Sunday, September 8, 2024

ad

Homeകവര്‍സ്റ്റോറിപോരാട്ടത്തിന്‌ മെഡൽക്കരുത്ത്‌

പോരാട്ടത്തിന്‌ മെഡൽക്കരുത്ത്‌

റിതിൻ പൗലോസ്‌

രാജ്യത്തിന്റെ അഭിമാനം അന്താരാഷ്‌ട്ര വേദികളിൽ വാനോളമുയർത്തിയ ഗുസ്‌തി താരങ്ങൾ ഒന്നരമാസത്തോളമായി നീതിക്കുവേണ്ടി സമരമുഖത്താണ്‌. മെഡൽ നേടിയപ്പോൾ കൂടെനിന്ന്‌ ഫോട്ടോയെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം സകലരും കൈവിട്ട താരങ്ങളെ രാജ്യം ഹൃദയത്തോട്‌ ചേർത്തുപിടിക്കുന്ന കാഴ്‌ചയാണ്‌ പിന്നീടങ്ങോട്ട്‌ കണ്ടത്‌. ജനുവരിയിൽ സ്വന്തം നിലയിൽ തുടങ്ങിയ പോരാട്ടം നാലാം ദിവസം കായിക മന്ത്രിയുടെ ഉറപ്പിനെത്തുടർന്ന്‌ അവസാനിപ്പിച്ചുവെങ്കിലും വഞ്ചിതരായെന്ന്‌ ബോധ്യപ്പെട്ടതോടെ ഏപ്രിൽ 23ന്‌ ഡൽഹി ജന്തർ മന്ദറിൽ താരങ്ങൾ പ്രത്യക്ഷ സമരം പുനരാരംഭിച്ചു. ഇതിനിടെ കർഷക സംഘടനകളും തൊഴിലാളികളും വനിതകളും വിദ്യാർഥികളും അഭിഭാഷകരുമടക്കം പതിനായിരങ്ങൾ ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തി. മേയ്‌ 28ന്‌ പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനദിവസം രാജ്യാന്തരവേദികളിൽ പുതച്ചുനിന്ന ത്രിവർണ പതാക മാറോടടക്കിപ്പിടിച്ച സാക്ഷി മാലിക്കും ബജ്‌റംഗ്‌ പുനിയയും അടക്കമുള്ളവർ ഡൽഹി പൊലീസിന്റെ ബൂട്ടിനടിയിൽ ഞെരിഞ്ഞമർന്നപ്പോൾ അവരുടെ മെഡൽനേട്ടങ്ങളിൽ ആർപ്പുവിളിച്ചിരുന്ന കോടാനുകോടി മനുഷ്യർ അപമാനഭാരത്താൽ തലതാഴ്‌ത്തിനിന്നു.

പിന്നീട്‌ ചുരുങ്ങിയ നാളുകൾകൊണ്ട്‌ രാജ്യം ഇളകിമറിഞ്ഞ സമരങ്ങൾ, വൻ പ്രക്ഷോഭങ്ങൾ.

പ്രായപൂർത്തിയാകാത്ത താരത്തെയടക്കം ഏഴുപേരെ കേട്ടാലറയ്‌ക്കുന്ന ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷണെ അറസ്‌റ്റ്‌ ചെയ്യണമെന്നാണ്‌ അവരുടെ ആവശ്യം. ഒളിമ്പിക്‌സിലടക്കം ത്രിവർണ പതാക ഉയരെപ്പാറിച്ച സാക്ഷി മാലിക്‌, ബജ്‌റംഗ്‌ പുനിയ എന്നിവർക്ക്‌ പുറമേ വിനേഷ്‌ ഫോഗട്ടും അനുദിനം ഭരണകൂട ഭീകരതയുടെ ഇരയാകുന്നു. സമരത്തിന്റെ മുൻപന്തിയിലുള്ള മൂവരും ഹരിയാനയിൽ നിന്നുള്ളവരാണ്‌. സംഗീത ഫോഗട്ട്‌ , സത്യവർത്ഥ്‌ കഠിയാൻ എന്നിവരും ജനുവരി മുതൽ രണ്ടു ഘട്ടമായി തുടരുന്ന സമരത്തിൽ സജീവ സാന്നിധ്യമാണ്‌. താരങ്ങളുടെ കായിക പോരാട്ടങ്ങളെ അടുത്തറിയാം.

സാക്ഷി മാലിക്‌
2016ലെ റിയോ ഒളിമ്പിക്‌സിലെ 58കിലോ വിഭാഗത്തിൽ വെങ്കലമെഡൽ നേടുമ്പോൾ സാക്ഷിയുടെ പ്രായം വെറും 23 വയസ്‌. വൻ സംഘവുമായി റിയോയിലെത്തിയിട്ടും 12 ദിവസം നീണ്ടുനിന്ന ഇന്ത്യയുടെ മെഡൽ വരൾച്ച അവസാനിപ്പിച്ചത്‌ സാക്ഷിയായിരുന്നു. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ മൊഖ്ര എന്ന കുഗ്രാമത്തിൽ നിന്നാണ് സാക്ഷിയുടെ ഗുസ്‌തി പ്രയാണം. സീനിയർ തലത്തിലെ ആദ്യ മെഡൽ 2013-ൽ കോമൺ‌വെൽത്ത് ചാമ്പ്യൻഷിപ്പിൽ വെങ്കലമായിരുന്നു. തൊട്ടടുത്ത വർഷം ഗ്ലാസ്‌ഗോ കോമൺ‌വെൽത്ത് ഗെയിംസിൽ വെള്ളിയും 2018 ഗോൾഡ് കോസ്റ്റിൽ ഗെയിംസിൽ വെള്ളിയും നേടി. 2022ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ മാലിക് സ്വർണം നേടി രാജ്യത്തിന്റെ അഭിമാന നക്ഷത്രമായി. 2014-ൽ ഡേവ് ഷൂൾട്സ് ഇന്റർനാഷണൽ ഗുസ്തി ടൂർണമെന്റിൽ (60 കിലോഗ്രാം) സ്വർണം നേടിയാണ്‌ സാക്ഷി അന്താരാഷ്‌ട്ര വേദിയിൽ ചുവടുറപ്പിച്ചത്‌. 2010ലെ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുണ്ട്‌. ഗുസ്‌തി താരം സത്യവർത്ഥ കഠിയാനാണ്‌ സാക്ഷിയുടെ ഭർത്താവ്‌.

വിനേഷ്‌ ഫോഗട്ട്‌
ആമീർ ഖാന്റെ സിനിമയായ ദംഗലിന്റെ കഥ യഥാർഥത്തിൽ വിനേഷിന്റെ കുടുംബത്തിന്റേതാണ്‌. ചിത്രത്തിൽ അവതരിപ്പിക്കപ്പെട്ട ദംഗൽ സഹോദരിമാരായ ബബിത ഫോഗട്ടും ഗീത ഫോഗട്ടും അടുത്ത ബന്ധുക്കൾ.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ഗുസ്തിയിൽ സ്വർണം നേടിയ ആദ്യ താരമാണ് ഗീത ഫോഗട്ട്.

ഇവരുടെ പിതാവായ മഹാവീർ ഫോഗട്ടിന്റെ കഥാപാത്രമാണ്‌ ആമീർ ചെയ്‌തത്‌. വിനേഷിന്റെ അമ്മാവനും ദ്രോണാചാര്യ ജേതാവുംകൂടിയായ മഹാവീർ , താരങ്ങളുടെ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പുരസ്‌കാരം തിരികെ നൽകുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഗുസ്‌തി താരം കൂടിയായ സോംവീർ റാത്തിയെ ദീർഘകാല പ്രണയത്തിനൊടുവിൽ വിനേഷ്‌ 2018ൽ വിവാഹം ചെയ്‌തു.

2013ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വെങ്കലം നേടിയതോടെയാണ് വിനേഷ് ആദ്യമായി പ്രശസ്‌തിയിലേയ്‌ക്ക്‌ ഉയർന്നത്‌. രണ്ട് തവണ ഇന്ത്യയെ ഒളിമ്പിക്‌സിൽ പ്രതിനിധീകരിച്ചിട്ടുണ്ട്‌. ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം കൂടിയാണ്‌. 2019ൽ കസാഖിസ്ഥാനിൽ വെങ്കലം നേടിയ വിനേഷ്‌ 2022ൽ ബൽഗ്രേഡിൽവെച്ചും വെങ്കലം ആവർത്തിച്ചതോടെയാണ്‌ അപൂർവനേട്ടം സ്വന്തമായത്‌. കോമൺവൽത്ത്‌ ഗെയിംസിൽ ഹാട്രിക്‌ സ്വർണനേട്ടം വിനേഷ്‌ നടത്തിയിട്ടുണ്ട്‌. 2014ൽ ഗാസ്‌ഗോവ്‌ , 2018ൽ ഗോൾഡ്‌ കോസ്‌റ്റ്‌ ഗെയിംസ്‌, 2022ൽ ബർമിംഗ്ഹാം ഗെയിംസ് എന്നിവയിലാണ്‌ അത്‌.

ബജ്‌റംഗ്‌ പുനിയ
2020 ലെ ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ താരം.

രണ്ട് തവണ ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവു കൂടിയാണ്‌ പുനിയ.

ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകളും നേടിയിട്ടുണ്ട്. ഇതിനുപുറമെ, അദ്ദേഹം മൂന്ന് തവണ ലോക ചാമ്പ്യൻഷിപ്പിലും മെഡൽനേട്ടം ആവർത്തിച്ചു. സിംഗപ്പൂർ (2016), ബ്രാക്‌പാൻ (2017), ഗോൾഡ്‌കോസ്‌റ്റ്‌ (2018), ബർമിംഗ്ഹാം (2022) കോമൺവൽത്ത്‌ ഗെയിംസിലാണ്‌ സ്വർണം നേടിയത്‌. 2017,2018 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണനേട്ടം ആവർത്തിച്ചു. 2015ൽ അർജ്ജുന അവാർഡും 2019ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. ഗുസ്‌തി താരവും ദംഗൽ കുടുംബാംഗവുമായ സംഗീത ഫോഗട്ട്‌ ആണ്‌ ഭാര്യ. 2016ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 59 കിലോ വിഭാഗത്തിൽ സംഗീത വെള്ളി നേടിയിട്ടുണ്ട്‌.

സത്യവർത്ഥ്‌ കഠിയാൻ
ഹരിയാന റോഹ്‌തക്‌ സ്വദേശിയായ കഠിയാൻ 2010 ലെ യൂത്ത്‌ ഒളിമ്പിക്‌സിൽ 100 കിലോ വിഭാഗത്തിൽ വെങ്കലം നേടിയാണ്‌ കരിയർ തുടങ്ങിയത്‌. 2013ലെ ലോക യൂത്ത്‌ ചാമ്പ്യൻഷിപ്പിലും 2014ലെ എഷ്യൻ ചാമ്പ്യൻഷിപ്പിലും വെങ്കലം കരസ്ഥമാക്കി. അതേവർഷം നടന്ന കോമൺവെൽത്ത്‌ ഗെയിംസിൽ വെള്ളിയും നേടി. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − five =

Most Popular