Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറിഇടതുപക്ഷത്തിനെതിരായ മാധ്യമ പടയൊരുക്കം

ഇടതുപക്ഷത്തിനെതിരായ മാധ്യമ പടയൊരുക്കം

കെ ജെ ജേക്കബ്

കുറച്ചുനാൾ മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടതുപക്ഷത്തെക്കുറിച്ച് ഒരു പരാമർശം നടത്തി: “ഇടതുപക്ഷം ഇന്ന് ഇന്ത്യയിൽ കേരളം എന്ന ഒരു മൂലയിൽ മാത്രമാണുള്ളത്; പക്ഷേ അവരുടെ പ്രത്യയശാസ്ത്രം അപകടകാരിയാണ്.’

കേരളത്തെ സൊമാലിയയുമായി താരതമ്യപ്പെടുത്തിയ, കേരള സ്റ്റോറി എന്ന നുണക്കഥയ്ക്കു പ്രചാരം കൊടുത്ത പ്രധാനമന്ത്രിക്ക്, അടുത്തടുത്ത രണ്ടു തിരഞ്ഞെടുപ്പുകളിൽ ജയിച്ച, ചെറുതും വലുതുമായി ഇന്ത്യയിൽ പകുതിയോളം സംസ്‌ഥാനങ്ങളിൽ ഭരണം നടത്തുന്ന രാഷ്ട്രീയപ്പാർട്ടിയുടെ നേതാവായ, നൂറു കൊല്ലം പ്രായമായ ആർഎസ്എസിന്റെ മുഴുവൻ പിന്തുണയുമുള്ള ഭരണാധികാരിക്ക്, കേരളം എന്ന കൊച്ചു സംസ്‌ഥാനം ഇത്ര പ്രശ്നമാകുന്നതെന്തുകൊണ്ട്? അവിടെയുള്ള മനുഷ്യരുടെ രാഷ്ട്രീയം വിഷയമാകുന്നതെന്തുകൊണ്ട്? ഇതുകൂടി അന്വേഷിച്ചാൽ മാത്രമേ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ ‘കേരളം’ എന്ന ആശയത്തിനെതിരെ ഇപ്പോൾ നടത്തിവരുന്ന നിരന്തര പ്രചാരണത്തിന്റെ ശരിയായ ഉദ്ദേശ്യം മനസിലാകൂ.

ഭരണകൂടത്തെയും ഭരണാധികാരികളെയും കർശനമായ പരിശോധനയ്ക്കു വിധേയമാക്കുക എന്നത് പൗരരുടെ അധികാരവും ചുമതലയുമാണ്. എന്നാൽ അതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കാനുള്ള സാധ്യതയും സാവകാശവും പലതരം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എല്ലായ്—-പ്പോഴും ഉണ്ടാവണമെന്നില്ല; അതിനാൽ ആ ജോലി നിർവ്വഹിക്കുക എന്നതാണ് മാധ്യമധർമ്മം. ശരിയായ വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരിക്കണം പരിശോധന എന്നതുകൊണ്ടാണ് ശരിയായ വിവരങ്ങൾ നൽകുന്ന മാധ്യമങ്ങൾ ജനാധിപത്യത്തിൽ പ്രസക്തമാകുന്നത്.

എന്നാൽ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് കേരളത്തെപ്പറ്റിയുള്ള ശരിയായ വിവരങ്ങൾ, പൗരരെ സംബന്ധിച്ച് ഗുണകരമോ ദോഷകരമോ ആവട്ടെ, അറിയിക്കുക എന്നതല്ല, മറിച്ച് കേരളം ഈ പ്രപഞ്ചത്തിലുള്ള എല്ലാ തിന്മകളുടെയും ആവാസകേന്ദ്രമാണ്; ഇവിടെ മനുഷ്യർ ജീവിക്കുന്നതുതന്നെ അപകടമാണ് എന്ന മട്ടിൽ വാർത്തകൾ അവതരിപ്പിക്കുകയാണ്.

ഏതു സമൂഹത്തെയുംപോലെ തന്നെ നമ്മുടെ സമൂഹത്തിലും ശരിയും തെറ്റുമുണ്ട്. അതിൽ ശരികളെ പൂർണ്ണമായും തമസ്കരിക്കുകയും തെറ്റുകളെ പർവ്വതീകരിക്കുകയുമാണ് ഇപ്പോൾ ഒരു വലിയ വിഭാഗം മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. നിരന്തരം ഇത്തരം പ്രചാരണം നടത്തുമ്പോൾ അതൊക്കെ ശരിയാണെന്ന് മനുഷ്യർക്ക് തോന്നാൻ സാധ്യതയുണ്ട്; ജോസഫ് ഗീബൽസിന്റെ കാലം അത്രയ്ക്കങ്ങു പിറകിലല്ലല്ലോ.

സ്‌ഥിരമായി ഒരേ ഭാഗത്തുനിന്നും പാർവതീകരിക്കപ്പെട്ട വാർത്തകൾ ലഭിച്ചുകൊണ്ടിരിക്കുന്ന പൗരർ അവയുടെ അടിസ്‌ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാൻ സാധ്യതയുണ്ട്; കാരണം മൂന്നുനാലു നൂറ്റാണ്ടു കാലത്തെ പ്രവർത്തനങ്ങൾകൊണ്ടു ലോകമെങ്ങും മാധ്യമങ്ങൾ ഒരു അടിസ്‌ഥാന വിശ്വാസ്യത നേടിയെടുത്തിട്ടുണ്ട്.
ഇതിന്റെ അടിസ്‌ഥാനത്തിൽ അടുത്ത കാലത്തു മാധ്യങ്ങളിൽ വന്ന മൂന്നു വാർത്തകൾ നമുക്ക് പരിശോധിക്കാം.

ഒന്ന്, ഒരു ഉദ്യോഗാർഥി ഒരു സർക്കാർ കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുണ്ടാക്കി മറ്റൊരു സർക്കാർ കോളേജിൽ കൊടുക്കുന്നു.

രണ്ട്, ഒരു വിദ്യാർത്ഥി വ്യാജ ബിരുദ സർട്ടിഫിക്കറ്റു നിർമ്മിച്ച് ബിരുദാനന്തര ബിരുദത്തിനു പ്രവേശനം നേടുന്നു.

മൂന്ന്, തൊഴിലാളികൾ അനാവശ്യസമരം ചെയ്തതുകൊണ്ട് ഒരു ബസ് കമ്പനി ഉടമ സർവീസ് നിർത്തുന്നു.

ഒരു സമൂഹമെന്ന നിലയിൽ നമുക്ക് അംഗീകരിക്കാനാവാത്തതാണ് ഇതെല്ലാം. എന്നാൽ ഇതിനു മാധ്യമങ്ങൾ നൽകിയ പ്രചാരം എങ്ങിനെയായിരുന്നു? വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ഉദ്യോഗാർഥി–യായ സ്ത്രീ–യെക്കുറിച്ചുള്ള വാർത്തകൾ എട്ടുകോളം തലക്കെട്ടിലാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദുഃസൂചനകൾ നിറയുന്ന തലക്കെട്ടുകളും വാർത്തകളുംകൊണ്ട് അതൊരാഘോഷമാക്കി മാറ്റി. ദിവസക്കൂലിയുള്ള ഒരു താല്ക്കാലിക ജോലി ലഭിക്കാൻ മികച്ച അക്കാദമിക് പശ്ചാത്തലമുള്ള ഒരു സ്ത്രീ വ്യാജസർട്ടിഫിക്കറ്റുണ്ടാക്കി എന്നത് ലോകത്തിലോ ഇന്ത്യയിലോ കേരളത്തിലോ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു കൊടുംക്രൂരകൃത്യമാണ് എന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിക്കുന്ന മട്ടിലാണ് ആ വാർത്ത കൈകാര്യം ചെയ്യപ്പെട്ടത്.

എന്നാൽ ഇത്തിരിക്കൂടി നമ്മൾ അന്വേഷിച്ചുചെന്നാൽ ചില കാര്യങ്ങൾ കൂടി വ്യക്തമാകും.

വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് പിടികൂടപ്പെട്ടതു നമ്മുടെ സംവിധാനത്തിൽതന്നെയുള്ള സമ്പ്രദായംകൊണ്ടാണ്; അതല്ലാതെ മാധ്യമങ്ങൾ കണ്ടെത്തിയതല്ല. ആ വാർത്തയ്ക്കു മുൻപോ പിറകിലോ മറ്റൊരു വാർത്ത കണ്ടുപിടിക്കാൻ ഇന്നുവരെ മാധ്യമങ്ങൾക്കായുമില്ല.

എന്നാൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കിയ കഥ ഇതിൽനിന്നു വ്യത്യസ്തമാണ്. നമ്മുടെ സംവിധാനത്തിന്റെ പരാജയത്തെ തുറന്നുകാട്ടുന്ന വിധത്തിലാണ് ആ വിദ്യാർത്ഥി അതിനെയാകെ മറികടന്നത്. വളരെ ഗൗരവമായി അതിനെക്കുറിച്ചാലോചിക്കാൻ സർവ്വകലാശാലകളെ പ്രേരിപ്പിക്കുന്ന വാർത്തയായിരുന്നു അത്. എന്നാൽ അപൂർവ്വം മാധ്യമങ്ങളൊഴികെ മറ്റൊന്നും ആ വാർത്തയുടെ പിറകെ പോവുകയോ സംവിധാനം പുനഃപരിശോധിക്കാൻ ആവശ്യമായ കണ്ടെത്തലുകൾ നടത്തുകയോ ചെയ്തില്ല.

മൂന്നാമത്തെ കേസ് ഇതിലൊക്കെ വിചിത്രമാണ്. നാല് ബസുകളുള്ള ഒരാൾ അയാളുടെ പതിനാലു തൊഴിലാളികളിൽ രണ്ടു പേർക്ക് നേരത്തെ തീരുമാനിച്ച വേതനം കൊടുക്കാതിരുന്നതാണ് പ്രശ്നമെന്ന കാര്യം ആളുകൾക്ക് മനസിലായത് എല്ലാവർക്കും തുല്യവേതനം എന്ന വ്യവസ്‌ഥ അയാൾ അംഗീകരിച്ചു സമരം അവസാനിച്ചപ്പോൾ മാത്രമാണ്.

അതിനകം കേരളം വ്യവസായസൗഹൃദ സംസ്‌ഥാനമല്ലെന്നും ഇവിടെ ഏതു സംരംഭം തുടങ്ങിയാലും അതൊക്കെ തൊഴിലാളി യൂണിയനുകൾ അവസാനിപ്പിക്കുമെന്നുമൊക്കെയുള്ള ആഖ്യാനങ്ങൾ നാല് ചിറകും വിരിച്ചു നാടുമുഴുവൻ പറന്നതിനുശേഷമാണ് വസ്തുതകൾ അവയുടെ കുഞ്ഞിക്കാലുകൾ വച്ച് പദയാത്ര തുടങ്ങിയത്. അത് ഒരു വട്ടമെത്തുമ്പോഴേക്കും ആളുകൾ അവയെത്തന്നെ മറന്നുപോയിട്ടുണ്ടാകും.

ഈ മൂന്നു കേസുകളും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് രണ്ടു കാരണങ്ങളാലാണ്: ഒന്ന് ഇവയിൽ പ്രതിസ്‌ഥാനത്തുണ്ടായിരുന്നവർക്കു ഇടതുപക്ഷ ബന്ധമുണ്ടായിരുന്നു; രണ്ട്; കേരളം ആകെ കുഴപ്പമാണ് എന്ന മോഡി-പരിവാര ആഖ്യാനത്തിനു പറ്റിയ കഥകളായിരുന്നു അവ മൂന്നും.

ആദ്യത്തെ ഉദ്യോഗാർഥി എസ്എഫ്ഐ അംഗവും സർവ്വകലാശാല യൂണിയൻ ഭാരവാഹിയും ആയിരുന്നു; രണ്ടാമത്തെയാൾ എസ് എഫ് ഐ ഭാരവാഹി ആയിരുന്നു (അയാളെ ഇപ്പോൾ സംഘടനയിൽനിന്നും പുറത്താക്കി; സർക്കാരും സർവ്വകലാശാലയും പലവിധ അന്വേഷണങ്ങൾ നടത്തുന്നു); തൊഴിൽ സമരം നടത്തിയത് സി ഐ ടി യു ആണ്.

വാർത്തകളല്ലേ, അവ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതല്ലേ? ചോദ്യം ന്യായമാണ്. ഉത്തരം ലളിതവുമാണ്. പക്ഷേ ഒക്കേറ്റിനും ഒരു അനുപാതം വേണം. ഇനി വരുന്ന കാലത്തു മനുഷ്യരെ ഉള്ളവരും ഇല്ലാത്തവരുമാക്കി വേർതിരിക്കുന്നത് സാങ്കേതികവിദ്യയുടെ ലഭ്യതയാണെന്നു തിരിച്ചറിഞ്ഞ് അതിനുള്ള ഏറ്റവും പ്രാഥമിക മുന്നുപാധിയായ ഇന്റർനെറ്റ് ഈ നാട്ടിൽ ഏറ്റവും സാധാരണക്കാരായ മനുഷ്യർക്ക് സൗജന്യമായി ലഭ്യമാക്കി ഡിജിറ്റൽ ഡിവൈഡ് മുറിച്ചുകടക്കാൻ ഒരു നാട് നടത്തുന്ന വൻ ശ്രമങ്ങളെ ഏകദേശം തമസ്കരിച്ച ആളുകളാണ് നെഗറ്റിവ് വാർത്തകളെ അനുപാതരഹിതമായി ആഘോഷിക്കുന്നത് എന്ന് കാണണം.

തുല്യ ജോലിയ്ക്കു തുല്യ വേതനം എന്ന ഏറ്റവും നീതിയുക്തമായ കാര്യത്തിനുവേണ്ടി സമരം ചെയ്യേണ്ടിവന്നു എന്നതാണ് ശരിക്കും കേരളത്തിന് അപമാനകരമായ കാര്യം; അതിനു കാരണക്കാരായവരാണ് വിചാരണ ചെയ്യപ്പെടേണ്ടത്; അല്ലാതെ ആ അവകാശം ഉറപ്പാക്കാൻവേണ്ടി പോരാടിയവരല്ല. എന്നാൽ തലതിരിഞ്ഞ വിധത്തിലാണ് കേരളത്തിലെ മാധ്യമങ്ങൾ ഈ വിഷയം കൈകാര്യം ചെയ്തത്.

ഇവിടെയാണ് മാധ്യമ അജൻഡ തെളിഞ്ഞു വരുന്നത്.

അതെന്തായിരിക്കും?

മനുഷ്യാന്തസ്സ്‌ എന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് മാത്രം പരിചയമായ കാര്യമാണ്. സമൂഹത്തിലെ അവസാനത്തെ ആളിനും അനന്യമായ വ്യക്തിത്വം ഉണ്ടെന്നതും മനുഷ്യാന്തസ്സിനു എല്ലാവർക്കും തുല്യമായ അവകാശമുണ്ട് എന്നതും ഇടതു നിലപാടാണ്; അതുറപ്പാക്കാനുള്ള നിരന്തര സമരമാണ് ഇടതുപക്ഷ രാഷ്ട്രീയം.

വലതുപക്ഷ രാഷ്ട്രീയം ഏറ്റവും എളുപ്പമുള്ള കാര്യമാണ്; അതിനു തൽസ്‌ഥിതി തുടരുന്നു എന്നുറപ്പാകുകയേ വേണ്ടൂ. മനുഷ്യരാശി മുന്പോട്ടുപോകുമ്പോൾ സാധ്യമാകുന്ന നേട്ടങ്ങൾ ഇപ്പോൾ നിലനിൽക്കുന്ന വ്യവസ്‌ഥിതിയുടെ നേട്ടമാണ് എന്ന് മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചാൽ ആ ജോലി കഴിഞ്ഞു.

കേരളം വ്യത്യസ്തമാകുന്നത് ഇവിടെയാണ്. മനുഷ്യാന്തസ്സ്‌ എന്ന ഒരൊറ്റ ഏകകമെടുത്താൽ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൊണ്ട്, പ്രത്യേകിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഏറ്റവും ദൂരം സഞ്ചരിച്ച സമൂഹങ്ങളിൽ ഒന്ന് കേരളമായിരിക്കും. അതിനു വലിയ പോരാട്ടങ്ങൾ നടന്നു; സാമൂഹ്യപുരോഗതിയുടെ മെച്ചങ്ങൾ ഏറ്റവും അവസാനത്തെ മനുഷ്യന്റെയും അവകാശമാണ് എന്ന ധാരണ എല്ലാ മനുഷ്യരിലുമെത്തിക്കാൻ കഴിഞ്ഞു; അതിനാവശ്യമായ സമ്പ്രദായങ്ങൾ സമൂഹത്തിൽ നിലവിൽവരുത്തി; അവയുടെ നിഷേധം എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല എന്നുറപ്പുവരുത്തി. മനുഷ്യരാണ്, അവരുടെ അന്തസ്സാണ് പ്രധാന വിഷയം എന്ന നിലയിലേക്ക് ഒരു സമൂഹം വളർന്നു.

അതിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചത് ഇടതുരാഷ്ട്രീയമാണ്. ജാതിയെ, മതത്തെ, പ്രാദേശികതയെ, ഭാഷയെ, വംശീയതയെ ഒക്കെ മനുഷ്യർ തമ്മിലുള്ള ഇടപെടലിന് ആധാരമായി കാണുന്ന പരിവാരത്തിനും അവർക്കു ചൂട്ടുപിടിക്കുന്നവർക്കും ഈ ഇടതുരാഷ്ട്രീയം നിരന്തര ഭീഷണിയാണ്. അതിന്റെ ഇന്നത്തെ ഭൗതിക സാഹചര്യം എത്ര ചുരുങ്ങിയതാണെങ്കിലും അതിന്റെ ആഘാതശേഷിയെപ്പറ്റി വലതുപക്ഷത്തിനു നല്ല ധാരണയുണ്ട്, ഭീതിയുമുണ്ട്; അതാണ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ തെളിഞ്ഞു കാണുന്നത്.

അതുകൊണ്ടുതന്നെ, കേരളത്തിലെ മനുഷ്യർ അവരുടെ ജീവിതത്തിൽ അനുഭവിക്കുന്ന കാര്യങ്ങളെ നിഷേധിച്ചുകൊണ്ട് ഇടതുപക്ഷ രാഷ്ട്രീയത്തെ എതിർക്കുക എന്നത് പ്രായോഗികമല്ല; മറിച്ച് അതൊരു വ്യാജ ആഖ്യാനമാണ് എന്നും ശരിക്കും ഇതൊരു കുഴപ്പംപിടിച്ച നാടാണ് എന്നും അതിന്റെ കഥകൾ പുറത്തുവരാത്തതാണ് എന്നും മനുഷ്യരെ വിശ്വസിപ്പിക്കേണ്ടിയിരിക്കുന്നു. അതിനായി ഏതു സമൂഹത്തിലും സാധാരണ കാണപ്പെടുന്ന ഭ്രംശങ്ങളെ പർവ്വതീകരിച്ച് അവയാണ് വസ്തുത എന്ന പ്രതീതിയുണ്ടാക്കാനുള്ള ശ്രമം നടത്തുന്നു.

ഒപ്പം മുന്നോട്ടുപോകുന്ന മറ്റൊരു നറേറ്റിവുകൂടി കാണുക: ഉത്തർപ്രാദേശിലേക്കുനോക്കൂ: അവിടെ എന്ത് വേഗത്തിലാണ് വികസനപ്രവർത്തനങ്ങൾ നടക്കുന്നത്! അവിടെ കുറ്റവാളികളെ ജയിലിലിട്ടു തീറ്റിപ്പോറ്റുകയല്ല യോഗി ആദിത്യനാഥിന്റെ പൊലീസ് ചെയ്യുന്നത്; അപ്പോൾതന്നെ വെടിവച്ചുകൊല്ലുകയാണ്; അവരുടെ വീടുകൾ ബുൾഡോസർകൊണ്ട് ഇടിച്ചു നിരത്തുകയാണ്. അങ്ങിനെവേണം ഭരണകൂടമായാൽ.

ശരിയാണ്; ഇന്ത്യ മുഴുവൻ നടന്നു പിരിക്കുന്ന നികുതി അനുപാതരഹിതമായി ഉത്തർപ്രദേശിലേക്കു കേന്ദ്ര ഭരണകൂടം ഒഴുക്കുന്നതുകൊണ്ട് അവിടെ അടിസ്‌ഥാന വികസന പ്രവൃത്തികൾ നടക്കുന്നുണ്ട്; ദക്ഷിണ സംസ്‌ഥാനങ്ങളോട് കേന്ദ്രം നടത്തുന്ന നീതിനിഷേധം പക്ഷെ മിണ്ടാതെ പോകുന്നു. മാത്രമല്ല, മുഴുവൻ പണം മുടക്കി മറ്റുസംസ്‌ഥാനങ്ങളിൽ ഹൈവെ വികസനം നടത്തിയ കേന്ദ്രസർക്കാർ കേരളത്തിലെ പ്രധാന പാതയ്ക്കു സ്‌ഥലമെടുപ്പ് നടത്താൻ ആവശ്യമായ തുകയിൽ നാലിലൊന്നു സംസ്‌ഥാനത്തിൽനിന്നു വസൂലാക്കുകയും ചെയ്തു. ഭരണഘടനപരമായും നിയമപരമായും നിയമവാഴ്ച ഉറപ്പാക്കാൻ ബാധ്യതയുള്ള സർക്കാർ അവയൊക്കെ കാറ്റിൽപ്പറത്തി ‘ഉടനടി നീതി’ നടപ്പാക്കുന്നതിനു കൈയടിക്കുന്ന ആളുകൾ ഇത്തരം മനുഷ്യത്വരഹിതമായ പ്രക്രിയകൾ കേരളം പണ്ടേ അവസാനിപ്പിച്ചതാണ് എന്നോർക്കുന്നേയില്ല. അത്തരം കാര്യങ്ങൾ എല്ലാവർക്കും തുല്യനീതി എന്ന, മനുഷ്യൻ എന്നും പോരാടിയിട്ടുള്ള, ഈ കൈയടിക്കാരടക്കം അനുഭവിക്കുന്ന, അടിസ്‌ഥാന സ്വാതന്ത്ര്യത്തിനു ഭീഷണിയാണ് എന്നവർക്ക് മനസിലാകുന്നുമില്ല.

ചുരുക്കത്തിൽ ഇടതുപക്ഷ രാഷ്ട്രീയവും വലതുപക്ഷരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടത്തിൽ അതിനെപ്പറ്റിയുള്ള വിവരങ്ങൾ ഇതിന്റെ അന്തിമ വിധികർത്താക്കളായ ജനങ്ങൾക്കെത്തിക്കുകയും അവരെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയുമല്ല മാധ്യമങ്ങൾ ചെയ്യുന്നത്; മറിച്ച് അവർ ഈ സമരത്തിൽ വലതുപക്ഷത്ത് അണിനിരന്ന് പോരാടുകയാണ്. ഈ യാഥാർഥ്യമാണ് നമ്മൾ കാണേണ്ടത്.

വലതുപക്ഷത്തിനു ഈ യുദ്ധത്തിൽ രണ്ട് അനുകൂല ഘടകങ്ങളുണ്ട്. ഒന്ന്; തങ്ങൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളും സൗകര്യങ്ങളും അവർക്കുമുന്പേ പോയവർ പോരാടിനേടിയതാണ് എന്ന് ബോധ്യമില്ലാത്ത വലിയൊരു വിഭാഗം മധ്യവർഗ്ഗ മനുഷ്യർ ഇന്ന് കേരളത്തിലുണ്ട്; അവർക്കു ഇടതുപക്ഷത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും നിരന്തരം തെറ്റായ ധാരണകൾ നല്കിക്കൊണ്ടിരിക്കുന്ന, ഈ യുദ്ധത്തിൽ നേരിട്ടു പങ്കാളികളാകുന്ന ഒരു വലിയ വിഭാഗം മാധ്യമങ്ങളും.

കേരള മോഡലിന് ഇത് നിലനിൽപ്പിന്റെ യുദ്ധമാണ്. ഇതിൽ ജയിക്കണമെങ്കിൽ രണ്ട് കാര്യങ്ങൾ ചെയ്തേ തീരൂ: ഒന്ന്, നമ്മുടെ ചരിത്രത്തെ, നമ്മുടെ പോരാട്ട ചരിത്രത്തെ, നമ്മുടെ ഭൂതകാലത്തെ നിരന്തരം ഓർമ്മിപ്പിക്കുക, അതിനുള്ള വഴികൾ കണ്ടുപിടിക്കുക. രണ്ട്, നമ്മുടെ വർത്തമാനകാലത്തെ, അതിന്റെ യാഥാർഥ്യത്തെ, അതിന്റെ രാഷ്ട്രീയത്തെ നേരായ രീതിയിൽ മനുഷ്യരിൽ എത്തിക്കുക. അതിനുള്ള മാധ്യമ രൂപങ്ങൾ കണ്ടുപിടിക്കുക.

മനുഷ്യരെ കൂടെ നിർത്തിയല്ലാതെ ഈ പോരാട്ടം ജയിക്കുക സാധ്യമല്ല. അതിനുള്ള വഴികൾ കണ്ടുപിടിക്കേണ്ടതുണ്ട്. ആദ്യ ദശകങ്ങളിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷ രാഷ്ട്രീയവും നേരിട്ട വെല്ലുവിളികളിൽനിന്നും ഒട്ടുംതന്നെ കുറഞ്ഞതല്ല ഇപ്പോൾ നേരിടുന്നവ.

മോഡിക്ക് താൻ നേരിടുന്ന ഭീഷണിയെപ്പറ്റി നല്ല ധാരണയുണ്ട്; അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശരിയായ എതിരാളികളും കരുതിയിരിക്കേണ്ടതുണ്ട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − 8 =

Most Popular