ഫ്ലാഷ് ബാക്ക്
2011 ഫെബ്രുവരി 13. കണ്ണൂർ എംപിയാണ് അന്ന് കെ സുധാകരൻ. കഥാനായകൻ പുനലൂരിൽ യുഡിഎഫിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നു. പ്രസംഗത്തിനിടയിൽ ടിയാനൊരു വീരസ്യം വിളമ്പി. അതുകേട്ട ആരാധകർ ഇളകിത്തുള്ളിയെങ്കിലും തലയ്ക്കു വെളിവുള്ളവരൊക്കെ മൂക്കത്തു വിരൽവെച്ചു. അനുകൂല വിധി പറയാൻ സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുത്തപ്പോൾ താൻ സാക്ഷി നിന്ന കഥയാണ് ഗാന്ധിജിയുടെ നേരനുയായി സാഭിമാനം അവതരിപ്പിച്ചത്. ഒരു ഗാന്ധിശിഷ്യന് അഭിമാനിക്കാൻ ഇതിൽപ്പരം മുഹൂർത്തം വേറെ കിട്ടില്ലല്ലോ.
കഥയുടെ ചുരുക്കം ഇങ്ങനെ: 1992ലെ കരുണാകരൻ മന്ത്രിസഭയുടെ കാലം. മുഖ്യമന്ത്രി വിദേശത്തോ മറ്റോ പോയ തക്കം നോക്കി എക്സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാൽ 21 പുതിയ ബാർ ലൈസൻസ് അനുവദിച്ചു. അതിന്മേൽ ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പു തർക്കമായി. സർവത്ര അലമ്പായി. അധികം വൈകാതെ ലൈസൻസുകൾ കേരള ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. അതിനെതിരെ ബാറുടമകൾ സുപ്രീംകോടതിയെ സമീപിച്ചു. അനുകൂല ഉത്തരവു കിട്ടാൻ സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുക്കുമ്പോൾ താനൊരു കാഴ്ചക്കാരനായിരുന്നു എന്നായിരുന്നു കെ സുധാകരന്റെ വീമ്പടി.
സംഗതി ആകെ കോലാഹലമായി. കേസും പുക്കാറുമായി. വിവാദം കത്തിയപ്പോൾ സുധാകരൻ നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞു. ജഡ്ജിയ്ക്ക് കൈക്കൂലി കൊടുക്കുന്നത് താൻ കണ്ടില്ലെന്നും പണം കൈപ്പറ്റിയത് ജഡ്ജിയുടെ ഗുമസ്തനാണ് എന്നും ഗുമസ്തന് 16 ലക്ഷം രൂപ ഡൽഹിയിലെ കേരള ഹൗസിൽ കൈമാറുന്നതാണ് താൻ കണ്ടതെന്നും പ്ലേറ്റു മാറ്റി.
പിന്നാലെ വെളിപ്പെടുത്തൽ വേറെ വന്നു. ജഡ്ജിയ്ക്ക് കൈക്കൂലി നൽകാൻ പോയ ബാറുടമകളിൽ ഒരാൾ താനാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തു വന്നത് കണ്ണൂരിലെ ഗീതാ ബാറിന്റെ ഉടമ ജോസ് ഇല്ലിക്കൽ. ഇടപാടിന്റെ ഇടനിലക്കാരൻ സുധാകരനാണെന്ന് ഇല്ലിക്കൽ ജോസ് തുറന്നടിച്ചു. ധർമ്മരാജൻ എന്നയാൾക്കായിരുന്നത്രേ പണം കൊടുത്തത്. കൈമാറിയ തുക 26 ലക്ഷം രൂപ. എസ്. രത്‌നവേൽ പാണ്ഡ്യൻ എന്ന ജഡ്ജിയുടെ ആളാണെന്നും പറഞ്ഞ് ധർമ്മരാജിനെ പരിചയപ്പെടുത്തിയതും സുധാകരൻ തന്നെ ആയിരുന്നുവെന്നും ജോസ് വെളിപ്പെടുത്തി.
അവിടെയുമുണ്ട് ഒരു പത്തുലക്ഷത്തിന്റെ ഗ്യാപ്. സുധാകരന്റെ വെളിപ്പെടുത്തൽ പ്രകാരം ധർമ്മരാജിന് ബാറുടമകൾ നൽകിയത് 16 ലക്ഷം രൂപ. ഇല്ലിക്കൽ ജോസിന്റെ കണക്കു പ്രകാരം കൊടുത്തത് 26 ലക്ഷം. ബാക്കി പത്തുലക്ഷം എവിടെപ്പോയി? ആ ചോദ്യത്തിന് ഇന്നും ആരും ഉത്തരം പറഞ്ഞിട്ടില്ല.
ഇല്ലേയില്ല… ഇല്ലിക്കൽ ജോസിനെതിരെയും കേസില്ല
ആരോപണങ്ങളുയരുമ്പോൾ സുധാകരൻ പത്രസമ്മേളനങ്ങളിൽ തട്ടിവിടുന്ന ഡയലോഗുകൾക്ക് ഒരു സ്ഥിരം പാറ്റേണുണ്ട്. ആരോപണം ഉന്നയിച്ചയാൾക്കെതിരെ കേസു കൊടുക്കും; വക്കീലുമായി ഡിസ്കസ് ചെയ്തു കഴിഞ്ഞു; വക്കീൽ കേസ് പഠിക്കുകയാണ്; ഡ്രാഫ്റ്റ് ചെയ്യുകയാണ്… പക്ഷേ, കേസു മാത്രം ഉണ്ടാകാറില്ല. 2011 മാർച്ച് 10ന് പുറത്തിറങ്ങിയ ഇന്ത്യാ ടുഡേയിൽ ഇല്ലിക്കൽ ജോസിന്റെ ആരോപണം വെടിപ്പായി അച്ചടിച്ചു വെച്ചിട്ടുണ്ട്. എം ജി രാധാകൃഷ്ണന്റേതാണ് റിപ്പോർട്ട്. ജോസിനെതിരെയോ രാധാകൃഷ്ണനെതിരെയോ ഇന്ത്യാ ടുഡേയ്ക്കെതിരെയോ ഇന്നേവരെ സുധാകരൻ കേസിനു പോയിട്ടില്ല. ആ സുധാകരനാണ് ഇപ്പോൾ ദേശാഭിമാനിയ്ക്കും എം വി ഗോവിന്ദൻ മാസ്റ്റർക്കുമെതിരെ കേസു കൊടുക്കണമെന്ന ഭീഷണി ഉയർത്തുന്നത്.
തനിക്കെതിരെ പരാതിയും ആക്ഷേപവും ഉന്നയിക്കുന്നവരൊക്കെ സിപിഐ എമ്മുകാരാണെന്നാണ് സുധാകരന്റെ സ്ഥിരം ഡിഫൻസ്. അന്നും അതൊക്കെതന്നെയാണ് പറഞ്ഞത്. മോൻസൻ കേസിലും ഇതൊക്കെത്തന്നെയാണ് പറയുന്നത്. ആദ്യം പരാതിക്കാരെ അറിയില്ലെന്നു പറഞ്ഞു. പിന്നെപ്പറഞ്ഞു, പരാതിക്കാരൊക്കെ സിപിഐ എമ്മുകാരാണെന്ന്. അന്നത്തെ പത്രസമ്മേളനത്തിലും അതു തന്നെയായിരുന്നു പല്ലവി. ഇല്ലിക്കൽ ജോസ് കടുത്ത സിപിഐ എമ്മുകാരനാണത്രേ.
ജോസിനെതിരെയും കേസു കൊടുക്കുമെന്ന് വീമ്പിളക്കിയെങ്കിലും ഒന്നും നടന്നില്ല. ജനങ്ങളും പത്രങ്ങളും കഥ മറന്നപ്പോൾ സുധാകരൻ പതിയെ തടിതപ്പി. സുധാകരനെതിരെ എടുത്ത കേസെല്ലാം പിൻവലിച്ച് അന്നത്തെ യുഡിഎഫ് സർക്കാരും ആ ഓട്ടത്തിനൊരു മറകെട്ടിക്കൊടുത്തു.
അങ്ങു ദില്ലിയിലുമുണ്ടെടാ
എനിക്ക് ‘പിടി’
സിബിഐ ഡയറിക്കുറിപ്പ് സിനിമയിൽ പ്രതാപചന്ദ്രന്റെ കഥാപാത്രം പറയുന്ന പ്രശസ്തമായ ഡയലോഗാണിത്. പിടിയെന്നുവെച്ചാൽ സ്വാധീനം. ആരുടെയും തലവര വരയ്ക്കാനും തിരുത്താനും മായ്ക്കാനും വേണ്ട സ്വാധീനം. തന്റെ വിരൽത്തുമ്പിനു ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു അധോലോക സാമ്രാജ്യവും അതിലെ സിംഹാസനവും സ്വപ്നം കണ്ട് പൊതുരംഗത്തിറങ്ങുന്ന ഏത് വലതുപക്ഷ രാഷ്ട്രീയക്കാരന്റെയും സ്വപ്നമാണ് സ്വാധീനത്തിന്റെ ഈ പരമപദം. ആ ഏണിപ്പടികൾ ചവിട്ടിക്കയറി താൻ ഒരു നിലയിലെത്തി എന്നാണ് കെ സുധാകരൻ ഈ കൈക്കൂലിക്കഥ ജനസമക്ഷം വിളമ്പിയതിലൂടെ പ്രഖ്യാപിച്ചത്.
അല്ലാതെ ഇക്കഥയൊന്നും യുഡിഎഫിനോ കോൺഗ്രസിനോ സൽപ്പേരുണ്ടാക്കിക്കൊടുക്കില്ലല്ലോ. അത് സുധാകരന്റെ ലക്ഷ്യവുമല്ല. സംഭവം നടക്കുമ്പോൾ വെറുമൊരു എംഎൽഎ മാത്രമായിരുന്നു സുധാകരൻ. അക്കാലത്തു തന്നെ ദേശീയതലത്തിൽ താൻ ആർജിച്ച ഉപജാപമിടുക്കും അധോലോക ബന്ധങ്ങളും അനുചരന്മാരെ ബോധ്യപ്പെടുത്താൻ ആ പൊതുയോഗത്തെ അവസരമാക്കുകയായിരുന്നു. ഒരുതരം സെൽഫ് പ്രമോഷൻ. സുപ്രീംകോടതി ജഡ്ജിമാരും അവരുടെ അനുചരന്മാരും അതുമാതിരി വമ്പൻമാരും പ്രബലന്മാരും വിഹരിക്കുന്ന ഒരു സമാന്തരലോകത്ത് പൂണ്ടുവിളയാടുന്നവനാണ് താനെന്ന് നാട്ടുകാരെ അറിയിക്കണം. അതിനൊരു പൊതുയോഗപ്രസംഗം അവസരമാക്കുകയായിരുന്നു സുധാകരൻ.
തന്നെ പ്രദർശിപ്പിച്ചുള്ള പണം തട്ടിപ്പിന് മോൺസൻ മാവുങ്കലിന്റെ തിരക്കഥയിൽ അഭിനയിക്കുമ്പോഴും സുധാകരൻ ഈ ഉപജാപമിടുക്കു തന്നെയാണ് പൊതുദർശനത്തിന് വെയ്ക്കുന്നത്. പബ്ലിക് ഫിനാൻസ് കമ്മിറ്റിയെക്കുറിച്ചു നടത്തിയ പരാമർശമൊന്നും വെറുതെ ഉണ്ടായതല്ല. 2018ൽ സുധാകരൻ പാർലമെന്റംഗം പോലുമല്ലല്ലോ, പിന്നെങ്ങനെ പാർലമെന്റ് കമ്മിറ്റിയിൽ വരുമെന്ന് ഒരു ഭംഗിയ്ക്ക് വി ഡി സതീശനൊക്കെ ചോദിച്ചു നടക്കുന്നുണ്ട്. ഒരു ഫിനാൻസ് കമ്മിറ്റിയിലും താൻ ഒരിക്കലും അംഗമേ ആയിട്ടില്ലെന്ന് 2021 സെപ്തംബർ 27ന് നടത്തിയ പത്രസമ്മേളനത്തിൽ സുധാകരൻ വാദിക്കുന്നതും കണ്ടു.
ഇവിടെയൊക്കെയാണ് ചരിത്രം സുധാകരനെ തിരിഞ്ഞു കൊത്തുന്നത്. പാർലമെന്റിന്റെ ഫിനാൻസ് കമ്മിറ്റിയ്ക്ക് മൂന്നു വിഭാഗങ്ങളുണ്ട്. എസ്റ്റിമേറ്റ് കമ്മിറ്റി, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, പബ്ലിക് അണ്ടർ ടേക്കിംഗ്സ് കമ്മിറ്റി. 2009ൽ പതിനഞ്ചാം ലോക്–സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരൻ അന്ന് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗമായിരുന്നു. ലോക്–സഭാ വെബ്സൈറ്റിൽ സുധാകരന്റെ പ്രൊഫൈലിൽ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പാർലമെന്റിന്റെ ഫിനാൻസ് കമ്മിറ്റിയെ സ്വാധീനിച്ച് സഹായം ഉറപ്പാക്കാമെന്ന പരാമർശമൊന്നും വെറുതേ ഉണ്ടായതല്ല. ആ തഴമ്പൊക്കെ കാണിക്കേണ്ടിടത്ത് കാണിക്കേണ്ടതുപോലെ കാണിക്കാൻ സുധാകരനറിയാം. എച്ച്എസ്ബിസി അക്കൗണ്ടിൽ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി. അതിൽ വീണ ഫെമ നിയമത്തിന്റെ കുരുക്ക്. അതഴിക്കാൻ പാർലമെന്റിന്റെ പബ്ലിക് ഫിനാൻസ് കമ്മിറ്റിയുടെ ഇടപെടൽ. കഥയുടെ ഗതിവിഗതികളെല്ലാം പരസ്പരബന്ധിതമാണ്. അവിടെ 2009ൽ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗമായിരുന്ന കെ സുധാകരൻ വെറുതേ പ്രത്യക്ഷപ്പെടില്ല.
പണ്ട് ബാറുടമകളെക്കൊണ്ട്, രത്നവേൽ പാണ്ഡ്യൻ എന്ന ജഡ്ജിയുടെ ധർമ്മരാജനെന്ന സിൽബന്ധിക്ക് 26 ലക്ഷം രൂപ കൊടുപ്പിച്ച അതേ തന്ത്രം. അതേ ഉപജാപ മിടുക്കു തന്നെയാണ് മോൺസന്റെ വീട്ടിൽ വെച്ച് അനൂപ് മുഹമ്മദിനോട് കാണിച്ചതും. അനൂപ് അതിൽ വീണു. മോൻസന് 25 ലക്ഷം കൈമാറി. അനൂപ് മടങ്ങിയപ്പോൾ അതിൽ നിന്ന് പത്തുലക്ഷം സുധാകരന് കിട്ടിയെന്നാണ് ആരോപണം. പഴയ ബാർ കോഴ വിവാദമായപ്പോൾ തടിയൂരാൻ കാണിച്ച അഭ്യാസങ്ങൾ തന്നെയാണ് ഈ കഥ പുറത്തുവന്നപ്പോഴും സുധാകരൻ കാണിക്കുന്നത്. സുധാകരന്റെ ഇത്തരം വെളിപ്പെടുത്തലുകളുടെയും മലക്കം മറിച്ചിലുകളുടെയും സുദീർഘമായ ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് മോൺസൻ മാവുങ്കലിന്റെ തട്ടിപ്പുകേസിൽ അദ്ദേഹത്തിന്റെ പങ്ക് പരിശോധിക്കേണ്ടത്.
അവിഹിത ഇടപാടുകൾ,
അവിശുദ്ധ ബന്ധങ്ങൾ
ഇടുക്കി ജില്ലയിലെ രാജാക്കാടു നിന്ന് വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ് മോൺസൻ മാവുങ്കലിന്റെ തട്ടിപ്പുജീവിതം. അങ്ങനെയൊരാളും കേരളത്തിന്റെ സമുന്നത കോൺഗ്രസ് നേതാവ് കെ സുധാകരനും തമ്മിൽ എവിടെ വെച്ച്, എന്താവശ്യത്തിനാണ് കൈ കോർത്തത്? ആ ചോദ്യത്തിന് ഇന്നേവരെ വിശ്വസനീയമായ ഒരുത്തരവും സുധാകരനോ അദ്ദേഹത്തിന്റെ അനുയായികളോ പറഞ്ഞിട്ടില്ല. സെക്കൻഡ് ഹാൻഡ് കാറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും തമിഴ്നാട്ടിൽ വിൽപന നടത്തിയും മറ്റും ജീവിച്ചിരുന്ന മോൺസൻ എങ്ങനെയാണ് എറണാകുളത്ത് കലൂരെത്തിയത്? അവിടെ ആരെയും അമ്പരപ്പിക്കുന്ന ഇത്തരമൊരു പുരാവസ്തുക്കച്ചവടത്തട്ടിപ്പ് ആസൂത്രണം ചെയ്തത്? തന്ത്രം മെനയാൻ ഒപ്പം നിന്നവർ ആരൊക്കെ?
2014ലാണ് മോൺസൻ മാവുങ്കൽ കലൂരിൽ വാടകവീട്ടിൽ താമസവും പുരാവസ്തു പ്രദർശനവും ആരംഭിക്കുന്നത്. ശേഖരത്തിന്റെ പട്ടിക ഇവിടെ നിരത്തുന്നില്ല. 25 വർഷമായി ആന്റിക് ഡയമണ്ട് കച്ചവടം നടത്തുന്ന ആളെന്നു പരിചയപ്പെടുത്തിയാണ് മോൺസൻ ഈ തട്ടിപ്പത്രയും നടത്തിയത്. ആ കച്ചവടത്തിൽ കിട്ടാനുണ്ടെന്ന് അവകാശപ്പെട്ടത് ചെറിയ തുകയൊന്നുമല്ല. 2.62 ലക്ഷം കോടി രൂപ. ഇത്രയും തുക മോൺസൻ മാവുങ്കൽ, വി ജെ പട്ടേൽ എന്നിവരുടെ പേരിൽ HSBC ബാങ്കിൽ കിടക്കുന്നതിന്റെ രേഖയുണ്ടാക്കി. 2010 ജൂലൈ 5ലെ ബാങ്ക് സീൽ ഉൾപ്പെടെയുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. അക്കൗണ്ടിലെ തുകയും സാധനങ്ങൾ വിറ്റ തുകയ്ക്കുള്ള ഇൻവോയ്സും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്ന കാരണം പറഞ്ഞ് ഫെമ ഈ തുക തടഞ്ഞുവെച്ചിരിക്കുന്നുവെന്നും അത് ലഭിക്കുന്നതിനുള്ള കേസ് നടത്തുന്നത് ദില്ലിയിലുള്ള ഗുപ്ത അസോസിയേറ്റ്സ് ആണെന്നുമാണ് തട്ടിപ്പിന് ഇരയായവരെ വിശ്വസിപ്പിച്ചിരുന്നത്. കേസിന്റെ ചെലവിലേയ്ക്കാണെന്നും പറഞ്ഞാണ് പലരിൽ നിന്നും പണം തട്ടിയെടുത്തത്.
ഒരുവശത്ത് കിട്ടാനുള്ള അതിഭീമമായ തുക. മറുവശത്ത് മോശയുടെ അംശവടിയും ഛത്രപതി ശിവജിയുടെ സ്വകാര്യശേഖരത്തിലെ ഭഗവത്ഗീതയും ഔറംഗസീബിന്റെ മുദ്രമോതിരവുമടക്കം നൂറുകണക്കിന് അതിവിശിഷ്ടമായ പുരാവസ്തുശേഖരം. അതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ കാവൽ. പ്രമുഖരും പ്രബലരുമായവരുടെ ചങ്ങാത്തം. ഇതു കാണിച്ചായിരുന്നു തട്ടിപ്പ്. ഈ ചിലന്തിവല മെനഞ്ഞതിന്റെ വിയർപ്പോഹരിയാണോ സുധാകരൻ മോൺസനിൽ നിന്ന് കൈപ്പറ്റിയത്?
സുധാകരൻ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയോ?
അതാണ് രസകരം. ആ ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ് ഈ കേസിൽ സുധാകരന്റെ പങ്ക് ദുരൂഹമാക്കുന്നതും. ആദ്യം കൊടുത്ത പരാതിയിൽ സുധാകരന്റെ പേരുണ്ടോ എന്നാണ് വി ഡി സതീശനും കൂട്ടരും ഉന്നയിക്കുന്ന ചോദ്യം. അങ്ങനെ രണ്ടു പരാതികളൊന്നും ഈ കേസിലില്ല. ആകെ ഒരു പരാതിയേ ഉള്ളൂ. ആ പരാതിയിൽ സുധാകരന് പണം കൊടുത്തുവെന്ന് പരാതിക്കാർ ആരോപിച്ചിട്ടുമില്ല. പിന്നെങ്ങനെയാണ് സുധാകരൻ ഈ കേസിൽ ഉൾപ്പെടുന്നത്?
യാക്കൂബ് പുറായിൽ, അനൂപ് വി മുഹമ്മദ്, ഇ എ സലിം, എം ടി ഷമീർ, സിദ്ധിഖ് പുറായിൽ, ഷാനിമോൻ എന്നിങ്ങനെ ആറുപേരാണ് പരാതിക്കാർ. അവരുടെ പരാതിയിൽ സുധാകരന്റെ പേരു പരാമർശിക്കുന്ന ഭാഗം ഉദ്ധരിക്കാം.
“ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് തുടങ്ങിയ ഇടപാട് പലകാരണങ്ങളും പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയും വിവിധ ഉന്നതരെ പണം നൽകുമ്പോൾ വിളിച്ചുവരുത്തി സാക്ഷി ഇരുത്തിച്ചും സംസാരിപ്പിച്ചുമാണ് ടിയാൻ ആറു കോടിയോളം വരെ അനൂപിൽ നിന്ന് വാങ്ങിയെടുത്തത്. ഇതിൽ 2018 നവംബർ മാസം ടിയാൻ ഡൽഹിയിലെ ഗുപ്ത അസോസിയേറ്റ്സിൽ അടിയന്തരമായി 25 ലക്ഷം രൂപ നൽകണമെന്ന് പറഞ്ഞു നിരന്തരം വിളിക്കുകയും പണം നൽകാൻ ബുദ്ധിമുട്ടാണെന്ന് അനൂപ് അറിയിച്ചതിനെ തുടർന്ന് കണ്ണൂർ എംപി കെ സുധാകരന്റെ നേതൃത്വത്തിൽ പാർലമെന്റിന്റെ പബ്ലിക് ഫിനാൻസ് കമ്മിറ്റിയെ കൊണ്ട് നമ്മുടെ പേപ്പറിൽ ഒപ്പിട്ട് അയക്കണമെന്നും അതിന് അടിയന്തരമായി പണം വേണമെന്ന് വേണമെങ്കിൽ എംപിയോട് നേരിട്ട് സംസാരിച്ചു ബോധ്യം വരുത്താം എന്നും പറഞ്ഞ് ടിയാൻ പറഞ്ഞതനുസരിച്ച് 2018 നവംബർ 22ന് ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് കലൂരിലെ ടിയാന്റെ വീട്ടിലെത്തുകയും എംപിയുമായി ഡൽഹിയിലെ വിഷയങ്ങൾ ചർച്ച ചെയ്യുകയും ഡൽഹിയിലെ വിഷയങ്ങൾ ഉടൻ പരിഹാരമാകും എന്ന് ഉറപ്പു പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അനൂപ് 25 ലക്ഷം രൂപ കൈമാറുകയും ചെയ്തു”.
ഇതാണ് പരാതിയിൽ കെ സുധാകരന്റെ പങ്ക് പരാമർശിക്കുന്ന ഭാഗം. തങ്ങൾ സുധാകരന് പണം നൽകിയെന്ന് അനൂപോ മറ്റു പരാതിക്കാരോ ആരോപിച്ചിട്ടില്ല. മറിച്ച് സുധാകരന്റെ സാന്നിധ്യത്തിൽ, സുധാകരൻ പറഞ്ഞതനുസരിച്ചാണ് പണം നൽകിയത് എന്നാണ് അവരുടെ നിലപാട്.
സുധാകരനെ കുടുക്കിയത്
മോൺസന്റെ ശിങ്കിടികൾ
യാക്കൂബ് മുതൽ ഷാനിമോൻ വരെ ഒപ്പിട്ട പരാതിയനുസരിച്ചല്ല കെ സുധാകരനെതിരെ കേസെടുത്തത്. ഇത് രാഷ്ട്രീയ പകപോക്കലാണെന്ന കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ആരോപണം പൊളിഞ്ഞു വീഴുന്നത് അവിടെയാണ്. സുധാകരൻ കുടുങ്ങിയതെങ്ങനെയെന്ന് പലർക്കും കൃത്യമായി മനസിലായിട്ടുമില്ല. മുഖ്യധാരാ മാധ്യമങ്ങളാകട്ടെ, അതിൽ വ്യക്തതയും വരുത്തിയിട്ടില്ല.
സുധാകരന്റെ സാന്നിധ്യത്തിൽ അനൂപ് 25 ലക്ഷം രൂപ മോൺസന് കൈമാറിയെന്നാണല്ലോ പരാതിയിലെ പരാമർശം. പണം കൊടുത്ത ശേഷം അനൂപ് മടങ്ങിപ്പോയി. അതിനു ശേഷമാണത്രേ മോൺസൻ സുധാകരന് പണം കൊടുത്തത്. മോൺസന്റെ സഹചാരികളായിരുന്ന ജോഷി, ജെയിസൺ എന്നിവരും മുൻ ഡ്രൈവർ അജിത്തും മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ 164 സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനൂപ് കൊടുത്ത 25 ലക്ഷത്തിൽ പത്തു ലക്ഷം സുധാകരന് കൊടുത്തത് തങ്ങൾ കണ്ടുവെന്നത്രേ അവരുടെ മൊഴി.
അപ്പോഴൊരു ചോദ്യമുണ്ട്. എന്തിനാണ് മോൺസന്റെ ശിങ്കിടികൾ മോൺസനെതിരെ മൊഴി കൊടുത്തത്? മോൺസൻ നടത്തിവന്നത് തനിത്തട്ടിപ്പാണെന്ന് കൂടെയുള്ളവർക്കുപോലും ബോധ്യം വന്നത് അയാളുടെ അറസ്റ്റിനു ശേഷം മാത്രമാണ്. അനൂപിൽ നിന്നടക്കം പണം കുമിഞ്ഞു കൂടിയിട്ടും ഒരു വർഷത്തോളം ഇവർക്ക് ശമ്പളം കൊടുത്തില്ലത്രേ. തങ്ങളുടെ അക്കൗണ്ടുകൾ വഴിയാണ് മോൻസൻ കോടികളുടെ ഇടപാടുകൾ നടത്തിയത് എന്നും അറിഞ്ഞപ്പോൾ ശിങ്കിടികൾ കോടതിയ്ക്കു മുമ്പാകെ ഹാജരായി അവർക്ക് അറിയാവുന്നതു മുഴുവൻ വെളിപ്പെടുത്തി. ഈ മൊഴിയാണ് സുധാകരനെ കുരുക്കിയത്. അല്ലാതെ യാക്കൂബ് മുതൽപേരുടെ പരാതിയല്ല. സുധാകരൻ പണം വാങ്ങിയ കഥ അവരുപോലും അറിയുന്നത് മോൻസന്റെ അറസ്റ്റിനു ശേഷമാണ്.
നടന്നത് കൂട്ടുകൃഷിയായിരുന്നോ?
കണ്ണിനു ചുറ്റുമുള്ള കറുപ്പു മാറ്റാൻ അഞ്ചോ ആറോ തവണ മോൻസന്റെ വീട്ടിൽ പോയിരുന്നു എന്നായിരുന്നു സുധാകരന്റെ ആദ്യത്തെ പ്രതിരോധം. എന്തു മരുന്നാണ് മോൻസൻ തന്നത് എന്ന് സുധാകരൻ ഇന്നുവരെ പുറത്തു പറഞ്ഞിട്ടില്ല. മരുന്നിന്റെ പേരും കുറിപ്പടിയും അജ്ഞാതം. മരുന്ന്, മോൻസൻ നിർമ്മിച്ചതാണോ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങിയതാണോ എന്നു കെപിസിസി പ്രസിഡന്റിനോട് ചോദിക്കാൻ രാഹുൽ ഗാന്ധിയ്ക്കുപോലും നാവു പൊന്തുന്നുമില്ല. എംപിയും മന്ത്രിയും രണ്ടുവട്ടം എംപിയുമായിരുന്ന, കെപിസിസി പ്രസിഡന്റിന്റെ കസേരയിലിരിക്കുന്ന ഒരു നേതാവ് വിചാരിച്ചാൽ എത്രയെങ്കിലും വിദഗ്ധർ അങ്ങോട്ടു ചെന്നു ചികിത്സയ്ക്കും. അപ്പോൾ സുധാകരൻ പറയുന്ന കണ്ണിൽ ഓയിൻമെന്റ് പുരട്ടുന്ന ബന്ധമല്ല ഇവർ തമ്മിലുള്ളത്. അപ്പറയുന്നത് പച്ചക്കള്ളം.
പരാതിക്കാരെ അറിയില്ലെന്നും പരാതിയിൽ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ലെന്നും തെളിയിക്കാൻ പച്ചക്കള്ളങ്ങളാണ് പത്രസമ്മേളനങ്ങളിൽ സുധാകരൻ തട്ടിവിടുന്നത്. ആദ്യം പറഞ്ഞതല്ല പിന്നെപ്പറഞ്ഞത്. അപ്പറഞ്ഞതല്ല, അടുത്ത ദിവസം പറഞ്ഞത്. നാലു പത്രസമ്മേളനത്തിൽ നാനൂറു നുണ. ആദ്യം പറഞ്ഞ നുണയുമായി പുലബന്ധം പോലുമില്ലാത്ത വാദമാണ് തുടർന്നു വരുന്നത്.
നുണക്കഥയിൽ
എം ഐ ഷാനവാസിന്റെ മരണവും
എം ഐ ഷാനവാസിന്റെ മരണവും ഈ നുണക്കഥയിൽ സുധാകരൻ ആയുധമാക്കി. പരാതിയിൽ പറയുന്ന ദിവസത്തിലും സമയത്തിലും താൻ മോൻസന്റെ വീട്ടിൽ പോയിട്ടേയില്ലെന്ന് സമർത്ഥിക്കാനാണ് സ്വന്തം സഹപ്രവർത്തകന്റെ കബറടക്കത്തെക്കുറിച്ച് സുധാകരൻ നുണക്കഥ രചിച്ചത്. സുധാകരന്റെ സാന്നിധ്യത്തിൽ മോൻസന്റെ വീട്ടിൽ വെച്ച് പണം കൊടുത്ത ദിവസം പരാതിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2018 നവംബർ 22ന് രണ്ട് പി എം.
ഇതു നിഷേധിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ സുധാകരൻ ഇങ്ങനെ പറഞ്ഞു. “ഷാനവാസ് മരിച്ചത് 21നാണ്. 22നാണ് കബറടക്കം. കബറടക്കം കഴിയുമ്പോ മൂന്നു മണിയായി. അതു കഴിഞ്ഞ് അനുശോചനവും കഴിഞ്ഞാണ് ഞാൻ ഷാനവാസിന്റെ വീട്ടിൽ നിന്ന് പോകുന്നത്”. ഈ വീഡിയോ ഇപ്പോഴും യുട്യൂബിലുണ്ട്.
എം ഐ ഷാനവാസിന്റെ ഉറ്റവരുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ഓർമ്മകളെയും വ്യക്തിത്വത്തെയും അപഹസിക്കുകയാണ് സുധാകരൻ. എം ഐ ഷാനവാസിന്റെ ഭൗതികദേഹം കലൂര്‍ തോട്ടത്തുംപടി മുസ്ലീം ജമാഅത്ത് പള്ളിയിൽ കബറടക്കിയത് 2018 നവംബർ 22ന് രാവിലെ പത്തരയ്ക്കാണ്. സുധാകരൻ അത് മൂന്നു മണിയാക്കി. എറണാകുളം ടൗൺ ഹാളിൽ ഷാനവാസിന്റെ അനുശോചന യോഗം നിശ്ചയിച്ചിരുന്നത് രാവിലെ 11 മണിയ്ക്കെന്ന് മനോരമ.
ഈ കബറടക്കത്തിലും അനുശോചന യോഗത്തിലും പങ്കെടുത്തത് പതിനായിരങ്ങളാണ്. സമയവും തീയതിയുമൊക്കെ അവർക്കും ഓർമ്മയുണ്ട്. കബറടക്കവും അനുശോചന യോഗവും കഴിഞ്ഞ് എറണാകുളത്ത് കലൂരിൽത്തന്നെയുള്ള മോൻസന്റെ വീട്ടിൽ രണ്ടു മണിക്കെത്താൻ എത്ര ട്രാഫിക് ബ്ലോക്കുണ്ടായാലും സുധാകരന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്ന് അറിയുന്നവരുടെ മുന്നിലാണ് ഈ നുണക്കഥ സുധാകരൻ വിളമ്പിയത്. നുണ പറയണമെന്നേ സുധാകരന് താൽപര്യമുള്ളൂ. അത് ഇടവും വലവും ഒപ്പമിരിക്കുന്നവർ പോലും വിശ്വസിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമില്ല.
സ്വയം തിരുത്തിയ നുണകൾ
മോൻസനെ പൊലീസ് അറസ്റ്റു ചെയ്തത് 2021 സെപ്തംബർ 25നാണ്. സുധാകരന്റെ പേരു പരാമർശിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളുമൊക്കെ താമസംവിനാ പുറത്തു വന്നു. പത്രസമ്മേളനം വിളിക്കാതെ നിർവാഹമില്ലെന്നായി. അങ്ങനെ കണ്ണൂരിൽ പത്രസമ്മേളനം വിളിച്ചു. പരാതിക്കാർ കറുപ്പോ വെളുപ്പോ എന്നറിയില്ലെന്ന് വെച്ചു കാച്ചി.
തൊട്ടുപിന്നാലെ പരാതിക്കാരനായ എം ടി ഷമീറിന്റെ പത്രസമ്മേളനം. പണം കൊടുത്തവരും മോൻസനും സുധാകരനും ഒന്നിച്ചിരിക്കുന്ന ഫോട്ടോകൾ ഷെമീർ പുറത്തു വിട്ടു. മറുപടി പറഞ്ഞപ്പോൾ, പരാതിക്കാരെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നും സുധാകരന് സമ്മതിക്കേണ്ടി വന്നു. ഒപ്പം, തന്റെ പേരുപയോഗിച്ച് തട്ടിപ്പു നടത്തിയതിന് മോൻസനെതിരെ കേസു കൊടുക്കുമെന്നും ആക്രോശിച്ചു. തീയതി 2021 സെപ്തംബർ 29.
കേസിൽ പ്രതിയായപ്പോൾ പത്രസമ്മേളനത്തിൽ സുധാകരനോട് ഒരു ചോദ്യം. മോൻസനെതിരെ കേസു കൊടുത്തോ സാർ. അദ്ദേഹം പ്രകോപിതനായി. മോൻസൻ തന്നെ വിളിച്ച് മാപ്പു പറഞ്ഞുവെന്നും അതുകൊണ്ട് ക്ഷമിച്ചുവെന്നും കേസിനു പോകേണ്ടെന്ന് തീരുമാനിച്ചുവെന്നും ഒരുളുപ്പുമില്ലാതെ മാലോകരോട് സുധാകരൻ വിളിച്ചുപറഞ്ഞു. അതു കേട്ട വി ഡി സതീശൻ പോലും ഞെട്ടിക്കാണും. കാരണം, 2021 സെപ്തംബർ 25 മുതൽ മോൻസൻ ജയിലിലാണ്. പുറംലോകം കണ്ടിട്ടില്ല. മോൻസൻ അറസ്റ്റിലായി നാലാം പക്കമാണ് അയാൾക്കെതിരെ കേസു കൊടുക്കുമെന്ന് സുധാകരൻ കട്ടായം പറഞ്ഞത്. സുധാകരനോട് മാപ്പു പറയാനായി അയാൾക്കു ജാമ്യവും കിട്ടിയിട്ടില്ല. പിന്നെവിടെ വെച്ചാണ് സുധാകരനോട് മോൻസൻ മാപ്പു പറഞ്ഞതെന്ന് മോൻസനുപോലും അറിയില്ല.
മോൻസന് നിയമസഹായവും
സുധാകരന്റെ
പോക്സോ കേസിൽ ജീവിതാവസാനം വരെ ജയിൽ ശിക്ഷ കിട്ടിയ മോൻസനെപ്പോലൊരു കൊടുംക്രിമിനലിന്റെ വക്കാലത്ത് ആർക്കാണ്? അന്വേഷണം ചെന്നു നിൽക്കുന്നത് എറണാകുളത്തെ കുറുവത്താഴ ആൻഡ് കുറുവത്താഴ എന്ന വക്കീൽ സ്ഥാപനത്തിലാണ്. ഉമ്മൻചാണ്ടി ഭരണകാലത്ത് കെഎസ്ആർടിസി സ്റ്റാൻഡിംഗ് കൗൺസിലായിരുന്ന ബാബു ജോസഫ് കുറുവത്താഴമാണ് ഈ സ്ഥാപനത്തിന്റെ മേധാവി. ഇപ്പോഴും കോൺഗ്രസ് ഭരിക്കുന്ന പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിലാണ് കുറുവത്താഴ. ഈ ലോ ഫേമിലെ ശ്രീജിത്ത് എന്ന അഭിഭാഷകനാണ് മോൻസനുവേണ്ടി കോടതിയിൽ ഹാജരായത്.
ഉറച്ച കോൺഗ്രസ് ബന്ധമുള്ള ഈ അഭിഭാഷക സ്ഥാപനത്തിന് മോൻസൻ മാവുങ്കലിന്റെ വക്കാലത്ത് ഏതു വഴി വന്നുവെന്ന് കോൺഗ്രസുകാരാണ് പരിശോധിക്കേണ്ടത്. കെ സുധാകരന്റെ സന്തതസഹചാരികളാണ് മോൻസന് വക്കീലിനെ ഏർപ്പാടാക്കിയത് എന്നാണ് കരക്കമ്പി. മോൻസൻ എന്തു പറയണമെന്നും എങ്ങനെ നീങ്ങണമെന്നുമൊക്കെ തീരുമാനിക്കുന്നത് സുധാകരനാണ്.
എച്ച്എസ്ബിസി ബാങ്കിന്റെയടക്കം വ്യാജരേഖകൾ ചമച്ച് നടത്തിയ ഈ സാമ്പത്തികത്തട്ടിപ്പിനെ ഒരു സിവിൽ കേസാക്കി ചുരുക്കാമെന്നും അനിശ്ചിതമായി നീളുന്ന കോടതിവ്യവഹാരത്തിന്റെ നൂലാമാലയിൽ പരാതിക്കാരും പ്രതികളുമൊക്കെ കുടുങ്ങുന്നതോടെ രക്ഷപെടാമെന്നുമുള്ള ചിന്തയിലാണത്രേ മോൻസനും കൂട്ടാളികളും. അതിന്റെ സൂചനകൾ മോൻസന്റെ വക്കീലിന്റെ പത്രസമ്മേളനത്തിലും ഉണ്ടായി.
മോൻസൻ സുധാകരനെ
എത്ര പ്രാവശ്യം കണ്ടു?
താൻ മോൻസന്റെ വീട്ടിൽ നാലോ അഞ്ചോ തവണയേ പോയിട്ടുള്ളൂ എന്നാണല്ലോ സുധാകരൻ ഇതേ വരെ പറഞ്ഞുകൊണ്ടിരുന്നത്. ഒടുവിൽ പന്ത്രണ്ടു തവണ പോയെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവിടെ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. സുധാകരൻ മോൻസന്റെ വീട്ടിൽ ചെന്നതിന്റെ എണ്ണത്തിൽ തീർപ്പായി. പക്ഷേ, മോൻസൻ എത്ര തവണ സുധാകരനെ അങ്ങോട്ടു ചെന്നു കണ്ടിട്ടുണ്ട്? ആ ചോദ്യത്തിന് ഇതേവരെ മറുപടി പറഞ്ഞിട്ടില്ല.
മറ്റു പലരെയും പോലെ മോൻസന്റെ കൊട്ടാരത്തിലെ പുരാവസ്തുക്കൾ കണ്ട് സ്ഥലകാലബോധം പോയ ആളാണോ കെ സുധാകരൻ? അതോ അതിനുമപ്പുറമുള്ള ബന്ധം അവർ തമ്മിലുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ സ്വഭാവമെന്താണ്? അതിലേയ്ക്കാണ് അന്വേഷണം നീളേണ്ടത്.
മോൻസൻ ഒരു തട്ടിപ്പുകാരനാണ് എന്നറിഞ്ഞപ്പോൾ പലരും ആ ബന്ധം ഉപേക്ഷിക്കാൻ തയ്യാറായിട്ടുണ്ട്. കോൺഗ്രസ് നേതാക്കളടക്കം. മോൻസനെതിരെ രണ്ടു പരാതികളാണ് പൊലീസിനു കിട്ടിയത്. ശ്രീവൽസം ഗ്രൂപ്പും യാക്കൂബ് തുടങ്ങിയവരും പരാതി ഉന്നയിച്ച ശേഷവും മോൻസനും സുധാകരനും തമ്മിൽ നിരന്തര ബന്ധമുണ്ടായിരുന്നു. ആ ബന്ധം അവസാനിപ്പിച്ച് തടിയൂരാനല്ല സുധാകരൻ ശ്രമിച്ചത്.
മോൻസനെതിരെയുള്ള പരാതികളിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച ശേഷവും, മോൻസൻ തട്ടിപ്പുകാരനാണ് എന്ന് പരാതിക്കാർ സുധാകരനെ അറിയിച്ചിട്ടും അവർ തമ്മിലുള്ള ബന്ധം തുടർന്നു. 2021 ആഗസ്ത് മാസത്തിൽ, മോൻസൻ സുധാകരനെ കെപിസിസി ഓഫീസിൽ സന്ദർശിച്ചിട്ടുണ്ട്. മോൻസന്റെ വീട്ടിൽ സുധാകരൻ ചെന്നതിനു മാത്രമല്ല ചിത്രങ്ങൾ തെളിവായുള്ളത്. സുധാകരന്റെ ഓഫീസിൽ മോൻസൻ ചെന്നതിനും തെളിവുണ്ട്. മോൻസൻ അറസ്റ്റിലാകുന്നതിന് തൊട്ടു മുമ്പു വരെ സുധാകരന്റെ സന്തതസഹചാരികൾ മോൻസനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ചിന്റെ കൈയിൽ തെളിവുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്.
വഴിയേ പോയൊരു തട്ടിപ്പുകാരനെ കൈ വീശിക്കാണിച്ച് ഹായ് പറഞ്ഞു തുടങ്ങിയ ബന്ധമല്ല സുധാകരനും മോൻസനും തമ്മിലുള്ളത്. ആ ബന്ധത്തിന് നാം കാണുന്നതിനെക്കാൾ ആഴവും വ്യാപ്തിയുമുണ്ട്. അനൂപ് മുഹമ്മദിന്റെ പത്തുലക്ഷത്തിനപ്പുറത്ത്, മോൻസൻ തട്ടിച്ചെടുത്ത തുകയിൽ എത്ര സുധാകരന്റെ കൈവശമെത്തി എന്നും അന്വേഷണം നടക്കണം.
കോൺഗ്രസിന്റെ നേതൃത്വവും പദവിയും സ്ഥാനമാനങ്ങളും ഉപയോഗിച്ച് കെ സുധാകരൻ കെട്ടിപ്പെടുത്ത അധോലോകത്തിലേയ്ക്ക് മോൻസൻ കടന്നു വന്നതാണോ? അതോ, മോൻസൻ മെനഞ്ഞെടുത്ത അധോലോക സാമ്രാജ്യത്തിലേക്ക് സുധാകരൻ പ്രവേശിച്ചതോ? ഉത്തരം കണ്ടെത്തിയേ തീരൂ. കലൂരിലെ ബംഗ്ലാവിൽ മോൻസനെന്നയാൾ ഒറ്റയ്ക്കു വിചാരിച്ചാൽ ഇത്രയും വലിയ പുരാവസ്തു ശേഖരം ഉണ്ടാക്കാനാവില്ല. 2014ലാണ് ഈ തട്ടിപ്പ് കലൂരിൽ വ്യവസ്ഥാപിതമായത്. അതിന് സുധാകരന്റെ സിൽബന്തികളായ കോൺഗ്രസുകാരുടെ സഹായം ഉണ്ടായിരുന്നോ? അവരിലൂടെ സുധാകരൻ, മോൻസന്റെ പങ്കാളിയാവുകയായിരുന്നോ?
എം വി ഗോവിന്ദൻ മാസ്റ്റർക്ക് മറുപടി പറയാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ എല്ലാ പൂച്ചും പുറത്തായി. മോൻസനെ മുൻ പരിചയമുണ്ടെന്നും അയാളെ താൻ പല കാര്യങ്ങളും ഏൽപ്പിച്ചിരുന്നുവെന്നും അയാളതൊക്കെ ചെയ്തു തന്നുവെന്നും ആ ഉപകാരസ്മരണ കൊണ്ട് അയാളെ താൻ ശത്രുപക്ഷത്തു നിർത്താൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കേരള ജനതയോട് ഏറ്റു പറഞ്ഞു.
ഒരുമാതിരി ചിന്താശേഷിയുള്ള കോൺഗ്രസുകാരൊക്കെ സുധാകരന്റെ ഈ പ്രകടനം കണ്ട് അന്തംവിട്ടു നിൽക്കുകയാണ്. എന്തു ചുമതലയാണ് മോൻസനെ സുധാകരൻ ഏൽപ്പിച്ചത് എന്ന് ആർക്കാണ് അറിയാവുന്നത്? സുധാകരനാണെങ്കിൽ അതൊന്നും വെളിപ്പെടുത്തുന്നുമില്ല. കോൺഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടായിരുന്നോ ആ ചുമതലയേൽപ്പിച്ചത്? ആരോട് ചോദിക്കാനാണ്?
ഇതുവരെ പുറത്തു വന്ന വിവരങ്ങളും തട്ടിമൂളിച്ച നുണകളുമൊക്കെ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തെളിയിക്കുന്നത് ഒരു കാര്യം മാത്രം. ഒരു വലിയ അധോലോക നൗകയുടെ അണിയത്തും അമരത്തുമാണ് കെ സുധാകരനും മോൻസൻ മാവുങ്കലും. ഇരുമെയ്യാണെങ്കിലും അവരുടെ ചങ്കും കരളും ലക്ഷ്യവുമൊക്കെ ഒന്നായിരുന്നു. പണം തട്ടിപ്പ്. എന്ന് എവിടെ വെച്ചാണ് ഇരുവരും ഒരേ ലക്ഷ്യത്തോടെ തുഴഞ്ഞു തുടങ്ങിയത്?
അതാണ് അന്വേഷണത്തിൽ പുറത്തുവരേണ്ടത്. ♦