Friday, October 18, 2024

ad

Homeകവര്‍സ്റ്റോറിപശു രാഷ്ട്രീയം

പശു രാഷ്ട്രീയം

കെ ഇ എൻ

‘‘ഒരാളുടെ ചോരവാര്‍ന്നാല്‍ ആളുകള്‍ ഓടിക്കൂടും, 
എന്നാല്‍ ആത്മാവില്‍നിന്ന് 
സ്നേഹം ഒഴിഞ്ഞുപോയാല്‍ ആരറിയാനാണ്…’’

‘‘പ്രിയപ്പെട്ട വിദ്യാര്‍ത്ഥി സഖാക്കളെ….

എന്നെ കേള്‍ക്കാന്‍ എത്തിയ നിങ്ങളോരോരുത്തരോടുമുള്ള സ്നേഹം ഞാന്‍ ആദ്യമേ അറിയിക്കട്ടെ. കഴിഞ്ഞ കുറേ മാസങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് നമുക്കെല്ലാം അറിയാം. ക്യാമ്പസ് ഹോസ്റ്റലുകളില്‍പോലും അവര്‍ സുരക്ഷിതരല്ല, കാരണം എന്താണ്? അവര്‍ ശബ്ദിക്കുന്നു. അനീതിക്കെതിരെ, കരിനിയമങ്ങള്‍ക്കെതിരെ, കാട്ടുകള്ളന്മാര്‍ക്കെതിരെ ശബ്ദിക്കുന്നു. ഈ ശബ്ദമില്ലാതാക്കാന്‍ ആര്‍ക്കും കഴിയുകയില്ല. വിദ്യാര്‍ത്ഥികളുടേത് രാജ്യത്തിന്റെ ശബ്ദമാണ്.

ത്രിവര്‍ണ്ണപതാക കത്തിച്ചത് അവരാണ്. ബ്രിട്ടീഷുകാരോടു മാപ്പിരന്നു വാങ്ങിയ സവര്‍ക്കറുടെ അനുയായികളാണിവര്‍. അവരാണ് ഹരിയാനയിലെ വിമാനത്താവളത്തിന്റെ പേരു മാറ്റുന്നത്; റെയില്‍വേസ്റ്റേഷന്റെ പേരു മാറ്റുന്നത്; ഭഗത്-സിങ്ങിന്റെ പേരില്‍ ഒരു എയര്‍പോര്‍ട്ട് ഉണ്ടായിരുന്നു. അതവര്‍ മാറ്റി. ഒരു കാട്ടുകള്ളന്റെ പേരാണിപ്പോള്‍ ഇട്ടിരിക്കുന്നത്. അവരാണ് പേര് മാറ്റുന്നത്, ചരിത്രം മാറ്റുന്നത്, രാജ്യത്തെ നശിപ്പിക്കുന്നത്. എന്നിട്ടു പറയുന്നു നമ്മളാണ് രാജ്യദ്രോഹികളെന്ന്…നമുക്ക് അവരുടെ പക്കല്‍നിന്ന് രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പൗരത്വസര്‍ട്ടിഫിക്കറ്റ് തരാന്‍ ഇവരാരാണ്. നമ്മള്‍ ഈ രാജ്യത്തിന്റെ സമ്പത്താണ്. ഈ രാജ്യത്തിന്റെ 80 ശതമാനം ജനങ്ങള്‍ക്കുവേണ്ടി പോരാടുന്നവരാണ്. നമ്മളെ സംബന്ധിച്ച് ഇതാണ് രാജ്യസ്നേഹം. ഈ പോരാട്ടമാണ് രാജ്യസ്നേഹം.’ (9 എം എം ബെരേറ്റ: വിനോദ് കൃഷ്ണയുടെ എണ്ണ നോവലിൽ നിന്ന്)
മനുഷ്യപ്പറ്റ് പശുപ്പറ്റാവുകയും രാജ്യസ്നേഹം ദേശപൂജയാവുകയും ചെയ്യുമ്പോള്‍ ചരിത്രം ഇരുളും, മതനിരപേക്ഷ ചൈതന്യം ചോരും, വിശ്വാസനഷ്ടം പനപോലെ വളരും, പാരസ്പര്യം പൊളിയും.

പുരാണം ചരിത്രമാവുന്ന, അസഹിഷ്ണുത ആദര്‍ശമാവുന്ന, കലര്‍പ്പ് കുറ്റകരമാവുന്ന, സെക്കുലറിസം ചീത്തവാക്കാവുന്ന, പ്രണയം ‘ലൗ ജിഹാദാവുന്ന’, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യഭീകര നാഥുറാം വിനായക് ഗോദ്സേ മഹാനാവുന്ന, ആ നവഫാസിസ്റ്റിനെ ഗാന്ധിവധത്തിന് ഒരുക്കിയ വിധ്വംസക ആശയസ്രോതസ്സായ സവര്‍ക്കര്‍ രാഷ്ട്രപിതാവിന്റെ സ്ഥാനത്തേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന, ഭരണഘടനക്കു മുകളില്‍ മനുസ്മൃതിയുടെ നിഴല്‍വീണു കഴിഞ്ഞ, ന്യൂഡല്‍ഹിയില്‍നിന്ന് ഇന്ത്യയുടെ ശരിക്കുള്ള തലസ്ഥാനം നാഗ്പ്പൂരിലേക്ക് മാറിക്കൊണ്ടിരിക്കുന്ന, നവോത്ഥാനം മാറ്റിനിര്‍ത്തിയ പൗരോഹിത്യം പുതിയ പാര്‍ലിമെന്റ് മന്ദിരോദ്-ഘാടനത്തിന്റെ അനിവാര്യഭാഗമായി തീര്‍ന്ന, നവഫാസിസ്റ്റ് ശാഖകളിലെ കെട്ടുകഥകള്‍ പുതിയ പാഠപുസ്തകങ്ങളായി മാറുന്ന, മഹത്വം ആവര്‍ത്തിച്ച് മലിനമാക്കപ്പെടുന്ന, കോര്‍പ്പറേറ്റ് മൂലധന മൂല്യങ്ങളും ജാതിമേല്‍ക്കോയ്മാ കാഴ്ചപ്പാടും ഉരുകി ഒന്നാവുന്ന, കര്‍ഷകരും തൊഴിലാളികളും കായികപ്രതിഭകളും ധൈഷണികരും കലാസാംസ്കാരിക പ്രവര്‍ത്തകരും ദളിത് ന്യൂനപക്ഷ വിഭാഗങ്ങളും മാധ്യമപ്രവര്‍ത്തകരും പലതരത്തില്‍ ആക്രമിക്കപ്പെടുന്ന, ശാസ്ത്രബോധത്തെ പരിഹസിക്കുന്ന, വെറുപ്പുല്‍പാദനത്തില്‍മാത്രം ഉത്സാഹഭരിതമാകുന്ന, ഒരവസ്ഥയിലൂടെയാണ് സമകാലിക ഇന്ത്യനവസ്ഥ കടന്നുപോവുന്നത്. സൗഹൃദങ്ങളെ തള്ളി, ‘കേവലശക്തി’യെമാത്രം കൊണ്ടാടുന്ന, മനുഷ്യനുമുകളില്‍ പശുവിനെ പ്രതിഷ്ഠിക്കുന്ന, വൈവിധ്യങ്ങളെ വെട്ടി കൃത്രിമഏകത്വത്തെ ദൃഢപ്പെടുത്തുന്ന, ഒരുമിപ്പിക്കാന്‍ കഴിയുന്ന ‘ഒന്നിനെ’പോലും വില്ലനാക്കുന്ന, പമ്പരവിഡ്ഢിത്തങ്ങള്‍ക്ക് മതതത്വങ്ങളുടെ കുപ്പായം തുന്നുന്ന, കാരുണ്യത്തെതള്ളി പരാക്രമവാദത്തെ പുനരുജ്ജീവിപ്പിക്കുന്ന, ‘ഹിന്ദുത്വ മുഖംമൂടി’ ധരിച്ച് സമ്പൂര്‍ണ്ണ ജാതിമേല്‍ക്കോയ്മാ സംസ്കാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് പലനിലകളില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്.

ഗാന്ധിജിയുടെ ‘സാമുദായിക ദേശീയതയ്-ക്കും’ നെഹ്റു വികസിപ്പിക്കാന്‍ ശ്രമിച്ച മതനിരപേക്ഷ ദേശീയതക്കും, ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ‘ജനകീയ ദേശീയത’യ്ക്കും, അതിനെല്ലാം ആധാരമായി പ്രവര്‍ത്തിക്കുന്ന ഭൂമിശാസ്ത്രþരാഷ്ട്രീയ ദേശീയതയ്ക്കും മുകളില്‍ മേല്‍ക്കോയ്മാദേശീയതയാണ് ഇന്ത്യയിലിപ്പോള്‍ കൊടിപറത്തുന്നത്. ‘വാ’ എന്ന ഉള്‍ച്ചേര്‍ക്കലിനും, വൈവിധ്യങ്ങളില്‍ ഒന്നിക്കലിനും പകരം ‘പോ’ എന്ന അലര്‍ച്ചകളാണ് ‘ദേശീയത’യുടെ മറവില്‍ കെട്ടിവെക്കപ്പെടുന്നത്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ് നമ്മുടെ പഴയ പാരമേശ്വരീയമാണെന്നും, സൗദി അറേബ്യയിലെ ഇസ്ലാമിക ആരാധനാകേന്ദ്രമായ കഅ്ബ, നമ്മുടെ വിഷ്ണുക്ഷേത്രമാണെന്നും, ഇംഗ്ലണ്ടിലെ സെയിന്റ് കത്തീഡ്രല്‍ ചര്‍ച്ച് ഗോപാല്‍ മന്ദിര്‍ ആണെന്നും ജറുസലേം യദുശാല്യമാണെന്നും, അവരുടെ പൈതഗോറസ് നമ്മുടെ പതഞ്ജലി തന്നെയാണെന്നും, ഈജിപ്തുകാരെ പിരമിഡ് ഉണ്ടാക്കാന്‍ പഠിപ്പിച്ചത് ഇന്ത്യാക്കാരാണെന്നും എന്തിന്, ഹോമിയോപ്പതിയുടെ സ്ഥാപകനായ ഹനിമാന്‍ നമ്മുടെ സ്വന്തം ഹനുമാന്‍ തന്നെയാണെന്നും ഭാരതം ലോകത്തിന്റെ ഗുരുവാണെന്നും, സര്‍വ്വ ശാസ്ത്രകണ്ടുപിടുത്തങ്ങളും മുമ്പേ ഇവിടെ ഉണ്ടായിരുന്നുവെന്നും, രാവണന്റെ പുഷ്പകവിമാനത്തെ ചൂണ്ടിപറക്കാനാവാത്ത മറ്റ് ഗ്രഹങ്ങളിലേക്ക് പറന്ന വിമാനംപോലും ഇവിടെ ഉണ്ടായിരുന്നുവെന്നുമുള്ള, ഇന്ത്യയെ ലോകത്തിനുമുമ്പില്‍ പരിഹാസ്യമാക്കുന്ന ‘വീരസ്യം’ പറച്ചിലാണ്, അക്കാദമിക വേദികളില്‍നിന്നുപോലും ഉണ്ടാവുന്നത്! ആര്യാവര്‍ത്തം മനുസ്മൃതി അദൈ-്വതം, സംസ്കൃതം, കോര്‍പ്പറേറ്റിസം, പശുപൂജ, ദേവപൂജ എന്നീ ഏഴ് സ്തംഭങ്ങള്‍ക്കു മുകളിലാണ്, ഇന്ത്യന്‍ നവഫാസിസത്തിന്റെ വേരുകള്‍ ആഴ്ന്നുകിടക്കുന്നത്. അതുകൊണ്ടുതന്നെ നവഫാസിസത്തിന്റെ ചരിത്രം 1925ലെ ആര്‍ എസ് എസ് രൂപീകരണത്തില്‍ നിന്നല്ല, ജാതിമേല്‍ക്കോയ്മാ സംസ്കാരത്തില്‍നിന്നാണ് കണ്ടെടുക്കേണ്ടത്. ബ്രിട്ടീഷ് അധിനിവേശം ശക്തിപ്പെടുന്നതിനുമുമ്പ് സ്വയം ‘ജാതിമേല്‍ക്കോയ്മ’ മാത്രമായി നിന്ന് സ്വന്തം ആധിപത്യം സ്ഥാപിക്കുംവിധമുള്ള അജൻഡകള്‍ നടപ്പിലാക്കാന്‍ ആദ്യ ഘട്ടത്തില്‍ അതിന് കഴിഞ്ഞുവെങ്കില്‍ രണ്ടാംഘട്ടത്തില്‍ ജാതിമേല്‍ക്കോയ്മക്കൊപ്പം അതിന്റെ സവിശേഷ അജൻഡകള്‍ നടപ്പിലാക്കാന്‍ പ്രത്യേകം പ്രത്യേകം സംഘടനകള്‍ക്ക് അത് രൂപം നല്‍കുകയും ചെയ്തു. അതില്‍ ഏറ്റവും പ്രധാനമാണ് 1882ല്‍ രൂപംകൊണ്ട ഗോരക്ഷാണി സഭ. ആ സംഘടന ആവിര്‍ഭവിക്കുന്നതിന് മുമ്പുതന്നെ പശുസംരക്ഷക സംഘടനകള്‍ ഉണ്ടായിരുന്നു. നാടുവാഴിത്തകാല കാര്‍ഷികജീവിതത്തിന്റെ അനിവാര്യഭാഗമായി മാറിയ പഴയ പശുവിന് അക്കാലത്ത് മനുഷ്യരോളമോ, അതില്‍ കൂടുതലായോ പ്രാധാന്യം കിട്ടിയതില്‍ അത്ഭുതമില്ല. അന്നത്തെ സാമൂഹ്യജീവിതപശ്ചാത്തലത്തില്‍ അതൊരാവശ്യമായിരുന്നു. എന്നാല്‍ ഈയൊരു സാമ്പത്തികാവശ്യത്തെ ‘അപരവിദ്വേഷ’ത്തിലേക്ക് സൈദ്ധാന്തികമായി വികസിപ്പിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചത് ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയാണ്. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് കൃതി ‘സത്യാര്‍ത്ഥപ്രകാശം’ അപരവിദ്വേഷത്തിന്റെകൂടി മാസ്റ്റര്‍പീസാണ്. ആര്യന്മാരുടെ സങ്കടം വര്‍ദ്ധിപ്പിച്ചത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മദ്യപാനികളും മാംസഭുക്കുകളും പശുഘാതകരുമായ വിദേശികളാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പശുവിനെ ‘മതചിഹ്നമാക്കുകയല്ല’, ദേശീയചിഹ്നമാക്കുകയാണ് അദ്ദേഹം ചെയ്തത്. ഇന്നയിന്ന ജന്തുവിനെ കൊല്ലരുത്, ആരാധിക്കരുത് എന്നു പറയാന്‍ ഏത് മതത്തിനും അവകാശമുണ്ട്. എന്നാല്‍ ജന്തുവിന്റെ പേരില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടാന്‍ പ്രേരിപ്പിക്കുംവിധം, അതിനെ ‘ദേശീയത’യായി അവരോധിക്കുന്നത് അപകടകരമാണ്. തിന്നുന്നതും തിന്നാതിരിക്കുന്നതും ഓരോരുത്തരുടെയും അഭിരുചിയുടെയും വിശ്വാസത്തിന്റെയും ആരോഗ്യത്തിന്റെയും ലഭ്യതയുടെയും പ്രശ്നമാണ്. എന്നാല്‍ അതിന്റെ പേരില്‍ പരസ്പരം ഏറ്റുമുട്ടുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തെ അപകടത്തിലാക്കും. സത്യത്തതില്‍ പശു ഇന്ത്യന്‍ ദേശീയതയെയോ ഹിന്ദുമതത്തെയോ സെക്കുലറിസത്തെയോ പ്രതിനിധീകരിക്കുന്നില്ല. ബ്രാഹ്മണിക് പ്രത്യയശാസ്ത്രത്തിന് ഒരേസമയം പാലുകറക്കാനും ചോര ഒഴുക്കാനുമുള്ള ഒന്നായിട്ടാണ് അത് നിലനിന്നു പോരുന്നത്. പഴയ ‘സാമ്പത്തിക യുക്തി’ പുതിയ പശുവിന് മുമ്പില്‍ അപ്രസക്തമാണ്. 2017ല്‍ ഡല്‍ഹിയില്‍നിന്ന് ഹരിയാനയിലേക്കുള്ള യാത്രാമധ്യേ ‘പശുവിന്റെ പേരില്‍’ കൊലചെയ്യപ്പെട്ട പതിനാറുകാരനായ വിദ്യാര്‍ത്ഥി ജുനൈദ്ഖാന്‍ മുതല്‍ എത്രയോപേരുടെ അവസാനിച്ചുപോയ ജീവിതങ്ങള്‍ വ്യക്തമാക്കുന്നത്, ജാതിമേല്‍ക്കോയ്മാസംസ്കാരത്തിന്റെ ഭാഗമായി പശുവിനെ മാറ്റാന്‍ ഇന്ത്യന്‍ നവഫാസിസത്തിന് കഴിഞ്ഞിരിക്കുന്നു എന്ന വസ്തുതയാണ്. സംഘസൈദ്ധാന്തികനായ ഗുരുജി ഗോള്‍വാള്‍ക്കര്‍, വിചാരധാരയില്‍ അവ്യക്തതയ്ക്കിടം നല്‍കാതെ ഇക്കാര്യം വളരെമുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. ആര് ഗോമാംസം കഴിച്ചാലും അവര്‍ അതോടെ ‘സാംസ്കാരികമായി’ മുസ്ലിം ആയിത്തീരുമത്രേ. പൊതുജലാശയത്തില്‍ ഗോമാംസം മുറിച്ചിട്ടാണ്, ഇന്ത്യയില്‍ മതപരിവര്‍ത്തനം നടത്തിയതെന്നും തുടര്‍ന്നദ്ദേഹം പറയുന്നുണ്ട്! ഇവിടെ അന്ന് എല്ലാവര്‍ക്കും കുളിക്കാവുന്നവിധം പൊതുജലാശയമില്ലായിരുന്നെന്നും, ദളിതരടക്കം ഭൂരിപക്ഷവും മാംസം ഭക്ഷിക്കുമായിരുന്നുവെന്നുള്ളതുമാണ് യാഥാർഥ്യം.

ഒരുഭാഗത്ത് പശുവിനെ അത്ഭുത ജന്തുവായും, മറുഭാഗത്ത് ഭയപ്പെടുത്തുന്ന ജന്തുവായും അവതരിപ്പിച്ചുകൊണ്ടാണ്, ഇന്ത്യയില്‍ ഇന്ന് നവഫാസിസ്റ്റ് സാംസ്കാരിക അട്ടിമറി പലവേഷങ്ങളില്‍ ആവര്‍ത്തിക്കുന്നത്. നേരത്തെ പരാമര്‍ശിച്ച ജുനൈദ് കൊലയില്‍ പ്രതിചേര്‍ക്കപ്പെട്ട രമേശ്കുമാര്‍ പറഞ്ഞത് ‘പശുവിനെ കൊല്ലുന്നവരെ കൊല്ലാന്‍ ആരൊക്കെയോ വിളിച്ചുപറഞ്ഞു. ഞാനൊരല്പം മദ്യപിച്ചിരുന്നു. ഞാനും അതില്‍പെട്ട് പോയി’ എന്നാണ്. ഒരു ജനവിരുദ്ധസംസ്കാരം വിജയിക്കുന്നത് പലതരത്തില്‍ അതിന്റെ കെണികളില്‍ മനുഷ്യരെ അവര്‍പോലും അറിയാതെ, ജുനൈദ് കൊലയില്‍ രമേശ്കുമാറിനെയെന്നപോലെ, പെടുത്താന്‍ കഴിയുമ്പോഴാണ്. നവഫാസിസ്റ്റ് ആശയങ്ങളെ രാഷ്ട്രീയമായി എതിര്‍ക്കുന്നവരെപ്പോലും സാംസ്കാരികമായി അതേ നവഫാസിസ്റ്റ് ആശയങ്ങളിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ കഴിയുംവിധം, ഇന്ന് സെക്കുലര്‍ ജീവിതത്തില്‍ വിള്ളല്‍വീഴ്ത്താന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള അധികാരവ്യവസ്ഥയ്ക്ക് കഴിഞ്ഞിരിക്കുന്നു. പുലിയെക്കാളും പേടിക്കേണ്ട ഒരു വന്യഹിംസ്രജന്തുവായി മാറ്റപ്പെട്ട ‘പുതിയപശു’വിനെ, പഴയപശുവായി ഇനിയും ‘തെറ്റിദ്ധരിക്കുന്നവര്‍’ ആ പഴയ പശുവിനെക്കാളും ‘പാവ’ങ്ങളാണ്. ബിരിയാണിവേട്ടയിലൂടെ കുപ്രസിദ്ധരായ ഹരിയാനയിലെ ഗോരക്ഷാദളിന്റെ ‘അടയാളം’ മാത്രം അപഗ്രഥിച്ചാല്‍ ‘പുതിയ പശു’വിന്റെ അസ്സല്‍ പുറത്തുചാടും. രണ്ട് മൂര്‍ച്ചയുള്ള വാളുകള്‍ക്കിടയില്‍ മുരളുന്ന ഒരു രൗദ്രപശു, സത്യത്തില്‍ അത്രയും മതിയായിരുന്നു! പക്ഷേ ‘എംബ്ലം’ രണ്ടുവാളുകള്‍ക്കപ്പുറം രണ്ടുതോക്കുകള്‍കൂടി ഉള്‍ക്കൊണ്ട് ആധുനികമായി തീര്‍ന്നിരിക്കുന്നു. റാണാപ്രതാപിന്റെ വാളും, നാഥുറാം വിനായക് ഗോദ്സെ എന്ന ഭീകരന്റെ തോക്കും അകമ്പടി സേവിക്കുന്ന ഈ പശു ജനാധിപത്യം, ജാഗ്രതപാലിച്ചില്ലെങ്കില്‍ സെക്കുലര്‍ ഇന്ത്യയെ കുത്തിമറിക്കും.

പശുവിനെ രക്ഷിക്കുകയല്ല പശുവിനെ മുന്‍നിര്‍ത്തി ഇന്ത്യന്‍ നവഫാസിസത്തിന് പ്രിയപ്പെട്ട പരാക്രമവാദത്തെ പുനരുജജീവിപ്പിക്കുകയും, പൊതുമണ്ഡലത്തെ ജാതിമേല്‍ക്കോയ്മാവല്‍ക്കരിക്കുകയുമാണ് ഇന്ത്യന്‍ ഭരണകൂടം ചെയ്യുന്നത്. മുമ്പ് രാജാക്കന്മാര്‍, അഴിച്ചുകെട്ടാന്‍ ആരുണ്ട് എന്ന വെല്ലുവിളിയോടെ യാഗാശ്വങ്ങളെയാണ് അഴിച്ചുവിട്ടതെങ്കില്‍, ഇപ്പോള്‍ ഇന്ത്യയില്‍ നവഫാസിസം അഴിച്ചുവിട്ടിരിക്കുന്നത് പുല്ല് തിന്നാത്ത, മനുഷ്യരെമാത്രം തിന്നുന്ന രൗദ്രപശുവിനെയാണ്! കുറച്ച് കൊല്ലങ്ങള്‍ക്കുമുമ്പ് ഉത്തര്‍പ്രദേശിലെ തവാങ് എന്ന സ്ഥലത്ത് ഖാലിദ് മുഹമ്മദിന് മര്‍ദ്ദനമേറ്റത്, അടുത്തവീട്ടിലെ പശുവിനെ ‘തുറിച്ചുനോക്കിയതി’ന്റെ പേരിലായിരുന്നു എന്നറിയുമ്പോള്‍, ചിരിക്കണോ കരയണോ എന്നറിയാതെ നാം നിസ്സഹായരാവും! ഗോരക്ഷകര്‍ കൊലചെയ്ത അഖ്ലാഖ് വധകേസിലെ ഒന്നാംപ്രതി ജയിലില്‍വെച്ച് മരിച്ച രവിസിസോദിയയുടെ മൃതദേഹം പശുഭക്തര്‍ ദേശീയപതാക പുതച്ചാണത്രേ ആദരിച്ചത്. മറ്റൊരു സന്ദര്‍ഭത്തിലാണെങ്കിലും പണ്ഡിറ്റ് കറുപ്പന്‍ ചോദിച്ച ആ ചോദ്യം ഇന്നും നാം ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

‘നാല്‍ക്കാലികളിലും താഴെയാണോ
ഇക്കാണും മാനുഷസോദരര്‍
ഇക്കാലത്തിരുപതാം നൂറ്റാണ്ടിലുമിതു
നീക്കാറായില്ലയോ യോഗപ്പെണ്ണേ
എന്തൊരാള്‍ക്കാരാണു നിങ്ങള്‍ ജ്ഞാനപ്പെണ്ണേ….’

പശുവിനെക്കുറിച്ചിത്രയും പറഞ്ഞത്, ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന സാംസ്കാരിക അട്ടിമറിയുടെ ‘ന്യൂക്ലിയസ്’ പുതിയ പശുവില്‍ കണ്ടെത്താന്‍ കഴിയുന്നതുകൊണ്ടാണ്. പശു ഇന്നും ഇന്ത്യയില്‍ അറിയപ്പെടുന്നത് പശു എന്നുതന്നെയാണ്. പേരുമാറ്റാതെയും ‘പൊരുള്‍’ മാറ്റാനാവും എന്നുതന്നെയാണത് തെളിയിക്കുന്നത്. സ്ഥലപ്പേരും സ്ഥാപനങ്ങളുടെ പേരും എല്ലാം മാറ്റി, ‘പരാക്രമപണി’ നവഫാസിസ്റ്റുകള്‍ പലരീതികളില്‍ തുടരുകയും ചെയ്യുന്നുണ്ട്. മതപ്പേടി, ഭക്ഷണപ്പേടി, വസ്ത്രപ്പേടി, വിശ്വാസപ്പേടി, പേരുപേടി, നിറപ്പേടി തുടങ്ങി നിരവധി പേടികളെ പ്രതിരോധിക്കാതെ ജനകീയ സംസ്കാരത്തിന് ഇന്ത്യയില്‍ നിവര്‍ന്ന് നില്‍ക്കാനാവില്ല. ‘പശുക്കളുടെ’ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നു എന്നതിന്നര്‍ത്ഥം, നവഫാസിസം മനുഷ്യരില്‍ ‘ഇരകളെ’ കണ്ടെത്തുന്നു എന്നാണ്. ആ മനുഷ്യരെ പോരാളികളാക്കാന്‍, സ്വയം പോരാളികളാവാന്‍ ജനാധിപത്യശക്തികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ മതനിരപേക്ഷ ജീവിതത്തിന്റെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാവും. ‘‘ഇരകളെ മറക്കുകയെന്നാല്‍ അവരെ രണ്ടാമതൊന്നുകൂടി കൊല്ലുകയാണ്. ആദ്യത്തെ തവണ അവര്‍ ഇരകളായതിനെ നമുക്ക് തടയാനാവില്ല. വീണ്ടുമത് സംഭവിച്ചാല്‍ ഉത്തരവാദിത്തം നമുക്ക് മാത്രമായിരിക്കും.’’ – എലിവീസല്‍ 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × one =

Most Popular