Tuesday, May 21, 2024

ad

Homeനിരീക്ഷണംപാറ്റ്നയിൽനിന്നുയരുന്നത് പ്രതീക്ഷയുടെ സ്വരം

പാറ്റ്നയിൽനിന്നുയരുന്നത് പ്രതീക്ഷയുടെ സ്വരം

സി പി നാരായണൻ

ക്കഴിഞ്ഞ ജൂൺ 23ന് ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ ചേർന്ന 15 പ്രതിപക്ഷ പാർട്ടികളുടെ യോഗം അടുത്ത വർഷം മെയിൽ നടക്കാനിരിക്കുന്ന ലോക്–സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താനുള്ള കൂട്ടായ തയ്യാറെടുപ്പിന്റെ തുടക്കംകുറിച്ചു. ബിജെപി 2014ലെ ലോക്–സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അത് ഭൂരിപക്ഷം നേടുമെന്ന വിലയിരുത്തൽ പൊതുവിൽ ഉണ്ടായിരുന്നില്ല. 2004ലും 2009ലും ഉണ്ടായ യുപിഎ വിജയങ്ങൾക്കും മന്ത്രിസഭാ രൂപീകരണങ്ങൾക്കുംശേഷം 2014 ആയപ്പോഴേക്ക് ആ കൂട്ടുകെട്ട് പൂർണമായി തകർന്നിരുന്നു.

അക്കാലത്ത് ഭരണനേതൃത്വം വഹിച്ചിരുന്ന കോൺഗ്രസിന്റെ ഏകപക്ഷീയവും ജനവിരുദ്ധവുമായ നിലപാടുകളായിരുന്നു 2004ൽ ബിജെപിക്കെതിരായി രൂപപ്പെട്ട ആ കൂട്ടുകെട്ടിനെ 2014ൽ തീർത്തും ഇല്ലാതാക്കിയത്. ആ തിരഞ്ഞെടുപ്പിൽ അവ പരസ്പരം മത്സരിച്ചത് ബിജെപി കേവല ഭൂരിപക്ഷം നേടാൻ ഇടയാക്കി. 2019ലും ബിജെപിയിതര പാർട്ടികൾ പൊതുവിൽ 2014ലെപ്പോലെ ഒറ്റയ്ക്കൊറ്റക്ക് മത്സരിച്ചു. അവ വേറിട്ടു മത്സരിച്ചത് ബിജെപി വീണ്ടും ജയിക്കാനും കൂടുതൽ സീറ്റു നേടാനും ഇടയാക്കി. ബിജെപിയും വർഗീയധ്രുവീകരണ തന്ത്രവും 2019ൽ ബലാക്കോട്ടിന്റെ പേരിൽ ഇളക്കിവിട്ട തീവ്രദേശീയ വികാരവും അതിനു സഹായകമായി.

കഴിഞ്ഞ ഒമ്പതു വർഷങ്ങൾക്കിടയിൽ ബിജെപി സംഘപരിവാരത്തിന്റെ നയസമീപനങ്ങൾ നടപ്പാക്കാൻ നിരന്തരം ശ്രമിച്ചുവരികയാണ്. സ്വതന്ത്ര ഇന്ത്യയുടെ സവിശേഷത, പല വ്യത്യസ്ത മതക്കാരും വർണക്കാരും ഭാഷക്കാരും ഉള്ളതിനാൽ മതനിരപേക്ഷവും ജനാധിപത്യപരവുമായ ഭരണകൂടം രൂപീകരിക്കപ്പെട്ടതും നിലനിർത്തപ്പെടുന്നതുമാണ്. അതുകൊണ്ടാണ് ഭൂരിപക്ഷ മതക്കാരോ ഏതെങ്കിലും മത – വർണ കൂട്ടുകെട്ടുകളോ മറ്റുള്ളവയുടെ മേൽ കുതിരകയറ്റം നടത്താതിരുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഏഴു പതിറ്റാണ്ടായി ഇതാണ് സ്ഥിതി. പക്ഷേ, ആ സ്ഥിതിവിശേഷത്തിൽ മാറ്റം വരുത്തുന്നതിനു ബിജെപിയെ മുന്നിൽനിർത്തി ഹിന്ദുത്വശക്തികൾ ശക്തമായ കരുനീക്കങ്ങൾ നടത്തിവരികയാണ്. 2014ൽ അതിനു തുടക്കമിട്ടു. അന്നു 31 ശതമാനം വോട്ടാണ‍് ബിജെപി നേടിയത്. 2019 ൽ അതിനു കൂടുതൽ ജനപിന്തുണ ലഭിച്ചു എന്നന്യായീകരണത്തിന്മേൽ ആ നീക്കത്തിനു ഊക്കുകൂട്ടിയിരിക്കുകയാണ് ഇപ്പോൾ അവർ. അന്ന് അവർക്ക് ലഭിച്ചത് 37.7 ശതമാനം വോട്ടാണ്. രണ്ടു തവണയും 60 ശതമാനത്തിലേറെ വോട്ടുകൾ ബിജെപിക്കെതിരായാണ് രേഖപ്പെടുത്തപ്പെട്ടത് എന്നത് ഒരു വസ്തുതയാണ്.

ജനങ്ങളിൽ മഹാഭൂരിപക്ഷമായ ഹിന്ദുക്കളെ തങ്ങളോടൊപ്പം അണിനിരത്താനാണ് ആർഎസ്എസ് ഒരു നൂറ്റാണ്ടുമുമ്പ് രൂപീകരിക്കപ്പെട്ട കാലം മുതൽ പരിശ്രമിച്ചുവരുന്നത്. ആർഎസ്എസ് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി ഒന്നും ചെയ്തിരുന്നില്ല. എന്നാൽ, സ്വാതന്ത്ര്യ സമര പ്രസ്ഥാനവും അതിനു നേതൃത്വം നൽകിയ മഹാത്മാഗാന്ധിയും കോൺഗ്രസും മതനിരപേക്ഷ ജനാധിപത്യത്തെ തങ്ങളുടെ അടിത്തറയാക്കി. 1947ൽ പാകിസ്താൻ എന്ന ഇസ്ലാമിക രാഷ്ട്രം ജിന്നയുടെ നേതൃത്വത്തിൽ മുസ്ലീംലീഗ് രൂപീകരിച്ചപ്പോൾ മഹാത്മാഗാന്ധി പറഞ്ഞത് അവശിഷ്ട ഇന്ത്യയിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്ന ഏതു വിശ്വാസിക്കും ഇവിടെ തുടരാം എന്നായിരുന്നു. അങ്ങനെയാണ് നമ്മുടെ ഭരണഘടനയുടെ അടിത്തറ മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥ ആയത്. അതാണ് ഇത്രയും കാലമായി ഇന്ത്യയും അതിന്റെ ഭരണകൂടവും നിലനിർത്തിവരുന്നതും പിന്തുടരുന്നതും.
അതിനെ തകർത്തെറിഞ്ഞ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ബിജെപിയും ഹിന്ദുത്വശക്തികളും ശ്രമിച്ചുവരുന്നത്. 2024ൽ നടക്കാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞാൽ അതിനുവേണ്ട നടപടികൾ കെെക്കൊള്ളുമെന്ന ഭീഷണി ആർഎസ്എസും പരിവാരവും മുഴക്കിക്കഴിഞ്ഞു. പ്രതിപക്ഷ കക്ഷികൾ ഇതേവരെ എന്നതുപോലെ തിരഞ്ഞെടുപ്പിൽ വേറിട്ടു മത്സരിച്ചാൽ തങ്ങളുടെ ലക്ഷ്യം നേടാനുള്ള പ്രയാസവും ഉണ്ടാകുകയില്ല എന്ന ആത്മവിശ്വാസം ബിജെപിക്കും അതിനെ പിന്താങ്ങുന്ന സംഘപരിവാരങ്ങൾക്കുമുണ്ട്. ആ കണക്കുകൂട്ടലോടെയാണ് അവ കരുക്കൾ നീക്കിവരുന്നതും. വ്യത്യസ്തമായ പശ്ചാത്തലവും പ്രവർത്തനചരിത്രവും കാഴ്ചപ്പാടുമുള്ളതിനാൽ, മതനിരപേക്ഷ ജനാധിപത്യപാർട്ടികൾ തങ്ങളെ ഒറ്റക്കെട്ടായി എതിർക്കുകയില്ല എന്ന കണക്കുകൂട്ടലാണ് ഹിന്ദുത്വശക്തികൾക്കുള്ളത്. ആ പ്രതീക്ഷയാണ് അവയുടെ പ്രേരകശക്തി.

അങ്ങനെ വന്നാൽ അത് രാജ്യത്തിനും ജനങ്ങൾക്കും അവരുടെ ഭാവിക്കും വലിയ ഭീഷണി സൃഷ്ടിക്കും എന്ന തിരിച്ചറിവ് ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യവാദികൾക്കും പാർട്ടികൾക്കും പൊതുവിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് അവയിൽപെട്ട 15 പാർട്ടികൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ക്ഷണം അനുസരിച്ചു ജൂൺ 23ന് പട്നയിൽ യോഗം ചേർന്നത്. വരുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി മത്സരിക്കണമെന്ന് അവ പൊതുവിൽ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ടിഎംസി, ജെഡിയു, ആർജെഡി, സമാജ്-വാദി പാർട്ടി, എഎപി, നാഷണൽ കോൺഫറൻസ്, സിപിഐ എം, സിപിഐ, സിപിഐ (എംഎൽ) കോൺഗ്രസ്, പിഡിപി, ഝാർഖണ്ഡ് മുക്തി മോർച്ച, ശിവസേന, എൻസിപി, ഡിഎംകെ, എന്നീ 15 പാർട്ടികൾ ഈ യോഗത്തിൽ പങ്കെടുത്തു.

ബിജെപി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ അവർ ജനാധിപത്യപരമായ വഴക്കങ്ങൾക്കും മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി പലതും ചെയ്യാൻ ഇടയുണ്ട് എന്ന സൂചന ഇതിനകം വന്നുകഴിഞ്ഞു. അത് രാജ്യത്തിനും രാജ്യത്തെ ജനാധിപത്യവ്യവസ്ഥയ്ക്കും കീഴ്-വഴക്കങ്ങൾക്കും മാനദണ്ഡങ്ങൾക്കും എതിരായി ആ പാർട്ടിയും അതിന്റെ സർക്കാരും പ്രവർത്തിക്കാൻ വഴി തെളിക്കും എന്ന ആശങ്ക മറ്റു പല പാർട്ടികൾക്കുമുണ്ട്. അതിനാൽ അത്തരം വിപത്ത് രാജ്യത്തിനും ജനങ്ങൾക്കും സംഭവിക്കാതിരിക്കാൻ തങ്ങൾ ഏകോപിച്ചു പ്രവർത്തിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് പ്രതിപക്ഷ പാർട്ടികൾക്ക് പൊതുവിൽ ഉണ്ടായിട്ടുണ്ട്. അതിനായി യോജിച്ച് നീങ്ങണമെങ്കിൽ ആ പാർട്ടികൾ മുമ്പ് തങ്ങൾ തമ്മിൽ നിലനിന്ന എതിർപ്പുകളും വിയോജിപ്പുകളും വ്യത്യസ്ത താൽപ്പര്യങ്ങളും വലിയ അളവോളം മാറ്റിവച്ച് പൊതുകാഴ്ചപ്പാടോടെ യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട്.

അത് അത്ര എളുപ്പമല്ല. 56 വർഷങ്ങൾക്കുമുമ്പാണ് ഇന്ത്യയിൽ ആദ്യമായി അത്തരം ഒരു മുന്നണി ഒരു സംസ്ഥാനത്ത് ഉണ്ടായത്. അത് കേരളത്തിൽ ആയിരുന്നു. കോൺഗ്രസ്സിന്റെ അധികാരക്കുത്തകയും അത് ജനങ്ങൾക്ക് ഭരണത്തിലൂടെ ചെയ്തുപോന്ന ദ്രോഹങ്ങളും അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അന്ന് സപ്തകക്ഷി മുന്നണി രൂപീകരിക്കപ്പെട്ടത്. മൂന്നു വർഷത്തോളം എടുത്തു അത് വ്യക്തമായി രൂപപ്പെടാൻ. അങ്ങനെ കോൺഗ്രസ് വിരുദ്ധവോട്ടെല്ലാം ഒന്നിച്ചുചേർന്നപ്പോൾ കോൺഗ്രസ്സിനുണ്ടായ പരാജയം ഭീമമായിരുന്നു. അന്നത്തെ കേരള നിയമസഭയിലെ 133 സീറ്റിൽ 9 എണ്ണം മാത്രമാണ് 1967ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത്.

ബിജെപിക്ക് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 37.7 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. 303 സീറ്റും ലഭിച്ചു. മറ്റു പാർട്ടികളുടെ ഭിന്നിപ്പിച്ചുകൊണ്ടാണ് ഇത്രയും സീറ്റ് ബിജെപിക്ക് ലഭിച്ചത്. അന്നു ബിജെപിയുടെ എൻഡിഎ മുന്നണിക്ക് 353 സീറ്റും യുപിഎക്ക് 98 സീറ്റും ലഭിക്കാൻ കാരണം. ബിജെപി ഇതരവോട്ടുകൾ ഒന്നിച്ചിരുന്നെങ്കിൽ ബിജെപിയുടെ സീറ്റ് ഏതാണ്ട് 100 ആയി കുറയുമായിരുന്നു. 15 പാർട്ടികൾ യോജിച്ചു മത്സരിച്ചാൽ ബിജെപിക്ക് ലഭിക്കുന്ന സീറ്റ് വളരെ കുറയുമായിരുന്നു. ഇത്തവണ പ്രതിപക്ഷ പാർട്ടികൾ മുന്നണിയായി മത്സരിക്കാൻ തീരുമാനിച്ചതിനു പ്രധാന കാരണം ഇതാണ്.

അങ്ങനെ വിവിധ ബിജെപി ഇതരപാർട്ടി സ്ഥാനാർഥികൾക്ക് ലഭിക്കുന്ന വോട്ടുകൾ പൊതുമണ്ഡലത്തിലെയും ഓരോ സ്ഥാനാർഥിക്ക് ലഭിക്കണമെങ്കിൽ ആ പാർട്ടികളുടെ തിരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാകണം. അതിന് ആധാരമായി നയപരവും പ്രായോഗികവുമായ യോജിപ്പ് ആ പാർട്ടികൾ തമ്മിൽ ഉണ്ടാകണം. അവയ്ക്കു മണ്ഡലങ്ങൾ തമ്മിൽത്തമ്മിൽ പങ്കുവയ്ക്കാൻ കഴിയണം. അങ്ങനെ ഓരോ പാർട്ടിക്കും ലഭിക്കുന്ന സീറ്റുകളിൽ അതിന്റെ സ്ഥാനാർഥി മത്സരിക്കുമ്പോൾ അയാളുടെ വിജയത്തിനായി ആ മുന്നണിയിലെ ഘടകകക്ഷി പ്രവർത്തകർ യോജിച്ച് പ്രവർത്തിക്കുന്ന സ്ഥിതി ഉണ്ടാകണം. അതേവരെ വേറിട്ടുനിന്നു പ്രവർത്തിച്ച അനുഭവമുള്ള വിവിധ പാർട്ടി പ്രവർത്തകർ തമ്മിൽ എല്ലാ തരത്തിലുമുള്ള പ്രവർത്തനഐക്യം തിരഞ്ഞെടുപ്പു രംഗത്ത് ഊട്ടി ഉണ്ടാക്കണം. ഇതേവരെ പരസ്പരം എതിർത്തോ സമാന്തരമായി പ്രവർത്തിച്ചോ പരിചയമുള്ള വിവിധ പാർട്ടി പ്രവർത്തകൾ തമ്മിൽ പ്രവർത്തനഐക്യം ഉണ്ടാകുമ്പോൾ അതിന്റെ നേട്ടം പല ഇരട്ടിയായിരിക്കും. അത് രൂപപ്പെടുത്തുന്നതിന്റെ ആദ്യ പടിയാണ് ആ പാർട്ടി നേതൃത്വങ്ങൾ തിരഞ്ഞെടുപ്പിൽ യോജിച്ചു പ്രവർത്തിക്കാനുള്ള തീരുമാനം, അതിന്റെ അടിസ്ഥാനത്തിൽ അവയുടെ പ്രവർത്തകർ തമ്മിൽ അടിത്തട്ടിൽ രൂപപ്പെടുത്തേണ്ട പ്രവർത്തനഐക്യം.

പാറ്റ്നയിൽ ഉണ്ടായത് അതു സംബന്ധിച്ച പ്രാരംഭ ചർച്ചയാണ്. അതിന്റെ അടുത്തഘട്ടം ജൂലെെ രണ്ടാം വാരം സിംലയിൽ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനത്തിൽ ആയിരിക്കും. യോജിച്ചു പ്രവർത്തിക്കാനുള്ള മിനിമം പരിപാടി, വിവിധ സംസ്ഥാനങ്ങളിൽ വിവിധ പാർട്ടികൾ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണവും അവ ഏതേതെന്ന തീരുമാനവും തുടങ്ങി നിരവധി കാര്യങ്ങളിൽ ഈ കക്ഷികൾ തമ്മിൽ വ്യക്തമായ ധാരണ ഉണ്ടാക്കുന്നതിനുള്ള ചർച്ച ഇതോടെ ആരംഭിക്കും എന്നു പ്രതീക്ഷിക്കാം. ഇത് അത്ര എളുപ്പമാകണമെന്നില്ല. ഓരോ സംസ്ഥാനത്തും ഇന്നു നിലനിൽക്കുന്ന യാഥാർഥ്യങ്ങളുണ്ട്.

ഇന്നലെവരെ ഇങ്ങനെ ഏറ്റുമുട്ടിയിരുന്നവർ പുതിയ രാഷ്ട്രീയപരിതഃസ്ഥിതി തിരിച്ചറിഞ്ഞ് എതിർപ്പു വെടിഞ്ഞ് പൊതുലക്ഷ്യം നേടാൻ യോജിപ്പിലെത്തുന്നതിനെ അവസരവാദം എന്നു ചിലർ വിശേഷിപ്പിച്ചേക്കാം. പക്ഷേ, ജനങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയെ കരുതി അവ ഉണ്ടാക്കുന്ന പുതിയ കൂട്ടുകെട്ട് ഉന്നതമായും രാഷ്ട്രീയ സാമൂഹ്യപ്രതിബദ്ധതയാണ്. ഇന്നുനിലനിൽക്കുന്ന യാഥാർഥ്യത്തെ ഇന്നലെവരെയുള്ള പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ നിഷേധിക്കാനാവില്ല. പുതിയ സ്ഥിതി വിശേഷത്തിനനുസൃതമായി പുതിയ നിലപാടുകൾ കെെക്കൊള്ളേണ്ടിവരും എന്നത് ചരിത്രത്തിന്റെ അനിവാര്യതയാണ്. അതിനുവേണ്ടി ബിജെപിക്കെതിരായ കൂട്ടുകെട്ടിൽ പങ്കാളികളാകുന്ന ഓരോ പാർട്ടിയും ഇതുവരെയുള്ള അതിന്റെ സമീപനത്തിലും നിലപാടുകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടിവരും. അതത് പാർട്ടിയുടെ നേതൃത്വങ്ങളും അണികളും അതിനാവശ്യമായ ഉൾപ്പാർട്ടി ചർച്ച നടത്തി ജനാധിപത്യപരമായ തീരുമാനം കെെക്കൊള്ളേണ്ടി വരും. ജനാധിപത്യപരമായ പ്രക്രിയയിലൂടെ മാത്രമേ ഇത് ഫലപ്രദമായി പൂർത്തിയാക്കാൻ കഴിയൂ. രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവി സുരക്ഷിതമാക്കുന്നതിനാണ് ഇവിടെ പ്രഥമ പരിഗണന.

സാധാരണഗതിയിൽ ഈ കൂട്ടുകെട്ടിലേക്ക് വരേണ്ട പാർട്ടികളാണ് തെലങ്കാനയിലെ ഭാരതീയ രാഷ്ട്രസമിതി (ബിആർഎസ്), ആന്ധ്ര പ്രദേശിലെ വെെഎസ്ആർ കോൺഗ്രസ്, ഒഡീഷയിലെ ബിജൂ ജനതാദൾ മുതലായ പാർട്ടികൾ. ഇവ ദേശീയതലത്തിലുള്ള രണ്ടു ചേരികളിലും ചേരാതെ സ്വന്തം നേതൃത്വതാൽപര്യവും സ്വന്തം സംസ്ഥാനത്തിന്റെ കാര്യങ്ങളും മാത്രം നോക്കിനിൽക്കുന്നവരാൽ നയിക്കപ്പെടുന്ന പാർട്ടികളാണ്. അവരും ഈ ഐക്യത്തിലേക്ക് വരേണ്ടതാണ്.

പാറ്റ്നയിൽ 15 പാർട്ടികൾ യോഗം ചേർന്ന് വരുന്ന ലോക്–സഭാ തിരഞ്ഞെടുപ്പിൽ ഒരേ പരിപാടിയുടെ അടിസ്ഥാനത്തിൽ മത്സരിക്കാനുള്ള പ്രാഥമിക തീരുമാനത്തിൽ എത്തിയത് ഇന്ത്യൻ രാഷ്രടീയത്തിൽ വലിയ മാറ്റങ്ങൾക്കുള്ള വാതിൽ തുറന്നിരിക്കുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനം നമുക്ക് കെെമാറിത്തന്ന പെെതൃകത്തെ തകർക്കാൻ ബിജെപിയെ അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് അത്. ആ കൂട്ടുകെട്ടിന്റെ രൂപീകരണം സിംലയിൽ അടുത്ത മാസം നടക്കുന്ന യോഗത്തോടെ ഊർജിതമാകുന്നപക്ഷം ആർഎസ്എസ് – ബിജെപി ഉയർത്തുന്ന ഹിന്ദുത്വ ഭീഷണിക്ക് അത് വലിയ വെല്ലുവിളി ഉയർത്തുക മാത്രമല്ല, ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമാറ് അത് വളരുകയും ചെയ്യും. മതനിരപേക്ഷ കക്ഷികളുടെയും ആ ചിന്താഗതിയുള്ള ജനങ്ങളുടെയും കൂട്ടായ്മ വളർന്നുവരാനും ഹിന്ദുത്വ ഭീഷണി ഉയർത്തുന്ന വിപത്തിനെ പിന്നോട്ടടിപ്പിക്കാനും ഇതിടയാക്കും.

അരനൂറ്റാണ്ടുമുമ്പ് കോൺഗ്രസിന്റെ അധികാരക്കുത്തകയും അതുയർത്തിയ സേ–്വച്ഛാധികാര ഭീഷണിയും അവസാനിപ്പിക്കാനായിരുന്നു ജനതാപാർട്ടി എന്ന നിലയിൽ വിപുലമായ രാഷ്രടീയ മുന്നണി ദേശീയതലത്തിൽ രൂപംകൊണ്ടത്. ജനാധിപത്യവും മതനിരപേക്ഷതയും നേരിടുന്ന പുതിയ വെല്ലുവിളിയെ ചെറുക്കുന്നതിന് ഇടതുപക്ഷ – ജനാധിപത്യ പാർട്ടികളും വ്യക്തികളും ശക്തമായ കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് തന്നെയാണ് വ്യക്തമായിരിക്കുന്നത്.

അങ്ങനെയൊന്നു രാഷ്ട്രീയ മണ്ഡലത്തിൽ രൂപംകൊള്ളുന്നത് സംഘപരിവാരത്തെയും അതിനെ പിന്താങ്ങുന്നവരെയും ശരിക്കും സംഭ്രമിപ്പിച്ചിരിക്കുന്നു. അതിന്റെ തെളിവാണ് പല ദേശീയ മാധ്യമങ്ങളിൽ ലേഖനങ്ങളായും മുഖപ്രസംഗങ്ങളായും ഇതിനകം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. സംഘപരിവാരം രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ഇതിനകം ഇളക്കിവിട്ട അക്രമങ്ങളും അഴിമതികളും മറ്റും ജനസാമാന്യത്തെ ആശങ്കാകുലരും രോഷാകുലരും ആക്കിയിട്ടുണ്ട്. അതിനെതിരെ ജനങ്ങൾ പ്രതികരിക്കാനും തുടങ്ങി. ഹിമാചൽ പ്രദേശിലും കർണാടകയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ നൽകുന്ന സംശയരഹിതമായ സൂചന അതാണ്. മണിപ്പൂരിൽ രണ്ടുമാസത്തോളമായി ബിജെപി നയിക്കുന്ന സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന, പൊലീസിന്റെ ആയുധങ്ങൾപോലും തട്ടിപ്പറിച്ചുകൊണ്ട് ജനവിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലും നരനായാട്ടും സംഘപരിവാർ വാഴ്ചയുടെ സൃഷടിയാണ്. അതിനെ നിയന്ത്രിക്കാനോ അതിനെതിരെ ഒരക്ഷരം പോലും ഉരിയാടാനോ ‘വിശ്വഗുരു’ എന്നവകാശപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി മോദി മുതിരുന്നില്ല. ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും പരാജയമാണത് കാണിക്കുന്നത്.

അമേരിക്കയുടെ പ്രസിഡന്റ് ബെെഡന്റെ സർട്ടിഫിക്കറ്റ് ഉയർത്തിക്കാട്ടിയതുകൊണ്ട് മോദി സർക്കാരിന്റെ കനത്ത പരാജയത്തെ മൂടിവെക്കാനാവില്ല. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെക്കുറിച്ച് നട്ടാൽ കിളിർക്കാത്ത കള്ളങ്ങൾ മോദി വിളിച്ചു പറഞ്ഞതുകൊണ്ടൊന്നും അദ്ദേഹം നയിക്കുന്ന കേന്ദ്ര ഭരണത്തിന്റെ സമ്പൂർണ പരാജയത്തെ മൂടിവെക്കാനാവില്ല. വീരശൂര പരാക്രമം നടിക്കുന്ന മോദി സർക്കാർ പ്രതിപക്ഷ ഐക്യം കിളിർത്തുവരുന്നതുകണ്ട് ഭയപ്പെട്ടു വിറകൊള്ളാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഇതെല്ലാം. ജനങ്ങളുടെ ക്ഷേമമല്ല അതിന്റെ ലക്ഷ്യം; കുത്തകകളുടെ തൃപ്തിയും വളർച്ചയുമാണ്.

അതുകൊണ്ടാണ് 15 പാർട്ടികളുടെ ഐക്യ ആഹ്വാനം വന്നപ്പോൾ ബിജെപി നേതൃത്വം വിരളുന്നത്. ബഹുജനഐക്യത്തെ അതിനു ഭയമാണ്. സാമ്രാജ്യത്വത്തിന്റെയും കുത്തക മുതലാളിത്തത്തിന്റെയും വർഗീയതയുടെയും സംരക്ഷണയിലാണ് ബിജെപിയും മോദി സർക്കാരും ഇപ്പോൾ നിലനിൽക്കുന്നതും വളരുന്നതും. ബഹുജനങ്ങളുടെ വിശാല ഐക്യത്തിനു മാത്രമേ ഈ ജനവിരുദ്ധ കൂട്ടുകെട്ടിനെയും അതിന്റെ സർക്കാരിനെയും പരാജയപ്പെടുത്താൻ കഴിയൂ. 15 പാർട്ടികൾ അതിനു നൽകിയ ആഹ്വാനം സന്ദർഭോചിതമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + 5 =

Most Popular