ഗുസ്തി മത്സരം എന്നാണ് ദംഗല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ എന്ന ഹിന്ദി സിനിമ 2016 ലാണ് പുറത്തിറങ്ങിയത്. ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ പ്രമുഖനായ അമീര്‍ഖാന്‍ നായകവേഷം കൈകാര്യം ചെയ്ത ദംഗല്‍ നിര്‍മ്മിച്ചത് അദ്ദേഹത്തിന്റെ നിര്‍മ്മാണക്കമ്പനിയായ അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ആണ്. ഹോളിവുഡിലെ വാള്‍ട് ഡിസ്‌നി കമ്പനിയുടെ ഇന്ത്യന്‍ സബ്‌സിഡയറി സഹനിര്‍മ്മാതാക്കളായിരുന്നു. മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന പെഹല്‍വാനി ഗുസ്തിക്കാരനായാണ് അമീര്‍ഖാന്‍ അഭിനയിച്ചത്. അദ്ദേഹത്തിന്റെ മക്കളായ ഗീതയെയും ബബിത കുമാരിയെയും ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര നിലവാരമുള്ള വനിതാ ഗുസ്തിക്കാരാക്കാൻ പരിശീലനം കൊടുക്കുന്നതിന്റെ ആവേശകരമായ, അതേസമയംതന്നെ കഠിനമായ അനുഭവമാണ് ദംഗലിന്റെ കഥാതന്തു. ഫാത്തിമാ സാനാ ഷെയ്ഖും സനിയാ മല്‍ഹോത്രയുമാണ് ഗീതയും ബബിതയുമായി അഭിനയിച്ചത്. സൈറ വാസിമും സുഹാനി ഭട്‌നാഗറും അവരുടെ കുട്ടിക്കാലം അഭിനയിച്ചു.
സത്യമേവ ജയതേ എന്ന അതീവ ജനപ്രിയമായ ടെലിവിഷന്‍ ടോക്ക് ഷോയുടെ അവതാരകനായിരുന്നു അമീര്‍ഖാന്‍. സ്റ്റാറിലും ദൂരദര്‍ശനിലും സംപ്രേക്ഷണം ചെയ്ത സത്യമേവ ജയതേയില്‍ പെണ്‍ ഭ്രൂണഹത്യ, ബാലികമാരെ ലൈംഗികമായി പീഡിപ്പിക്കുന്നത്, ബലാത്സംഗം, ദുരഭിമാനക്കൊല, ഗാര്‍ഹിക പീഡനം, അയിത്തം, വിവേചനം, ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ ജീവിതം, ആണധികാരാക്രമം, മദ്യപാനാസക്തി, രാഷ്ട്രീയത്തിലെ ക്രിമിനലിസം എന്നിവയെല്ലാം വിഷയങ്ങളായി വന്നിരുന്നു. യഥാര്‍ത്ഥ സംഭവങ്ങള്‍ പുറത്തുകൊണ്ടുവരുന്ന അപൂര്‍വ്വമായ ഒരു ടെലിവിഷന്‍ ടോക്ക് ഷോ ആയിരുന്നു സത്യമേവ ജയതേ. ഹിന്ദിക്കു പുറമെ ഇംഗ്ലീഷും മലയാളവും അടക്കം എട്ടു ഭാഷകളില്‍ മൊഴിമാറ്റം നടത്തി ഈ പരിപാടി അവതരിപ്പിച്ചു. കോടിക്കണക്കിന് പ്രേക്ഷകര്‍ ലോകമെമ്പാടും കണ്ട പരിപാടിയായിരുന്നു സത്യമേവ ജയതേ. 2012 – 2014, കാലത്തായിരുന്നു ഈ പരിപാടിയുടെ സംപ്രേക്ഷണം. ഈ പരിപാടിയില്‍ വെച്ചായിരുന്നു ഫോഗട്ട് സഹോദരിമാരെ അമീര്‍ഖാന്‍ ആദ്യമായി അഭിമുഖം നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായി സംവിധായകനായ നിതേഷ് തിവാരി അവരുടെ ജീവിതകഥയെ ആസ്പദമാക്കി ദംഗലിന്റെ തിരക്കഥ തയ്യാറാക്കുകയും അമീര്‍ഖാന്‍ അതിലഭിനയിക്കുകയും നിര്‍മ്മിക്കുകയുമാണ് ചെയ്തത്.
ലോകമെമ്പാടും റിലീസ് ചെയ്ത ദംഗല്‍ വന്‍ വാണിജ്യ വിജയമായിരുന്നു. നിരവധി മേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ഏതാനും പുരസ്‌കാരങ്ങളും ലഭിച്ചു.
ഹരിയാനയിലെ ബലാലി എന്ന പ്രദേശത്തുകാരനാണ് മഹാവീര്‍ സിംഗ് ഫോഗട്ട്. ജോലി ലഭിക്കുന്നതിനു വേണ്ടി ഗുസ്തി പരിശീലിച്ചെങ്കിലും അദ്ദേഹത്തിന് അക്കാര്യത്തില്‍ നേട്ടമൊന്നുമുണ്ടാക്കാനായില്ല. തനിക്കൊരു മകന്‍ ജനിക്കുകയാണെങ്കില്‍ അവനെ ഗുസ്തിക്കാരനാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാലദ്ദേഹത്തിനുണ്ടായത് നാലു പെണ്‍മക്കളാണ്. ഇതില്‍ നിരാശനായിരിക്കെ, ഒരു ദിവസം തങ്ങളെ കളിയാക്കിയ രണ്ടു ചെക്കന്മാരെ വഴിയില്‍ അടിച്ചിട്ടു വന്ന ഗീതയെയും ബബിതയെയും കണ്ട മഹാവീര്‍ അവരെ ഗുസ്തിക്കാരാക്കാന്‍ തീരുമാനിക്കുന്നു.
കഠിനവും ക്രൂരവുമായ ശിക്ഷാമുറകളും രീതികളുമായിരുന്നു മഹാവീര്‍ മക്കള്‍ക്കുമേല്‍ പ്രയോഗിച്ചിരുന്നത്. താല്ക്കാലികമായി ചളിയും മണ്ണും കൊണ്ട് തയ്യാര്‍ചെയ്ത പരിശീലനത്തറയില്‍ അവരെ പരിശീലിപ്പിക്കുന്നതു കണ്ട നാട്ടുകാരുടെയും ഭാര്യയുടെ തന്നെയും അപ്രീതി അയാള്‍ സമ്പാദിക്കുന്നുണ്ടെങ്കിലും തന്റെ നിശ്ചയദാര്‍ഢ്യത്തില്‍ നിന്നു പിന്മാറാന്‍ അയാള്‍ തയ്യാറാവുന്നില്ല. മക്കള്‍ക്കും ആദ്യം അച്ഛനോട് ദേഷ്യം തോന്നിയെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുകയും തങ്ങളുടെ ഭാവി ഇതാണെന്നു തിരിച്ചറിയുകയും ചെയ്തതോടെ അവരും പരിശീലനത്തില്‍ സഹകരിക്കാനാരംഭിച്ചു. ചെറിയ ചെറിയ മത്സരങ്ങളില്‍ വിജയിച്ചു മുന്നേറിയ ഗീതയും ബബിതയും അച്ഛനില്‍ താല്ക്കാലിക സംതൃപ്തിയുണ്ടാക്കിയെങ്കിലും പരിശീലനമുറയില്‍ ഒരയവും അദ്ദേഹം വരുത്തിയില്ല.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള പരിശീലനത്തിനായി ഗീത പാട്യാലയിലെ ദേശീയ സ്‌പോര്‍ട്‌സ് അക്കാദമിയിലെത്തുന്നു. അക്കാദമിയിലെ ആധുനിക പരിശീലന രീതി പരിചയപ്പെടുന്ന ഗീത അച്ഛന്റെ പഴഞ്ചന്‍ രീതികളില്‍നിന്ന് സ്വയം മുക്തയാകുകയും അവിടത്തെ കോച്ചായ പ്രമോദ് കദമിന്റെ ശിഷ്യയായി അയാളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നു. പക്ഷേ, അതിനെ തുടര്‍ന്ന് അവള്‍ പങ്കെടുത്ത എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും അവള്‍ പരാജയപ്പെടുകയാണുണ്ടായത്. ഇത് മനസ്സിലാക്കിയ മഹാവീര്‍ ഗീതയെയും ഗീതയ്ക്കുപുറകെ അക്കാദമിയിലെത്തിയ ബബിതയെയും രഹസ്യമായി പുറത്തുവെച്ചും ഫോണ്‍വഴി നിര്‍ദ്ദേശിച്ചും അയാളുടെ രീതികളില്‍ പരിശീലിപ്പിക്കുന്നു. ഇതറിഞ്ഞ പ്രമോദ് കുപിതനാകുകയും അവരെ പുറത്താക്കാന്‍ അക്കാദമി അധികാരികളോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും അതു നടക്കുന്നില്ല.
കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരം നടക്കുന്ന വേളയില്‍, പ്രമോദ് കദം കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഗീത ലംഘിക്കുകയും ഗാലറിയിലിരുന്ന് മഹാവീര്‍ രഹസ്യമായി നല്‍കുന്ന സൂചനകള്‍പ്രകാരം കളിക്കുകയുമാണ്. ഇതില്‍ ദേഷ്യം വന്ന പ്രമോദ്, മഹാവീറിനെ ഒരു മുറിയില്‍ പൂട്ടിയിടുക വരെ ചെയ്യുന്നുണ്ട്. എന്നാല്‍, അച്ഛന്റെ നിര്‍ദ്ദേശങ്ങള്‍തന്നെ പിന്തുടര്‍ന്ന ഗീത സ്വര്‍ണമെഡല്‍ നേടുകയും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വനിതാ ഗുസ്തിയില്‍ സ്വര്‍ണം നേടിക്കൊടുക്കുകയുമാണ്.
നാടകീയത നിറഞ്ഞ ഈ ഇതിവൃത്തത്തില്‍ ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം തുടിച്ചു നില്‍ക്കുന്നുണ്ട്. പെണ്‍കുട്ടികളോടുള്ള വിവേചനം ഇവിടെ വ്യാപകമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഗുസ്തിമത്സരത്തിലേര്‍പ്പെടുമ്പോള്‍ വനിതാ താരങ്ങളണിയുന്ന വേഷം അനവധി പേരെ അതിനായി പരിശീലിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഗുസ്തി തെരഞ്ഞെടുക്കുന്നതില്‍ നിന്ന് മിക്കവാറും ഇന്ത്യന്‍ മാതാപിതാക്കള്‍ തങ്ങളുടെ പെൺമക്കളെ തടയുന്നു. സ്‌പോര്‍ട്‌സിനെ സ്‌പോര്‍ട്‌സ് ആയി കാണാന്‍ ആരും തയ്യാറാവുന്നില്ല.
ദംഗല്‍ ലോകവ്യാപകമായി വന്‍ വാണിജ്യ വിജയമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വ്യാപകമായിക്കൊണ്ടിരുന്ന അസഹിഷ്ണുതയുടെ സാംസ്‌കാരിക പരിസരത്തെക്കുറിച്ച് തുറന്നടിച്ചു വിമര്‍ശിച്ച അമീര്‍ഖാന്റെ പരാമര്‍ശത്തിനോട് പ്രതികരിച്ചുകൊണ്ട് വലതുപക്ഷ ഫാസിസ്റ്റുകള്‍ ചിത്രത്തിനെതിരെ പ്രചാരം നടത്തി. അമീര്‍ഖാന്‍ രാജ്യദ്രോഹിയാണെന്നുവരെ പലരും അധിക്ഷേപിച്ചു. ഇതിനിടയിലുണ്ടായ നോട്ടു നിരോധനവും ചിത്രത്തിന് തിരിച്ചടിയായി. അറുപതു ശതമാനത്തോളം തിയേറ്ററുകളിലാണ് നോട്ടുനിരോധനത്തെ തുടര്‍ന്ന് ദംഗലിന് പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടി വന്നത്.
ചൈനയിലും ജപ്പാനിലും ദംഗല്‍ വന്‍തോതില്‍ സ്വീകരിക്കപ്പെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റിലും ദംഗല്‍ പ്രദര്‍ശിപ്പിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഷീ ജിന്‍ പിങ്, ദംഗല്‍ കണ്ട് തനിക്കിഷ്ടപ്പെട്ടതായി അറിയിച്ചു. അതേസമയം, ഇന്ത്യന്‍ ദേശീയ പതാകയും ദേശീയ ഗാനവും സിനിമയിലുണ്ടെന്നതിനാല്‍ പാക്കിസ്താനില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുകയുണ്ടായില്ല. പ്രിയദര്‍ശന്‍ അംഗമായ ദേശീയ അവാര്‍ഡ് ജൂറി അമീര്‍ഖാനെ തഴഞ്ഞ് അക്ഷയ് കുമാറിനാണ് മികച്ച നടനുള്ള അവാര്‍ഡ് കൊടുത്തത്.
മഹാവീര്‍ സിംഗ് ഫോഗട്ടായുള്ള അമീര്‍ഖാന്റെ പ്രകടനം അസാമാന്യമായിരുന്നു. പരിപൂര്‍ണതയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പരിശ്രമം ഈ വേഷത്തിലും വിജയം കൈവരിച്ചു. കഠിനാധ്വാനവും പരിശ്രമവും നിരന്തര പ്രയത്‌നവും വ്യക്തിപരമായ അര്‍പ്പണബോധവും സ്‌പോര്‍ട്‌സില്‍ പ്രധാനമാണ്. ഗുസ്തി(റെസ്ലിങ്), മെഡല്‍, വിജയം, ഇന്ത്യ എന്നീ ഘടകങ്ങള്‍ കാണികളില്‍ അരക്കിട്ടുറപ്പിക്കുന്ന സിനിമയായിരുന്നു ദംഗല്‍.
തങ്ങള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്നും വലുതായി വലുതായി തങ്ങളുടെ ആഗ്രഹങ്ങള്‍ വളര്‍ത്തണമെന്നുമുള്ള പ്രേരണ ഏതു മനുഷ്യരിലും ദംഗല്‍ ഉണര്‍ത്തും. നിങ്ങളുടെ അഭിരുചിയിലും പ്രാപ്തിയിലും നിങ്ങള്‍ക്ക് വിശ്വാസമര്‍പ്പിക്കാമെന്ന് ചിത്രം എല്ലാവരെയും ഓര്‍മ്മപ്പെടുത്തി. നിലനില്‍ക്കുന്ന ബലതന്ത്രങ്ങളുടെ സ്ഥിരതയെ നിങ്ങള്‍ വെല്ലുവിളിക്കുക തന്നെ വേണം. നിങ്ങളുടെ കാഴ്ചപ്പാടിനെക്കുറിച്ച് ചുറ്റുമുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തുക, നിങ്ങളുടെ ഉള്ളിലുള്ള അഗ്നിയെ ഉണര്‍ത്തുക എന്നും ദംഗല്‍ ബോധ്യപ്പെടുത്തി. ചില അപകടങ്ങള്‍ സംഭവിച്ചേക്കാം, അവയെ നേരിടുകയല്ലാതെ മാര്‍ഗമില്ല. ഭീതിയെ കുടഞ്ഞെറിയുക, പ്രവര്‍ത്തനത്തിന്റെ നൈരന്തര്യവും അച്ചടക്കവും ഉറപ്പു വരുത്തുക, തന്ത്രപരമായ പദ്ധതിയും തുടര്‍ച്ചയായ പരിശ്രമവും നടത്തുക, മറ്റുള്ളവരെ നയിക്കാന്‍ പ്രാപ്തരാകുക എന്നെല്ലാമുള്ള പ്രചോദനം ദംഗല്‍ പെണ്‍കുട്ടികൾക്കു നൽകി. ഈ സിനിമയുടെ പ്രചോദനം ഏറ്റുവാങ്ങി നിരവധി പേര്‍ ഗുസ്തി മേഖലയിലേക്ക് കടന്നുവന്നു എന്നതാണ് പിന്നീടുണ്ടായ മാറ്റം. ♦