ഗുസ്തിയെ പ്രമേയമാക്കി
ഹിന്ദിയിൽ രചിക്കപ്പെട്ട ഹൃദയസ്പർശിയായ ചെറുകഥ
അവർ അവിടെ എത്തിയപ്പോൾ വൈകുന്നേരമായിരുന്നു. ജീർണിച്ച മരത്തടി കൊണ്ടുണ്ടാക്കിയ ഒരു ഗേറ്റ്, അതിനകത്ത് ഒരു ചെറിയ പുൽത്തകിടി. ഗേറ്റിനു മുകളിൽ “ഗുരു സദാനന്ദ് അഖാഡ’ എന്ന് പഴയതും തുരുമ്പിച്ചതുമായ ഒരു ടിൻ ബോർഡിൽ എഴുതിയിരുന്നു. അതിലെ അക്ഷരങ്ങൾ മാഞ്ഞ് തുടങ്ങിയിരുന്നു. ബോർഡിൽ ഒരു വലിയ ഗുസ്തിക്കാരന്റെ ചിത്രമുണ്ടായിരുന്നു. അയാളുടെ ശരീരം ഉരുക്കുപോലുള്ളതായിരുന്നു. അതും മൂടൽമഞ്ഞിൽ മറഞ്ഞിരുന്നു. നിലത്ത് ചിതറിക്കിടക്കുന്ന ഇലകളിൽ അമർത്തിച്ചവിട്ടി അഖാഡയിലെ നനഞ്ഞ പതുപതുത്ത മണ്ണിൽ അവൻ നിന്നു. രണ്ടു പേരിൽ മുതിർന്നവനായ ഗുരുസദാനന്ദൻ അഖാഡയുടെ മൂലയിൽസ്ഥാപിച്ച ബജ്‌റംഗബലിയുടെ ചെറിയ വിഗ്രഹത്തെ വണങ്ങി.
‘‘ഈ സ്ഥലം നന്നായിരിക്കുമെന്ന് ഞാൻ കരുതുന്നു’’ – ഗുരു സദാനന്ദൻ തിരിഞ്ഞ് അടുത്തുനിൽക്കുന്ന ആളോട് പറഞ്ഞു. മുപ്പത്തിയഞ്ചോളം വയസ്സുള്ള അയാൾ എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ഒന്നും മിണ്ടാതെ ചുറ്റും നോക്കുകയായിരുന്നു. കൈയിൽ ഊതി വീർപ്പിച്ചതുപോലുള്ള ഒരു റെക്‌സിൻ ബാഗും പിടിച്ച്, മുഷിഞ്ഞ ഷർട്ട് ധരിച്ച്, ആയിരക്കണക്കിന് കിലോ മീറ്ററുകൾ ദൂരെ നിന്ന് യാത്ര ചെയ്തതുപോലെ തോന്നിക്കുന്ന അയാളുടെ മുഖത്ത് ദേഷ്യവും ക്ഷീണവും ഉണ്ടായിരുന്നു.
‘‘അതെ, ഇവിടെത്തന്നെ.’’ തളർന്ന സ്വരത്തിൽ അയാൾ പറഞ്ഞു.
‘‘നിങ്ങൾ എന്നോട് പറഞ്ഞ പത്രത്തിന്റെ പേരെന്താണ്?’ ഗുരു സദാനന്ദൻ ചോദിച്ചു. ‘‘പത്രത്തിന്റെ?’’ അയാൾ പെട്ടെന്ന് ചോദിച്ചു. ‘‘പത്രത്തിന്റെ പേരോ… സമാചാർ… സമാചാർ സൻസാർ. അതെ, അത് തന്നെ.’’
‘‘തീരെ കേട്ടിട്ടില്ല. ഫോട്ടോഗ്രാഫർക്ക് ഇവിടത്തെ മേൽവിലാസം അറിയാമോ?’’
‘‘അറിയാം, അവൻ വരും.’’
‘‘ശരി, അവൻ വരുമ്പോഴേക്കും ഞാൻ റെഡിയായി വരാം.’’ ഗുരു സദാനന്ദൻ പറഞ്ഞു. ‘‘അയാൾ പുറകിലെ അലമാരയിലേക്ക് നോക്കി. അയാൾ തന്റെ എല്ലാ സാധനങ്ങളും അതിലാണ് സൂക്ഷിക്കുന്നത്. അന്ന്, അയാൾ അവസാനമായി ഗുസ്തി പിടിക്കുകയും പിന്നീട് ഗുസ്തിയിൽനിന്ന് വിരമിക്കുകയും ചെയ്ത കാലത്ത്, അതായത് പതിനെട്ട് വർഷം മുമ്പ് മേയർ നൽകിയ മുഗ്ദർ, ഡംബെൽസ്, വസൻ അങ്ങനെ എല്ലാം ഈ അലമാരയിലാണ്. ആ അവസാന ഗുസ്തി ഇവിടെ വെച്ചാണ് നടന്നത്. അന്ന് എന്തൊരു തിരക്കായിരുന്നു, ആളുകളെക്കൊണ്ട് ഇവിടം നിറഞ്ഞിരുന്നു, സൂചികുത്താൻ ഇടമില്ലായിരുന്നു. നഗരം മുഴുവൻ ഇളകി മറിഞ്ഞ് വന്നതു പോലെ. ഇവിടെ നിന്ന് അങ്ങോട്ടു മിങ്ങോട്ടും അനങ്ങാൻ പറ്റാത്ത അത്രയും ജനങ്ങൾ. മിന്നിക്കത്തുന്ന വിളക്കുകൾ. വിളക്കുകളുടെയും ഡ്രമ്മുകളുടെയും അകമ്പടിയോടെ യൂണിഫോം ധരിച്ച ഒരു ബാൻഡ് സെറ്റ്, ഉച്ചഭാഷിണികൾ, സ്പീക്കറുകൾ… ഒരു മണിക്കൂറിലധികം എടുത്തു അഖാഡയിലെത്താൻ. ജനങ്ങൾ എറിഞ്ഞ മാലകൾകൊണ്ട് എന്റെ മുഖം മൂടിയിരുന്നു. അന്ന് നിങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ, നിങ്ങളുടെ പത്രത്തിന് ഒരു നല്ല വാർത്ത കിട്ടുമായിരുന്നു …
നിങ്ങൾ ഒരുപക്ഷേ അന്ന് ഒരു കുട്ടിയായിരുന്നിരിക്കണം. ഗുരു സദാനന്ദൻ ഗുസ്തിയിൽ നിന്ന് വിരമിച്ചു, ഇനി ശിഷ്യന്മാരെ മാത്രമേ പരിശീലിപ്പിക്കൂ എന്ന് എല്ലാ പത്രങ്ങളിലും വാർത്ത വന്നിരുന്നു. തോളിൽ മിന്നുന്ന ഗദയുമായി നിൽക്കുന്ന വലിയ ഫോട്ടോകൾ അച്ചടിച്ചു വന്നു. ഇന്നും അതേ ഗദയുമായി അഖാഡയുടെ നടുവിൽനിന്നുകൊണ്ട് ഞാൻ ഫോട്ടോയെടുക്കും, ബാക്ഗ്രൗണ്ടിൽ ഈ ബജ്റംഗ്ബലി. ‘‘ശരിയാകുമോ? നീ ഇവിടെ നിൽക്ക്, ഞാൻ എടുത്ത് നോക്കാം. എന്താണ് നിങ്ങളുടെ ഫോട്ടോഗ്രാഫർ ഇതുവരെ വരാത്തത്?’’
‘‘അവൻ വരുന്നുണ്ടാകും.’’
ഗുരു സദാനന്ദൻ അഖാഡയ്ക്ക് പുറകിലെ മുറിയിൽ കിടക്കുന്ന കുർത്തയുടെ പോക്കറ്റിൽനിന്ന് താക്കോലെടുത്ത് പൂട്ടുതുറക്കാൻ ഏറെ നേരം ശ്രമിച്ചു. എന്നിട്ട് അയാൾ അകത്തേക്ക് പോയി. അവൻ അഖാഡയുടെ പുറത്തുനിന്നു. സമയം ഒരുപാട് കഴിഞ്ഞു. ഗുരു സദാനന്ദൻ പുറത്തേക്ക് വന്നപ്പോൾ അദ്ദേഹം തന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി, ഒരു താറു മാത്രമാണ് ധരിച്ചിരിക്കുന്നത്. അയാൾ ഗദ മുറുകെ പിടിച്ചിരുന്നു, അയാൾ അത് പിന്നിൽ വലിച്ചുകൊണ്ടാണ് വന്നത്. വൈകുന്നേരത്തെ അരണ്ട വെളിച്ചത്തിൽ, സാവധാനം, അഖാഡയുടെ നടുഭാഗം കടന്ന്, അയാൾ അടുത്തുവന്നു, അയാളെ കണ്ട് അവൻ ഞെട്ടി. അയാളുടെ വസ്ത്രങ്ങളും ചെരുപ്പുകളും ഒരു വശത്ത് കൂട്ടിയിട്ടിരുന്നു. അയാൾ ജട്ടി മാത്രമായിരുന്നു ധരിച്ചിരുന്നത്.
‘‘ഇത് എന്താണ്?’’ ഗുരു സദാനന്ദൻ ചോദിച്ചു. ‘‘നിനക്കും ശരീരമുണ്ടെന്ന് അഖാഡയിലെ മണ്ണ് ഓർമ്മിപ്പിച്ചിരിക്കാം. നമുക്ക് ശരീരം മാത്രമാണ് ഉള്ളത്. ഈ ശരീരം ജീവിതകാലം മുഴുവൻ കരുത്തോടെ ഇരിക്കണം, അതിന് ചിലപ്പോൾ വിശ്രമവും നൽകണം. ശരി, ഫോട്ടോഗ്രാഫർ വരുന്നതുവരെ, നിങ്ങൾക്ക് കുറച്ച് വ്യായാമം ചെയ്യാം. ഒരു പത്രപ്രവർത്തകന്റെ ജോലിയിൽ നിങ്ങൾക്ക് അതിന് എവിടെനിന്നാണ് സമയം ലഭിക്കുക? ഈ അഭിമുഖം… അത് അതിന്റെ വഴിക്ക് നടന്നു കൊള്ളും’’.
‘‘താങ്കൾ പറഞ്ഞത് ശരിയാണ്, അതുതന്നെയാണ് എന്റെ മനസ്സിൽ വന്നത്. താങ്കളെപ്പോലൊരു വലിയ ഗുസ്തിക്കാരനെ കണ്ടുമുട്ടുക എളുപ്പമല്ല…’’
‘‘എന്നാലും ആ ഫോട്ടോഗ്രാഫർ ഇതുവരെ വന്നില്ലേ?’’
‘‘എവിടെയെങ്കിലും അല്പം വിശ്രമിച്ചിട്ടുണ്ടാകാം. താങ്കൾക്കറിയാമല്ലോ പത്രപ്രവർത്തകർ രാവും പകലും ഓടുന്നവരാണല്ലോ. ആവശ്യത്തിലധികം ടെൻഷൻ ഉള്ള പ്രൊഫഷനല്ലേ. പക്ഷേ അവൻ തീർച്ചയായും വരും, അവൻ പ്രൊഫഷനലാണ്, “പ്രശസ്ത ഗുസ്തിക്കാരൻ ഗുരുസദാനന്ദ്’ എന്ന ഫീച്ചർ ഈ ഞായറാഴ്ച പ്രസിദ്ധീ കരിക്കുമെന്ന് അവനറിയാം. ഇന്ന് രാത്രി മുഴുവൻ ഇരുന്ന് എഴുതേണ്ടിവരും’’.
‘‘താങ്കൾ പറയൂ, ഈ അഖാഡ… അതിന്റെ അവസ്ഥ നിങ്ങൾക്ക് അറിയാവുന്നതാണ്. ഇപ്പോൾ അത് വിജനമാണ്.’’ ഗുരു സദാനന്ദന്റെ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു. അത് പ്രശസ്തമായിരുന്നപ്പോൾ ഇവിടെ ആൾക്കൂട്ടം ഉണ്ടായിരുന്നു. ഇവിടെ അഖാഡയ്ക്ക് പുറത്ത്, അദ്ദേഹത്തിന്റെ മെത്തയും, സിംഹാസനവും കിടന്നിരുന്നു. വിദ്യാർഥികൾ വന്ന് കാലിൽ തൊട്ട് നെറ്റിയിൽ അഖാഡയിലെ മണ്ണ് പുരട്ടിയിരുന്നു. ഇപ്പോൾ…’’
പത്രപ്രവർത്തകൻ, കരയുന്ന മുഖത്തോടെ, പതുക്കെ, നിശ്ശബ്ദമായ ചുവടുകളോടെ നടന്ന് അഖാഡയുടെ മധ്യത്തിൽ നിന്നു. ‘‘വരൂ, നമുക്ക് ഗുസ്തി പിടിക്കാം.’’ അവൻ അവിടെ നിന്ന് പറഞ്ഞു.
‘‘ഗുസ്തിയോ? അയ്യോ ഇല്ല. ഞാൻ അവസാനമായി ഗുസ്തി പിടിച്ചിട്ട് പതിനെട്ട് വർഷമായി. ഞാൻ നിന്നോട് ഇപ്പോൾ പറഞ്ഞല്ലോ?’’
‘‘അതെ താങ്കൾ പറഞ്ഞു, അന്ന് മൈതാനം തിങ്ങി നിറഞ്ഞിരുന്നു. ആളുകൾ, ശബ്ദം, വിളക്കുകൾ… പക്ഷേ അതല്ല അവസാന ഗുസ്തി’’.
‘‘നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?’’താങ്കൾ അവസാനത്തെ ഗുസ്തിയിൽ പോരാടണം. ഇന്ന്. ഇപ്പോൾ.’’
‘‘ഗുരു സദാനന്ദൻ അയാളെ നോക്കിക്കൊണ്ടിരുന്നു.’’
‘‘നിനക്ക് ഗുസ്തി ഇഷ്ടമാണോ? നിന്നെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. നിനക്ക് എപ്പോഴെങ്കിലും ഗുസ്തി ഇഷ്ടമായിരുന്നോ…’’
‘‘ഇല്ല, സദാനന്ദ് ജി, എനിക്ക് ഗുസ്തിയുമായി ഒരു ബന്ധവുമില്ല. എന്റെ അച്ഛന് ഗുസ്തിക്കാരനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം വളരെ കരുത്തനായ ഒരു മനുഷ്യനായിരുന്നു, പക്ഷേ അദ്ദേഹത്തിനും … ഈ കാര്യം വളരെ ബുദ്ധിമുട്ടാണ്…. ഈ ജോലി വളരെ പ്രയാസമാണ്, അത് എല്ലാവർക്കും സാധിക്കില്ല. അതിന് ആജീവനാന്ത പരിശീലനം ആവശ്യമാണ്.’’ പക്ഷേ ഞാനും ഗുസ്തി പിടിച്ചിട്ടുണ്ട്…’’
‘‘എപ്പോൾ? എവിടെ?’’ ഗുരു സദാനന്ദൻ ആശ്ചര്യത്തോടെ അയാളെ നോക്കി.
‘‘എപ്പോഴും. ജീവിതകാലം മുഴുവൻ.’’
അവർ മുഖാമുഖം നോക്കി. മണ്ണ് ഈർപ്പമുള്ളതും കുറച്ച് കട്ടിയു ള്ളതുമായിരുന്നു. നഗ്നമായ ശരീരത്തോടെ, അവർ മുട്ടുകുത്തി. രൂക്ഷമായ കണ്ണുകളോടെ അവർ പരസ്പരം നോക്കി. ഗുരു സദാനന്ദൻ വേഗം ചാടി അവന്റെ തോളിൽ പിടിച്ചു. അടുത്ത നിമിഷം അവൻ ചെളിയിൽ പുതഞ്ഞ് നിലത്ത് മുഖമടിച്ചു കിടന്നു.
‘‘എഴുന്നേൽക്കൂ, മിസ്റ്റർ ജേണലിസ്റ്റ്, ഈ ഗുസ്തിയിൽ നിങ്ങൾ പരാജയപ്പെട്ടു. ഗുരു സദാനന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു. പത്ത് എണ്ണുന്നത് വരെ എഴുന്നേറ്റില്ലങ്കിൽ… പിന്നെ എന്നെ ഗുരുവായി കണക്കാക്കി എന്റെ പാദങ്ങൾ വന്ദിക്കണം. അതാണ് ഞങ്ങളുടെ അഖാഡയിലെ നിയമം. ഗുസ്തിക്കാർ ദൂരെ ദിക്കുകളിൽ നിന്നും വന്ന് ഗുസ്തി പിടിച്ച് ശിഷ്യത്വം സ്വീകരിച്ച് പോകാറുണ്ടായിരുന്നു. ഞാൻ ദേ എണ്ണാൻ തുടങ്ങി… ഒന്ന്.’’
അവൻ ശ്വാസം മുട്ടി നിലത്തുകിടന്നു.
‘‘രണ്ട്… എഴുന്നേൽക്കൂ മിസ്റ്റർ ജേണലിസ്റ്റ്.’’
അവൻ തളർന്നുപോയി. ശരീരത്തിൽ ഒരു ചലനവും ഇല്ല.
‘‘മൂന്ന് – നാല് – അഞ്ച് – ആറ്…’’
അവൻ കൈമുട്ട് വളച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു, പക്ഷേ തളർച്ച അനുഭവപ്പെട്ടു, അവൻ വീണ്ടും സ്വയം വിശ്രമിക്കുകയും ദീർഘമായി ശ്വസിക്കുകയും ചെയ്തു.
‘‘ഏഴ്, എട്ട്, ഒമ്പത്, പത്ത്. അത്രയേയുള്ളൂ, കളി കഴിഞ്ഞു’’.
‘‘അപ്പോ… നിനക്ക് സമ്മതമാണോ?’’
‘‘ഞാൻ അംഗീകരിക്കുന്നു.’’
ഗുരു സദാനന്ദൻ അവനെ കൈപിടിച്ച് ഉയർത്തി. കൈകൾകൊണ്ട് താങ്ങിപ്പിടിച്ച് അവനെ മെല്ലെ അഖാഡയുടെ അരികിലെത്തിച്ചു. പുല്ലിൽ ഇരിക്കാൻ അയാളെ സഹായിച്ചു.
‘‘അത്ഭുതം.’’ ശ്വാസം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ പറഞ്ഞു. ‘‘ഈ പ്രായത്തിലും അങ്ങ്… ഒന്നും മറന്നിട്ടില്ല.’’
‘‘ഇതിൽ മറക്കേണ്ടതായി ഒന്നുമില്ല. അത് ജീവിതത്തിന്റെ ഭാഗമാണ്, അതായത് ഒരാളുടെ അസ്തിത്വം’’. ഗുരു സദാനന്ദൻ ശബ്ദം മയപ്പെടുത്തി പറഞ്ഞു. ‘‘ജീവിതകാലം മുഴുവൻ ഇതിനായി ചെലവഴിച്ചു, വീടും, കുടുംബവും ഒന്നും ഉണ്ടാക്കാനായില്ല. ഈ അഖാഡ ഇല്ലാതാക്കിയാൽ പിന്നെ എന്താണ് ബാക്കി, എന്റെ ഈ ശരീരം…’’ സ്നേഹത്തോടെ പുറം തഴുകി ക്കൊണ്ട് പറഞ്ഞു… ‘‘ഇനിയും സമയം ബാക്കിയുണ്ട്, ഒരുപാട് ബാക്കിയുണ്ട്. താങ്കൾ ഗുസ്തി പിടിച്ചിട്ടുണ്ട് എന്ന് പറഞ്ഞതു കൊണ്ട് ഞാൻ കുറച്ച് ആഞ്ഞു തള്ളി… താങ്കൾക്ക് മുറിവേറ്റില്ലല്ലോ?’’
‘‘ഇല്ല, എനിക്ക് പ്രശ്നമില്ല.’’ അയാൾ പറഞ്ഞു. ‘‘ആരും ഇങ്ങോട്ട് വരാറില്ലെന്ന് പറഞ്ഞല്ലോ.’’
‘‘ഇല്ല, ബിൽഡർമാർ ഇപ്പോൾ ഈ സ്ഥലം നോട്ടമിട്ടിരിക്കുകയാണ്. നോക്കൂ, ഏത് ദിവസവും ഈ അഖാഡ അപ്രത്യക്ഷമാകും, ഉയരമുള്ള ഒരു കെട്ടിടം ഇവിടെ പ്രത്യക്ഷപ്പെടും. നിങ്ങൾ ഇത് പത്രത്തിൽ എഴുതണം.
‘‘അങ്ങയുടെ ശിഷ്യർ… ആരും വരുന്നില്ലേ?’’
‘‘ഇല്ല, ഇപ്പോൾ ആരും വരുന്നില്ല. ബന്ധം വേർപെട്ടാൽ പിന്നെ അത് കൂട്ടിച്ചേർക്കാൻ ആരും വരില്ല. ഇപ്പോൾ എവിടെയാണ് ഗുസ്തിക്ക് ആരാധകരുള്ളത്? പുതിയ ആൺകുട്ടികളും പെൺകുട്ടികളും അതിനെ ജിംനേഷ്യം എന്നാണ് വിളിക്കുന്നത്. അവർ ജിമ്മിൽ പോകാനാണ് ഇഷ്ടപ്പെടുന്നത്. താങ്കളുടെ ആ ഫോട്ടോഗ്രാഫർ ഇതുവരെ വന്നില്ല.’’
അവൻ വരുന്നുണ്ടാകും. അവൻ ഈ സ്ഥലം തിരഞ്ഞ് നടക്കുന്നുണ്ടാവും. ശരി, സർക്കാരിന്റെയോ ഭരണകൂടത്തിന്റെയോ ഭാഗത്ത് നിന്ന് ആരെങ്കിലും …’’
‘‘അവർക്ക് ഈ സ്ഥലത്തെക്കുറിച്ച് അറിയില്ലായിരിക്കാം. പ്രശസ്ത ഗുസ്തിക്കാരൻ, ഹിന്ദ്ഹി കേസരിയെക്കുറിച്ച് അവരോട് ചോദിക്കൂ. ഒരു കാലത്ത് സംസ്ഥാന-ദേശീയ മത്സരങ്ങളിൽ അദ്ദേഹത്തിന്റെ ശിഷ്യരായിയിരുന്നു മുമ്പിൽ. ഗുരു സദാനന്ദിനെ നിങ്ങൾക്ക് അറിയാമോ എന്ന് ഒന്ന് ചോദിച്ച് നോക്കൂ? അവർ വിഡ്ഢികളെപ്പോലെ നിങ്ങളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടേയിരിക്കും. ഇപ്പോൾ നോക്കൂ, പത്രത്തിന്റെ പേരിലും നിങ്ങൾ ഇപ്പോൾ സുഖവിവരം അന്വേഷിക്കാൻ വന്നിരിക്കുന്നു. വർഷങ്ങൾക്കുശേഷം.’’
‘‘ഞാനിവിടെ മുമ്പ് വന്നിട്ടുണ്ട്.’’ അവൻ തല കുനിച്ചു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
‘‘എപ്പോൾ?’’ വളരെ മുമ്പ്. പതിനെട്ട് വർഷം മുമ്പ്. ആ ദിവസം, താങ്കൾ അവസാനമായി അഖാഡയിൽ പൊരുതിയ ദിവസം, ഗുസ്തിയിൽ നിന്ന് വിരമിച്ച ദിവസം’’.
‘‘നീ വന്നിരുന്നോ? അന്ന് നീ ഇവിടെ ഉണ്ടായിരുന്നോ… നീ പറഞ്ഞില്ല. ഇവിടെ എത്ര ആളുകളുണ്ടായിരുന്നു എന്ന് നീ കണ്ടില്ലേ, എത്ര എത്ര അലങ്കാര വിളക്കുകൾ, എന്ത് ശബ്ദം കോലാഹലം. ഈ മൈതാനം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു, നീ ഓർക്കുന്നില്ലേ? നീ വളരെ ചെറുപ്പമായിരുന്നിരിക്കണം. ഒറ്റയ്ക്കാണോ വന്നത്?’’
‘‘അല്ല, ഞാൻ അച്ഛന്റെ കൂടെയാണ് വന്നത്.’’
‘‘ഗുസ്തി ഇഷ്ടപ്പെട്ടിരുന്നോ നിന്റെ അച്ഛൻ? അദ്ദേഹം വളരെ കരുത്തനായ മനുഷ്യനാണെന്ന് നിങ്ങൾ പറഞ്ഞു? അവൻ എഴുന്നേറ്റു നിന്നു. എന്നിട്ട് ആ ചെറിയ പുൽമേട്ടിൽ ഒരു പ്രദക്ഷിണം നടത്തി, കുറച്ച് വ്യായാമം ചെയ്തു, വളരെ നേരം തണുത്ത കാറ്റ് ആസ്വദിച്ച് കൊണ്ടിരുന്നു. തന്റെ ശക്തി തിരിച്ചുവരുന്നതായി അയാൾക്കുതോന്നി. പിന്നെ ഗുരു സദാനന്ദന്റെ അടുത്തുകൂടി കടന്നു കളത്തിന്റെ നടുവിലേക്ക് പോയി.
‘‘അതെ, വളരെ ശക്തനാണ്. ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ അദ്ദേഹമാണെന്നാണ് കുട്ടിക്കാലത്ത് ഞാൻ കരുതിയിരുന്നത്.’’
‘‘എന്നാൽ മിസ്റ്റർ ജേണലിസ്റ്റ്, ക്ഷമിക്കണം, നിങ്ങൾ അദ്ദേഹത്തിന്റെ ശക്തിയെ പാരമ്പര്യമായി സ്വീകരിച്ചില്ല. കൈ വെച്ചപ്പോൾ തന്നെ മനസ്സ് പറഞ്ഞു.
‘‘വരൂ, താങ്കളോട് ഒന്നുകൂടി ഗുസ്തി പിടിക്കാം.’’ അവൻ അവിടെനിന്ന് പറഞ്ഞു.
ഗുരു സദാനന്ദൻ ദയനീയമായ കണ്ണുകളോടെ അവനെ നോക്കി.
‘‘നീ തമാശ പറയുകയാണോ? ഗുസ്തി ഒരു ഗൗരവമുള്ള കാര്യമാണ്, തമാശയല്ല. ആദ്യ റൗണ്ടിൽ എന്താണ് സംഭവിച്ചതെന്ന് നീ മറന്നോ? വരൂ, ഇവിടെ ഇരുന്ന് സംസാരിക്കൂ.’’
‘‘സദാനന്ദ് ജി, ഒരു ഗുസ്തി കൂടി.’’ അവൻ അപേക്ഷിക്കുന്ന സ്വരത്തിൽ പറഞ്ഞു.
‘‘ഇല്ല, പത്രപ്രവർത്തകൻ, ക്ഷമിക്കണം. നിങ്ങൾ ഒരുപക്ഷേ മറന്നുപോയിരിക്കാം, നിങ്ങൾ എന്നെ ഇന്റർവ്യൂ ചെയ്യാനാണ് വന്നത്, ഗുസ്തി പിടിക്കാനല്ല. നമുക്ക് അത് പൂർത്തിയാക്കാം. ഇപ്പോൾതന്നെ രാത്രിയായി, മഞ്ഞു പെയ്യുന്നു. ഇവിടെ വെളിച്ചം കുറവാണ്. പിന്നെ എനിക്കും വീട്ടിൽ പോകണം, നിന്റെ ആ ഫോട്ടോഗ്രാഫർ എവിടെ കാണുന്നില്ലല്ലോ?…’’’’
‘‘സദാനന്ദ് ജീ, താങ്കൾ ഭയപ്പെടുന്നുണ്ട്, കഴിഞ്ഞ തവണ എങ്ങനെയോ താങ്കൾ വിജയിച്ചു, ഈ തവണ അങ്ങനെ ആയിരിക്കുകയില്ല…’’
ഗുരു സദാനന്ദ് ഒന്നും പറയാതെ ഇരുട്ടിലേക്ക് കണ്ണുമിഴിച്ച് നോക്കിനിന്നു. പിന്നെ മെല്ലെ എഴുന്നേറ്റു, സാവധാനം അഖാഡയിലേക്ക് നടന്നുപോയി. നക്ഷത്രങ്ങളുടെ വെളിച്ചത്തിൽ, മഞ്ഞുകൊണ്ട് നനഞ്ഞ് തണുത്ത മണ്ണിൽ രണ്ട് ശരീരങ്ങൾ ഗുസ്തി പിണഞ്ഞ് ശ്വാസം കിട്ടാതെ നിലത്ത് പറ്റിപ്പിടിച്ച് സർവ്വ ശക്തിയുമെടുത്ത് പരസ്പരം തോല്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഗുരു സദാനന്ദൻ തന്റെ ശരീരത്തിന്റെ ഭാരം മുഴുവൻ തന്റെ എതിരാളിയുടെ ശരീരത്തിൽ ഏല്പിച്ചു. ഗുരു സദാനന്ദ് അവനെ മലർത്താൻ പല തവണ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു, പതുക്കെ തന്റെ കൈ അവന്റെ ദേഹത്തിന്റെ അടിയിലേക്ക് കടത്താൻ ശ്രമിച്ചു. അവൻ മണ്ണിൽ മുഖം പൂഴ്ത്തി ശ്വാസം അടക്കിപ്പിടിച്ച് നിശ്ചലനായി അനങ്ങാതെ കിടന്നു. ഒടുവിൽ, ഗുരു സദാനന്ദൻ ശ്വാസം അടക്കിപ്പിടിച്ച് ബജ്റംഗ്ബലിയെ ഓർത്ത്, ശരീരത്തിന്റെ മുഴുവൻ ശക്തിയും സംഭരിച്ച്, അവനെ ഒറ്റയടിക്ക് മലർത്തിയടിച്ചു, അയാൾ എഴുന്നേറ്റു നിന്നു, അവന്‍ കാൽക്കൽ കിടന്നു.
‘‘എഴുന്നേൽക്കൂ പത്രക്കാരാ, താങ്കളുടെ ആ ആഗ്രഹവും സഫലമായിരിക്കുന്നു. ഞാൻ എണ്ണാൻ തുടങ്ങുന്നു… ഒന്ന്.’’
അവൻ കണ്ണടച്ച് ശവംപോലെ കിടന്നു.
‘‘രണ്ട്… എഴുന്നേൽക്കാൻ നോക്ക്.’’
പതുക്കെ വ്യാപിക്കുന്ന ഇരുട്ടിന്റെ ഒരു അംശം പോലെ അയാ ളുടെ ശരീരവും ഇരുട്ടിൽ അലിഞ്ഞു ചേർന്നു. അവന്റെ ശ്വാസത്തിന്റെ ശബ്ദം പോലും ഇല്ലായിരുന്നു.
‘‘മൂന്ന്. നാല്. അഞ്ച്. ആറ്… സുഖമാണോ?’’
ഗുരു സദാനന്ദൻ കുനിഞ്ഞ് ശരീരം മെല്ലെ കുലുക്കി.‘‘ഏഴ്.എട്ട്. ഒമ്പത്. പത്ത് എഴുന്നേൽക്ക്. കളി കഴിഞ്ഞു. ഇനി എഴുന്നേറ്റ് ശരീരം വൃത്തിയാക്കി വസ്ത്രം ധരിക്കൂ. ആരോഗ്യം മോശമാകും. ഇന്റർവ്യൂ ഇനിയും ബാക്കിയുണ്ട് അല്ലെങ്കിൽ…’’
അവൻ കണ്ണുതുറന്ന് തന്റെ ജീവനില്ലാത്ത കൈ അയാൾക്കു നേരെനീട്ടി. അയാൾ അവനെ വലിച്ചു എഴുന്നേൽപ്പിച്ച് കൈകൾകൊണ്ട് താങ്ങിനിർത്തി, അവനെ മെല്ലെ താങ്ങി അഖാഡയിൽ നിന്ന് പുറത്തുകൊണ്ടുപോകാൻ ശ്രമിച്ചു. പുല്ലിൽ ചിതറിക്കിടക്കുന്ന ഇലകളിൽ കിടന്ന വസ്ത്രങ്ങളുടെ കൂമ്പാരത്തിൽ നിന്ന് ഗുരുസദാനന്ദൻ ഷർട്ടെടുത്ത് വീശാൻ തുടങ്ങി, നീ വല്ലാതെ ക്ഷീണിച്ചിട്ടുണ്ടാകും.വേണമെങ്കിൽ ബാക്കി ഇന്റർവ്യൂ നാളെ ചെയ്യാം..’’
‘‘ഇല്ല, എനിക്ക് സുഖമാണ്.’’ വളരെ താഴ്ന്ന, ക്ഷീണിച്ച ശബ്ദത്തിൽ അവൻ പറഞ്ഞു.
‘‘പതിനെട്ട് വർഷം മുമ്പ് നിങ്ങൾ ആദ്യമായി ഇവിടെ വന്ന കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ നിനക്ക് ഇപ്പോൾ വിചിത്രമായി തോന്നുന്നുണ്ടോ? അന്നത്തെ അലങ്കാര വിളക്കുകൾ, ഇപ്പോൾ വിജനമായ ഈ സ്ഥലം. പക്ഷേ, ഗുസ്തിയോട് ഇഷ്ടമാ യിരുന്നിട്ടും നീ പിന്നീടൊരിക്കലും ഇവിടെ വന്നിട്ടില്ലല്ലോ.’’ ഗുരു സദാനന്ദൻ ചോദിച്ചു.
‘‘ഞാൻ വീണ്ടും വന്നിരിക്കുന്നു, ഇന്ന്.’’
‘‘ഇന്ന്, അതെ. പതിനെട്ട് വർഷങ്ങൾക്ക് ശേഷം.
‘‘എനിക്ക് ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടി വന്നു.’’ അവൻ പറഞ്ഞു.‘‘വളരെ നീണ്ട വഴി. ലോകം മുഴുവൻ ചുറ്റി’’.
‘‘ലോകം മുഴുവൻ, എനിക്ക് മനസ്സിലായില്ല.’’
‘‘അതെ, ഈ ലോകം മുഴുവൻ. ലണ്ടൻ, പാരീസ്, ന്യൂയോർക്ക്. ഏതൊക്കെ നഗരങ്ങളാണെന്നുപോലും അറിയില്ല’’.
‘‘നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് അവിടെ പോകണം. പത്രപ്രവർത്തകർക്ക് അത് ഹരമാണ്. താങ്കൾ പറഞ്ഞ പത്രത്തിന്റെ പേരെന്താണ്?’’
അവൻ ഒന്നും മിണ്ടാതെ നിലത്ത് കിടന്നു. ഗുരു സദാനന്ദൻ ഇരുട്ടിൽ അവന്റെ ശരീരത്തിൽ ചെറുതായി സ്പർശിച്ചു, എന്നിട്ട് അവന്റെ പുറം തഴുകി. അവൻ അനങ്ങാതെ കിടക്കുകയായിരുന്നു, ഉള്ളിൽ വല്ലാത്ത ക്ഷീണം, വർഷങ്ങളായി കുമിഞ്ഞു കൂടിയ തരത്തിലുള്ള ക്ഷീണം. ഇരുട്ട് വീക്ഷിക്കുന്നതിനിടയിൽ ഗുരുസദാനന്ദൻ ചുറ്റും നോക്കി. അപ്പോൾ കാറ്റ് കുറച്ച് വേഗത്തിൽ വീശാൻ തുടങ്ങി. ഗുരുസദാനന്ദൻ ഗേറ്റിന് അടുത്തുനിന്ന് എന്തോ ശബ്ദം കേട്ട്, നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് എഴുന്നേറ്റ് ഗേറ്റിലേക്ക് നടക്കാൻ തുടങ്ങി. ആ ശബ്ദം കുറച്ചുകൂടി അടുത്തു, പിന്നെ ദൂരേക്ക് പോയി. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ, നൂറ്റാണ്ടുകൾക്ക് തുല്യമായ തടസ്സമില്ലാത്ത സമയം കടന്നു പോയി. ശരീരം മുഴുവൻ കൈമുട്ടിൽതാങ്ങി അയാൾ മെല്ലെ എഴുന്നേറ്റു. ആദ്യം അവൻ വിശാലമായ ആകാശത്തേക്കും നക്ഷത്രങ്ങളിലേക്കും, പിന്നെ ചുറ്റുമുള്ള ഇരുണ്ട മേഘങ്ങളിലേക്കും നോക്കി. ഗുരു സദാനന്ദൻ അടുത്തെങ്ങും ഇല്ലായിരുന്നു. അയാൾ എവിടെ പോയി എന്ന് ആലോചിച്ചു കണ്ണ് മിഴിച്ച് ഇരുട്ടിൽ നോക്കാൻ ശ്രമിച്ചു. ഗുരു സദാനന്ദൻ ഗേറ്റിന്റെ ദിശയിൽ നിന്ന് വരുന്നതായി കാണപ്പെട്ടു. അവൻ എഴുന്നേറ്റു നിന്നു. ഇപ്പോൾ സുഖവും ശാന്തതയും തോന്നുന്നു,അവന്‍ ഉള്ളിൽ വളരെ ശാന്തനായിരുന്നു.
‘‘സദാനന്ദ് ജി, എനിക്ക് നിങ്ങളോട് ഒന്നു കൂടി ഗുസ്തി പിടി ക്കണം’’ അയാൾ അടുത്ത് വന്നപ്പോൾ അവൻ പറഞ്ഞു.
‘‘ഇനിയൊരു ഗുസ്തിയോ?’’ ഗുരു സദാനന്ദൻ അത്ഭുതത്തോടെയും അവിശ്വാസത്തോടെയും അവനെ നോക്കി.
‘‘അതെ ഒന്നുകൂടി.’’ അവൻ പറഞ്ഞു.
‘‘ഇതൊരു അഭിമുഖമാണോ, അതോ തമാശയാണോ? താങ്കൾ പറഞ്ഞ പത്രത്തിന്റെ പേരെന്താണ്, വിലാസം തരൂ, ഞാൻ പരാതി കൊടുക്കും, ആരാണ് നിങ്ങളെ പത്ര പ്രവർത്തകനാക്കിയത്. ഇത് ശരിയായ രീതിയാണോ? എന്താണ് നിന്റെ ആ ഫോട്ടോഗ്രാഫർ ഇതുവരെ വരാത്തത്?’’
‘‘ക്ഷമിക്കണം സദാനന്ദ് ജി, ഞാനൊരു പത്രപ്രവർത്തകനല്ല. അങ്ങനെ ഒരു ഫോട്ടോഗ്രാഫർ വരില്ല.’’ തളർന്ന സ്വരത്തിൽ അവൻ പറഞ്ഞു.
‘‘മാധ്യമ പ്രവർത്തകനല്ലെങ്കിൽ പിന്നെ ആരാണ്? എന്തിനാണ് എന്റെ അടുക്കൽ വന്നത്?’’
‘‘ഞാനൊരു സൈക്കോളജിസ്റ്റാണ്.’’
‘‘സൈ…സൈ…. എന്താ പറഞ്ഞത്? എനിക്ക് മനസ്സിലായില്ല.’’
‘‘ഞാൻ സൈക്കോളജി പ്രൊഫസറാണ്. പാരീസിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നു. എനിക്ക് ശരീരവുമായല്ല, മനുഷ്യമനസ്സുമായാണ് ബന്ധം. എന്നാൽ ഇപ്പോൾ തോന്നുന്നു, ഇങ്ങനെ ശരീരത്തെയും ആത്മാവിനെയും വിഭജിക്കുന്നവർക്ക് ശരീര ത്തെക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ ഒന്നും അറിയില്ല എന്ന്. ഗുസ്തിക്കാരന് മനസ്സുണ്ട്, സൈക്കോളജിസ്റ്റിന് ശരീരവുമുണ്ട്. ഞാൻ ലോകമെമ്പാടുമുള്ള സർവകലാശാലകളിൽ പ്രഭാഷണങ്ങൾ നടത്താൻ പോകുന്നു. എന്റെ കാലത്തെ ഏറ്റവും വലിയ സൈക്കോളജിസ്റ്റ് എന്നാണ് അവർ എന്നെ വിളിക്കുന്നത്.എന്നാൽ ഇപ്പോൾ ആ രാജ്യവുമായും ഭാര്യയുമായും ബന്ധം വേർപെടുത്തി ഞാൻ തിരിച്ചെത്തിയിരിക്കുന്നു. ഇന്ന് തന്നെ…’’
‘‘നിങ്ങൾ പാരീസിൽ നിന്ന് വന്നിരിക്കുന്നു, നേരെ എന്റെ അടുത്തേക്ക്. എന്തിന്, എന്ത് ഉദ്ദേശ്യത്തോടെ?’’
‘‘താങ്കളോട് ഗുസ്തി പിടിക്കാൻ.’’
ഗുരു സദാനന്ദൻ ഒന്നും മിണ്ടാതെ അവനെ നോക്കി.
‘‘വരൂ, നമുക്ക് ഒരു ഗുസ്തി കൂടി നടത്താം. ഇത് അവസാനത്തേതായിരിക്കും, ഇതിന് ശേഷമില്ല.’’
‘‘ഇല്ല, ക്ഷമിക്കണം, എനിക്ക് മനസ്സിലാകുന്നില്ല.’’
‘‘വരൂ, ഒന്നുകൂടി ഗുസ്തി പിടിക്കാം.’’
‘‘ഇല്ല, കഴിഞ്ഞു.’’ ഗദയും വലിച്ച് കൊണ്ട് ഗുരു സദാനന്ദൻ അഖാഡക്കരികിലുള്ള റൂമിലേക്ക് നടക്കാൻ തുടങ്ങി.
‘‘സദാനന്ദ്…’’ അവൻ പിന്നിൽ നിന്ന് അലറി.’’ ഒരു തെറ്റിദ്ധാരണയിലും പെടരുത്. ഒരുകാലത്തെ ഏറ്റവും വലിയ ഗുസ്തിക്കാരനായിരുന്നു താങ്കൾ, പക്ഷേ ഇപ്പോൾ താങ്കളുടെ ഉള്ളിൽ ഒന്നും അവശേഷിക്കുന്നില്ല.’’
ഗുരു സദാനന്ദൻ താൻ നിന്ന സ്ഥാനത്ത് ഉറച്ചുനിന്നു.
‘‘താങ്കളുടെ അസ്ഥികൾ തുരുമ്പെടുത്തിരിക്കുന്നു. ഏതെങ്കിലും ഗുസ്തിക്കാരൻ സ്വയം വീമ്പിളക്കുമോ? താങ്കളുടെ… അത് ഒരു നിഴൽ മാത്രമാണ്, വളരെ പഴയ കാലത്തിന്റെ ഓർമ്മ. നിങ്ങൾ ശൂന്യമാണ്.വെറും പൊള്ളയായ ശരീരം.ഗുരു സദാനന്ദന്റെ കയ്യിൽ നിന്ന് ഗദ നിലത്തുവീണു. അയാൾ തിരിഞ്ഞു ഓടി വന്നു. അഖാഡയുടെ ഒരറ്റത്ത് അവർ തമ്മിൽ മൽപ്പിടുത്തം നടത്തി. അവന്റെ മുഖം വീണ്ടും പഴയപോലെ ചെളിയിൽ പുതഞ്ഞു.
‘‘നിങ്ങൾ ആരാണ്? വീണ്ടും എന്തിനാണ് ഇവിടെ വന്നത്, നിനക്ക് എന്ത് വേണം?’’ ശ്വാസം വലിച്ചുകൊണ്ട് വിയർപ്പിൽ മുങ്ങി ഗുരുസദാനന്ദൻ അലറി.
‘‘ഞാൻ നേരത്തെ വരുമായിരുന്നു, പക്ഷേ അമ്മ എപ്പോഴും എന്നെ തടഞ്ഞു.
അമ്മയുടെ മരണശേഷം മാത്രമേ വരാൻ കഴിഞ്ഞുള്ളു. പത്തു ദിവസം മുമ്പ്…’’ പത്തു ദിവസം മുമ്പ് എന്താണ് സംഭവിച്ചത്?’’
‘‘ഇല്ല ഒന്നുമില്ല. അമ്മ ഹൃദയത്തിൽ ഒന്ന് അമർത്തി പറഞ്ഞു, ഇതാ… ഇവിടെ. എന്റെ ഭാര്യ പരിഭ്രാന്തയായി ടെലിഫോൺ ചെയ്യാൻ ഓടി. എല്ലാം ഒരു സെക്കന്റിൽ അവസാനിച്ചു.
‘‘പിന്നെ’’
‘‘ഞാൻ തറയിൽ ഇരിക്കുകയായിരുന്നു.എനിക്ക് എന്തോ ഒരു ആശ്വാസം അനുഭവപ്പെട്ടു. അമ്മ അധികം കഷ്ടപ്പെടാതെ സമാധാനത്തോടെ മരിച്ചാൽ മതിയെന്നായിരുന്നു എനിക്ക്. പതിനെട്ട് വർഷം മുമ്പ് അച്ഛൻ മരിച്ചതുപോലെയല്ല. എന്റെ ഭാര്യ ജനീൻ, അവൾ അതേ നാട്ടുകാരിയാണ്. അവൾ എന്റെ അടുത്ത് ഇരുന്നു. അവൾ എന്റെ കൈയിൽ അമർത്തിപ്പിടിച്ചു. പക്ഷേ ഞാൻ പതുക്കെ എന്റെ കൈ വലിച്ചു. എന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു – ‘‘ഇപ്പോൾ?’’ എന്നിട്ട് പറഞ്ഞു, ഇനി ഒപ്പിടാം. അവൾ നിശബ്ദമായി കരയാൻ തുടങ്ങി.
‘‘എന്ത് ഒപ്പ്?’’
‘‘വിവാഹ മോചനത്തിന്റെ പേപ്പറുകളിൽ, മറ്റെന്താണ്. എന്റെ കഴിവുകൾ മരിച്ചു, പക്ഷേ വിവാഹശേഷം എനിക്ക് എന്റെ ആകുലതകളിൽ ഒതുങ്ങേണ്ടി വന്നു. എന്റെ ഭൂതകാലവും രാത്രികളിലെ എന്റെ പിറുപിറുപ്പും അവൾക്ക് വെറുപ്പായിരുന്നു. വർഷങ്ങളായി അവൾ വേർപിരിയാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് ഞങ്ങൾ കുടുംബംപോലും ഉണ്ടാക്കാതിരുന്നത്. അമ്മ ജീവിച്ചിരിക്കുമ്പോൾ… ഞാൻ അവളോട് അപേക്ഷിച്ചിരുന്നു…’’
നക്ഷത്രങ്ങളുടെ വെളിച്ചത്തിൽ ചെളിയിലും വിയർപ്പിലും നനഞ്ഞു, പരസ്പരം ശപിക്കുന്ന രണ്ടു നഗ്ന ശരീരങ്ങൾ.
‘‘നീ എന്തിനാണ് ഇവിടെ വന്നത്?’’
‘‘ഓരോ മകനും ഇത് ചെയ്യണം, അല്ലേ? എല്ലുകളും ചാരവും ഗംഗയിൽ ഒഴുക്കണം. അതേ അയ്യായിരം കിലോമീറ്റർ അകലെ നിന്നാണ് ഞാൻ വരുന്നത്. അത് നോക്കൂ, ആ സഞ്ചിയിൽ അമ്മയുടെ ചിതാഭസ്മമാണ് കിടക്കുന്നത്. ആ പ്രദേശത്ത് നിന്ന് അത് കൊണ്ടുവരുവാൻ കഴിഞ്ഞു, ഒപ്പം സ്വന്തം പിതാവിന്റെ കത്തിയും’’.
‘‘കത്തിയോ?’’
‘‘കത്തിയല്ല, കഠാര. അത് എന്റെ വീടിന്റെ ചുമരിൽ തൂങ്ങിക്കിടക്കുകയായിരുന്നു. എന്റെ അമ്മ… അത് കാണുമ്പോഴെല്ലാം അമ്മയുടെ കണ്ണു നനയുമായിരുന്നു. അതേ കഠാര അച്ഛൻ എന്നെ വേദനിപ്പിക്കാൻ ഉപയോഗിക്കാറുണ്ടായിരുന്നു’’.
‘‘വേദനിപ്പിക്കാൻ ഉപയോഗിച്ചോ? എന്ത്? ആരെ?’’
‘‘പന്നിയെ കൊല്ലുന്നതിനുവേണ്ടി അദ്ദേഹം ഒരിക്കലും അതിന് ഗന്ധകവും പൊട്ടാഷും കൊടുത്തിരുന്നില്ല, വലയിൽ കുടുക്കിയും കൊന്നിട്ടില്ല. ഈ രീതികൾ അദ്ദേഹം വെറുത്തിരുന്നു. അദ്ദേഹം ഓടിച്ചിട്ട് കഠാര കൊണ്ട് പരസ്യമായി കുത്തി കൊല്ലുമായിരുന്നു, അതു ചോരയിൽ കുളിക്കും. അദ്ദേഹം അത്ര ശക്തനായിരുന്നു. പന്നി വേദനകൊണ്ട് ശ്വാസംമുട്ടി മരിക്കും. അതുകഴിഞ്ഞ് ക്ഷീണിതനായ എന്റെ അച്ഛനും ഉച്ചതിരിഞ്ഞ് അതേ രക്തത്തിൽ നനഞ്ഞ് ഉറങ്ങും. കത്തി അല്ലെങ്കിൽ വടി, കല്ല്, ചുറ്റിക, മഴു, എന്തും. ഇതിൽ ഏതെങ്കിലും ഒന്ന് ധാരാളം. എന്നെ ഇതൊന്നും പഠിപ്പിച്ചിട്ടില്ല, കത്തി തൊടാൻ അനുവദിച്ചില്ല, ഞാൻ പഠനത്തിൽ വളരെ മിടുക്കനായിരുന്നു. അദ്ദേഹത്തിന് ഒറ്റയടിക്ക് കൈപ്പിടിയിലാക്കാൻ കഴിയുന്നത്ര ശക്തിയും നഖങ്ങളും ഉണ്ടായിരുന്നു. പന്നിയുടെ കൊഴുപ്പും മാംസവും ഉപയോഗിച്ച് കഠിനാധ്വാനം കൊണ്ട് അദ്ദേഹം തന്റെ ശരീരം പുഷ്ഠിപ്പെടുത്തി. അത് സൂര്യപ്രകാശത്തിൽ തിളങ്ങി. അദ്ദേഹത്തിന് ഒരു ഗുസ്തിക്കാരനാകാൻ ആഗ്രഹമുണ്ടായിരുന്നു. ഗുണ്ടകൾ പോലും ദൂരെ നിന്ന് അദ്ദേഹത്തെ സല്യൂട്ട് ചെയ്യാറുണ്ടായിരുന്നു. പക്ഷേ, പതി നെട്ട് വർഷങ്ങൾക്ക് മുമ്പ്, അദ്ദേഹം വാടിത്തളർന്ന് മുറിയിൽക്കൂടി നടക്കുന്നത് ഞാൻ കണ്ടു. ഭയന്നു വിറച്ച്, ഈ ലോകത്തെ അവസാനമായി കാണുന്നതു പോലെ ജനലിലൂടെ ദൂരേക്ക് നോക്കി നിന്നു. അന്ന് കറുത്തവാവുള്ള രാത്രി ആയിരുന്നു. ആ ഇരുണ്ട രാത്രിയുടെ കടും നിറം ഭീകരമായി കാണപ്പെട്ടു.’’
‘‘ജനാലയ്ക്ക് പുറത്ത്…?’’ ആളുകളെ കൊണ്ട് നിറഞ്ഞു. സൂചി കുത്താനുള്ള സ്ഥലമല്ല. നഗരം മുഴുവൻ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. കൊടി തോരണങ്ങളും മിന്നുന്ന വിളക്കുകളും. വാദ്യോപകരണങ്ങളുടെയും ഡ്രമ്മുകളുടെയും ആരവം. അന്നേ ദിവസം… പ്രശസ്ത ഗുസ്തിക്കാരനായ ഗുരു സദാനന്ദന്റെ അവസാനത്തെ ഗുസ്തി മത്സരമായിരുന്നു അന്ന്. അന്ന് അവിടെ മതിൽ ഇല്ലായിരുന്നു. അതിന്റെ പുറകിൽ ഞങ്ങളുടെ വീടും കോളനിയും മാത്രമായിരുന്നു. ഇപ്പോൾ അതും നശിച്ചു.
ഗുരു സദാനന്ദൻ ശ്വാസമടക്കി കേട്ടു,അവസാനത്തെ ഗുസ്തി കഴിഞ്ഞപ്പോൾ ഉച്ചഭാഷിണിയിൽ അറിയിച്ചു, വേറെ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വരൂ. ജനത്തെ നോക്കി വെല്ലുവിളിച്ചു, ഇനി ആരെങ്കിലും ഉണ്ടോ പ്രശസ്തനായ ഗുസ്തിക്കാരൻ, ഗുരു സദാനന്ദുമായി ഗുസ്തി പിടിക്കാൻ. ആൾക്കൂട്ടത്തിൽ നിന്നും അങ്ങ് ഇറങ്ങിയതിനു ശേഷമാണ് അച്ഛൻ എന്റെ മുന്നിലോട്ട് വന്നത്. മന്ദഗതിയിൽ, വിറയ്ക്കുന്ന ചുവടുകളോടെ അദ്ദേഹം മുന്നോട്ട് വന്നു. ഞാൻ അദ്ദേഹത്തിന്റെ പുറകിൽതന്നെ ഉണ്ടായിരുന്നു. ഗുരുജിയുടെ അടുത്തെത്തിയ ശേഷം അദ്ദേഹം ഗുരുജിയുടെ പാദങ്ങളിൽ തൊട്ടുവണങ്ങി. ഗുരുജി അദ്ദേഹത്തെ നോക്കി തിരിച്ചറിഞ്ഞു, എന്നിട്ട് പറഞ്ഞു…’’
‘‘എന്തുപറഞ്ഞു?’’ഗുരു സദാനന്ദൻ എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
‘‘ഇപ്പോൾ തോട്ടികളും ചൂഹ്ഡെകളും, ചമാറുകളുമടക്കം ഗുസ്തി പിടിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നിട്ട് പറഞ്ഞു…’’
‘‘എന്ത്? എന്താണ് പറഞ്ഞത്?’’
‘‘മാറിപ്പോകൂ എന്റെ മുന്നിൽ നിന്ന്, ഞാൻ അവസാനമായി ഭംഗിയോട് യുദ്ധം ചെയ്യണോ?’’ (തോട്ടിയോട്)
ഗുരു സദാനന്ദന്റെ ശരീരം മഞ്ഞുപോലെ തണുത്തു.
ഞാൻ ലോകമെമ്പാടും പ്രഭാഷണങ്ങൾ നടത്തുന്നു. എന്റെ കാലത്തെ ഏറ്റവും വലിയ സൈക്കോളജിസ്റ്റ് എന്നാണ് അവർ എന്നെ വിളിക്കുന്നത്. മനസ്സിന്റെയും ആത്മാവിന്റെയും ഇതുവരെ അറിയാത്ത എല്ലാ രഹസ്യങ്ങളും ഞാൻ കണ്ടെത്തുമെന്ന് അവർ പറയുന്നു. എല്ലാരാത്രിയും ഉറക്കത്തിൽ, ഞാൻ സ്വപ്നത്തിൽ ഗു സ്തി പിടിക്കുന്നു, കിടക്കയിൽ വിയർപ്പിൽ നനഞ്ഞു കുളിക്കുന്നു. ഞാൻ ഒരുപാട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്, ധാരാളം ലഘുലേഖകൾ എഴുതിയിട്ടുണ്ട്, പക്ഷേ ആ മുറിവ്…. ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനെന്ന് ഞാൻ കരുതിയിരുന്ന എന്റെ പിതാവ് വളരെ ദുർബലനായി മാറി, അദ്ദേഹത്തിന്റെ ആ കഠാര, അത് എത്ര പുരാതനമായിരുന്നു. അദ്ദേഹത്തിന്റെ കാലത്തെ പ്രശസ്തനായ ആ ഗുസ്തിക്കാരന്‍ ആ കഠാര ഉയോഗശൂന്യമാക്കി. അതിന്റെ അറ്റം എത്ര മൂർച്ചയുള്ളതായിരുന്നു… ഇപ്പോഴും അതിൽ നിന്ന് രക്തം ഒഴുകുന്നു.
ഗുരു സദാനന്ദൻ അഖാഡയിൽ കുനിഞ്ഞിരുന്നു.
‘‘ഞാൻ എണ്ണിത്തുടങ്ങാം…’’ അദ്ദേഹം പറഞ്ഞു. ‘‘ഒന്ന്. രണ്ട്. മൂന്ന്. നാല്..’’ പക്ഷേ, അകത്തുനിന്നും ഉയരുന്ന കരച്ചിൽ കാരണം ഒമ്പതുവരെ മാത്രമേ അയാൾക്ക് താങ്ങാനായുള്ളൂ. അദ്ദേഹത്തിന് പത്ത് എണ്ണാൻ കഴിഞ്ഞില്ല. അത്രമാത്രം, കളി കഴിഞ്ഞു. പെട്ടെന്ന് അയാൾ എഴുന്നേറ്റ് തന്റെ വസ്ത്രങ്ങൾ എടുത്ത് മൈതാനത്തിന്റെ ഇരുണ്ടതും ഏകാന്തവുമായ കോണിലേക്ക് പോയി. ദൂരെ നിന്നും വരുന്ന അയാളുടെ തേങ്ങലുകളുടെ ശബ്ദം കേട്ട് സദാനന്ദ് ചെളിയിൽ കമിഴ്ന്ന് കിടന്നു. അൽപ സമയത്തിനു ശേഷം അയാൾ എഴുന്നേറ്റു, ഗദയും വലിച്ച് ക്ഷീണിതമായ ചുവടുകളോടെ നിശ്ശബ്ദനായി അഖാഡയുടെ മൂലയിലുള്ള മുറിയിലേക്ക് നടക്കാൻ തുടങ്ങി. ♦