Friday, October 18, 2024

ad

Homeകവര്‍സ്റ്റോറിഇന്ത്യയുടെ സാമ്പത്തിക കുതിപ്പും
കിതപ്പും 
മോദി ചെയ്തത് എന്ത്?

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും
കിതപ്പും 
മോദി ചെയ്തത് എന്ത്?

ഡോ. ടി എം തോമസ് ഐസക്

മോദി ഭരണം ഒൻപതാം വർഷത്തിലേക്കു കടക്കുമ്പോൾ 2024-ലെ തിരഞ്ഞെടുപ്പിലെ സാമ്പത്തിക പ്രചാരണ വിഷയം തീരുമാനിക്കപ്പെട്ടിരിക്കുന്നു; – ഇന്ത്യ ലോകത്തെ അഞ്ചാമത് വലിയ സാമ്പത്തിക ശക്തി. 2014-ൽ മോദി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യ പത്താംസ്ഥാനത്ത് ആയിരുന്നു. 2015-ൽ ഏഴാംസ്ഥാനത്തേക്കു കയറി. 2019-ൽ ആറാംസ്ഥാനം. 2022-ൽ ബ്രിട്ടനെ മറികടന്ന് അഞ്ചാംസ്ഥാനം. ഇനിയിപ്പോൾ നമ്മുടെ മുന്നിൽ ചൈന, അമേരിക്ക, ജപ്പാൻ, ജർമ്മനി എന്നിവയാണുള്ളത്. 2027-ൽ നാലാംസ്ഥാനക്കാരായ ജർമ്മനിയേയും 2029-ൽ മൂന്നാംസ്ഥാനത്തുള്ള ജപ്പാനെയും മറികടന്ന് ഇന്ത്യ മൂന്നാംസ്ഥാനത്ത് എത്തും.

ശരിയാണ് രാജ്യത്തിന്റെ മൊത്തം ഉൽപ്പാദനം അഥവാ ജിഡിപി എടുത്താൽ നമ്മുടെ സ്ഥാനം അഞ്ചാമത്തേതാണ്. പക്ഷേ, ഒരു കാര്യം ഓർക്കണം. നമ്മുടെ രാജ്യത്തെ ജനസംഖ്യ 140 കോടിയാണ്. അതുകൊണ്ട് എത്ര സമ്പന്നമാണെങ്കിലും ചെറിയ രാജ്യങ്ങൾക്ക് ജിഡിപിയുടെ വലുപ്പത്തിൽ നമ്മളെ മറികടക്കാനാവില്ല. ആളോഹരി വരുമാനമെടുത്താൽ ഇന്ത്യയുടെ റാങ്ക് എത്രയാണെന്ന് അറിയാമോ? ഐഎംഎഫിന്റെ പട്ടികയിൽ 142- –ാം സ്ഥാനമാണ്. മാർക്കറ്റ് വിലയിൽ ആഗോള ഉൽപ്പാദനത്തിന്റെ 5 ശതമാനവുമാണ് ഇന്ത്യയുടെ വിഹിതം.

ചിത്രം 1
ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 2004–05/2018–19

കടപ്പാട് : ആർ. രാംകുമാർ (The political economy of India`s economic development after independence)

എന്തുകൊണ്ട് താഴ്ന്ന
 പ്രതിശീർഷ വരുമാനം?
താഴ്ന്ന പ്രതിശീർഷ വരുമാനത്തിനു പല കാരണങ്ങളുണ്ട്. ഒന്ന്, 140 കോടി ജനങ്ങൾ ഉണ്ടെങ്കിലും 34 ശതമാനമേ ഏതെങ്കിലും തൊഴിലിൽ ഏർപ്പെടുന്നുള്ളൂ. തൊഴിൽ അന്വേഷിച്ചാലും കിട്ടില്ലയെന്നുള്ളതുകൊണ്ട് സ്ത്രീകളടക്കം ഗണ്യമായൊരു ഭാഗം തൊഴിലിനുള്ള ആഗ്രഹമേ ഉപേക്ഷിച്ചു. രണ്ട്, തൊഴിലെടുക്കുന്നവരിൽ 10 ശതമാനം മാത്രമേ നല്ല വരുമാനമുള്ള സംഘടിതമേഖലയിൽ പണിയെടുക്കുന്നവരായിട്ടുള്ളൂ. ബാക്കിയുള്ളവർ താഴ്ന്ന ഉല്പാദനക്ഷമതയും വരുമാനവുമുള്ള ചെറുകിട, പരമ്പരാഗത മേഖലകളിലാണ്. ഉള്ള തൊഴിൽ ഇവരെല്ലാവരുംകൂടി പങ്കിട്ടെടുക്കുകയാണ്. മൂന്ന്, തൊഴിലില്ലായ്മ പെരുകിക്കൊണ്ടിരിക്കുന്നു. ഇത് മോദിയുടെ കാലത്തെ ഒരു സവിശേഷ പ്രതിഭാസമാണ്.

ചിത്രം 1-ൽ കാണാവുന്നതുപോലെ ഇന്ത്യയിൽ സാധാരണഗതിയിൽ 2–-3 ശതമാനം ആയിരുന്നു തൊഴിലില്ലായ്മാ നിരക്ക്. നോട്ട്നിരോധനത്തെത്തുടർന്ന് തൊഴിലില്ലായ്മ ഉയരാൻ തുടങ്ങി. 2017–-18-ൽ അത് 6.1 ശതമാനമായി കുത്തനെ ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഔദ്യോഗിക കണക്കു പ്രകാരം തൊഴിലില്ലായ്മയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഏതാണ്ട് 5 ശതമാനമായി അത് തുടരുകയാണ്.

കൂലിയുടെ വർദ്ധനയാവട്ടെ അതീവ മന്ദഗതിയിലായിരുന്നു. 2014 ഡിസംബറിനും 2018 ഡിസംബറിനും ഇടയിൽ കർഷകത്തൊഴിലാളിയുടെയും ഗ്രാമീണ തൊഴിലാളിയുടെയും കൂലി 0.5 ശതമാനം വീതമാണ് പ്രതിവർഷം ഉയർന്നത്.

പട്ടിക 1

ആഗോള വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം (സൂചികയുടെ വർഷം ബ്രാക്കറ്റിൽ)

സൂചിക മോദി അധികാരത്തിൽ വരുമ്പോഴുള്ള റാങ്ക്‌ ഇപ്പോൾ ഇന്ത്യയുടെ റാങ്ക്‌
ഐക്യരാഷ്‌ട്രസഭയുടെ മാനനവികസന സൂചിക 130 (2014) 132
ഐക്യരാഷ്‌ട്രസഭയുടെ സന്തോഷം (happiness) സൂചിക 117 (2015) 126
ലഗാറ്റം അഭിവൃദ്ധി സൂചിക 99 (2015) 103
ജോർജ്‌ ടൗൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്‌ത്രീ സുരക്ഷ സൂചിക 131 (2017) 148
ലോക ഇക്കണോമിക്‌ ഫോറത്തിന്റെ ആഗോള ജൻഡർ അകല സൂചിക 114 (2014) 135
അന്തർദേശീയ ഫുഡ്‌ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഗോള പട്ടിണി സൂചിക 76 രാജ്യങ്ങളിൽ 55 (2014) 121 രാജ്യങ്ങളിൽ 107
സേവ്‌ ചിൽഡ്രന്റെ ശൈശവ സൂചിക 116 (2017) 118
വേൾഡ്‌ ഇക്കണോമിക്‌ ഫോറത്തിന്റെ മാനവമൂലധന സൂചിക 122 രാജ്യങ്ങളിൽ 78 (2013) 130 രാജ്യങ്ങളിൽ 103 (2017)
തോംസൺ റോയിട്ടേഴ്‌സ്‌ ഫൗണ്ടേഷൻ റിപ്പോർട്ടു പ്രകാരം സ്‌ത്രീകൾക്ക്‌ ഏറ്റവും അപകടകരമായ രാജ്യം 4 (2011) 1 (2018)
ബ്ലൂംബർഗ്‌ ആരോഗ്യ സൂചിക 103 (2015) 120 (2019)
ലോകബാങ്കിന്റെ മാനവമൂലധന സൂചിക 115 (2018) 116 (2020)
സുസ്ഥിരവികസന സൂചിക 110 (2016) 121

പെരുകുന്ന ജനസംഖ്യ. എന്നാൽ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നില്ല. തൊഴിലില്ലായ്മ പെരുകുന്നു. 34 ശതമാനം പേർക്കേ തൊഴിലുള്ളൂ. അവർ തന്നെ താഴ്ന്ന വരുമാന മേഖലകളിൽ. കൂലി വർദ്ധനവ് ഇല്ല. ശരാശരി പൗരന്റെ വരുമാനം എടുത്താൽ ഇന്ത്യ 142–ാം സ്ഥാനത്തായതിൽ അത്ഭുതപ്പെടാനുണ്ടോ?

എല്ലാ വികസന സൂചികകളിലും 
ഇന്ത്യ പിന്നോട്ട്
ഇന്ത്യയിലെ പ്രതിശീർഷ വരുമാനം മോദി കാലത്ത് ഉയർന്നില്ല എന്നല്ല വാദിക്കുന്നത്. പക്ഷേ, ഈ ഉയർച്ചയുടെ നേട്ടം മറ്റു രാജ്യങ്ങളിലെ സാധാരക്കാർക്കു ലഭിച്ചതുപോലെ ഇന്ത്യയിലെ ജനങ്ങൾക്കു ലഭിച്ചില്ല. മോദി അധികാരത്തിൽ വരുമ്പോൾ എല്ലാ വികസന സൂചികകളിലും ഇന്ത്യയുടെ സ്ഥാനം ആഗോള പട്ടികയിൽ താഴെയായിരുന്നു. മോദിയുടെ ഭരണകാലത്ത് ഇവ ഓരോന്നിലും ഇന്ത്യയുടെ ആഗോളസ്ഥാനം പിന്നോട്ടടിച്ച കഥയാണ് പട്ടിക 1-ൽ കൊടുത്തിട്ടുള്ളത്.

 

ജനങ്ങളുടെ ദാരിദ്ര്യം
പരിഷ്കാരങ്ങളുടെ നേട്ടം ജനങ്ങളിലേക്കും കിനിഞ്ഞിറങ്ങിയെന്നാണ് ആഗോളവൽക്കരണ വക്താക്കൾ വാദിക്കുക. പക്ഷേ ഈ പരിഷ്കാരങ്ങൾ ലോകത്തെ എല്ലാ രാജ്യങ്ങളിലും ഏറിയും കുറഞ്ഞും നടപ്പാകുന്നുണ്ടല്ലോ. മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കു ഉണ്ടാകുന്ന നേട്ടങ്ങൾപോലും ഇന്ത്യയിലെ ജനങ്ങൾക്കു ലഭിക്കുന്നില്ലായെന്നാണ് മുകളിൽ പട്ടിക –1-ൽ തെളിയുന്നത്. പല കാര്യങ്ങളിലും ജനങ്ങളുടെ നില മുൻപത്തേക്കാൾ മോശമായിട്ടേയുള്ളൂ. ജനങ്ങളുടെ ചെലവിലാണ് നിയോലിബറൽ വളർച്ച.

ചിത്രം 2
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളുടെ 
എണ്ണത്തിന്റെ ശതമാനം 1993-94/2017-18

കടപ്പാട്: ആർ. രാംകുമാർ (The political economy of India`s economic development after independence)

ഇങ്ങനെയാണെങ്കിലും കേവലദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നാണു മോദി ഭക്തന്മാർ വാദിക്കുന്നത്. ഇത് നിർവ്വചനത്തിൽ വരുത്തിയ മാറ്റങ്ങളുടെ ഫലമാണെന്നാണ് വിമർശകരുടെ മറുപടി. ഇപ്പോൾ ഔദ്യോഗിക കണക്കുപ്രകാരം 1980-കൾ മുതൽ തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം മോദി ഭരണകാലത്ത് വർദ്ധിച്ചു. ഇത് ചിത്രം – 2-ൽ കാണാം.

ഈ സ്ഥിതിവിശേഷത്തിൽ പാവപ്പെട്ടവരുടെ ഉപഭോഗം കുറയാതെ നിവൃത്തിയില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ബിജെപി ഭരണത്തിൻ കീഴിൽ ഇതും സംഭവിച്ചു. 2017-–18-ലെ ഉപഭോക്തൃ സർവ്വേ പ്രകാരം 2011-–12-ൽ പ്രതിശീർഷ ഉപഭോഗം 3.7 ശതമാനം കേവലമായി കുറഞ്ഞു. ഗ്രാമീണ ഇന്ത്യയിൽ 8 ശതമാനവും നഗര മേഖലയിൽ 2 ശതമാനവും വീതമായിരുന്നു കുറവു വന്നത്. കോവിഡുകാലത്ത് ഉപഭോക്തൃ ഡിമാൻഡ് പിന്നെയും ഇടിഞ്ഞു.

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനവും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ സമീപരാജ്യങ്ങളിൽ ഉണ്ടാകുന്നത്രപോലും ക്ഷേമവർദ്ധന ഇന്ത്യയിലെ ജനങ്ങൾക്കു ലഭിക്കുന്നില്ലയെന്നുള്ളത് ഏതാണ്ട് അവിതർക്കിതമായ കാര്യമാണ്.

വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ദാരിദ്ര്യത്തിനു പകരം വരുമാനംകൊണ്ടു വാങ്ങുന്ന വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ഭക്ഷണം തുടങ്ങിയവയുടെ ആളോഹരി ലഭ്യതയുടെ അടിസ്ഥാനത്തിൽ ദാരിദ്ര്യത്തെ കണക്കുകൂട്ടുന്ന സമ്പ്രദായം ഐക്യരാഷ്ട്രസഭ ആവിഷ്കരിച്ചിട്ടുണ്ട്. മൾട്ടി ഡയമെൻഷണൽ പൊവർട്ടി ഇൻഡക്സ് എന്നാണ് ഇതിനെ വിളിക്കുക. അതുവച്ച് അളക്കുമ്പോൾ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഉയരും. എന്നാൽ കേരളത്തിലാവട്ടെ ദരിദ്രരുടെ എണ്ണം ഏതാണ്ട് ഇല്ലാതാവുന്ന നിലയാണ്. ഇതു സൂചിപ്പിക്കുന്നതു സർക്കാർ നേരിട്ട് ഇത്തരം സേവനങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുന്നതിന്റെ പ്രാധാന്യമാണ്. വിദ്യാഭ്യാസ–ആരോഗ്യ മേഖലകളിലെ പ്രവണതകളെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.

ആഗോള സ്ത്രീ-പുരുഷ അസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴേയ്ക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളോടുള്ള അതിക്രമങ്ങളും വിവേചനങ്ങളും വർദ്ധിക്കുകയാണ്. അതുപോലെ തന്നെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സ്ഥിതിയും ആഗോളമായിത്തന്നെ നിയോലിബറൽ കാലത്ത് ദുർബലമാകുന്ന അനുഭവമാണുള്ളത്. ഇന്ത്യയിൽ പട്ടികവിഭാഗങ്ങളുടെ മേലുള്ള അതിക്രമങ്ങൾ മോദി ഭരണകാലത്ത് വർദ്ധിച്ചു. പഞ്ചവത്സര പദ്ധതികൾ ഇല്ലാതായത് പട്ടികജാതി-–പട്ടികവർഗ ഫണ്ടുകൾക്ക് തിരിച്ചടിയായി.

ജനങ്ങളുടെ ജീവിതനിലവാരവുമായി ബന്ധപ്പെട്ട രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾകൂടി പറയേണ്ടതുണ്ട്. ഒന്നാമത്തേത്, വിലക്കയറ്റമാണ്. വിലക്കയറ്റം പാവങ്ങളുടെ വരുമാനം പോക്കറ്റടിച്ച് പണക്കാർക്കു നൽകുന്ന ഒരു ഏർപ്പാടാണ്. രണ്ടാമത്തേത്, വായ്പാ ലഭ്യതയാണ്. ചെറുകിട ഉൽപ്പാദകർക്ക് അവരുടെ സംരംഭങ്ങളുടെ നടത്തിപ്പിനും സാധാരണക്കാർക്ക് അവരുടെ ഉപജീവനത്തിനും ചുരുങ്ങിയ പലിശയ്ക്കു വായ്പ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പൊതുമേഖലാ ബാങ്കുകൾ നേരിട്ടു കൃഷിക്കാർക്കും പാവപ്പെട്ടവർക്കും വായ്പ നൽകുന്നതിനു പകരം കോർപ്പറേറ്റ് ബാങ്കേതര ഏജൻസികൾ വഴി വായ്പകൾ നൽകുന്ന സമ്പ്രദായം കൊള്ളപ്പലിശയ്ക്ക് വഴിതെളിച്ചു.

ഇത്തരത്തിലുള്ള പ്രതികൂല ഘടകങ്ങൾ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നത് ഏറ്റവും നാടകീയമായി പ്രകടമാകുന്ന സന്ദർഭങ്ങളാണ് വരൾച്ച, വെളളപ്പൊക്കം, പകർച്ചാവ്യാധി തീടങ്ങിയ ദുരന്തങ്ങളുടെ കാലം. കോവിഡു കാലത്ത് ഇന്ത്യയിലെ ജനങ്ങൾക്കുണ്ടായ തീക്ഷ്ണമായ ദുരനുഭവം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉണ്ടായിട്ടില്ല. അഞ്ചുലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചൂവെന്ന് ഇന്ത്യാ ഗവൺമെന്റ് പറയുമ്പോൾ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 50 ലക്ഷം പേരെങ്കിലും ഇന്ത്യയിൽ മരണമടഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ വളർച്ചാ വേഗത 
മറ്റു രാജ്യങ്ങളേക്കാൾ ഉയർന്നതല്ലേ?
ഇന്ത്യ സാമ്പത്തികമായി പിന്നിലാണ്. പക്ഷേ, മറ്റു രാജ്യങ്ങളേക്കാൾ വേഗതയിൽ ഇന്ത്യയിൽ സാമ്പത്തിക വളർച്ച ഇപ്പോൾ ഉണ്ടാകുന്നില്ലേയെന്ന ചോദ്യം ന്യായമാണ്. അതുകൊണ്ടാണല്ലോ മൊത്തം ജിഡിപിയുടെ വലുപ്പത്തിൽ നമ്മൾ മറ്റു രാജ്യങ്ങളെ മറികടന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യ പോലെ ചൈന, ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയെയും എമർജിംഗ് എക്കണോമീസ് എന്നാണു വിശേഷിപ്പിക്കുന്നത്. ഈ വേഗതയിൽ വളർന്നുകൊണ്ടിരുന്നാൽ ഈ രാജ്യങ്ങൾ സാമ്പത്തിക മേധാശക്തികളായി ഭാവിയിൽ വളരും. ഈ ഘട്ടത്തിൽ നമുക്ക് രണ്ട് വാദങ്ങളാണ് മുന്നോട്ടുവയ്ക്കാനുള്ളത്. ഒന്ന്, മോദി അധികാരത്തിൽ വന്നശേഷമല്ല ഇന്ത്യൻ സമ്പദ്ഘടനയുടെ ഗതിവേഗം വർദ്ധിക്കാൻ തുടങ്ങിയത്. രണ്ട്, മോദി അല്ലായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യ ഇതിനേക്കാൾ വേഗതയിൽ വളരുമായിരുന്നു.

ചിത്രം 3
ദേശീയ വരുമാന വളർച്ച (2013 മുതൽ 2020 വരെ)

കൊളോണിയൽ കാലത്ത് ഇന്ത്യ ശരാശരി പ്രതിവർഷം ഏതാണ്ട് ഒരു ശതമാനം വീതമാണ് സാമ്പത്തിക വളർച്ച നേടിയത്. സ്വാതന്ത്ര്യാനന്തര കാലത്ത് ആഭ്യന്തര കമ്പോളത്തെ ആസ്പദമാക്കിയുള്ള മിശ്ര സമ്പദ് വ്യവസ്ഥാനയം സ്വീകരിച്ചതിന്റെ ഫലമായി നമ്മുടെ സാമ്പത്തിക വളർച്ച 3.5 ശതമാനമായി ഉയർന്നു. പിന്നെയും ഗതിവേഗം വർദ്ധിപ്പിക്കുന്നതിനാണ് 1980-കളിൽ കയറ്റുമതിയോന്മുഖ വികസന തന്ത്രം ആവിഷ്കരിച്ചത്. ആ ദശകത്തിൽ സാമ്പത്തിക വളർച്ച 5 ശതമാനമായി ഉയർന്നു. 1991 മുതൽ പഴയ നയങ്ങൾ പാടേ ഉപേക്ഷിച്ച് കമ്പോള വികസന മാതൃക സ്വീകരിച്ചു. ഇതിന്റെ ഫലമായി ശരാശരി വളർച്ച 7.5 ശതമാനമായി ഉയർന്നു.

മോദിയുടെ കീഴിൽ
 സാമ്പത്തിക തിരിച്ചടി
മോദിയുടെ 9 വർഷക്കാലത്തെ ഭരണം സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചു. ഇത് താഴെ കൊടുത്തിരിക്കുന്ന ചിത്രം 3-ൽ കൃത്യമായി കാണാം. 2016-–17-ൽ സാമ്പത്തിക വളർച്ച 8.3 ശതമാനം ആയിരുന്നത് പിന്നീടുള്ള വർഷങ്ങളിൽ അത് 7%, 6.1%, 4% എന്നിങ്ങനെ അനുക്രമമായി കുറഞ്ഞു. വികലമായ സാമ്പത്തിക നയങ്ങളാണ് ഇതിനു മുഖ്യകാരണം. ഏറ്റവും വലിയ വിഡ്ഡിത്തം നോട്ട് നിരോധനം തന്നെ. ജി.എസ്.ടി നടപ്പാക്കിയ രീതിയും തിരിച്ചടിയായി. അങ്ങനെ കോവിഡിനു മുന്നേ ശരാശരി സാമ്പത്തിക വളർച്ച 4 ശതമാനമായി താഴ്ന്നു കഴിഞ്ഞിരുന്നു. മോദിയുടെ ആദ്യ ആറ് വർഷത്തെ ശരാശരി സാമ്പത്തിക വളർച്ച 6.8 ശതമാനമാണ്. 1991-നുശേഷം ഉണ്ടായ 7.5 ശതമാനം വളർച്ചയേക്കാൾ താഴ്ന്നത്.

കോവിഡ് പകർച്ചവ്യാധിക്ക് ഉത്തരവാദി മോദി അല്ലായെന്നതു ശരി. പക്ഷേ, ഇതിന്റെ ഫലമായി ലോകത്തെ ഏറ്റവും വലിയ സാമ്പത്തികത്തകർച്ച നേരിട്ട രാജ്യമായി ഇന്ത്യയെ മാറ്റിയതിൽ അദ്ദേഹത്തിന്റെ പങ്ക് കുറച്ചു കാണാനാവില്ല. കോവിഡിനുശേഷം സ്വാഭാവികമായി -8 ശതമാനത്തിൽ നിന്നും വളർച്ച 8.7% ആയി 2021–-22-ൽ ഉയർന്നിട്ടുണ്ട്. പക്ഷേ, മൊത്തം ജിഡിപി കോവിഡിനുമുമ്പ് ഉണ്ടായിരുന്ന നിലയേക്കാൾ അൽപ്പം ഭേദപ്പെട്ടിട്ടുണ്ട്. ഈ വീണ്ടെടുപ്പാവട്ടെ ഇപ്പോൾ വീണ്ടും പ്രശ്നങ്ങളെ നേരിടുകയാണ്.

മോദിയുടെ ധനനയങ്ങൾ
നയപരമായിവന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം ആസൂത്രണത്തെ ദുർബലപ്പെടുത്തി എന്നതാണ്. മോദി ഭരണത്തിൽ ഇപ്പോൾ ഔപചാരികമായി പഞ്ചവത്സര പദ്ധതികൾ അവസാനിപ്പിച്ചതാണ്. കമ്പോളത്തെ പരമപ്രധാനമായി കരുതുന്ന വ്യവസ്ഥയിൽ ആസൂത്രണത്തിനു സ്ഥാനമുണ്ടാവില്ലല്ലോ. അതിനു മുമ്പുതന്നെ ധനഉത്തരവാദിത്വ നിയമങ്ങൾ കൂടുതൽ കർശനമാക്കി. പുതിയ ധനനയത്തിന്റെ ഭാഗമാണ് ജി.എസ്.ടി നികുതി. ചരക്കുകളുടെ നീക്കത്തിന്മേലുള്ള എല്ലാ സംസ്ഥാന നിയന്ത്രണങ്ങളും അതുവഴി ഇല്ലാതായി.

കോർപ്പറേറ്റുകൾക്ക് നികുതി ഇളവുകൾ നൽകുകയെന്നുള്ളത് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ട നിയോലിബറൽ നയമാണ്. ഇന്ത്യയിൽ മോദി നൽകിയതുപോലെ കോർപ്പറേറ്റ് നികുതിയിളവ് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. 1.25 ലക്ഷം കോടി രൂപയാണ് കോർപ്പറേറ്റുകൾക്ക് നികുതിയിളവായി നൽകിയത്. എന്നാൽ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ ചില ജനക്ഷേമ നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് പണവിഭവം കൂടിയേ തീരൂ. ഇതിന് മോദി സ്വീകരിച്ച മാർഗ്ഗം ജനങ്ങളിൽ നിന്നുതന്നെ അതു പിരിച്ചെടുക്കുക എന്നതാണ്. അതാണ് എണ്ണവിലക്കൊള്ള.

എൻഡിഎ സർക്കാർ അധികാരത്തിൽവന്ന 2014 മെയ് മാസത്തിൽ പെട്രോളിന്റെ കേന്ദ്ര നികുതി ലിറ്ററൊന്നിന് 9.48 രൂപയായിരുന്നത് 2020 ജൂൺ ആയപ്പോഴേയ്ക്കും 32.89 രൂപയായി ഉയർത്തി. മൂന്നരമടങ്ങ് വർദ്ധന! ഡീസലിന്റെ കേന്ദ്ര നികുതി ലിറ്ററൊന്നിന് 3.56 രൂപയായിരുന്നത് 31.83 രൂപയായി ഉയർത്തി. ഒൻപതരമടങ്ങ് വർദ്ധന! മോദി അധികാരത്തിൽ വരുമ്പോൾ പെട്രോൾ വില ലിറ്ററിന് 65 രൂപയായിരുന്നു. അന്ന് ക്രൂഡോയിൽ വില ബാരലിന് 98 ഡോളർ ആയിരുന്നു. ഇപ്പോൾ ക്രൂഡോയിലിന്റെ വില 73 ഡോളർ മാത്രമാണ്. എന്നാൽ ഇന്ത്യയിലെ പെട്രോളിന്റെ വില ലിറ്ററിനു 108 രൂപയാണ്.

ചിത്രം 4
ഇന്ത്യയിലെ നിക്ഷേപം ജിഡിപിയുടെ ശതമാനമായി 2005–06/2017-18

കടപ്പാട്: ആർ. നാഗരാജ് (www.TheIndiaForum.in February 7, 2020)

ഇടിയുന്ന നിക്ഷേപം
ഇത്രയേറെ ഇളവുകൾ കോർപ്പറേറ്റുകൾക്കു നൽകിയിട്ടും സമ്പദ്ഘടനയിലെ നിക്ഷേപം ഉയരുന്നില്ലയെന്നതാണ് ഇന്നു മോദി ഭരണം നേരിടുന്ന ഒരു വെല്ലുവിളി. ഇന്ത്യൻ സമ്പദ്ഘടനയിലെ നിക്ഷേപം 2008-ൽ ജിഡിപിയുടെ 38 ശതമാനം വരുമായിരുന്നു. എന്നാൽ ആഗോള ധനകാര്യ കുഴപ്പത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷേപം 36 ശതമാനത്തിനു താഴെയായി പിറ്റേവർഷം കുറഞ്ഞു. പിന്നീട് ഏതാണ്ട് ഇതേ നിലയിൽ 2013-–14 വരെ തുടർന്നു. പിന്നെ ചിത്രം 4-ൽ കാണാവുന്നതുപോലെ തുടർച്ചയായിട്ടുള്ള ഇടിവാണ്. 2017-–18-ൽ 30 ശതമാനമായി താഴ്ന്നു. നിർമ്മലാ സീതാരാമൻ സ്വീകരിച്ച നടപടികൾക്കൊന്നും ഫലമുണ്ടായില്ല. യഥാർത്ഥ കാരണം അപര്യാപ്തമായ ഡിമാൻഡാണ്. ജനങ്ങളുടെ ക്രയശേഷി വർദ്ധിക്കുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ മുതൽമുടക്കാൻ മുതലാളിമാർക്ക് താല്പര്യം വരുന്നില്ല.

കാർഷിക മേഖല
കാർഷിക മേഖലയിൽ സമൂലമായ പൊളിച്ചെഴുത്താണ് മോദി ലക്ഷ്യമിട്ടത്. ഇന്ത്യയിൽ ഒരു രണ്ടാം ഹരിതവിപ്ലവം കൂടിയേതീരൂ. ഒന്നാം ഹരിതവിപ്ലവത്തിലെന്നപോലെ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ ഈ പരിവർത്തനം കൊണ്ടുവരുന്നതിനു പകരം, ഇതിനുള്ള ചുമതല കോർപ്പറേറ്റുകളെ ഏൽപ്പിക്കാനാണ് മോദി തീരുമാനിച്ചത്. ഇതിനു വേണ്ടിയാണ് സുപ്രധാനമായ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവരാൻ നടപടി സ്വീകരിച്ചത്. അതുവഴി സംഭംരണം ഇല്ലാതാകും, താങ്ങുവില സമ്പ്രദായം അവസാനിപ്പിക്കും. ധാന്യങ്ങൾ സൂക്ഷിക്കുന്നതിനും വ്യാപാരത്തിനുമുള്ള സർവ്വസ്വാതന്ത്ര്യങ്ങളും കോർപ്പറേറ്റുകൾക്കു ലഭിക്കും. അവരുമായി കരാറിലേർപ്പെടുന്ന കൃഷിക്കാർക്ക് രണ്ടാം ഹരിതവിപ്ലവ പാക്കേജ് ലഭ്യമാക്കും. ഈ നീക്കത്തെയാണ് കൃഷിക്കാരുടെ ഒറ്റക്കെട്ടായ സമരം എതിർത്തു തോൽപ്പിച്ചത്.

വ്യവസായ മേഖല
വ്യവസായമേഖലയിൽ മോദിയുടെ ഉന്നം മൂന്നായിരുന്നു. ഒന്ന്, തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതുക. അതിനായി നിയമം പാസ്സാക്കി. പക്ഷേ, തൊഴിലാളികളുടെ ഒറ്റക്കെട്ടായ എതിർപ്പു അതു മൂലം ഇനിയും നടപ്പാക്കാനായിട്ടില്ല.

രണ്ട്, പൊതുമേഖലയുടെ സ്വകാര്യവൽക്കരണം. നാളിതുവരെ നടപ്പാക്കിയിട്ടുള്ള പൊതുമേഖലാ വില്പനയുടെ 70 ശതമാനം മോദിയാണ് വിറ്റു കാശാക്കിയിട്ടുള്ളത്. ചില തന്ത്രപ്രധാനമായ വ്യവസായങ്ങൾ ഒഴികെ ബാക്കിയെല്ലാം വില്ക്കണമെന്നതാണ് പുതിയ നയം. പൊതുമേഖല മാത്രമല്ല, നാടിന്റെ പൊതുസ്വത്തും വിറ്റഴിക്കുന്നതിനുവേണ്ടി ആസ്തികളുടെ മോണിറ്റൈസേഷൻ എന്നാരു പുതിയ സമ്പ്രദായവും മോദി ആവിഷ്കരിച്ചിട്ടുണ്ട്. ഒരു വെടിക്ക് രണ്ട് പക്ഷി: ചുളുവിലയ്ക്ക് കോർപ്പറേറ്റുകൾക്ക് പൊതുമേഖല സ്വന്തമായിക്കിട്ടും. സർക്കാരിനാവട്ടെ നികുതി വർദ്ധിപ്പിക്കാതെ വരുമാനം വർദ്ധിപ്പിക്കാം.

മൂന്ന്, ശിങ്കിടി മുതലാളിത്തത്തെയാണ് മോദി ഒരു വികസന തന്ത്രമായി ആവിഷ്കരിച്ചത്. സർക്കാരിന്റെ സർവ്വ പിന്തുണയോടെയും ഏതാനും ഇന്ത്യൻ മുതലാളിമാരെ ആഗോള ഭീമന്മാർ ആക്കിയാലേ ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യക്കു വളരാനാകൂവെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. 2013-ൽ ഇന്ത്യയിൽ 55 ശതകോടീശ്വരന്മാരാണ് ഉണ്ടായിരുന്നത്. 2023-ൽ ഇവരുടെ എണ്ണം 167 ആയി വർദ്ധിച്ചിരിക്കുന്നു. ഇതിൽ മൂന്നിലൊന്നു പേരെങ്കിലും മോദിക്കു മുമ്പ് ഇന്ത്യയിൽ അറിയപ്പെട്ടിരുന്നവരേ അല്ല.

ഇതൊക്കെ ചെയ്തിട്ടും മേക്ക് ഇൻ ഇന്ത്യ പരിപാടി അമ്പേ പൊളിഞ്ഞു പാളീസായി. ദേശീയ വരുമാനത്തിൽ വ്യവസായ മേഖലയുടെ വിഹിതത്തിലുണ്ടായ വർദ്ധനവ് നാമമാത്രമാണ്.

വിദേശമൂലധനത്തിന്റെ കടന്നുവരവ്
ഈ പശ്ചാത്തലത്തിൽ സാമ്പത്തിക വളർച്ചയ്ക്ക് മോദി കൂടുതൽ കൂടുതൽ ആശ്രയിക്കുന്നത് വിദേശമൂലധനത്തിന്റെ കടന്നുവരവിനെയാണ്. വിദേശമൂലധനത്തിന് ആശങ്കയുണ്ടാക്കുന്ന ഒരു നടപടിക്കും മോദി തയ്യാറല്ല. കോവിഡ് കാലത്തുപോലും യാഥാസ്ഥിതികമായ ധനനയം പിന്തുടർന്നതിന്റെ അടിസ്ഥാനകാരണം ഇതാണ്. വിദേശമൂലധനത്തെ ആകർഷിക്കുന്നതിൽ നേടിയ വിജയമാണ് രാജ്യത്തിന്റെ വിദേശവിനിമയ ശേഖരത്തിനുണ്ടായ ചാഞ്ചാട്ടത്തെ മറികടക്കാൻ സഹായിച്ചത്. പക്ഷേ, ഈ വിദേശനിക്ഷേപത്തിന്റെ ഗണ്യമായൊരു ഭാഗം താല്ക്കാലികമായി ഷെയർ മാർക്കറ്റിൽ വ്യാപാരത്തിൽ വന്നിട്ടുള്ള ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് അഥവാ വിദേശ സ്ഥാപന നിക്ഷേപകരുടേതാണ്.

ഇവരുടെ മൊത്തം നിക്ഷേപം 281 ബില്യൺ ഡോളർ ആണെന്നാണു കണക്ക്. ഈ പണം ഓഹരികളിലും ബോണ്ടുകളിലുമെല്ലാം നിക്ഷേപിച്ചിരിക്കുകയാണല്ലോ. അവയുടെ വിപണിമൂല്യം 60,700 കോടി ഡോളർ വരുമെന്നാണ് മറ്റൊരു കണക്ക് (2021 മാർച്ച് 31). ഇവിടെയാണ് അപകടം. ഈ 60,700 കോടി ഡോളർ ഷെയറുകളും ബോണ്ടുകളും വിറ്റഴിച്ച് തങ്ങളുടെ പണം പിൻവലിക്കാൻ തീരുമാനിച്ചാൽ ഇന്നത്തെ ഭീമാകാരമായ വിദേശ വിനിമയശേഖരം മുഴുവൻ കാറ്റുപോയ ബലൂൺ പോലെയാകും.

വർഗീയ ധ്രുവീകരണ
 രാഷ്ട്രീയത്തിന്റെ പിൻബലം
കോൺഗ്രസ് തുടങ്ങിവച്ച നിയോലിബറൽ നയങ്ങൾ നടപ്പാക്കുന്നതിന് കോൺഗ്രസിനേക്കാൾ ഫലപ്രദമായി പ്രവർത്തിക്കാനാവുക ബിജെപിക്ക് ആയിരിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ മുതലാളി വർഗം മോദിയെ പിന്താങ്ങി അധികാരത്തിലേറ്റി. വർഗീയമായി ജനങ്ങളെ ധ്രുവീകരിച്ചുകൊണ്ടുള്ള ഒരു അർദ്ധഫാസിസ്റ്റ് സർക്കാരിനു മാത്രമേ ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാനാകൂവെന്നാണ് ഇത് വ്യക്തമാക്കുന്നത് .

മോദിയുടെ സാമ്പത്തിക നയത്തിനെതിരെ ജനങ്ങൾ വലിയ തോതിൽ സമരങ്ങളിൽ അണിനിരന്നിട്ടും അതു ദേശീയ രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നില്ലായെന്നതാണ് ഒരു പ്രഹേളിക. കർഷകസമരത്തിന്റെ വിജയത്തിനു ശേഷമുള്ള യുപി തിരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചു. ഇതിന്റെ അടിസ്ഥാന കാരണം തൊഴിൽസ്ഥലത്തിനു പുറത്തു വീട്ടിലും സമൂഹത്തിലും ഉണ്ടായിട്ടുള്ള വർഗീയതയുടെ കടന്നുകയറ്റമാണ്. നിയോലിബറലിസത്തിന്റെ കവചമാണ് വർഗീയത.

ഭരണകൂടത്തിന്റെ സ്വഭാവത്തിൽതന്നെ മാറ്റം വന്നു. ഇതു നിയോലിബറൽ ഭരണകൂടമാണ്. എന്നുവച്ചാൽ സാമ്പത്തിക മേഖലയിൽ നിന്ന് പിൻവാങ്ങുകയല്ല. ആ മേഖലകളെയെല്ലാം മൂലധന ശക്തികളുടെ സമ്പൂർണ ആധിപത്യത്തിനു വഴിയൊരുക്കുന്നതിനുവേണ്ടി നിരന്തരം ഇടപെടുന്ന സർക്കാരാണിത്. ഇതിന്റെ ഫലമായി ജനാധിപത്യം ചുരുങ്ങുന്നു. ഫെഡറലിസം തകരുന്നു. യഥാർത്ഥ ഫെഡറലിസത്തിനും ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിനും വേണ്ടിയുള്ള പോരാട്ടത്തിന് ഈ അവസരത്തിൽ പ്രാധാന്യമേറുന്നു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − 12 =

Most Popular