മോദിയുടെ മധ്യപ്രദേശ് പ്രസംഗം പൊടിപൊടിച്ച ദിവസം. 2024ലെ സംഘപരിവാർ അജൻഡ വെളിപ്പെടുത്തിയ ദിവസം. ഏതു മാധ്യമത്തിന്റെയും മുഖ്യചർച്ചാ വിഷയം അതാകേണ്ടതാണ്. കാരണം സംഘപരിവാറിന്റെ വിഭാഗീയ അജൻഡ കൃത്യമായി വെളിപ്പെടുത്തുന്ന, ആരൊക്കെയാണ് തങ്ങളുടെ ശത്രുക്കൾ എന്ന സങ്കൽപ്പനം വ്യക്തമാക്കുന്നതാണ് മോദിയുടെ ആ പ്രസംഗം. ഇന്ത്യയെ മതരാഷ്ട്രമാക്കുകയെന്ന തങ്ങളുടെ അജൻഡ തന്നെയായിരിക്കും മൂടുപടം ഇട്ട് ബിജെപി 2024ൽ അവതരിപ്പിക്കുകയെന്ന് വ്യക്തമാക്കുന്നു മോദി. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് ആഭ്യന്തര ശത്രുക്കളെന്ന് മോദി പറഞ്ഞുവയ്ക്കുന്നു.
എന്നാൽ മുഖ്യധാരയിലെ രണ്ടു മാധ്യമങ്ങൾ 8 മണി ചർച്ചയിൽ ഇതിൽനിന്ന് പുറംതിരിഞ്ഞ് കെെതോലപ്പായയുടെ കഥപറയുകയാണ‍് – മനോരമയും 24 ന്യൂസും! 9 മണിക്ക് പ്രൈംടെെം ചർച്ച നടത്താറുള്ള ജമാ അത്തെ ചാനൽ (മീഡിയ വൺ) മോദിപ്രസംഗമാകും ചർച്ചയ‍്ക്കെടുക്കുകയെന്ന് കരുതി അതിലേക്ക് തിരിഞ്ഞപ്പോൾ അവിടെയും കെെതോലപ്പായ കടിച്ചുവലിച്ച് ഇന്നോവയിൽ പായുകതന്നെയാണ്. മോദിയും ഏക സിവിൽ കോഡും ചർച്ച ചെയ്യുന്നത് പിന്നെ ആകാമല്ലോ. ഇപ്പം പിണറായി വധം ആട്ടക്കഥ ആടുക തന്നെ.
26ന് ഒരു പഴയകാല മാധ്യമപ്രവർത്തകൻ തന്റെ മുഖപുസ്തകത്തിൽ കുറിച്ചിട്ട ഒരു വെടക്ക് സാധനം 27ന്റെ മനോരമയുടെ (മറ്റേതെങ്കിലും പത്രത്തിലുണ്ടായിരുന്നോയെന്ന് ഉറപ്പില്ല) നേർക്കാഴ്ചയിലും (പേജ് 7) അവരുടെ ഓൺലെെനിലും ഇങ്ങനെ പൊതിഞ്ഞിട്ടിരുന്നു. സംഗതി ഇങ്ങനെ: ‘‘പായയിൽ പൊതിഞ്ഞ് 2 കോടി: സിപിഎം നേതാവിനെതിരെ ജി ശക്തിധരൻ. കേസെടുക്കണമെന്ന് ബെന്നി ബഹനാൻ. 27ന് പകൽതന്നെ ഏഷ്യാനെറ്റ് അതേൽപിടിച്ച് സർവമാന സിപിഐ എം വിരുദ്ധ കോതണ്ഡ രാമന്മാരെയും അണിനിരത്തി ചർച്ചയും തകർത്തിരുന്നു. വെെകാൻ പാടില്ലല്ലോ. കാരണം അവർക്കെല്ലാമറിയാം ഈ കഥയുടെ ആയുസ് പഴയ ‘ബിരിയാണി ചെമ്പി’ന്റെയും ‘ഇൗന്തപ്പഴക്കുരുവി’ന്റെയും ‘ഖുറാന്റെ’യും അത്രപോലും ഉണ്ടാവില്ലെന്ന്.
അത് പ്രതിപക്ഷം, അതായത് സുധാകര സതീശദ്വന്ദ്വം ഏറ്റുപിടിച്ചതിനെ 28ന് മനോരമ, മാതൃഭൂമി, മാധ്യമം എന്നിവ ഏറ്റെടുത്തു. മാധ്യമം ഒന്നാം പേജിൽ ടോപ് ഐറ്റമാക്കിയിട്ടുണ്ട്. അതിങ്ങനെ: ‘‘പുതിയ വെളിപ്പെടുത്തലിൽ പിണറായിക്കെതിരെ പ്രതിപക്ഷ ചാട്ടുളി. ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് മുഖ്യമന്ത്രി അനേ-്വഷണം നേരിടണം– പ്രതിപക്ഷം’’. മനോരമ ഇങ്ങനെ 9–ാം പേജിൽ പറയുന്നു: ‘‘കെെതോലപ്പായയിലെ പണവും ഭൂ ഇടപാടും നീറിപ്പടരുന്നു. അനേ-്വഷിക്കണമെന്ന‍് പ്രതിപക്ഷം, പ്രതികരിക്കാതെ സിപിഎം’’. മാതൃഭൂമി 7–ാംപേജിൽ, ‘‘കെെതോലപ്പായയിലെ പണം കടത്തും 1500 ഏക്കർ സ്വത്തും. മുഖ്യമന്ത്രിക്കെതിരായ ആരോപണം അനേ-്വഷിക്കണം –സതീശൻ! 29–ാം തീയതി 24 ന്യൂസിൽ വീണ്ടും വിഷയം ആവർത്തിക്കുന്നു, ശ്രീകണ്ഠൻനായർ. അമ്പമ്പോ തൊലിക്കട്ടി അപാരംതന്നെ!
വലതുമാധ്യമങ്ങളുടെയും വലതുരാഷ്ട്രീയത്തിന്റെയും ഒരു പതിവുശെെലിയാണിത്. ആദ്യം ഏതെങ്കിലും കൂതറ മഞ്ഞ പ്രസിദ്ധീകരണത്തിൽ എന്തെങ്കിലും ഊളത്തരം എറിഞ്ഞിടുക, എന്നിട്ടത് ഏറ്റെടുക്കുക. ജനകീയാസൂത്രണവിരുദ്ധ കൊട്ടിഘോഷത്തിന്റെ കാലംമുതൽ കണ്ടുവരുന്ന ശെെലിയാണിത്. ഇപ്പോഴത് മുഖപുസ്തക പോസ്റ്റായെന്ന വ്യത്യാസമേയുള്ളൂ. മഞ്ഞ പത്രത്തെ വെല്ലുന്ന ശെെലിയിലാണ് പോസ്റ്റും!
അപ്പോൾ ആ പോസ്റ്റ് ഏതെന്ന് നോക്കാം. ഒരു ദിവസം അതിയാൻ തന്റെ മുഖപുസ്തകത്തിൽ കുമ്പക്കുടി സുധാകർ ജിയുടെ ഒരു ഉശിരൻ പടത്തോടുകൂടി ഒരു പോസ്റ്റിടുന്നു. അതിയാന് ആകപ്പാടെ സമനില തെറ്റീരിക്കുന്നുവെന്ന് ആ പോസ്റ്റിൽതന്നെ വെളിവാകുന്നു. കഴിഞ്ഞ നിരവധി വർഷങ്ങളായി മഞ്ഞപ്പത്രങ്ങളിലൂടെയും സ്വന്തം വിപ്ലവ ജിഹ്വയിലൂടെയും സിപിഐ എമ്മിനും പിണറായിക്കുമെതിരെ നിരന്തരം നടത്തിക്കൊണ്ടിരുന്ന നുണപ്രചരണം കടുപ്പിക്കാൻ പോവുകയാണെന്നാണ് ഒടുവിൽ പറഞ്ഞുവയ്ക്കുന്നത്. ‘‘പണിതുടങ്ങുകയാണ’’ത്രേ; പക്ഷേ, തുടക്കംതന്നെ തെറിവിളിയാണ്. ഒരിക്കൽ വിഷ വൃക്ഷത്തിന്റെ അടിവേര് തേടിപ്പോയ വിദ്വാൻ ഇപ്പോൾ അതിലെ വിഷക്കായ കഴിച്ച അവസ്ഥയിലാണെന്ന് തോന്നുന്നു.
നോക്കൂ, ആദ്യദിനത്തിലെ ആ പോസ്റ്റിലെ ചില ജല്പനങ്ങൾ. ‘‘എന്താണ് ഉമ്മൻചാണ്ടിയോട് ചെയ്തത്? ഒരു ചെകുത്താനെ ന്യായാധിപന്റെ വേഷമിടീച്ചു ഖജനാവിൽ നിന്നു അഞ്ചു കോടി രൂപ കൊടുത്ത് അപഖ്യാതി എഴുതിച്ചുവത്രെ!…ഉമ്മൻചാണ്ടിയെപോലെ ഒരു മനുഷ്യനെ പെണ്ണുപിടിയനായി ചിത്രീകരിച്ചു’’ ഇതിയാൻ ഈ നാട്ടിലൊന്നും ഇല്ലായിരുന്നോന്നാണ് സംശയം. കാരണം ഉമ്മൻചാണ്ടിയെ അങ്ങനെയൊക്കെ ചിത്രീകരിച്ച ‘ന്യായാധിപവേഷം കെട്ടിയ ചെകുത്താനെ’ ആ ജോലി ഏൽപ്പിച്ച് 5 കോടി രൂപയും കെെയിൽ വെച്ചുകൊടുത്തത് ആരാണ് ഹേ! മഹാനായ ചാണ്ടി തന്നെയല്ലയോ? തങ്ങളുടെ ഇംഗിതാനുസരണം റിപ്പോർട്ടു പടച്ചുതരാൻ പറ്റിയ ആളെന്ന നിലയിൽ ആ ജഡ്-ജിയെ നിയമിച്ചത് ചാണ്ടി മന്ത്രിസഭ തന്നെയല്ലേ! അപ്പോൾ കോൺഗ്രസ്സിലെ ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുമാകണമല്ലോ ഉമ്മൻചാണ്ടിയെ കെണിയിൽപെടുത്തിയത്.
അതവിടെ നിൽക്കട്ടെ. ആ പോസ്റ്റിനു ശേഷം രണ്ടാം ദിവസം, അതായത് സുധാകര സ‍്തുതിക്കുപിന്നാലെ വരുന്നു കെെതോലപ്പായയും 2 കോടി 35000വും! മനോരമയിൽതന്നെ ഒന്നു നോക്കാം. ‘‘സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ പതിവായി വിമർശനമുന്നയിക്കുന്ന ശക്തിധരൻ ഫെയ്സ്ബുക്കിലൂടെ തന്നെയാണ് സാമ്പത്തിക ആരോപണവും ഉന്നയിക്കുന്നത്.’’ അപ്പോൾ പതിവായി നടത്തി വരാറുള്ള കലാപരിപാടിയൊന്നും ഏൽക്കുന്നില്ലെന്നുകണ്ട് എട്ടരക്കട്ടയിൽതന്നെ ഇപ്പം തട്ടീരിക്കയാണത്രെ! എങ്ങനേം സുധാകരനെ ഒന്നു രക്ഷിച്ചെടുക്കാനുള്ള അച്ചാരം വാങ്ങിപ്പോയില്ലേ! എന്താ അതിയാൻ പോസ്റ്റിയിരിക്കുന്നത്? മനോരമ അതിങ്ങനെ പറയുന്നു: ‘‘കലൂരിലെ ദേശാഭിമാനി ഓഫീസിൽ രണ്ട് ദിവസം തങ്ങിയപ്പോൾ ചില വൻതോക്കുകൾ നേതാവിനെ സന്ദർശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാൻ ഞാൻ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 രൂപവരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി 2 കെെതോലപ്പായ ഞാനും സഹപ്രവർത്തകനും ഓടിപോയി വാങ്ങിക്കൊണ്ടുവന്നു. ഇന്നോവ കാറിന്റെ ഡിക്കിയിൽ അത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരംഗവും ഈ കാറിൽ ഉണ്ടായിരുന്നു.’’
ഇതിൽനിന്ന് രണ്ടുകാര്യം വ്യക്തമാണ്. ഒന്ന് കൊച്ചിയിൽ കലൂരിലാണ് സംഭവം നടന്നത്. അത് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത് ഇന്നോവ കാറിലാണ്. അപ്പോൾ പോസ്റ്റിട്ടയാൾ അന്ന് ജോലി ചെയ്തിരുന്നത് കൊച്ചിയിലായിരിക്കണം. രണ്ട് അക്കാലത്ത് ഇന്നോവ വിപണിയിൽ എത്തിയിരിക്കണം. എഫ്ബി പോസ്റ്റ് വാർത്തയാക്കുകയും ചർച്ചിക്കുകയും ചെയ്ത മാധ്യമവിദ്വാന്മാർ ഈ രണ്ട് കാര്യങ്ങളും ക്രോസ് ചെക്ക് ചെയ്തിരുന്നെങ്കിൽ ഇത്തരമൊരു സാധനം പത്രത്തിലോ ചാനലിലോ വരുമായിരുന്നില്ല. കാരണം ഈ പോസ്റ്റിട്ടയാൾ 2002ലോ 2003ലോ കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിവന്നിരുന്നു. അപ്പോൾ അതിയാന് പത്രത്തിന്റെ കൊച്ചി ഓഫീസിൽ മുറി ഉണ്ടാവില്ല. ആ സ്ഥിതിക്ക് പറയുന്നതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് 2003നു മുൻപായിരിക്കണമല്ലോ. എന്നാൽ ഇന്നോവ ഇന്ത്യൻ വിപണിയിൽ എത്തുന്നത് 2005 ഫെബ്രുവരി–മാർച്ച് കാലത്താണ്. അപ്പോൾ അതും പൊരുത്തപ്പെടുന്നില്ല. ചെറിയൊരു അനേ-്വഷണം നടത്തിയാൽതന്നെ പൊളിയുന്ന പെരുംനുണയാണിത്.
എന്നാൽ സുധാകരൻ കേസിലെ മൊഴിയെക്കുറിച്ച് ക്രോസ്ചെക്ക് ചെയ്യാൻ വ്യഗ്രത കാണിച്ച അതേ മാധ്യമപുലികൾ സിപിഐ എമ്മിനെതിരെയാണെങ്കിൽ ഒരു ചെക്കിങ്ങും കൂടാതെ എന്തു പെരുംനുണയും അച്ചടിച്ചു വിടും, ചാനലുകളിൽ കെട്ടുകാഴ്ചയായി അവതരിപ്പിക്കും. എന്തു മാധ്യമ മര്യാദയാണപ്പനേ ഇത്! സമനില തെറ്റിയ ഏതെങ്കിലുമൊരാൾ പെരുവഴിയിൽനിന്ന് ഉടുമുണ്ടുരിഞ്ഞ് തലയിൽകെട്ടി വിളിച്ചുകൂവുന്ന അശ്ലീലങ്ങൾ ഏറ്റെടുക്കുന്നതാണോ ഹേ മാധ്യമപ്രവർത്തനം. യുഡിഎഫിനും ബിജെപിക്കും അതല്ലാതെ മറ്റൊന്നും കരണീയമായിട്ടില്ല. എന്നാൽ മാധ്യമങ്ങൾ അതിലും തരംതാണിരിക്കുകയാണ്. നുണയും തെറിയഭിഷേകവും ഏറ്റുപിടിക്കുകയല്ലാതെ വലതുപക്ഷത്തിനു –മാധ്യമങ്ങൾക്കും കക്ഷികൾക്കും –മറ്റു ഗതിയില്ലാതായി എന്നാണ് ഇത് കാണിക്കുന്നത്. ♦