സമരങ്ങളെ സംബന്ധിച്ച മുഖ്യധാരാ സങ്കല്പങ്ങളെക്കൂടി ഉലച്ചാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം മുന്നോട്ടു പോകുന്നത്. നീതിക്കായുള്ള ഒരു സമരവും റെഡിമെയ്ഡ് ഉല്പന്നങ്ങൾ അല്ലെന്നും, ഇവന്റ് മാനേജ്മെന്റുപോലെ സംഘടിപ്പിക്കപ്പെടുന്നതല്ലെന്നും ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. സമരമുന്നണിയിൽ അണിനിരക്കുന്നത് രാജ്യത്തെതന്നെ ഏറ്റവും അറിയപ്പെടുന്ന കായിക താരങ്ങളും സെലിബ്രിറ്റികളും ആണെങ്കിൽപോലും ഇതുതന്നെയാണ് അവസ്ഥ. അതുകൊണ്ടുതന്നെ വ്യാജമായ ബിംബ നിർമിതികൾക്കും മുതലാളിത്തത്തിന്റെ പരസ്യമാർക്കറ്റുകൾക്കുംവേണ്ടി കോർപ്പറേറ്റ് പണം ഉപയോഗിച്ചും ഭരണകൂടത്തിന്റെ ആശിർവാദത്തോടെയും നടത്തുന്ന ഫാൻസി ഷോകൾക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് ലോക ചാമ്പ്യന്മാരുടെ സമരം എത്തിച്ചേർന്നിരിക്കുന്നത്.
സമരങ്ങൾക്ക് ബ്ലൂപ്രിന്റുകൾ ഇല്ല. അതിന്റെ തന്നെ സ്വാഭാവികമായ പ്രക്രിയയിൽ സമരങ്ങളുടെ സ്വഭാവം നിർണയിക്കപ്പെടും. ആ വഴിയിൽ അത് കൂടുതൽ പക്വതയാർജ്ജിക്കുകയും നേരിടുന്ന വെല്ലുവിളികളെ മറികടക്കാനുള്ള ശ്രമത്തിൽ വിപുലവും കരുത്തുറ്റതുമായി മാറുകയും ചെയ്യും. രാജ്യതലസ്ഥാനത്തെ ജന്തർമന്ദിറിൽ മൂന്ന് മാസത്തിലേറെയായി തുടരുന്ന ഗുസ്തി താരങ്ങളുടെ അവകാശ സമരം അത്തരത്തിലൊന്നാണെന്ന് കാണാം. ലോക കായിക വേദികളിൽ രാജ്യത്തിനായി പൊരുതി വിജയികളായപ്പോൾ ആഘോഷിക്കാനുണ്ടായിരുന്ന സെലിബ്രിറ്റികളുടെ വലിയ നിര അതേ അഭിമാനതാരങ്ങൾ തങ്ങളുടെ ആത്മാഭിമാനം ആക്രമിക്കപ്പെടുന്നതിനെതിരെ ശബ്ദമുയർത്തിയപ്പോൾ മൗനം പാലിച്ചു. ഒരക്ഷരംകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാൽ പോലും നഷ്ടപ്പെടാൻ സാധ്യതയുള്ള അനേകം അവസരങ്ങളെക്കുറിച്ചും ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമാകുന്നതിലുള്ള അപകടത്തെക്കുറിച്ച്; ആലോചിച്ചിട്ടാകാം, അല്ലെങ്കിൽ ‘പരസ്യ ബ്രാൻഡു’കൾക്കപ്പുറത്ത് പൊതുസമൂഹത്തോട് തങ്ങൾ മറ്റൊന്നും സംസാരിക്കേണ്ടതില്ല എന്ന തോന്നലുകൊണ്ടാകാം. ഏതായാലും ഇന്ത്യൻ കായിക മേഖലയിലേക്ക് പടർന്നിരിക്കുന്ന ജീർണതയെക്കൂടി ചൂണ്ടിക്കാട്ടി തങ്ങളുടെ സഹ കായിക താരങ്ങൾ നടത്തിയ ധീരമായ സമരത്തിനൊപ്പം നിൽക്കാനുള്ള ആർജ്ജവം കോടികളുടെ ലേലമാർക്കറ്റിലും സ്പോൺസർഷിപ്പിലും ജീവിക്കുന്ന ഭൂരിപക്ഷത്തിനും ഉണ്ടായില്ല. എന്നാൽ ഈ സമരത്തിന്റെ വെളിച്ചം കെട്ടുപോകില്ലെന്ന് നിശ്ചയിക്കാൻ വിദ്യാർത്ഥികളും കർഷകരും സ്ത്രീകളും തൊഴിലാളികളും യുവാക്കളും ഉൾപ്പെടെയുള്ളവർ സംഘടിതരായി മുന്നോട്ടു വന്നു. ‘ചെറുത്തുനിൽപ്പ് തുടരുന്ന കാലത്തോളം നമ്മൾ പരാജയപ്പെട്ടവരല്ലെന്ന്’ പറഞ്ഞത് ലബനീസ് മാർക്സിസ്റ്റായ മെഹ്ദി അമേൽ ആണ്. ഇന്ത്യയുടെ യശസ് ലോകത്തോളം ഉയർത്തിയ താരങ്ങൾ നീതിക്കായി തെരുവിൽ അണിനിരന്നപ്പോൾ സമഗ്രാധിപത്യത്തിന്റെ ശക്തികൾക്ക് മുന്നിൽ അവർ പരാജയപ്പെടില്ലെന്ന് ഉറപ്പിക്കാൻ മുന്നോട്ടുവന്നത് ഇന്ത്യയിലെ ജനതയാണ്. അവരെ സംഘടിപ്പിച്ചതാകട്ടെ സംഘടിത പ്രസ്ഥാനങ്ങളും. ഒരിക്കൽക്കൂടി, ഇന്ത്യയിൽ ഇന്നുയർന്നുവരേണ്ട വിപുലമായ ഐക്യത്തിന്റെയും സംഘടിതമായ സമരമുന്നണിയുടെയും പാഠങ്ങൾ കായിക താരങ്ങളുടെ സമരം രാജ്യത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.
ജനുവരിയിലാണ് ഗുസ്തി താരങ്ങൾ ബിജെപി എം പി കൂടിയായ ഫെഡറേഷൻ പ്രസിഡന്റിൽനിന്നും തങ്ങൾക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തിനും പീഡനങ്ങൾക്കും എതിരായി നടപടി ആവശ്യപ്പെട്ട് ആദ്യമായി പരസ്യമായ സമരത്തിനിറങ്ങുന്നത്. അന്നവർ പക്ഷേ മറ്റാരെയും സമരവേദിയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. സമരത്തെക്കുറിച്ച് അറിഞ്ഞ ഉടനെതന്നെ അവർക്ക് പിന്തുണയുമായി എത്തിയ പതിറ്റാണ്ടുകളായി ഇന്ത്യയിലെ സ്ത്രീ സമരങ്ങളുടെയെല്ലാം സംഘാടകയും പ്രക്ഷോഭകയുമായി തുടരുന്ന ബൃന്ദ കാരാട്ടിനോട് ഇത് കായിക താരങ്ങളുടെ മാത്രം സമരമാണെന്നും അതിനെ രാഷ്ട്രീയവൽകരിക്കരുത് എന്നും പറഞ്ഞ് അവർ വേദിയിൽ നിന്നും മാറ്റിനിർത്തി. അതേ ബൃന്ദ കാരാട്ടും അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷനും സമരത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചപ്പോൾമുതൽ അതിലെ സജീവ പങ്കാളികളായി മാറി. മാത്രവുമല്ല, കോർപ്പറേറ്റ് മാധ്യമങ്ങൾ അവഗണിച്ച് സമരത്തെ മറച്ചുവെക്കാൻ ശ്രമിച്ചപ്പോഴും ജന്തർമന്ദിറിന് പുറത്തേക്ക് സമരത്തിന്റെ മുദ്രാവാക്യത്തെ പടർത്തുന്നതിൽ മഹിള അസോസിയേഷൻ ഉൾപ്പെടെയുള്ള വനിതാ സംഘടനകൾ നടത്തിയ ഇടപെടൽ എടുത്തു പറയേണ്ടതാണ്. ഈ ലേഖനം എഴുതുന്ന സമയത്ത് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ മഹിളാ പഞ്ചായത്ത് നടക്കുകയാണ്. ഹരിയാനയിൽ നിന്നുള്ള കായിക താരങ്ങളും സാക്ഷി മാലിക്കിന്റെ അമ്മയും ഉൾപ്പടെയുള്ളവർ മഹിളാ പഞ്ചായത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യമെമ്പാടും സ്ത്രീകളെ കായിക താരങ്ങൾ ഉയർത്തിയ മുദ്രാവാക്യത്തിനൊപ്പം അണിനിരത്താനുള്ള വിപുലമായ ശ്രമങ്ങൾക്കാണ് മഹിളാ പഞ്ചായത്ത് ആഹ്വാനം ചെയ്തത്.
തങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനു പകരം ക്രിമിനലുകളെ സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം എന്ന് മനസിലാക്കിയതോടെയാണ് കായിക താരങ്ങൾ മാർച്ച് മാസത്തിൽ അനിശ്ചിതകാല രണ്ടാംഘട്ട സമരം ആരംഭിക്കുന്നത്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഡൽഹിയിലെ വിദ്യാർഥികൾ ആദ്യം മുതൽതന്നെ അവർക്ക് പിന്തുണയുമായി നിലകൊണ്ടു. അതിശക്തരായ പ്രതിയോഗികൾക്കെതിരായ തങ്ങളുടെ സമരം ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്നും ഈ വിഷയത്തെ പരമാവധി പൊതുവിഷയമാക്കി മാറ്റേണ്ടതുണ്ട് എന്നുമുളള തിരിച്ചറിവിലേക്ക് കായിക താരങ്ങൾ എത്തി. അവർ ജന്തർമന്ദിറിന് പുറത്ത് ആദ്യമായി പങ്കെടുത്ത പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത് ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളായിരുന്നു. എസ് എഫ് ഐ പ്രവർത്തകർ ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. എന്നാൽ തുടർ ദിവസങ്ങളിൽ രാജ്യ തലസ്ഥാനത്തെ കാമ്പസുകളിൽ നിന്നും കൂടുതൽ വിദ്യാർഥികൾ സമരപന്തലിലേക്ക് ഐക്യദാർഢ്യവുമായി എത്തി. കർഷക സമരത്തിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങളിലും വഹിച്ചതിന് സമാനമായ പങ്കാളിത്തം കായിക താരങ്ങളുടെ സമരത്തിലും വിദ്യാർഥികൾക്കുണ്ട്. രാജ്യത്തെ ജനാധിപത്യ സമരങ്ങൾക്കൊപ്പം കാമ്പസുകളെ അണിനിരത്താനുള്ള സംഘടിത വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ഇടപെടലിന് ഈ സമരത്തെയും രാജ്യവ്യാപകമായി ചർച്ചയാക്കുന്നതിൽ നിർണായക പങ്കുണ്ട്.
കർഷക സംഘടനകൾ പിന്തുണയുമായി രംഗത്തെത്തിയതോടെയാണ് ഗുസ്തി താരങ്ങൾ ആരംഭിച്ച സമരം മറ്റൊരു നിലയിലേക്ക് പടരുന്നത്. ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കർഷക സംഘടനകളുടെ സമരമുന്നണിയായ സംയുക്ത കിസാൻ മോർച്ച കായിക താരങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കായി അണിനിരക്കാൻ രാജ്യത്തെ കർഷക സമൂഹത്തോട് ആഹ്വാനം ചെയ്തു. സമരത്തിന് അനുകൂലമായി ഗ്രാമങ്ങളിൽ പ്രചരണം നടത്താനും കൂടുതൽ പൊതുജനങ്ങളെ സമരകേന്ദ്രത്തിലേക്കെത്തിക്കാനും കർഷക സംഘടനകൾക്ക് സാധിച്ചു. ഇടതുപക്ഷ തൊഴിലാളി, കർഷക, കർഷക തൊഴിലാളി, വിദ്യാർഥി, മഹിളാ, യുവജന സംഘടനകൾ സംയുക്തമായി അഖിലേന്ത്യാ പ്രതിഷേധ ദിനം ആചരിച്ചു. എസ് എഫ് ഐയും ഡിവൈഎഫ്ഐയും സംയുക്തമായി നൂറുകണക്കിന് പ്രതിഷേധ ജ്വാലകൾ സംഘടിപ്പിച്ചു. ഇടതുപക്ഷ എം പിമാർ ഡൽഹിയിലെ സമരക്കാർക്കിടയിൽ സ്ഥിര സാന്നിധ്യമായി. കായിക താരങ്ങളുടെ സമരത്തിന് പിന്തുണയുമായി ആർട്ടിസ്റ്റുകളും പുരോഗമന സാഹിത്യ സംഘടനകളും അണിനിരന്നു. സമര കേന്ദ്രത്തിൽ പൊലീസ് അതിക്രമം നടന്നപ്പോൾ അതിനെ ചെറുക്കാനും കായിക താരങ്ങൾക്ക് ആത്മവിശ്വാസം നൽകാനും ഈ വിഭാഗങ്ങളെല്ലാം ഉണ്ടായിരുന്നു.
കായിക താരങ്ങളുടെ സമരത്തെ രാജ്യത്തിന്റെ ജനാധിപത്യ മുദ്രാവാക്യങ്ങളുമായി ചേർത്തുവെക്കുന്നതിൽ വിവിധ പ്രസ്ഥാനങ്ങൾ നടത്തിയ പങ്ക് ഓർമിക്കപ്പെടേണ്ടതാണ്. ആ ഇടപെടൽ, സമരത്തോടുള്ള കായിക താരങ്ങളുടെ സമീപനത്തെതന്നെ മാറ്റിപ്പണിയുന്നുണ്ട്. എന്തുകൊണ്ട് സംഘടിത പ്രസ്ഥാനങ്ങൾ ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപ്പിന്റെ ജീവവായുവാകുന്നു എന്ന് ഈ അനുഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും മാധ്യമങ്ങൾ കോർപ്പറേറ്റ് നിയന്ത്രണത്തിലാവുകയും പാർലമെന്റും മറ്റ് സ്ഥാപനങ്ങളുമെല്ലാം അട്ടിമറിക്കപ്പെടുകയും പൊലീസ് സ്റ്റേറ്റ് ആക്കി രാജ്യത്തെ മാറ്റാൻ നിരന്തര ശ്രമം നടക്കുകയും ചെയ്യുന്ന കാലത്ത്, നീതിക്കായുള്ള ഒരു സമരവും ഒറ്റപ്പെട്ടതല്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഗുസ്തി താരങ്ങൾ ആരംഭിച്ച് ജനാധിപത്യ പ്രസ്ഥാനങ്ങൾ വിപുലമാക്കിയ ഈ മുന്നേറ്റം. അത്തരത്തിൽ വളരാൻ സാധിച്ചതുതന്നെയാണ് ഇനിയും അവസാനിക്കാത്ത ഈ സമരത്തിന്റെ ആദ്യ വിജയങ്ങളിൽ ഒന്ന്. ♦