കേരളം മലയാളികളുടെ മാതൃഭൂമിയാണെന്ന് നിരന്തരം ഓർമിപ്പിക്കുകയും അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സാക്ഷാൽക്കരിക്കുന്നതിന് ക്രിയാത്മകവും സർഗാത്മകവുമായ നേതൃത്വം നൽകുകയും ചെയ്ത യുഗപ്രഭാവനായ ഇ.എം.എസിന്റെ വേർപാടിനെത്തുടർന്ന് ആ വർഷം തന്നെ, ജൂൺ 13, 14 തീയ തികളിൽ, കേരളീയസമൂഹത്തിന് അദ്ദേഹം നൽകിയ സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവ നകൾ പുതുതലമുറകൾക്ക് പരിചയപ്പെടുത്തുന്നതിന്നും, സമകാലിക സാമൂഹിക – -രാഷ്ട്രീയ – ദാർശനിക വിഷയങ്ങളിൽ ആഴത്തിലുള്ള സംവാദങ്ങൾക്ക് വേദിയൊരുക്കുന്നതിനും വേണ്ടി തൃശ്ശൂരിൽ ഇ.എം.എ സ്.സ്മൃതി എന്ന പേരിൽ വിപുലമായ ആശയസംവാദവേദിക്ക് ആരംഭംകുറിക്കുകയുണ്ടായി. അതുല്യ നായ സംഘാടകനും അസാമാന്യമായ രാഷ്ട്രീയ ജാഗ്രതയോടെ, മാർക്സിസ്റ്റ് ദർശനത്തിന്റെ സഹായ ത്തോടെ വർത്തമാനകാല സാമൂഹികചലനങ്ങൾ വിശകലനം ചെയ്യുന്നതിൽ അതിനിപുണനും കോസ്റ്റ് ഫോർഡിന്റെ ഡയറക്ടറും ആയിരുന്ന ടി ആർ ചന്ദ്രദത്തിന്റെ നേതൃത്വത്തിലായിരുന്നു സ്മൃതി ആരംഭി ച്ചത്. ദത്ത് മാഷ് മരിക്കുന്നതുവരെയും ഇ എം എസ് സ്മൃതിയുടെ എല്ലാ വിശദാംശങ്ങളും ആസൂത്രണം ചെയ്തുകൊണ്ടിരുന്നത് അദ്ദേഹം തന്നെയായിരുന്നു. 2018 മാർച്ച് 20 ന് ദത്ത് മാഷ് നിര്യാതനായി. തുടർന്നുള്ള വർഷങ്ങളിലും കോസ്റ്റ്ഫോർഡിന്റെയും വിവിധ വർഗ, ബഹുജനസംഘടനകളുടെയും സംയു ക്താഭിമുഖ്യത്തിൽ ഈ പരിപാടി മികവോടെ നടത്തിവരികയാണ്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ ചെയർപേഴ്സണും ജില്ലാസെക്രട്ടറി എം എം വർഗീസ് ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് ഇപ്പോൾ ഇ എം എസ് സ്മൃതിക്ക് നേതൃത്വം നൽകുന്നത്.
വൈവിധ്യമാർന്ന വിഷയങ്ങളാണ് ഈ വേദിയിൽ എല്ലാവർഷവും ചർച്ചചെയ്യപ്പെടാറുള്ളത്. കേരളത്തിന കത്തും പുറത്തുമുള്ള പ്രഗത്ഭരും പ്രശസ്തരുമായ അക്കാദമിക പണ്ഡിതരോടൊപ്പം ഇടതുപക്ഷപ്രസ്ഥാ നങ്ങളുടെ ദേശീയനേതാക്കളും ഈ സംവാദങ്ങളിൽ പങ്കെടുക്കുകയും ധൈഷണിക ഇടപെടലുകളിലൂടെ അവയെ പഠനാർഹമാക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാലയളവിനുള്ളിൽ കേരളത്തിലെ ഏറ്റവും ശ്രദ്ധേയവും വിപുലവുമായ സാംസ്കാരിക-, സാമൂഹിക ഇടപെടലായും ആശയസംവാദവേദിയായും ഇ. എം.എസ്.സ്മൃതി മാറിയിട്ടുണ്ട്. 1300ൽപരം പേരാണ് ഈ വർഷത്തെ ദ്വിദിനസെമിനാറിൽ പങ്കെടുത്തത് എന്നതുതന്നെ ഈ പരിപാടിയുടെ കാലികപ്രസക്തിയും രാഷ്ട്രീയപ്രാധാന്യവും വിളിച്ചോതുന്നതാണ്. ജീവിതകാലം മുഴുവൻ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും കേരളീയജീവിതത്തെ സംവാദാത്മക മാക്കുന്നതിന് നേതൃത്വംനൽകിയ ഇ എം എസിനു നൽകാവുന്ന ഏറ്റവും ഉചിതമായ ആദരാഞ്ജലിയാണ് ഇ എം എസ് സ്മൃതി.
ഇ എം എസ് വിടപറഞ്ഞിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. അതോടൊപ്പം, നവലോക സാമ്പത്തിക ക്രമത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിന് അരനൂറ്റാണ്ട് പൂർത്തിയാവുന്ന വർഷം കൂടിയാണിത്. 1974 മെയ് 1 നാണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. തങ്ങളുടെ രാഷ്ട്രത്തിന്റെ വികസനത്തിന് അനുഗുണവും ഏതെങ്കിലും വിധത്തിലുള്ള വിവേചനത്തിന്ന് ഇടയാക്കാത്തതുമായ സാമ്പത്തിക- – സാമൂഹിക സംവിധാനം സ്വീകരിക്കുന്നതിന് ഓരോ രാഷ്ട്രത്തിനുമുള്ള അവകാശത്തെ ഈ പ്രഖ്യാപനം അംഗീകരിച്ചു. അതോടൊപ്പം അവരുടെ പ്രകൃതിവിഭവങ്ങളിലും സാമ്പത്തികപ്രവർത്തനങ്ങളിലും ഓരോ രാഷ്ട്രത്തിനുമുള്ള പരമാധികാരം, ആ പ്രഖ്യാപനം ഉയർത്തിപ്പിടിക്കുകയും ചെയ്തു. പ്രഖ്യാപനത്തിനു ശേഷമുള്ള അരനൂറ്റാണ്ടിൽ ഇപ്പറഞ്ഞ കാര്യങ്ങളിൽ എന്ത് മാറ്റമാണുണ്ടായിട്ടുള്ളത് എന്ന അന്വേഷണം ഏറെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ നവലോകക്രമം – ഐക്യരാഷ്ട്രസഭാ പ്രഖ്യാപനത്തിന്റെ അരനൂറ്റാണ്ട്: ഒരു തിരിഞ്ഞുനോട്ടം എന്ന തായിരുന്നു ഇത്തവണത്തെ സെമിനാറിന്റെ മുഖ്യപ്രമേയം. സ്വാഭാവികമായും ഇന്ത്യയുടെ ഭീതിദമായ വർത്തമാനാവസ്ഥയും പ്രതിരോധത്തിന്റെ ജനകീയ ബദലുകളും ഇതോടൊപ്പം ചർച്ചചെയ്യപ്പെട്ടു.
ആറ് സെഷനുകളായാണ് സെമിനാർ നടന്നത്. ഓരോ സെഷനിലും പ്രഭാഷണങ്ങളെത്തുടർന്ന് സദ സ്യർക്ക് സംശയങ്ങൾ ഉന്നയിക്കാനുള്ള അവസരവും നൽകിയിരുന്നു. സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയാണ് രണ്ടുദിവസത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. ധനമൂലധനത്തിന്റെ കാലഘട്ടത്തെക്കുറിച്ച് പ്രൊഫ. പ്രഭാത് പട്നായക്കും ഡോളർ അധീശത്വം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഡോ. തോമസ് ഐസക്കും സംസാരിച്ചു. ധനമൂലധനശക്തികൾ ഒരു ക്കുന്ന കെണിയിൽപ്പെട്ട് അവികസിതരാജ്യങ്ങൾ സാമ്പത്തികത്തകർച്ചയിലേക്ക് നീങ്ങുകയാണെന്നും ലോകവിപണി തുറന്നുകിട്ടിയതോടെ ധനമൂലധനശക്തികൾ വിവിധരാജ്യങ്ങളിലേക്ക് മൂലധനം ഒഴുക്കുകയാണെന്നും പ്രഭാത് പട്നായക് പറഞ്ഞു. മൂലധനശക്തികളുടെ കെണിയിൽ പെട്ടിരിക്കുകയാണ് അവികസിതരാജ്യങ്ങൾ. അതിന്റെ ഫലമായുണ്ടാകുന്ന പ്രതിസന്ധിയെ മറികടക്കാൻ ഫാസിസ്റ്റ് നയങ്ങളെ അവർ കൂട്ടുപിടിക്കുകയാണ്. തൊഴിലാളിവർഗം ഒറ്റക്കെട്ടായി ഇവയെ നേരിടണം. എന്നാൽ തൊഴിലാളി കളുടെ വിലപേശൽ ശക്തി കുറഞ്ഞുവരികയാണെന്ന യാഥാർത്ഥ്യവും നാം ഉൾക്കൊള്ളേണ്ടതുണ്ട് – അദ്ദേഹം ഓർമിപ്പിച്ചു.
ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ഇ എം എസ് ചോദ്യോത്തരങ്ങൾ എന്ന കൃതിയുടെ പ്രകാ ശനം വേദിയിൽ വച്ച് എം എ ബേബി, കെ രാധാകൃഷ്ണന് പുസ്തകം നൽകിക്കൊണ്ട് നിർവഹിച്ചു. ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചുള്ളതായിരുന്നു രണ്ടാമത്തെ സെഷൻ. ഇന്ത്യൻ കോർപറേറ്റ് മേഖലയിലെ മൂലധന സ്വരൂപണത്തെക്കുറിച്ച് പ്രൊഫ. ആർ രാംകുമാറും ഇന്ത്യൻ മുതലാളിത്തത്തിന്റെ വർഗഘടനയെക്കുറിച്ച് പ്രൊഫ. സുരജിത് മജുംദാറും സംസാരിച്ചു.
അസമത്വലോകം എന്നതായിരുന്നു മൂന്നാം സെഷന്റെ പ്രമേയം. സാമൂഹികനീതി ഇന്ത്യയിൽ എന്ന വിഷയത്തെക്കുറിച്ച് ഡോ. പി കെ ബിജുവും ഭീഷണമായ സാമ്പത്തിക അസമത്വത്തെക്കുറിച്ച് പ്രൊഫ. വികാസ് റാവലും ഇന്ത്യയിലെ ലിംഗപരമായ അസമത്വത്തെക്കുറിച്ച് പ്രൊഫ. മിനി സുകുമാരനും പ്രഭാ ഷണം നടത്തി.
ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ചുനടന്ന നാലാമത്തെ സെഷനിൽ മുഖ്യപ്രഭാഷണം നടത്തിയത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരു ന്നു. തമിഴ്നാട് സെക്രട്ടറിയേറ്റിൽ ഇ ഡി നടത്തിയ റെയ്ഡ് ഫെഡറലിസത്തിനെതിരാണെന്ന് പറഞ്ഞുകൊണ്ടാണ് യെച്ചൂരി പ്രഭാഷണം ആരംഭിച്ചത്. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് 5,500 ഓളം റെയ്ഡുകളും കേസുകളും ഉണ്ടായിട്ടുണ്ട്. ഇവയിൽ 95 ശതമാനവും പ്രതിപക്ഷനേതാക്കൾക്കെതിരെയായിരുന്നു. ഇതിൽ 25 കേസാണ് കോടതിയി ലെത്തിയത്. 23 എണ്ണത്തിലാണ് ശിക്ഷയോ നടപടികളോ ഉണ്ടാക്കിയത്. 0.5 ശതമാനം കേസാണ് നില നിൽക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം ഒന്നൊന്നായി കവർന്നുകൊണ്ടും തങ്ങൾക്ക് വഴങ്ങാത്ത സർക്കാരുകളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടും കേന്ദ്രസർക്കാർ ഫെഡ റൽ സംവിധാനത്തെ തകർക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. തകരുന്ന ഇന്ത്യൻ ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ച് എ.വിജയരാഘവനും ഇന്ത്യൻ ഫെഡറലിസം: പ്രശ്നങ്ങളും സാധ്യതകളും എന്ന വിഷ യത്തെക്കുറിച്ച് ആർ.മോഹനും നിരീക്ഷിത ജനാധിപത്യവും മനുഷ്യാവകാശങ്ങളും എന്ന വിഷയ ത്തെക്കുറിച്ച് അൻവർ സാദത്തും സംസാരിച്ചു.
ജനാധിപത്യം, മാധ്യമങ്ങൾ എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള അഞ്ചാം സെഷനിൽ ഇന്ത്യ എന്ന ആശയം എന്ന വിഷയത്തെ കുറിച്ച് പ്രൊഫ. കെ സച്ചിദാനന്ദനും ഇന്ത്യൻ മാധ്യമങ്ങളുടെ വിശ്വാസ്യതാ തകർച്ച എന്ന വിഷയത്തെക്കുറിച്ച് കെ കെ ഷാഹിനയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സമാപനസെഷനിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയിൽ രാഷ്ട്രീയപ്പാർട്ടികളുടെ പങ്കാണ് ചർച്ചാ വിധേയമായത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും ആണ് സംസാരിച്ചത്. 2024ൽ നടക്കാൻ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ നിർണായകസ്വഭാവം സൂചിപ്പിച്ചുകൊണ്ട് പ്രതിപക്ഷകക്ഷികൾ ഒന്നിച്ചാൽ ബിജെപി സർക്കാരിനെ അധികാരത്തിൽനിന്ന് മാറ്റാനാവുമെന്ന് കാനം ചൂണ്ടിക്കാട്ടി.
2024ൽ ബി.ജെ.പി. വീണ്ടും അധികാരത്തിൽ എത്തിയാൽ ഇന്ത്യയിൽ ജനാധിപത്യം ഉണ്ടാവില്ലെന്ന് എം.വി.ഗോവിന്ദൻ മാസ്റ്റർ മുന്നറിയിപ്പ് നൽകി.
ആശയവൈവിധ്യംകൊണ്ടും യുക്തിഭദ്രതകൊണ്ടും അവതരണചാരുതകൊണ്ടും സദസ്യർക്ക് ഉണർവും ഊർജവും പകരുന്നതായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ പ്രഭാഷണം. തന്നെക്കുറിച്ചും സിപിഐ എമ്മിനെക്കുറിച്ചും മലയാളമനോരമ പത്രം എഴുതിക്കൊണ്ടിരിക്കുന്ന വ്യാജവാർത്തകളെ സംബന്ധിച്ച്, തന്നെ പ്പറ്റി മനോരമ നല്ലത് എഴുതിയാൽ തനിക്ക് തെറ്റുപറ്റിയെന്ന് കരുതും എന്ന് മുൻപ് ഇ.എം.എസ്. പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം നൽകിയ വിശദീകരണം ഇ.എം.എസ്. സ്മൃതിയുടെ സമാപനം അർത്ഥപൂർണമാക്കി. ♦