Monday, September 9, 2024

ad

Homeപ്രതികരണംഉന്നതവിദ്യാഭ്യാസ രംഗത്തും കേരളം ബദൽ മാതൃക

ഉന്നതവിദ്യാഭ്യാസ രംഗത്തും കേരളം ബദൽ മാതൃക

പിണറായി വിജയൻ

കേരളത്തിന്റെയാകെ അഭിമാനമായ കേരള സര്‍വകലാശാല ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ്. ആ മുന്നേറ്റത്തിനു കരുത്തു പകരുന്ന പദ്ധതികളുടെയും സെന്ററുകളുടെയും കോഴ്സുകളുടെയും ഉദ്ഘാടനം ജൂൺ 27 ന് നടന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നാക്ക് അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ഗ്രേഡ്, എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങിൽ അഖിലേന്ത്യാ തലത്തിൽ 24–ാം സ്ഥാനം എന്നിവയൊക്കെ കരസ്ഥമാക്കിക്കൊണ്ട് കൂടുതൽ ഉയര്‍ച്ചകളിലേക്കുള്ള പ്രയാണത്തിലാണ് ഇപ്പോള്‍ കേരള സര്‍വകലാശാല. അതിനു സഹായകമാകുന്ന വിധത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ലബോറട്ടറികളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നവീകരണം എന്നിവ ഏറ്റെടുക്കുകയും ഗവേഷകര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയുമാണ്. അതിന്റെ ഭാഗമായാണ് കാര്യവട്ടം ക്യാമ്പസ്സിൽ വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിച്ചതും പുതിയ സെന്ററുകള്‍ക്കും കോഴ്സിനും തുടക്കം കുറിക്കുന്നതും.

അവയിൽ പ്രധാനപ്പെട്ടതാണ് ഇ എം എസിന്റെ നാമധേയത്തിലുള്ള ഹാള്‍. കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, മറ്റ് അക്കാദമിക യോഗങ്ങള്‍ എന്നിവ നടത്തുന്നതിനായി പ്ലാന്‍, നോണ്‍ പ്ലാന്‍ ഫണ്ടുകളിൽ നിന്നായി 5 കോടി രൂപ ചെലവഴിച്ചാണ് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള സെമിനാര്‍ ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇ എം എസ്സിനെപ്പോലെ പ്രസക്തരായ അപൂര്‍വ്വം വ്യക്തിത്വങ്ങളേയുള്ളു. ഐക്യകേരള പിറവിക്കു മുമ്പും ശേഷവും ഈ നാടിന്റെ പുരോഗമനോന്മുഖമായ മുന്നേറ്റം ലക്ഷ്യംവെച്ച് അദ്ദേഹം രൂപംനൽകിയ ആശയങ്ങളും ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും താരതമ്യങ്ങളില്ലാത്തവയാണ്.

അല്പം വൈകിയാണെങ്കിലും ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുടെ പേരിൽ കേരളത്തിന്റെ ആദ്യത്തെ സര്‍വകലാശാലയിൽ ഒരിടമുണ്ടാകുന്നു എന്നത് സന്തോഷകരമാണ്.

ഒരു ട്രാന്‍സ്ലേഷണൽ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സെന്റർ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കിഫ്ബിയിലൂടെയാണ് ഇതിനുവേണ്ട ഫണ്ട് കണ്ടെത്തിയത്. സംസ്ഥാന ബജറ്റിൽ സംസ്ഥാനത്താകെ ഇത്തരം 10 ട്രാന്‍സ്ലേഷണൽ ലാബുകള്‍ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അക്കാദമിക രംഗത്ത് സൃഷ്ടിക്കപ്പെടുന്ന അറിവുകള്‍ പൊതുസമൂഹത്തിനു കൂടി ഉപകരിക്കുന്ന വിധത്തിൽ മാറ്റിത്തീര്‍ക്കുക എന്നതാണ് അവയുടെ ഉദ്ദേശ്യം.

സമാനമാണ് എ ആര്‍ രാജരാജ വര്‍മ്മ ട്രാന്‍സിലേഷന്‍ സ്റ്റഡി സെന്ററിന്റെ പ്രവർത്തനോദ്ദേശ്യവും. ലോകത്തെ എല്ലാ ശാസ്ത്ര, മാനവിക വിജ്ഞാനമണ്ഡലങ്ങളിൽ നിന്നുമുള്ള അറിവുകള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുകയും അതുവഴി കൂടുതൽ ലോകോത്തര വിജ്ഞാനങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍വകലാശാലയുടെ മലയാളം വകുപ്പിനു കീഴിൽ 50 ലക്ഷം രൂപ ചെലവഴിച്ച് യാഥാര്‍ത്ഥ്യമാക്കിയ ഈ അക്കാദമിക കേന്ദ്രം ആരംഭിക്കുന്നത്.

കേരളത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കു പ്രാമുഖ്യം നൽകിക്കൊണ്ടാണ് ശ്രീ. വിദ്യാധിരാജ ചട്ടമ്പിസ്വാമി ഇന്റര്‍നാഷണൽ സെന്റര്‍ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ആരംഭിക്കുന്നത്. 2023–-24 ലെ സംസ്ഥാന ബജറ്റിൽ ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. കേരള സ്റ്റഡീസ് വകുപ്പിനു കീഴിലാണ് ഈ പഠന-ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. വിദ്യയും വിത്തവും കൊണ്ടുമാത്രമേ മനുഷ്യവംശത്തിന് മുന്നേറാന്‍ കഴിയൂവെന്ന് വിശ്വസിച്ച നവോത്ഥാന നായകന്റെ പേരിലുള്ള ഈ റിസര്‍ച്ച് സെന്റര്‍ സര്‍വകലാശാലയുടെ അക്കാദമിക മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരുന്നതാവും.

പുതുതായി ആരംഭിച്ച പദ്ധതികള്‍, സെന്ററുകള്‍, കോഴ്സുകള്‍ എന്നിവയിൽ നിന്നൊക്കെത്തന്നെ എത്ര ഗൗരവത്തോടെയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ കാണുന്നത് എന്നു വ്യക്തമാണ്. വിജ്ഞാന സമ്പദ്ഘടനയായും നൂതന സമൂഹമായും കേരളത്തെ പരിവര്‍ത്തിപ്പിക്കാന്‍ ഉതകുന്ന വിധത്തിലാണ് ഈ മേഖലയിൽ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ, അതിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് പല കോണുകളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചും അഭ്യൂഹങ്ങള്‍ പരത്തിയും വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ചും വ്യക്തികളെയും സ്ഥാപനങ്ങളെയും കടന്നാക്രമിച്ചും വിദ്വേഷജനകമായ പ്രചരണങ്ങള്‍ നടത്തിയുമൊക്കെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിനു തടയിടാം എന്നാണ് അതിനൊക്കെ പിന്നിലുള്ളവര്‍ കരുതുന്നത്. എന്നാൽ, അതുകൊണ്ടൊന്നും നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല പിന്നോട്ടടിക്കപ്പെടുന്നില്ല എന്നാണ് സമീപകാലത്തു കൈവരിച്ച പല നേട്ടങ്ങളും വ്യക്തമാക്കുന്നത്.

നാക് അക്രഡിറ്റേഷനിൽ കേരള സര്‍വകലാശാലയുടെ എ പ്ലസ് പ്ലസ് നേട്ടം രാജ്യത്താകെ 6 സര്‍വകലാശാലകള്‍ക്കു മാത്രമാണ് കൈവരിക്കാനായത്. കോഴിക്കോട് സര്‍വകലാശാലയും കൊച്ചി സര്‍വകലാശാലയും സംസ്കൃത സര്‍വകലാശാലയും എ പ്ലസ് ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്. 16 കോളേജുകളാണ് കേരളത്തിൽ നിന്നും എ പ്ലസ് പ്ലസ് ഗ്രേഡ് സ്വന്തമാക്കിയത്. 26 കോളേജുകള്‍ എ പ്ലസ് ഗ്രേഡും 53 കോളേജുകള്‍ എ ഗ്രേഡും സ്വന്തമാക്കി.

ദേശീയ ഉന്നതവിദ്യാഭ്യാസ സര്‍വ്വേ പ്രകാരം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗ്രോസ് എന്‍റോള്‍മെന്റ് റേഷ്യോ 43 ശതമാനമായി ഉയര്‍ന്നു. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെയും നിതി ആയോഗിന്റെയും അംഗീകാരങ്ങള്‍ക്കു പുറമെ ഇന്ത്യ സ്കിൽസ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും തൊഴിൽ ക്ഷമതയുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത് എത്തിയിട്ടുണ്ട്. ഇതിനൊക്കെ അടിത്തറ ഒരുക്കിയിട്ടുള്ളത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളാണ്. ഗവേഷണ രംഗത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള നിക്ഷേപങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ലൈഫ് സയന്‍സ്, കെമിക്കൽ സയന്‍സ്, മെറ്റീരിയൽ സയന്‍സ് തുടങ്ങി പത്തോളം വൈജ്ഞാനിക മേഖലകളിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നൽകിത്തുടങ്ങി. ഉന്നതവിദ്യാഭ്യാസ മേഖലയെയും വ്യവസായ മേഖലയെയും ബന്ധിപ്പിച്ചുകൊണ്ട് നൂതനത്വത്തെ പ്രോത്സാഹിപ്പിക്കുകയാണ്. പഠനത്തോടൊപ്പം വരുമാനം (ഏണ്‍ വൈ യു ലേണ്‍) എന്ന ആശയത്തിലൂന്നി ക്യാമ്പസുകളെ ഉല്പാദന കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനമാര്‍ഗ്ഗം കണ്ടെത്തുവാനായി അസാപിലൂടെ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജുകളിൽ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതി നടപ്പാക്കുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം 4,149 സീറ്റുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതുതായി അനുവദിക്കപ്പെട്ടത്. 6 സ്വകാര്യ കോളേജുകളും പുതിയ ഒരു എയ്ഡഡ് കോളേജും അനുവദിച്ചു. 131 ബിരുദ പ്രോഗ്രാമുകള്‍ക്കും അനുമതി നൽകി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി കിഫ്ബി മുഖേന 612 കോടി രൂപ അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തിന് സംസ്ഥാന ബജറ്റിലുള്ള അടങ്കൽ തുക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റൂസ പദ്ധതി പ്രകാരം 153 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 565 കോടി രൂപ അനുവദിച്ചു.

ലോകോത്തര മലയാളി ശാസ്ത്രജ്ഞനായ ഡോക്ടര്‍ താണു പത്മനാഭന്റെ സ്മരണാര്‍ത്ഥം കേരള സര്‍വകലാശാലയിൽ 88 കോടി രൂപ ചെലവിൽ അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. ശാസ്ത്ര –സാങ്കേതിക രംഗത്തെ വളര്‍ച്ചയും വികാസവും ലക്ഷ്യമിട്ട് കേരള സര്‍വകലാശാലയിൽതന്നെ പുതുതായി 9 നൂതന പഠന വകുപ്പുകള്‍ ആരംഭിക്കുകയാണ്. വിവിധ സര്‍വകലാശാലകളിൽ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് മികച്ച പിന്തുണയാണ് സര്‍ക്കാര്‍ നൽകുന്നത്. കേരള സര്‍വകലാശാലയ്ക്ക് മാത്രം 350 കോടി രൂപ കഴിഞ്ഞ വര്‍ഷം അനുവദിച്ചു. എം ജി യൂണിവേഴ്സിറ്റിക്ക് 230 കോടി രൂപയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് 275 കോടി രൂപയും കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് 90 കോടി രൂപയും കൊച്ചി സര്‍വകലാശാലയ്ക്ക് 197 കോടി രൂപയും എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് 75 കോടി രൂപയും സംസ്കൃത സര്‍വകലാശാലയ്ക്ക് 94 കോടി രൂപയും അനുവദിക്കുകയുണ്ടായി. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയ്ക്കായി 11 കോടി രൂപയാണ് അനുവദിച്ചത്. ഇത്തരത്തിൽ സമഗ്രമായ ഇടപെടലുകളാണ് സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തുന്നത്. അവയിൽ ചുരുക്കം ചിലതു മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ. ഇതിനെയൊക്കെ തമസ്കകരിച്ചുകൊണ്ടാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനായി ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടാവുന്നത്.

കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്ന ഘട്ടത്തിൽ കേരളത്തിലെ സര്‍വ്വകലാശാലകളിൽ നിരവധി അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി പരാതി ഉണ്ടായിരുന്നു. അവയിൽ ഭൂരിഭാഗം തസ്തികകളിലും ഇതിനോടകം നിയമനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. 75 ശതമാനം തസ്തികകളിൽ നിയമനം നടത്തിയാൽ നാക്കി (NAAC)ന്റെയും എന്‍ ഐ ആര്‍ എഫിന്റെയും റാങ്കിങ്ങിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ചോദ്യത്തിനു മുഴുവന്‍ മാര്‍ക്കും ലഭിക്കും. ഇക്കാലയളവിൽ കേരളത്തിലെ സര്‍വ്വകലാശാലകളെല്ലാം ആ നേട്ടം ഉണ്ടാക്കിയിട്ടുണ്ട് എന്നത് അഭിമാനകരമാണ്. മാത്രമല്ല, അക്രഡിറ്റേഷനിൽ ഏറ്റവും കൂടുതൽ മാര്‍ക്കുള്ള ടീച്ചിംഗ്, ലേണിംഗ് ആന്‍ഡ് ഇവാലുവേഷന്‍, റിസര്‍ച്ച് ഇന്നൊവേഷന്‍ ആന്‍ഡ് എക്സ്റ്റെന്‍ഷന്‍ എന്നീ മാനദണ്ഡങ്ങളിലും മികച്ച നേട്ടമാണ് നമ്മുടെ സര്‍വകലാശാലകള്‍ ഉണ്ടാക്കിയിട്ടുള്ളത്.

മികച്ച അധ്യാപകരെ റിക്രൂട്ട് ചെയ്തതുകൊണ്ടു മാത്രമാണ് ഈ നേട്ടം കൈവരിക്കാന്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് സാധിച്ചത്. കേന്ദ്ര സര്‍വ്വകലാശാലകള്‍, ഐ ഐ ടികള്‍, ഐ ഐ എമ്മുകള്‍ എന്നിവയിൽ 11,050 ഒഴിവുകള്‍ നിലവിലുണ്ട് എന്നാണ് കഴിഞ്ഞ മാര്‍ച്ചിൽ കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റിനെ അറിയിച്ചത്. എന്നാൽ കേരളത്തിൽ അത്തരമൊരു സാഹചര്യമോ കേരളത്തിലെ സര്‍വകലാശാലകളിൽ അത്തരമൊരു പ്രതിസന്ധിയോ ഇല്ല.

കേന്ദ്ര സര്‍ക്കാരും പല സംസ്ഥാന സര്‍ക്കാരുകളും ഉന്നതവിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപത്തിൽ നിന്ന് പിന്നോട്ടുപോകുമ്പോള്‍ കേരളം അധിക നിക്ഷേപം നടത്തി ബദൽ മാതൃക സൃഷ്ടിക്കുകയാണ്. സര്‍വകലാശാലകള്‍ക്കുള്ള ഫണ്ടുകള്‍ വലിയ തോതിലാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. 2021-–22 കേരള സര്‍വകലാശാലയുടെ പ്ലാന്‍ ഫണ്ട് 26 കോടി രൂപയായിരുന്നത് 2023-–24 സാമ്പത്തിക വര്‍ഷത്തിൽ 35.2 കോടി രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റൂസ വഴി 566.97 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചിട്ടുള്ളത്. 156 പ്രൊജക്ടുകള്‍ ഇതിന്റെ ഭാഗമായി സര്‍വകലാശാലയിലും സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളിലും നടക്കുന്നുണ്ട്. ഇതിൽ 75 പദ്ധതികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.

നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനാണ് ഈ പണം വിനിയോഗിക്കുന്നത്. ഇതൊക്കെ ചെയ്യുമ്പോള്‍ തന്നെ, ഇതിനെയൊക്കെ തമസ്കരിക്കാനും അട്ടിമറിക്കാനും ഉള്ള ശ്രമങ്ങള്‍ നിരന്തരം ഉണ്ടാകുന്നു എന്നതു നാം കാണണം. അതുകൊണ്ടുതന്നെ ഈ രംഗത്ത് ഒരു കളങ്കവും ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താന്‍ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള എല്ലാവരും ശ്രദ്ധിക്കണം. എവിടെയെങ്കിലും ഒരു ചെറിയ കരട് കണ്ടാൽ അതിന്റെ പേരിൽ നേട്ടങ്ങളെയാകെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമങ്ങളുണ്ടാവും. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന ഏവരും തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 4 =

Most Popular