പാലക്കാട് ജില്ലയും പ്രത്യേകിച്ച് പട്ടാമ്പിയുമായിരുന്നു തുടക്കത്തിൽ ഇ എം എസ്സിന്റെ കർമ്മമണ്ഡലം.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിയമലംഘന സമരത്തിൽ പങ്കെടുക്കാൻ ഇ എം എസ് യാത്രയായത് പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നാണ്. ഒന്നാം കമ്യൂണിസ്റ്റ് സർക്കാരിനെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ട ശേഷം നടന്ന നിർണ്ണായക തിരഞ്ഞെടുപ്പിൽ ഇ എം എസ് മത്സരിക്കാൻ തെരഞ്ഞെടുത്തത് പട്ടാമ്പിയായിരുന്നു. ജനസംഘം സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണച്ചു. പിരിച്ചുവിടപ്പെട്ട മുഖ്യമന്ത്രിയെ തോല്പിക്കാൻ കേന്ദ്രമന്ത്രിമാർതന്നെ തമ്പടിച്ച് പ്രചരണത്തിനു നേതൃത്വം നല്കി. അവരുടെ പ്രലോഭനങ്ങൾക്കോ ഭീഷണികൾക്കോ വഴങ്ങാതെ പട്ടാമ്പി ഇ എം എസിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. പിന്നീട് 1965 ലും 1967 ലും 70 ലും ഇ എം എസ് മത്സരിച്ചു ജയിച്ചത് പട്ടാമ്പിയിൽ നിന്നാണ്. ഒടുവിൽ 1977-ൽ ആലത്തുരിൽനിന്നും .
ഇ.എം.എസ് നമ്മെ വിട്ടുപിരിഞ്ഞ് കാൽ നൂറ്റാണ്ടു പിന്നിടുമ്പോൾ ഇ എം എസിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവനകളെ വിലയിരുത്താനും അതിന്റെ വെളിച്ചത്തിൽ സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്യാനുമായി ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കാൻ കുഞ്ഞിരാമൻ മാസ്റ്റർ പഠനകേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഇ എം എസ്സിന്റെ ജന്മദിനമായ 13 ന് പട്ടാമ്പിയിലും 14 ന് പാലക്കാടുമായാണ് സെമിനാർ നടന്നത്.
സിദ്ധാന്തവും പ്രയോഗവും
മാർക്സിസ്റ്റ് സിദ്ധാന്തമനുസരിച്ച് കേരളത്തിന്റെ സാഹചര്യങ്ങളെ വിശകലനം ചെയ്യാനും അതനുസരിച്ച് സമൂഹത്തെ പുതുക്കിപ്പണിയാനും നേതൃത്വം കൊടുത്ത ഇ എം എസ് ആധുനിക കേരളത്തിന്റെ ശില്പി എന്ന പേരിന് പൂർണമായും അർഹനാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഭാഷ വെറും ആശയക്കൈമാറ്റ ഉപാധിയല്ലെന്നും അത് ഒരു ജനതയുടെ ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും ആവിഷ്കാരരൂപമാണെന്നുമുള്ള ചരിത്രപരമായ ഭൗതികവാദത്തിന്റെ കാഴ്ചപ്പാടനുസരിച്ചാണ് “ഒന്നേകാൽ കോടി മലയാളികൾ ” ഒരു ജനതയാണെന്നും “കേരളം മലയാളികളുടെ മാതൃഭൂമി” യാണെന്നും ഇ.എം.എസ്.സമർത്ഥിച്ചത്. ഭാഷാ സംസ്ഥാന രൂപീകരണത്തിനായുള്ള സമരങ്ങളുടെ ആശയാടിത്തറയായിത്തീർന്നു, ഇ എം എസിന്റെ കൃതികൾ.
നവകേരള സൃഷ്ടിയും
വെല്ലുവിളികളും
നവകേരള സൃഷ്ടി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചായിരുന്നു ഡോ. തോമസ് ഐസക് അവതരിപ്പിച്ച പ്രബന്ധം. കേരളത്തിന്റേത് അസാധാരണവും അപൂർവവുമായ വികസനാനുഭവമാണെന്ന് ഡോ. തോമസ് ഐസക് സമർത്ഥിച്ചു. ആദ്യം സാമ്പത്തിക വളർച്ച; പിന്നീട് ക്ഷേമം ഇതാണ് വ്യവസ്ഥാപിതമായ രീതി. എന്നാൽ കേരളത്തിന്റെ വികസനം വ്യത്യസ്തമാണ് .സാമ്പത്തികമായി പിന്നാക്കാവസ്ഥയിലിരുന്ന കാലത്തും ഉയർന്ന ജീവിത ഗുണമേന്മ ഉറപ്പാക്കാൻ നമുക്കു കഴിഞ്ഞു . ഇന്ന് ജീവിതഗുണതയുമായി ബന്ധപ്പെട്ട ഏത് മാനദണ്ഡപ്രകാരവും കേരളം ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ഭൂപരിഷ്കരണം, സംഘടിത പ്രക്ഷോഭങ്ങളിലൂടെ ലഭ്യമായ ഉയർന്ന കൂലി,വിദ്യാഭ്യാസ – ആരോഗ്യ മേഖലയിലെ സാർവത്രികത തുടങ്ങിയവയിലൂടെ സമ്പത്തിന്റെ പുനർവിതരണം നടത്താൻ സാധിച്ചതാണ് കേരളത്തിന്റെ നേട്ടത്തിനാസ്പദം. ഡോ. കെ എൻ ഗണേശ്, പ്രൊഫ. വി കാർത്തികേയൻ നായർ, എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഇ എം എസ്സിന്റെ
അമൂല്യ സംഭാവനകൾ
ഇഎംഎസ് സ്മൃതി ദേശീയ സെമിനാറിന്റെ രണ്ടാം ദിവസത്തെ പരിപാടികൾ പാലക്കാട് സൂര്യരശ്മി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തത് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആണ്. സിപിഐ എം കേന്ദ്ര ക്കമ്മിറ്റി അംഗം എ കെ ബാലൻ അധ്യക്ഷത വഹിച്ചു.
ഇ എം എസിന്റെ സംഭാവനകളെ എണ്ണിയെണ്ണിപ്പറഞ്ഞു കൊണ്ടാണ് സഖാവ് കാരാട്ട് സെമിനാർ ഉദ്ഘാടനം ചെയ്തത്. ഏറ്റവും വിപുലമായ വായന ഉണ്ടായിരുന്ന ഒരു കമ്യൂണിസ്റ്റായിരുന്നു. സഖാവ് ഇഎംഎസ് . വായന മാത്രമല്ല സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവനകളുടെ കാര്യത്തിലും ഇ എം എസ്സിനൊപ്പം ആരുമെത്തില്ല.
ഇഎംഎസിന്റെ “ഒന്നേകാൽ കോടി മലയാളികൾ’എന്ന ലഘു ലേഖയും “കേരളം മലയാളികളുടെ മാതൃഭൂമി” എന്ന ചരിത്രഗ്രന്ഥവും ഇന്ത്യൻ ദേശീയ പ്രശ്നത്തിന് ശരിയായ ദിശ നൽകുന്നവയായിരുന്നു. ഈ രണ്ടു ഗ്രന്ഥങ്ങളെ തുടർന്ന് :വിശാലാന്ധ്ര’ എന്ന ഗ്രന്ഥം സുന്ദരയ്യയും “നൂതൻ ബംഗാൾ’ എന്ന ഗ്രന്ഥം ഭവാനി സെന്നും എഴുതുകയുണ്ടായി. ഈ ഗ്രന്ഥങ്ങളിലൂടെയാണ് ഭാഷ എന്നത് കേവലം ആശയവിനിമയോപാധി മാത്രമല്ല എന്നും അത് ഒരു ജനതയുടെ ജീവിതവും സംസ്കാരവും ഉൾക്കൊള്ളുന്നതാണെന്നും സ്ഥാപിച്ചത്. ഇത്തരത്തിലുള്ള അനേകം ഉപദേശീയതകളുടെ യൂണിയൻ ആണ് ഇന്ത്യ എന്ന ശരിയായ കാഴ്ചപ്പാട് അവതരിപ്പിച്ചതും ഈ ഗ്രന്ഥങ്ങളാണ്. ബഹുദേശീയ രാഷ്ട്രം എന്ന നിലയിൽ ഇന്ത്യൻ ദേശീയതയ്ക്ക് ശരിയായ നിർവചനം നൽകിയതും ഈ ആശയങ്ങളാണ്.
ആർഎസ്എസിന്റെ വർഗ്ഗ സ്വഭാവത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് അവതരിപ്പിച്ചതും ഇഎംഎസ് ആണ്. ഇന്ത്യൻ ഭരണവർഗത്തിന്റെ ഏറ്റവും പിന്തിരിപ്പനായ വിഭാഗമാണ് ആർഎസ്എസിന്റെ അടിത്തറ എന്ന് ഇഎംഎസ് സമർത്ഥിച്ചു.വൻകിട ബൂർഷ്വാ-ഭൂപ്രഭു വർഗത്തിന്റെ ഏറ്റവും പിന്തിരിപ്പനായ വിഭാഗത്തെയാണ് ആർഎസ്എസ് പ്രതിനിധീകരിക്കുന്നത് എന്ന് ഇഎംഎസ് ആണ് ആദ്യമായി പറഞ്ഞത്. ഒരു പത്രസമ്മേളനത്തിൽ ഇഎംഎസ് പറഞ്ഞ ആ ശരിയായ പ്രയോഗം ഇന്നും നമ്മൾ പിന്തുടരുന്നു.കോൺഗ്രസിനെതിരെ വിശാല പ്രതിപക്ഷഐക്യം എന്ന ആശയം ഉയർന്നുവന്നപ്പോൾ ബിജെപിയെ ഉൾപ്പെടുത്തി ക്കൊണ്ടുള്ള ഒരു സഖ്യം സാധ്യമല്ല എന്ന് ശക്തമായി ഊന്നി പറഞ്ഞതും സഖാവാണ്.
ഇങ്ങനെ നിരവധി പ്രതിസന്ധികളിൽ പാർട്ടിക്ക് മാർഗ്ഗദർശനം നൽകിയ നേതാവാണ് ഇ എം എസ് എന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ♦