Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിമാറ്റൊലി അറയും അരിപ്പു കുമിളകളും

മാറ്റൊലി അറയും അരിപ്പു കുമിളകളും

ആർ പാർവതി ദേവി

ത്യാനന്തര കാലം എന്ന് ആദ്യം പ്രയോഗിച്ച സെർബിയൻ അമേരിക്കൻ നാടക പ്രവർത്തകനായ സ്റ്റീവ് ടെസ്സിക് പോലും തന്റെ നിരീക്ഷണം ഇത്രയും കൃത്യമാകുമെന്ന് കരുതിയിട്ടുണ്ടാവില്ല. 2016 ലെ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയവും യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പുറത്തുപോയതും (ബ്രെക്സിറ്റ്‌ ) അന്താരാഷ്ട്രതലത്തിലുണ്ടായ നിർണായക രാഷ്ട്രീയ സംഭവ വികാസങ്ങൾ ആയിരുന്നു. രാഷ്ട്രീയ വ്യവഹാരങ്ങളിൽ നിരീക്ഷകർ ഈ കാലഘട്ടത്തെ സത്യാനന്തരകാലമായി അടയാളപ്പെടുത്തി. സത്യാനന്തരം എന്ന വാക്ക് മുൻ വർഷത്തേക്കാൾ 2000 %കൂടുതൽ 2016 ൽ ഉപയോഗിക്കപ്പെട്ടു അത്രേ! അതോടെ 2016 ലെ “ഈ വർഷത്തെ പദം’ ആയി ഓക്സ്ഫോർഡ് ഡിക്ഷ്ണറി സത്യാനന്തരത്തെ ( Post Truth )തെരഞ്ഞെടുക്കുകയും ചെയ്തു.

വസ്തുതകൾക്കും യുക്തിക്കും അപ്പുറം വികാരത്തിനും ആത്മനിഷ്ഠതയ്ക്കും പ്രാധാന്യം നൽകുന്നു എന്നതാണ് സത്യാനന്തര കാലത്തിന്റെ പ്രധാന സവിശേഷത. വസ്തുനിഷ്ഠ വസ്തുതകളേക്കാൾ വൈകാരികവും വ്യക്തിപരവുമായ വിശ്വാസങ്ങളും മുൻവിധികളും നിർണായകമായി സ്വാധീനിക്കുന്ന രാഷ്ട്രീയ, സാംസ്‌കാരിക പരിതോവസ്ഥയാണ് സത്യാനന്തരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് . ജ്ഞാനത്തിന്റെയും സത്യത്തിന്റെയും അടിസ്ഥാനഘടകങ്ങളെ തന്നെ ഈ പ്രതിഭാസം സ്വാധീനിക്കുന്നു.

സമൂഹത്തിന്റെ മൂല്യ വ്യവസ്ഥയെ അപ്പാടെ തകിടം മറിക്കാൻ ഇതുമൂലം സാധിക്കുമെന്ന് സാമൂഹ്യ നിരീക്ഷകരും വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. അത്തരത്തിലുള്ള ആശങ്കയിൽ നിന്നാണ് 2004 ൽ റാൽഫ് കെയ്‌സ് “The Post-Truth Era: Dishonesty and Deception in Contemporary Life’ എന്ന പുസ്തകം രചിച്ചത്. (സത്യാനന്തര കാലം : സമകാലിക ജീവിതത്തിലെ നെറികേടും തട്ടിപ്പും എന്ന് പുസ്തകത്തിന്റെ ശീർഷകത്തെ പരിഭാഷപ്പെടുത്താം). സത്യം എന്നത് എങ്ങനെയും രൂപപരിണാമം ചെയ്യാവുന്ന ഒന്നായി മാറിയ കാലഘട്ടത്തിൽ ജീവിക്കേണ്ടി വരുമ്പോൾ സംഭവിക്കുന്ന സങ്കീർണമായ അവസ്ഥകളെയാണ് റാൽഫ് കെയ്‌സ് ഉൾക്കാഴ്ചയോടെ അപഗ്രഥിക്കുന്നത് . പരമമായ സത്യം എന്നതിനു പകരം ക്രയവിക്രയം ചെയ്യാൻ കഴിയുന്ന ചരക്കായി സത്യം മാറിയതായും കെയ്‌സ് പറയുന്നു.

അപായകരമായ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സാമൂഹ്യ മാധ്യമങ്ങൾക്കും പരമ്പരാഗത മാധ്യമങ്ങൾക്കും ഉള്ള നിർണായകമായ പങ്കിനെ സാമൂഹ്യ ശാസ്ത്രജ്ഞർ നിശിതമായി വിമർശിക്കുന്നു. ആർക്കും റിപ്പോർട്ടർമാരോ സാമൂഹ്യ നിരീക്ഷകരോ ആകാൻ സൗകര്യം ഒരുക്കിക്കൊടുക്കുന്ന ‘തുറന്ന’ മാധ്യമം എന്നു പറയാവുന്ന സാമൂഹ്യ മാധ്യമങ്ങളുടെ വികാസം പരമ്പരാഗത മാധ്യമങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുകയും ആഗോള മാധ്യമം വ്യവസായമായി പരിണമിക്കുകയും ചെയ്തു. വിനോദവിജ്ഞാനം എന്ന മേഖലയാണ് ഇന്ന് മാധ്യമങ്ങളുടേത് . വാർത്ത പോലും ചരക്കാണ് . ചർച്ചകളും സംവാദങ്ങളും കെട്ടുകാഴ്ചകൾ ആയിത്തീർന്നു. സത്യത്തിനു ചുറ്റും പുകമറ സൃഷ്ടിക്കുകയും വ്യാജവാർത്തകൾക്ക് പ്രചാരണം ലഭിക്കുകയും ചെയ്യുന്നു . അവാസ്തവങ്ങളും അപവാസ്തവങ്ങളും വളച്ചൊടിച്ച സത്യങ്ങളും സത്യാനന്തര കാലത്തിന്റെ പ്രധാന ലക്ഷണങ്ങളാണ് . റാൽഫ് കെയ്‌സ് ഉപയോഗിക്കുന്ന പദങ്ങൾ Neo truth, soft truth, false truth, truth lite എന്നിവയാണ്. സത്യത്തിന് ഒരു നിറം അല്ല, എത്രയോ നിറങ്ങൾ ആണെന്ന് അർഥം . സത്യവും അസത്യവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവണ്ണം കൂടിക്കുഴയുന്നു.

വിവരോത്പാദനവും വിനിമയവും പങ്കു വെക്കലും വിപ്ലവകരമായി ജനാധിപത്യപരമാക്കുവാൻ സാമൂഹ്യ മാധ്യമങ്ങൾ ഇടയാക്കിയെന്നത് യാഥാർഥ്യമാണെങ്കിലും ‘മാറ്റൊലി അറകളും’ ‘അരിപ്പു കുമിളകളും’ സൃഷ്ടിക്കപ്പെടുന്നത് സത്യത്തിൽ നിന്നും ജനസമൂഹത്തെ അകറ്റി നിർത്തുന്നു എന്നാണ് പലരും നിരീക്ഷിക്കുന്നത്. കാസ് ആർ സൻസ്റ്റീൻ എന്ന സാമൂഹ്യ ശാസ്ത്രജ്ഞനാണ് 2007 ൽ തന്റെ ‘റിപ്ലബിക് ഡോട്ട് കോം’ എന്ന ഗ്രന്ഥത്തിൽ മാറ്റൊലി അറകൾ എന്ന സങ്കല്പനം അവതരിപ്പിക്കുന്നത്. Echo chamber എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് അവരവരുടെ വിശ്വാസങ്ങളും ധാരണകളും ദൃഢപ്പെടുത്തുന്ന അഭിപ്രായങ്ങളും വിവരങ്ങളും മാത്രം ലഭ്യമാകുന്ന ഒരു അറയിൽ ജനം പെട്ടുപോകുന്നതിനെയാണ്. ഇതിനകത്തേക്ക് വ്യത്യസ്തമോ വിരുദ്ധമോ ആയ ആശയങ്ങൾ കടന്നു ചെല്ലുകയേയില്ല.

എലി പരിസർ 2011 ലെഴുതിയ “അരിപ്പു കുമിള: ഇന്റർനെറ്റ് നിങ്ങളിൽ നിന്നും ഒളിപ്പിച്ചുവെക്കുന്നത് എന്ത്’ “(Filter bubble : What the internet is hiding from you) എന്ന പുസ്തകം മറ്റൊരു സത്യാനന്തരകാല മാധ്യമ പ്രവണതയെക്കുറിച്ചാണ് . ഓരോ വ്യക്തിയുടെയും ഇന്റർനെറ്റിലെ അന്വേഷണങ്ങളെയും താത്പര്യങ്ങളെയും അടിസ്ഥാനമാക്കി അതനുസരിച്ചു മാത്രമുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ഡിജിറ്റൽ അരിപ്പകളും (filter) വ്യക്ത്യധിഷ്ഠിത അൽഗോരിതവും ആണ് ‘അരിപ്പു കുമിള’. ഓരോ വ്യക്തിയുടെയും താത്പര്യങ്ങൾക്ക് അല്ലെങ്കിൽ ധാരണകൾക്ക് വിരുദ്ധമായവയെ അരിച്ചു മാറ്റുന്ന ഒരു തന്ത്രം ഇതിനു പിന്നിലുണ്ട്.

വിപണിയിൽ കടുത്ത മത്സരം നേരിടുന്നതിനാൽ പരമ്പരാഗത മാധ്യമങ്ങൾ പിടിച്ചുനിൽക്കാനായി നടത്തുന്ന ശ്രമങ്ങൾ അവരുടെ വിശ്വാസ്യതയെ ഉലയ‍്ക്കുകയും വായനക്കാർ/കാഴ്ചക്കാർ സംശയത്തോടെ അവയെ വീക്ഷിക്കുകയും ചെയ്തു തുടങ്ങി. ഈ സാഹചര്യത്തിൽ വസ്തുനിഷ്ഠവും സത്യസന്ധവുമായ മാധ്യമപ്രവർത്തനത്തിന്റെ സ്ഥാനത്ത് അടിസ്ഥാനരഹിതമായ വിവരങ്ങൾ തികച്ചും നിരുത്തരവാദപരമായി പടച്ചുവിട്ട് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിവാദ വ്യവസായം തഴച്ചു വളരുന്നു.

മാധ്യമങ്ങളുടെ വിശ്വാസ്യതയിലുണ്ടായ തകർച്ച സത്യത്തെയും വ്യാജത്തെയും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നു. മലയാളത്തിലെ ചില ഓൺ ലൈൻ വാർത്താ ചാനലുകൾ ആഗോളമായിത്തന്നെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരം മാറ്റൊലി അറകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് നാം കാണുന്നതാണല്ലോ.

തെളിവുകളോ സാധൂകരിക്കുന്ന വിവരങ്ങളോ ഇല്ലാതെ തന്നെ തങ്ങളുടെ മുൻവിധികൾക്കനുസരിച്ചുള്ള വിവരങ്ങൾ പലരും കണ്ണും പൂട്ടി ഷെയർ ചെയ്യുന്നത് ഇതുകൊണ്ടാണ് . കിട്ടുന്ന വിവരം ഫോർവേഡ് ചെയ്യുക എന്ന, ഒറ്റനോട്ടത്തിൽ നിരുപദ്രവവും നിഷ്കളങ്കവുമാണെന്നു തോന്നുന്ന ഒരു പ്രവൃത്തി, യഥാർത്ഥത്തിൽ സത്യാനന്തര കാലത്തെ പ്രചാരണതന്ത്രത്തിൽ വ്യക്തികളെ കുടുക്കിയിടലാണ് .

തികച്ചും ആത്മനിഷ്ഠമായ അഭിപ്രായങ്ങളും ധാരണകളും സത്യസന്ധമായ വാർത്ത എന്ന തരത്തിൽ ഇങ്ങനെ പ്രചരിക്കപ്പെടുന്നു.

തെറ്റായ വിവരങ്ങൾ അറിയാതെ പ്രചരിക്കപ്പെടുന്നത് മാത്രമല്ല സത്യാനന്തര കാലത്ത് സംഭവിക്കുന്നത് . അതുകൊണ്ടാണ് തെറ്റായ വിവരങ്ങളെ misinformation എന്നും ബോധപൂർവം വ്യാജപ്രചരണം നടത്തുന്നതിന് പുതിയതായി disinformation എന്നും കൂടി ഇപ്പോൾ പറയുന്നത് . കൃത്യമായ അജൻഡയോടെ തെറ്റായ വിവരങ്ങൾ ആധികാരികമാണെന്ന മട്ടിൽ അവതരിപ്പിക്കുകയും ജനത്തെ കബളിപ്പിക്കുകയും ചെയ്യുന്നു . സാമ്പത്തികമോ രാഷ്ട്രീയമോ ആയ ലാഭത്തിനു വേണ്ടിയും ചില വ്യക്തികളെ വ്യക്തിഹത്യ നടത്തുന്നതിനും മറ്റു ചില വ്യക്തികളുടെ പ്രതിച്ഛായ വ്യാജമായി സൃഷ്ടിച്ചെടുക്കുന്നതിനും പരമ്പരാഗത മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും അവാസ്തവങ്ങൾ പ്രചരിപ്പിക്കുന്നു. ട്രോളിന്റെയും ഹാസ്യത്തിന്റെയും കാർട്ടൂണിന്റെയും രൂപത്തിലും ഇത് സാധ്യമാകുന്നു. ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന വിവരങ്ങൾ സാധരണ നിലയിൽ നുണ ആകണം എന്നില്ല. സത്യത്തിന്റെ കണിക ചൂഴ്ന്നു നോക്കിയാൽ കാണാൻ കഴിയും. പക്ഷേ അതിനെ അവാസ്തവങ്ങൾ കൊണ്ട് അലങ്കരിക്കുകയും ജനപ്രിയ പൈങ്കിളി ഭാഷ ഉപയോഗിക്കുകയും ചെയ്തു കൊണ്ട് തെറ്റായ ധാരണ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു. ഇത് ഗൂഢാലോചനാ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുകയും വിശ്വാസത്തകർച്ച ഉണ്ടാക്കുകയും അതിന്റെ ഫലമായി തെറ്റായ പൊതുബോധം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇത് സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടവരുത്തുന്നതായി മാധ്യമ പഠനങ്ങൾ വ്യക്തമാക്കുന്നു.

ലഭ്യമായ വിവരങ്ങളെ വിമർശനാത്മകമായി നോക്കിക്കാണുന്നതിന് പ്രാപ്തി നേടുക എന്നതാണ് സത്യാനന്തര കാലത്ത് ജനാധിപത്യബോധമുള്ള സമൂഹങ്ങൾ ചെയ്യേണ്ടത് . വിവരങ്ങളുടെ പ്രവാഹത്തിൽ നിന്നും സത്യത്തെ തിരിച്ചറിയുന്നതിനും കിട്ടിയ വിവരങ്ങൾ സത്യമാണെന്ന് ഉറപ്പിക്കാൻ ആവശ്യമായ പരിശോധന നടത്തുന്നതിനും മാധ്യമ സാക്ഷരത ആവശ്യമാണ്. യുക്തിരഹിതമായ പ്രചാരണങ്ങൾ , വ്യാജ വാർത്തകൾ എന്നിവ തിരിച്ചറിയാൻ ആവശ്യമായ ബോധ്യങ്ങൾ സ്വയം ഉണ്ടാക്കിയെടുത്താൽ മാത്രമേ അരിപ്പു കുമിളകളും മാറ്റൊലി അറകളും പൊട്ടിച്ച് പുറത്തിറങ്ങാനാകൂ .

ചൂഷണാധിഷ്ഠിത സമൂഹത്തിൽ ആധിപത്യ പ്രത്യയശാസ്ത്രം വ്യക്തിയുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുന്നു എന്ന സിദ്ധാന്തപ്രകാരം എങ്ങനെ സത്യാനന്തര കാലത്തെ നേരിടണം എന്നതു സംബന്ധിച്ച് നവ മാർക്സിസ്റ്റ് പണ്ഡിതർ വിചിന്തനങ്ങൾ നടത്തുകയും പ്രയോഗപദ്ധതികൾ ആവിഷ്കരിക്കുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഭരണകൂട താത്പര്യങ്ങൾ സംരക്ഷിക്കാൻ പ്രയത്നിക്കുന്ന ചൂഷകവർഗത്തിന്റെ തന്ത്രമായി തന്നെ സത്യാനന്തര കാലത്തെ വ്യാജപ്രചാരണത്തെ കാണേണ്ടതുണ്ട്. സ്വന്തം വർഗ താത്പര്യങ്ങൾക്കെതിരു നിൽക്കാൻ പ്രേരിപ്പിക്കുന്നതാണീ ബോധപൂർവമായ പ്രൊപ്പഗാണ്ട എന്ന് തിരിച്ചറിയാതെ പോകുന്നു. സത്യത്തിനും നീതിക്കും മേലെ ലാഭേച്ഛ നിൽക്കുന്ന നവലിബറൽ മുതലാളിത്തത്തെ വളർത്തുന്നതിൽ സത്യാനന്തരത്തിനു വലിയ പങ്കാണുള്ളത് . മാധ്യമങ്ങൾ വൻകിട കോർപറേറ്റുകൾ സ്വന്തമാക്കുന്നത് ഈ പ്രവണതയുടെ തെളിവാണ് . ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിൽ എത്തിയ ശേഷം 70 മാധ്യമ സ്ഥാപനങ്ങൾ റിലയൻസ് സ്വന്തമാക്കിയത് നാം കണ്ടതാണ് . പരമ്പരാഗതമായി സത്യത്തിന്റെ അവസാന വാക്ക് എന്ന് കരുതി വന്നിരുന്ന മതം, കോടതി, തുടങ്ങിയവയിലും ജനത്തിന് ഇപ്പോൾ വിശ്വാസം ഇല്ലാതാകുന്നു. വലതുപക്ഷ രാഷ്ട്രീയത്തോട്, അവരുടെ അഴിമതിയും മൂല്യരാഹിത്യവും മൂലം ,ആഗോളമായിത്തന്നെ ജനങ്ങൾക്ക് ശത്രുത രൂപപ്പെട്ടിരിക്കുന്നു. പണം ചെലവഴിച്ച് മാധ്യമങ്ങളെ സ്വന്തമാക്കി നുണകൾ പ്രചരിപ്പിച്ച് അധികാരത്തിലെത്തുന്ന പ്രവണത ലോകം കാണുന്നു. അമേരിക്കയിൽ ട്രംപ് ആണെങ്കിൽ ഇന്ത്യയിൽ അത് മോഡി ആണ്. 37% വോട്ട് മാത്രം നേടി അധികാരത്തിലെത്തിയ നരേന്ദ്ര മോഡി സമൂഹ മാധ്യമങ്ങളെയും പരമ്പരാഗത മാധ്യമങ്ങളെയും ഉപയോഗിച്ച് നിരന്തരം അസത്യ പ്രസ്താവനകൾ നടത്തുകയും വിവിധ മാധ്യമ ചാലുകളിലൂടെ ഒഴുക്കി വിടുകയും ചെയ്യുന്നു . അത് ഇന്ത്യയാകെയും ഇന്ത്യക്ക് പുറത്തും ഒഴുകിപ്പരക്കുമ്പോൾ ശക്തിയാർജിക്കുന്നത് സംഘപരിവാർ രാഷ്ട്രീയമാണ്.

അതുകൊണ്ട് മാർക്സിയൻ പണ്ഡിത ആയ റേച്ചൽ ജോൺസൺ പറയുന്നത് ഇങ്ങനെയാണ് : സത്യാനന്തര കാലവുമായി മല്ലിടുന്നത് ആശയങ്ങളുടെ ലോകത്ത് മാത്രം മതിയാവില്ല. നിങ്ങൾ വ്യാജ തലക്കെട്ടുകളുടെ പിന്നിലേക്കുകൂടി നോക്കണം. ഇത്തരം തലക്കെട്ടുകൾ പ്രചരിക്കാനിടയാകുന്ന ഉത്പാദന ബന്ധങ്ങൾ മനസിലാക്കുക എന്നതാണ് പ്രധാനം . (സ്വതന്ത്ര പരിഭാഷ)

വസ്തുതകൾക്കുമപ്പുറത്ത് വൈകാരികതയ്ക്ക് ഊന്നൽവരുന്ന ഇത്തരം തലകെട്ടുകളെ ‘ചൂണ്ട ക്ലിക്’ (click bait )എന്നാണ് പറയുന്നത് . ആധിപത്യ പ്രത്യയശാസ്ത്രം ചൂണ്ടയിട്ട് പിടിക്കുവാൻ ശ്രമിക്കുമ്പോൾ അതിൽ കൊത്താതിരിക്കുവാനുള്ള ദൃഢമായ രാഷ്ട്രീയ ബോധ്യമാണ് സത്യാനന്തര കാലം ആവശ്യപ്പെടുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + 10 =

Most Popular