Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഇരുട്ടിന്റെ ചാക്കിലെ ഇല്ലാത്ത പൂച്ച

ഇരുട്ടിന്റെ ചാക്കിലെ ഇല്ലാത്ത പൂച്ച

കെ ബാലകൃഷ്ണന്‍

ത്രയൊന്നും മുമ്പല്ല, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചരണം മൂര്‍ധന്യത്തിലെത്തുന്ന സമയം. 2019 മാര്‍ച്ച് 19 ന് മലയാളത്തിലെ മുഖ്യധാരാ ചാനലുകള്‍ വലിയൊരു വെടിപൊട്ടിക്കുന്നു. ഒരു അണുബോംബിന്റെ സ്ഫോടകശക്തിയോടെയാണവര്‍ അതാഘോഷിച്ചത്. സിപിഐ എമ്മിന്റെ ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് ബലാല്‍സംഗം നടന്നു. ഇര കോളേജ് മാഗസിന്റെ പ്രവര്‍ത്തകകൂടിയായ എസ്എഫ്ഐ പ്രവര്‍ത്തക. ഗര്‍ഭിണിയായ ആ എസ്എഫ്ഐ പ്രവര്‍ത്തക പ്രസവിച്ച ചോരക്കുഞ്ഞാണ് മാര്‍ച്ച് 16ന് റോഡരികില്‍ വലിച്ചെറിയപ്പെട്ടനിലയില്‍ മണ്ണൂര്‍ നഗരിപുരത്ത് കാണപ്പെട്ടത്. മങ്കര പൊലീസ് കേസെടുത്തു. ഇതാണ് എസ്.എഫ്.ഐ.ക്കെതിരെ വര്‍ഷിച്ച ബോംബ്. കാമുകനില്‍നിന്ന് ഗര്‍ഭിണിയായി പ്രസവിച്ച യുവതി പൊലീസില്‍ നല്‍കിയ മൊഴിയെന്ന നിലയിലാണ് വാര്‍ത്ത. എന്നാല്‍ ആ യുവതിക്കോ യുവതി പരാതിയില്‍ പറയുന്ന കാമുകനോ എസ്എഫ്ഐയുമായോ പാര്‍ട്ടിയുമായോ ബന്ധമില്ല, പരാതിയിലും അതുപ്രകാരം രേഖപ്പെടുത്തിയ പ്രഥമവിവരറിപ്പോര്‍ട്ടിലും പറയുന്നതുപോലെ സിപിഐ എം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ ഡിവൈഎഫ്ഐക്ക് പ്രത്യേക മുറിയില്ല, കോളേജ് മാഗസിനുമായി ബന്ധപ്പെട്ട യോഗമോ ചര്‍ച്ചയോ പാര്‍ട്ടി ഓഫീസില്‍ നടക്കാറില്ല, നടന്നിട്ടില്ല എന്നെല്ലാം പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറി പ്രസ്താവന നല്‍കി. പക്ഷേ അതൊന്നും കേൾക്കാതെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തുരുപ്പ് ശീട്ടിതാ കിട്ടിപ്പോയി എന്നനിലയിലാണ് നമ്മുടെ മാധ്യമങ്ങള്‍ കാര്യങ്ങള്‍ നീക്കിയത്. സിപിഎം ഓഫീസിലെ ബലാല്‍സംഗം, സിപിഎം ബലാല്‍സംഗം എന്നെല്ലാം മര്യാദലേശംപോലുമില്ലാതെ ഹെഡ്ഡിങ്ങുകള്‍നിറഞ്ഞു. കുറഞ്ഞ പക്ഷം പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെയെങ്കിലും ജനങ്ങളെ കബളിപ്പിച്ച് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കോളേജ് മാഗസിന്‍ ബലാല്‍സംഗക്കഥയുമായി പ്രധാന ദൃശ്യമാധ്യമങ്ങള്‍ ആടിത്തിമിര്‍ത്തത്.

ചെര്‍പ്പുളശ്ശേരി സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയനുസരിച്ച് പൊലീസ് കേസെടുത്തത് ആ പ്രദേശത്ത് ടൂവീലര്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന പ്രകാശനെതിരെയാണ്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രകാശന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇടയ്-ക്കിടെ പോകാറുണ്ടെന്ന് വ്യക്തമായി. പ്രകാശന്‍ കോളേജില്‍ പഠിച്ചിട്ടേയില്ല. കോളേജ് പ്രവേശനത്തിനുള്ള വിദ്യാഭ്യാസയോഗ്യതയുമില്ല. സിപിഐ എമ്മുമായി ഒരു ജാഥയില്‍ പങ്കെടുത്ത ബന്ധംപോലുമില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയുടെ ഏതെങ്കിലും തലത്തിലുള്ള ഓഫീസില്‍ അതേവരെ പോയിട്ടുമില്ല. വാദിയെയും പ്രതിയെയും ചോദ്യംചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയപ്പോള്‍ പൊലീസിന് വ്യക്തമായ കാര്യമിതാണ്. പക്ഷേ ഒരുമാസത്തോളം തിരഞ്ഞെടുപ്പ് പ്രചരണത്തെ സ്വാധീനിക്കാന്‍ ബോംബ–ുവര്‍ഷംപോലെ കള്ളവാര്‍ത്ത അടിച്ചേല്‍പ്പിച്ച മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയല്ല!    മാധ്യമങ്ങളുടെ കള്ളവാര്‍ത്തയില്‍ പുളകംകൊണ്ട് അന്നത്തെ പ്രതിപക്ഷനേതാവ് നിരന്തരം അപവാദ പ്രസ്താവനകള്‍ നടത്തി. സിപിഐ എം ഓഫീസുകള്‍ ബലാല്‍സംഗകേന്ദ്രങ്ങളാകുന്നുവെന്ന് തുടങ്ങി എന്തും വിളിച്ചുപറയുക, അത് മുഖ്യധാരാ ദൃശ്യ മധ്യമങ്ങള്‍ ആഘോഷപൂര്‍വം വര്‍ഷിക്കുക–ഇതാണന്ന് നടന്നത്. വാസ്തവത്തില്‍ തിരഞ്ഞെടുപ്പിലെ ജനവികാരം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനതന്നെയാണ് നടന്നത്. ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായെത്തിയ രമ്യ ഹരിദാസിനെ പെങ്ങളൂട്ടിയായവതരിപ്പിച്ച് ചില ദൃശ്യമാധ്യമങ്ങളും പത്രങ്ങളും അതിന്റെ ഓണ്‍ലൈന്‍ മാധ്യമങ്ങളും സ്പോണ്‍സര്‍മാരെപ്പോലയൊണ് പെരുമാറിയതെന്നതുകൂടി ഇതുമായി കൂട്ടിവായിക്കണം. എസ്എഫ്ഐയെയും സിപിഐ എമ്മിനെയും കരിവാരിത്തേച്ച് സമൂഹത്തില്‍ അവഹേളിച്ച മാധ്യമങ്ങള്‍ നട്ടാല്‍കുരുക്കാത്ത നുണകളാണ് തങ്ങള്‍ വര്‍ഷിച്ചതെന്ന് അന്വേഷണറിപ്പോര്‍ട്ട് വന്നപ്പോള്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെന്ന മട്ടില്‍ പൊടിയുംതട്ടിപ്പോവുകയായിരുന്നു.

സിപിഐ എമ്മിന്റെ ഏരിയാ സെക്രട്ടറിയോ എസ്എഫ്ഐയോ മാധ്യമ ഗൂഢാലോചനയ്ക്കും കള്ളപ്രചാരവേലയ്ക്കുമെതിരെ കേസുകൊടുത്താല്‍ മാധ്യമസ്വാതന്ത്ര്യം ഇടിഞ്ഞുവീഴുന്നുവെന്ന പുതിയ വായ്ത്താരിയാണിപ്പോള്‍ പരക്കെ മുഴങ്ങുന്നത്. പാര്‍ലമെന്റംഗവും ട്രേഡ് യൂണിയന്‍ നേതാവുമായ എളമരം കരീമിന്റെയോ കുടുംബാംഗങ്ങളുടെയോ മുഖത്തടിച്ചാല്‍ എന്നുതുടങ്ങുന്ന ആക്രോശങ്ങളുടെ പേരിലാണ് ഏഷ്യാനെറ്റിലെ അവതാരകനായ വിനു വി ജോണിനെതിരെ പൊലീസ് കേസെടുത്തത്. പൊലീസ് സ്വന്തം നിലയ്ക്ക് കേസെടുത്തതല്ല. ഉത്തരവാദപ്പെട്ട ഒരു എം പിയായ എളമരം കരീം നല്‍കിയ പരാതിയില്‍ പ്രഥമവിവരം രേഖപ്പെടുത്തി വിനുവിനോട് വിശദീകരണം ചോദിക്കുക മാത്രമാണ് പൊലീസ് ചെയ്തത്. അറസ്റ്റു ചെയ്തില്ല, കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയോ ലോക്കപ്പിലാക്കുകയോ ചെയ്തില്ല. ഏതാനും മിനിട്ടുനേരം വിവരങ്ങളാരാഞ്ഞുവെന്നുമാത്രം. ദിവാന്‍ഭരണത്തിനെതിരെ തൂലിക പടവാളാക്കിയതിന് നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്കുണ്ടായ അനുഭവത്തോടാണ് വിനുവിന്റെ അനുഭവത്തെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉപമിച്ചത്. വാര്‍ത്താവതാരകനും വ്യാഖ്യാതവും ചര്‍ച്ചാ മോഡറേറ്ററുമെന്നനിലയില്‍ എന്തും വിളിച്ചുപറയുന്ന അധ: പതനത്തിനാണ് പ്രതിപക്ഷനേതാവിന്റെ പ്രോത്സാഹനം.

വ്യാജ അഭിമുഖം നിർമിക്കുന്നത് 
മാധ്യമപ്രവർത്തനമല്ല
സാധാരണ ഏതെങ്കിലും വാര്‍ത്തയോ സര്‍ക്കാരിനെതിരായ ആരോപണമോ സംപ്രേഷണംചെയ്തതിനല്ല സിന്ധു സൂര്യകുമാറടക്കമുള്ള ഏഷ്യാനെറ്റിലെ പ്രമുഖര്‍ക്കെതിരെ കേസെടുത്തത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് എരിവുപകരാന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ കരുവാക്കി വ്യാജ അഭിമുഖം നിര്‍മിച്ച് സംപ്രേഷണംചെയ്തതിനാണ്. അതും ഒരു പരാതിയുടെ പുറത്ത്. ആ കേസിലും അറസ്റ്റോ കസ്റ്റഡിയോ ലോക്കപ്പോ ഉണ്ടായില്ല. എന്നുമാത്രമല്ല സംഭവസ്ഥലത്തെ തെളിവെടുപ്പ്    പൂര്‍ണമായും ദൃശ്യസഹിതം സംപ്രേഷണം ചെയ്യുന്നതിന് തടസ്സുമുണ്ടായില്ല. ഏറ്റവുമൊടുവില്‍ എറണാകുളം മഹാരാജാസിലെ സംഭവത്തിലും ഏഷ്യാനെറ്റ് ലേഖികക്കെതിരെ പൊലീസ് സ്വമേധയാ കേസ‍് എടുത്തതല്ല. വ്യാജ പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ വിദ്യയെക്കുറിച്ച് കോളേജിനകത്തും പ്രിന്‍സിപ്പലിന്റെ മുറിയിലും വരാന്തകളിലുംവെച്ച് നിര്‍ബാധം തൽസമയ വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതിന് തടസ്സമുണ്ടായില്ല. ആ വാര്‍ത്തക്കിടയിലാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ വ്യാജവാര്‍ത്തയുണ്ടായത്. അത് യാദൃച്ഛികമായി ഒരു കെഎസ്-യുക്കാരന്റെ ബൈറ്റ് രൂപത്തിലാണ് വരുന്നതെങ്കിലും അതിന്റെ സ്നോബോള്‍ പ്രോഗ്രഷന്‍ നല്‍കുന്ന സൂചന എല്ലാം ആസൂത്രിതമായിരുന്നെന്നാണ്. വാര്‍ത്താ അവതരണത്തിന്റെ രീതി, വാര്‍ത്താകര്‍ത്താവിന്റെ പിന്നാക്കംനടപ്പ്, പ്രിന്‍സിപ്പലിന്റെ മുറിയുടെ വാതില്‍ തള്ളിത്തുറന്നുള്ള പ്രവേശം, അപ്പോഴും തുടരുന്ന വിവരണം, ഘെരാവോ ചെയ്യപ്പെട്ടനിലയില്‍ ഇരിക്കുന്ന പ്രിന്‍സിപ്പലിനോട് ആമുഖമില്ലാതെ മൈക്ക് നീട്ടുന്നത്, തുടര്‍ന്ന് തൊട്ടടുത്ത നിമിഷം ആര്‍ഷോയ്ക്കെതിരായ വ്യാജവാര്‍ത്തയുടെ ബൈറ്റ്. വ്യാജവാര്‍ത്തയുടെ ഇരയായ ആര്‍ഷോ ഇതിലെ അസ്വാഭാവികത ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. അദ്ദേഹം പൊലീസില്‍ പരാതിപ്പെടുന്നു. കുറ്റംചെയ്യാതെ ബോംബുവര്‍ഷംപോലെ കുറ്റാരോപണത്തിലൂടെ അപമാനിക്കപ്പെട്ട ഒരാള്‍ക്ക് അതിനെതിരെ പരാതി നല്‍കാനുള്ള പൗരാവകാശമില്ലേയെന്നതാണിവിടുത്തെ പ്രശ്നം. ആര്‍ഷോ സംശയിച്ചതുപോലെയല്ല കാര്യങ്ങള്‍, അഖിലയുടെ വാര്‍ത്തയിലെ നാടകീയതയ്ക്ക് ഗൂഢാലോചനയുടെ സ്പര്‍ശമില്ല, ലേഖിക നിഷ്കളങ്കമായി വാര്‍ത്ത റിപ്പോര്‍ട്ടുചെയ്യുകയായിരുന്നു എന്നാണ് മൊഴികളില്‍നിന്നും സാഹചര്യത്തില്‍നിന്നും വ്യക്തമാകുന്നതെങ്കില്‍ എഫ്ഐആറില്‍നിന്നും അവര്‍ ഒഴിവാക്കപ്പെടണം, ഒഴിവാക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഇവിടെയും അറസ്റ്റോ കസ്റ്റഡിയോ മറ്റേതെങ്കിലും തരത്തില്‍ വിഷമിപ്പിക്കുകയോ ചെയ്തുവെന്ന് ആര്‍ക്കും ആരോപണമില്ല. കേരളാമിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടോ അഴിമതിയോ സംബന്ധിച്ച് മലയാളമനോരമയില്‍ വാര്‍ത്തവന്നപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിളിച്ച് കാര്യങ്ങള്‍ തിരക്കാന്‍ ശ്രമിച്ചു, നോട്ടീസ് വേണമെന്ന് ലേഖകന്‍ മറുപടി നല്‍കി, നോട്ടീസയച്ചു, അതിനെ തുടര്‍ന്ന് വിവരങ്ങള്‍ നല്‍കി. ഇതാണ് കൊല്ലത്തുനടന്ന ഒരു സംഭവം. കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്സ് തിങ്കളാഴ്ച സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത് ഈ സംഭവത്തിലും പ്രതിഷേധിച്ചാണ്. അഴിമതി വാര്‍ത്തകളും മറ്റുമുണ്ടാകുമ്പോള്‍ ലേഖകരെ വിളിച്ച് ഇത്തരം അന്വേഷണം നടത്തുന്നത് പണ്ടേയുള്ളതും സ്വാഭാവികവുമാണെന്നും സൗകര്യമില്ലെങ്കില്‍ വരാനാവില്ലെന്നുപറയാവുന്നതേയുള്ളുവെന്നും അറിഞ്ഞിട്ടോ അതോ അറിയാതെയോ ആണോ ഇതെല്ലാം.

സ്വന്തം പാരമ്പര്യത്തെ 
നിഷേധിക്കുന്ന ഏഷ്യാനെറ്റ്
സമീപകാലത്ത് ഏഷ്യാനെറ്റ് സ്വീകരിച്ച വാര്‍ത്താവതരണശൈലി അവരുടെ പാരമ്പര്യത്തെ നിഷേധിക്കുന്നതാണെന്നും പൂര്‍ണമായും ഉടമസ്ഥതാല്പര്യമാണതില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും അതിന്റെ മുന്‍ എഡിറ്റര്‍ സി.എല്‍.തോമസ് ഈയിടെ വ്യക്തമാക്കുകയുണ്ടായി. അതിന്റെ സ്ഥാപകനായ ശശികുമാര്‍ നിരന്തരം ഈ വിമര്‍ശനമുന്നയിക്കുന്നുണ്ട്. കമ്യൂണിസ്റ്റുവിരോധംകൊണ്ട് ഒരുതരം ഭ്രമാത്മകതയിലെത്തിയ പ്രതീതിയാണ് അതിലെ പ്രത്യേക വാര്‍ത്താധിഷ്ഠിതപരിപാടികളില്‍ കാണുന്നത്.

വാസ്തവത്തില്‍ രാജ്യത്ത് ബിജെപിഭരണത്തില്‍ നടമാടുന്ന മാധ്യമസ്വാതന്ത്ര്യനിഷേധത്തെ മറച്ചുപിടിക്കുന്നതിനാണ് കേരളത്തില്‍    മാധ്യമസ്വാതന്ത്ര്യം ഭീഷണിയില്‍ എന്ന മുറവിളിയുയര്‍ത്തുന്നത്. ഏഷ്യാനെറ്റിന് അത്തരമൊരു താല്പര്യമുണ്ടാവുക സ്വാഭാവികവുമാണ്. കാരണം ഐടിയുടെ മന്ത്രിയെന്നനിലയില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലക്കുകളും നിരോധനവും കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കുന്നത് രാജീവ് ചന്ദ്രശേഖറാണ്..അദ്ദേഹമാണ് ഏഷ്യാനെറ്റിന്റെ ഉടമ. സംഘപരിവാര്‍ നേതാവായ രാജീവ്ചന്ദ്രശേഖര്‍ സമര്‍ഥമായി ഒരുക്കുന്ന കുരുക്കില്‍ മറ്റ് മാധ്യമങ്ങളും തലവെക്കുകയാണോ എന്നുസംശയിക്കണം. റേറ്റിങ്ങാണ് ചാനലുകളുടെ ഒരേയൊരു നോട്ടം എന്നതിനാല്‍ അതിലെ പ്രവര്‍ത്തകര്‍ നിരന്തരസമ്മര്‍ദത്തിലാണ്. ഒരു ചാനല്‍ ഒരു വ്യാജ വാര്‍ത്താബോംബിട്ടാല്‍ ശരിയോ തെറ്റോ എന്ന് പരിശോധിക്കാതെ അതേ വാര്‍ത്ത കൊടുക്കാന്‍ മറ്റ് ചാനലുകളും നിര്‍ബന്ധിതമാകുകയാണ്. ഒരു വ്യാജ അഴിമതി വാര്‍ത്ത ഒരു ചാനലില്‍ വരുന്നു. ആ വാര്‍ത്ത യില്ലെങ്കില്‍ മറ്റു ചാനലുകള്‍ കാണാനാളുണ്ടാവില്ല. അതിനാല്‍ മുമ്പേ ഗമിച്ചീടിന ഗോവുതന്റെ പിന്‍പേ ഗമിക്കുക മാത്രമേ മറ്റു ചാനലുകള്‍ക്കും ഗതിയുള്ളു. വാര്‍ത്തയുമായി പുലബന്ധമെങ്കിലുമുള്ള ആരെയെങ്കിലും കണ്ടുപിടിച്ച് സ്വന്തം വാര്‍ത്തയാക്കുക, ഞങ്ങളുടെ ചാനലിനോട് പറഞ്ഞുവെന്നവകാശപ്പെടുക–ഇത്യാദി തമാശകളാണ് നടക്കുന്നത്. ചാനല്‍ ലേഖകര്‍ നിരന്തരം പങ്കുവെക്കുന്ന പരാധീനതകളാണിത്. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്.

ഡല്‍ഹിയില്‍ സുദര്‍ശന്‍ ടിവി എന്ന ഒരു ചാനലുണ്ട്. സുരേഷ് ചാവ്ഹങ്കെയാണതിന്റെ ഉടമയും എഡിറ്ററും അവതാരകനുമെല്ലാം. മുസ്ലിങ്ങളെ തുരത്തുക, മുസ്ലിങ്ങളെ സിവിൽ സര്‍വീസിലെടുക്കരുത് തുടങ്ങി വര്‍ഗീയവിദ്വേഷ പ്രചരണത്തിന്റെ അങ്ങേയറ്റത്തെ ചാമ്പ്യനാണയാള്‍. രണ്ടുവര്‍ഷംമുമ്പ് വാരണാസിയിലും ഡല്‍ഹിയിലുമെല്ലാം ധര്‍മസംൻസദ് എന്ന പേരില്‍ വിദ്വേഷപ്രസംഗ റാലികള്‍ നടത്തുന്നതിലും അയാള്‍ വലിയ പങ്കുവഹിച്ചു. രാജ്യത്തെ 91 പ്രമുഖ വ്യക്തികള്‍ അയാള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുപോലും അയാളെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയ്യാറായില്ല. സുരേഷ് ചാവ്ഹങ്കെയും വാദിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചാണ്. മറുനാടനും കര്‍മയുമടക്കം എത്രയോ ചാനലുകള്‍ സുദര്‍ശന്‍ ടി.വി.യുടെ അതേപോലെ പ്രവര്‍ത്തിക്കുന്നു. അവരും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നത്. ഹിന്ദി ചാനലുകള്‍ നോക്കിയാലറിയാം കാര്യങ്ങള്‍. പശുവിന്റെ മൂത്രം കുടിച്ചാല്‍ സ്വര്‍ഗത്തിലെത്തും, പശുവിന്റെ ചാണകത്തില്‍ സ്വര്‍ണമുണ്ട്, പശുവിന്റെ മൂത്രം കുടിച്ചാല്‍ ലക്ഷപ്രഭുവാകും എന്നെല്ലാം ഏതെങ്കിലും വങ്കന്‍ പറഞ്ഞാല്‍ അത് ഏതെങ്കിലും ഹിന്ദി ചാനലില്‍ അതേപടിവരും. ആ വാര്‍ത്തയില്ലാതെ മറ്റുചാനലുകള്‍ക്ക് പ്രവര്‍ത്തിക്കാനാവുമോ?  റിപ്പബ്ളിക് ചാനലിന് റേറ്റിങ്ങ് കൂടുമെന്ന് ഭയക്കുമ്പോള്‍ ടൈംസ് നൗ അടക്കമുള്ള ചാനലുകള്‍ ആ വഴിയേ പോകുന്നു. അതിദേശീയതയുടെ ഉന്മാദം സൃഷ്ടിക്കുകയാണ് റേറ്റിങ് കൂടുന്നതിനുള്ള ഉപായമെന്ന് ഒരു ചാനല്‍ തീരുമാനിച്ചാല്‍ മറ്റുചാനലുകളും ആ വഴിയെ പോകുമെന്നുറപ്പാണ്. അങ്ങനെ സ്വത്വമില്ലാത്ത, സ്വാതന്ത്ര്യബോധമില്ലാത്ത ഒരു സത്വമായി ഇന്ത്യന്‍ മീഡിയ അധഃപതിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 180þല്‍ 161 ആണെന്നതില്‍ ഈ മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നുമില്ല. അവര്‍ക്ക് സന്തോഷമേയുള്ളൂ. അടിയന്തരാവസ്ഥക്കാലം മലയാളമനോരമയ്ക്കൊക്കെ സുവര്‍ണകാലമായിരുന്നല്ലോ…

പൗരാവകാശവും മാധ്യമസ്വാതന്ത്ര്യവും പരസ്പരപൂരിതമാണ്. പൗരാവകാശവും അഭിപ്രായസ്വാതന്ത്ര്യവുമല്ലാതെ മാധ്യമസ്വാതന്ത്ര്യത്തിന് മാത്രമായ നിലനില്‍പ്പില്ല. പൗരാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ്, ഭരണഘടന അനുശാസിക്കുന്ന മതസൗഹാര്‍ദവും മതനിരപേക്ഷതയും വ്യക്തിസ്വാതന്ത്ര്യവും പിന്തുടരുമ്പോഴാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രസക്തി, അതിനെ വെല്ലുവിളിക്കുകയോ കയ്യേറുകയോ ചെയ്യുന്നതിന് ആ സ്വാതന്ത്ര്യമില്ല.

മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം (അര്‍ഥം അഭിപ്രായസ്വാതന്ത്ര്യത്തില്‍ എന്നുതന്നെയാണ്) ഓരോ കൊല്ലവും കുത്തോട്ടുകുത്തോട്ടുനിപതിച്ച് ഇപ്പോള്‍ 180þല്‍ 161–ലെത്തിയിരിക്കുകയാണല്ലോ. വാസ്തവത്തില്‍ രണ്ടാം മോദി സര്‍ക്കാര്‍വന്നശേഷം എന്താണിവിടെ സംഭവിച്ചത്. മോദി മന്ത്രിസഭയിലെ മന്ത്രിയായ രാജീവ് ചന്ദ്രശേഖറിന്റെ ചാനലായ ഏഷ്യാനെറ്റും വ്യവസായപരമായ കാരണങ്ങളാല്‍ ബിജെപിയെ പിണക്കാന്‍ പറ്റാത്ത മറ്റു ചാനലുകളും ഈ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം നിര്‍ദയം നിഹനിക്കപ്പെടുന്നതിനെപ്പറ്റി ഉത്കണ്ഠപ്പെടുകയോ അതില്‍ പരിതപിക്കുകപോലുമോ ചെയ്യുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഏതാനും ദേശീയ സംഭവങ്ങളിലേക്കെങ്കിലും നോക്കുക. രാഹുല്‍ഗാന്ധിക്കെതിരായ മാനനഷ്ടക്കേസും അതില്‍ കോടതിയുടെ ‘അതിവിധി’യും രാഹുലിനെ പാര്‍ലമെന്റില്‍നിന്ന് പുറത്താക്കിയതും അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നംതന്നെയാണ്.

പൊള്ളയായ മേവാനി കേസ്
ഗുജറാത്തിലെ എംഎല്‍എയായ ജിഗ്നേഷ് മേവാനി പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പേരില്‍ അസമിലെ കൊക്രജാര്‍    പൊലീസ് ചുമത്തിയ കേസ് ഏറെ വിവാദമായതാണ്. ആക്ഷേപഹാസ്യരൂപത്തിലുള്ള വിമര്‍ശത്തിന്റെ പേരിലാണ് കേസെന്നാണ് മേവാനിയെ അനുകൂലിക്കുന്നവര്‍ വാദിച്ചത്. ഒരു സ്വകാര്യ പരാതി കിട്ടയതും കൊക്രജാര്‍ പൊലീസ് ഗുവാഹട്ടിയില്‍നിന്നും വിമാനമാര്‍ഗം ബംഗളുരുവിലും അവിടെനിന്ന് അഹമ്മദാബാദിലേക്കും എത്തിയശേഷം മണിക്കൂറുകളോളം റോഡുമാര്‍ഗം യാത്രചെയ്താണ് മേവാനിയുടെ ഗ്രാമത്തിലെത്തിയത്. വളരെ ത്യാഗംസഹിച്ച് മേവാനിയെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ കമ്പ്യൂട്ടറും മറ്റും പിടിച്ചെടുക്കുകയും ചെയ്ത് അസമിലെത്തിക്കുകയായിരുന്നു. മറ്റൊരു സംസ്ഥാനത്തെ പോലീസ് എത്തി എംഎല്‍എയെ അറസ്റ്റ് ചെയ്യുകയായിരുന്നിട്ടും നിയമസഭാ സ്പീക്കറെപ്പോലും അറിയിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നു. പൊലീസ് അത്രയധികം കഷ്ടപ്പെട്ടെങ്കിലും ബാരാപെട് കോടതി മേവാനിക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ മേവാനിയെ ജയിലിലടച്ചേ തീരൂ എന്ന ശാഠ്യംനിമിത്തം കൊക്രജാര്‍ പൊലീസ് മറ്റൊരു കേസ് മെനയുകയായിരുന്നു. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വനിതാ പൊലീസിനെ മേവാനി ആക്രമിക്കുകയും ഗ്രാമ്യഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. കോടതി ജാമ്യമനുവദിച്ച മേവാനിയെ വിടാതെ പുതിയ കേസില്‍ അറസ്റ്റ് ചെയ്തതായി രേഖയാക്കി വീണ്ടും കോടതിയെ സമീപിച്ചു. ബാരാപെട് സെഷന്‍സ് ജഡ്ജി അപരേഷ് ചക്രവര്‍ത്തി പൊലീസിന്റെ കുറ്റാരോപണം കെട്ടിച്ചമച്ചതും അപഹാസ്യവുമാണെന്ന് വിലയിരുത്തി കയ്യോടെ കേസ് തള്ളുകയായിരുന്നു. ഗ്രാമ്യഭാഷയില്‍ ആക്ഷേപിച്ചുവെന്നല്ലാതെ എന്തു വാക്കുപയോഗിച്ചുവെന്ന് പ്രഥമവിവിരറിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. രണ്ട് പുരുഷ പൊലീസുദ്യോഗസ്ഥര്‍ പൊലീസ് ജീപ്പിലുണ്ടായിരിക്കെ വനിതാ പൊലീസുദ്യോഗസ്ഥയെ പ്രതി തൊഴിച്ചുവെന്ന് പറയുന്നതിന് എന്ത് വിശ്വാസ്യതയെന്നാരാഞ്ഞ    കോടതി ആദ്യം കേസ് പരിഗണിച്ചപ്പോള്‍  ഈ പരാതി പറയാതിരുന്നതെന്തുകൊണ്ടെന്നും ചോദിച്ചു. അസം പൊലീസ് സംസ്ഥാനത്തെ അമിതാധികാരവാഴ്ചയയിലേക്ക് തള്ളുന്നതിന്റെ ലക്ഷണമാണിതെന്നുകൂടി നിരീക്ഷിച്ച ജഡ്ജി തന്റെ വിധിന്യായം ഹൈക്കോടതിയിലേക്കയക്കാനും ഉത്തരവിട്ടു. ഹൈക്കോടതി ഇക്കാര്യത്തില്‍ സ്വയംപൊതുതാല്പര്യ ഹർജി പരിഗണിക്കണമെന്ന നിര്‍ദേശവുമുണ്ടായി. ഹൈക്കോടതി പക്ഷേ ആ ശുപാര്‍ശയെ അപക്വമായാണ് കണ്ടതെന്നത് വേറെ കാര്യം.

ബംഗളുരുവിലെ പരിസ്ഥിതി പ്രവര്‍ത്തകയായ 22–കാരി ദിശരവിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചതും തെളിവുകളില്ലാത്ത കുറ്റാരോപണങ്ങളുടെ പേരിലാണെന്ന് ജാമ്യവിധിയില്‍ ഡല്‍ഹിയിലെ സെഷന്‍സ് കോടതി വ്യക്തമാക്കുകയുണ്ടായി. പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങള്‍ കര്‍ഷകതാല്പര്യത്തിന് വിരുദ്ധമാണെന്ന് വ്യക്തമാക്കി കര്‍ഷകസംഘടനകള്‍ നടത്തിയ സമരത്തിന് പിന്തുണയര്‍പ്പിച്ച് ദിശരവി സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ വിവരണമാണ് കേസിനാസ്പദമായത്. സ്വീഡനിലെ പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തുംബര്‍ഗ് ഇന്ത്യയിലെ കര്‍ഷകസമരത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത് ദിശരവിയും കൂട്ടരും തയ്യാറാക്കി സമൂഹമാധ്യമത്തില്‍ പ്രസിദ്ധപ്പെടുത്തിയ കുറിപ്പുകളിലെ( സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണത്തിനുള്ള വിവരശേഖരം– ടൂള്‍കിറ്റ്) വിവരപ്രകാരമാണെന്നാണ് ഡല്‍ഹി പൊലീസ് ആരോപിച്ചത്. ഇവരുടെ പ്രചരണത്തിന് ഖലിസ്ഥാന്‍വാദികളുമായി ബന്ധമുണ്ടെന്നും കൂടി ആരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. എന്നാല്‍ ഡല്‍ഹിയിലെ സെഷൻസ് കോടതി പൊലീസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹതിമാണെന്ന് ജാമ്യവിധിയില്‍ത്തന്നെ വ്യക്തമാക്കി. 10 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിശയ്ക്ക് ജാമ്യം കിട്ടിയത്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആ കേസില്‍ എന്തെങ്കിലും തെളിവുകണ്ടെത്താനോ കുറ്റപത്രം നല്‍കാനോ ഡല്‍ഹി പൊലീസിന് സാധിച്ചിട്ടില്ല. അതിനിടയിലാണെങ്കില്‍ രാജ്യദ്രോഹക്കുറ്റം എന്ന വകുപ്പുതന്നെ സുപ്രീംകോടതി അസാധുവാക്കിയിരിക്കുകയുമാണ്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ വിനോദ് ദുവെയ്ക്കെതിരെ മൂന്നുവര്‍ഷം മുമ്പ് ഹിമാചല്‍പ്രദേശിലെ അന്നത്തെ ഭരണകക്ഷിയുടെ നേതാവിന്റെ പരാതിയില്‍ അവിടുത്തെ പൊലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് വലിയ വിവാദത്തിനിടയാക്കിയതാണ്. കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ചതില്‍ രാജ്യദ്രോഹമുണ്ടെന്നാണ് പരാതിയില്‍ ആരോപിച്ചത്.കേസിലെ പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദുവെയ്ക്ക് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ അത്തരം പ്രചരണത്തിലൂടെ സ്പര്‍ധയും അക്രമവുമുണ്ടായാലേ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരികയുള്ളുവെന്നുമാണ് 1962–ലെ കേദാര്‍നാഥ് സിങ് കേസിലെ വിധി ഉദ്ധരിച്ച് ജസ്റ്റിസ് യു.യു. ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചത്. ദുവെയ്ക്കെതിരായ കേസ് റദ്ദാക്കുകയും ചെയ്തു. പിന്നീടാണ് രാജ്യദ്രോഹക്കുറ്റം എന്ന 124 എ വകുപ്പുതന്നെ തല്‍ക്കാലം റദ്ദാക്കിയതും ആ വകുപ്പ് പ്രകാരം തുടരുന്ന നടപടികള്‍ നിര്‍ത്താന്‍ നിര്‍ദേശിച്ചതും. ഉത്തർപ്രദേശില്‍ ബലാല്‍സംഗ വാര്‍ത്ത് റിപ്പോര്‍ട്ടുചെയ്യാന്‍പോയ സിദ്ദിഖ് കാപ്പനെ രണ്ടുവര്‍ഷം ജയിലിലടച്ചിട്ടും കേരളത്തിലെ വലിയ മാധ്യമങ്ങള്‍ക്ക് പ്രതിഷേധമുണ്ടായില്ല. പ്രധാനമന്ത്രിയെ എതിര്‍ത്തതിന്റെയും മുസ്ലിംസമുദായത്തെ അപരവല്‍ക്കരിച്ച് വേട്ടയാടുന്നതിനെതിരെ എഴുതിയതിന്റെയും പേരില്‍ ഉത്തരേന്ത്യയില്‍ എത്രയെത്ര പത്രങ്ങള്‍ പീഡിപ്പിക്കപ്പെട്ടു, എത്ര പത്രാധിപന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു… ഇതൊന്നും കേരളത്തിലെ വന്‍കിട മാധ്യമങ്ങളെ അലോസരപ്പെടുത്തുന്ന കാര്യമല്ല.

പൗരാവകാശ നിഷേധം
വിവരാവകാശനിയമപ്രകാരം ഒരുവിവരം ലഭിക്കുന്നതിന് ഡല്‍ഹി മുഖ്യമന്ത്രി ഏഴുവര്‍ഷം മുമ്പ് നല്‍കിയ അപേക്ഷയില്‍ മുഖ്യ വിവരാവകാശകമ്മീഷണര്‍ അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവ് ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബിരെന്‍ വൈഷ്ണവ് റദ്ദാക്കിയതാണ്    പ്രധാന രാഷ്ട്രീയവിഷയമായി മാറിയത്. വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ, വിവരാവകാശനിയമം അതിന്റെ ഏറ്റവും ഉന്നതനായ അധികാരി നല്‍കിയ ഉത്തരവ്; ആ ഉത്തരവ് തെറ്റാണെങ്കില്‍ ഹൈക്കോടതി റദ്ദാക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. പക്ഷേ മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ ഗുജറാത്ത് സര്‍വകലാശാല നല്‍കിയ അപ്പീല്‍ അംഗീകരിച്ച ഹൈക്കോടതി മുഖ്യവിവരാവകാശ കമ്ഷണര്‍ക്ക് അപേക്ഷ നല്‍കിയ കെജ്–രിവാളിന് കാല്‍ ലക്ഷം രൂപ പിഴയും  ചുമത്തി! പ്രധാനമന്ത്രി രാഷ്ട്രമീമാംസയില്‍ ഗുജറാത്ത് സര്‍വകലാശാലയില്‍നിന്നും ബിരുദാനന്തരബിരുദം നേടിയതുസംബന്ധമായ രേഖകളാണ് കെജ്–രിവാള്‍ ആവശ്യപ്പെട്ടത്. ആ ബിരുദപ്രശ്നത്തിലെ ഇരുള്‍ ഇനിയും നീങ്ങിക്കഴിഞ്ഞിട്ടില്ല. മലയാളമാധ്യമങ്ങള്‍ക്ക് അതത്ര വലിയ ചര്‍ച്ചാവിഷയമേയായില്ലെന്നത് വേറെകാര്യം.

പൗരാവകാശം ഉറപ്പുനല്‍കുന്ന നിയമാവലി ഉപയോഗിച്ചുതന്നെ പൗരാവകാശത്തെ നിഹനിക്കുന്നുവെന്ന ആരോപണത്തിനാണ് ഇതെല്ലാം വഴിവെക്കുന്നത്. ഇതാകട്ടെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണെങ്കിലും പൗരാവകാശം ഉറപ്പുനൽകുന്നതിന്റെ അന്താരാഷ്ട്ര റാങ്കിങ്ങില്‍ 108–ാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നതിലേക്കുമെത്തിച്ചിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡറിന്റെ കണക്കുപ്രകാരം 180–ല്‍ 161–ാം സ്ഥാനത്തും. മുന്‍വര്‍ഷം    150–ാം സ്ഥാനത്തും അതിനുമുമ്പത്തെ രണ്ടുവര്‍ഷവും 142–ാം റാങ്കുമായിരുന്നതാണ് ഇപ്പോള്‍ 161ലെത്തിയത്. ഇക്കാര്യവും സുപ്രീംകോടതി ഉറക്കെ ചൂണ്ടിക്കാട്ടിയപ്പോള്‍ റാങ്കിടുന്നതാരാണെന്ന മറുചോദ്യമാണ് സര്‍ക്കാര്‍ഭാഗത്തുനിന്നുണ്ടായത്!

ഈ ദേശീയസാഹചര്യത്തിലാണ് കേരളത്തില്‍ ഇരുട്ടിന്റെ ചാക്കില്‍ ഇല്ലാത്ത പൂച്ചയെ തപ്പാന്‍ ചില മാധ്യമങ്ങള്‍ മത്സരിക്കുന്നത്. ഔദ്യോഗികയോഗം നടക്കുന്ന മുറിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലെന്നറിയിച്ചിട്ടും ആ മുറിയിലേക്ക് ഇരച്ചുകയറുക, യോഗം തുടങ്ങാറായിട്ടും പുറത്തിറങ്ങാന്‍ വിസമ്മതിക്കുക, യോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ട മുഖ്യമന്ത്രിയോട് മറ്റേതോ വിഷയത്തെക്കുറിച്ച് അഭിപ്രായത്തിന് നിര്‍ബന്ധിക്കുകþ ഔചിത്യമര്യാദകള്‍ പൂര്‍ണമായും ലംഘിച്ച അത്തരമൊരു സന്ദര്‍ഭത്തില്‍ കടക്കൂ പുറത്തെന്ന് നിര്‍ദേശിച്ചത് മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചതിന് തുല്യമാണെന്ന് ചിത്രീകരിച്ച് നിരന്തരം ഉപയോഗപ്പെടുത്തുന്നതാണോ മാധ്യമസ്വാതന്ത്ര്യവാദം? പൊലീസ് അറസ്റ്റുചെയ്ത് കസ്റ്റഡിയില്‍കൊണ്ടുപോകുന്നയാളോട് പൊലീസ് ജീപ്പിലേക്ക് കോലുനീട്ടി അഭിമുഖംനടത്താന്‍ സൗകര്യംകിട്ടാതിരുന്നാല്‍ മാധ്യമസ്വാതന്ത്ര്യനിഷേധമാകുമോ. എന്തും ചെയ്യാം, എങ്ങനെയും വ്യാഖ്യാനിക്കാം, എത്രകാലം കഴിഞ്ഞാലും ദുരുപയോഗം തുടരാം എന്ന സമീപനം കടക്കൂ പുറത്ത് എന്ന വാക്കുകളുടെ ആവര്‍ത്തനത്തില്‍ കാണാം.

തിരുവാർപ്പ് സംഭവം 
പർവതീകരിക്കപ്പെട്ടപ്പോൾ
ഇപ്പോള്‍ ഏറ്റവുമൊടുവില്‍ കോട്ടയം തിരുവാര്‍പ്പിലെ സ്വകാര്യബസ് സമരവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ടുചെയ്ത ശൈലി നോക്കുക. സംഘപരിവാര്‍ നേതാവായ ഒരു ബസ്സുടമയുടെ നാലു ബസ്സുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളില്‍ രണ്ടുപേര്‍ക്ക് നിശ്ചിതവേതനത്തിലും കുറഞ്ഞ വേതനം. മറ്റുള്ളവര്‍ക്ക് കൃത്യമായവേതനം. ലേബര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ത്രികക്ഷിസമിതിയാണ് തൊഴില്‍തര്‍ക്കങ്ങളുടെ കാര്യത്തില്‍ പരിഹാരംകാണേണ്ടത്. ആ സമിതിയുടെ തീരുമാനം ലംഘിച്ചാണ് രണ്ട് പേര്‍ക്ക് – അവര്‍ സി.ഐ.ടി.യു. യൂണിയനില്‍പ്പെട്ടവരാണെന്ന കാരണത്താല്‍ കുറഞ്ഞവേതനം നല്‍കുന്നത്. ആത്മാഭിമാനമുള്ള തൊഴിലാളികള്‍ക്ക് അതിനെതിരെ പൊരുതാതിരിക്കാനാവില്ല. അവര്‍ സമരംചെയ്തപ്പോള്‍ മുതലാളിചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ഒരു ഇരുമ്പു കസേരയില്‍ ഇരിക്കുന്ന ദൃശ്യത്തെ അനുകരിച്ച് മിമിക്രി മോഡലില്‍ ലോട്ടറി വില്പന നടത്തുന്നതായി അഭിനയിക്കുകയാണ്. തൊഴില്‍തര്‍ക്കപരിഹാരത്തിന് ത്രികക്ഷിസമിതി അംഗീകരിച്ച കരാര്‍ നടപ്പാക്കാതെ തോന്ന്യാസംകാണിച്ച ആ ഉടമസ്ഥനെ വരവേല്‍പ്പ് സിനിമയിലെ മുരളിയായി ചിത്രീകരിക്കുകയും മുരളിയെപ്പോലെ പതറിയില്ല, പൊരുതിനിന്നുവെന്ന് പുകഴ്ത്തുകയുമാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. ബസ്സിന്റെ മുമ്പില്‍നിന്ന് കൊടിതോരണങ്ങള്‍ മാറ്റണമെന്ന കോടതിവിധി നടപ്പാക്കിയില്ല, മുതലാളി കൊടിതോരണങ്ങള്‍ പറിച്ചെറിയാന്‍ നോക്കിയപ്പോള്‍ തൊഴിലാളികള്‍ ബലപ്രയോഗത്തോടെ തടഞ്ഞുവെന്നത് മഹാ അപരാധമായി ചിത്രീകരിക്കാനും മറന്നില്ല. സമരംചെയ്യുന്ന തൊഴിലാളിയുടെ കൊടി മുതലാളി നശിപ്പിക്കാന്‍ ശ്രമിച്ചാല്‍പ്പിന്നെ അവിടെ എന്താവണം പ്രതികരണമെന്നതിന്    മറ്റുചോദ്യങ്ങളൊന്നുമില്ലെന്ന് ഇനിയും മനസ്സിലാക്കാത്തവര്‍. തൊഴിലാളിക്ക് ന്യായമായ കൂലിവേണമെന്നതിനെയല്ല, കൂലിയില്‍ വിവേചനംകാണിച്ചതിനെയാണ് ചില മാധ്യമങ്ങള്‍ പിന്താങ്ങിയത്. സംഘപരിവാര്‍ നേതാവായ മുതലാളിയുടെ ധാര്‍ഷ്ട്യത്തെ അവതാരപുരുഷന്റെ വീരഗാഥപോലെ അവതരിപ്പിക്കാനും നാണമുണ്ടായില്ല! ലജ്ജാകരമായ ഈ വാര്‍ത്താശൈലിയെയാണ് മാധ്യമസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്.

പഠനകാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന ഒരാള്‍ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി സൃഷ്ടിച്ച് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ച സംഭവമാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. എസ്എഫ്ഐ. പ്രവര്‍ത്തകനായ ഒരാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ബിരുദാനന്തരബിരുദ കോഴ്സില്‍ പ്രവേശനംനേടിയെന്നത് മറ്റൊരു സംഭവം. ഒരു കോളേജിലെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ രാജിവെച്ചപ്പോള്‍ ആ കോളേജിലെ മറ്റൊരു എസ്.എഫ്.ഐ. നേതാവിനെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി നാമനിര്‍ദേശംചെയ്ത് പ്രിന്‍സിപ്പല്‍ സര്‍വകലാശാലാ സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ക്ക് സന്ദേശമയച്ചു. ഇത്രയും സംഭവങ്ങളാണ് അടുത്തയിടെയായി നടന്നതും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതും. ഈ സംഭവങ്ങള്‍ മനസ്സിലാക്കിയ ഉടന്‍തന്നെ അവരെ തള്ളിപ്പറയുകയും നടപടിയെടുക്കുകയുമാണ് ബന്ധപ്പെട്ട സംഘടന ചെയ്തത്. അവരെ രക്ഷിക്കാനല്ല ശ്രമിച്ചത്.

വ്യത്യസ്ത ജീവിതപശ്ചാത്തലവും വ്യത്യസ്ത സ്വഭാവവും വ്യത്യസ്ത മാനസികാവസ്ഥയുമുള്ളവരുടെ കൂട്ടമാണ് സമൂഹം. ആ സമൂഹത്തിന്റെ പരിഛേദംതന്നെയാണ് സംഘടനകളും. ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും അനീതിക്കെതിരെ പൊരുതുന്നതിനും ജനസേവനത്തിനും കുറേക്കൂടി വിശാലമായി പുതിയൊരു സാമൂഹ്യവ്യവസ്ഥതിക്കായി പ്രതീക്ഷയര്‍പ്പിച്ച് പ്രവര്‍ത്തിക്കാനുമാണ് സിപിഐ എം നേതൃത്വത്തിലുള്ള ബഹുജനസംഘടനകള്‍ നിലകൊള്ളുന്നത്. അതില്‍ അണിനിരക്കുന്നവരില്‍ എല്ലാവരും കറകളഞ്ഞ സദ്സ്വഭാവികളാണെന്ന അവകാശവാദമുണ്ടായിട്ടില്ല. എന്നാല്‍ അതിന്റെ പ്രവര്‍ത്തകരായിക്കഴിഞ്ഞാല്‍ അനുവര്‍ത്തിക്കേണ്ട ശൈലിയും ചിട്ടകളും സ്വഭാവവിശേഷങ്ങളുമുണ്ട്. പക്ഷേ സമൂഹത്തിന്റെ പരിഛേദമെന്നനിലയില്‍ സമൂഹത്തിലെ തെറ്റായ പ്രവണതകളുടെ പ്രതിഫലനം അതിലുമുണ്ടാകാം. ശ്രദ്ധയില്‍പ്പെട്ടാല്‍ മുളയിലേ നുള്ളുകമാത്രമാണ് പോംവഴി. അടിമുടി അത്തരത്തില്‍ തെറ്റുതിരുത്തല്‍പ്രക്രിയ നിരന്തരം നടത്തുന്ന ഒരു പ്രസ്ഥാനത്തെയാണ് ഒറ്റപ്പെട്ട പുഴുക്കുത്തുകളെ ചൂണ്ടിക്കാട്ടി സാമാന്യവല്‍ക്കരിക്കുന്നത്. തിരുവനന്തപുരം കളിയിക്കാവിളയിലെ ഒരു ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രവര്‍ത്തകന്‍ നവമാധ്യമങ്ങളിലൂടെ തെറ്റായ ഒരു സന്ദേശമയച്ചുവെന്നതിന് കേസില്‍പ്പെട്ടാല്‍ മഞ്ചേശ്വരത്ത് വിതരണംചെയ്യുന്ന എഡിഷനിലും വലിയ തലക്കെട്ടില്‍ വാര്‍ത്തയാകുന്നു. ഡിവൈഎഫ്ഐ നേതാവ് വീട്ടമ്മയക്ക് സന്ദേശമയച്ചുവെന്നും മറ്റുമാവാം വാര്‍ത്ത. സമൂഹത്തിലെ എല്ലാ കുറ്റകൃത്യത്തിനും കേസുകള്‍ക്കും രാഷ്ട്രീയനിറം കല്പിക്കുന്ന ശൈലിയാണിത്. എന്നാല്‍ ഈ ശൈലി സിപിഐ എമ്മുമായി ഏതെങ്കിലുംതരത്തില്‍ ബന്ധമുള്ളവരുടെ കാര്യത്തില്‍ മാത്രമാണ്. കോണ്‍ഗ്രസ്സുകാരനോ സംഘപരിവാറുകാരനോ ആണെങ്കില്‍ രാഷ്ട്രീയത്തിന്റെ നിറമുണ്ടാവില്ല, വാര്‍ത്ത ഏതെങ്കിലുമൊരു എഡിഷനില്‍ ഒതുങ്ങുകയുംചെയ്യുന്നു. ഈ സവിശേഷമായ ‘മാധ്യമസ്വാതന്ത്ര്യ’ത്തിന്റെ, പ്രത്യേക മനോഭാവത്തിന്റെ എത്രതന്നെ ഉദാഹരണം ഓരോദിവസവും ചൂണ്ടിക്കാട്ടാനാവും. പ്രവര്‍ത്തകരോ അനുഭാവികള്‍പോലുമോ തെറ്റുചെയ്തതായി വ്യക്തമായാല്‍ യഥാവസരം നടപടിയെടുത്തുപോകുന്ന പ്രസ്ഥാനത്തെ ഏതെങ്കിലും പ്രവര്‍ത്തകന്റെ കുറ്റകൃത്യത്തിന്റെ പേരില്‍ സാമാന്യവല്‍ക്കരിച്ച് രാഷ്ട്രീയനിറം നല്‍കുന്നത് മാധ്യമസ്വാതന്ത്ര്യമായി പറയാനാവില്ല. മലയാളമനോരമ പ്രൊഫഷണലായി പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങിയ ആദ്യഘട്ടത്തില്‍ നടത്തിയ നയപ്രഖ്യാപനമുണ്ടല്ലോ. അന്ത്യശാസനം എന്ന തലക്കെട്ടില്‍. എന്തുവിലകൊടുത്തും കമ്യൂണിസ്റ്റാശയത്തെ തകര്‍ക്കുക, കമ്യൂണിസ്റ്റുകാരെ പരാജയപ്പെടുത്തുക എന്ന പ്രഖ്യാപിതനയം.. ആ നയത്തെ പ്രതിരോധിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയായാണ് ചിത്രീകരിക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 5 =

Most Popular