Friday, October 18, 2024

ad

Homeഇഎംഎസ്‌ സെമിനാർപഠിച്ചും പഠിപ്പിച്ചും

പഠിച്ചും പഠിപ്പിച്ചും

കെ പി ജയേന്ദ്രൻ

‘‘ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ, പരമപ്രധാനമായ മതനിരപേക്ഷതയെ തകർക്കുവാനാണ് ശ്രമിക്കുന്നത്. മതത്തെ പൂർണമായും രാഷ്ട്രീയത്തിൽനിന്നും വേർതിരിച്ചു നിർത്തണമെന്ന ഭരണഘടനയുടെ അടിസ്ഥാനപ്രമാണത്തിന്റെ കടയ്ക്കലാണ് അവർ കത്തിവയ്ക്കുന്നത്. ശക്തമായി ഇതിനെ പ്രതിരോധിക്കാതെ ഇന്ത്യ എന്ന രാഷ്ട്രം തന്നെ നിലനിർത്താനാവില്ല. ദൗർഭാഗ്യവശാൽ നമ്മുടെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി ഈ വസ്തുത തിരിച്ചറിയുന്നില്ല. അവർ ഭരണകക്ഷിയുടെ തീവ്രഹിന്ദുത്വ നിലപാടുകളെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാനാകുമെന്ന വ്യാമോഹത്തിലാണ്. ഇത് ഹിന്ദുത്വ എന്ന ആശയത്തിന് വളമേകാൻ മാത്രമേ സഹായിക്കൂ. വർഗീയതക്കെതിരായ ശക്തമായ നിലപാടുയർത്തുന്നത് ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാത്രമാണ്.
വർഗീയതക്കെതിരെ ജനപക്ഷ നിലപാടുകളിലൂന്നി ജനങ്ങളെയാകെ അണിനിരത്തുന്നതിൽ അതുകൊണ്ടുതന്നെ രാജ്യത്തിനാകെ മാതൃകയായി നിലകൊള്ളുന്നതും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ മാത്രമാണ്.’’

ഇരുപത്തിയഞ്ചാമത്, ‘‘ഇ എം എസ്സിന്റെ ലോകം ദേശീയ സെമിനാർ’’ മലപ്പുറത്ത് ഉദ്ഘാടനംചെയ്തുകൊണ്ട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞതാണ് മുകളിലുദ്ധരിച്ചത്.

ഇ എം എസ് സ്മരണമായിട്ട് 25 വർഷം പിന്നിടുന്നു. മരണാനന്തരം വർഷം തോറും അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തി വരുന്ന ദേശീയ സെമിനാർ ഇത്തവണ മലപ്പുറത്ത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്-മാരക ടൗൺ ഹാളിലും, വ്യാപാരഭവനിലുമായി ഒരുക്കിയ രണ്ട് വേദികളിലായി ജൂൺ 13നും 14നും നിറഞ്ഞു കവിഞ്ഞ ജനാവലിയെ സാക്ഷിനിർത്തി നടന്നു.

രാജ്യത്ത് ഭരണവർഗങ്ങൾ നടത്തി വരുന്ന കോർപറേറ്റ് ദാസ്യത്തെയും ചങ്ങാത്ത മുതലാളിത്തനയങ്ങളെയും ബൃന്ദ കാരാട്ട് തന്റെ ഉദ്ഘാടനപ്രസംഗത്തിൽ നിശിതമായി തുറന്നുകാട്ടി. ഒപ്പം രാജ്യത്തിനാകെ വഴികാട്ടുംവിധത്തിൽ കേരളത്തിലെ ഇടത് സർക്കാർ ഉയർത്തിക്കൊണ്ടുവരുന്ന മതനിരപേക്ഷ, ജനപക്ഷ ബദൽ നയങ്ങളെ വിജയത്തിലെത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തുകൊണ്ടാണ് അവർ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ഉച്ചയ്ക്കു ശേഷം ടൗൺ ഹാളിൽ നടന്ന മതം, ജാതി, ഭരണകൂടം, വർഗീയത എന്ന സെഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷാണ് ഉദ്ഘാടനം ചെയ്തത്. 1957ൽ അധികാരത്തിൽ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് ഗവൺമെന്റ് അധികാരമേറ്റ്, ആദ്യത്തെ ആഴ്ചയിൽതന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് കൊണ്ടുവന്നു. അതിന്റെ ഫലമായി കുടികിടപ്പവകാശം ലഭിച്ച ലക്ഷക്കണക്കിന് ഭൂരഹിതർക്ക് തന്റേതായൊരു ഇടമുണ്ടായി. അതുകൊണ്ടുതന്നെ അവർക്ക് തന്റേടമുണ്ടായി എന്നും ഗോവിന്ദൻ മാഷ് ചൂണ്ടിക്കാട്ടി. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അതോടെയാണ് അവസാനിച്ചത്. ജാതീയതയുടെ അടിവേരറുത്ത നടപടിയായിരുന്നു അത്. എന്നാൽ അടിവേരറുക്കപ്പെട്ടാലും കുറേക്കാലം കൂടി മരം തലപൊന്തിച്ച് പച്ചപ്പോടെ നിൽക്കുന്നപോലെ തന്നെ ജാതീയതയും കുറച്ചുകാലം കൂടി നിലനിൽക്കുമെന്നും, ശക്തമായ പ്രചരണ ബോധവൽക്കരണങ്ങളിലൂടെയും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിച്ചും ജാതീയത നിർമൂലനം ചെയ്യേണ്ടതാണെന്ന് മാഷ് ചൂണ്ടിക്കാട്ടി. എന്നാൽ മത, ദെെവ വിശ്വാസങ്ങൾ അവർക്ക് രൂപം നൽകിയ ഭൗതിക സാഹചര്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം നിലനിൽക്കുമെന്നും, അതുകൊണ്ടുതന്നെ മതങ്ങൾക്കെതിരായ പോരാട്ടം കമ്യൂണിസ്റ്റ് പാർട്ടികളുടെ അജൻഡയല്ലെന്നും ഗോവിന്ദൻ മാഷ് വ്യക്തമാക്കി. പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ യോഗത്തിൽ സുനിൽ പി ഇളയിടം, ഡോ. ശിഹാബുദ്ദീൻ ടി പി, ജി പി രാമചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.

ഉച്ചക്കുശേഷം വ്യാപാരഭവനിൽ നടന്ന സമകാലിക മാധ്യമം എന്ന വിഷയം ചർച്ച ചെയ്ത സെമിനാറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് അധ്യക്ഷനായി. മാധ്യമ സ്വാതന്ത്ര്യമെന്ന കാലികപ്രാധാന്യമുള്ള വിഷയം ചൂടേറിയ സംവാദങ്ങൾക്കാണ് വേദിയൊരുക്കിയത്.

സെമിനാറിന്റെ രണ്ടാം ദിവസം രാവിലെ ‘‘കുതിക്കുന്ന കേരളം, കിതയ്ക്കുന്ന ഇന്ത്യ’’എന്ന വിഷയത്തെ ആസ്-പദമാക്കി ടൗൺ ഹാളിൽ നടന്ന സെഷൻ സിപിഐ എം മുൻ പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിൽ വർഗീയ കോർപറേറ്റ് കൂട്ടുകെട്ടിന്റെ അമിതാധികാരഭരണമാണ് നടക്കുന്നതെന്നും എന്നാൽ കേരളത്തിൽ ഇതിനു നേർവിപരീതമായ വിധത്തിൽ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ സാംസ്-കാരികമേഖലകളിൽ വലിയ പുരോഗതിയിലേക്ക് കുതിക്കുന്നതാണ് ഇന്നിന്റെ അനുഭവമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

രാവിലെ തന്നെ വ്യാപാരഭവനിൽ നടന്ന ‘‘സമകാലിക ലോകക്രമം’’ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ സിപിഐ എം പി ബി അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. ലോകത്ത് യുദ്ധങ്ങളും സംഘർഷങ്ങളുമുണ്ടാക്കി ആയുധ വ്യാപാരമടക്കമുള്ള തങ്ങളുടെ നികൃഷ്ട താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് അമേരിക്കൻ സാമ്രാജ്യത്വം ഇന്നും ചെയ്യുന്നതെന്നും എന്നാൽ സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാതയാണ് ഏറെ കരണീയമെന്ന് കൂടുതൽ രാജ്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്കുശേഷം ടൗൺ ഹാളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ‘‘ചരിത്രം, വിദ്യാഭ്യാസം, സംസ്കാരം, ശാസ്ത്രബോധം’’ എന്ന വിഷയത്തെ അധികരിച്ചു നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട്, പാർശ്വവൽകൃതർക്ക് ഉന്നത വിദ്യാഭ്യാസം കെെവരിക്കാനുള്ള അവസരം നിഷേധിക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ നയമെന്നും, എന്നാൽ ഇതിന് നേർവിപരീത ദിശയിലാണ് കേരളം മുന്നേറുന്നതെന്നും ചൂണ്ടിക്കാട്ടി.

ഉച്ചയ്ക്കുശേഷം വ്യാപാരഭവനിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ ദിനേശൻ പുത്തലത്ത് ‘‘വലതുപക്ഷവൽക്കരണം – പ്രത്യയശാസ്ത്രവും പ്രതിരോധവും’’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. ജർമനിയിലെ കോർപ്പറേറ്റുകൾ ഹിറ്റ്ലറെ ഭരണാധികാരിയായി ഉയർത്തിക്കൊണ്ടുവന്ന അതേ രീതിയിലാണ് ഇന്ത്യയിൽ മോദിയേയും കോർപ്പറേറ്റുകൾ വളർത്തിയത്. രാജ്യത്തിന്റെ ബഹുസ്വരതയെ ഉന്മൂലനം ചെയ്ത് പ്രതിഷേധങ്ങളെ ദുർബലപ്പടുത്തുവാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വെെകിട്ട് നടന്ന മതനിരപേക്ഷ സായാഹ്നം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതനിരപേക്ഷതയെയും ഭരണഘടനയെയും സംരക്ഷിക്കാൻ 2024ലെ ലോക്–സഭാ തിരഞ്ഞെടുപ്പ് ഒരവസരമായി കാണണമെന്നും, അതിനായി എല്ലാ ദേശസ്നേഹികളും ഒരുമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ലോകത്താകമാനം കോവിഡ് മഹാമാരി വിതച്ച ദുരിതങ്ങൾക്കുശേഷം ഉയർന്നുവന്ന അവസരങ്ങളെപ്പോലും കോർപ്പറേറ്റുകളുടെ ലാഭം വർദ്ധിപ്പിക്കാനുള്ള അവസരമാക്കുകയാണ് ലോകത്താകെയും നമ്മുടെ രാജ്യത്തുമുള്ള ഭരണവർഗങ്ങൾ. അവിടെയാണ് കേരളമെന്ന ഒരു കൊച്ചു സംസ്ഥാനത്തിലെ സർക്കാർ ജനപക്ഷത്തുനിന്നുകൊണ്ട് സമസ്ത മേഖലകളിലും ഒരു ബദൽ സൃഷ്ടിക്കുവാൻ ശ്രമിക്കുന്നത്. എങ്ങിനെയാണ് സംസ്ഥാനത്ത് ഒരു ജ്ഞാന സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതെന്നും അവരുൽപാദിപ്പിക്കുന്ന അറിവിനെ നമ്മുടെ കാർഷിക, വ്യാവസായിക ഉൽപന്നങ്ങളുടെ ഗുണപരവും, ഗണപരവുമായ വർദ്ധനവിന് ഉപയോഗിച്ച് ജനങ്ങളെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതെന്നും വളരെ കൃത്യമായി ചൂണ്ടിക്കാട്ടുവാൻ സെമിനാറിന് കഴിഞ്ഞു. ലോകമാകെ സർവ്വ മാനവികതകളെയും തിരസ്കരിച്ച് മുതലാളിത്ത ഭരണകൂടങ്ങൾ മൂലധന താൽപര്യങ്ങൾ മാത്രം സംരക്ഷിച്ച് മുന്നേറുമ്പോഴും, അതിദാരിദ്ര്യം നിർമാർജനം ചെയ്തും, വിജ്ഞാനാധിഷ്ഠിത സമൂഹത്തെ സൃഷ്ടിച്ചും, ജനക്ഷേമം മുൻനിർത്തിയും എങ്ങിനെ മുന്നോട്ടുപോകാം എന്നതിന് ഒരു ശക്തമായ ബദൽ പ്രദാനം ചെയ്യുകയാണ് കേരളത്തിൽ ഇടതുപക്ഷ ഗവൺമെന്റ്.

ഈ രണ്ട് നയങ്ങളെയും താരതമ്യം ചെയ്തും, തുറന്നു കാണിച്ചുകൊണ്ടും മലപ്പുറത്തെ ഇടതുപക്ഷ സഹയാത്രികരെ നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യിക്കുവാൻ ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിനായി എന്നതാണ് ഇത്തവണത്തെ സവിശേഷത. ഉൾക്കാമ്പിനാലും, ജനപങ്കാളിത്തം കൊണ്ടും അടുത്തകാലത്തൊന്നുമില്ലാത്ത വിധത്തിൽ ഈ സെമിനാറിനെ സമ്പുഷ്ടമാക്കുവാൻ സംഘാടകർക്ക് കഴിഞ്ഞുവെന്നതിൽ അഭിമാനിക്കാം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + 12 =

Most Popular