Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറിഇന്ത്യൻ ഗുസ്തിയുടെ ചരിത്രപശ്ചാത്തലം

ഇന്ത്യൻ ഗുസ്തിയുടെ ചരിത്രപശ്ചാത്തലം

ഇ സുദേഷ്

യാള്‍ക്ക് മുഴുവട്ടാണ്… സ്വന്തം പെണ്‍മക്കളെ ഇത്തരത്തില്‍ പ്രദര്‍ശന വസ്തുക്കളാക്കാന്‍ അയാള്‍ക്ക് നാണമില്ലേ… മഹാവീര്‍ സിങ് ഫൊഗട്ട് എന്ന ഗ്രാമമുഖ്യനെക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞ വാക്കുകളാണിത്. 20 വര്‍ഷം മുമ്പ് തന്റെ പെണ്‍മക്കളെ ഗുസ്തി പഠിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഗുസ്തിക്കാരന്‍ പിതാവിനുണ്ടായ അനുഭവം. ഹരിയാനയിലെ ചര്‍ക്കി ദാദ്രി ജില്ലയിലെ കുഗ്രാമമായ ബലാലിയില്‍ 20 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് ഇന്ത്യന്‍ കായികചരിത്രത്തില്‍ അതിപ്രധാന സ്ഥാനമുണ്ട്. മഹാവീര്‍ തന്റെ 4 മക്കളെയും മരിച്ചുപോയ സഹോദരന്റെ 2 മക്കളെയുമാണ് ഗുസ്തി പഠിപ്പിക്കാന്‍ തീരുമാനിച്ചത്. പുലര്‍ച്ചെ നാലരയ്ക്ക് കുട്ടികളെയും കൊണ്ട് ഓടാനിറങ്ങി. വീട്ടിനടുത്തുതന്നെ പരിശീലന കേന്ദ്രവും ഒരുക്കി. കുട്ടികളെ ഗുസ്തിയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിപ്പിച്ച് കഠിനപരിശീലനം നല്‍കി.

കടുത്ത എതിര്‍പ്പാണ് നാട്ടുകാരില്‍ നിന്നുണ്ടായത്. മഹാവീറിനോട് പറയാന്‍ ധൈര്യമില്ലാത്തവര്‍ അദ്ദേഹത്തിന്റെ ഭാര്യ ദയയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത് പെണ്‍കുട്ടികള്‍ക്കു പറ്റിയ കളിയല്ല. കടുത്ത പരിശീലനം നടത്തിയാല്‍ പ്രസവംപോലും കുഴപ്പത്തിലാകും. മുഖവും ശരീരവും പരുക്കനാകും. അവരെ വിവാഹം കഴിക്കാന്‍പോലും ആരും വരില്ല. ആക്ഷേപങ്ങളുടെ നിര നീണ്ടതായിരുന്നു. മഹാവീറിന്റെ പെണ്‍കുട്ടികളോട് മിണ്ടരുതെന്ന് അവര്‍ മക്കളോട് ചട്ടംകെട്ടി. പെണ്‍മക്കളെ വീട്ടില്‍ ഒളിപ്പിക്കാനുള്ളതല്ല എന്നായിരുന്നു മഹാവീറിന്റെ മറുപടി. ഗീത ഫോഗട്ടും ബബിത ഫോഗട്ടും സഹോദരിമാരും നാട്ടുകാരുടെ എതിര്‍പ്പ് ആവേശമാക്കുകയായിരുന്നു. ഗുസ്തിയും പരിശീലനവും അവര്‍ അത്രമേല്‍ ആസ്വദിച്ചു. നാട്ടുകാര്‍ ഒറ്റപ്പെടുത്തിയവര്‍ ഗുസ്തി വേദികളിലെ ആരവങ്ങളില്‍ സജീവമായി.

2010 ല്‍ ഗീത ഫൊഗട്ട് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയതറിഞ്ഞ് ബലാലി ഗ്രാമം അതിശയിച്ചു. സ്വന്തം നാട്ടുകാരി ലോകവേദിയില്‍ വിജയഗാഥ രചിച്ചപ്പോഴാണ് അവരുടെ കണ്ണുതുറന്നത്. അതോടെ, അടുത്ത ഗ്രാമത്തില്‍നിന്നുപോലും പെണ്‍കുട്ടികളുമായി രക്ഷിതാക്കള്‍ മഹാവീറിന്റെ പരിശീലന കേന്ദ്രത്തിലേക്ക് എത്തി. ഇവരെ ഉള്‍ക്കൊള്ളാന്‍ മഹാവീറിന് വലിയ ഹോസ്റ്റല്‍ കെട്ടിടംതന്നെ പണിയേണ്ടി വന്നു. ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ വനിതാ ഗുസ്തി താരമായി മാറിയ ഗീതയ്ക്കും സഹോദരിമാര്‍ക്കും പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഗുസ്തിയിലൂടെ അവര്‍ ലോക വേദികളില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി. ആ പെണ്‍കുട്ടികളാണ് സ്വന്തം അഭിമാനം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയത്. സ്ത്രീകളെ അടിമകളാക്കി നിലനിര്‍ത്തുന്ന മനോഭാവത്തിനെതിരെ പൊരുതി വിജയിച്ചവര്‍ സ്വന്തം നാട്ടില്‍ നേരിട്ടതിനേക്കാള്‍ ക്രൂരമായ പ്രതിസന്ധികള്‍ക്ക് ഇരയായതിന്റെ കഥകള്‍ പുറത്തുവന്നു.

റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ് നടത്തിയ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതിരുന്ന ഘട്ടത്തിലാണ് അന്താരാഷ്ട്ര ഗുസ്തി താരങ്ങള്‍ സമരമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെയടക്കം വനിതാ ഗുസ്തിതാരങ്ങളെ ലൈംഗിക ചൂഷണത്തിനും അതിക്രമത്തിനും വിധേയമാക്കിയെന്ന അതീവ ഗൗരവതരമായ പരാതിയില്‍ എഫ് ഐ ആര്‍ ഇടാന്‍പോലും ആഴ്ചകള്‍ വേണ്ടിവന്നു. എന്നാല്‍, നീതിക്കു വേണ്ടി ശബ്ദം ഉയര്‍ത്തിയ കായികതാരങ്ങള്‍ക്കെതിരെ കലാപക്കുറ്റത്തിന് കേസെടുക്കാന്‍ ഡല്‍ഹി പൊലീസ് ഒട്ടും താമസിച്ചില്ല. പൊങ്ങച്ചവും പൊള്ളയായ പ്രകടനപരതയും മുറ്റിനിന്ന പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങിനിടെ, ഇന്ത്യയുടെ യശസ്സുയര്‍ത്തിയ കായികതാരങ്ങള്‍ പൊലീസിന്റെ കൊടിയ മര്‍ദ്ദനത്തിനിരയായി. ഇവര്‍ക്കൊപ്പം പ്രതിഷേധിച്ച സുഭാഷിണി അലി, ആനി രാജ തുടങ്ങിയ ഇടതുപക്ഷ പ്രവര്‍ത്തകരെയും ജെ എന്‍ യു വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്തു.

സമരക്കാര്‍ക്കിടയില്‍ ബാഹ്യശക്തികള്‍ നുഴഞ്ഞുകയറിയെന്ന് കേന്ദ്ര മന്ത്രി വി കെ സിങ്ങ് പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍ സമരത്തെ എങ്ങനെ നേരിടും എന്നതിന്റെ സൂചനയാണ്. ബ്രിജ്ഭൂഷണെതിരെ ചെറുവിരലനക്കാന്‍പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകില്ല എന്നു മാത്രമല്ല, എല്ലാ സംരക്ഷണവും ഈ ക്രിമിലന് നല്‍കുകയും ചെയ്യും. കായിക മന്ത്രാലയത്തിന്റെയും അതിന്റെ മന്ത്രി അനുരാഗ് സിങ് താക്കൂറിന്റെയും നിലപാട്, കാര്യങ്ങള്‍ ബ്രിജ് ഭൂഷന്റെ വഴിക്ക് കൊണ്ടുവരുന്ന തരത്തിലാണ്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നടത്തിയ പ്രതികരണവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായി.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റങ് പുനിയ തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തില്‍ ഗുസ്തി താരങ്ങള്‍ കഴിഞ്ഞ ജനുവരിയിലാണ് ജന്തര്‍മന്ദറില്‍ സമരം തുടങ്ങുന്നത്. പരാതി അന്വേഷിക്കാന്‍ ബോക്‌സിങ്ങ് താരം മേരികോമിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ച സാഹചര്യത്തില്‍ സമരം നിര്‍ത്തിവെച്ചു. എന്നാല്‍, ബ്രിജ്ഭൂഷണ് ക്ലീന്‍ ചിറ്റ് നല്‍കുന്നതായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. സമിതി അംഗമായ ബബിത ഫോഗട്ടിനെ റിപ്പോര്‍ട്ട് കാണിച്ചതു പോലുമില്ലെന്നും അറിയുന്നു. അതോടെ, ഏപ്രിലില്‍ ഗുസ്തി താരങ്ങള്‍ ശക്തമായ സമരവുമായി മുന്നോട്ടുവന്നു. ഇത്തവണ സമരത്തിന്റെ രൂപവും ഭാവവും മാറിയിരുന്നു. കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തി. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉള്‍പ്പെടെ പിന്തുണ സമരക്കാര്‍ തേടുകയും ചെയ്തു. കായികരംഗത്തുനിന്ന് നട്ടെല്ലുള്ളവര്‍ അനുകൂലമായി പ്രതികരിച്ചു. 1983 ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്ങ്, വിരേന്ദര്‍ സെവാഗ്, അഭിനവ് ബിന്ദ്ര, നീരജ് ചോപ്ര, സുനില്‍ ഛേത്രി, സാനിയ മിര്‍സ തുടങ്ങിയവരാണ് ധൈര്യം കാണിച്ചത്.

കര്‍ഷക സംഘടനകള്‍ സമരത്തിന് പൂര്‍ണ പിന്തുണയുമായി എത്തിയത് നിര്‍ണായകമായി. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ മേഖലകളിലെ ഖാപ് പഞ്ചായത്തുകള്‍ കായികതാരങ്ങളെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവന്നു. ഇതൊരു നല്ല സൂചനയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്കും നീതിയ്ക്കുംവേണ്ടിയുള്ള തീവ്ര പ്രക്ഷോഭങ്ങളെ മോദിയുടെ മൗനംകൊണ്ടോ, അര്‍ത്ഥരഹിതമായ വാചാടോപം കൊണ്ടോ അമിത്ഷായുടെ അടിച്ചമര്‍ത്തല്‍കൊണ്ടോ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കര്‍ഷകസമരം തെളിയിച്ചതാണ്.

നമ്മുടെ കായികരംഗം നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. പല കായികസംഘടനകളുടെയും തലപ്പത്ത് സ്വന്തക്കാരെ തിരുകിക്കയറ്റുന്ന തിരക്കിലാണ് മോദിയും സംഘവും. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ അമിത് ഷായുടെ മകന്‍ ജയ് ഷായും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കല്യാണ്‍ ചൗബെയും നയിക്കുന്നത് യാദൃച്ഛികമല്ല. 2011 മുതല്‍ റസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റാണ് ബി ജെ പി നേതാവായ ബ്രിജ് ഭൂഷണ്‍. അദ്ദേഹത്തിന്റെ ഏകാധിപത്യമായിരുന്നു ഫെഡറേഷനില്‍ നടന്നത്. അതുകൊണ്ടുതന്നെ ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരത്തിന്റെ മാനങ്ങള്‍ അതിവിപുലമാണ്. ഗുസ്തിരംഗത്തുനിന്ന് ഇത്തരത്തില്‍ ഒരു പ്രതിഷേധം ഉയര്‍ന്നുവന്നതിനു പിന്നിലും കൃത്യമായ കാരണങ്ങളുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രങ്ങളായ മേഖലയില്‍ ആഴത്തില്‍ വേരോട്ടമുള്ള കായിക ഇനമാണ് ഗുസ്തി. അവര്‍ക്ക് ഗുസ്തി ഒരു കായികഇനമല്ല; ജീവിതത്തിന്റെ ഭാഗമാണ്. എല്ലാ അര്‍ത്ഥത്തിലും ജനകീയ കായിക വിനോദം.

ഇന്ത്യയോളം പഴക്കമുള്ള കായികവിനോദമാണ് ഗുസ്തി എന്നാണ് പൊതുവെ അവര്‍ പറയുന്നത്. നമ്മുടെ പുരാണങ്ങളിലും മറ്റും മല്ലയുദ്ധത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. മുഗള്‍ ഭരണകാലത്തോടെ തുര്‍ക്കി, മംഗോളിയന്‍, പേര്‍ഷ്യന്‍ ശൈലികള്‍ ചേര്‍ന്ന് ഇന്നത്തെ രൂപത്തിലുള്ള ഗുസ്തിയായി. ബാബര്‍ ഗുസ്തിയില്‍ അതീവതലപ്പരനായിരുന്നു. അക്ബര്‍ കാലഘട്ടം വിവരിക്കുന്ന അയ്‌നി അക്ബരി എന്ന ഗ്രന്ഥത്തില്‍ ഗുസ്തിയെക്കുറിച്ച് കാര്യമായ പരാമര്‍ശമുണ്ട്. യു പി, പഞ്ചാബ്, ഹരിയാന മേഖലകളിലാണ് ഗുസ്തിക്ക് ഏറ്റവും പ്രചാരം. കേരളത്തില്‍ കൊല്ലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഗുസ്തി അരങ്ങേറിയിരുന്നു. ബ്രിട്ടീഷുകാരുടെ കാലയളവില്‍ അവരുടെ കളിയല്ലാത്ത ഗുസ്തിയെ ഒട്ടും പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍, അത് ഗുസ്തിയുടെ ജനകീയ അടിത്തറയെ ബാധിച്ചില്ല എന്നു കാണാം.

യു പി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ ഗുസ്തി പരിശീലനവേദികളായ അഖാഡകള്‍ കാണാം. വളരെ പവിത്രമായ ഒന്നായാണ് ഇവിടത്തുകാര്‍ അഖാഡയെ കണക്കാക്കുന്നത്. കൃഷിയിടത്തോടു ചേര്‍ന്നും മറ്റും ഒരുക്കുന്ന അഖാഡകള്‍ അതിരാവിലെ സജീവമാകും. പൊതുവെ ഒരു മുന്‍കാല ഫയല്‍വാനാകും പരിശീലകന്‍. പരിശീലനം സൗജന്യമാണ്. അഖാഡകളുടെ നടത്തിപ്പു ചെലവ് നാട്ടുകാരും വിവിധ സംഘടനകളുമാണ് നല്‍കുന്നത്. മുതിര്‍ന്ന ഗുസ്തി താരങ്ങള്‍ മത്സരങ്ങളില്‍നിന്ന് കിട്ടുന്ന പ്രതിഫലത്തിന്റെ നല്ലൊരു പങ്കും നല്‍കാറുണ്ട്.

വ്യക്തി അധിഷ്ഠിതമായ ഈ കായികഇനത്തില്‍ മികവ് കാണിക്കാന്‍ കഠിനമായ പരിശീലനവും സമര്‍പ്പണവും ആവശ്യമാണ്. വേഗം, കരുത്ത്, നിരീക്ഷണപാടവം, മനോബലം, ഏകാഗ്രത എന്നിവയെല്ലാം ഒരു പോലെ പ്രകടിപ്പിക്കേണ്ടതുണ്ട്. തമ്മില്‍ പോരടിക്കുന്ന മറ്റു കളികളിലേതുപോലെ അക്രമസ്വഭാവമല്ല ഗുസ്തിയ്ക്കുള്ളത്. അടിയില്ല, ഇടിയില്ല, ചവിട്ടില്ല. ശരീരബലം ഉപയോഗിച്ച് എതിരാളിയെ മലര്‍ത്തിയടിക്കുന്നതാണ് വിജയം. വടക്കെ ഇന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് ഗുസ്തി മത്സരങ്ങള്‍ ആഘോഷമാണ്. അവരുടെ മനസ്സിനോട് അടുത്തു നില്‍ക്കുന്ന കായികവിനോദമായി ഗുസ്തി നിലകൊള്ളുന്നു.

ആദ്യമായി ഒരു ഇന്ത്യക്കാരന്‍ ഒളിമ്പിക്‌സ് മെഡല്‍ നേടുന്നത് ഗുസ്തിയിലാണ്. 1952 ല്‍ കെ ഡി യാദവിന്റെ വെങ്കലം. 7 ഒളിമ്പിക്‌സ് മെഡലുള്‍പ്പെടെ ലോകവേദികളില്‍ 85 സ്വര്‍ണ്ണമടക്കം 423 മെഡലുകളാണ് ഗുസ്തി രാജ്യത്തിന് സമ്മാനിച്ചിട്ടുള്ളത്.ഫോഗട്ട് സഹോദരിമാരുടെ മുന്നേറ്റവും ഡല്‍ഹി സ്വദേശി സുശീല്‍ കുമാറിന്റെ 2008 ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നേട്ടവുമാണ് പ്രതാപം മങ്ങിയിരുന്ന ഗുസ്തിക്ക് പുതിയ മേല്‍വിലാസം ഉണ്ടാക്കി ക്കൊടുത്തത്. സുശീലിന്റെ നേട്ടം കൂടുതല്‍പേരെ ഗുസ്തി പരിശീലനത്തിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിച്ചു. ഹരിയാന ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഗുസ്തിയുടെ സ്വാധീനവും സാധ്യതയും തിരിച്ചറിഞ്ഞ അവര്‍ പ്രോത്സാഹനത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. അതിന്റെ ഫലവും വൈകാതെ കണ്ടു. 2012 തൊട്ട് ഒളിമ്പിക്‌സില്‍ നേടിയ 4 ഗുസ്തി മെഡലുകളും ഹരിയാനയുടെ സംഭാവനയാണ്.

ബ്രിജ് ഭൂഷണെതിരായ പരാതിയോടെ പെണ്‍കുട്ടികളെ ഗുസ്തി പരിശീലനത്തിന് അയയ്ക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നുവെന്ന് വാര്‍ത്തയുണ്ട്. നമ്മുടെ കായികതാരങ്ങള്‍ക്ക് സുരക്ഷ വേണം. പ്രത്യേകിച്ചും ഈ രംഗത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക്. ആ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് ഗുസ്തി താരങ്ങള്‍. ഈ സമരം ഒരു വ്യക്തിക്കെതിരല്ല. എല്ലാ ജനാധിപത്യനൈതിക വിരുദ്ധതകളെയും സംരക്ഷിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തോടാണ് കായികതാരങ്ങള്‍ പോരാടുന്നത്. ഈ സമരം വിജയിക്കേണ്ടത് കായികരംഗത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കൂടി ആവശ്യമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − thirteen =

Most Popular