Sunday, May 26, 2024

ad

Homeകവര്‍സ്റ്റോറിമോദി എത്ര ചമഞ്ഞാലും 
നെഹ്രുവാകില്ല

മോദി എത്ര ചമഞ്ഞാലും 
നെഹ്രുവാകില്ല

കെ ജെ ജേക്കബ്

ഴിഞ്ഞ ദിവസങ്ങളിലാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്രുവിന്റെ സ്മാരകമായ ഡൽഹിയിലെ നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേരുമാറ്റി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നാക്കിയത്. ഇപ്പോഴതിനെ നെഹ്രു മുതൽ നരേന്ദ്ര മോദിവരെയുള്ളവരും ഇനി വരാനിരിക്കുന്നവരുമായ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ പേരിലുള്ള സ്മാരകമാക്കി മാറ്റി. നെഹ്രു ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ഒരാൾ, മോദിയെപ്പോലെ.

സംഘ പരിവാരത്തിന്റെ വലിയ ഒരാഗ്രഹമാണ് നെഹ്രുവിനെ ചരിത്രത്തിൽനിന്ന് മാറ്റി നിർത്തുക, പറ്റുമെങ്കിൽ പൂർണ്ണമായി തമസ്കരിക്കുക എന്നത്; അതുപറ്റിയില്ലെങ്കിൽ അദ്ദേഹം മോദിയെപ്പോലെ മറ്റൊരാൾ എന്ന് ഇനിവരുന്ന തലമുറകളോടെങ്കിലും സമീകരിച്ചു പറയുക എന്നത്.

അതിനൊരു പ്രധാന കാരണമുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏതെങ്കിലും കാരണവശാൽ ഉപയോഗിക്കാവുന്ന ഒരു വാക്കോ പ്രവൃത്തിയോ നെഹ്രുവിന്റെ ഭാഗത്തുനിന്നുണ്ടായതായി ഇതുവരെ നമുക്കറിയില്ല. മാത്രമല്ല, ഒരു പടികൂടിക്കടന്നു ഹിന്ദുത്വ രാഷ്ട്രീയം നമ്മെ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുന്ന നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയുംപറ്റി ഗംഭീരമായ ഉൾക്കാഴ്ചയോടെ ചിന്തിക്കുകയും അവയിൽനിന്ന് എന്തൊക്കെയുൾക്കൊണ്ട് എങ്ങനെ ഇന്ത്യ എന്ന രാജ്യം മുന്പോട്ടുപോകണം എന്ന കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയെടുക്കുകയും അത് ഈ രാജ്യത്തെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തയാളാണ് നെഹ്‌റു. ‘ഹിന്ദു അപകടത്തിൽ’ എന്ന സംഘ പരിവാർ ആഖ്യാനത്തെ ഹാസ്യപ്രസ്താവനയാക്കുന്ന നിലപാടുകൾ നെഹ്രുവിൽ വായിച്ചെടുക്കാൻ കഴിയും. അതുകൊണ്ടുതന്നെ നെഹ്രുവിനെ അപ്രസക്തനാക്കുക എന്നത് പരിവാരത്തിന്റെ അജൻഡയിലെ ഒന്നാമത്തെ ഇനമാണ്.

ഇന്ത്യയെക്കുറിച്ചുമാത്രമല്ല, ലോകത്തെക്കുറിച്ചും ഏറ്റവും മെച്ചപ്പെട്ട ഒരു ചിന്തകനെപ്പോലെ നെഹ്രു ചിന്തിച്ചിരുന്നു; ഒപ്പം ഒരു വലിയ രാജ്യത്തിലെ ഭരണാധികാരിയെന്ന നിലയിൽ പ്രായോഗികവഴികൾ തേടുകയും ചെയ്തിരുന്നു. സോവിയറ്റ് മോഡൽ ആസൂത്രണം ഇന്ത്യയെപ്പോലെ ദരിദ്രവും എന്നാൽ വിഭവസമ്പന്നവുമായ ഒരു രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്നു കരുതുമ്പോഴും ശാക്തികചേരികൾക്കൊപ്പം നിൽക്കുന്നത് ഇന്ത്യയ്ക്കോ, ഇന്ത്യയുടേതുപോലെയുള്ള പ്രശ്നങ്ങൾ നേരിടുന്ന മറ്റുരാജ്യങ്ങൾക്കോ ആത്യന്തികമായി ഗുണകരമാവില്ല എന്ന് അദ്ദേഹം മനസിലാക്കിയതിന്റെ ബാക്കിപത്രമാണ് ചേരിചേരാ നയവും ചേരിചേരാ പ്രസ്ഥാനവും.

വൻശക്തികൾക്ക് അവരുടെ സ്വന്തം അജൻഡകൾ പിന്തുടരുന്നതിനു വ്യക്തമായ കാരണങ്ങളുണ്ട്; പ്രയോജനങ്ങളും. അവരുടെ രാഷ്ട്രീയ, സാമ്പത്തിക താൽപ്പര്യങ്ങൾ പലപ്പോഴും അവർക്കു പുറത്തുള്ളവരെ ഏകപക്ഷീയമായും ദ്രോഹകരമായും ചൂഷണം ചെയ്യുന്ന വിധത്തിലായിരിക്കും. ഒപ്പം നിന്നാലും എതിരുനിന്നാലും ചേരിയ്ക്കു പുറത്തുനിൽക്കുന്നവർക്ക് അത് നഷ്ടക്കച്ചവടമായിരിക്കും.

താരതമ്യേന വിലപേശൽ ശേഷി കുറഞ്ഞ ഈ രാജ്യങ്ങൾക്ക് ഒരു ചർച്ചയിൽ അവരുടെ ന്യായം പറയാനോ ഒരു കരാറിൽ അവരുടെ ഭാഗം പറഞ്ഞുറപ്പിക്കാനോ പോലും പറ്റണമെന്നില്ല. അന്താരാഷ്ട്രവേദികളിൽ അവർ ഒറ്റപ്പെടുകയോ അരികുവൽക്കരിക്കപ്പെടുകയോ ചെയ്യും; അവർക്കുവേണ്ടിയുള്ള തീരുമാനങ്ങൾ മറ്റുള്ളവരെടുക്കുന്നത് അവർക്കു കണ്ടുനിൽക്കേണ്ടിവരും.

അത്തരം രാജ്യങ്ങൾക്കുവേണ്ടിയാണ് ചേരിചേരാ പ്രസ്‌ഥാനം എന്ന ആശയം ഉടലെടുക്കുന്നത്. വൻരാജ്യങ്ങൾ അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതുപോലെ തങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ തങ്ങൾക്കും അവകാശമുണ്ടെന്ന വളരെ ലളിതമായ, എന്നാൽ അന്നുവരെ ആരും ഉറപ്പിച്ചുപറയാൻ തയ്യാറാകാതിരുന്ന യുക്തിയാണ് ചേരിചേരാ പ്രസ്‌ഥാനം മുന്നോട്ടുവച്ചത്. അതിന്റെ പിറകിലെ ഏറ്റവുംപ്രധാന ശക്തി ഇന്ത്യയും അതിന്റെ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവുമായിരുന്നു എന്നത് ചരിത്രമാണ്.

മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട, അതിന്റെപേരിൽ അന്നുവരെ കണ്ടിട്ടില്ലാത്തവിധം കൂട്ടക്കൊലകൾ അരങ്ങേറിയ, മനുഷ്യർ പരസ്പരം വിശ്വസിക്കാൻ കാരണമില്ലാതിരുന്ന ഒരു രാജ്യത്തെ കൂട്ടിപ്പിടിക്കുകയും മുന്നോട്ടുപോകാൻ വഴികാണിക്കുകയും അതിനുള്ള വഴിവിളക്കുകൾ സ്‌ഥാപിക്കുകയും തങ്ങളെപ്പോലെയുള്ള മറ്റു രാജ്യങ്ങൾക്കും അവരുടെ ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ട ഒരു സംവിധാനത്തിന് രൂപംകൊടുക്കുകയും ചെയ്ത ഒരു യുഗമനുഷ്യനെയാണ് പലരിൽ ഒരാളായി രേഖപ്പെടുത്താൻ സംഘപരിവാർ ശ്രമിക്കുന്നത്; ‘വിശ്വഗുരു’ പട്ടം ചാർത്തി അദ്ദേഹത്തിനൊപ്പം നരേന്ദ്ര മോദിയെയും ഒരുക്കി നിർത്തുന്നത്.

രണ്ടു കാര്യങ്ങളാണ് മോദിയെ വിശ്വ ഗുരുവായി അവതരിപ്പിക്കുന്നവർ ഒളിഞ്ഞും തെളിഞ്ഞും മുന്പോട്ടുവയ്ക്കുന്നത്: ഒന്ന്, ജി-20 കൂട്ടായ്മയുടെ അധ്യക്ഷനായതോടെ ലോകത്തിലെ ഏറ്റവും വലിയ ശാക്തികചേരിയുടെ തലപ്പത്ത് ഒരു ഇന്ത്യൻ പ്രധാനമന്ത്രി വരുന്നത് ഇതാദ്യമായാണ്. രണ്ട്; റഷ്യ-–യുക്രെയിൻ യുദ്ധത്തിൽ ഇന്ത്യൻ നിലപാട് ലോകപ്രശംസ പിടിച്ചുപറ്റി എന്നു മാത്രമല്ല അത് ഇന്ത്യൻ താല്പര്യങ്ങളെ സംരക്ഷിക്കുന്നതുമാക്കി.

ജി- 20 കൂട്ടായ്മ ഇപ്പോഴത്തെ ലോകക്രമത്തിൽ ഒരു വലിയ ശാക്തികചേരിയാണ് എന്നത് സത്യമാണ്. യൂറോപ്യൻ യൂണിയൻ അടക്കം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തികൾ ഈ കൂട്ടായ്മയിലുണ്ട്. പ്രമുഖ രാഷ്ട്രങ്ങളുടെ തലവന്മാർ പങ്കെടുക്കും എന്നതിനാൽ ജി-20 ഉച്ചകോടികളും അവയുടെ ഭാഗമായുള്ള സമ്മേളനങ്ങളും അന്താരാഷ്ട്ര തലത്തിൽത്തന്നെ വലിയ വാർത്തയാണ്. ഒരു വേള ഐക്യരാഷ്ട്ര സംഘടനയേക്കാൾ അംഗരാജ്യങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള ശക്തി ഇന്ന് ജി-20 ഉച്ചകോടിയ്ക്കുണ്ട്.

എന്നാൽ മോദി ഈ സംഘടനയുടെ അധ്യക്ഷനായി ഒരു വർഷത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെയോ ഇന്ത്യയുടേയോ എന്തെങ്കിലും പ്രത്യേക പ്രവർത്തനത്തിനുള്ള അംഗീകാരമായിട്ടാണ് എന്ന് കണക്കാക്കുന്നത് ശരിയായ കാര്യമല്ല. ഒരു വർഷത്തേക്കുള്ള ഈ പദവി ഓരോ വർഷവും ഓരോ രാജ്യത്തിനായി ക്രമീകരിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഇൻഡോനേഷ്യൻ പ്രസിഡന്റായിരുന്നു; അടുത്തവർഷം ബ്രസീലിയൻ പ്രസിഡന്റായിരിക്കും ഈ സംഘടനയുടെ അധ്യക്ഷൻ.

ഒരു അന്താരാഷ്ട്ര കൂട്ടായ്മയുടെ അധ്യക്ഷനായി ഇന്ത്യ വരികയെന്നത് ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ വകയുള്ളതാണ്; എന്നാൽ അതിനൊരനുപാതം വേണം. പകരം ഈ പദവി മോദിയുടെ വിശ്വഗുരു പരിവേഷത്തിനായി ഉപയോഗിക്കുകയാണ് പരിവാരം. പരസ്പരം പോരുവെട്ടുന്ന ശാക്തികചേരികൾക്കിടയിലൂടെ നടന്നു ലോകത്തിലെ ദരിദ്ര രാജ്യങ്ങളുടെയും അവിടെയുള്ള കോടിക്കണക്കിനു മനുഷ്യരുടെയും രാഷ്ട്രീയ-, സാമ്പത്തിക ആവശ്യങ്ങൾ നേടിയെടുക്കാൻ യുക്തിഭദ്രമായ ഒരു വാദമുണ്ടാക്കി അതിലേക്കു മറ്റു രാജ്യങ്ങളുടെ പിന്തുണ സംഘടിപ്പിച്ചു ലോകത്തിന്റെ ആദരവ് വാങ്ങിയ നെഹ്രു എവിടെ, പരസ്പരസഹായ സംഘമായ ജി- 20യിൽ വട്ടമനുസരിച്ചുകിട്ടുന്ന അധ്യക്ഷപദവിയിൽ ആരൂഢനായ മോഡിയെവിടെ?

ജി -20യുടെ ഭാഗമായി വലിയ ആഘോഷങ്ങൾ ഇന്ത്യയിലും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും ഇതുമായി ബന്ധപ്പെട്ട സമ്മേളനങ്ങൾ നടക്കുന്നുണ്ട്. സമ്മേളനം നടക്കുന്ന നഗരങ്ങൾക്ക് ഒരു താൽക്കാലിക മുഖം മിനുക്കൽ കേന്ദ്രസർക്കാർ ചെലവിൽ നടക്കും എന്നതല്ലാതെ മറ്റെന്തെങ്കിലും നേട്ടം ഇതുകൊണ്ടുണ്ടായതായി റിപ്പോർട്ടില്ല എന്നുകൂടി നമ്മൾ കണക്കാക്കണം.

ഇന്ത്യയുടെ റഷ്യ–യുക്രെയിൻ യുദ്ധത്തോടുള്ള നിലപാട് പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്. രണ്ട് രാജ്യങ്ങളുടെയും ഭാഗങ്ങൾ കേൾക്കുന്നതോടൊപ്പം യുദ്ധം എന്ന ആശയത്തെ തള്ളിപ്പറയാനും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിർദ്ദേശം ആവർത്തിക്കാനും പ്രധാനമന്ത്രി മോദി ശ്രമിക്കുന്നുണ്ട്. യുദ്ധത്തിനിടയിലും ഇരു രാജ്യങ്ങളുമായും സൗഹൃദം നിലനിർത്താൻ ശ്രമിക്കുന്നുമുണ്ട്.

പ്രാഥമികമായി യുദ്ധത്തെ തള്ളിപ്പറയുമ്പോഴും സ്വാതന്ത്ര്യ ലബ്ധി മുതൽ ഇന്ത്യയുടെ സുഹൃത്തായി പ്രവർത്തിച്ചിട്ടുള്ള പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ റഷ്യയെ തള്ളിപ്പറയാതിരിക്കാൻ ഇന്ത്യ ശ്രദ്ധിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല പാശ്ചാത്യ രാഷ്ട്രങ്ങളുടെ ശക്തമായ എതിർപ്പുകളെ നേരിട്ടുകൊണ്ടുതന്നെ റഷ്യയുമായി കുറഞ്ഞ നിരക്കിൽ എണ്ണക്കച്ചവടം നടത്താൻ ഇന്ത്യ തയ്യാറായി, അതിന്റെ മെച്ചം റിലയൻസടക്കമുള്ള വൻകിട കോർപറേറ്ററുകൾക്കുമാത്രമായി മാറുകയും ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇതുവരെയും അതിന്റെ മെച്ചം കിട്ടാതിരിക്കുകയും ചെയ്തുവെന്നും നാം കാണണം.

ഈ എണ്ണവാങ്ങലിനെപ്പറ്റി ഇന്ത്യൻ വിദേശകാര്യമന്ത്രിവിദേശ പത്രപ്രവർത്തകരിൽനിന്നും നിരന്തരമായി ചോദ്യം നേരിടാറുണ്ട്; അദ്ദേഹം യുക്തിഭദ്രമായി ഇവയ്ക്കു മറുപടിയും കൊടുക്കാറുണ്ട്. റഷ്യയെ എതിർക്കുന്ന, ആ രാജ്യത്തിനുനേരെ പലതരം ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള യൂറോപ്യൻ രാഷ്ട്രങ്ങൾ ഒരു ദിവസം ഉച്ചയ്ക്ക് ശേഷം വാങ്ങുന്ന എണ്ണ മാത്രമേ ഇന്ത്യ ഒരു മാസം വാങ്ങുന്നുള്ളൂ എന്ന് തിരിച്ചടിക്കാറുള്ള വിദേശകാര്യമന്ത്രി ഒരു കാര്യം കൂടി പറയാറുണ്ട്: യൂറോപ്യൻ രാജ്യങ്ങൾ എണ്ണ വാങ്ങുന്നതിനെ ഞങ്ങൾ എതിർക്കുന്നില്ല; കാരണം അവരുടെ പൗരർക്ക് താങ്ങാൻ പറ്റുന്ന വിലയ്ക്ക് ഊർജ്ജം ലഭ്യമാക്കാൻ അവിടത്തെ ഭരണാധികാരികൾക്ക് ഉത്തരവാദിത്വമുണ്ട്; അതേ ഉത്തരവാദിത്വം യൂറോപ്യൻ രാജ്യങ്ങളിലുള്ളവരേക്കാൾ പാവപ്പെട്ടവരായ ഇന്ത്യക്കാർക്ക് കൊടുക്കാൻ ഇന്ത്യൻ ഭരണാധികാരികൾക്കു മുണ്ട്; ആ ഉത്തരവാദിത്വം നിറവേറ്റാൻ അവരെ അനുവദിക്കണം എന്ന്.

ചുരുക്കത്തിൽ രണ്ട് ശാക്തിക ചേരികളിലായി ലോകം വിഭജിച്ചിരിക്കുമ്പോൾ ഒന്നിന്റെ കൂടെ കണ്ണടച്ചുകൂടുകയല്ല തങ്ങളുടെ പൗരർക്ക് മെച്ചപ്പെട്ട നിലപാടെന്തോ അതെടുക്കുക എന്നതാണ് ഇന്ത്യയുടെ നയം.

ഇത് നരേന്ദ്ര മോദി സർക്കാരിന്റെ സാധാരണ നയമല്ല. ചേരിചേരാ പ്രസ്‌ഥാനം ഇന്ത്യ ഏകദേശം കൈയൊഴിഞ്ഞു. സാർക്ക് പോലുള്ള പ്രാദേശിക കൂട്ടായ്മകളും ഇപ്പോൾ സജീവമല്ല. ചൈനയ്‌ക്കെതിരെയുള്ള അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവർക്കൊപ്പം ‘ക്വാഡ്’ എന്ന പുതിയ കൂട്ടുകെട്ടിലാണ് ഇപ്പോൾ ഇന്ത്യയുടെ ശ്രദ്ധയത്രയും; പിന്നെ ജി- 20യും. അപ്പോഴും യുക്രെയിൻ യുദ്ധത്തിൽ അമേരിക്കൻ നിലപാടിനൊപ്പം നിൽക്കാതെ ഇന്ത്യൻ താല്പര്യം സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ പിന്തുടരുന്നത് ഒരു പരിധിവരെ പഴയ ചേരിചേരാ നയത്തിന്റെ ആശയമാണ്; അതുവച്ചാണ് ഇന്ത്യ വിദേശ രാജ്യങ്ങളുടെ ചോദ്യങ്ങളെ നേരിടുന്നത്.

എന്നുവച്ചാൽ മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കുന്ന മോദിയുടെയും പരിവാരത്തിന്റെയും നയങ്ങൾ ഇന്ത്യയിൽ അസ്വസ്‌ഥതകളുണ്ടാക്കുമ്പോൾ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ താരതമ്യേന നീതിയുക്തമായ നിലപാടെടുക്കുന്നത് നെഹ്രുവിയൻ യുക്തിയുടെയും നയങ്ങളുടെയും അടിസ്‌ഥാനത്തിലാണ്‌. ഇങ്ങനെ ഇന്ത്യൻ ജനാധിപത്യത്തിനോ നമ്മുടെ ജനാധിപത്യ ക്രമത്തിനോ വിദേശിനയത്തിനോ മൗലികമായി ഒന്നും സംഭാവന ചെയ്യാൻ ഇന്നുവരെ കഴിയാതിരുന്ന മോദിയെ നെഹ്രുവിനോപ്പം ഇരുത്താനാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പരിഹാസ്യമായ ശ്രമം.

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടതൊഴിച്ചാൽ ജനാധിപത്യ സ്‌ഥാപനങ്ങളുടെ ശാക്തീകരണം നെഹ്രുവിന്റെ പ്രധാന അജൻഡയായിരുന്നു. രണ്ടാഴ്ചയിൽ ഒരിക്കൽ രാജ്യത്തിന്റെ പ്രധാന വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രിമാർക്കു കത്തെഴുതി ഫെഡറൽ സമ്പ്രദായത്തിൽ അവർക്കുള്ള പ്രാധാന്യം അദ്ദേഹം ഉറപ്പിച്ചു; പാർലമെന്റ് കൃത്യമായി യോഗം ചേരുകയും കഴിയുന്നിടത്തോളം പ്രധാനമന്ത്രി സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചർച്ചകൾ ശ്രവിക്കുകയും ചെയ്തു. രാഷ്ട്രീയമായി കമ്യൂണിസ്റ്റ് പാർട്ടിയെ നിശിതമായി വിമർശിച്ചിരുന്നുവെങ്കിലും അവർ പറയുന്നത് കേൾക്കാനുള്ള ജനാധിപത്യ മര്യാദ അദ്ദേഹം കാണിച്ചു. ജനാധിപത്യത്തിൽ പിച്ചവച്ചുതുടങ്ങിയ ഓരോ സ്‌ഥാപനങ്ങളെയും അദ്ദേഹം അതീവ ശ്രദ്ധയോടെ പരിപാലിച്ചു.

നരേന്ദ്രമോദിയെപ്പറ്റി പല വിമർശനങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ നടത്താറുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങൾ വലിയ എതിർപ്പിനെ നേരിടാറുണ്ട്; ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും പ്രകടമായി വർഗീയത പറയുന്ന സംഭവങ്ങളും അവയിലുണ്ട്.

എന്നാൽ ഈ ലേഖകന്റെ അഭിപ്രായത്തിൽ ജനാധിപത്യ സമ്പ്രദായത്തിന്റെ അടിക്കല്ലായ തിരഞ്ഞെടുപ്പുകളെയും ജനവിധിയെയും അട്ടിമറിക്കുന്ന നിരന്തര പ്രവർത്തനം വേണ്ടത്ര പരാമർശിക്കപ്പെടുന്നില്ല. നമ്മുടെ ഭരണഘടന ഇന്ത്യൻ പൗരരായ നമ്മൾ നമുക്കുതന്നെ നൽകിയതാണ്; നമ്മളാണ് നമ്മളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത്; ആ തീരുമാനം കണ്ടെത്താൻ വ്യവസ്‌ഥാപിതമായ രീതിയുണ്ട്; അത് കഴിഞ്ഞ 75 വർഷമായി നമ്മൾ നടത്തിക്കൊണ്ടു പോരുകയും ചെയ്യുന്നു; കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും, അടിയന്തിരാവസ്‌ഥ പോലുള്ള അതിക്രമങ്ങൾ നടന്നെങ്കിലും അവയൊക്കെ ഈ സമ്പ്രദായം ഇതുവരെ അതിജീവിച്ചു.

ഇതിനെതിരെ ഏറ്റവും ശക്തമായ ആക്രമണം നടക്കുന്നത് മോദി അധികാരത്തിൽ വന്നതിനുശേഷമാണ്. തിരഞ്ഞെടുപ്പിൽ തോറ്റാലും മോദിയുടെ പാർട്ടിയ്ക്ക് അധികാരത്തിൽ വരാം എന്ന വിചിത്രമായ ഭയം ഇന്ന് ഇന്ത്യക്കാർക്കുണ്ട്. എത്ര സംസ്‌ഥാനങ്ങളിലാണ് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ചു ബി ജെ പി അധികാരത്തിൽവന്നത്! പണമൊഴുക്കി നടത്തിയ ഈ ജനാധിപത്യകൊലപാതകങ്ങളെ ‘ഓപ്പറേഷൻ താമര’ എന്ന ഓമനപ്പേരിട്ട് വിളിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. വരിനിന്നു വോട്ടുചെയ്ത ആളുകളുടെ ഇച്ഛയ്ക്ക് പുല്ലുവില കൽപ്പിച്ചും പണം വാരിയെറിഞ്ഞും ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യതയാകെ തകർക്കുകയാണ് മോദിയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ പാർട്ടി ചെയ്‌തത്‌. കേവലം ഭൂരിപക്ഷത്തിനാശ്യമായതിന്റെ പകുതി സീറ്റു കിട്ടിയാൽ തങ്ങൾ കേരളം ഭരിക്കും എന്ന് ഈ നാട്ടിൽ ബി ജെ പി സംസ്‌ഥാന അധ്യക്ഷന് പറയാൻ തക്കവിധം ഇത് വളരെ സാധാരണമായ കാര്യമായി ബി ജെ പിയുടെ ബോധമണ്ഡലത്തിൽ പ്രവേശിച്ചുകഴിഞ്ഞു.

ഒരു കാര്യം അപ്പോഴും ബാക്കിയുണ്ട്: പച്ച വർഗീയത പറഞ്ഞും മനുഷ്യരുടെ ഇടയിലുള്ള വൈവിധ്യങ്ങളെ പരമാവധി മുതലെടുത്തും മോദിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട പല സംസ്‌ഥാനങ്ങളിലും ജനങ്ങൾ ബി ജെ പി യെ കൈയൊഴിഞ്ഞു. ദക്ഷിണേന്ത്യയിലേക്കുള്ള വാതിൽ എന്ന് കരുതിയ കർണ്ണാടകത്തിൽ സംഘ പരിവാർ അജൻഡയെ തോൽപ്പിച്ചു എന്നുമാത്രമല്ല മറ്റെങ്ങുമില്ലാത്തവിധം മതനിരപേക്ഷത ഉറപ്പിച്ചുപറഞ്ഞു തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് ജനങ്ങൾ പതിവില്ലാത്തെ അംഗീകാരവും നൽകി.

അളവില്ലാത്ത പണത്തിന്റെയും അതു വച്ച് ഏർപ്പാടാക്കാവുന്ന കൂലിപ്പട്ടാളത്തെയും മുൻപിൽവച്ച്‌ പരിവാരം മോദിയ്ക്ക് ചാർത്തിക്കൊടുക്കുന്ന ‘വിശ്വഗുരു’ പരിവേഷത്തിന് അധികം ആയുസ്സില്ല എന്നുറപ്പാണ്. കാരണം ഇന്ത്യൻ ജനതയുടെ യഥാർത്ഥ വിചാരങ്ങളല്ല അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്‌ഥാനവും പിന്തുടരുന്നത്. മതത്തിന്റെ അടിസ്‌ഥാനത്തിൽ വിഭജിക്കപ്പെട്ടിട്ടും മതനിരപേക്ഷമായി, പരിമിതമായ ശീലമേയുള്ളൂവെങ്കിലും ജനാധിപത്യമായി തുടങ്ങിയ, ഇടറുമ്പോഴും വീഴാതെ പിടിച്ചുനിന്ന ഒരു രാജ്യമാണ് ഇന്ത്യ. അതിന്റെ പാരമ്പര്യം മോദി വിളംബരം ചെയ്യുന്ന വർഗീയതയുടെയും വെറുപ്പിന്റെയുമല്ല; സഹവർത്തിത്തത്തിന്റെയും മതനിരപേക്ഷതയുടെയും സമത്വത്തിന്റെയുമാണ്.

അതിനെ മറികടക്കാൻ കൃത്രിമമായ പ്രചാരണപ്രഘോഷങ്ങൾക്കു കഴിയില്ല. ചരിത്ര ഹീനന്മാരായ പരിവാരങ്ങൾക്കു പെയിന്റുപാട്ടയുമായി നടന്നു ബോർഡുകളുടെ പേരുമാറ്റാനാകുമായിരിക്കും; പക്ഷേ ചരിത്രത്തെയും ചരിത്ര പുരുഷന്മാരെയും ഇല്ലാതാക്കാനാവില്ല. അധികാരത്തിന്റെ ബലത്തിൽ ചില കസേരകളിൽ കയറിപ്പറ്റാനാകും; പക്ഷേ ജനങ്ങളുടെ ഹൃദയത്തിൽ അവർക്കു സ്‌ഥാനമുണ്ടാകില്ല.

ഏകാധിപതികൾ ഒരിക്കലും പഠിക്കാത്ത പാഠമാണിത്. 

(അഭിപ്രായങ്ങൾ വ്യക്തിപരം)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + seventeen =

Most Popular