Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിബ്രിജ്‌ഭൂഷൺ
 ബിജെപിയുടെ ക്രിമിനൽ മുഖം

ബ്രിജ്‌ഭൂഷൺ
 ബിജെപിയുടെ ക്രിമിനൽ മുഖം

എം പ്രശാന്ത്‌

ടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൈസർഗഞ്ചിൽ നിന്ന്‌ മൽസരിക്കും’’–- പ്രായപൂർത്തിയാകാത്ത ഗുസ്‌തി താരത്തെ പീഡിപ്പിച്ചതടക്കം ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന ബ്രിജ്‌ഭൂഷൺ ശരൺ സിങ്‌ ജൂൺ 10 ന്‌ ഗോണ്ടയിൽ സംഘടിപ്പിച്ച റാലിയിൽ സംശയരഹിതമായി പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌ കീഴിലുള്ള ഡൽഹി പൊലീസ്‌ ലൈംഗികാക്ഷേപങ്ങളിൽ നടത്തുന്ന അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമെന്ന ആത്‌മവിശ്വാസമാണ്‌ ബ്രിജ്‌ഭൂഷണിന്റെ വാക്കുകളിൽ പ്രകടമായത്‌. ഒപ്പം കിഴക്കൻ യുപിയിലെ പൂർവാഞ്ചൽ മേഖലയിൽ ബിജെപിയുടെ കാര്യങ്ങൾ താൻ തന്നെ തീരുമാനിക്കുമെന്ന പ്രഖ്യാപനം കൂടിയാണ്‌ അയാൾ നടത്തിയത്‌.

ഒളിമ്പിക്‌സ്‌ മെഡൽ അടക്കം നേടി രാജ്യത്തിന്റെ അഭിമാനമായ താരങ്ങൾ രണ്ടുഘട്ടങ്ങളിലായി ഒരു മാസത്തിലേറെ തെരുവിൽ പ്രതിഷേധിച്ചിട്ടും ബ്രിജ്‌ഭൂഷണ്‌ യാതൊരിളക്കവും തട്ടിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായുമാണ്‌ ഇയാളുടെ സംരക്ഷകർ. ഗുരുതരമായ ആക്ഷേപങ്ങൾ ഉയർന്നിട്ടും ഗുസ്‌തി ഫെഡറേഷന്റെ തലപ്പത്തുനിന്ന്‌ ബ്രിജ്‌ഭൂഷണിനെ അന്വേഷണവിധേയമായി മാറ്റിനിർത്താൻ പോലും മോദി സർക്കാർ കൂട്ടാക്കിയില്ല. പൊലീസ്‌ അന്വേഷണത്തിലേക്ക്‌ നീങ്ങിയതാകട്ടെ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന്‌ മാത്രവും.

ബ്രിജ്‌ഭൂഷണിനെ മോദി സർക്കാർ സംരക്ഷിക്കാൻ രണ്ട്‌ കാരണങ്ങളുണ്ട്‌. ഒന്ന്‌, യുപിയുടെ പൂർവാഞ്ചൽ മേഖലയിൽ ഈ ക്രിമിനൽ നേതാവിനുള്ള വലിയ സ്വാധീനം. രണ്ട്‌, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒതുക്കുകയെന്ന അമിത്‌ ഷായുടെ ഗൂഢലക്ഷ്യം. ആദിത്യനാഥിനെപ്പോലെ സവർണ ഠാക്കൂർ വിഭാഗക്കാരനാണ്‌ ബ്രിജ്‌ഭൂഷണും. ആദിത്യനാഥിനെതിരെ നിരന്തരം വാക്‌പോരിലുമാണ്‌. അമിത്‌ ഷാ തന്നെയാണ്‌ ഇക്കാര്യത്തിൽ ബ്രിജ്‌ഭൂഷണിനെ പ്രോത്‌സാഹിപ്പിക്കുന്നത്‌.

യുപിയിലെ കൈസർഗഞ്ചിൽ നിന്നുള്ള ലോക്‌സഭാംഗമായ ബ്രിജ്‌ഭൂഷൺ സംസ്ഥാനത്തെ ആറോളം ജില്ലകളിൽ സ്വാധീനമുള്ള നേതാവാണ്‌. ഗോദയിൽ നിന്നു വഴിതെറ്റി രാഷ്ട്രീയത്തിലേക്ക്‌ എത്തി. അയോധ്യയിലെ പള്ളി തകർക്കൽ പ്രക്ഷോഭ കാലയളവ്‌ മുതൽ സംഘപരിവാറിനൊപ്പമുണ്ട്‌. ബാബറി പള്ളി തകർക്കൽ കേസിൽ എൽ കെ അദ്വാനി അടക്കമുള്ള നേതാക്കൾക്കൊപ്പം പ്രതിയുമായിരുന്നു.

1957 ൽ അയോധ്യയ്‌ക്കടുത്ത്‌ കോൺഗ്രസ്‌ കുടുംബത്തിൽ ജനിച്ച ബ്രിജ്‌ഭൂഷൺ വിദ്യാർത്ഥി സംഘടനാപ്രവർത്തനത്തിലൂടെയാണ്‌ രാഷ്ട്രീയത്തിലേക്ക്‌ കടന്നത്‌. പഠനകാലയളവിൽ തന്നെ ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവം. അയോധ്യാ പ്രക്ഷോഭത്തിലൂടെ സംഘപരിവാർ പാളയത്തിൽ. 1991 ൽ ഗോണ്ടയിൽ കോൺഗ്രസിന്റെ ആനന്ദ്‌ സിങ്ങിനെ തോൽപ്പിച്ച്‌ എംപിയായി. ദാവൂദ്‌ ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക്‌ സംരക്ഷണം നൽകിയതിന്‌ ജയിലിൽ അടയ്‌ക്കപ്പെട്ടതിനാൽ 1996 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനായില്ല. പകരം ഭാര്യ മൽസരിച്ച്‌ ജയിച്ചു. 1999 ൽ വീണ്ടും എംപിയായി. ഇടയ്‌ക്ക്‌ സംഘപരിവാറുമായി ഇടഞ്ഞ്‌ സമാജ്‌വാദി പാർട്ടിയിലെത്തി. 2014 ൽ ബിജെപിയിലേക്ക്‌ തന്നെ മടങ്ങി. 12 വർഷമായി റെസ്‌ലിങ്‌ ഫെഡറേഷൻ പ്രസിഡന്റാണ്‌. ഗോണ്ടയിലും സമീപജില്ലകളിലുമായി കോളേജുകളും സ്‌കൂളുകളും അടക്കം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ബ്രിജ്‌ഭൂഷണിനുണ്ട്‌.

ഒരു ഘട്ടത്തിൽ മുപ്പതോളം ക്രിമിനൽ കേസുകൾ ബ്രിജ്‌ഭൂഷണിന്‌ എതിരെയുണ്ടായിരുന്നു. ഒരാളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന്‌ അടുത്തയിടെ ഒരു യൂട്യൂബ്‌ ചാനലിന്‌ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്‌ വിവാദമായി. തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ വ്യക്തിയെ അവിടെ വെച്ച്‌ അപ്പോൾ തന്നെ വെടിവെച്ച്‌ കൊന്നുവെന്നായിരുന്നു ബ്രിജ്‌ഭൂഷണിന്റെ ഏറ്റുപറച്ചിൽ. കൊലപാതകിയാണെന്ന്‌ പരസ്യമായി വിളിച്ചുപറഞ്ഞിട്ടും യാതൊരു നിയമനടപടിയും ഇയാൾക്കെതിരെ ഉണ്ടായില്ല. 2004 ൽ ഗോണ്ടയിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഘനശ്യാം ശുക്ല വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിനുപിന്നിലും ബ്രിജ്‌ഭൂഷണിന്റെ പങ്ക്‌ ആരോപിക്കപ്പെടുന്നു. ഗോണ്ടയിൽ മൽസരിക്കാൻ താൽപ്പര്യപ്പെട്ടിരുന്ന ബ്രിജ്‌ഭൂഷണിന്‌ ബൽറാംപൂരിലാണ്‌ ബിജെപി അവസരം നൽകിയത്‌. ഗോണ്ടയിൽ ശുക്ല സ്ഥാനാർത്ഥിയായി. എന്നാൽ വോട്ടെടുപ്പ്‌ ദിവസം രാത്രിയിൽ ശുക്ല വാഹനാപകടത്തിൽ മരിച്ചു. ‘‘ശുക്ലയെ കൊന്നുകളഞ്ഞു അല്ലേ’’ എന്ന്‌ ബ്രിജ്‌ഭൂഷണിനോട്‌ പിന്നീട്‌ അടൽ ബിഹാരി വാജ്‌പേയ്‌ ചോദിക്കുന്ന സാഹചര്യവുമുണ്ടായി.

ഗുസ്‌തി മൽസരവേദികളിൽ പലപ്പോഴും പ്രകോപനപരമായി പെരുമാറിയിട്ടുണ്ട്‌. ഗുസ്‌തി മൽസരങ്ങൾക്കിടെ റഫറിമാരെ അധിക്ഷേപിക്കുന്നതും മറ്റും പതിവാണ്‌. മൽസരത്തിൽ ആരു ജയിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ അടക്കം ബ്രിജ്‌ഭൂഷനാണ്‌. തനിക്കു വഴങ്ങി നിൽക്കാത്ത ഗുസ്‌തി താരങ്ങളെ മർദ്ദിച്ചിട്ടുമുണ്ട്‌. 12 വർഷമായി ഗുസ്‌തി ഫെഡറേഷൻ അടക്കിവാഴുകയാണ്‌ ഇയാൾ. ഫെഡറേഷൻ പ്രസിഡന്റ്‌ എന്നതിന്‌ പുറമെ സെലക്ഷൻ കമ്മിറ്റി തലവൻ, പരാതിപരിഹാര സമിതി അധ്യക്ഷൻ എന്നീ പദവികളിലെല്ലാം ബ്രിജ്‌ഭൂഷൺ തന്നെയാണ്.

താൻ ചുമതലയേറ്റതിനുശേഷം ഇന്ത്യൻ ഗുസ്‌തി വലിയ പുരോഗതി കൈവരിച്ചുവെന്ന അവകാശവാദം ബ്രിജ്‌ഭൂഷൺ ഉയർത്തുന്നു. എന്നാൽ താരങ്ങളും കോച്ചുകളും മറ്റും ഇതിനോട്‌ യോജിക്കുന്നില്ല. ഹരിയാന, യുപി, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ അഖാഡ സംസ്‌കാരമാണ്‌ ഇന്ത്യൻ ഗുസ്‌തിയുടെ വളർച്ചയ്‌ക്ക്‌ വഴിയൊരുക്കിയതെന്ന്‌ ഇവർ സാക്ഷ്യപ്പെടുത്തുന്നു. അഖാഡ പരിശീലകരുടെയും താരങ്ങളുടെയും കഠിനാദ്ധ്വാനമാണ്‌ അന്തർദേശീയ ഗുസ്‌തിമൽസര വേദികളിൽ ഇന്ത്യയുടെ കുതിപ്പിന്‌ വഴിയൊരുക്കിയത്‌. ദേശീയതലത്തിൽ മൽസരങ്ങൾ സംഘടിപ്പിക്കുന്നത്‌ മാത്രമാണ്‌ ഗുസ്‌തി ഫെഡറേഷന്റെ ഉത്തരവാദിത്വം. ബ്രിജ്‌ഭൂഷണിന്റെയും ഗുസ്‌തി ഫെഡറേഷന്റെയും അനാസ്ഥ കാരണം നിരവധി അന്തർദേശീയ മൽസരങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക്‌ അവസരം നഷ്ടമായിട്ടുണ്ട്‌. വിമാനടിക്കറ്റ്‌ കൃത്യസമയത്ത്‌ ഉറപ്പിക്കുന്നതിലെ വീഴ്ച, വിസ അടക്കമുള്ള യാത്രാരേഖകൾ ഒരുക്കുന്നതിൽ സംഭവിക്കുന്ന കാലതാമസം തുടങ്ങിയ കാരണങ്ങളാൽ ലോകചാമ്പ്യൻഷിപ്പുകൾ അടക്കം താരങ്ങൾക്ക്‌ നഷ്ടമായി.

ബ്രിജ്‌ഭൂഷണിനെതിരായ അന്വേഷണം ജൂൺ 15 ഓടെ പൂർത്തീകരിക്കുമെന്നാണ്‌ കേന്ദ്ര കായികമന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂർ ഗുസ്‌തി താരങ്ങൾക്ക്‌ നൽകിയിട്ടുള്ള ഉറപ്പ്‌. എന്നാൽ അന്വേഷണം ഇഴഞ്ഞുനീങ്ങുക തന്നെയാണ്‌. ഗുസ്‌തി ഫെഡറേഷനിലേക്ക്‌ ജൂലൈയിൽ തിരഞ്ഞെടുപ്പ്‌ നടത്തുമെന്നും ബ്രിജ്‌ഭൂഷണിനെയും കൂട്ടാളികളെയും മാറ്റിനിർത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്‌. ഈ ഉറപ്പുകളൊക്കെ എത്രത്തോളം പാലിക്കപ്പെടുമെന്ന്‌ കാത്തിരുന്ന്‌ കാണുക തന്നെ വേണം. എന്തായാലും ബ്രിജ്‌ഭൂഷൺ ഇപ്പോഴും ആത്‌മവിശ്വാസത്തിലാണ്‌. മോദിയും ഷായും കൈവിടില്ലെന്ന ഉറപ്പ്‌ തന്നെയാണ്‌ ബിജെപിയുടെ ഈ ക്രിമിനൽ നേതാവിന്‌ ധൈര്യം പകരുന്നത്‌. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − 7 =

Most Popular