Saturday, July 27, 2024

ad

Homeകവര്‍സ്റ്റോറിഅവഗണിക്കപ്പെടുന്ന ആരോഗ്യമേഖല

അവഗണിക്കപ്പെടുന്ന ആരോഗ്യമേഖല

ഡോ ബി ഇക്ബാൽ

മോദി സർക്കാർ അധികാരമേറ്റതിനെ തുടർന്ന് അവതരിപ്പിക്കപ്പെട്ട ബജറ്റുകളും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നടപടികളും ആരോഗ്യമേഖലയെ ദുർബലപ്പെടുത്തുകയും ഗുരുതരമായ പ്രതിസന്ധികളിലേക്ക് നയിക്കുകയും ചെയ്തിരിക്കുകയാണ്. കോവിഡ് മഹാമാരിയെ നേരിടുന്നതിലും തികഞ്ഞ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് കേന്ദ്രസർക്കാരിൽ നിന്നുമുണ്ടായത്. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്നും മുക്തമാകുന്നതിനുമുൻപുതന്നെ ഔഷധവില വർധിപ്പിച്ച് ജനങ്ങളുടെ ദുരിതം വർധിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. പിന്നീടവതരിപ്പിച്ച ബജറ്റിലും ആരോഗ്യമേഖല മുൻകാലങ്ങളേതുപോലെ കടുത്ത അവഗണനയാണ് നേരിട്ടത്. മോദി സർക്കാരിനെ അനുകൂലിക്കാറുള്ള ദേശീയ മാധ്യമങ്ങൾ പോലും ആരോഗ്യമേഖലയിൽ സർക്കാർ പരാജയപ്പെട്ടു എന്ന് വിലപിക്കുന്നു. ഇടയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന ഡോക്ടർ കൂടിയായ ഹർഷ് വർധനെ വകുപ്പിൽ നിന്നും മാറ്റിയത് തന്നെ സർക്കാരിന്റെ കുറ്റസമ്മതമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

കോവിഡ് നിയന്ത്രണ വീഴ്ചകൾ
കോവിഡ് വ്യാപനം തടയുന്നതിലും നിയന്ത്രിക്കുന്നതിലും ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് ആദ്യഘട്ടം മുതൽ വിഴ്ചകൾ സംഭവിച്ചിരുന്നു. ജനുവരി മധ്യം മുതൽ മൂന്ന് എയർപോർട്ടുകളിൽ ചൈനയിൽ നിന്നും വരുന്നവരെ മാത്രമാ‍ണ് പനി പരിശോധനയ്ക്ക് വിധേയരാക്കിയത്. ഫെബ്രുവരി 5 മുതൽ ചൈനയിൽ നിന്നുള്ള യാത്രക്കാർ ഇന്ത്യയിൽ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. അതേയവസരത്തിൽ 2020 ജനുവരി 31 നകം 25 ഓളം രാജ്യങ്ങളിൽ നിന്നും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും മാർച്ച് 4 ന് മാത്രമാണ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാരെ എയർപോർട്ടിൽ രോഗപരിശോധനയ്ക്ക് വിധേയമാക്കാൻ തുടങ്ങിയത്. പിന്നെയും ഏതാണ്ട് മൂന്നാഴ്ചകൾക്കുശേഷം മാർച്ച് 22 നു മാത്രമാണ് അങ്ങോട്ടും ഇങ്ങോട്ടുമുള്ള അന്തരാഷ്ട്ര വിമാനയാത്ര പൂർണ്ണമായും നിരോധിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് തന്നെ 2020 ജനുവരി 18 നും മാർച്ച് 23 നുമിടക്ക് 15 ലക്ഷം അന്താരാഷ്ട്ര വിമാനയാത്രക്കാരാണ് ഇന്ത്യയിൽ പ്രവേശിച്ചത്. മാത്രമല്ല ഭൂരിപക്ഷം കോവിഡ് ബാധിതരും രോഗലക്ഷണം കാട്ടാത്തവരാണെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നെങ്കിലും എയർപോർട്ടുകളിൽ പനി പരിശോധന മാത്രമാണ് നടത്തികൊണ്ടിരുന്നത്.

ലോക്ഡൗൺ പ്രത്യാഘാതങ്ങൾ
ഒരു മുന്നറിയിപ്പുമില്ലാതെ 2020 മാർച്ച് 24 അർധരാത്രി മുതൽ നടപ്പിലാക്കിയ സമ്പൂർണ്ണ ലോക്ഡൗൺ സൃഷ്ടിച്ച മാനുഷികവും സാമ്പത്തികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങൾ മുന്നിൽക്കണ്ട് കരുതൽനടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെടുകയാണുണ്ടായത്. അഖിലേന്ത്യാ ലോക്ഡൗണിനെ തുടർന്ന് ഏറ്റവുമധികം ദുരിതമനുഭവിച്ചത് വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു. തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് വരുമാനം നിലച്ച അവർ ആഹാരവും താമസ സൗകര്യവുമില്ലാതെ കഷ്ടപ്പെട്ടു. സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ കഴിയാതെ പല സംസ്ഥാനങ്ങളിലും തൊഴിലാളികൾ കലാപത്തിനൊരുങ്ങി. ലോക്ഡൗൺ ലഘൂകരിച്ച ആദ്യഘട്ടത്തിൽ പോലും അന്തർസംസ്ഥാന യാത്രകളനുവദിച്ചിരുന്നില്ല. ഒരു നിവൃത്തിയുമില്ലാതെ കുടിയേറ്റതൊഴിലാളികൾ മാതൃസംസ്ഥാനങ്ങളിലേക്ക് കാൽനടയായി റോഡിലൂടെയും റെയിൽപാതകളിലൂടെയും യാത്രയാരംഭിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽപാതയിലൂടെ നടന്ന് നീങ്ങിയ 16 പേർ ട്രെയിൻ ഇടിച്ച് മരണമടഞ്ഞ ദാരുണസംഭവം രാജ്യത്തെ ഞെട്ടിച്ചു. വിഭജനകാലത്തെ അനുസ്മരിക്കുന്ന കഷ്ടതകൾ നിറഞ്ഞ ഹൃദയഭേദകമായ പ്രയാണമാണ് കുടിയേറ്റത്തൊഴിലാളികൾ നടത്തിക്കൊണ്ടിരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏകോപിതമായി ആസൂത്രണം ചെയ്തിരുന്നെങ്കിൽ സന്നദ്ധസംഘടനകൾ, തൊഴിലാളിസംഘടനകൾ, രാഷ്ടീയ പാർട്ടികൾ എന്നിവയുടെ സഹകരണത്തോടെ കുടിയേറ്റത്തൊഴിലാളികളൂടെ ദുരിതങ്ങൾ വലിയൊരളവ് പരിഹരിക്കാ‍ൻ കഴിയുമായിരുന്നു. ലോക്ഡൗൺ കാലത്ത് തൊഴിൽനഷ്ടം മൂലം ലക്ഷക്കണക്കിനാളുകൾ പട്ടിണിയെ അഭിമുഖീകരിച്ചു. അതുപോലെ സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങി കോവിഡ് സാന്നിധ്യമില്ലാതിരുന്ന സംസ്ഥാനങ്ങളെ ലോക്ഡൗണിന് വിധേയമാക്കേണ്ട ആവശ്യവുമില്ലായിരുന്നു.

ആവശ്യമായ മുന്നൊരുക്കമില്ലാതെ നടപ്പിലാക്കിയ സമ്പൂർണ്ണ ലോക്ഡൗൺ ന്യായീകരിക്കാനായി സർക്കാർ മുന്നോട്ടുവച്ച വാദഗതികൾ അത്ര വിശ്വസനീയവുമായിരുന്നില്ല ലോക്ഡൗൺ മൂലം 8.2 ലക്ഷം കോവിഡ് കേസുകൾ തടയാൻ കഴിഞ്ഞു എന്ന് ആരോഗ്യവകുപ്പ് 2020 ഏപ്രിൽ 11 ന് നടത്തിയ പ്രസ്താവനയിൽ അവകാശപ്പെട്ടു. സമ്പൂർണ്ണ ലോക്ഡൗണിനുപകരം പരിമിതമായ നിയന്ത്രണനടപടികൾ (Containment) മാത്രമാണ് സ്വീകരിച്ചിരുന്നതെങ്കിൽ കേവലം 1.2 ലക്ഷം കേസുകൾ മാത്രമേ ഒഴിവാക്കാൻ കഴിയുമായിരുന്നുള്ളൂ എന്നും ആരോഗ്യവകുപ്പ് വാദിച്ചു. മാർച്ച് 24 മുതൽ ഏപ്രിൽ 15 വരെ 8.2 ലക്ഷം കേസുകൾ ഉണ്ടാവണമെങ്കിൽ ദിനംപ്രതി രോഗികളുടെ എണ്ണത്തിൽ 40% വർധന ഉണ്ടാവേണ്ടതുണ്ട്. എന്നാൽ ലോകത്ത് എറ്റവുമധികം രോഗവ്യാപനമുണ്ടായ റഷ്യയിൽ പോലും ദിനംപ്രതി കേവലം 19 ശതമാനം വർധന മാത്രമാണുണ്ടായത്. കോവിഡ് മെഡിക്കൽ നിർവഹണത്തിനുള്ള ദേശീയകർമ്മസമിതി 2020 മെയ് 16 ഓടെ ഇന്ത്യയിൽ കോവിഡ് കേസുകളൊന്നും ഉണ്ടാവില്ല എന്ന് അവരുടെ ഗണിതശാസ്ത്ര മാതൃകകൾ പ്രകാരം പ്രവചിച്ചിരുന്നു. എന്നാൽ മെയ് 16 ന് 85,940 കേസുകളും 2,752 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗവ്യാപന പ്രവണതകൾ വിശകലനം ചെയ്യുന്നതിൽ ശാസ്ത്രീയമാ‍യ വിവരശേഖരണമാനദണ്ഡങ്ങൾ പിന്തുടർന്നിരുന്നില്ല എന്നാണിതൊക്കെ സൂചിപ്പിക്കുന്നത്.

ഫെഡറൽ തത്വങ്ങൾ ലംഘിക്കപ്പെടുന്നു
കോവിഡ് പ്രതിരോധത്തിൽ ഫെഡറൽതത്വങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിനോ അവരുടെ സഹകരണം ഉറപ്പാക്കുന്നതിനോ യാതൊരു ശ്രമവും കേന്ദ്രസർക്കാർ സ്വീകരിച്ചില്ല. 2005 ലെ ദുരന്തനിവാരണ നിയമമനുസരിച്ച് (Disaster Management Act 2005) പെടുന്നനവേ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് കോവിഡ് പ്രതിരോധനടപടികളെല്ലാം മറ്റ് ദേശീയദുരന്തങ്ങളുടെ കാര്യത്തിലെന്ന പോലെ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിനുകീഴിലായി. ഘട്ടംഘട്ടമായി ലോക്ഡൗൺ പിൻവലിക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ സംസ്ഥാനങ്ങളുടെ സവിശേഷസാഹചര്യങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയമായിട്ടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുപോന്നത്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ടുണ്ടായ അധികച്ചെലവിനു പുറമേ ലോക്ഡൗണിനെ തുടർന്ന് നികുതിവരുമാനത്തിൽ വലിയ ഇടിവുണ്ടായതോടെ മിക്ക സംസ്ഥാനങ്ങൾക്കും വലിയ സാമ്പത്തികപ്രതിസന്ധിയെ നേരിടേണ്ടിവന്നു. കോവിഡ് നിയന്ത്രണത്തിനാവശ്യമായ അധികച്ചെലവ് സമാഹരിക്കാൻ സംസ്ഥാനങ്ങൾ ബുദ്ധിമുട്ടികൊണ്ടിരുന്ന അവസരത്തിലാണ് കേന്ദ്രസർക്കാർ 20 ലക്ഷം കോടി രൂപയുടെ ഉത്തേജകപാക്കേജ് പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ ഇപ്പോൾ ദേശീയ വരുമാനത്തിന്റെ കേവലം 1.1% മാത്രമാണ് ആരോഗ്യമേഖലയ്ക്കായി ചെലവിടുന്നത്. കേന്ദ്ര ആരോഗ്യ നയപ്രകാരം 3 ശതമാനം ആരോഗ്യമേഖലക്ക് നീക്കിവെക്കേണ്ടതാണ്. ദേശീയവരുമാനത്തിന്റെ ഒരു ശതമാ‍നം വകയിരുത്തിയിരുന്നെങ്കിൽ ആരോഗ്യമേഖലയ്ക്ക് 2 ലക്ഷം കോടി രൂപ അനുവദിക്കേണ്ടിവരുമായിരുന്നു. എന്നാൽ ലഭിച്ചതോ കേവലം 15,000 കോടി രൂപ മാത്രം. കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും ദേശീയതലത്തിൽ മരുന്നുകളും വാ‍ക്സിനും ഉല്പാദിപ്പിക്കേണ്ടതായിട്ടുണ്ട്. എന്നാൽ തികച്ചും അവഗണിക്കപ്പെട്ട് നിർജ്ജീവാവസ്ഥയിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് വാക്സിൻ ഫാക്ടറികളുടെയോ ഐ ഡി പി എൽ, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക് എന്നീ പൊതുമേഖലാ മരുന്നുകമ്പനികളുടെയോ പുനരുജ്ജീവനത്തിനായി ഫണ്ടൊന്നും അനുവദിച്ചതുമില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം മൂലമാണ് കേരളത്തിനും മറ്റ് പല ഇന്ത്യൻസംസ്ഥാനങ്ങൾക്കും കോവിഡ് നിയന്ത്രണം വിജയകരമായി നിർവഹിക്കാൻ കഴിഞ്ഞത്. ജി എസ് ടി മൂലം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തനത്ഫണ്ടിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്. വികസനപ്രവർത്തനങ്ങൾക്കായുള്ള ഫണ്ടുകൾ കോവിഡ് പ്രതിരോധത്തിനായി ചെലവിടേണ്ടിവരുന്നുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നത് കേന്ദ്രസർക്കാർ പരിഗണിച്ചതേയില്ല.

പാർലമെന്ററി ആരോഗ്യസ്ഥിരംസമിതി കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിച്ച് കൊണ്ട് രാജ്യസഭാദ്ധ്യക്ഷന് നൽകിയ റിപ്പോർട്ടിൽ വിലപ്പെട്ട നിരവധി ശുപാർശകൾ അടങ്ങിയിരുന്നു. കോവിഡ് നിയന്ത്രണത്തിൽ ഫലപ്രദമായി ഇടപെടുന്നതിൽ പരാജയപ്പെട്ട രോഗനിയന്ത്രണ ഏജൻസികളായ എൻ സി ഡി സി , ഐ എസ് ഡി പി എന്നിവയെ പുനരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്തേണ്ടതാണ്. കേന്ദ്ര-–സംസ്ഥാന-–ജില്ലാ തല രോഗ നിരീക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തേണ്ടതുണ്ട്. കോവിഡ് പ്രതിരോധത്തിനിടെ അവഗണിക്കപ്പെട്ട കോവിഡേതരരോഗങ്ങളുടെ ചികിത്സ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കേണ്ടതാണ് തുടങ്ങിയ നിരവധി നിർദ്ദേശങ്ങൾ കോവിഡ് ചികിത്സയ്ക്കുള്ള കൃത്യമായ ചികിത്സാമാനദണ്ഡങ്ങൾ ആവിഷ്കരിക്കാതിരുന്നതുമൂലം സ്വകാര്യആശുപത്രികൾ രോഗികളെ അമിതമായ സാമ്പത്തികചൂഷണത്തിന് വിധേയരാക്കിവരികയാണെന്നും ഇക്കാര്യം പരിഹരിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യനയരേഖയിൽ പറഞ്ഞിട്ടുള്ളതുപോലെ ആരോഗ്യച്ചെലവ് ദേശീയവരുമാനത്തിന്റെ 3.5 ശതമാനമായി വർധിപ്പിക്കണെമെന്നും റിപ്പോർട്ടിൽ ശുപാർശചെയ്തിരുന്നു. എന്നാൽ പാർലമെന്ററിസമിതി ശുപാർശകളൊന്നും കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിച്ചതായി കാണുന്നില്ല.


രണ്ടാം തരംഗം 
കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേട്

ഇന്ത്യയിൽ രോഗവ്യാപനം നിയന്ത്രണ വിധേയമായിക്കഴിഞ്ഞു എന്ന് മിഥ്യാധാരണ സൃഷ്ടിച്ച അമിതമായ ആത്മവിശ്വാസമാണ് രാജ്യത്തെ അപകടസ്ഥിതിയിലേക്ക് നയിച്ചത്. 2021 മാർച്ച് അവസാനത്തിൽ രാജ്യം കോവിഡിന്റെ അന്ത്യം കണ്ടു തുടങ്ങിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരോഗ്യ മന്ത്രി ഹർഷ് വർധൻ കോവിഡ് പ്രതിരോധത്തിന് വിജയകരമായ നേതൃത്വം കൊടുത്ത പ്രധാനമന്ത്രിയെ പുകഴ്ത്തിയിരുന്നു. അന്തരാഷ്ട്രസഹകരണത്തിന്റെ ഭാഗമായി സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ലോകാരോഗ്യസംഘടനയുടെ കോവാക്സ് അന്താരാഷ്ട്ര വാക്സിൻ പദ്ധതിക്കായും മറ്റ് രാജ്യങ്ങളിലേക്കും 5 കോടി വാക്സിൻ ഡോസ് കയറ്റുമതി ചെയ്ത് വാക്സിൻനയതന്ത്രത്തിലും വാക്സിൻ അന്താരാഷ്ട്രസഹവർത്തിത്വത്തിലും പങ്കാളിയാവുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി “വാക്സിൻ ഗുരു’’ എന്നുവരെ വിശേഷിപ്പിക്കപ്പെട്ടു.

ആരോഗ്യമന്ത്രിയിൽ നിന്നാരംഭിച്ച് രാജ്യത്തു പടർന്ന് പിടിച്ച അമിതആത്മവിശ്വാസത്തെ തുടർന്ന് തിരഞ്ഞെടുപ്പ്കമ്മീഷൻ ഫെബ്രുവരി അവസാനം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മാർച്ച് 27 നാരംഭിച്ച തിരഞ്ഞെടുപ്പ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതും 824 മണ്ഡലങ്ങളിലായി 18.6 കോടി പേർ വോട്ട് രേഖപ്പെടുത്തേണ്ടതുമായിരുന്നു. പശ്ചിമബംഗാളിന്റെ കാര്യത്തിൽ എട്ട് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടുള്ള അതീവവാശിയോടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറിയത്. അതിനിടെ ക്രിക്കറ്റ് ബോർഡ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് അനുവാദം നൽകി. മാസ്കുപോലും ധരിക്കാതെ 270,000 പേരാണ് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കാണികളായെത്തിയത്. കുംഭമേളയടക്കമുള്ള ചെറുതും വലുതുമായ ഉത്സവങ്ങളും ആൾക്കൂട്ട മേളകളും രാജ്യത്തിന്റെ പലഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. ഇതിന്റെ യെല്ലാം ഫലമായി കോവിഡ് വ്യാപനം കൂടുതൽ ശക്തിപ്പെട്ടു.

വിനാശകരമായ വാക്സിൻ നയം
2021 ജനുവരി മുതൽ രാജ്യത്ത് വാസ്കിൻ വിതരണം മുൻഗണനാക്രമം നിശ്ചയിച്ച് ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും മുൻനിരപ്രവർത്തകർക്കുമാണ് വാക്സിൻ നൽകിത്തുടങ്ങിയത്, തുടർന്ന് 65 വയസ്സിൽ കൂടുതലുള്ളവർക്കും 40 വയസ്സിന് മുകളിലുള്ള മറ്റ് ഗുരുതരരോഗമുള്ളവർക്കും പിന്നീട് 45 വയസ് കഴിഞ്ഞവർക്കും വാക്സിൻ നൽകിത്തുടങ്ങി. മെയ് 1 മുതൽ 18 വയസ്സിനുമുകളിലുള്ളവർക്കും വാക്സിൻ നൽകാൻ തീരുമാനിച്ചു. 18 വയസ്സിന് മുകളിലുള്ള 95 കോടിപേർക്കായി 190 കോടി ഡോസാണ് നമുക്കാവശ്യമായിട്ടുള്ളത്. സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ചേർന്ന് കേവലം 8 കോടി ഡോസ് വാക്സിൻ മാത്രമാണുല്പാദിപ്പിച്ചിരുന്നത്. വാക്സിൻ എത്രത്തോളം വേണ്ടി വരും, അതിനുള്ള സ്രോതസ്സുകൾ ഏതെല്ലാം തുടങ്ങിയ പ്രാഥമിക വിവരങ്ങളുടെ കാര്യത്തിൽ പോലും യാ‍തൊരു ധാരണയുമില്ലാതെയാണ് കേന്ദ്രസർക്കാർ വാക്സിൻ വിതരണം ആരംഭിച്ചത്.

കേന്ദ്രസർക്കാർ ആദ്യം പ്രഖ്യാപിച്ച വാക്സിൻനയപ്രകാരം വാക്സിൻ കമ്പനികളിൽ നിന്നും ആവശ്യമായ ഡോസിന്റെ 50% വാങ്ങി സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകാനും ശേഷം 50% വാക്സിൻ സംസ്ഥാന സർക്കാരുകളും സ്വകാര്യ ഏജൻസികളും വാങ്ങി വിതരണം ചെയ്യണമെന്നുമാണ് നിഷ്കർഷിച്ചിരുന്നത്. കോവിഡ് മുലം സാമ്പത്തികപ്രതിസന്ധി നേരിട്ട സംസ്ഥാന സർക്കാരുകളുടെ മേൽ അമിതഭാരം അടിച്ചേൽ‌പ്പിക്കുന്ന ഈ തീരുമാനത്തിനെതിരെ കേരളമടക്ക്മുള്ള സംസ്ഥാനസർക്കാരുകൾ പ്രതിഷേധസ്വരം ഉയർത്തി. മാത്രമല്ല കേന്ദ്രസർക്കാർ ഇന്ത്യക്കാവശ്യമായ വാക്സിൻ മുഴുവൻ സ്വകാര്യ കമ്പനികളുമായി വിലപേശിവാങ്ങിയാൽ വലിയ വിലക്കുറവിന് വാക്സിൻ നൽകാൻ കമ്പനികൾ നിർബന്ധിതരാവും. ഇതിനകം സമ്പന്ന രാജ്യങ്ങൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞസ്ഥിതിക്ക് വാക്സിൻ നിർമ്മാണ കമ്പനികൾ ഇന്ത്യയിലെ വലിയ മാർക്കറ്റിൽ താത്പര്യം കാട്ടി തുടങ്ങി. ഇന്ത്യക്ക് വളരെയേറെ വാക്സിൻ ആവശ്യമുള്ളതിനാൽ കേന്ദ്രസർക്കാർ വിവിധ വാക്സിൻകമ്പനികളുമായി വിലപേശിയാൽ കഴിയുന്നത്ര കുറഞ്ഞ വിലക്ക് വാക്സിൻ വാങ്ങിയെടുക്കാനുള്ള സാധ്യതയുണ്ട്. അതില്ലാതാക്കി 50% വാക്സിൻ മാത്രം വാങ്ങാൻ തീരുമാനിച്ച് ഇന്ത്യയുടെ വാക്സിൻമാർക്കറ്റ് സ്വകാര്യകമ്പനികൾക്ക് സംസ്ഥാന സർക്കാരിനെയും ജനങ്ങളെയും കൊള്ളയടിക്കാൻ തുറന്നുകൊടുക്കുകയാണ് ഫലത്തിൽ കേന്ദ്രസർക്കാർ ചെയ്തത്. വാക്സിനേഷൻ ഒരു പൊതുനന്മയായി കണ്ട് സാർവ്വത്രികവും സൗജന്യവുമായ കോവിഡ് വാക്സിൻ വിതരണനയമായിരുന്നു കേന്ദ്രസർക്കാർ നടപ്പിലാക്കേണ്ടിയിരുന്നത്. രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ജീവിതം അപകടത്തിലാക്കിക്കൊണ്ട് തികച്ചും വിനാശകരമായ വാക്സിൻ നയമാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽ‌പ്പിച്ചിരിക്കുന്നതെന്ന പൊതുജനാഭിപ്രായം ഉയർന്നുവന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ വാക്സിൻ നയം ഭാഗികമായി തിരുത്താൻ നിർബന്ധിതമായി. 18 വയസ്സിനുമുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. എന്നാൽ അപ്പോഴും 25% വാക്സിൻ സ്വകാര്യകമ്പനികളിൽനിന്ന് ആശുപത്രികൾ വാങ്ങി വിതരണം ചെയ്യണമെന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.

പൊതുമേഖല വാക്സിൻ ഫാക്ടറികൾ അവഗണിക്കപ്പെടുന്നു
രാജ്യം കോവിഡ് മഹാമാരിയെ നേരിടുന്ന അവസരത്തിൽ വാക്സിൻഉല്പാദനം നിലവിലുള്ള പൊതുമേഖലാ ഔഷധകമ്പനികളിലൂടെ വർധിപ്പിക്കാനുള്ള വലിയൊരവസരമാണ് മോദി സർക്കാരിനുമുന്നിലുണ്ടായിരുന്നത്. ഐ സി എം ആറും ഭാരത് ബയോടെക്കും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവാക്സിന്റെ ബൗദ്ധികസ്വത്തവകാശം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന് ഇതുവരെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല, എങ്കിലും ഐ സി എം ആറിന്റെ പങ്കാളിത്തത്തോടെ സ്വകാര്യകമ്പനിയായ ഭാരത്ബയോടെക് ഉല്പാദിപ്പിച്ചുവരുന്ന കോവാക്സിൻ നിർമ്മാണ സാങ്കേതികവിദ്യയുടെ ഉടമസ്ഥാവകാശം കേന്ദസർക്കാരിനും അവകാശപ്പെട്ടതാണ്. അതുകൊണ്ട് യാതൊരു സാങ്കേതികതടസ്സവുമില്ലാതെ അവശ്യമായ സാമ്പത്തികസഹായം നൽകി നവീകരിച്ചിരുന്നെങ്കിൽ ഇന്ത്യൻ പൊതുമേഖലാകമ്പനികളിലൂടെ വൻതോതിൽ കോവാക്സിൻ ഉല്പാദിപ്പിച്ച് വാക്സിൻക്ഷാമം പരിഹരിക്കാൻ കഴിയുമായിരുന്നു.

മോദി സർക്കാർ പക്ഷേ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താതെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് 3500 കോടി രൂപയും ബാരത് ബയോടെക്കിന് 1500 കോടി രൂപയും സാമ്പത്തിക സഹായം നൽകുകയാണുണ്ടായത്. അതിനിടെ ചെറുകിട പൊതുമേഖലയിലെ വാക്സിൻ കമ്പനികളായ മഹാരാഷ്ട്രയിലെ ഹാഫ്കിൻ ബയോഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനും (65 കോടി രൂപ) ഹൈദരാബാദിലെ നാഷണൽ ഡയറി ഡവലപ്പ്മെന്റ് ബോർഡിന് കീഴിലുള്ള ഇന്ത്യൻ ഇമ്യൂണോളജിക്കൽ ലിമിറ്റഡിനും (60 കോടി രൂപ) ബുൽന്ദ്ഷഹറിലെ ഭാരത് ഇമ്മ്യൂണോളജിക്കത്സ് ആന്റ് ബയോളജിക്കൽസ് ലിമിറ്റഡിനും (30 കോടി രൂപ) തുച്ഛമായ സാമ്പത്തിക സഹായം നൽകാൻ മാത്രമാണ് തീരുമാനമാനിച്ചത്. മാത്രമല്ല ഭാരത്ബയോടെക്കിന്റെ ബാംഗ്ലൂരിലെ പുതിയ കേന്ദ്രത്തിന് 65 കോടി രൂപകൂടി നൽകാനും തീരുമാനിച്ചിരിക്കുന്നു. അപ്പോഴും രാജ്യത്തിന്റെ അഭിമാനമായി കരുതപ്പെട്ടിരുന്ന പ്രമുഖ പൊതുമേഖലാ ഔഷധകമ്പനികൾ അവഗണിക്കപ്പെട്ടു.

കോവിഡ് രോഗത്തിന്റെ ആഘാതം കുറച്ച് തീവ്രപരിചരണം ഒഴിവാക്കി ആശുപത്രി ചികിത്സാകാലം കുറയ്ക്കാൻ റെംഡെസിവിർ മരുന്ന് സഹായിച്ചിരുന്നു, ജിലിയാഡ് സയൻസസ് എന്ന അമേരിക്കൻ കമ്പനിയാണ് റെംഡെസിവീറിന്റെ പേറ്റന്റ് ഉടമകളും ഉല്പാദകരും. ഇന്ത്യയിൽ നാലുകമ്പനികൾക്ക് മരുന്നുല്പാദിപ്പിക്കാനുള്ള ലൈസൻസ് ജിലിയാഡ് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് സിപ്ലാ, ഹെറ്ററോ ലാബ്, സൈഡസ് കാഡില, റെഡ്ഡീസ് ലാബറട്ടറി എന്നീ നാല് കമ്പനികൾ വ്യത്യസ്തവിലകളിലായി മരുന്ന് മാർക്കറ്റ് ചെയ്തുവരുന്നു. വിവിധ കമ്പനികളുടെ മരുന്നുകളുടെ വില കണക്കാക്കിയാൽ അഞ്ച് ദിവസത്തെ കോഴ് സിന് 16,800 മുതൽ 32,000 രൂപയോ പത്ത് ദിവസത്തെ കോഴ്സിന് 30,800 രൂപമുതൽ 59,000 രൂപവരെയോ ചെലവിടേണ്ടിവരും . മരുന്നുല്പാദിപ്പിക്കാൻ ലൈസൻസ് നൽകുന്ന കമ്പനികളിൽ നിന്നും വൻതുക റോയൽറ്റിയായി വാങ്ങുന്നതു മൂലമാണ് ഒരു പരിധിയിൽ കൂടുതൽ വില കുറയ്ക്കാൻ ഇന്ത്യൻകമ്പനികൾക്ക് കഴിയാതെ വരുന്നത്. ഈ സാഹചര്യത്തിൽ നിർബന്ധിത ലൈസൻസ് പ്രയോഗിച്ച് കുറഞ്ഞ വിലയ്ക്ക് റെംഡെസിവീർ ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ കേന്ദ്രസർക്കാർ അതിന് തയ്യാറായില്ല. രാജ്യത്ത് കൂടുതലാളുകളും സ്വകാര്യആശുപത്രികളിൽ ചികിത്സതേടിണ്ടിവന്നതുകൊണ്ട് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നു. 90 ശതമാനം പേർക്കും സർക്കാർ ആശുപത്രികളിലൂടെ സൗജന്യചികിത്സനൽകിയ കേരളത്തിൽ വലിയതുക മരുന്നിനുവേണ്ടി മുടക്കേണ്ടിവന്നത് സർക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു.

സാർവദേശീയ സമകാലിക സാമൂഹ്യവിഷയങ്ങളെപ്പറ്റി പഠിക്കുന്ന അമേരിക്കയിലെ സന്നദ്ധസ്ഥാപനമായ പ്യൂ ഗവേഷണ കേന്ദ്രം (Pew Research Centre) കോവിഡ് മഹാമാരി ഇന്ത്യൻ സമ്പദ്ഘടനയിലുണ്ടാക്കിയ ആഘാതത്തെപ്പറ്റി പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊഴിൽമേഖല നിശ്ചലമായതിന്റെ ഫലമായുണ്ടായ തൊഴിലില്ലായ്മയും വരുമാനക്കുറവും മൂലം ഏറ്റവും ദരിദ്രരായവർ 5.9 കോടിയിൽ നിന്നും 13.4 കോടിയായി വർധിച്ചതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 150 രൂപമുതൽ 700 വരെ താണ ദിവസവരുമാനമുള്ള ഇടത്തരക്കാർ 119.7 കോടിയിൽ നിന്നും 116.2 കോടിയായി ചുരുങ്ങിയതിന്റെ ഫലമായി 3.5 കോടി പേർ ദാരിദ്രരേഖക്ക് താഴേക്ക് പതിച്ചു. 1500 രൂപവരെ ദിവസവരുമാനമുള്ള മധ്യവർഗ്ഗം 9.9 കോടിയിൽ നിന്നും ചുരുങ്ങി 6.6 കോടിയായി. ദരിദ്രരുടെ എണ്ണത്തിലുണ്ടായ വർധനയും രൂക്ഷമായ തൊഴിലില്ലായ്മയും മൂലമാണ് ദേശീയ തൊഴിലുറപ്പ്പദ്ധതിയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായത്. ഈ കണക്കുകൾ സൂചിപ്പിക്കുന്നതിലും വളരെ വലുതായിരിക്കും കോവിഡ് മൂലമുണ്ടായ സാമൂഹ്യഅസമത്വങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഔഷധവിലവർധന: 
മരുന്ന്കമ്പനികൾക്ക് കീഴടങ്ങൽ
കഴിഞ്ഞ കുറേനാളുകളായി മരുന്നു വില വർധിപ്പിക്കാൻ വൻകിടമരുന്നുകമ്പനികൾ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ഔഷധഉല്പാദനത്തിനാവശ്യമായ ഇറക്കുമതി ചെയ്യേണ്ട അടിസ്ഥാന രാസവസ്തുക്കളുടെ വിലവർധിച്ചിരിക്കുന്നു എന്ന കാരണം ഉന്നയിച്ചാണ് മരുന്നുകമ്പനികൾ വില വർധനയ്ക്കായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഔഷധവിലവർധന ഒഴിവാക്കുന്നതിനും ജീവൻരക്ഷാമരുന്നുകൾ മിതവിലയ്ക്ക് ലഭ്യമാക്കുന്നതിനുമുള്ള നയങ്ങൾ സ്വീകരിച്ച് ജനങ്ങളെ സഹായിക്കുന്നതിനു പകരം മരുന്ന്കമ്പനികളുടെ ആവശ്യങ്ങൾക്കുമുൻപിൽ കേന്ദ്രസർക്കാർ പൂർണ്ണമായും കീഴടങ്ങി ഔഷധ വില വർധിപ്പിച്ചിരിക്കുകയാണ്.

കേന്ദ്രസർക്കാരിന്റെ അവശ്യമരുന്ന്പട്ടികയിലെ (National List of Essential Medicines) വിവിധ ഡോസേജുകളിൽ പെട്ട 872 മരുന്നുകളുടെയും (Scheduled Drugs) ആഞ്ചിയോപ്ലാസ്റ്റി, ഡയാലിസിസ് തുടങ്ങിയ അടിയന്തര ചികിത്സകൾക്കാവശ്യമായ ആരോഗ്യഉല്പന്നങ്ങളുടെയും വില ദേശീയ ഔഷധവിലനിയന്ത്രണ അതോറിറ്റി (National Pharmaceutical Pricing Authority: NPPA) 2022 ഏപ്രിൽ ഒന്നുമുതൽ 10.8 ശതമാനം വർധിപ്പിച്ചു. വിലവർധനവിനാനുപാതികമായി ജി എസ് ടി കൂടി വർധിക്കുമെന്നതുകൊണ്ട് മരുന്നുകളുടെ അന്തിമവില ഇതിലും കൂടുതലായിരിക്കും. അവശ്യമരുന്ന് പട്ടികയിൽ പെട്ട മരുന്നുകൾ വിവിധകമ്പനികൾ 30,000–-40,000 ബ്രാൻഡുകളിലാണ് വിറ്റുവരുന്നത്. പേറ്റന്റ് ചെയ്യപ്പെടാത്ത മരുന്നുകളുടെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ കൂടുതലായി നിർദ്ദേശിക്കപ്പെട്ടുവരുന്ന വിലനിയന്ത്രണ പരിധിക്ക് പുറത്തുള്ള നവീന പേറ്റന്റ്മരുന്നുകളുടെ വില വിദേശകമ്പനികൾ തന്നിഷ്ടപ്രകാരം നിശ്ചയിച്ച് അമിതവില ഈടാക്കിവരികയാണ്. അതിനു പുറമേയാണ് ഇപ്പോഴത്തെ വിലവർധന.

2013 ലെ ഔഷധവിലനിയന്ത്രണ ഉത്തരവ് പ്രകാരം അവശ്യമരുന്ന് പട്ടികയിൽ വരുന്ന മരുന്നുകൾക്ക് മൊത്ത വിലസൂചികപ്രകാരം (Wholesale Price Index) ഏറ്റവും കൂടിയാൽ 5 ശതമാനം വരെയും മറ്റ് മരുന്നുകൾക്ക് വർഷം തോറും പത്തു ശതമാനം കണ്ടും വില വർധിപ്പിക്കാൻ അനുവദിച്ചിരുന്നു. പുതിയ ഉത്തരവ് നടപ്പിലാക്കുന്നതോടെ അവശ്യമരുന്ന് പട്ടികയിലുള്ള മരുന്നുകളൂടെ വില മറ്റ് മരുന്നുകളേക്കാൾ വർധിക്കുന്ന സ്ഥിതിയാണുള്ളത്.

ഇപ്പോൾ രാജ്യത്ത് സ്വകാര്യ ആരോഗ്യച്ചെലവിന്റെ (Out of Pocket Expenditure) 70 ശതമാനവും മരുന്നുകൾക്കും ആരോഗ്യഉല്പന്നങ്ങൾക്കുമായാണ് ചെലവാക്കുന്നത്. ജീവിതകാലം മുഴുവൻ മരുന്നുകഴിക്കേണ്ട പ്രമേഹം, രക്താതിമർദ്ദം, ശ്വാസകോശരോഗങ്ങൾ, കാൻസർ തുടങ്ങിയ ദീർഘസ്ഥായി രോഗം ബാധിച്ചവരെയാണ് ഔഷധവിലവർധന കൂടുതൽ രൂക്ഷമായി ബാധിക്കുക. ഇവരുടെ ആരോഗ്യച്ചെലവ് അമിതമായി വർധിക്കുന്നതോടെ കുടുംബ ബജറ്റാകെ അവതാളത്തിലാവും. കേരളത്തിൽ ഇത്തരം ദീർഘസ്ഥായി രോഗമുള്ളവർ കൂടുതലാണ്. മാത്രമല്ല ചികിത്സാസൗകര്യങ്ങൾ ലഭ്യമായതുകൊണ്ടും ആരോഗ്യബോധത്തിൽ മുന്നിട്ടുനിൽക്കുന്നതുകൊണ്ടും കേരളത്തിൽ രോഗമുള്ളവർ മിക്കവരും മരുന്ന് കഴിക്കുന്നവരുമാണ്. ഇന്ത്യയിൽ ഇപ്പോൾ 1,30,000 കോടി രൂപയ്ക്കുള്ള മരുന്നുകളാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതൊഴികെയുള്ളതിൽ 10 ശതമാനത്തിലേറെ ഉപയോഗിക്കുന്നത് ഇന്ത്യൻ ജനതയുടെ മൂന്ന് ശതമാനത്തോളം വരുന്ന കേരളത്തിലെ ജനങ്ങളാണ്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളെയാണ് ഔഷധവിലവർധന കൂടുതൽ പ്രതികൂലമായി ബാധിക്കാൻ പോവുന്നത്. രാജ്യത്ത് മരുന്നുകൾക്കായുള്ള പ്രതിശീർഷ സ്വകാര്യ വാർഷികച്ചെലവ് 1500 രൂപയാണെങ്കിൽ കേരളത്തിലേത് അതിന്റെ ഇരട്ടിയിൽ കൂടുതലായിരിക്കാനാണ് സാധ്യത. ഔഷധവിലവർധനവോടെ അതിനിയും വർധിക്കുകയും ചെയ്യും.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − 11 =

Most Popular