‘‘പാർലമെന്റിന്റെ നിർമിതി ഇതിനകം തന്നെ ഈ ഭൂരിപക്ഷഹിതവാദത്തെ പ്രതിഫലിപ്പിച്ചു കഴിഞ്ഞിരുന്നു. ഇന്തോനേഷ്യയും പാക്കിസ്-താനും കഴിഞ്ഞാൽ, ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 20 കോടിപേർ, അതായത് 15 ശതമാനം ഇന്ത്യക്കാർ മുസ്ലീങ്ങളാണ് (ഹിന്ദുക്കളുടെ എണ്ണം 80 ശതമാനമാണ്). എന്നാൽ പാർലമെന്റിൽ വെറും 5 ശതമാനം മാത്രമാണ് മുസ്ലീങ്ങളായുള്ളത്. 75 വർഷത്തെ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു മുസ്ലീംപോലും പാർലമെന്റംഗംപോലുമല്ലാത്ത ആദ്യത്തെ ഭരണകക്ഷിയാണ് ബിജെപി.
നിയമങ്ങളും അവകാശങ്ങളും വിവേചനപരമായി പ്രയോഗിക്കുന്നു. പൊതുയിടങ്ങളിൽ പ്രാർഥിച്ചാൽ അതിന്റെ പേരിൽ മുസ്ലീങ്ങളെ അറസ്റ്റുചെയ്യാം. അതേസമയം ഹിന്ദു തീർഥാടകരെ ഭരണധികാരികൾതന്നെ പ്രോത്സാഹിപ്പിക്കുന്നു. ഹിജാബ് ധരിക്കൽ, പ്രാർഥനയ്ക്കുള്ള ആഹ്വാനം തുടങ്ങിയ മുസ്ലീം ആചാരങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ അരങ്ങേറുമ്പോൾ അതേസമയം ഭരണകൂടം ഹിന്ദുമതത്തെ ആഘോഷിക്കുന്നു. ഹിന്ദു ജാഗ്രതാ സംഘങ്ങൾ മുസ്ലീങ്ങളെയും അവരുടെ വ്യാപാരസ്ഥാപനങ്ങളെയും ആക്രമിക്കുന്നു.
ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീം അഭയാർഥികളെ ബിജെപിയുടെ ഒരുന്നത നേതാവ് വിളിച്ചത‍്, രാജ്യത്തെ വിഭവങ്ങൾ തിന്നുമുടിക്കുന്ന ‘ചിതലുകൾ’ എന്നാണ്. ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന ഹൂങ്കിൽ ഹിന്ദു തീവ്രവാദികൾ ഇപ്പോൾ പരസ്യമായിത്തന്നെ, വംശഹത്യയും ബലാത്സംഗവും നടത്തുമെന്നു പറഞ്ഞ് മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തുന്നു. അതേ സമയം, ഈ വിദേ—്വഷപ്രവൃത്തികൾ ഉറക്കെ വിളിച്ചു പറന്ന മാധ്യമപ്രവർത്തകരെ ഗവൺമെന്റ് അറസ്റ്റു ചെയ്യുന്നു. 2002ൽ മോദിയുടെ കാർമികത്വത്തിൽ നടന്ന ഗുജറാത്ത് വംശഹത്യയ്ക്കിടെ, മുസ്ലീം സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 11 പ്രതികളെ ഗവൺമെന്റ് സ്വാതന്ത്ര്യദിനമായ ആഗസ്ത് 15ന് മോചിപ്പിച്ചു’’.
(ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഇന്ത്യൻ പത്രപ്രവർത്തകനും ‘To Kill a Democracy:
India’s Passage to Despotism’ എന്ന കൃതിയുടെ
സഹഗ്രന്ഥകാരനുമായ ദേബാശിഷ് റോയി ചൗധരി
2022 ആഗസ്ത് 22ന് ന്യൂയോർക്ക് ടെെംസിൽ പ്രസിദ്ധീകരിച്ച
ലേഖനത്തിന്റെ പ്രസക്തഭാഗം)
ന്യൂയോർക്കർ വാരിക
2023 മാർച്ച് 31ന് പ്രസിദ്ധീകരിച്ച
പ്രൊഫസർ ക്രിസ്റ്റൊഫെ
ജഫ്രെലോയുമായുള്ള
അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ
‘‘മോദി സ്വയം അവകാശപ്പെടുന്നതു പോലെ അത്ര ജനകീയനൊന്നുമല്ല. ദേശീയാടിസ്ഥാനത്തിൽ ബിജെപിക്ക് ഒരിക്കലും 37 ശതമാനത്തിലധികം വോട്ടു ലഭിച്ചിട്ടില്ല. പ്രധാന സംസ്ഥാനങ്ങളിൽ കഷ്ടിച്ച് അരഡസൻ എണ്ണത്തിൽ മാത്രമാണ് അവർക്ക് സ്വാധീനമുള്ളത്; അവയിൽ ഏറെയും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളുമാണ്. ഉത്തരേന്ത്യയിലും മധേ-്യന്ത്യയിലും ഉള്ളവ. ഹിന്ദി ഹൃദയഭൂമിക്ക് പുറത്തുള്ള സംസ്ഥാനങ്ങളിലേക്ക് നോക്കൂ, തമിഴ്നാട്ടിൽ അവർക്ക് സ്വാധീനമില്ല, അവിടെ അവർക്കൊരിക്കലും സ്വാധീനം ഉണ്ടാവുകയുമില്ല. കേരളത്തിലും അവർക്ക് ഒരു സ്വാധീനവുമില്ല; ഇനി അവിടെ അതുണ്ടാകാനുള്ള സാധ്യതയുമില്ല. പശ്ചിമബംഗാളിലേക്കും പഞ്ചാബിലേക്കും നോക്കൂ. അവിടെയും സ്ഥിതി വ്യത്യസ്തമല്ല. മഹാരാഷ്ട്രപോലും പൂർണമായും ബിജെപിയുടെ പിടിയിലല്ല. അവരുടെ സ്വാധീനം സംബന്ധിച്ച് ഒരു വിധത്തിൽ അതിശയോക്തിയോടെയുള്ള പ്രചരണമാണ് നിലവിലുള്ളത്…. സേ-്വച്ഛാധിപത്യപരമായ പ്രവർത്തന രീതിയാണ് അവരുടേത്. അതിൽനിന്നുള്ള ശക്തിമാത്രമാണ് അവരുടേത‍്. അല്ലാതെ അതൊന്നും അവരുടെ ജനപിന്തുണയെയല്ല കാണിക്കുന്നത്.
‘‘പ്രധാനമഗായും ഉത്തരേന്ത്യയിലുള്ള, ഉത്തരേന്ത്യയിലുള്ളതും ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലുള്ള പാർട്ടിയാണ് ബിജെപി. സവർണ ജാതി പാർട്ടിയുമാണത്. അതുകൊണ്ടുതന്നെ ഹിന്ദുക്കളല്ലാത്തവർ ബിജെപിക്ക് വോട്ടു ചെയ്യാറില്ല; നിശ്ചയമായും കാശ്മീരികളും പഞ്ചാബിലെ സിക്കുകാരും ബിജെപിക്ക് വോട്ടു ചെയ്തില്ല. ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളായ തമിഴ്നാട്ടിലും പശ്ചിമബംഗാളിലും കേരളത്തിലുമുള്ളവർ ബിജെപിയുടെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളുന്നവരല്ല.
‘‘ഹിന്ദു പെൺകുട്ടികളുമായി മുസ്ലീങ്ങൾ സംസാരിക്കുന്നതുപോലും വിലക്കുന്നുണ്ട്. അങ്ങനെ സംസാരിച്ചാൽ സംഘപരിവാറുകാർ അതിനെ ‘‘ലൗ ജിഹാദ്’’ എന്നാണ് വിളിക്കുന്നത്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഫ്ളാറ്റുകളോ വീടുകളോ വാങ്ങുന്നതിൽനിന്ന് മുസ്ലീങ്ങളെ വിലക്കുകയാണ്. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ജീവിതം പരിതാപകരമായിരിക്കുന്നു. ഫലത്തിൽ അവർ രണ്ടാംതരം പൗരരായി മാറിക്കൊണ്ടിരിക്കുന്നു.
‘‘2019നു ശേഷം പുതിയ ചില കാര്യങ്ങളും നാം കാണുന്നു. നിയമങ്ങളിൽ തന്നെ മാറ്റങ്ങളുണ്ടാകുന്നു. ഉദാഹരണത്തിന്, വളരെ പ്രധാനപ്പെട്ട ഒരു നിയമമാണ് പൗരത്വ (ഭേദഗതി) നിയമം. ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമായി മതത്തെ നിശ്ചയിക്കുകയാണ് ഈ നിയമഭേദഗതിയിലൂടെ. ബംഗ്ലാദേശിൽനിന്നും അഫ‍്ഗാനിസ്താനിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള മുസ്ലീങ്ങളല്ലാത്ത അഭയാർഥികൾക്കു മാത്രമേ ഇന്ത്യയിൽ ഈ നിയമഭേദഗതിയനുസരിച്ച് പൗരത്വം ലഭിക്കൂ. വ്യത്യസ്ത മതത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം എളുപ്പമല്ലാതാക്കുന്ന പുതിയ നിയമവും പാസ്സാക്കപ്പെട്ടിരിക്കുന്നു….
‘‘2019ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് ഈ നിയമങ്ങളെല്ലാം വന്നത്. നഗ്നമായ സേ–്വച്ഛാധിപത്യത്തിലേക്കുള്ള ചുവടുമാറ്റമാണ് പിന്നീട് നാം കാണുന്നത്.
‘‘ആദ്യം നാം കാണുന്നത് ജുഡീഷ്യറിക്കു മേലുള്ള ആക്രമണമാണ്. ജഡ്ജി നിയമനത്തിനുള്ള നടപടിക്രമം മാറ്റാൻ ബിജെപി ശ്രമിച്ചു. എന്നാൽ സുപ്രീംകോടതി അതനുവദിച്ചില്ല. ഇതിനോടുള്ള പകവീട്ടലായി സുപ്രീംകോടതി നിർദേശിച്ച ജഡ്ജിമാരെ നിയമിക്കാൻ മോദി ഗവൺമെന്റ് തയ്യാറായില്ല. തൽഫലമായി 2017ലും 2018ലും 2019ലും ജഡ്ജിമാരുടെ അസംഖ്യം തസ്തികകൾ ഒഴിഞ്ഞുകിടന്നു. ജുഡീഷ്യറി പ്രതിരോധത്തിലായി. ഒടുവിൽ കേന്ദ്ര സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ലാത്തവരുടെ പേര് സുപ്രീംകോടതി പട്ടികയിൽ ഉൾപ്പെടുത്താതായി. എല്ലാത്തിലും സുപ്രീംകോടതി അലംഭാവം പ്രകടിപ്പിച്ചു തുടങ്ങി. ഒന്നുകിൽ ഗവൺമെന്റ് പാസാക്കുന്ന നിയമങ്ങളെയെല്ലാം സാധൂകരിച്ചു ഇല്ലെങ്കിൽ ഒരു നിലപാടുമെടുക്കാതെ ഒഴിഞ്ഞുമാറി.
‘‘പൗരത്വ(ഭേദഗതി)നിയമം ഭരണഘടനാ വിരുദ്ധമാണ്, എന്നാൽ ജഡ്ജിമാർ അതിന്മേൽ അടയിരിക്കുകയാണ്, വിധി തീർപ്പാക്കാൻ താൽപ്പര്യപ്പെടുന്നില്ല. ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കിയതും നിയമവിരുദ്ധമാണ്. ഇങ്ങനെ ഭരണഘടനാ വ്യവസ്ഥകളുമായി പൊരുത്തപ്പെടാത്ത നിരവധി നിയമങ്ങൾ പാസാക്കുന്നുണ്ട്.; ജഡ്ജിമാർക്ക് അവയെ അസാധുവാക്കാനാകും. സേ-്വച്ഛാധിപത്യത്തിന്റെ ഒരു ലക്ഷണമാണിത‍്.
ഇന്ത്യയിലെ മാധ്യമങ്ങൾ ഒരിക്കൽ ഊർജസ്വലമായിരുന്നു. ആ കാലം കഴിഞ്ഞുപോയി. മാധ്യമ ഉടമകൾക്കുമേൽ ബിജെപി പിടിമുറുക്കുകയാണ്. ഇന്ത്യയിൽ മാധ്യമ ഉടമകളെല്ലാം ബിസിനസ്സുകാരാണ്. ഈ ബിസിനസ്സുകാർക്ക് മറ്റു ബിസിനസ്സുകളുമുണ്ട്; മറ്റു ബിസിനസുകൾ നടത്താൻ അവർക്ക് സർക്കാരിന്റെ സഹായം വേണം. ഏതെങ്കിലും മാധ്യമപ്രവർത്തകരോട് സർക്കാരിന് അതൃപ്തിയുണ്ടെങ്കിൽ അത്തരക്കാരെ പുറത്താക്കാൻ സർക്കാർ മാധ്യമ മുതലാളിമാരോട് പറയും.’’ ♦