Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിതെളിയുന്നത്‌ മോദി സർക്കാരിന്റെ ഹിംസാത്മക മുഖം

തെളിയുന്നത്‌ മോദി സർക്കാരിന്റെ ഹിംസാത്മക മുഖം

സാജൻ എവുജിൻ

ങ്ങേയറ്റം മനുഷ്യത്വവിരുദ്ധ ആക്രമണങ്ങൾ രാജ്യത്ത്‌ പെരുകിയെന്നതാണ്‌ മോദിസർക്കാരിന്റെ ഒൻപതു വർഷം നൽകുന്ന ഭയാനക അനുഭവം. രക്തച്ചൊരിച്ചിലുകളും കൊലപാതക പരമ്പരകളും നിത്യസംഭവമാകാൻ വഴിയൊരുക്കിയത്‌ ആർഎസ്‌എസിന്റെ ഹിംസാത്മക വിദ്വേഷപ്രചാരണമാണ്. ന്യൂനപക്ഷങ്ങൾ, ദളിതർ, സ്‌ത്രീകൾ എന്നിങ്ങനെ സമൂഹഘടനയിൽ ദുർബലരായവർ നിരന്തരം ആക്രമണങ്ങൾക്ക്‌ വിധേയരാകുന്നു. ജനങ്ങളുടെ നിത്യജീവിത ദുരിതങ്ങൾ കഠിനമാകുന്നത് ന്യൂനപക്ഷങ്ങൾക്ക് അന ർഹ അവകാശങ്ങളും ആനുകൂല്യങ്ങളും നൽകുന്നതുകൊണ്ടാണെന്ന് സംഘപരിവാർ പ്രചരിപ്പിക്കുന്നു. സമ്പത്ത് ന്യൂനപക്ഷങ്ങൾ കയ്യടക്കുകയാണെന്നാണ്‌ കുപ്രചാരണം. ഭൂരിപക്ഷസമുദായത്തിന്റെ വിശ്വാസങ്ങളെ മാനിക്കാതെ ജീവിക്കുന്നവരാണ് മുസ്ലിങ്ങൾ അടക്കമുള്ളവരെന്ന തീവ്ര പ്രചാരണം അവർ നടത്തുന്നു. ‘‘ഗോമാതാവിനെ കൊന്നുതിന്നുന്നവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ലെന്ന് ’’ ഗ്രാമങ്ങളിലെ ‘ജനക്കൂട്ടം’ കരുതുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. ഉത്തരേന്ത്യയിൽ ഉത്സവകാലങ്ങളിൽ വർഗീയകലാപം പതിവായി. നിരപരാധികളാണ്‌ ഇതിന്റെയെല്ലാം ദുരിതങ്ങളും നഷ്ടങ്ങളും അനുഭവിക്കുന്നത്‌.

ഗോരക്ഷകരെന്ന പേരിൽ പ്രവർത്തിച്ചുവന്ന സംഘടനകൾ മോദിസർക്കാർ 2014ൽ അധികാരത്തിൽ വന്നതോടെ സംഘപരിവാർ കുടക്കീഴിൽ ഒന്നിച്ചു. ഇവർക്ക് കൂടുതൽ ആൾബലവും ആയുധബലവും ലഭിക്കുകയും ചെയ്‌തു. ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്തുണയിൽ ഇത്തരം സംഘങ്ങൾ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുകയാണ്‌. മോദിസർക്കാരിന്റെ കാലത്തു പുറത്തുവന്ന ആദ്യ ഗോരക്ഷാ കൊല ഉത്തർപ്രദേശിൽ നോയിഡയിലെ ദാദ്രിയിലായിരുന്നു. കർഷകനായ മുഹമ്മദ്‌ അഖ്‌ലാക്കിനെ പശുവിറച്ചി കഴിച്ചുവെന്ന്‌ ആരോപിച്ച്‌ 2015 സെപ്തംബർ 28ന്‌ വീട്ടിൽക്കയറി അടിച്ചുകൊന്നു. ഇതിനു പിന്നാലെ രണ്ടാഴ്‌ചയ്ക്കുള്ളിൽ ഇതേ വിഷയത്തിൽ രണ്ട് കൊലപാതകങ്ങൾ കൂടി ഉണ്ടായി. ഉത്തർപ്രദേശുകാരനായ നുഅമാനെ ഹിമാചൽപ്രദേശിലെ സിർമൂരിൽ ബജ്‌രംഗ്–ദളുകാർ വധിച്ചു. ജമ്മു–-കാശ്‌മീരിലെ ഉധംപൂരിൽ ട്രക്ക് ഡ്രൈവർ സാഹിദ് അഹമ്മദിനെ പെട്രോൾബോംബ് എറിഞ്ഞ്‌ കൊലപ്പെടുത്തി. ട്രക്കിൽ മാടുകളെ കൊണ്ടുപോയതിനാണ് സംഘപരിവാർ ഇരുവർക്കും ‘വധശിക്ഷ വിധിച്ച് ’ നടപ്പാക്കിയത്. 2016 മാർച്ചിൽ, ഝാർഖണ്ഡിലെ ലത്തേഹാർ ജില്ലയിലെ ബലൂമത്തിൽ പന്ത്രണ്ടുകാരനായ ഇംതിയാസ് ഖാൻ, 32 വയസ്സുള്ള മജ്‌ലും എന്നിവർ കൊല്ലപ്പെട്ടു. ചന്തയിലേയ്‌ക്ക് പോത്തുകളുമായി പോകവെയാണ് ഇവരെ കൊലപ്പെടുത്തിയത്. മരക്കൊമ്പുകളിൽ കെട്ടിത്തൂക്കിയ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടുപേരുടെയും വായിൽ തുണി കുത്തിത്തിരുകിയിരുന്നു. കൈകൾ പിറകിൽ കെട്ടിവച്ചിരുന്നു. ഇരുവരും ഭീകരമായ പീഡനത്തിനു വിധേയരായാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലത്തേഹാറിൽ മാസങ്ങളായി ‘ഗോസംരക്ഷണ സമിതി’ വിദ്വേഷപ്രചാരണം നടത്തിവരികയായിരുന്നു. 2017 സെപ്തംബറിൽ അഹമ്മദാബാദിൽ പശുവിനെ കടത്തിയെന്ന് ആരോപിച്ച് മുഹമ്മദ് അയൂബ് മേവ് എന്ന 25കാരനെ അടിച്ചുകൊന്നു. അക്കാലത്ത്‌ അസമിൽ രണ്ട് പേർ ഇത്തരത്തിൽ കൊല്ലപ്പെട്ടു. ഹരിയാനയിലെ മേവാത് സ്വദേശിയും ക്ഷീരകർഷകനുമായിരുന്ന പെഹ്‌ലുഖാനെ 2017 ഏപ്രിൽ ഒന്നിനു രാജസ്താനിലെ ആൽവാറിൽവച്ചാണ് വിഎച്ച്പി,-ആർഎസ്എസ്, ബജ്‌രംഗ്‌ദൾ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചുകൊലപ്പെടുത്തിയത്. ജയ്‌പുർ നഗരസഭ ചന്തയിൽനിന്ന് വളർത്തുമൃഗങ്ങളെ വാങ്ങിമടങ്ങുകയായിരുന്നു പെഹ്‌ലുഖാനും അദ്ദേഹത്തിന്റെ മക്കളും. കേന്ദ്രമന്ത്രിമാർ അടക്കമുള്ളവരുടെ പ്രസ്‌താവനകൾ സ്ഥിതി വഷളാക്കി. പശുവിനെ കൊല്ലുന്നവർ വധശിക്ഷ അർഹിക്കുന്നവരാണെന്ന് ഭരണഘടനാ പദവികൾ വഹിക്കുന്നവർ പോലും പറഞ്ഞു. ഉത്തരേന്ത്യയിൽ ദേശീയപാതകളിൽ വാഹനങ്ങൾ തടഞ്ഞുള്ള പരിശോധന പോലും ഗോരക്ഷാ ഗുണ്ടകൾ നടത്തുന്നു. ഇക്കൊല്ലം ഫെബ്രുവരിയിൽ രാജസ്താൻകാരായ ജുനൈദിനെയും നസീറിനെയും ഹരിയാന മനേസർ കേന്ദ്രീകരിച്ചുള്ള ഗോരക്ഷ സംഘം തട്ടിക്കൊണ്ടുപോയി ജീവനോടെ തീയിട്ട്‌ കൊന്നു. സമൂഹമാധ്യമങ്ങൾ വഴിയുള്ള വർഗീയവിദ്വേഷ പ്രചരണം ആക്രമണങ്ങൾക്ക്‌ പ്രചോദനമാകുന്നു. ‘ഗോസംരക്ഷണ പ്രവർത്തനങ്ങൾ’ വിപുലമായ അജൻഡയുടെ ഭാഗം മാത്രമാണ്‌. ഈ പ്രവർത്തനങ്ങൾ രാജ്യത്ത് മാരകമായ മതവെറി തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഗോസംരക്ഷകരുടെ ആക്രമണത്തിനു വിധേയരാകുന്നത് ന്യൂനപക്ഷവിഭാഗങ്ങൾ തന്നെയാണെന്നത് മതവെറിക്ക്‌ തെളിവാണ്. ‘ഗോരക്ഷ ആക്രമണങ്ങളിൽ’ കഴിഞ്ഞ ഒൻപത്‌ വർഷം അറുപതോളം പേർ കൊല്ലപ്പെട്ടുവെന്നാണ്‌ പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്‌. സുപ്രീംകോടതി ഈ വിഷയത്തിൽ ഇടപെട്ടിട്ടും ആക്രമണങ്ങൾ അവസാനിക്കുന്നില്ല. ഗോഹത്യ തടയാനെന്ന പേരിൽ തുടർച്ചയായി ഉണ്ടായ ആക്രമണങ്ങൾ കർഷകരിലും വ്യാപാരികളിലും ആശങ്ക സൃഷ്ടിച്ചു. പശുക്കളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നതുപോലും അചിന്ത്യമായി. നിയമപരമായി പ്രവർത്തിക്കുന്ന ചന്തകളിൽനിന്ന്‌ വാങ്ങിയ പശുക്കളുമായി പോകുന്നവരും ആക്രമണങ്ങൾക്ക്‌ വിധേയരായി. കന്നുകാലി ചന്തകൾ വ്യാപകമായി പൂട്ടി. കറവ വറ്റിയ പശുക്കളെ വിറ്റുകിട്ടുന്ന പണം കർഷകകുടുംബങ്ങൾക്ക്‌ അധിക വരുമാനമാർഗമായിരുന്നു. വളർത്താനോ വിൽക്കാനോ കഴിയാത്ത ലക്ഷക്കണക്കിന്‌ പശുക്കൾ ഉപേക്ഷിക്കപ്പെട്ടു.

എന്നാൽ 2017 ജൂലൈയിൽ ഡൽഹി-മഥുര ട്രെയിനിൽ ജുനൈദിനും സഹോദരങ്ങൾക്കും നേരെയുണ്ടായ ആക്രമണം ഇതിൽനിന്നെല്ലാം വ്യത്യസ്തവും അങ്ങേയറ്റം ഭീകരവുമായിരുന്നു. നേരത്തെ ആക്രമണങ്ങൾ ഉണ്ടായപ്പോൾ, സംഭവസ്ഥലത്ത് കന്നുകാലികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. അഖ്‌ലാക്ക്‌ വധത്തിൽപോലും ഗോഹത്യ നടത്തിയെന്ന ആരോപണം ഉന്നയിച്ചാണ്(അത് വ്യാജമാണെങ്കിലും) ആക്രമണം നടത്തിയത്. മതപരമായ വിദ്വേഷം നേരിട്ട് പ്രകടിപ്പിക്കാതെ ഗോരക്ഷയെന്ന കവചമണിഞ്ഞായിരുന്നു ആക്രമണങ്ങൾ. മുസ്ലിമായി തിരിച്ചറിയപ്പെടുന്ന വിധത്തിൽ പൊതുസ്ഥലത്ത് പ്രത്യപ്പെട്ടുവെന്നതു മാത്രമാണ് വ്യക്തികൾ എന്ന നിലയിൽ ജുനൈദും സഹോദരങ്ങളും ആക്രമിക്കപ്പെടാൻ കാരണമായത്. അക്രമികളും ഇരകളും ഇവിടെ പരസ്‌പരം അറിയില്ല. തീവ്രമായ പ്രചാരണം വഴി അക്രമികളുടെ മനസ്സിൽ സൃഷ്ടിക്കപ്പെട്ട മതവിദ്വേഷമാണ് നിരപരാധികളെ അരുംകൊല ചെയ്യാൻ അവരെ പ്രേരിപ്പിച്ചത്. ‘മാട്ടിറച്ചി കഴിക്കുന്നവരെന്ന്’ അക്രമികൾ ആക്ഷേപിച്ചുവെന്ന് ജുനൈദിന്റെ സംഹാദരൻ ഹാഷിം വെളിപ്പെടുത്തി. നേരത്തെ ‘പശുവിനെ കൊന്നുവെന്നും കാലികളെ കടത്തിയെന്നും’ ആരോപിച്ചായിരുന്നു ആക്രമണമെങ്കിൽ ‘മാട്ടിറച്ചി കഴിക്കുന്നവർ’ തന്നെ വിദ്വേഷപ്രചാരണത്തിന്റെ ഇരകളായി മാറുന്ന സ്ഥിതിയായി. സംഘപരിവാറിന്റെ കടുത്ത അണികൾ മാത്രമല്ല, ജനക്കൂട്ടങ്ങളും ഇത്തരം ആക്രമണങ്ങളിൽ പങ്കുചേരുന്ന സാഹചര്യം രാജ്യത്ത് അങ്ങേയറ്റം അരക്ഷിതമായ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ക്രൈസ്‌തവർക്കുനേരെയും ആക്രമണങ്ങൾ ആവർത്തിക്കുകയാണ്‌. ഇക്കഴിഞ്ഞ ഏപ്രിൽ ആറിന്‌ വിദേശ ഇന്ത്യക്കാരുടെ സംഘടന പുറത്തുവിട്ട കണക്കുപ്രകാരം, 2021ൽ രാജ്യത്ത്‌ ക്രൈസ്‌തവർക്കെതിരെ 761 ആക്രമണങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. 2022ൽ നവംബർ 26 വരെ രാജ്യത്ത്‌ ക്രൈസ്‌തവർക്കെതിരെ 511 ആക്രമണങ്ങൾ നടന്നുവെന്ന്‌ യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം അറിയിച്ചിട്ടുണ്ട്‌. സായുധ ആക്രമണങ്ങൾ, കൊലപാതകങ്ങൾ, ആരാധനാലയങ്ങൾ നശിപ്പിക്കൽ എന്നിങ്ങനെ ഭീകരമായ രീതിയിലാണ്‌ വേട്ട. ഗോരക്ഷ പോലുള്ള വിഷയങ്ങൾ ഉന്നയിച്ച്‌ അസം, ഗുജറാത്ത്‌, ഡൽഹി, ഹരിയാന, കർണാടക, മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ ഹീനമായ ആക്രമണങ്ങളാണ്‌ നടക്കുന്നതെന്ന്‌ അമേരിക്കൻ മതസ്വാതന്ത്ര്യ കമീഷൻ ചൂണ്ടിക്കാട്ടി. 13 സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മതംമാറ്റ നിരോധനനിയമം ക്രൈസ്‌തവ മിഷണറിമാർ അടക്കമുള്ളവരെ പീഡിപ്പിക്കാൻ വഴിയൊരുക്കി. പല സംസ്ഥാനങ്ങളിലും അധികാരികൾ മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്ന വിധത്തിൽ പെരുമാറുന്നു.

ഹൈദരാബാദ്‌ കേന്ദ്രസർവകലാശാല ഗവേഷണ വിദ്യാർഥിയായിരുന്ന രോഹിത്‌ വെമുല സംഘപരിവാർ പീഡനത്തെത്തുടർന്ന്‌ ആത്മഹത്യ ചെയ്‌തത്‌ മോഡിസർക്കാരിന്റെയും ബിജെപി നേതാക്കളുടെയും ദളിത്‌ വിരുദ്ധത മറനീക്കാൻ ഇടയാക്കി. ചത്ത പശുവിന്റെ തോൽ ഉരിച്ചുവെന്ന പേരിൽ ഗുജറാത്തിലെ ഉനയിൽ ദളിതർക്കുനേരെ ഉണ്ടായ ആക്രമണം രാജ്യത്തെ നടുക്കി. രാജസ്ഥാൻ, ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ ദളിതർക്ക്‌ അന്തസ്സുള്ള സാമൂഹിക ജീവിതം നിഷേധിക്കപ്പെടുന്നു. മീശ വെച്ചാലും നല്ല വേഷം ധരിച്ചാലും അപമാനിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. പട്ടികജാതി അതിക്രമം തടയൽ നിയമം സുപ്രീംകോടതി വിധിയെ തുടർന്ന്‌ ദുർബലമായതിനെതിരെ 2018ൽ ഉയർന്ന പ്രതിഷേധത്തെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ്‌ നേരിട്ടത്‌. ബിജെപി സർക്കാരുകൾ പൊലീസിനെ കയറൂരി വിട്ടു. വിവിധ സംസ്ഥാനങ്ങളിലായി 20ൽപരം പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന്‌ പേർക്ക്‌ പരിക്കേറ്റു.

ഹാഥ്‌റസ്‌, കത്വ എന്നിവിടങ്ങളിൽ പിഞ്ച്‌ പെൺകുട്ടികൾക്ക്‌ നേരെ ഉണ്ടായ ഹീനമായ ആക്രമണങ്ങളിൽ പ്രതികൾക്ക്‌ ബിജെപി സംരക്ഷണം ലഭിച്ചു. ലൈംഗിക അതിക്രമക്കേസുകളിൽ കുൽദീപ്‌ സെംഗർ, ബ്രിജ്‌ഭൂഷൺ സിങ്‌ എന്നീ ബിജെപി നേതാക്കൾക്ക്‌ ലഭിച്ച സംരക്ഷണം സ്‌ത്രീപീഡകരോടുള്ള അവരുടെ നിലപാടിന്‌ ദൃഷ്ടാന്തമാണ്‌.

യോഗി ആദിത്യനാഥ്‌ മുഖ്യമന്ത്രിയായശേഷം ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ തലസ്ഥാനം ഉത്തർപ്രദേശായി മാറി. ആറ്‌ വർഷത്തിൽ 183 പേരെയാണ്‌ പൊലീസ്‌ വെടിവച്ചു കൊന്നത്‌. 2017 മാർച്ചിനുശേഷം പൊലീസ്‌ 10,900 ഏറ്റുമുട്ടലുകൾ നടത്തിയെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഒടുവിൽ പൊലീസ്‌ കസ്‌റ്റഡിയിൽ കൊണ്ടുവന്ന, ഒട്ടേറെ കേസുകളിൽ പ്രതികളായ മുൻ എംപി അതീഖ്‌ അഹമ്മദിനെയും സഹോദരനെയും അക്രമികൾ വെടിവച്ചകൊല്ലുന്നതിനും ഉത്തർപ്രദേശ്‌ സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി പൊലീസിനെ പ്രകീർത്തിക്കുകയും ചെയ്‌തു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്നതുപോലെയുള്ള ഏറ്റുമുട്ടൽ കൊലകൾതന്നെയാണ് ഇന്ന് ഉത്തർപ്രദേശിലും ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും വ്യാപകമായി നടക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − nine =

Most Popular