Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിമാർക്ക് ട്വൈൻ മന്ദഹസിക്കുന്നു

മാർക്ക് ട്വൈൻ മന്ദഹസിക്കുന്നു

കെ വി സുധാകരൻ

പി എം ആർഷോയും മാർക്ക് ട്വൈനും തമ്മിലെന്ത് എന്നു ചോദിച്ചാൽ, കേൾക്കുന്നവർക്ക് അത് വിചിത്രമായി തോന്നാം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ആർഷോയും 19–ാം നൂറ്റാണ്ടിലെ അമേരിക്കൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ മാർക്ക് ടെെ–്വനും തമ്മിൽ ബന്ധപ്പെടേണ്ട കാര്യമൊന്നുമില്ല. പക്ഷേ, ഈ രണ്ടു പേരുകളും ഇപ്പോൾ ചർച്ച ചെയ്യുന്നതിന് ഒരു സവിശേഷതയുണ്ട്. എറണാകുളം മഹാരാജാസ് കോളേജിലെ എം എ ആർക്കിയോളജി മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ ആർഷോ ‘എഴുതാത്ത മൂന്നാം സെമസ്റ്റർ പരീക്ഷ വിജയിച്ചു’ എന്ന മാധ്യമപ്രചാരണത്തിന്റെ ഉള്ളറകളിലേക്കു കടക്കുമ്പോഴാണ് മാർക്ക് ടെെ–്വൻ പണ്ട് പത്രങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കേണ്ടി വരുന്നത്. ഇവിടെയാണ് ഈ രണ്ടുപേരുകളും ബന്ധപ്പെടുന്നതിന്റെ സാംഗത്യവും.

മാർക്ക് ടെെ–്വനിലേക്കു വരുന്നതിനുമുമ്പ് മറ്റൊരാളക്കുറിച്ച് പറഞ്ഞു തുടങ്ങണമെന്ന് കരുതുന്നു. അത് അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സണാണ്. പത്രപ്രവർത്തനത്തെക്കുറിച്ച് ജെഫേഴ്സൺ പറഞ്ഞ വാക്കുകൾ, പത്രപ്രവർത്തനത്തിന്റെ അനിതരസാധാരണമായ സാംഗത്യം ഓർമ്മപ്പെടുത്തുന്നതാണ്. ‘‘പത്രങ്ങൾ ഇല്ലാത്ത ഒരു ഗവൺമെന്റാണോ, അതോ ഗവൺമെന്റില്ലാത്ത പത്രങ്ങളാണോ വേണ്ടതെന്നു തീരുമാനിക്കാൻ പറഞ്ഞാൽ, അവസാനം പറഞ്ഞ കാര്യം (ഗവൺമെന്റില്ലാത്ത പത്രങ്ങൾ) തിരഞ്ഞെടുക്കാൻ ഒരു നിമിഷം പോലും ഞാൻ സംശയിച്ചു നിൽക്കില്ല’’ എന്നാണ്. ജനാധിപത്യ സാമൂഹ്യ ജീവിതത്തിൽ പത്രങ്ങൾക്കുള്ള ഈ അനന്യതയെപ്പറ്റി എല്ലാക്കാലത്തും മാധ്യമ പഠന വിദ്യാർത്ഥികളോട് അധ്യാപകർ പറഞ്ഞുകൊടുക്കാറുള്ളതാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴാണ് ജെഫേഴ്സൺ ഇതു പറഞ്ഞത്.

എന്നാൽ ഒരു നൂറ്റാണ്ടുപിന്നിട്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലേക്കെത്തുമ്പോൾ പത്രപ്രവർത്തകൻ കൂടിയായ മാർക്ക് ടെെ–്വൻ പത്രങ്ങളെക്കുറിച്ച് പറഞ്ഞത്, ‘‘നിങ്ങൾ പത്രം വായിക്കാതിരുന്നാൽ വിവരങ്ങളൊന്നും അറിയില്ല. എന്നാൽ പത്രങ്ങൾ വായിച്ചാലാകട്ടെ നിങ്ങൾ തെറ്റായ വിവരങ്ങളായിരിക്കും ധരിക്കുക.’’

ജെഫേഴ്സണിൽ നിന്ന് മാർക്ക് ടെെ–്വനിലെത്തുമ്പോൾ പത്രപ്രവർത്തനം ഒരു നൂറ്റാണ്ടു കൂടി പിന്നിട്ടിരിക്കുന്നു. രണ്ടുപേരും പറഞ്ഞ കാര്യങ്ങൾ പത്രപ്രവർത്തനം സംബന്ധിച്ച് വിരുദ്ധമായ കാഴ്ചപ്പാടുകളാണ്. സാമൂഹിക– രാഷ്ട്രീയ ജീവിതത്തിൽ എല്ലാമെല്ലാമാണ് പത്രങ്ങൾ എന്നാണ് ജെഫേഴ്സൺ പറഞ്ഞതെങ്കിൽ, തെറ്റായ വിവരങ്ങൾ നൽകി സമൂഹത്തെ വഴിതെറ്റിക്കുകയാണ് പത്രങ്ങൾ ചെയ്യുന്നതെന്നാണ് മാർക്ക് ടെെ–്വൻ അഭിപ്രായപ്പെട്ടത്. ഇരുവരും ഈ അഭിപ്രായങ്ങൾ സ്വന്തം അനുഭവങ്ങളിൽ നിന്ന് രൂപപ്പെടുത്തിയതാകാനേ വഴിയുള്ളൂ. ഒരു നൂറ്റാണ്ടുകൊണ്ട് പത്രപ്രവർത്തനത്തിന്റെ രീതിശാസ്ത്രത്തിൽ വന്നുപെട്ട തകർച്ചയുടെയും ജനവിരുദ്ധതയുടെയും സൂചന കൂടി നൽകുന്നുണ്ട് മാർക്ക് ടെെ–്വന്റെ വാക്കുകൾ. ഇവിടെ നിന്നും ചുരുങ്ങിയത് ഒന്നേകാൽ നൂറ്റാണ്ടുകൂടി പിന്നിടുമ്പോഴാണ് ആർഷോയുമായി ബന്ധപ്പെട്ട തെറ്റായ വാർത്ത മാധ്യമങ്ങൾ ആഘോഷിച്ചത്. മിസ്ഇൻഫർമേഷൻ എന്ന വാക്കിന് വഴിതെറ്റിക്കുന്ന വിവരം എന്നുകൂടി അർത്ഥമുണ്ടെന്ന് ഓർക്കണം. ജെഫേഴ്സണും, മാർക്ക് ടെെ–്വനും പറയുന്ന കാലത്ത് മാധ്യമങ്ങൾ എന്ന നിലയിൽ, അച്ചടിച്ച പത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നിപ്പോൾ എഴുതിയും പറഞ്ഞും കേൾപ്പിക്കുന്ന മാധ്യമങ്ങൾ (പത്രങ്ങളും റേഡിയോയും) തൊട്ട് എഴുതിയും പറഞ്ഞും അവതരിപ്പിച്ചും (പലപ്പോഴും അഭിനയിച്ചും) കാണിക്കുന്ന മാധ്യമങ്ങൾ (ടെലിവിഷനും സമൂഹമാധ്യമങ്ങളും) വരെ എത്തിനിൽക്കുകയാണ് മാധ്യമപരികല്പന. അതുകൊണ്ട് കേവലം പത്രങ്ങളെക്കാൾ വിപുലവും ആഴത്തിലുള്ളതുമാണ് മാധ്യമങ്ങളുടെ എത്തിച്ചേരൽ. അതുകൊണ്ടുതന്നെ വഴിതെറ്റിക്കുന്ന വാർത്തകൾ ഏൽപ്പിക്കുന്ന ആഘാതത്തിന് തീവ്രതയേറും.

മിസ് ഇൻഫർമേഷനിൽ 
ഊഞ്ഞാലാടുന്നു
പരീക്ഷയ്ക്ക് ഫീസ് അടയ്ക്കുകയോ, എഴുതുകയോ മാർക്ക് ലഭിക്കുകയോ ചെയ്യാതെ എസ്എഫ്ഐ നേതാവായ ആർഷോ വിജയിച്ചുവെന്നും, ഇത് എസ്എഫ്ഐ നേതാവെന്ന നിലയിൽ ആർഷോ ആരെയൊക്കെയോ സ്വാധീനിച്ചു തരപ്പെടുത്തിയെടുത്ത വിജയമാണെന്നുമാണ് രണ്ടുദിവസം നീണ്ട ബ്രേക്കിംഗ് വാർത്തകളിലൂടെയും പ്രൈം ടെെം ചർച്ചകളിലൂടെയും ഭൂരിപക്ഷം മാധ്യമങ്ങളും പറഞ്ഞുറപ്പിക്കാൻ ശ്രമിച്ചത് . അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിലെത്തി നേരിട്ടു പറഞ്ഞു ‘‘താൻ ഫീസടച്ചിട്ടില്ല, പരീക്ഷ എഴുതിയിട്ടില്ല, പാസ്സായി എന്നു കാണിക്കുന്ന രേഖയിൽ മാർക്ക് പോലുമില്ല. അതുകൊണ്ട് ഇത് തന്റെ അറിവോടെ ഉണ്ടായ സംഭവമല്ല. തനിക്കും എസ്എഫ്ഐക്കും എതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായി സംഭവിച്ചതാകാം. ഇതേപ്പറ്റി അന്വേഷിക്കണം.’’

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയും സമാനമായ പത്രക്കുറിപ്പിറക്കി. ആർഷോ ഫീസടയ്ക്കുകയോ പരീക്ഷ എഴുതുകയോ ചെയ്തിട്ടില്ലെന്നും, മാർക്കുപോലും രേഖപ്പെടുത്താതെ പാസ്സായി എന്നു കാണിക്കുന്ന രേഖ, സാങ്കേതികപ്പിഴവുമൂലം ഉണ്ടായതാകാമെന്നുമായിരുന്നു എസ്എഫ്ഐയുടെ പ്രസ്താവന.

ഈ പറച്ചിലും, പ്രസ്താവനയുമൊക്കെ വന്നതിനുശേഷവും ചാനൽ ചർച്ചകൾ ആർഷോയെ അപമാനിച്ചുകൊണ്ട് ദിവസങ്ങൾ മുന്നേറുകയായിരുന്നു.ഏതോ ഒരു കെഎസ്‌യു നേതാവ് കൊടുത്ത രേഖയുടെ ന്യായാന്യായങ്ങളൊന്നും പരിശോധിക്കാനുള്ള മാധ്യമപ്രവർത്തനത്തിലെ അടിസ്ഥാന മര്യാദ പോലും കാണിക്കാതെ ചില പത്രങ്ങളും ചാനലുകളും വാർത്തകളിലും വ്യാഖ്യാനങ്ങളിലും, ചർച്ചകളിലും അഭിരമിച്ചു. ചാനൽ ചർച്ചകളിൽ ഏത് വിഷയത്തിലും ‘വിദഗ്ധർ’ എന്നുവിളിക്കപ്പെടുന്ന ‘ചാർച്ചികരും’ (വി കെ എന്നിനോട് കടപ്പാട്) കത്തിക്കയറി. പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷ നേതാവുമൊക്കെ ചാനൽ ക്യാമറകൾക്കുമുന്നിൽ ആറാടി. ‘എസ്എഫ്ഐ നേതാവായാൽ പരീക്ഷ എഴുതാതെ തന്നെ ജയിക്കാം’ എന്ന ആപ്തവാക്യം വരെ ഇക്കൂട്ടർ മെനഞ്ഞെടുത്തു. എന്തുകൊണ്ടാണെന്നറിയില്ല, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മാത്രം ഇക്കാര്യത്തിൽ ഒരാരോപണവും ഉന്നയിക്കാൻ മെനക്കെട്ടില്ല. അദ്ദേഹം തന്ത്രപരമായ മൗനം ദീക്ഷിച്ചു.

ആർഷോ പരീക്ഷയിൽ പാസ്സായി എന്നു കാണിക്കുന്ന രേഖ ഇതിനകം പുറത്തുവന്നതാണ്. അതൊന്ന് ഓടിച്ചുനോക്കുന്ന ഒരു ശരാശരി മനുഷ്യനുപോലും മനസ്സിലാകും തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്ന്. കാരണം ആർഷോയെ ജയിപ്പിക്കാനാണെങ്കിൽ മാർക്കോ ഗ്രേഡോ ഒക്കെ വേണ്ടേ? നിശ്ചിതമാർക്കോ നിശ്ചിത ഗ്രേഡോ ലഭിക്കാതെ നിലവിൽ ഒരാൾക്കും ഒരു പരീക്ഷ പാസ്സാകാൻ കഴിയില്ലല്ലോ. ഇനി ആർഷോ എന്തെങ്കിലും സ്വാധീനമുപയോഗിച്ച് പാസ്സായ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയതാണെങ്കിൽ, മാർക്കോ ഗ്രേഡോ ഇല്ലാത്ത സർട്ടിഫിക്കറ്റ് കൊണ്ട് എന്താണ് പ്രയോജനം? ആർഷോ കൃത്രിമം കാട്ടുകയാണെങ്കിൽ അതുകൊണ്ട് പ്രയോജനമുണ്ടാകുന്ന തരത്തിലല്ലേ അത് ചെയ്യൂ. അങ്ങനെയൊന്നും ഈ പാസ് സർട്ടിഫിക്കറ്റിലില്ലാത്ത സ്ഥിതിക്ക് ഇതു തയ്യാറാക്കിയതിലുണ്ടായ സാങ്കേതിക പിഴവു മാത്രമല്ലേ ആവുകയുള്ളൂ. അതാണെന്ന് ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും മാധ്യമങ്ങൾ തെറ്റുതിരുത്താൻ തയ്യാറാകാത്തത് എന്തുകൊണ്ടാണ്?

തെറ്റു തിരുത്തൽ 
ഞങ്ങളുടെ അജൻഡയല്ല
ഇതിൽ രണ്ടു പ്രശ്നങ്ങളുണ്ട്. തുടക്കത്തിൽ മാർക്ക് ടെെ–്വന്റെ ഉദ്ധരണിയിൽ പറഞ്ഞതുപോലെ വഴിതെറ്റിക്കുന്ന വാർത്തകൾ നൽകുകയെന്നത് ഇന്ന് നാട്ടുനടപ്പായി മാറിയിരിക്കുകയാണ്. സംഭവിക്കുന്ന കാര്യങ്ങളുടെ സത്യസന്ധവും വസ്തുനിഷ്ഠവുമായ അവതരണമല്ല വാർത്തയായി വരുന്നത്. സംഭവിക്കുന്ന കാര്യങ്ങളെ മാധ്യമങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിച്ച് അവതരിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിൽ മാധ്യമങ്ങളുടെ ഉടമസ്ഥതയും അവർ പങ്കുവയ്ക്കുന്ന രാഷ്ട്രീയവും പ്രധാന ഘടകങ്ങളാണ്. മാധ്യമങ്ങൾക്ക് ഉടമകളുണ്ടായിരുന്ന കാലത്തുനിന്ന് മാധ്യമങ്ങൾ മുതലാളിമാരുടെയും കോർപ്പറേറ്റുകളുടെയും കൈകളിലെത്തിപ്പെട്ടതോടെ, അവ പൂർണമായും വലതുപക്ഷവൽക്കരണത്തിനു വിധേയമായി. കോർപ്പറേറ്റ് താൽപര്യങ്ങൾക്കെതിരെ സന്ധിയില്ലാതെ പോരാടുന്നത് ഇവിടെ സിപിഐ എമ്മും ഇടതുപക്ഷവുമാണെന്നതുകൊണ്ട്, ഇടതുപക്ഷത്തിനെതിരെ ഓങ്ങാൻ കിട്ടുന്ന അവസരം പോലും അവർ അടിക്കാൻ ഉപയോഗിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആർഷോയുടെ കാര്യത്തിൽ നാം കണ്ടത്.

ഇപ്പോൾ മാധ്യമങ്ങൾക്കെല്ലാം ഏറെക്കുറെ മനസ്സിലായി, കാര്യങ്ങൾ തങ്ങൾക്കെതിരെ തിരിഞ്ഞുകുത്തുകയാണെന്ന്. ഈ വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, അതേപ്പറ്റി അന്വേഷിച്ച് നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആർഷോ തന്നെ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കെഎസ്–യു നേതാവ് സംഘടിപ്പിച്ചെടുത്ത രേഖ അതേപടി വിശ്വസിച്ചാണല്ലോ മാധ്യമങ്ങൾ, ആർഷോ പരീക്ഷ എഴുതാതെ വിജയിച്ചതായി സർട്ടിഫിക്കറ്റ് തരപ്പെടുത്തിയെന്ന വാർത്ത നൽകിയതും, പിന്നീട് അത് ആഘോഷിച്ചതും. അതുകൊണ്ട് സ്വാഭാവികമായും മാധ്യമങ്ങൾക്ക് ഈ രേഖ നൽകിയ കെഎസ്-യു നേതാവിലേക്കു മാത്രമല്ല, ഇത്തരമൊരു വാർത്ത സൃഷ്ടിച്ച് ആർഷോയെ അപകീർത്തിപ്പെടുത്തിയ മാധ്യമപ്രവർത്തകരിലേക്കും അന്വേഷണം നീളും. ഇതിനുപിന്നിൽ നടത്തിയ കള്ളക്കളികളെക്കുറിച്ച് പൊലീസിനോട് കാര്യങ്ങൾ വെളിപ്പെടുത്താൻ അവരും ബാധ്യസ്ഥരാകും. എസ്എഫ്ഐക്കാരും സിപിഐ എമ്മുകാരുമായാൽ പരീക്ഷയെഴുതാതെയും പാസ്സാകാമെന്ന് തീർപ്പുകൽപ്പിച്ച പ്രതിപക്ഷ പാർട്ടി നേതാക്കന്മാരും, എന്ത് വസ്തുതയുടെ പിൻബലത്തിലാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് വിശദീകരിക്കേണ്ടി വരും.

ഇനി മറ്റൊരു വശം. ആർഷോ കൃത്രിമം കാട്ടി ഒരു വിജയ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതാണെന്ന് സാങ്കൽപ്പികമായി കരുതിയാലോ? എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എന്ന പദവിയിലിരിക്കുന്ന ആർഷോയ്ക്കെതിരെ ആ സംഘടന നടപടിയെടുക്കുമെന്നതിൽ തർക്കമില്ലല്ലോ. ഇവിടെ യഥാർഥത്തിൽ സംഭവിച്ച കാര്യങ്ങളുടെ ന്യായാന്യായങ്ങൾ പരിശോധിക്കാൻ തയ്യാറാകാതെ ഒരു യുവാവിനെ അധിക്ഷേപിച്ച് അർഥശൂന്യമായ വാർത്ത ആവർത്തിച്ചു നൽകുകയാണ് ചെയ്തിരിക്കുന്നത്. ഇതിൽ ബന്ധപ്പെട്ട മാധ്യമപ്രവർത്തകർക്കാണ് ഗുരുതര തെറ്റ് പറ്റിയിരിക്കുന്നത്. അതിപ്പോൾ കേരളീയ സമൂഹത്തിനാകെ ബോധ്യപ്പെട്ടിട്ടുമുണ്ട്. അങ്ങനെയെങ്കിൽ, സംഘടനയിൽപ്പെട്ട ഒരാൾ തെറ്റു കാണിച്ചാൽ, ആ സംഘടന ആ വ്യക്തിക്കെതിരെ നടപടിയെടുക്കുന്നതുപോലെ, ഇവിടെ തെറ്റു കാണിച്ച മാധ്യമപ്രവർത്തകർക്കെതിരെ ഏതെങ്കിലുമൊരു മാധ്യമം നടപടിയെടുത്തോ? സംഭവിച്ച പിഴവ് ഏറ്റുപറയാനുള്ള ആർജവം എന്തേ മാധ്യമങ്ങൾ കാണിക്കുന്നില്ല? ഈ ചോദ്യം പൊതുസമൂഹം ഉയർത്തിക്കൊണ്ടേയിരിക്കും.

ജേർണലിസമോ ജീർണലിസമോ
മലയാളത്തിലെ മുഖ്യധാരാ മാധ്യമപ്രവർത്തനം, വിശേഷിച്ച് ടെലിവിഷൻ ജേർണലിസം, തികച്ചും അലസമായും നിരുത്തരവാദപരമായും രാഷ്ട്രീയ ദുരുദ്ദേശ്യങ്ങളോടെയുമാണ് നടത്തുന്നു എന്നതിന് മറ്റൊരു കൗതുകകരമായ ഉദാഹരണമാണ് കുറച്ചുനാൾ മുമ്പ്, നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായ വനിത ഫേസ്-ബുക്ക് ലെെവിലൂടെ നടത്തിയ ദുരാരോപണങ്ങൾ ടിവി ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്ത നടപടി.

ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യത്തിൽ പ്രതി ചേർക്കപ്പെട്ട ഒരു സ്ത്രീ ഫേസ്-ബുക്ക് ലെെവിലൂടെ ചില കാര്യങ്ങൾ ‘വെളിപ്പെടുത്താൻ’ പോകുന്നു എന്ന് മണിക്കൂറുകൾക്കുമുമ്പേ തന്നെ ‘ബ്രേക്കിങ് ന്യൂസ്’ നൽകുകയാണ് ടെലിവിഷൻ വാർത്താചാനലുകൾ ചെയ്തത്. മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനപ്രമാണമായ സാമൂഹ്യജീവിതം ചിട്ടപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ധർമത്തെ സഹായിക്കുന്ന ഒരു കാര്യവുമായിരിക്കുകയില്ല ഇവർ വെളിപ്പെടുത്തുന്നത് എന്നറിയാത്തവരല്ല ചാനലുകാർ. വേണമെങ്കിൽ ഇത്തരമൊരു സ്ത്രീ ഫേസ-്-ബുക് ലെെവ് വഴി ഇന്നയിന്ന കാര്യങ്ങൾ പറഞ്ഞു എന്ന രണ്ടുവരി വാർത്തയിലൊതുക്കാവുന്ന ഒരു കാര്യം, മണിക്കൂറുകൾക്കു മുമ്പേ തന്നെ ബ്രേക്കിങ് ന്യൂസ് ടിപ്പ് കൊടുത്ത്, വാർത്ത കാണാനും കേൾക്കാനുമിരിക്കുന്നവരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ഓരോ ചാനലും പാടുപെടുന്നതു കാണാമായിരുന്നു. ഇവരുടെ ഫേസ്-ബുക് ലെെവിന്റെ കാര്യം ആദ്യം ബ്രേക്ക് ചെയ്തത് തങ്ങളാണെന്ന അവകാശവാദമുന്നയിക്കാനും ചില ചാനലുകൾ വെപ്രാളം കാട്ടി.

അരമണിക്കൂർ നേരമാണ് ഫേസ്-ബുക്ക് ലെെവ് ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്തത്. ഫേസ്-ബുക്ക് ലെെവിൽ വരുന്ന സ്ത്രീ എന്തൊക്കെയാണ് പറയാൻ പോകുന്നതെന്നോ, പറയുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടെന്നോ അതിന് ഉപോൽബലകമായി എന്തെങ്കിലും രേഖകളുണ്ടെന്നോ ഒന്നും ചാനലുകാർക്ക് ഒരു രൂപവും ഉണ്ടാകാനിടയില്ല. അവർ എന്തു പറഞ്ഞാലും അത് ചാനലുകൾ കാണുന്ന ജനങ്ങളിലേക്കെത്തും. ഫേസ്-ബുക്ക് ലെെവിൽ അവർ മുഖ്യമന്ത്രിയെ മാത്രമല്ല, സിപിഐ എം സംസ്ഥാന സെക്രട്ടറിയെയും ആരോപണങ്ങളിലേക്ക് വലിച്ചിഴച്ചു. ക്രിമിനൽ കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന ഒരു സ്ത്രീ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കും സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും എതിരെ നടത്തിയ ആരോപണങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങി ജനങ്ങളിലേക്കെത്തിക്കാനാണ് വാർത്താ ചാനലുകൾ ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ രേഖകളെല്ലാം തിരികെ നൽകണമെന്ന് നിർദേശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഒരു ദൂതനെ തന്റെയടുത്ത് അയച്ചു എന്നതാണ് ആ സ്ത്രീ ഫേസ്-ബുക്ക് ലെെവിലൂടെ നടത്തിയ ആരോപണം. ഇവരുമായി ബന്ധപ്പെട്ട കേസെല്ലാം കേന്ദ്ര അനേ-്വഷണ ഏജൻസികൾ പരിശോധിച്ചുകൊണ്ടിരിക്കുന്നതാണ്. അതിന്റെ ഭാഗമായി എന്തെങ്കിലും രേഖകളുണ്ടെങ്കിൽ, അവയൊക്കെ അനേ-്വഷണ ഏജൻസികൾ പണ്ടേ തന്നെ പിടിച്ചെടുത്തിട്ടുമുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ രേഖകൾക്കു വേണ്ടി സിപിഐ എം സംസ്ഥാന സെക്രട്ടറി ദൂതനെ അയച്ചു എന്ന ആരോപണം അതേപടി ചാനലുകൾ ഏറ്റെടുത്തു ചർച്ചയാക്കിയതാണ് അത്ഭുതകരം. ചാനലുകളുടെ പ്രൈം ടെെം ചർച്ചകളിൽപ്പോലും ഇതിന്റെ ന്യായാന്യായങ്ങളെപ്പറ്റി ആലോചിക്കാൻ അവതാരകരാരും മിനക്കെട്ടുമില്ല.

പത്ര സമ്മേളനമാണെങ്കിൽ, മാധ്യമപ്രവർത്തകർക്ക് എന്തെങ്കിലുമൊക്കെ ചോദിക്കാനുള്ള അവസരം ലഭിക്കുമെന്നു കരുതാം. ഫേസ്-ബുക്ക് ലെെവ് സംപ്രേഷണം ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ നിശ്ശബ്ദ, നിസ്സംഗ, സാക്ഷികളായി ഇരിക്കുകയാണ് ചെയ്യുന്നത്.

സാധാരണചാനലുകൾ ഒരു സ്വകാര്യവ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ എന്തെങ്കിലുമൊരു പരിപാടി അരമണിക്കൂർ സംപ്രേഷണം ചെയ്യുന്നത് സ്പോൺസേഡ് പ്രോഗ്രാം എന്ന നിലയിലായിരിക്കും. അതിനാകട്ടെ, ഓരോ ചാനലിന്റെയും റേറ്റിങ്ങിനനുസരിച്ച് ലക്ഷങ്ങളും ദശലക്ഷങ്ങളുമൊക്കെ വാടകയായി ചാനലുകൾക്കു നൽകേണ്ടി വരും. എന്നുപറഞ്ഞാൽ, ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെടുത്തിയാണ് ചാനലുകൾ ഈ ഫേസ്-ബുക് ലെെവ് സംപ്രേഷണം ചെയ്തത് എന്നർഥം. അപ്പോൾപ്പിന്നെ, ലക്ഷങ്ങൾ നഷ്ടം വരുത്തി, ഒരു വിശ്വാസ്യതയും ഇല്ലെന്ന് സ്വന്തം പ്രവൃത്തികൊണ്ടുതന്നെ തെളിയിച്ച ഒരു സ്ത്രീയുടെ ആരോപണങ്ങൾ അതേപടി സംപ്രേഷണം ചെയ്യാൻ ചാനലുകളെ പ്രേരിപ്പിച്ച ഘടകം എന്താണ്? ഇവിടെയാണ് ചാനലുകളുടെ രാഷ്ട്രീയം വെളിപ്പെടുന്നത്.ജേർണലിസത്തെ ‘ജീർണലിസം’ എന്നു പ്രൊഫ. എം കൃഷ്‌ണൻനായർ പറഞ്ഞത്‌ മൂന്നുപതിറ്റാണ്ടിനു മുമ്പായിരുന്നു. ഇപ്പോഴത്തെ മാധ്യമപ്രവർത്തന രീതി കാണുമ്പോൾ അദ്ദേഹം എത്ര ക്രാന്തദർശിയായിരുന്നു എന്നു തോന്നുകയാണ്‌. വാർത്തകൾ സ്വയം സൃഷ്ടിക്കുക, കള്ളവാർത്തകൾ മെനഞ്ഞെടുക്കുക, അവയെപ്പറ്റി അന്തവും കുന്തവുമില്ലാത്ത ചർച്ചകൾ നടത്തുക, പൊതുരംഗത്തു നിൽക്കുന്നവരെ അടിസ്ഥാനമില്ലാതെ അടച്ചാക്ഷേപിക്കുക, അവതാരകർ ഏതെങ്കിലും വ്യക്തിയേയോ, സംഭവത്തെയോപറ്റി പറയുമ്പോൾ അതിവൈകാരികതയും, ക്ഷോഭവും ക്രോധവും നിറഞ്ഞുനിൽക്കുന്ന വാക്കുകളും ശരീരഭാഷയും പ്രേക്ഷകർക്കു മുന്നിൽ വെളിപ്പെടുത്തുക തുടങ്ങി, സത്യസന്ധവും വസ്‌തുനിഷ്‌ഠവുമായ മാധ്യമപ്രവർത്തനം എന്താണോ ആവശ്യപ്പെടുന്നത്‌ അതിന്റെയൊന്നും ഏഴയലത്തുകൂടിപ്പോലും പോകാത്ത തരത്തിൽ പ്രവർത്തിക്കുക എന്നിവയെല്ലാം ചേർന്ന്‌ ജീർണലിസത്തിന്റെയും മറുകര തേടി സഞ്ചരിക്കുകയാണ്‌ മാധ്യമപ്രവർത്തകർ ഏറെയും. അതുകൊണ്ടാണ്‌ എം കൃഷ്‌ണൻനായരുടെ ‘ജീർണലിസം’ പ്രയോഗത്തിലെ ദീർഘദർശിത്വത്തെപ്പറ്റി ഓർത്തുപോയത്‌.

ഇപ്പോൾ ഏറ്റവും ഒടുവിൽ, അവിശ്വസനീയമായ തട്ടിപ്പു നടത്തുകയും, പോക്‌സോ കേസിൽ മരണംവരെ ശിക്ഷിക്കപ്പെടുകയും ചെയ്‌ത മോൻസൺ മാവുങ്കലിന്റെ ഒരു വാക്കുകിട്ടാൻ വേണ്ടി അയാളെ ‘സർ’ എന്നു വിളിച്ച്‌ ചാനൽപ്പരുന്തുകൾ (മുരുകൻ കാട്ടാക്കടയോട്‌ കടപ്പാട്‌) പാറി നടക്കുന്ന കാഴ്‌ച കൂടി കാണേണ്ടി വന്നപ്പോൾ എം കൃഷ്‌ണൻനായർ പറഞ്ഞതിന്റെ സാരസർവസ്വവും മലയാളികൾക്കു മനസ്സിലാവുകയാണ്‌. മാധ്യമപഠനക്ലാസുകളിൽ അധ്യാപകർ കുട്ടികളോട്‌ പറഞ്ഞുകൊടുക്കാറുള്ളത്‌ മാധ്യമപ്രവർത്തകർ ആരുടെയും താഴെയോ, ആരുടെയും മുകളിലോ അല്ല എന്നാണ്‌. പക്ഷേ, ജീർണലിസം കാലഘട്ടത്തിൽ ഇതിനെന്തു പ്രസക്തി?

‘പീലാത്തോസ്‌ എഴുതിയത്‌ എഴുതി’
ഇതിന്‌ അനുബന്ധമായി മറ്റൊരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്‌. മാധ്യമ വിശാരദനും, മുൻ എംപിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ മാധ്യമ സംബന്ധിയായി എഴുതിയ ഒരു പുസ്‌തകത്തിന്റെ പേര്‌ ‘പീലാത്തോസ്‌ എഴുതിയത്‌ എഴുതി’ എന്നാണ്‌. എഴുതിയത്‌ തെറ്റാണെന്ന്‌ ബോധ്യപ്പെട്ടാൽപ്പോലും അത്‌ തിരുത്താനോ ഖേദം പ്രകടിപ്പിക്കാൻ തയ്യാറല്ലാത്ത, തെറ്റുകളിൽ അഭിരമിക്കുന്ന വർത്തമാനകാല മാധ്യമങ്ങളുടെ അവസ്ഥയെ വിശദീകരിക്കാനാണ്‌ സെബാസ്റ്റ്യൻ പോൾ ബെെബിളിലെ ഈ സന്ദർഭത്തെ ഉപയോഗിച്ചത്‌. അദ്ദേഹം ഇങ്ങനെ പറയുന്നു:

‘‘യേശുവിനെ തറച്ച കുരിശിനു മുകളിൽ ‘യഹൂദരുടെ രാജാവ്‌’ എന്ന കുറ്റപത്രം എഴുതി വച്ചിരുന്നു. ഇതുകണ്ട പുരോഹിത പ്രമുഖർ പീലാത്തോസിനെ സമീപിച്ച്‌ ശീർഷകത്തിന്‌ ഒരു ഭേദഗതി ആവശ്യപ്പെട്ടു. ‘യഹൂദരുടെ രാജാവ്‌ ഞാനാണ്‌ എന്ന്‌ അവൻ പറഞ്ഞു’ എന്ന തിരുത്താണ്‌ അവർക്കു വേണ്ടിയിരുന്നത്‌. ആ ആവശ്യം നിരാകരിച്ചുകൊണ്ട്‌ പീലാത്തോസ്‌ പറഞ്ഞു. ഞാനെഴുതിയത്‌ എഴുതി. എഴുതിയത്‌ എഴുതി എന്ന പീലാത്തോസിന്റെ മനോഭാവമാണ്‌ പത്രപ്രവർത്തകരും പ്രകടിപ്പിക്കുന്നത്‌. അവർ സ്വമേധയാ ഒന്നും തിരുത്തുന്നില്ല. നിർബന്ധപൂർവം തിരുത്തേണ്ടിവരുമ്പോൾ അവർ പ്രതിഷേധിക്കുന്നു. കുറ്റം ഏറ്റുപറയേണ്ടി വരുമ്പോൾ തോൽവിയുടെ തൊപ്പി ധരിക്കേണ്ടി വരുന്ന കുട്ടിയെപ്പോലെ അവരുടെ മനസ്സ്‌ തേങ്ങുന്നു.’’

സെബാസ്റ്റ്യൻ പോൾ ഈ ലേഖനം എഴുതിയത്‌ 2001ലാണ്‌. അന്ന്‌ ചാനലുകൾ ആടിത്തിമിർക്കാൻ തുടങ്ങിയിരുന്നില്ല. ഇന്നിപ്പോൾ അതല്ല സ്ഥിതി. വാർത്താ ചാനലുകൾ സജീവമായതോടെ, ചാനൽ മുറികളിലെ അവതാരകരാണ്‌ സർവതും പറയുന്നവരും, സർവതും അറിയുന്നവരും, സർവതും നിയന്ത്രിക്കുന്നവരും എന്ന്‌ ഇക്കൂട്ടർ ധരിച്ചുവശായിരിക്കുകയാണ്‌. സാധാരണ വിശ്വാസികൾ ദൈവത്തിനു ചാർത്തി നൽകുന്ന വിശേഷണങ്ങളാണ്‌. സർവവും അറിയുന്നവൻ, സർവ വ്യാപി, സർവശക്തൻ എന്നിവ. അത്തരമൊരു അവസ്ഥയിലുള്ളവരാണ്‌ തങ്ങൾ എന്ന തെറ്റിദ്ധാരണയുടെ കുറിതൊട്ടു നടക്കുന്നവരായി നമ്മുടെ ചാനൽ അവതാരകരിൽ ഏറെപ്പേരും മാറിയിരിക്കുകയാണ്‌. തെറ്റിദ്ധാരണ ഭരണഘടനാ വിരുദ്ധമോ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകരമോ അല്ലാത്തതിനാൽ നമുക്കൊന്നും ചെയ്യാനുമാവില്ല.

നേരത്തെ പരാമർശിച്ച പുസ്‌തകത്തിൽ സെബാസ്റ്റ്യൻ പോൾ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് 1994ൽ രാജ്യസഭാംഗവും മുൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രിയുമായിരുന്ന വി എൻ ഗാഡ്ഗിൽ അവതരിപ്പിച്ച ഒരു സ്വകാര്യബില്ലിനെപ്പറ്റിയാണ്. തെറ്റായ വാർത്തകളുടെ ഇരകൾക്ക് മറുപടിക്കുള്ള അവകാശം നിയമപരമാക്കണമെന്ന നിർദേശത്തോടെയാണ് അന്ന് ഗാഡ്ഗിൽ ‘Right to Reply Bill 1994′ പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ അന്നത്തെ പ്രസ് കൗൺസിൽ ചെയർമാൻ ജസ്റ്റിസ് ആർ എസ് സർക്കാരിയ ശക്തമായ എതിർപ്പുമായി മുന്നോട്ടുവന്നു. സ്വകാര്യബില്ലാണെങ്കിലും, അവതരിപ്പിച്ചത് മുൻ കേന്ദ്രമന്ത്രിയായതുകൊണ്ട് ഇത്, പത്രങ്ങളെ നിയന്ത്രിക്കാനുള്ള ഗവൺമെന്റിന്റെ ഗൂഢനീക്കമാണെന്നു കരുതണം എന്നു പറഞ്ഞുകൊണ്ടാണ് പ്രസ് കൗൺസിൽ എതിർപ്പു പ്രകടിപ്പിച്ചത്. ഇന്ത്യ ടുഡേ, ഹിന്ദുസ്ഥാൻ ടെെംസ് തുടങ്ങിയ ദേശീയ പത്രങ്ങളും ഇത് പത്രങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കമാണെന്ന് ആരോപിച്ച് ശക്തമായി രംഗത്തുവന്നു. 1978ലെ പ്രസ് കൗൺസിൽ ആക്ട് ചൂണ്ടിക്കാണിച്ചാണ് ചെയർമാൻ ആർ എസ് സർക്കാരിയ പ്രതിരോധം തീർത്തത്. ഒടുവിൽ, എതിർപ്പിനെതുടർന്ന് സ്വകാര്യബിൽ ഗാഡ്ഗിലിനു പിൻവലിക്കേണ്ടി വന്നു.

‘ഏതു വാർത്തയ്ക്കുള്ള മറുപടിയാണോ പ്രസിദ്ധീകരിക്കുന്നത്, അത് ആ വാർത്ത പ്രസിദ്ധീകരിച്ച അതേ പേജിൽ അതേ വലിപ്പത്തിൽ നൽകണ’മെന്നായിരുന്നു ഗാഡ്ഗിലിന്റെ നിർദേശം. ‘അതു നിയമമായിരുന്നുവെങ്കിൽ, നമ്മുടെ പത്രങ്ങൾ വെട്ടും തിരുത്തും മാപ്പുംകൊണ്ട് നിറയുമായിരുന്നു’ എന്നും സെബാസ്റ്റ്യൻപോൾ ലേഖനത്തിനൊടുവിൽ പറയുന്നുണ്ട്.

ഇത്തരമൊരു ബില്ലും, അതിലെ നിർദേശങ്ങളും പ്രയോഗത്തിലുണ്ടായിരുന്നുവെങ്കിൽ, നമ്മുടെ വാർത്താചാനലുകളുടെ വാർത്ത അവതരണത്തിന്റെ പകുതിഭാഗമെങ്കിലും നിത്യേന തിരുത്തുകളുടെയും മാപ്പപേക്ഷകളുടെയും രോദനങ്ങൾ കൊണ്ടു നിറയുമായിരുന്നു എന്നും ഇപ്പോൾ കണക്കാക്കാവുന്നതാണ്.

വിമോചന സമര സ്മരണകളിലോ 
മാധ്യമങ്ങൾ?
മാധ്യമങ്ങളുടെ പക്ഷപാതിത്വപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുള്ള ഇരുപതാം നൂറ്റാണ്ടിലെ വിശ്രുത കമ്യൂണിക്കേഷൻ സെെദ്ധാന്തികനാണ് ബ്രിട്ടീഷുകാരനായ ഡെനിസ് മകെെ-്വയ്ൽ. മാധ്യമങ്ങൾ വിവിധ തരത്തിൽ പക്ഷപാതിത്വം കാണിക്കുന്നതിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. അതിലൊന്ന് വളരെ തുറന്നതും ബോധപൂർവവുമായ പക്ഷപാതിത്വമാണ്. മുഖപ്രസംഗങ്ങളിലും പ്രത്യേക കോളങ്ങളിലുമൊക്കെയാണ് ഇത്തരം പക്ഷപാതിത്വം പ്രകടമാകുന്നത്. രണ്ടാമത്തെ പക്ഷപാതിത്വത്തെ പ്രചാരണത്തിന്റെ കള്ളിയിലാണ് മകെെ-്വയ്ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഗോപ്യവും, കരുതിക്കൂട്ടിയുള്ളതും ആണെന്നും കെെകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളതാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്തരം പക്ഷപാതിത്വം പലപ്പോഴും വസ്തുനിഷ്ഠമായ വാർത്തയെന്ന തരത്തിലായിരിക്കും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കപ്പെടുക. ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന പക്ഷപാതിത്വം പെട്ടെന്നു കണ്ടുപിടിക്കാൻ കഴിയില്ലെന്നതാണ് ഇതിന്റെ ഏറ്റവും ഗൗരവമായ പ്രശ്നം. മറ്റൊന്ന് വാർത്തയിൽ തെളിഞ്ഞിരിക്കുന്ന പ്രത്യയശാസ്ത്രമാണ്.

ഈ പക്ഷപാതിത്വങ്ങളുടെയൊക്കെ അട്ടിപ്പേറുകാരാണ് മുഖ്യധാരാ മാധ്യമങ്ങളിൽ ഏറെയും. ആഗോളവൽക്കരണത്തിന്റെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ മാധ്യമരംഗം ലോകമാകെ കോർപറേറ്റ്– മൂലധന ശക്തികളുടെ കെെപ്പിടിയിലായിക്കഴിഞ്ഞിട്ടുണ്ട്. മൂലധനശക്തികൾ ആധിപത്യം പുലർത്തുമ്പോൾ, മാധ്യമങ്ങളെക്കുറിച്ചുള്ള പരമ്പരാഗത മൂല്യസങ്കൽപ്പങ്ങളൊക്കെ തകരുന്നു എന്നു മാത്രമല്ല, മൂലധന താൽപ്പര്യങ്ങളോട് കലഹിക്കുന്നവരെ മുഴുവൻ അവർ ശത്രുപക്ഷത്താക്കുക കൂടി ചെയ്യുന്നുണ്ട്. മൂലധന ശക്തികളുടെ ചൂഷണത്തിനെതിരെ പോരാടുന്ന പ്രസ്ഥാനങ്ങളെയെല്ലാം തകർക്കുകയെന്നതും അവരുടെ ലക്ഷ്യമാണ്. കേരളത്തിൽ ഇതിന്റെ ആദ്യ വെടിയൊച്ചകൾ കേട്ടത് 1959ലെ വിമോചന സമരകാലത്താണ്. കാർഷിക ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ നിയമം തുടങ്ങിയവ നടപ്പാക്കി കേരളത്തിന്റെ സാമൂഹിക–സാമ്പത്തിക ജീവിതത്തെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് അനുഗുണമായി പരിവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിച്ചതിനെത്തുടർന്നാണ് വലതുപക്ഷ പത്രങ്ങൾ ഒന്നടങ്കം അന്ന് കമ്യൂണിസ്റ്റ് പാർട്ടിക്കും, പാർട്ടി നേതൃത്വം നൽകിയ ഗവൺമെന്റിനും എതിരായി തെറ്റായതും ദുരുദ്ദേശ്യത്തോടെയുള്ളതുമായ വാർത്തകൾ നൽകി സമരങ്ങളെ തീപിടിപ്പിച്ചത്. അന്നത്തെ പത്രങ്ങളുടെ ദുഷ്ടലാക്കോടെയുള്ള പ്രചണ്ഡപ്രചാരണം ഫലം കാണുന്ന തരത്തിലായിരുന്നുവല്ലോ 1959 ജൂലെെ 31ന് ഇ എം എസ് ഗവൺമെന്റിനെ കേന്ദ്രം പിരിച്ചുവിട്ടത്.

ഏതാണ്ട് സമാനമായ ഒരു കോർപറേറ്റ് വലതുപക്ഷ–മാധ്യമ–മഹാസഖ്യത്തിന് കോപ്പുകൂട്ടുന്നതിന്റെ ഭാഗമായി വേണം ഇപ്പോൾ സിപിഐ എമ്മിനെയും പാർട്ടിയുമായി ബന്ധപ്പെട്ട് പൊതുരംഗത്തു നിൽക്കുന്നവരെയും എങ്ങനെയും കടന്നാക്രമിക്കുന്ന രീതി മാധ്യമങ്ങൾ അവലംബിച്ചിരിക്കുന്നത്. ‘‘വിമോചന സമരകാലത്ത് മുപ്പതിൽപ്പരം വരുന്ന ഭാഷാപത്രങ്ങളിൽ ഭൂരിപക്ഷവും മന്ത്രിസഭയെ മൊത്തത്തിലും, അതുപോലെ തന്നെ മന്ത്രിമാരെ വ്യക്തിപരമായും അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടുകൂടി വസ്തുതകൾ വളച്ചൊടിക്കുകയും നുണകൾ എഴുതിപ്പിടിപ്പിക്കുകയും ചെയ്യുക എന്ന നയത്തിലേക്കു നീങ്ങി’’ എന്ന് ഇ എം എസ്. ‘കേരള ചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് പ്രസക്തമാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ തുടർഭരണം നേടി ചരിത്രം സൃഷ്ടിക്കുകയും 1957ലെ ഇ എം എസ് ഗവൺമെന്റിന്റേതിനു സമാനമായി വർത്തമാനകാല സാധാരണ മനുഷ്യരുടെ ജീവിതം കൂടുതൽ ഉയരങ്ങളിലേക്കുകൊണ്ടുപോകാൻ സഹായകമായ ലെെഫ് പദ്ധതിയടക്കം നടപ്പാക്കി മുന്നോട്ടുപോവുകയും ചെയ്യുമ്പോൾ, അതു കൂടുതൽ മുന്നേറുന്ന മുറയ്ക്ക് വലതുപക്ഷ രാഷ്ട്രീയത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകുമെന്ന് അവർ തിരിച്ചറിയുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള വിഫലശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മൂലധന–വലതുപക്ഷ–മാധ്യമ മഹാസഖ്യം ഗീബൽസിയൻ കഥകളുടെ തോണിയിലേറി സഞ്ചരിക്കുന്നത്. ഈ സഞ്ചാരത്തിന്റെ പടവുകളിലൊന്നു മാത്രമാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരായ കുത്തിത്തിരിപ്പുകൾ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + 10 =

Most Popular