Monday, October 14, 2024

ad

Homeനിരീക്ഷണംമണിപ്പൂരിനെ കലാപഭൂമിയാക്കുന്നത് സംഘപരിവാർ

മണിപ്പൂരിനെ കലാപഭൂമിയാക്കുന്നത് സംഘപരിവാർ

സി പി നാരായണൻ

ണിപ്പൂരിൽ കലാപം തുടങ്ങിയിട്ട്‌ രണ്ടുമാസത്തോളമായി. മെയ്‌ മൂന്നിനാണ്‌ അത്‌ ആരംഭിച്ചത്‌. അവിടത്തെ രണ്ടു പ്രമുഖ ജനവിഭാഗങ്ങളായ മെയ്‌ത്തി, കുക്കി എന്നിവയിൽപെട്ടവർ തമ്മിലാണ്‌ പോരാട്ടം. മെയ്‌ത്തി വംശജനായ ബിരേൻ സിങ്ങാണ്‌ മുഖ്യമന്ത്രി. ബിജെപിക്കാരനാണ്‌. 2017 മുതൽ ആ പാർട്ടിയുടെ നേതൃത്വത്തിലാണ്‌ മണിപ്പൂരിന്റെ ഭരണം. കേന്ദ്രത്തിലും ഭരണം അവർ തന്നെ. പ്രധാനമന്ത്രി മോദിയുടെ ഭാഷയിൽ ഇരട്ട എൻജിൻ ഘടിപ്പിച്ച ഭരണമാണത്‌! എന്നാൽ രണ്ടു മാസത്തോളമായി നടക്കുന്ന ആക്രമണങ്ങളും ഏറ്റുമുട്ടലുകളും ഒരു തടസ്സവുമില്ലാതെ തുടരുകയാണ്‌. ഇന്ത്യൻ ജനത ഇന്നു നേരിടുന്ന വെല്ലുവിളികളുടെ ഒരു കൊച്ചുപതിപ്പാണ്‌ മണിപ്പൂരിൽ കാണപ്പെടുന്നത്‌ എന്നു പറയാം. മതനിരപേക്ഷത ഉൾപ്പെടെയുള്ള ഭരണഘടനാതത്വങ്ങൾ അവിടെ ലംഘിക്കപ്പെടുന്നു, വെല്ലുവിളിക്കപ്പെടുന്നു.

മണിപ്പൂർ എന്നാൽ വൈരക്കല്ലുകളുടെ നാട്‌ എന്നാണർഥം. ഇപ്പോൾ അത്‌ പരസ്പരവൈരത്തിന്റെ നാടാക്കി മാറ്റപ്പെട്ടിരിക്കുന്നു. വടക്കു കിഴക്കേ ഇന്ത്യ കുന്നുകളുടെയും പർവതങ്ങളുടെയും നാടുകൂടിയാണ്‌. അവിടെ സമതലത്തേക്കാൾ കുന്നിൻ ചെരിവുകളാണ്‌ കൂടുതൽ. ജനങ്ങൾ കൂടുതൽ പാർക്കുന്നതും അവിടെത്തന്നെ. ഒട്ടനവധി ആദിവാസി വിഭാഗങ്ങൾ ഉണ്ട്‌ അവിടെ. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അവർ തീരെ അവഗണിക്കപ്പെട്ടിരുന്നു. തടിയും വിറകും ഉൾപ്പെടെയുള്ള വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്ന വ്യാപാരി വ്യവസായികളാണ്‌ അവിടെച്ചെന്നിരുന്ന മറ്റ്‌ ഇന്ത്യക്കാർ. അവരുടെ ചൂഷണം ഭീകരമായിരുന്നു. അതിനാൽ ആ വനവാസികൾക്ക് മൊത്തത്തിൽ ഇന്ത്യാ സർക്കാരിനോടും ജനങ്ങളോടും മമത ഉണ്ടായിരുന്നില്ല. തങ്ങളുടെ വിഭവങ്ങളും ജീവിതംതന്നെയും കൊള്ളചെയ്യാൻ വരുന്നവരോട് എന്ത് മമത? സ്വാതന്ത്ര്യാനന്തര വർഷങ്ങളിൽ അതിനു മുമ്പെന്നപോലെ നാഗന്മാർ എന്ന വിഭാഗം ഉൾപ്പെടെ പല ആദിവാസികളും ഇന്ത്യാ സർക്കാരുമായി നീണ്ടകാലം സായുധ സമരത്തിലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളോടും അവർക്ക് നല്ല ബന്ധം ഉണ്ടായിരുന്നില്ല. പിന്നീടാണ് ഓരോ പ്രദേശത്തിന്റെയും അസ്തിത്വം അംഗീകരിച്ച് മുമ്പ് അസം എന്ന ഒറ്റ സംസ്ഥാനമായിരുന്ന പ്രദേശത്തെ എട്ട് സംസ്ഥാനങ്ങളായി കേന്ദ്ര സർക്കാർ വിഭജിച്ചത്. അസം, അരുണാചൽപ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര, സിക്കിം എന്നിവയാണ് അവ. അതിനുശേഷമാണ് ആ പ്രദേശത്ത് ജനാധിപത്യ സർക്കാരുകളും ഭരണസംവിധാനങ്ങളും പ്രവർത്തിക്കാൻ തുടങ്ങിയത്.

ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം മറ്റിടങ്ങളിൽ എന്നപോലെ ഈ പ്രദേശത്തും തങ്ങളുടെ അധികാരം ഉറപ്പാക്കാനും സ്വാധീനം വളർത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന നല്ല ഭരണം കാഴ്ചവെച്ചുകൊണ്ടുള്ള സമീപനമല്ല അവരുടേത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കേന്ദ്രസർക്കാരിൽതന്നെ അവർ 10 ലക്ഷത്തോളം തസ്തികകൾ നികത്താതെ വിട്ടിരിക്കുകയാണ്. നികുതി പിരിവിൽ ശതകോടികളുടെ കുറവാണ് ഓരോ വർഷവും വരുത്തിക്കൊണ്ടിരിക്കുന്നത്. വൻകിടകൾ നൽകേണ്ട നികുതികൾ പിരിക്കുന്നതിൽ വലിയ വീഴ്ച വരുത്തി. ബിജെപിയുടെ ഭരണം അദാനി, അംബാനി മുതലായ വൻകുത്തകകൾക്കുവേണ്ടിയാണ്. ജനങ്ങൾക്ക് ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, തൊഴിൽ, യാത്രാസൗകര്യം മുതലായവ ഏർപ്പെടുത്തുന്നതിനല്ല അവരുടെ മുൻഗണന. കുത്തകകളെ പോറ്റി വളർത്തുന്നതിലാണ്; ചില പുതിയ കൂട്ടരെക്കൂടി കുത്തകകൾ ആക്കിമാറ്റുന്നതിനാണ്.

ലക്ഷ്യം ഇതായതുകൊണ്ട്, ജനങ്ങളുടെ പ്രാഥമികവും അവശ്യവും ആയ ആവശ്യങ്ങൾ നിറവേറ്റുന്നതിനു അവർ യാതൊരുവിധ പരിഗണനയും നൽകുന്നില്ല. തങ്ങളുടെ രാഷ്ട്രീയ നിയന്ത്രണത്തിൽ അല്ലാത്ത പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും സ്വന്തം വരുതിയിലാക്കാൻ അവർ സ്വീകരിക്കുന്ന സമീപനം ബ്രിട്ടീഷുകാർ മുമ്പ് ഇവിടെ പ്രയോഗിച്ചതാണ് – ഡിവെെഡ് ആൻഡ് റൂൾ. അതായത‍് ഭിന്നിപ്പിച്ചു ഭരിക്കൽ. മണിപ്പൂരിൽ (മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും) ജനങ്ങൾ പല വിഭാഗങ്ങളിൽപെട്ടവരാണ്. ഭാഷ വേറെ, ജീവിതരീതി വേറെ, ആചാരാനുഷ്-ഠാനങ്ങൾ വേറെ എന്നിങ്ങനെ. അതിനാൽ അവരെ അകറ്റിനിർത്തുക എളുപ്പമാണ്. തമ്മിൽ അടുക്കാതിരിക്കാൻ അവർ തമ്മിൽ നിലവിലുള്ള അസ്വാരസ്യങ്ങൾ ഊതിക്കത്തിച്ചാൽ മതി. അതാണ് ബിജെപി മണിപ്പൂരിൽ ചെയ്തുവരുന്നത്.

മണിപ്പൂർ ഇന്ത്യയുടെ ഒരു അതിർത്തി സംസ്ഥാനമാണ്. അതിന്റെ കിഴക്കേ അതിർത്തി മ്യാൻമറാണ്. അവിടെ നിന്നുള്ള സായുധ വിഭാഗങ്ങളെ മണിപ്പൂരിൽ നടക്കുന്ന മെയ്-ത്തി– കുക്കി ഏറ്റുമുട്ടലിൽ പങ്കെടുപ്പിക്കുന്നതായി വാർത്തകളുണ്ട്. ഇന്ത്യാ– മണിപ്പൂർ സർക്കാരുകൾ അത് നിഷേധിച്ചിട്ടുമില്ല. വിദേശങ്ങളിലുള്ള മണിപ്പൂരിക്കാർ അന്താരാഷ്ട്ര വേദികളിലും വാർത്താമാധ്യമങ്ങളിലും ഈ പ്രശ്നം അവർക്കറിയാവുന്ന വിവരത്തോടെ പ്രചരിപ്പിക്കുന്നുണ്ട്.

മണിപ്പൂരി പ്രശ്നത്തിനു പല മാനങ്ങളുണ്ട്. ഒന്ന്, മെയ്-ത്തി–കുക്കി ജനവിഭാഗങ്ങൾ തമ്മിലുള്ള കൃഷിഭൂമിക്കും മറ്റും വേണ്ടിയുള്ള കിടമത്സരം. കുക്കികൾ പലരുടെയും ഭൂമി മെയ്-ത്തി അക്രമിസംഘങ്ങൾ കയ്യേറി സ്വന്തമാക്കിയിട്ടുണ്ട്. അത് ചെറുക്കപ്പെടുന്നു. ആ പ്രക്രിയ തുടരുന്നു. മെയ്-ത്തികൾ പാർക്കുന്നത് താരതമേ-്യന സമതലമായ ഇംഫാലിലും ചുറ്റുപ്രദേശങ്ങളിലുമാണ്. അവരാണ് ജനസംഖ്യയിൽ 60 ശതമാനം. ഏറ്റവും വലിയ ജനവിഭാഗം. എന്നാൽ അവർ ആദിവാസികളല്ല. പക്ഷേ, അവർക്കാണ് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാൻ കഴിയുന്നത്. മെയ്-ത്തികളും കുക്കികളും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ സംഗ്രഹിക്കാം: സമതലത്തിൽ പാർക്കുന്നവരും വനമേഖലയിൽ പാർക്കുന്നവരും. മെയ്-ത്തികൾ ഒരേസ്ഥലത്ത് പാർത്ത് ജോലി ചെയ്യുന്നവരാണ്. കുകികൾ സ്ഥലങ്ങൾ മാറി മാറി കൃഷി ചെയ്യുന്ന ആദിവാസി സമ്പ്രദായം പിന്തുടരുന്നവരാണ്. കുക്കികൾ പ്രധാനമായി സ്വന്തം ആവശ്യത്തിനു വേണ്ടിയാണ് കൃഷി ചെയ്യുന്നത്. മെയ്-ത്തികൾ വിൽപ്പനക്കുകൂടി ലക്ഷ്യംവച്ചാണ് കൃഷി ചെയ്യുന്നത്. കുക്കികളെ അപരിഷ്-കൃതർ എന്ന വിഭാഗത്തിലാണ് സാമൂഹ്യശാസ്ത്രജ്ഞർപെടുത്തുക. മെയ്-ത്തികളെ പരിഷ്-കൃതരിലും. മെയ്-ത്തികൾ ആധുനികരീതിയിലുള്ള ഭരണസംവിധാനം അംഗീകരിക്കുന്നവരാണ്. കുക്കികൾ ഭരണകൂടം നിലവിൽ വരുന്നതിനുമുമ്പുള്ള സാമൂഹ്യസംവിധാനത്തിലും.

ഇത്തരം വ്യത്യസ്ത വിഭാഗങ്ങളെ ഇന്ത്യയിലെ ഏത് സംസ്ഥാനത്തും ഏറിയും കുറഞ്ഞുമുള്ള തോതിൽ കാണാം. വ്യത്യസ്ത ജീവിതരീതിയും ജീവിതവീക്ഷണവും പിന്തുടരുന്നതുകൊണ്ട് അവയുടെ വിശ്വാസപ്രമാണങ്ങളും വ്യത്യസ്തമായിരിക്കും. അതിന്റെ അടിസ്ഥാനത്തിലുള്ള നാടൻ കാടൻ വ്യത്യാസം മെയ്-ത്തികളും കുക്കികളും തമ്മിലുണ്ട്. അതൊക്കെ അവർ തമ്മിലുള്ള ഇപ്പോഴത്തെ അകൽച്ചയിൽ പ്രതിഫലിക്കുന്നുണ്ട്. എന്നാൽ, ബിജെപിയെയും അതിനെ നയിക്കുന്ന സംഘപരിവാരത്തെയും ആകർഷിച്ചത് ആ ജനവിഭാഗങ്ങൾ തമ്മിലുള്ള മറ്റൊരു വ്യത്യാസമാണ്. മെയ്-ത്തികൾ ഹിന്ദുക്കളാണ്. കുക്കികൾ ക്രിസ്ത്യാനികളും. ഈ രണ്ടു മതക്കാർ മണിപ്പൂരിലെ ജനസംഖ്യയിൽ ഏതാണ്ട് തുല്യരാണ്. 41 ശതമാനം വീതം. മെയ്-ത്തികൾ ഹിന്ദുക്കളായത് 16–ാം നൂറ്റാണ്ട് മുതലാണ്. കുക്കികൾ ക്രിസ്ത്യാനികളായിട്ട് ഒന്നരനൂറ്റാണ്ടേ ആയിട്ടുള്ളൂ.

സംഘപരിവാരവും അത് നയിക്കുന്ന ബിജെപിയും ഹിന്ദുമത സംരക്ഷകരായാണ് അവകാശപ്പെടുന്നത്. അങ്ങനെ അവർ മണിപ്പൂരിൽ ഹിന്ദുമത സംരക്ഷണം പ്രധാന അജൻഡയായി ഏറ്റെടുത്തതോടെയാണ് ഇപ്പോഴത്തേതുപോലുള്ള സംഘർഷത്തിനു കളമൊരുങ്ങിയത്. മണിപ്പൂരിലെ ബിജെപി സർക്കാരിനെ നയിക്കുന്നത് മെയ്-ത്തി ജനവിഭാഗക്കാരാണ്. അതേസമയം മണിപ്പൂരിലെ കുക്കി ഉൾപ്പെടെ മറ്റു ആദിവാസി വിഭാഗങ്ങളെ കൂടെനിർത്താനും അവർ കരുക്കൾ നീക്കുന്നു. ഇത് ആരോപണമല്ല. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയെയാണ് ബിജെപി കേന്ദ്ര നേതൃത്വം ഇതിനായി നിയോഗിച്ചത്. അദ്ദേഹം കൂടെക്കൂടെ മണിപ്പൂരിൽപോയി പല തവണ അവരെ ബിജെപിയുടെകൂടെ നിർത്താൻ ശ്രമിച്ചിട്ടുണ്ട് – മണിപ്പൂരിലെ ബിജെപി മുഖ്യമന്ത്രി ബിരേൺ സിങ്ങിന്റെ നേതൃത്വത്തിൽ കുക്കികൾക്കെതിരായി അവിടത്തെ സർക്കാർ നടപടിയെടുക്കുമ്പോൾ തന്നെ. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ടല്ലൊ, വേട്ടക്കാർക്കൊപ്പവും ഇരകൾക്കൊപ്പവും ഓടുക എന്ന്. അതാണ് ബിജെപി മണിപ്പൂരിൽ വിദഗ്ധമായി പയറ്റിവരുന്ന അടവ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മധ്യസ്ഥനെന്ന നിലയിൽ തലസ്ഥാനമായ ഇംഫാലിൽപോയി ചെയ്തതും അതുതന്നെയാണ്.

രണ്ടുമാസത്തോളമായി തുടർന്നു വരുന്ന മെയ്-ത്തി– കുക്കികളുടെ ഏറ്റുമുട്ടൽമൂലം ഔദ്യോഗിക കണക്കനുസരിച്ച് മരണം നൂറിലേറെയാണ്. അനൗദ്യോഗിക കണക്കുപ്രകാരം 200ൽ ഏറെയും. ആയിരക്കണക്കിനു ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ലക്ഷത്തോളം പേർ അഭയാർഥികളായി. ഇരുന്നൂറിലേറെ ഗ്രാമങ്ങൾക്ക് തീയിട്ടു. ആറായിരത്തോളം വീടുകൾ കത്തിച്ചു. മുന്നൂറിലേറെ ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചു. ഏറ്റവും ശ്രദ്ധേയമായ കാര്യം പൊലീസിന്റെ നാലായിരത്തിൽപരം തോക്കും പതിനായിരക്കണക്കിനു ഉണ്ടകളും മോഷ്ടിക്കപ്പെട്ടു എന്നതാണ്. ഇതുവരെ അതൊന്നും കണ്ടെടുക്കാനായിട്ടില്ല.

എന്താണ് ഇത് കാണിക്കുന്നത്? മണിപ്പൂരിൽ സമാധാനം തകർക്കപ്പെട്ടിരിക്കുന്നു. അവിടെ സർക്കാരും ഭരണവുമില്ല. തമ്മിൽ ഏറ്റുമുട്ടുന്ന രണ്ടു വിഭാഗങ്ങളുടെ വിഹാരരംഗമാണ് ആ സംസ്ഥാനമിന്ന്. എന്തുകൊണ്ടാണ് സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി ഭരണമായിട്ടും ഇതുവരെയായി ഈ വംശീയ ഏറ്റുമുട്ടലിനു പരിഹാരം കാണാത്തത്? എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം പ്രധാനമന്ത്രിയുടെ ഒരു നിലപാട്, സമീപനം നൽകുന്നു. മണിപ്പൂരിലെ പത്തു പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പ്രധാനമന്ത്രിയെ കാണാനായി ഡൽഹിയിൽ ചെന്നു, ഒരു നിവേദനം സമർപ്പിക്കാൻ. മോദി അമേരിക്കയിലേക്കു പറക്കുന്നതുവരെ പത്തുദിവസം അവർ അവിടെ കാത്തുകിടന്നു. മണിപ്പൂരിലെ മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ. അവരെ ഒരു നിമിഷംപോലും കാണാനും സംസാരിക്കാനും പ്രധാനമന്ത്രി തയ്യാറാകാത്തതിൽ നിന്നു വെളിവാകുന്നു, ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാനുള്ള താൽപ്പര്യം.

ആർഎസ്എസിനും ബിജെപിക്കും അതിനാൽ പ്രധാനമന്ത്രി മോദിക്കും സംസ്ഥാനങ്ങളിൽ -ഫലപ്രദമായ ഭരണസംവിധാനങ്ങൾ, പ്രത്യേകിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത മന്ത്രിസഭകൾ, വേണമെന്നില്ല. അവർ അധികാരകേന്ദ്രീകരണത്തിനായാണ് നിലകൊള്ളുന്നത്. മൊത്തം അധികാരത്തിൽ ഓരോ ഭാഗം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തദ്ദേശ ഭരണസ്ഥാപനങ്ങൾക്കും ആയി വിഭജിച്ചു വച്ചിരിക്കുകയാണല്ലൊ, 1950ൽ അംഗീകരിക്കപ്പെട്ട ഭരണഘടനയോടെയും 1992ൽ പാസാക്കപ്പെട്ട 73, 74 ഭരണഘടനാ നിയമഭേദഗതികളോടെ പാർലമെന്റ്. സംഘപരിവാറിന്റെ അഭിപ്രായം ഈ അധികാരങ്ങളെല്ലാം കേന്ദ്ര സർക്കാരിനുതന്നെ നൽകിയാൽ മതി എന്നാണ്. ഇത് അവർ പല സന്ദർഭങ്ങളിലായി വ്യക്തമാക്കിയിട്ടുള്ളതാണ്.

അങ്ങനെ ചെയ്താൽ നാടൻ കുത്തകകൾ ഉൾപ്പെടെ വൻപണക്കാരുടെയും വിദേശകുത്തകകളുടെയും ആഗ്രഹങ്ങളാണ് നിറവേറ്റപ്പെടുക എന്നു ഇതേവരെയുള്ള പല സന്ദർഭങ്ങളിലെയും അനുഭവങ്ങൾ തെളിയിക്കുന്നു. അധികാരകേന്ദ്രീകരണം അക്കൂട്ടരുടെ താൽപ്പര്യമാണ്. പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും താൽപ്പര്യങ്ങളും ആഗ്രഹങ്ങളും കുറെയെങ്കിലും നിറവേറ്റപ്പെടുക അധികാരം താഴേത്തട്ടുകളിലേക്ക് കെെമാറ്റപ്പെടുമ്പോഴാണ്. അതാണ് യഥാർഥ ജനാധിപത്യം.

മുതലാളി–ഭൂപ്രഭു വർഗങ്ങളും അവയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പാർട്ടികളും അധ്വാനിക്കുന്നവരുടെയും കീഴാളരുടെയും തൊഴിലാളികളുടെയും കൃഷിക്കാരുടെയും ജീവൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുൻകയ്യെടുക്കുന്നില്ല. അതുകൊണ്ടാണ് മണിപ്പൂർ ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഓരോന്നിലും നിരവധി ചെറുപാർട്ടികൾ രൂപംകൊണ്ടത്. അധികാരവും സാമ്പത്തികശേഷിയും ഉപയോഗിച്ച്, അവയെ തങ്ങളുടെ സ്വാധീനവലയത്തിൽ നിർത്തുന്നതിൽ കേന്ദ്രഭരണകക്ഷി ശ്രമിക്കുന്നന്‌ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്ത്‌ കാണാമായിരുന്നു. അതിന്റെ മറ്റൊരു പതിപ്പാണ് മണിപ്പൂരിൽ ഇപ്പോൾ കാണാവുന്നത്‌.

അതിനപ്പുറം കടക്കുന്ന പ്രതിഭാസമാണ്‌ സംഘപരിവാർ – ബിജെപി ഭരണത്തിൻ കീഴിൽ കാണപ്പെടുന്നത്‌. മുമ്പ്‌ കോൺഗ്രസ്സിന്റെയും മറ്റും ഭരണകാലത്ത്‌ തങ്ങളുടെ നേതൃത്വത്തോട്‌ വിധേയത്വമുള്ള സർക്കാരുകളെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അധികാരത്തിൽ അവരോധിക്കാൻ ശ്രമം നടന്നിരുന്നു. വിധേയത്വമില്ലാത്തവരെ അധികാരത്തിൽ നിന്നു പുറന്തള്ളുന്നു. എന്നാൽ, ബിജെപിയും സംഘപരിവാരവും അതുകൊണ്ടുമാത്രം തൃപ്തരാകുന്നില്ല. ഹിന്ദുവർഗീയത വളർത്താൻ അവർ ശ്രമിക്കുന്നു. പല വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ആദിവാസി വിഭാഗങ്ങളെ തങ്ങളുടെ മതക്കാരാക്കാൻ പല മിഷനറി വിഭാഗങ്ങളും ശ്രമിച്ചിരുന്നു. അവരുടെ സ്വാധീനം തകർക്കുന്നതിനുകൂടി കേന്ദ്ര ഭരണാധികാരത്തെ ആർഎസ്‌എസും ബിജെപിയും നഗ്നമായി ഉപയോഗിക്കുന്നു. അതിനുവേണ്ടി രാഷ്‌ട്രീയാധികാരം മാത്രമല്ല അവർ പ്രയോഗിക്കുന്നത്‌, ജനങ്ങളെ ഹിന്ദുക്കളും അല്ലാത്തവരും ആയി ചേരിതിരിച്ച്‌ തമ്മിലടിപ്പിക്കാൻ നിരന്തരം നീക്കം നടത്തുന്നു.

അതാണ്‌ മണിപ്പൂരിൽ ബിജെപി പിന്താങ്ങുന്ന മെയ്‌ത്തികളും ക്രിസ്‌തീയ ഗ്രൂപ്പുകളുടെ പിന്തുണയുള്ള കുക്കികളും തമ്മിൽ മാസങ്ങളായി നടന്നുവരുന്നത്‌. പൗരത്വ നിയമഭേദഗതിയുടെയും മറ്റും പേരിൽ നേരത്തെ സംഘപരിവാരം ഡൽഹിയിലും മറ്റും ഇളക്കിവിടാൻ ശ്രമിച്ച വർഗീയധ്രുവീകരണത്തിന്റെ നിഴലാട്ടം കൂടിയാണ്‌ മാസങ്ങളായി അവിടെ കാണുന്നത്‌. ഇന്ത്യ എന്ന ആശയത്തെ, ഇന്ത്യക്കാർ എന്ന സ്വത്വത്തെ തകർക്കാനാണ്‌ ഇതുവഴി സംഘപരിവാരം ശ്രമിക്കുന്നത്‌. ഇത്‌ ചെറുക്കപ്പെടുകതന്നെ വേണം. അതിനു ഭരണഘടനാപരവും രാഷ്‌ട്രീയവും സാമൂഹ്യവും സംഘടനാപരവുമായി സമാഹരിക്കാവുന്ന സകലമാർഗങ്ങളും ആരായേണ്ടതുണ്ട്‌, സകലശക്തികളെയും ഉപയോഗിക്കേണ്ടതുണ്ട്‌. കാരണം, അവർ തകർക്കാൻ ശ്രമിക്കുന്നത്‌. നമ്മുടെ രാജ്യത്തെയാണ്‌, നമ്മുടെ കൂട്ടായ്‌മയെയാണ്‌ അസ്‌തിത്വത്തെത്തന്നെയാണ്‌. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × five =

Most Popular