത്യയാണ്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതിയെ കുറ്റവാളി ആയി ചിത്രീകരിക്കരുത് എന്ന് നിഷ്‌കർഷിക്കുന്ന ആധുനിക നീതി ബോധത്തിൽ നിന്ന് കുറ്റാരോപിതരെ കല്ലെറിഞ്ഞു കൊല്ലുന്ന പ്രാകൃത നീതിബോധത്തിലേക്ക് സമൂഹം തിരിഞ്ഞു നടക്കുമ്പോഴാണ് ആൾക്കൂട്ടക്കൊലപാതകങ്ങളെ ന്യായീകരിക്കുന്ന പൊതുബോധം നിർമ്മിക്കപ്പെടുന്നത്.

വ്യക്തികളുടെ സ്വകാര്യതയേയും മാന്യതയേയും ഹനിക്കാൻ മറ്റു വ്യക്തികൾക്ക് അവകാശമില്ല. അവർ മാധ്യമപ്രവർത്തകരാണെങ്കിലും അതില്ല എന്ന് കോടതിക്കു തന്നെ പറയേണ്ടി വന്നത് നമ്മുടെ മാധ്യമ റിപ്പോർട്ടുകളിൽ വന്ന മൂല്യച്യുതി കാരണമാണ്. ഓരോ വ്യക്തിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന, കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയും പോലും വലിയ സംഘർഷങ്ങളിലേക്ക് തള്ളി വിടുന്ന തരത്തിലുള്ള ‘പാപ്പരാസി’ പത്രപ്രവർത്തനത്തിലേക്കാണ് പലപ്പോഴും മാധ്യമങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്കെതിരെ നേരിട്ട് ഒന്നും പറയാൻ കിട്ടാതെ വരുമ്പോൾ അവരുടെ ബന്ധുക്കളെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന ആസൂത്രിത ഗൂഢാലോചന ഇടതുപക്ഷത്തിനെതിരെ മാത്രമാണ് നിഷ്പക്ഷ നാട്യമുള്ള മാധ്യമങ്ങൾ പ്രയോഗിച്ചു കാണുന്നത്. അതേസമയം വലിയ അഴിമതികളിലും വംശഹത്യയിൽ പോലും നേരിൽ പങ്കുള്ള വലതു നേതാക്കൾക്കെതിരെ യാതൊന്നും ശബ്ദിക്കാതിരിക്കുകയും ചെയ്യുന്നവർ മെക്കാർത്തിയൻ സ്‌കൂളിൽ പഠിച്ചവരാണ്. ശീതയുദ്ധകാലത്തെ കമ്യൂണിസ്റ്റുവിരുദ്ധ പ്രചരണങ്ങൾക്ക് പദ്ധതി തയ്യാറാക്കിയ, അമേരിക്കൻ സെനറ്ററായിരുന്ന ജോസഫ് മക്കാർത്തി, കമ്യൂണിസ്റ്റുകാർക്കെതിരെ ക്ഷുദ്ര വികാരമുണർത്തിവിടുന്ന കള്ള പ്രചരണങ്ങൾ, കേസ്സുകൾ, എല്ലാ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും അവരെ ഒഴിവാക്കാനുള്ള രഹസ്യാന്വേഷണപരമായ നീക്കങ്ങൾ, മാധ്യമ ഗൂഢാലോചനകൾ, അപവാദ പ്രചരണങ്ങൾ എന്നിവയാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. മറ്റെന്തൊക്കെ യോഗ്യതകളുണ്ടെങ്കിലും കമ്മ്യൂണിസ്റ്റുകാരുടെ ബന്ധുവായിരിക്കുക എന്നത് അയോഗ്യതയായി പരിഗണിക്കപ്പെടുന്ന നിരവധി അനുഭവങ്ങൾ നമുക്കു മുൻപിലുണ്ട്. അർദ്ധ സത്യങ്ങളും അസത്യങ്ങളും തരാതരം അവതരിപ്പിച്ച് കമ്യൂണിസ്റ്റ് അനുഭാവികളിൽ പോലും സംശയങ്ങളുടെ വിത്തു പാകിക്കൊണ്ടുള്ള ആസൂത്രിത നീക്കങ്ങളാണ് ഈ അനുഭവങ്ങളിലെല്ലാം കാണാൻ സാധിക്കുക. കോടതിയുടെ താക്കീതുണ്ടായാലും വലതു മാധ്യമങ്ങൾ ഇനിയും തങ്ങളുടെ ശൈലി മാറ്റും എന്ന് പ്രതീക്ഷിക്കാൻ വയ്യ. മാധ്യമ പ്രവർത്തനത്തെയും മാധ്യമ ഗൂഢാലോചനകളെയും തിരിച്ചറിയാനുള്ള ജാഗ്രത പുലർത്തുക മാത്രമേ കരണീയമായുള്ളൂ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 2 =

Most Popular