സേ-്വച്ഛാധിപത്യത്തെയും സേ–്വച്ഛാധികാരികളെയും പറ്റിയുള്ള പഠനങ്ങൾ ചരിത്രത്തിൽ നിരന്തരമായി നടന്നിട്ടുണ്ട്, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഫാസിസത്തിന്റെയും നാസിസത്തിന്റെയും ആവിർഭാവവും വളർച്ചയും ഈ പഠനങ്ങൾക്ക് ആഴവും പരപ്പും ഉണ്ടാക്കി. പ്രശസ്ത നരവംശ ശാസ്ത്രജ്ഞയായ ഹാന അർണട്ടി (Hannah Arendt) നെപ്പോലെയുള്ളവരുടെ പഠനങ്ങൾ വലിയ ക്യാൻവാസിലുള്ളതായിരുന്നു. പിന്നീടും നിരവധി ചരിത്രകാരരിലൂടെയും സാമൂഹിക ശാസ്ത്രജ്ഞരിലൂടെയും ഈ പഠനങ്ങൾ മുന്നോട്ടുപോവുകയുണ്ടായി. ഈ പഠനങ്ങളുടെയൊക്കെ ആക ത്തുകയായി പല ചരിത്രകാരരും നരവംശശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരും സേ–്വച്ഛാധിപത്യത്തിന്റെയും സേ–്വച്ഛാധിപതികളുടെയും അമിതാധികാര പ്രവണതകളുടെ പ്രധാന ലക്ഷണങ്ങൾ അക്കമിട്ടുനിരത്താൻ ശ്രമിച്ചിട്ടുണ്ട്. ഇറ്റാലിയൻ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഉംബർട്ടൊ എക്കോവിനെ (Umberto Eco) പോലുള്ളവരും ഈ കൂട്ടത്തിൽപെടും.
ഈ അക്കമിട്ടു നിരത്തിയ സേ-്വച്ഛാധികാര സേ-്വച്ഛാധിപതി ലക്ഷണങ്ങൾ ഇപ്പോൾ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുന്നു. നിർമ്മിതബുദ്ധി കേന്ദ്രമായ ചാറ്റ് ജിപിടിയും ഇത് ഏറ്റെടുത്തുകഴിഞ്ഞു. എട്ടു പ്രവണതകളാണ് പൊതുവായിട്ടുള്ള ഈ അക്കമിട്ടു നിരത്തൽ ശ്രമങ്ങളിൽ പ്രതിഫലിച്ചിട്ടുള്ളത്. അവ ഇങ്ങനെയാണ്:
1. കേന്ദ്രീകൃത അധികാരം: സേ-്വച്ഛാധിപത്യം നിലനിൽക്കുന്ന സേ-്വച്ഛാധികാരികളായ ഭരണ നായകർ തങ്ങളുടെ അധികാരപ്രയോഗത്തിന് അവശ്യം വേണ്ട ആത്മപരിശോധനയെയും ആത്മനിയന്ത്രണത്തെയും നിരീക്ഷണത്തെയും വീണ്ടുവിചാരത്തെയും തള്ളിക്കളഞ്ഞുകൊണ്ട് അധികാരം പൂർണ്ണമായും വിവേചനരഹിതമായും തങ്ങളുടെ കെെകളിൽ ഒതുക്കുന്നു. ഭരണരംഗത്തെ സുതാര്യത തീർത്തും നഷ്ടപ്പെടുന്ന ഒരു സ്ഥിതിവിശേഷം ഇത് സൃഷ്ടിക്കുന്നു.
2. ജനാധിപത്യക്രമത്തിനും സംവിധാനങ്ങൾക്കും മൂല്യങ്ങൾക്കുംമേലുള്ള കടന്നാക്രമണം: ഒരു രാഷ്ട്രം അല്ലെങ്കിൽ രാഷ്ട്രസമൂഹം അതിന്റെ വിമോചന പോരാട്ടങ്ങളുടെ ഭാഗമായി വളർത്തിക്കൊണ്ടുവന്ന ജനാധിപത്യക്രമത്തിനും സംവിധാനങ്ങൾക്കും മൂല്യങ്ങൾക്കുംമേലുള്ള സംഘടിതമായ കടന്നാക്രമണം. നിയമസംവിധാനത്തെ സമഗ്രമായി മാറ്റിമറിക്കുക, നിലവിലുള്ള ഭരണഘടനയുടെ അന്തഃസത്ത തകർക്കുക, ജനാധിപത്യ സ്ഥാപനങ്ങളായ എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവയെ തുരങ്കംവെയ്ക്കുക എന്നിവയൊക്കെ സേ–്വച്ഛാധികാരികൾ നയിക്കുന്ന സേ–്വച്ഛാധിപത്യ ഭരണങ്ങളുടെ സ്ഥായീഭാവമാകുന്നു.
3. പൗരസ്വാതന്ത്ര്യത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുംമേലുള്ള കടന്നുകയറ്റം: സേ–്വച്ഛാധിപത്യം നിലനിൽക്കുന്ന സേ–്വച‍്ഛാധികാരികൾ ഭരിക്കുന്ന സ്ഥലങ്ങളിൽ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുകയോ വലിയ തോതിൽ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നു.
4. മാധ്യമ സ്വാതന്ത്ര്യമടക്കം പൊതുഅഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനുമേലുള്ള വിലക്കുകൾ: വ്യവസ്ഥാപിതമായ ഭരണസംവിധാനങ്ങളോ നിയമങ്ങളോ സെൻസർഷിപ്പോ ഉപയോഗിച്ചോ പൊലീസിനെയോ സ്വന്തം രാഷട്രീയ – പ്രചാരണ പടയിലെ മിലിഷ്യകളെയോ ഉപയോഗിച്ചോ മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഇല്ലാതാക്കുകയോ വിലക്കുകയോ ചെയ്യുന്ന സമ്പ്രദായം.
5. ശക്തമായ പ്രൊപ്പഗൻഡ മിഷനറിയുടെ സ്ഥാപനം: ചരിത്രത്തിൽ നിലനിന്നിട്ടുള്ള എല്ലാ സേ–്വച്ഛാധിപത്യങ്ങളെപ്പറ്റിയുമുള്ള പഠനങ്ങളിൽ ഏകപക്ഷീയ പ്രചാരണ യന്ത്രങ്ങൾക്കും തന്ത്രങ്ങൾക്കും (Propaganda Missionary) ഉള്ള പ്രാധാന്യം അടിവരയിട്ടിട്ടുണ്ട്. മാറിവരുന്ന സാമൂഹിക, സാംസ്കാരിക സാഹചര്യങ്ങളിൽ ഈ യന്ത്ര – തന്ത്രങ്ങൾ പുതിയ രൂപങ്ങൾ കെെവരിക്കുന്നു.
6. അപ്രമാദിത്ത വ്യക്തിബിംബത്തിന്റെ കുത്തിപ്പൊക്കൽ: പ്രൊപ്പഗൻഡ മിഷണറിയുടെ നേർത്തുടർച്ചയായി സംഭവിക്കുന്നതാണ് അപ്രമാദിത്വമുള്ള നേതാവിന്റെ വ്യക്തിബിംബം കുത്തിപ്പൊക്കൽ. എല്ലാ സേ–്വച്ഛാധിപത്യ സംവിധാനങ്ങളിലും ഇതൊരു പ്രധാന അജൻഡയാണ്. പ്രൊപ്പഗൻഡ മിഷനറിപോലെതന്നെ സംഘടിതമായി വളർത്തിക്കൊണ്ടുവരുന്ന സ്തുതിപാഠക സംഘം ഈ അപ്രമാദിത്ത ബിംബത്തെ പൊടിപ്പും തൊങ്ങലും ചേർത്ത് പൊതുസമൂഹത്തിൽ പടർത്തുന്നു.
7. വിഭാഗീയ വരട്ടുതത്വ സിദ്ധാന്തങ്ങളുടെയും ആശയങ്ങളുടെയും മേൽക്കോയ്മ: തീവ്ര ദേശീയത, ഉപദേശീയത, മതപരവും ജാതീയവുമായ വർഗീയത, രാഷ്ട്രീയ വരട്ടുതത്വ സമീപനങ്ങൾ എന്നിവയൊക്കെ സേ–്വച്ഛാധിപത്യം നടമാടുന്ന സേ-്വച്ഛാധികാരികൾ നിയന്ത്രിക്കുന്ന രാഷ്ട്രീയ സമൂഹങ്ങളുടെ മുഖമുദ്രയായി മാറുന്നു.
8. രാഷ്ട്രീയ പ്രത്യയശാസ്ത്ര എതിരാളികൾക്കുനേരെയുള്ള പ്രത്യക്ഷവും ശാരീരികവുമായ കടന്നാക്രമണം: തങ്ങൾ രാഷ്ട്രീയ – പ്രത്യയശാസ്ത്ര എതിരാളികളായി അടയാളപ്പെടുത്തിയിട്ടുള്ള ജനസമൂഹങ്ങളെ കൂട്ടക്കൊല ചെയ്യുന്ന തരത്തിലേക്കുപോലും രൂക്ഷമായി വളരാറുണ്ട് ഈ പ്രവണത.
ആദ്യ പരീക്ഷണം ഗുജറാത്തിൽ
ഈ എട്ടു ഘടകങ്ങളും ഒരു സേ-്വച്ഛാധിപത്യ സമൂഹത്തിൽ സമഗ്രമായി പ്രതിഫലിക്കണമെന്നില്ല. ഏറ്റക്കുറച്ചിലുകളോടെ ചില പ്രവണതകൾക്ക് പ്രാമുഖ്യവും ആധിക്യവും ലഭിച്ചേക്കാം. ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള സേ-്വച്ഛാധിപത്യ സമൂഹങ്ങളിൽ പലതിലും നാലോ അഞ്ചോ ഘടകങ്ങൾ മാത്രമേ പ്രാധാന്യത്തോടെ പ്രതിഫലിക്കാറുള്ളൂ എന്നാണ് നിരീക്ഷകർ പറയുന്നത്. പക്ഷേ, ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒമ്പതുവർഷം മുൻപ് ജനാധിപത്യപരമായി നടത്തിയ പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ നരേന്ദ്രമോദിയുടെ ഭരണം ഈ എട്ടു ഘടകങ്ങളെയും ഏതാണ്ട് ഒരേ തോതിൽതന്നെ പ്രതിഫലിപ്പിച്ചിട്ടുണ്ട്. മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്ന പന്ത്രണ്ടുവർഷം കൂടി കണക്കിലെടുക്കുമ്പോൾ സേ–്വച്ഛാധിപത്യ പ്രവണതകളുടെ ലക്ഷണങ്ങൾ പത്തിവിരിച്ചാടുക തന്നെയാണ്. 2002ൽ ഇടക്കാല മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം മോദിയുടെ വിളയാട്ടം ആദ്യമായി ലോകം കണ്ടത് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തിനും അത് പ്രതിനിധാനം ചെയ്യുന്ന വ്യക്തികൾക്കും ജനസമൂഹങ്ങൾക്കും എതിരായ മൃഗീയമായ കടന്നാക്രമണമായാണ്. ഗുജറാത്തിനെ കീഴ്മേൽമറിച്ച കൊടിയ മുസ്ലീംവിരുദ്ധ വർഗ്ഗീയ നരനായാട്ടായാണ് അത് പ്രത്യക്ഷപ്പെട്ടത്. ബിജെപിയുടെ തലമുതിർന്ന നേതാവ് കേശുഭായ് പട്ടേലിന്റെ കയ്യിൽനിന്ന് 2001 ഒക്ടോബറിൽ മുഖ്യമന്ത്രിയായി അധികാരം മോദി ഏറ്റെടുത്തപ്പോൾതന്നെ അദ്ദേഹത്തിന്റെ പഴയ സഹപ്രവർത്തകനായ അഡ്വ. യത്തീം ഹോജ, അക്കാലത്തെ കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്ക് ഒരു താക്കീത് നൽകിയതായി ഗുജറാത്തിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ഇടയ്ക്കിടെ പറഞ്ഞുകേൾക്കാറുണ്ട്. ആ താക്കീത് ഇങ്ങനെയായിരുന്നു: ‘‘ഇനി ഗുജറാത്തിൽ നിങ്ങൾ കാണാൻ പോകുന്ന ബിജെപി ഇതുവരെ കണ്ടതുപോലയായിരിക്കില്ല. അധികാരം നിലനിർത്താൻവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു മൂല്യരഹിത സംഹാരമൂർത്തിയായിരിക്കും ആ പാർട്ടി’’. കേവലം അഞ്ചു മാസത്തിനകം ഹോജയുടെ താക്കീത് ശരിവെച്ചുകൊണ്ട് ഗുജറാത്തിൽ മുസ്ലീംവിരുദ്ധ നരനായാട്ട് അരങ്ങേറി.
അതിഭീകരമായ ഒരു വർഗീയ കടന്നാക്രമണത്തിന്റെയും അതിന്റെ തുടർച്ചയായി നടന്ന തീക്ഷ്ണമായ വർഗീയ ധ്രുവീകരണത്തിന്റെയും ബലത്തിൽ ബിജെപി ഗുജറാത്തിൽ അധികാരം നിലനിർത്തി. പിന്നീടുള്ള വർഷങ്ങളിൽ തുടർഭരണത്തിന്റെ അധ്യായങ്ങൾ ചേർത്തുകൊണ്ട് വീണ്ടും വീണ്ടും മോദി അധികാരത്തിലേറി. സേ–്വച്ഛാധിപത്യ ഭരണത്തിന്റെയും സമൂഹങ്ങളുടെയും നിർമ്മിതിക്കും നിലനിൽപ്പിനും ആധാരമായ എട്ടു ഘടകങ്ങളിൽ അവസാനം ലിസ്റ്റു ചെയ്തതാണ് മോദി ആദ്യം പുറത്തെടുത്തതെങ്കിലും മറ്റ് ഏഴു ഘടകങ്ങളും പിന്നീടുള്ള കാലത്ത് മാറിയും മറിഞ്ഞും പല രൂപങ്ങളിൽ പല ഭാവങ്ങളിൽ മുന്നോട്ടുമുന്നോട്ട് കടന്നുവന്നു.
വിശ്വഗുരു എന്ന പ്രതിനിധാനം
2002ൽ ആരംഭിച്ച ഈ സേ–്വച്ഛാധിപത്യ വ്യക്തിത്വത്തിന്റെ രണ്ടു പതിറ്റാണ്ടായുള്ള തേരോട്ടത്തിന്റെ ചരിത്രത്തിലേക്കാണ് ഈ ലേഖനം തിരിഞ്ഞുനോക്കുന്നത്. ദേശീയ – സാർവദേശീയ മാനങ്ങളുള്ള ഈ തിരിഞ്ഞുനോട്ടത്തിൽ ഏറ്റവും പ്രകടമായി മുഴച്ചുനിൽക്കുന്ന കാര്യം, ഇന്ന് ലോകമെമ്പാടുമുള്ള സേ–്വച്ഛാധിപതികളുടെ വിശ്വഗുരുവായിത്തന്നെ മോദി എന്ന ബിംബവും അത് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംഘടനാ ചട്ടക്കൂടും മാറിയിരിക്കുന്നു എന്നതാണ്.
1920കളിൽ ഈ വിശ്വഗുരു സ്ഥാനം ഫാസിസമെന്ന പ്രത്യയശാസ്ത്രത്തിനും അതിന്റെ സ്ഥാപകനായ ബെനിറ്റോ മുസോളിനിക്കുമായിരുന്നു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കുന്നതിലും അതിക്രൂരമായ മർദ്ദന സംവിധാനങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതിലും യൂറോപ്പിലെതന്നെ ജർമനി കേന്ദ്രമാക്കി വളർന്ന നാസികളും അവരുടെ തലവനായ അഡോൾഫ് ഹിറ്റ്ലറും ഫാസിസത്തോടും മുസോളിനിയോടും ഒരു തരത്തിൽ മത്സരിക്കുകതന്നെ ചെയ്തിരുന്നെങ്കിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള സേ-്വച്ഛാധിപത്യ ശക്തികളും ആ ദിശയിൽ സഞ്ചരിക്കാൻ താൽപര്യമുണ്ടായിരുന്ന രാഷ്ട്രീയ – സാമൂഹിക പ്രസ്ഥാനങ്ങളും വിശ്വഗുരുവായിക്കണ്ടത് ഇറ്റലിയിലെ മുസോളിനിയെത്തന്നെയാണ്. അതുകൊണ്ടുതന്നെയാണ‍് 1931 മാർച്ച് മാസത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ബാലകൃഷ്ണ ശിവറാം മൂഞ്ചെ മുസോളിനിയെയും അദ്ദേഹത്തിന്റെ സംഘത്തിലെ മറ്റു പ്രധാന വ്യക്തികളെയും സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തത്. ഫാസിസത്തിന്റെ ഭരണസംവിധാനവും സെെനിക സംവിധാനവുമാണ് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആവേശവും പ്രതീക്ഷയും എന്ന് മൂഞ്ചെ ആ ചർച്ചകളിൽ പറയുകയുണ്ടായി. തന്റെ വഴികാട്ടിയും ആർഎസ്എസിന്റെ അക്കാലത്തെ തലവനുമായ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെയും അഭിപ്രായവും ഇതുതന്നെയാണെന്ന് മൂഞ്ചെ ആ ചർച്ചകളിൽ പറയുകയുണ്ടായി.
മൂഞ്ചെ ഈ സംഭാഷണം നടത്തി വർഷങ്ങൾക്കുശേഷമാണ് സംഘപരിവാറിന്റെ ഉത്ഭവകേന്ദ്രമായ രാഷ്ട്രീയ സ്വയം സേവക് സംഘ് അതിന്റെ രാഷ്ട്രീയ ആയുധമായി ഭാരതീയ ജനസംഘ് എന്ന പാർട്ടി ഉണ്ടാക്കുന്നത്. ആ ജനസംഘാണ് പിന്നീട് ഭാരതീയ ജനതാ പാർട്ടി (ബിജെപി)യായി രൂപം പ്രാപിച്ചത്. മോദി അതിന്റെ നായകനും നിയന്ത്രകനുമായി മാറിയത് പിന്നെയും മൂന്ന് ദശാബ്ദങ്ങൾ കഴിഞ്ഞാണ്.
പക്ഷേ, 1920കളിലും 1930കളിലും ലോകത്തുള്ള സേ–്വച്ഛാധിപത്യ ശക്തികൾക്ക് ഫാസിസവും മുസോളിനിയും എന്തായിരുന്നുവോ അതായി മാറി ഇന്ന് മോദിയും മോദിയുടെ ഭരണകാലത്തെ ബിജെപിയും. ദേശത്തിനകത്തും സാർവദേശീയതലത്തിലുമുള്ള എല്ലാത്തരം സേ-്വച്ഛാധിപത്യശക്തികളും സേ-്വച്ഛാധികാരികളും മോദിയുടെ പുസ്തകത്തിൽനിന്ന് തുരുതുരാ പകർത്തിയെഴുതുന്നുണ്ട്. അങ്ങനെ പാഠംപഠിച്ച് സേ-്വച്ഛാധികാരത്തിന്റെ വഴിയിൽ മുന്നേറിയവരുടെ കൂട്ടത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉൾപ്പെടുന്നു.
ഭരണനിർവഹണ സമ്പ്രദായത്തെ സുതാര്യമല്ലാതാക്കുന്നതിലും ജനാധിപത്യ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും തുരങ്കംവച്ച് തകർക്കുന്നതിലും ഒക്കെയുള്ള പാഠങ്ങൾക്കൊപ്പം മോദി ലോകത്തെമ്പാടും ഇന്ത്യക്കകത്തുമുള്ള സേ-്വച്ഛാധികാരികൾക്ക് വഴികാട്ടിയ രണ്ട് പ്രധാന മേഖലകൾ, മാധ്യമങ്ങളെ വരുതിക്കു നിർത്തുന്നതിലും സ്വന്തം അപ്രമാദിത്ത വ്യക്തിപ്രഭാവം വളർത്തിയെടുക്കുന്നതിലുമായിരുന്നു. രണ്ട് മേഖലകളിലും സാമധാനഭേദദണ്ഡപ്രയോഗങ്ങൾ നിർബാധം എടുത്തുപയോഗിച്ചാണ് മോദിയെന്ന ബിംബം ഉയർന്നതും വളർന്നതും തുടർന്നതും.
മാധ്യമങ്ങളെ വരുതിക്കു നിർത്തുന്നതു സംബന്ധിച്ചുള്ള പാഠങ്ങളുടെ ഏറ്റവും വലിയ ദൃഷ്ടാന്തം നാളിതുവരെ ഒരു പത്രസമ്മേളനവും നടത്താത്ത പ്രധാനമന്ത്രി എന്ന അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോർഡുതന്നെയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിക്കും സാധിക്കാൻ കഴിയാതെപോയ ഒരു അപൂർവ സിദ്ധിതന്നെയാണിത്. 2014ൽ ആദ്യമായി ലോക്-സഭാ തിരഞ്ഞെടുപ്പിന് പ്രധാനമന്ത്രി സ്ഥാനാർഥിയായി തയ്യാറെടുക്കവെ മോദി പല ടെലിവിഷൻ ചാനലുകൾക്കും മുഖാമുഖം നൽകുകയുണ്ടായി. ആ മുഖാമുഖങ്ങളിൽ ചോദിക്കേണ്ട ചോദ്യങ്ങളെല്ലാം നേരത്തെ എഴുതി വാങ്ങുകയാണ് ചെയ്തത്. അത്തരം മുഖാമുഖങ്ങളുടെ ഒരു പരമ്പര അക്കാലത്ത് ടെലിവിഷനിൽ വന്നിരുന്നു. ആ മുഖാമുഖങ്ങളിലൊന്ന് ചെയ്യാൻ അറിയപ്പെടുന്ന ഇംഗ്ലീഷ് ടിവി ചാനലിൽനിന്ന് നിയുക്തനായ ഒരു പത്രപ്രവർത്തക സുഹൃത്ത് നേരത്തെ എഴുതിക്കൊടുത്ത ചോദ്യങ്ങളിൽപ്പെടാത്ത ഒന്ന് മോദിയോട് ചോദിച്ചു. മുഖാമുഖം പൊടുന്നനെ നിർത്തലാക്കിയ മോദി തന്റെ ഓ-ഫീസിലെ അനുചരവൃന്ദത്തോട് ചോദിച്ചത്, ‘ഇവന്റെ മുതലാളിക്കെന്താ നമ്മൾ പെെസ കൊടുത്തയച്ചിട്ടില്ലേ’ എന്നായിരുന്നത്രേ.
ബിംബനിർമ്മിതി
അങ്ങനെ അധികാരത്തിലേക്കുള്ള പടയോട്ടത്തിനിടയിൽ സാമവും ദാനവുംകൊണ്ട് വളർത്തിയെടുത്ത മോദി ബിംബം ഭേദ ദണ്ഡങ്ങളുടെ രൂക്ഷമായ പ്രയോഗങ്ങളിലൂടെ മാധ്യമ അടിച്ചമർത്തലായും ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടു. തനിക്കെതിരായ കാര്യങ്ങൾ പറയുകയും സത്യങ്ങൾ തുറന്നുകാട്ടുകയും ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ മിലിഷ്യ സംഘങ്ങളുടെയും നിയമസംവിധാനങ്ങളുടെയും പ്രത്യക്ഷമായ കായിക കടന്നാക്രമണം മുതൽ എൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് തുടങ്ങിയ സ്ഥാപനങ്ങളെ ഉപയോഗിച്ചുള്ള വളഞ്ഞ വഴിക്കുള്ള ആക്രമണവും വരെ മോദിയുടെ ഭരണകാലത്ത് കാണാനായി.
മുഖ്യമന്ത്രിയായ കാലംമുതൽ പിന്നീടിങ്ങോട്ടുള്ള തുടർഭരണങ്ങളുടെ ഓരോ ഘട്ടത്തിലും മോദി വലിയ തോതിൽ ബിംബനിർമാണത്തിൽ ഉപയോഗിച്ചത് സാമൂഹിക മാധ്യമങ്ങളെയാണ്. മുഖ്യമന്ത്രിയായി അധികാരത്തിലേറി മൂന്നരവർഷം കഴിഞ്ഞപ്പോൾ, തന്റെ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അമേരിക്കയിലെ ഒരു സാമൂഹിക മാധ്യമലോബി കമ്പനിയെ മോദി കണ്ടെത്തുകയും തന്റെ സന്നാഹങ്ങളുടെ ഭാഗമാക്കുകയും ചെയ്യുന്നു. ആപ്കൊ വേൾഡ് വെെഡ് (APCO) എന്നായിരുന്നു ആ കമ്പനിയുടെ പേര്. തുടർച്ചയായി നടത്തിവന്ന നിക്ഷേപസമാഹരണ മഹാമഹങ്ങളുടെയും ഉൗർജസ്വലമായ ഗുജറാത്ത് (Vibrant Gujarat) എന്ന പ്രചാരണത്തിന്റെയും ബലത്തിൽ ഒരു ‘ഗുജറാത്ത് മോഡൽ’ വികസനത്തിന്റെ സങ്കൽപംതന്നെ സൃഷ്ടിച്ചുകൊടുത്തു ആപ്കൊ. വിശ്വപ്രസിദ്ധ സാമ്പത്തികശാസ്ത്രജ്ഞനായ അമർത്യസെൻ കേരളത്തിലെ വികസന മാതൃകയെ ഉന്നതമായി വിലയിരുത്തിയപ്പോൾ നടത്തിയ കേരള മോഡൽ വികസനം എന്ന ഭാഷാപ്രയോഗത്തിന്റെ മറുപടിയായിപ്പോലും ഈ ഗുജറാത്ത് മോഡൽ പ്രയോഗം കുത്തിപ്പൊക്കപ്പെട്ടു.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചണ്ഡമായ പ്രചാരണംതന്നെ ഈ ഗുജറാത്ത് മോഡലിനെയും മോദി ബിംബത്തെയും ഉയർത്തിക്കാട്ടിക്കൊണ്ട് നടന്നു. മോദി രണ്ടാമത്തെ തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായതിനുശേഷം ഏതാണ്ട് രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് 2009ലെ ലോക്-സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്നും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അവരോധിക്കപ്പെടാൻ ഒരു ശ്രമം നടത്തുകയുണ്ടായി മോദി. ആ ശ്രമം ലാൽകൃഷ്ണ അദ്വാനിയുടെ സ്ഥാനാർഥിത്വത്തിനുമുൻപിൽ പരാജയപ്പെട്ടു. പക്ഷേ, അപ്പോഴേക്കും ഗുജറാത്തിലെ ദഹോദിൽ മൂന്ന് ഷിഫ്റ്റുകളിൽ 1800 പേർ ജോലി ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ ഫാക്ടറിതന്നെ മോദി എന്ന ബിംബത്തിന്റെ വളർച്ചയും തുടർച്ചയും സാധ്യമാക്കാൻ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 2009ൽ ദഹോദിൽ തുടങ്ങിയ ആ ഫാക്ടറി കഴിഞ്ഞ പതിനാലു വർഷത്തിനിടയിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പരശ്ശതം പതിപ്പുകളുള്ള ഒരു വിശാലശൃംഖലയായി വളർന്നു കഴിഞ്ഞു.
ആപ്കൊ എന്ന ലോബിയിങ് സ്ഥാപനം സംഘപരിവാറിന്റെ ഹിന്ദുത്വ വർഗീയതയുടെ സാമൂഹ്യ രാഷ്ട്രീയ പ്രത്യയശാസ്ത്രവും ഉദാരവത്കരണ–കോർപറേറ്റുവത്കരണ–ശിങ്കിടി മുതലാളിത്ത സാമ്പത്തികശാസ്ത്രവും കോർത്തിണക്കുന്നതിൽ വലിയ തോതിൽ വിജയിച്ചു. രാജ്യത്തിലുടനീളവും അമേരിക്കയും യൂറോപ്പുംപോലെയുള്ള വിദേശകേന്ദ്രങ്ങളിലും വലിയ വേരോട്ടമുള്ള സോഷ്യൽ മീഡിയ നെറ്റ്-വർക്ക്, ഈ വർഗീയ കോർപ്പറേറ്റ് അച്ചുതണ്ടിന് സാർവദേശീയമായ സ്വാധീനം തന്നെ സൃഷ്ടിച്ചു. ഈ സ്വാധീനം തിരിച്ചറിഞ്ഞാണ് ട്രംപിനെപ്പോലുള്ളവർ അമേരിക്കയിലെ അവരുടെ രാഷ്ട്രീയ പടയോട്ടങ്ങളിൽ മോദി മാതൃക പിന്തുടർന്നതും അമേരിക്കയെപോലെയുള്ള രാഷ്ട്രങ്ങളുടെ സാമൂഹിക–സാംസ്കാരിക പരിസരങ്ങൾക്കനുസൃതമായി അതിനെ പരിഷ്-കരിച്ചുപയോഗിച്ചതും. ആത്യന്തിക വിശകലനത്തിൽ, മോദി എന്ന ബിംബത്തിന്റെ ഉയർച്ചയും വളർച്ചയും തുടർച്ചയും സേ-്വച്ഛാധിപത്യത്തിന്റെ വിശ്വഗുരു എന്ന പദവിയിലേക്കുള്ള അതിന്റെ കുതിച്ചുകയറ്റവും മൂന്ന് ഘടകങ്ങളിൽ നിക്ഷിപ്തമാണ് – സംഘപരിവാർ ഏതാണ്ട് നൂറുകൊല്ലമായി പല രൂപങ്ങളിലും ഭാവങ്ങളിലും അവതരിപ്പിച്ച് ഫലപ്രദമായി മുന്നോട്ടുനീക്കിയ ഹിന്ദുത്വവർഗീയത, അതോടൊപ്പം കൂട്ടിച്ചേർത്ത ഉദാരവൽക്കരണ കോർപറേറ്റ് ശിങ്കിടി മുതലാളിത്ത സാമ്പത്തിക നീതികൾ, ഇവ രണ്ടിനെയും കൂട്ടിയോജിപ്പിച്ച മാധ്യമ അധീശത്വം. മോദി ഒരിക്കൽക്കൂടി അമേരിക്കയിൽ സന്ദർശനത്തിനു പോയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതുന്നത്. മോദിക്ക് ശിഷ്യപ്പെട്ടിരുന്ന ട്രംപിന്റെ വിഭാഗീയ അജൻഡ അമേരിക്കയിൽ രണ്ടാം റൗണ്ട് വിജയിക്കാതെ രണ്ടുവർഷംമുൻപ് ട്രംപ് പ്രസിഡന്റു സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടിരുന്നു. പക്ഷേ ഇന്ത്യയിലെ സവിശേഷമായ വർഗീയാന്തരീക്ഷത്തിൽ ഹിന്ദുത്വയും മോദിയും ബിംബങ്ങളായി തുടരുകതന്നെയാണ്. ജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ ക്രിയാത്മകമായ പ്രതിപക്ഷ രാഷ്ട്രീയ ഇടപെടലുകളും അതിന്റെ അടിസ്ഥാനത്തിൽ വളർന്നുവരുന്ന ജനകീയ പ്രതിരോധങ്ങളുംകൊണ്ടുമാത്രമേ ഈ സേ-്വച്ഛാധിപത്യബിംബങ്ങൾക്ക് ബദൽ സൃഷ്ടിക്കാൻ കഴിയൂ. ♦