Monday, November 25, 2024

ad

Homeകവര്‍സ്റ്റോറിമോദി ഭരണം - തൊഴിലാളി വര്‍ഗത്തെ അടിമകളാക്കുന്നു

മോദി ഭരണം – തൊഴിലാളി വര്‍ഗത്തെ അടിമകളാക്കുന്നു

എളമരം കരീം

2014 മുതലുള്ള മോദി സര്‍ക്കാര്‍ കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങളാണ് നടപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിലോ, സര്‍ക്കാര്‍ രേഖകളിലോ”തൊഴിലാളി ക്ഷേമം’ എന്നൊരു വാക്കില്ല. വ്യവസായ നിക്ഷേപം വര്‍ദ്ധികപ്പിക്കുന്നതിനും നിക്ഷേപസൗഹൃദാന്തരീക്ഷം വികസിപ്പിക്കുന്നതിനും തൊഴിലാളികള്‍ തടസ്സമാണെന്നാണ് മോഡിസര്‍ക്കാരിന്റെ കാഴ്ചപ്പാട്. കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ കാലത്ത്, അടിയന്തരാവസ്ഥയിലാണ് തൊഴിലാളികളോട് “നാവടക്കൂ-… പണിയെടുക്കൂ…’ എന്ന് ഇന്ദിരാഗാന്ധി കല്പിച്ചത്. തൊഴിലാളികളുടെ ബോണസ് വെട്ടിക്കുറച്ചതും അക്കാലത്തായിരുന്നു.

ഭരണഘടനയും തൊഴിൽനിയമങ്ങളും
1991 മുതല്‍ രാജ്യത്താരംഭിച്ച ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങളാണ് പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും, തൊഴിലാളി വിരുദ്ധ നയങ്ങളും ശക്തിപ്പെടുത്തിയത്- ഇന്ത്യന്‍ ഭരണഘടനയിലെ മാര്‍ഗനിര്‍ദ്ദേശകതത്വങ്ങളുടെ ലംഘനമായിരുന്നു ഈ നയങ്ങള്‍. ഭരണഘടനയുടെ പാര്‍ട് IV; വകുപ്പ് 39 പറയുന്നത് ഇപ്രകാരമാണ്-:

രാഷ്ട്രം അനുവര്‍ത്തിക്കേണ്ട ചില തത്വങ്ങള്‍ –
a) പൗരര്‍ക്ക്, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ മതിയായ ഉപജീവന ഉപായങ്ങള്‍ക്ക് അവകാശം ഉണ്ടായിരിക്കുക.
b) സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മയ്ക്ക് ഏറ്റവും ഉതകുന്ന വിധത്തില്‍ വിതരണം ചെയ്യുക.
c) സാമ്പത്തിക വ്യവസ്ഥയുടെ പ്രവര്‍ത്തനം പൊതുഹാനിക്കിടയാകത്തക്കവണ്ണം സ്വത്തിന്റെയും, ഉല്‍പാദന ഉപാധികളുടെയും കേന്ദ്രീകരണം ഉണ്ടാകാതിരിക്കുക.
d) തുല്യജോലിക്ക് പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും തുല്യമായ വേതനം ഉണ്ടായിരിക്കുക.
e) തൊഴിലാളികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യവും ശക്തിയും കുട്ടികളുടെ ഇളം പ്രായവും ദുര്‍വിനിയോഗപ്പെടാതിരിക്കുകയും, പ്രായത്തിനോ ശക്തിക്കോ അനുയോജ്യമല്ലാത്ത പണികളില്‍ പ്രവേശിക്കുവാന്‍ നിര്‍ബന്ധിക്കാതിരിക്കുകയും ചെയ്യുക’.

വകുപ്പ് 43: രാഷ്ട്രം അനുയോജ്യമായ നിയമനിര്‍മാണം വഴിയോ സാമ്പത്തിക സംവിധാനം വഴിയോ, മറ്റേതെങ്കിലും വിധത്തിലോ, കര്‍ഷക തൊഴിലാളികളോ, മറ്റ് തരത്തിലുള്ള തൊഴിലാളികളോ ആയ എല്ലാ തൊഴിലാളികള്‍ക്കും ജോലി, ഉപജീവനക്ഷമമായ വേതനം, മാന്യമായ ജീവിത നിലവാരവും, വിശ്രമവേളയുടെ പൂര്‍ണാനുഭവവും ഉറപ്പുവരുത്തുന്ന സേവന വ്യവസ്ഥകള്‍, സാമൂഹികവും, സാംസ്കാരികവുമായ അവസരങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് യത്നിക്കേണ്ടതും, പ്രത്യേകിച്ചും രാഷ്ട്രം ഗ്രാമപ്രദേശങ്ങളില്‍ കുടില്‍ വ്യവസായങ്ങളെ ഒറ്റയ്ക്കും സഹകരണാടിസ്ഥാനത്തിലും അഭിവൃദ്ധിപ്പെടുത്തുവാന്‍ യത്നിക്കേണ്ടതും ആകുന്നു.

സര്‍ക്കാര്‍ നയങ്ങള്‍ രൂപപ്പെടുത്തേണ്ടതും നിയമങ്ങള്‍ നിര്‍മിക്കേണ്ടതും, ഭരണഘടനാനുസൃതമാണ്. കോണ്‍ഗ്രസിന്റെ കാലത്ത് തുടക്കത്തില്‍ ചില ശ്രമങ്ങള്‍ ഈ ദിശയില്‍ ഉണ്ടായി. തൊഴില്‍ നിയമങ്ങള്‍ ത്രികക്ഷി കൂടിയാലോചനാ സമിതിയായ “ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്’, ദേശീയ ലേബര്‍ കമ്മീഷനുകള്‍ മുതലായവ ഉദാഹരണം. എന്നാല്‍ 1985 മുതല്‍ ഈ നയങ്ങളില്‍ മാറ്റം വരാന്‍ തുടങ്ങി. 1991 മുതല്‍ ഔപചാരികമായി സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയം അംഗീകരിച്ചതോടെ ഭരണഘടനാ വ്യവസ്ഥകള്‍ പൂര്‍ണമായും അവഗണിച്ചു.

കോൺഗ്രസ് കാലത്തെ തൊഴിലാളി വിരുദ്ധ നയങ്ങൾ
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത്, അവരുടെ തൊഴിലാളി വിരുദ്ധ നയങ്ങളെയും സ്വകര്യവല്‍ക്കരണത്തെയും ആര്‍.എസ്.എസും, ബി.എം.എസും എതിര്‍ത്തിരുന്നു. ദേശീയ പണിമുടക്കുകളില്‍ മറ്റ് ട്രേഡ് യൂണിയനുകളോടൊപ്പം ബി.എം.എസും പങ്കാളിയായി.- എന്നാല്‍ 2014 ല്‍ മോദി സര്‍ക്കാര്‍ ഭരണമേറ്റതിന് ശേഷം ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരങ്ങളില്‍ നിന്നും ബി.എം.എസ്. പിന്മാറി. വിദേശമൂലധനത്തെയും ഇറക്കുമതി ഉദാരവല്‍ക്കരണത്തെയും എതിര്‍ത്തിരുന്ന ആര്‍.എസ്.എസിന്റെ “സ്വദേശി ജാഗരണ്‍ മഞ്ച്’ എന്ന പ്രസ്ഥാനവും മാളത്തിലൊളിച്ചു.

വന്‍കിട കുത്തകകളായി വളര്‍ന്ന ഇന്ത്യന്‍ കുത്തക മുതലാളി വര്‍ഗ്ഗമാണ് ഇന്ത്യന്‍ ഭരണകൂടത്തെ നയിക്കുന്നത്. നാടുവാഴിത്തവുമായി ഇവര്‍ സന്ധിയിലുമാണ്. സ്വാതന്ത്ര്യാനന്തരം ഭീകരമായി വളര്‍ന്ന ഇന്ത്യന്‍ കുത്തക മുതലാളിവര്‍ഗ്ഗം, സാമ്രാജ്യത്വ ധനമൂലധനവുമായി കൂട്ടുചേര്‍ന്നാണ് സമകാലിക സാമ്പത്തിക നയങ്ങള്‍ ആവിഷ്കരിച്ചത്. ഈ നയങ്ങളോട് കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണ്.

ബ്രിട്ടീഷ് ഇന്ത്യയില്‍ ഏതാനും തൊഴില്‍ നിയമങ്ങള്‍ രൂപംകൊണ്ടിരുന്നു. വൈസ്രോയ് കൗണ്‍സില്‍ അംഗമായിരുന്ന ഡോ. അംബേദ്കറാണ് അക്കാലത്തെ തൊഴില്‍ നിയമങ്ങള്‍ പാസ്സാക്കാന്‍ മുന്‍കൈ എടുത്തത്. ഐ.എല്‍.ഒ(ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍) സ്ഥാപക അംഗമായ ഇന്ത്യ, ഐ.എല്‍.ഒ. അംഗീകരിച്ച പ്രമാണങ്ങള്‍ മാനിക്കാന്‍ നിര്‍ബന്ധിതമായിരുന്നു. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ലോകം കരുത്തോടെ നിലനിന്ന കാലത്ത് ലോക മുതലാളിത്തം സ്വീകരിച്ച ‘ക്ഷേമരാഷ്ട്രം’ എന്ന സങ്കല്പത്തിന് വിധേയമായ തൊഴില്‍ നിയമങ്ങളാണ് ഇന്ത്യയിലും നിലവില്‍ വന്നത്.

1991 നു ശേഷം സ്ഥിതിഗതികള്‍ പാടേ മാറി. സ്ഥിരം ജോലികള്‍ എന്ന വ്യവസ്ഥയില്‍ വലിയ തോതില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. സംഘടിത മേഖലയിലും കരാര്‍ ജോലി വ്യാപകമായി. സ്ഥിരം ജോലികള്‍ പലതും പുറം കരാര്‍ നല്‍കി. പല വ്യവസായങ്ങളും സ്ഥിരം ജോലിക്കാരെ കൂട്ടത്തോടെ ഒഴിവാക്കി. തോന്നുംപോലെ അടച്ചുപൂട്ടലും നടന്നു.

1991 മുതല്‍ ഈ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളി വര്‍ഗം യോജിച്ച പ്രക്ഷോഭം നടത്തി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തും, 1998 മുതല്‍ 2004 വരെ നിലനിന്ന വാജ്പേയി സര്‍ക്കാരിന്റെ കാലത്തും കുത്തകമുതലാളിവര്‍ഗം ആഗ്രഹിച്ച വിധത്തിലുള്ള എല്ലാ കാര്യങ്ങളും നടപ്പിലാക്കാനായില്ല. തൊഴില്‍ ഭേദഗതി നീക്കത്തെ ട്രേഡ് യൂണിയനുകള്‍ ചെറുത്തു. പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും ഉദ്ദേശിച്ചതുപോലെ നടത്താന്‍ കഴിഞ്ഞില്ല.

മോഡിക്കാലത്തെ തൊഴിലാളി വിരുദ്ധത
2014 നു ശേഷം സ്ഥിതി മാറി. ബിജെപിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ മുന്‍സര്‍ക്കാരുകളെ അപേക്ഷിച്ച് ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യം കാണിച്ചു. ചെറുത്തുനില്പ് സമരം ശക്തിപ്പെട്ടെങ്കിലും ബി.എം.എസ്സിനെ അതിൽനിന്ന് പിന്മാറ്റാന്‍ സംഘപരിവാറിന് കഴിഞ്ഞു. വര്‍ഗീയ സംഘര്‍ഷങ്ങളും ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളും ഇടത്പക്ഷം തിരഞ്ഞെടുപ്പില്‍ ദുര്‍ബലമായതും എല്ലാമായ സാഹചര്യം മോദി സര്‍ക്കാരിന് നവ-ഉദാരവല്‍ക്കരണവുമായി മുന്നോട്ടുപോകാന്‍ അവസരം നല്കി.

2014-19ലെ ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിന് വേഗത കൂടി. പൊതുമേഖലാ ഓഹരിവില്പന തകൃതിയായി നടന്നു. എങ്കിലും തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശീയ പണിമുടക്കുകളുടെ പശ്ചാത്തലത്തില്‍ ഉദ്ദേശിച്ച മുഴുവന്‍ കാര്യങ്ങളും നടപ്പാക്കാനായില്ല.

2019 ല്‍ രണ്ടാമതും മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പ്രതിപക്ഷം കൂടുതല്‍ ദുര്‍ബലമായി. ഇടതുപക്ഷത്തിന്റെ പാര്‍ലമെന്റിലെ അംഗസംഖ്യ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞതായി. ആക്രമണോത്സുകമായ വര്‍ഗീയത ഒരു ഭാഗത്തും, തൊഴിലാളി വിരുദ്ധ, പൊതുമേഖലാ വിരുദ്ധ നടപടികള്‍ മറുഭാഗത്തുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങി.

ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍ നിക്ഷേപകരെ വിഷമിപ്പിക്കുന്നതാണെന്നായിരുന്നു വ്യവസായികളുടെ വാദം. ഇഷ്ടമുള്ളവരെ നിയമിക്കാനും, തോന്നുമ്പോള്‍ പിരിച്ചുവിടാനും (ഹയര്‍ & ഫയര്‍) സ്വാതന്ത്ര്യം വേണമെന്നവര്‍ വാദിച്ചു. വികസനത്തിന്റെ വക്താവായ മോദി ഇന്ത്യയെ നിക്ഷേപ സൗഹൃദരാഷ്ട്രമാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുണ്ടായിരുന്ന 29 തൊഴില്‍ നിയമങ്ങള്‍ 4 ലേബര്‍ കോഡുകളാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നാല് കോഡുകളും ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബി.എം.എസ്. ഒഴികെയുള്ള ദേശീയ ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി ലേബര്‍കോഡുകളെ എതിര്‍ത്തെങ്കിലും ഇടതുപക്ഷം ഒഴികെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.

ലേബര്‍ കോഡുകള്‍ പാസ്സാവുന്നതിനു മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നിലവിലുള്ള ഫാക്ടറീസ് നിയമം, തൊഴില്‍ തര്‍ക്ക നിയമം, സ്റ്റാൻഡിങ് ഓര്‍ഡര്‍ നിയമം എന്നിവ ഭേദഗതി ചെയ്യാന്‍ ഏതാനും സംസ്ഥാന സര്‍ക്കാരുകള്‍ സന്നദ്ധമായി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്താന്‍, ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശ് തുടങ്ങിയ സര്‍ക്കാരുകള്‍ ഇതിലുള്‍പ്പെടും. ഒരു ദിവസത്തെ ജോലി സമയം 12 മണിക്കൂര്‍ ആക്കുക (8 മണിക്കൂറിന് പകരം) നിശ്ചിതകാല നിയമനം (ഫിക്സഡ് ടേം എംപ്ലോയ്–മെന്റ്), ഫാക്ടറികള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ മയപ്പെടുത്തുക തുടങ്ങിയവ ഈ ഭേദഗതികളിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചു.

ഏതാനും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ചൈന വിട്ട് ഇന്ത്യയില്‍ വരാന്‍ സാധ്യതയുണ്ടെന്നും അവരെ ആകര്‍ഷിക്കാനാണ് ഭേദഗതികള്‍ എന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ലേബര്‍ കോഡുകള്‍ പാസ്സാവുന്നതിന് മുമ്പുള്ള ടെസ്റ്റ് ഡോസായിരുന്നു ഇത്. സര്‍ക്കാര്‍ പ്രചരിപ്പിച്ചതുപോലെ വിദേശ കമ്പനികളൊന്നും വന്നില്ല. 2019 ല്‍ വീണ്ടും മോദി അധികാരത്തില്‍ വന്നതിനു ശേഷം നടന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ലേബര്‍ കോഡുകള്‍ പാസ്സാക്കി. “കോഡ് ഓണ്‍ വേജസ്’ എന്ന നിയമം പാസ്സാക്കുന്ന വേളയില്‍ രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് നിയമത്തെ അനുകൂലിച്ചു. ഇടതുപക്ഷം, ഡിഎംകെ, സമാജ്–വാദി പാര്‍ട്ടി എന്നിവയിലെ അംഗങ്ങൾ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. മറ്റു മൂന്ന് കോഡുകള്‍ പാസ്സായത്, കര്‍ഷക നിയമം പാസ്സാക്കുന്ന ഘട്ടത്തില്‍ പാര്‍ലമെന്റിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രതിപക്ഷം പാര്‍ലമെന്റ് ബഹിഷ്കരിച്ച സന്ദര്‍ഭത്തിലാണ്.

ലേബര്‍ കോഡ് ‘ഹയര്‍ &ഫയര്‍’ വ്യവസ്ഥകയ്ക്ക് നിയമപ്രാബല്യം നല്‍കുന്നു. മേലില്‍ സ്ഥിരംജോലിക്കാരായി ഒരാളെയും നിയമിക്കേണ്ടിവരില്ല. ജോലി സുരക്ഷിതത്വമില്ലാത്തവര്‍ക്ക് സംഘടിക്കാനും കൂട്ടായി വിലപേശാനും എളുപ്പമല്ല. ചുരുക്കത്തില്‍ ‘അടിമപ്പണി’ക്ക് സമാനമായ രീതിയില്‍ തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു. – മുമ്പത്തെ “വ്യവസായ തര്‍ക്കനിയമം’ V––B വകുപ്പനുസരിച്ച് നൂറോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ, തൊഴിലാളികളെ പിരിച്ചുവിടുകയോ ചെയ്യാന്‍ കമ്പനി സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതി വേണമെന്നായിരുന്നു. ഇത് തൊഴിലാളികള്‍ക്കുള്ള രക്ഷാകവചമായിരുന്നു. ലേബര്‍ കോഡ് മുന്നൂറോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികള്‍ക്കു മാത്രമേ ഈ വ്യവസ്ഥ ബാധകമാവൂ എന്നാക്കി മാറ്റി. രാജ്യത്തെ വ്യവസായങ്ങളില്‍ മഹാഭൂരിപക്ഷവും മുന്നൂറ് തൊഴിലാളികളില്‍ കുറവാണ്. എത്രപേരുണ്ടെങ്കിലും സ്ഥിരം തൊഴിലാളികളായി കുറച്ചുപേരെ രജിസ്റ്ററില്‍ ചേര്‍ക്കുക. ബാക്കിയുള്ളവരെ കരാര്‍, കാഷ്വല്‍, ഫിക്സഡ് ടേം, ട്രെയിനി എന്നീ പേരുകളിലാക്കിയാല്‍ മാനേജ്മെന്റുകള്‍ക്ക് ഏത് സ്ഥാപനവും പൂട്ടാം. തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്നതാണ് ഈ വ്യവസ്ഥ.

ഫിക്സഡ് ടേം എംപ്ലോയ്-മെന്റ് , സ്ഥിരം ജോലി എന്ന സമ്പ്രദായം ഇല്ലാതാക്കും. യൂണിയനുകളും കൂട്ടായ വിലപേശലുകളും ഇല്ലാത്ത വ്യവസായശാലകള്‍ നിയമലംഘനങ്ങളുടെ കേന്ദ്രമാവും. കൂട്ടായ വിലപേശല്‍ ഇല്ലാതായാല്‍ തൊഴിലാളികളുടെ വേതനവും മറ്റാനുകൂല്യങ്ങളും കുറയുകയും, മുതലാളിയുടെ ലാഭം വര്‍ദ്ധിക്കുകയും ചെയ്യും. സമ്പത്തിന്റെ കേന്ദ്രീകരണം വര്‍ദ്ധിക്കും. സാമ്പത്തിക അസമത്വം ഏറ്റവും കൂടിയ രാജ്യമായ ഇന്ത്യയില്‍ അസമത്വം ഇനിയും വര്‍ദ്ധിക്കും.

തൊഴില്‍ നിയമങ്ങള്‍ നടപ്പാവുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് “ലേബര്‍ ഇന്‍സ്പെക്ഷന്‍’ ഐ.എല്‍.ഒ. അംഗീകരിച്ച ഒരു സുപ്രധാന പ്രമാണമാണിത്(1947 ലെ ഇ 81 പ്രമാണം). ലേബര്‍ ഇന്‍സ്പെക്ടര്‍ ചെന്ന് പരിശോധന നടത്തുമ്പോഴാണ് ഒരു സ്ഥാപനം തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് മനസ്സിലാവുക. ചില സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ ഭയം മൂലം ഒരു പരാതിയും പറയില്ല. ട്രേഡ് യൂണയിനുകളില്ലെങ്കില്‍ ഒരാളും ശബ്ദിക്കില്ല. ഇത്തരം സ്ഥാപനങ്ങളില്‍ ലേബര്‍ ഇന്‍സ്പെക്ടര്‍മാരുടെ പരിശോധന ഒരാശ്വാസമാണ്-. പുതിയ ലേബര്‍ കോഡ് ഇന്‍സ്പെക്ഷന്‍ ഒഴിവാക്കി. ലേബര്‍ ഇന്‍സ്പെക്ടര്‍ എന്ന പേര് “ഇന്‍സ്പെക്ടര്‍ കം ഫെസിലിറ്റേറ്റര്‍’ എന്നാക്കി.- സ്ഥാപന ഉടമകള്‍ക്ക് യഥേഷ്ടം നിയമലംഘനം നടത്താന്‍ കളമൊരുങ്ങി.

തൊഴിലാളികളുടെ 
അവകാശങ്ങൾ കവർന്നെടുക്കുന്ന 
പുതിയ ലേബർകോഡുകൾ
ഐ.എല്‍.ഒ. പ്രമാണം 144 അനുസരിച്ച് തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്തിയ ശേഷമേ ആകാവൂ. ഇന്ത്യ അംഗീകരിച്ച പ്രമാണമാണിത്. – ഇത് ലംഘിക്കുന്നതാണ് പുതിയ ലേബര്‍ കോഡുകള്‍-. ലേബര്‍ കോഡുകള്‍ സംബന്ധിച്ച് ദേശീയ ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്തിയില്ല. വര്‍ഷങ്ങളായി നിലനിന്നിരുന്ന ത്രികക്ഷി സമ്മേളനം ” ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്’ (ഐ.എല്‍.സി.) ചേരുന്നത് മോദി സര്‍ക്കാര്‍ ഉപേക്ഷിച്ചു.

തൊഴിലാളി വിരുദ്ധ നടപടികള്‍ നടപ്പാക്കാന്‍ ട്രേഡ് യൂണിയനുകള്‍ തടസ്സമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ്, ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷനും അംഗീകാരവും ദുഷ്കരമാക്കിയിരിക്കുന്നു. ഒരു വ്യവസായ സ്ഥാപനത്തിലെ ട്രേഡ് യൂണിയനില്‍ പുറമേനിന്നുള്ളവര്‍ ഭാരവാഹികളാവാന്‍ പാടില്ലെന്ന് ഐ.ആര്‍. കോഡ് വ്യവസ്ഥ ചെയ്യുന്നു. – അച്ചടക്കനടപടി ഭീഷണി നേരിടുന്ന തൊഴിലാളികള്‍ക്ക് യൂണിയന്‍ പ്രതിനിധികളായി മാനേജ്മെന്റുകളുമായി വിലപേശല്‍ നടത്തല്‍ എളുപ്പമല്ല. കേരളത്തിലെ അന്തരീക്ഷമല്ല മറ്റ് സംസ്ഥാനങ്ങളില്‍. ഫലത്തില്‍ ഫലപ്രദമായ കൂട്ടായ വിലപേശല്‍ നടക്കാതാവും.

പണിമുടക്ക് സമരം നിരോധിക്കാന്‍ അവകാശം നല്‍കുന്നു പുതിയ ലേബര്‍ കോഡുകള്‍. തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നോട്ടീസ് നല്‍കിയ ശേഷം തര്‍ക്കത്തില്‍ ഒരു സന്ധിസംഭാഷണത്തിന് വിളിച്ചാല്‍ പിന്നീട് പണിമുടക്കുന്നത് ഐആര്‍ കോഡ് നിയമവിരുദ്ധമാക്കി. ഈ സന്ധി സംഭാഷണം എത്രസമയം കൊണ്ട് തീര്‍ക്കണമെന്ന് കോഡില്‍ വ്യവസ്ഥയില്ല. വര്‍ഷങ്ങളോളം നീട്ടാം. ഇത് തൊഴിലാളികള്‍ക്ക് ന്യായമായി ലഭിക്കേണ്ട അവകാശം നിഷേധിക്കും.

“നിയമവിരുദ്ധം’ എന്നു കണക്കാക്കുന്ന പണിമുടക്കിലേര്‍പ്പെടുന്ന തൊഴിലാളികളുടെ വേതനത്തില്‍ നിന്ന് ഒരു ദിവസത്തെ പണിമുടക്കിന് 8 ദിവസത്തെ വേതനം എന്ന തോതില്‍ പിടിച്ചെടുക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അവകാശം നല്‍കുന്നു. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ റിഫൈനറിയിലെ ജീവനക്കാര്‍ കഴിഞ്ഞ ദേശീയ പണിമുടക്കില്‍ പങ്കെടുത്തതിന് 8 ദിവസത്തെ ശമ്പളം വെട്ടിക്കുറച്ചു. ഫലത്തില്‍ പണിമുടക്കാനുള്ള അവകാശം നിഷേധിക്കുന്ന നിയമമാണ് ഐ.ആര്‍. കോഡ്.

ലേബര്‍ കോഡുകളിലെ ഏതെങ്കിലും വ്യവസ്ഥകളില്‍ നിന്ന് ഏതു വ്യവസായത്തെയും ഒഴിവാക്കാന്‍ ലേബര്‍കോഡ് വ്യവസ്ഥ ചെയ്യുന്നു. ചുരുക്കത്തില്‍ വ്യവസായ മേഖല നിയമരഹിതമായ ഇടങ്ങളായി മാറും. വര്‍ഷങ്ങളായി ഇന്ത്യന്‍ തൊഴിലാളി വർഗം വീറുറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ മുതലാളിവര്‍ഗത്തിന്റെ കാല്‍ക്കല്‍ സര്‍ക്കാര്‍ അടിയറവെക്കുകയാണ്.

മറ്റൊരു ഗുരുതരമായ പ്രശ്നം പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണമാണ്. പൊതുമേഖലാ ഓഹരിവില്‍പന ആരംഭിച്ചത് 1991 ലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ്. 1998 ല്‍ അധികാരത്തില്‍ വന്ന വാജ്പെയ് സര്‍ക്കാരില്‍ ഓഹരി വില്‍പനക്ക് ഒരു പ്രത്യേക വകുപ്പും മന്ത്രിയും ഉണ്ടായിരുന്നു. ഈ നയം ഇപ്പോഴും തുടരുകയാണ്.

വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. വൈദ്യുതി കേവലം ഒരു ചരക്കായി മാറും. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും. വൈദ്യുതി ഉല്‍പാദനം, പ്രസരണം എന്നീ മേഖലകളില്‍ കുത്തകകൾ പിടിമുറുക്കിക്കഴിഞ്ഞു. വിതരണരംഗം കൂടി കയ്യടക്കാനാണ് അവരുടെ ശ്രമം.

പെട്രോളിയം മേഖല, സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് നല്ല സ്വാധീനമുണ്ട്. ബി.പി.സി.എല്‍. കൂടി സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ടെലികോം രംഗം ഏറെക്കുറേ സ്വകാര്യകുത്തകകളുടെ പിടിയിലാണ്. ബി.എസ്.എന്‍.എല്ലിനെക്കൂടി കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. പൊതുമേഖലയിലെ എയര്‍ഇന്ത്യ, ടാറ്റയ്ക്ക് കൈമാറി. പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ സ്വകാര്യവല്‍കരിക്കാന്‍ പോകുന്നു. വിമാനത്താവളങ്ങള്‍, റെയില്‍വേ തുടങ്ങിയ മേഖലകളും സ്വകാര്യവല്‍ക്കരണ പാതയിലാണ്. ദേശീയ ആസ്തികള്‍ പാട്ടത്തിന് നല്‍കുന്ന “നാഷണല്‍ മോണിട്ടൈസേഷന്‍ പൈപ്പ്ലൈന്‍’ (NMP) പ്രഖ്യാപിച്ചിരിക്കുന്നു.

പൊതുമേഖലയിലും സര്‍ക്കാര്‍ സര്‍വ്വീസുകളിലും നടക്കുന്ന നിയമനങ്ങളില്‍ പട്ടികജാതി-–പട്ടികവര്‍ഗ പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കണം. സ്വകാര്യമേഖലയില്‍ സംവരണമില്ല. സ്വകാര്യവല്‍ക്കരണം സാമൂഹ്യനീതിയുടെ നിഷേധം കൂടിയാണ്. ഇവിടെയും ഭരണഘടനാ തത്വങ്ങളാണ് ലംഘിക്കപ്പെടുന്നത്.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങളും, സ്വകാര്യവല്‍ക്കരണവും നടപ്പാക്കില്ലെന്ന് ഉറച്ച നിലപാടുള്ളത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് മാത്രമാണ്. ബിജെപിയും മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളും ഈ കാര്യത്തിലെല്ലാം ഒരേ നിലപാടിലാണ്.

തൊഴില്‍ നിയമഭേദഗതികളും സ്വകാര്യവല്‍ക്കരണവും തൊഴിലാളികള്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉളവാക്കിയിട്ടുണ്ട്. അതു മനസിലാക്കിയ മോദി സര്‍ക്കാര്‍ ലേബര്‍ കോഡുകള്‍ നടപ്പിലാക്കാനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടില്ല. ദേശീയ പണിമുടക്കുകളുടെയും മറ്റും സമ്മര്‍ദ്ദമാണ് ഇതിനു കാരണം.

വര്‍ഗീയത ആളിക്കത്തിച്ച് തൊഴിലാളിവര്‍ഗത്തിലും, ജനങ്ങള്‍ക്കിടയിലും ഭിന്നത സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമം. ജനങ്ങളുടെ ഐക്യത്തെ അവര്‍ ഭയപ്പെടുന്നു. മണിപ്പൂര്‍ കലാപം, രാജ്യമാസകലം മതന്യൂനപക്ഷങ്ങളെ ആക്രമിക്കല്‍, ഏകസിവില്‍കോഡ് നടപ്പിലാക്കുമെന്ന ഭീഷണി, ലൗ ജിഹാദ് പോലുള്ള വിവാദങ്ങള്‍ തുടങ്ങിയവയെല്ലാം ജനങ്ങളില്‍ മത-–ജാതി ധ്രുവീകരണം സൃഷ്ടിക്കല്‍ ലക്ഷ്യം വെച്ചാണ്.

ജനങ്ങള്‍ ചേരിതിരിഞ്ഞ് കലഹിക്കുമ്പോള്‍ രാജ്യത്തെ സമ്പത്ത് കുത്തകള്‍ക്ക് യഥേഷ്ടം കൈമാറും. തൊഴിലാളി വര്‍ഗത്തിന്റെ അവകാശങ്ങള്‍ യഥേഷ്ടം കവര്‍ന്നെടുക്കാം. വനവും കടല്‍ സമ്പത്തും കൃഷിഭൂമിയും സാങ്കേതിക വിദ്യയും എല്ലാം സ്വകാര്യകുത്തകകള്‍ക്ക് അടിയറവെക്കാം. ഈ ചതിക്കുഴി തിരിച്ചറിയാന്‍ ജനങ്ങളെ ബോധവാന്മാരാക്കണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − three =

Most Popular