Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഗുസ്തി താരങ്ങളുടെ ധീരോദാത്തമായ പോരാട്ടം

ഗുസ്തി താരങ്ങളുടെ ധീരോദാത്തമായ പോരാട്ടം

സുഭാഷിണി അലി

2023 ജൂൺ 7ന് വെെകുന്നേരം ഇന്ത്യാ ഗവൺമെന്റിന്റെ കായികമന്ത്രിയുമായി മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കുശേഷം ധീരരായ മൂന്ന് ഗുസ്തിതാരങ്ങൾ പുറത്തേക്കുവന്നു. അവരിൽ രണ്ടുപേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. അവരെ അപകീർത്തിപ്പെടുത്തുന്നതിന്, ആക്ഷേപിക്കുന്നതിന്, അവരുടെ വിശ്വാസ്യതയും രാജ്യത്തെ പൗരർക്ക് അവരോടു തോന്നിയ മതിപ്പുമാകെ ഇല്ലാതാക്കുന്നതിന്, അവരെ തുടച്ചുനീക്കുന്നതിന് സാധ്യമായതെല്ലാം ചെയ്തുകൂട്ടിയ ഒരു ഗവൺമെന്റാണിത്. അഞ്ചുതവണ ബിജെപി എംപിയായ, ഇന്ത്യയുടെ ഗുസ്തി ഫെഡറേഷന്റെ ശക്തനായ പ്രസിഡന്റിന്റെ പേരിൽ ലെെംഗികാതിക്രമത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോരാടുന്ന അവർക്കും അവർക്കൊപ്പം നിൽക്കുന്നവർക്കുമെതിരെ ഗൂഢാലോചന നടത്തിയ ഗവൺമെന്റാണിത്. ഗുസ്തി താരങ്ങളുടെ ധീരതയ്ക്കും ദൃഢനിശ്ചയത്തിനും മുന്നിൽ ആ ബിജെപി ഗവൺമെന്റ് തലകുനിച്ചിരിക്കുന്നു; അനുദിനം അവരുടെ പോരാട്ടത്തിനു പിന്തുണയുമായെത്തുന്നവരുടെ ഉറച്ച നിലപാടിനു മുന്നിൽ ഗവൺമെന്റിന് മുട്ടുമടക്കേണ്ടിവന്നിരിക്കുന്നു.

വനിതാ ഗുസ്തിതാരങ്ങൾ നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു പ്രതിഭാസമാണ്. പങ്കെടുക്കുന്നവരുടെ കാര്യത്തിലും കാണികളുടെ കാര്യത്തിലും ഒരുപോലെ പുരുഷന്മാർ മേധാവിത്വം പുലർത്തുന്ന ഒരു പരമ്പരാഗത കായികയിനമാണ് ഗുസ്തി. പൂർണമായും ‘പുരുഷ’ മൂല്യങ്ങളെ ആഘോഷമാക്കുന്ന ഒരു കായിക മത്സരമാണത്; അതായത്, മത്സരാർത്ഥികൾക്കും കാണികൾക്കും മുന്നിൽ പ്രദർശിപ്പിക്കുന്ന കരുത്തുറ്റ ശരീരവും ഒപ്പം കായികബലത്തിന്റെയും കൗശല്യത്തിന്റെയും നിഷ്കരുണമായ പ്രദർശനവുമാണ് ഗുസ്തി എന്ന കായികയിനത്തിൽ കണ്ടുവരുന്നത്. അതെപ്പോഴും ‘പുരുഷകേന്ദ്രിതമായ’ ഒരു കായികയിനമായിരുന്നു; എന്നാൽ, തങ്ങളുടെ പുരുഷാധിപത്യ മൂല്യബോധങ്ങളും മുൻവിധികളും അഭിമാനപൂർവ്വം പ്രകടിപ്പിക്കുന്ന വടക്കേ ഇന്ത്യയിലെ വലിയൊരു വിഭാഗം കർഷക ജനസാമാന്യത്തിന് ഗുസ്തി അവരുടെ പ്രിയപ്പെട്ട കായികയിനമാണ്.

ഈ പോർക്കളത്തിലേക്കാണ് ആദ്യം തെല്ലൊരു ആശങ്കയോടെയും പിന്നീട് വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെയും യുവവനിതാ ഗുസ്തി താരങ്ങൾ കടന്നുവന്നത്. ഇങ്ങനെയവർ കടന്നുവന്നത് ഹരിയാനയിൽനിന്നാണ് എന്ന വസ്തുതയാണ് ഏറെ അൽഭുതപ്പെടുത്തുന്നത്. കാരണം, പരിതാപകരമായ ലിംഗാനുപാതത്തിന്റെ കാര്യത്തിലും ദുരഭിമാനക്കൊലകളുടെ കാര്യത്തിലും ഏറെ മുന്നിൽനിൽക്കുന്ന സംസ്ഥാനമാണ് ഹരിയാന; പുരുഷാധിപത്യ മൂല്യബോധം പേറുന്നവരുടെ ജാതി പ്രതാപവും ദുരഭിമാനബോധവുമെല്ലാം ആധിപത്യം പുലർത്തുന്ന ഖാപ്പ് പഞ്ചായത്തുകൾ ശക്തമായിട്ടുള്ള ഹരിയാന, സ‍്ത്രീകളുടെ അവകാശങ്ങളും തുല്യതയും സംബന്ധിച്ച പ്രശ്നങ്ങളിൽ സമ്പൂർണമായ നിസ്സംഗ മനോഭാവം പുലർത്തുന്ന സംസ്ഥാനവുമാണ്. അങ്ങനെയൊരു സംസ്ഥാനത്തുനിന്ന് ഗുസ്തി എന്ന കായികരംഗത്തേക്ക് യുവ വനിതാ താരങ്ങൾ കടന്നുവന്നത് ഏവരെയും അൽഭുതപ്പെടുത്തിക്കൊണ്ടാണ്.

തൊഴിൽ സേനയിലെ ലിംഗവിവേചനം
സ്ത്രീ പുരുഷൻ
തൊഴിൽ സേനയിലെ പങ്ക് (15–29 വയസ്സ്) 21.7% 61.2%
തൊഴിൽ പങ്കാളിത്ത നിരക്ക് 19.1% 53.5%
സ്വയം തൊഴിൽ 25% 12.1%
ഗാർഹിക ചുമതലകൾ 45% 0.5%

സ്രോതസ്സ്– പീരിയോഡിക് ലേബർ ഫോഴ്സ് സർവെ 2021–2022

ഈ അസമത്വങ്ങളെല്ലാം നിലനിൽക്കെ മുന്നോട്ടുവന്ന നമ്മുടെ വനിതാ ഗുസ്തി താരങ്ങൾക്ക് അവരുടെ കുടുംബങ്ങളിലെ പുരുഷന്മാരുടെ സഹായവും പ്രോത്സാഹനവും ലഭിച്ചിരുന്നു. എന്തുതന്നെയായാലും, ഈയൊരു പശ്ചാത്തലത്തിലാണ് ദാരിദ്ര്യത്തോടും വിഭവ പരിമിതിയോടും മാത്രമല്ല, മറിച്ച് പൊതുസമൂഹത്തിന്റെ എതിർപ്പിനോടും സാമൂഹികമായ തിരസ്കരണത്തോടും വരെ എതിരിട്ടുകൊണ്ട് നമ്മുടെ യുവ വനിതാ ഗുസ്തി താരങ്ങൾ മുന്നോട്ടുവന്നത്; അന്താരാഷ്ട്രതലത്തിലുള്ള മത്സരങ്ങളിലും ഏറ്റവുമുയർന്ന മത്സരവേദിയായ ഒളിമ്പിക്സിലും മെഡലുകളും പ്രശസ്തിയും രാജ്യത്തിന് നേടിത്തന്ന ചാമ്പ്യന്മാരായി അവർ ഉയർന്നു. ഇതവരെ അവരുടെ കുടുംബങ്ങളുടെയും സമുദായങ്ങളുടെയും രാജ്യത്തെ പൗരരുടെയും ആരാധനാപാത്രമാക്കി. തൽഫലമായി അവർക്ക് ഭൂമിയും പണവും സുരക്ഷിതമായ ഗവൺമെന്റ് ജോലിയും സമ്മാനമായി നൽകപ്പെട്ടു. നാടൊന്നാകെ അവരെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഇതെല്ലാം കാണിക്കുന്നത് അവർ വിജയത്തിന്റെ കൊടുമുടിയിലെത്തി എന്നാണ‍്; ഒന്നിനും ആർക്കുമവരെ മുറിവേൽപ്പിക്കാനാകില്ല എന്നാണ്.

എന്നാലിപ്പോൾ, കഴിഞ്ഞ ആറുമാസമായി അവർ ഇതെല്ലാം ഉപേക്ഷിച്ചിരിക്കുന്നു – അവരുടെ ഭാവിയും ഉദ്യോഗവും കഠിനപരിശ്രമത്തിലൂടെ അവർ നേടിയെടുത്ത മെഡലുകളും സൗഭാഗ്യങ്ങളുമെല്ലാം ഉപേക്ഷിച്ച് ഒരു ലക്ഷ്യത്തിനുവേണ്ടി പൊരുതുകയാണവർ; നമ്മുടെ രാജ്യത്ത്, അവർകൂടി ഉൾപ്പെടുന്ന സാമൂഹിക ചുറ്റുപാടിൽ കുറച്ചുമാത്രം സഹതാപം കിട്ടുന്ന ഒരു ലക്ഷ്യത്തിനുവേണ്ടിയാണവർ പോരാടുന്നത്.

36 ലക്ഷത്തിലേറെ കേസുകൾ കെട്ടിക്കിടക്കുന്നു

(പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിനു നൽകിയ ഉത്തര പ്രകാരം)
* സ്ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2014 മുതൽ 2022 ഡിസംബർ വരെ രാജ്യത്തെ വിവിധ കോടതികളിൽ തീർപ്പാകാതെ കിടക്കുന്നത് 36 ലക്ഷത്തിലധികം കേസുകൾ
* ഉത്തർപ്രദേശ് (7,80,578), മഹാരാഷ്ട്ര (3,83,463), ബീഹാർ (3,77,885) എന്നിവയാണ് ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ
* നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുതിയ കണക്കുപ്രകാരം സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ 15.3% വർധന

നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗവും, തീർച്ചയായും ഇൗ വനിതകൾ ഉയർന്നുവന്ന സമൂഹവും വിശ്വസിക്കുന്നത്, പൊതുജീവിതത്തിലേക്കും ഇക്കാലംവരെ പുരുഷന്മാർക്കു മാത്രമായി നീക്കിവെയ്ക്കപ്പെട്ടിരുന്ന ജോലിയിലേക്കും ധീരമായി കടന്നുവരാൻ തുനിയുന്ന സ്ത്രീകൾ ശിക്ഷയർഹിക്കുന്നു എന്നുതന്നെയാണ്; അധിക്ഷേപം, അവഹേളനം, വിവിധ രൂപത്തിലുള്ള ശാരീരികമായ പീഡനങ്ങൾ തുടങ്ങിയ ശിക്ഷകൾ ഉറപ്പായും അവർ ഏറ്റുവാങ്ങേണ്ടതുണ്ടെന്നുതന്നെ സമൂഹം വിശ്വസിക്കുന്നു. തങ്ങൾക്കു പറഞ്ഞിട്ടില്ലാത്ത ഇടങ്ങളിലേക്ക് ഒരുപാട് ലക്ഷ്-മണരേഖകൾ മറികടന്നു കയറിയതുവഴി അവർ സ്വയം ശിക്ഷ ‘ഇരന്നു’ വാങ്ങുകയാണ്; അതുകൊണ്ടുതന്നെ, അവർ ഇത്തരം ശിക്ഷകൾ ഒരക്ഷരംപോലും ഉരിയാടാതെ ഏറ്റുവാങ്ങേണ്ടതുണ്ട്. കാരണം, ഇതിനെതിരെ ശബ്ദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് അവർക്കും അവരുടെ കുടുംബത്തിനും നാണക്കേടുണ്ടാക്കുക മാത്രമേ ചെയ്യൂ.

നമ്മുടെ രാജ്യത്തെ കായിക താരങ്ങളായ വനിതകൾ നേരിട്ട ലെെംഗിക പീഡനങ്ങൾക്ക് സുദീർഘവും നിർലജ്ജവുമായൊരു ചരിത്രമുണ്ട്. മേരി കോമും പി ടി ഉഷയും പോലെയുള്ള പ്രശസ്ത താരങ്ങൾ തങ്ങൾക്കു നേരിടേണ്ടിവന്ന ഇത്തരം ദുരനുഭവങ്ങളെക്കുറിച്ച് അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുമുണ്ട്; എങ്കിലും ദൗർഭാഗ്യകരമെന്നുതന്നെ പറയട്ടെ, പൊരുതുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണ നൽകുകയെന്ന ധാർമിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഇവർ ഇരുവരും പരാജയപ്പെട്ടിരിക്കുന്നു. 1990ൽ പൊലീസ് ഓഫീസറുടെ പീഡനത്തിനിരയായ ഹരിയാനയിൽനിന്നുള്ള പ്രഗത്ഭയായ കായികതാരം രുചിര ഗിർഹോത്ര ആത്മഹത്യ ചെയ്യുകയുണ്ടായി. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തനിക്കും തന്റെ കുടുംബത്തിനും ആക്ഷേപവും പരിഹാസവുമല്ലാതെ മറ്റൊന്നും ലഭിക്കാതിരിക്കുകയും അതേസമയം കുറ്റവാളിയായ പൊലീസ് ഓഫീസർക്ക് സ്ഥാനക്കയറ്റവും അവാർഡും നൽകുകയും ചെയ്ത ഘട്ടത്തിലാണ് രുചിര ആത്മഹത്യ ചെയ്തത്.

തൊഴിലിടങ്ങളിലെ ലെെംഗിക പീഡനത്തിനെതിരായ നിയമവും പോക്സോ നിയമവും പാസാക്കപ്പെട്ടതോടുകൂടി പ്രായപൂർത്തിയായവരും അല്ലാത്തവരുമായ വനിതാ കായികതാരങ്ങളും വിവിധ തൊഴിലുകളിലേർപ്പെട്ടിട്ടുള്ള മറ്റു സ്ത്രീകളും നേരിടുന്ന ലെെംഗിക പീഡനങ്ങൾക്കെതിരെ കർശനമായ നടപടിയെടുക്കുകയും നിയമം നടപ്പാക്കപ്പെടുകയും ചെയ്യുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. ദേശീയതല കായികതാരം കൂടിയായ ഒരു ജൂനിയർ പരിശീലക 2022 ഡിസംബറിൽ ഹരിയാനയിലെ കായികമന്ത്രിയായ സന്ദീപ് സിങ്ങിനെതിരായി ഫയൽ ചെയ്ത കേസ് അതിന്റെ ഞെട്ടിക്കുന്നൊരു ഉദാഹരണമാണ്; മറ്റ് വനിതാ കായികതാരങ്ങളെയും അയാൾ പീഡിപ്പിച്ചു എന്നും ഈ പരിശീലക ആരോപണമുന്നയിക്കുന്നുണ്ട്. അവരുടെ ദീർഘമായ പോരാട്ടത്തിനുശേഷം ചണ്ഡിഗഢിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു; എന്നാൽ, മാസങ്ങളേറെ കഴിഞ്ഞിട്ടും ഇപ്പോഴും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല; സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധ സമരങ്ങൾ നടന്നിട്ടും മന്ത്രിയെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തിട്ടുമില്ല.

സ്ത്രീകൾ വീട്ടിലും സുരക്ഷിതരല്ല

വിവിധ പരാതികൾ 2023 ജനുവരി–ഏപ്രിൽ 2022 2023 ജനുവരി–ഏപ്രിൽ
സെെബർ കുറ്റകൃത്യങ്ങൾ 863 925
ബലാത്സംഗം/ബലാത്സംഗ ശ്രമം  1711 1681 1711
സ്ത്രീകളെ അപമാനിക്കൽ/പീഡനംസംബന്ധിച്ച പരാതി 1839 2,527
സ്ത്രീധന കൊലപാതകവുമായി ബന്ധപ്പെട്ട കേസുകൾ 341 357
വിവാഹിതരായ സ്ത്രീകൾക്കുനേരെ നടക്കുന്ന
സ്ത്രീധനവുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള കേസുകൾ
4613 4613
ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുള്ള പരാതികൾ 6,684 6982
ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടുള്ള കേസുകൾ 11,088 9,736
മൊത്തം പരാതികൾ 30,865 30,957

 

തികച്ചും നിരാശാജനകമായ ഈ പശ്ചാത്തലത്തിലാണ് സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്റങ് പുനിയയും അഭൂതപൂർവമായൊരു കാൽവെയ്പ് നടത്തിയത്; പ്രായപൂർത്തിയാകാത്തയാളടക്കമുള്ള വനിത ഗുസ്തിതാരങ്ങളെ ലെെംഗികമായി ആക്രമിച്ച ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബാഹുബലി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2023 ജനുവരിയിൽ അവർ ജന്തർമന്ദിറിൽ ധർണ ആരംഭിച്ചു. ധർണ്ണയിൽ അവരോടൊപ്പമിരിക്കുന്ന മറ്റു പല താരങ്ങളോടും എംപി ശരിയല്ലാത്ത രീതിയിൽ പെരുമാറുകയും അദ്ദേഹത്തെ എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഗുസ്തി താരങ്ങൾ ആരോപിച്ചു. ധീരമായ അവരുടെ നടപടി വ്യാപകമായി മാധ്യമ ശ്രദ്ധയാകർഷിക്കുകയും വനിതാ സംഘടനകളും മറ്റു പലരും അവർക്കു പിന്തുണയുമായി മുന്നോട്ടുവരുകയും ചെയ്തു. കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ, കേന്ദ്ര കായികമന്ത്രി ധർണ നടക്കുന്ന കേന്ദ്രത്തിലേക്കു വരുകയും അവരെ ചർച്ചയ്ക്കു ക്ഷണിക്കുകയും ചെയ്തു. താരങ്ങളുടെ പരാതികൾ പരിശോധിക്കുന്നതിനും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനുംവേണ്ടി മേരി കോം അധ്യക്ഷയായിട്ടുള്ള ഉന്നതാധികാര സമിതിയെ ഗവൺമെന്റ് രൂപീകരിക്കുമെന്ന് ചർച്ചയിൽ മന്ത്രി പറഞ്ഞു. ഇത് അംഗീകരിച്ച ഗുസ‍്തി താരങ്ങൾ തങ്ങളുടെ സമരം പിൻവലിച്ചു. എന്നാൽ മൂന്ന് മാസത്തിനുശേഷം ഏപ്രിൽ 5ന് സമിതി റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും അത് പരസ്യമാക്കിയില്ല. അതോടുകൂടി ഗവൺമെന്റ്, പാർട്ടി എംപിക്കനുകൂലമായി നിൽക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ഏപ്രിൽ 23ന് ഗുസ്തി താരങ്ങൾ വീണ്ടും ധർണ ആരംഭിച്ചു.

ഗുസ്തിതാരങ്ങളുടെ പരാതിയിൽ എഫ്ഐആർ ഫയൽ ചെയ്യാൻ ഡൽഹി പൊലീസ് ഒട്ടുംതന്നെ തയ്യാറായില്ല. അവസാനം താരങ്ങൾക്ക് സുപ്രീംകോടതിയിൽ പോകേണ്ടിവന്നു. കേസ് രജിസ്റ്റർ ചെയ്ത് അനേ-്വഷണം നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടതിനെതുടർന്ന് രണ്ട് എ-ഫ്ഐആറുകൾ ഫയൽ ചെയ്തു. അതിലൊന്ന് പോക്-സോ നിയമപ്രകാരമാണ്. എന്നിട്ടും, ഇതുവരെ കുറ്റവാളി അറസ്റ്റു ചെയ്യപ്പെട്ടിട്ടില്ല.

വനിതാസംഘടനകളിൽ നിന്നും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിൽനിന്നും മനുഷ്യാവകാശ സംഘടനകളിൽ നിന്നും കർഷകസംഘടനകളിൽനിന്നും ഒട്ടേറെ ഖാപ് പഞ്ചായത്തുകളിൽ നിന്നും അഭൂതപൂർവമായ പിന്തുണയാണ് ധർണയ്ക്ക‍് ലഭിച്ചത്. ഒട്ടേറെ പ്രമുഖ കായികതാരങ്ങൾ സമരം ചെയ്യുന്നവർക്ക് പിന്തുണയറിയിച്ച് സംസാരിച്ചു; അതേസമയം ചില പ്രമുഖ കായികതാരങ്ങൾ അതു ചെയ്യാതിരുന്നത് മായ്ച്ചുകളയാനാവാത്ത നാണക്കേടായി. പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി വന്നവരെക്കൊണ്ട് ധർണ കേന്ദ്രം നിറഞ്ഞുകവിഞ്ഞു. എന്നിട്ടും ആ മുന്നേറ്റത്തെ തകർക്കുന്നതിന് സാധ്യമായതെല്ലാം ഗവൺമെന്റ് ചെയ്തു. പ്രക്ഷോഭ കേന്ദ്രത്തിലേക്കുള്ള വെെദ്യുതിവിച്ഛേദിക്കുകയും ജലവിതരണം നിർത്തലാക്കുകയും ചെയ്തു; അവരെ പിന്തുണച്ചവരെ ഗവൺമെന്റ് അപഹസിച്ചു; അവരെക്കുറിച്ച് വ്യാപകമായി നുണകൾ പ്രചരിപ്പിച്ചു; ടിവി ചാനലുകളിൽ കുറ്റവാളിക്കനുകൂലമായി വമ്പിച്ച പ്രചരണം നടത്തി; അതേസമയം ഗുസ്തി താരങ്ങളെയും അവരെ പിന്തുണച്ചവരെയും മാനസികമായി തകർക്കാൻ സാധ്യമായതെല്ലാം ചെയ്തു.

ഓക്സ്ഫാം റിപ്പോർട്ട് പറയുന്നു

♦ ഓക്സ്ഫാം പുറത്തുവിട്ട ‘ഇന്ത്യ ഡിസ്-ക്രിമിനേഷൻ റിപ്പോർട്ട് 2022’ ഇന്ത്യയിലെ തൊഴിൽ വിപണിയിൽ നിലനിൽക്കുന്ന ഭീകരമായ ലിംഗ അസമത്വത്തിലേക്ക് വിരൽചൂണ്ടുന്നു
♦ ഗ്രാമീണമേഖലയിലെ സ്ത്രീകൾ 100% തൊഴിൽ അസമത്വം അഭിമുഖീകരിക്കുന്നു
♦ നഗരപ്രദേശങ്ങളിൽ സ്ത്രീകൾ 98% തൊഴിൽ അസമത്വം നേരിടുന്നു
♦ സ്വയം തൊഴിലിൽ സ്ത്രീകളേക്കാൾ പുരുഷന്മാർ 2.5 മടങ്ങ് വരുമാനം നേടുന്നു. ഇതിൽ 83% വും ലിംഗ വിവേചനം മൂലമാണ്.
♦ താൽക്കാലിക തൊഴിൽ സ്ത്രീ–പുരുഷ അന്തരം 95% ശതമാനം.
♦ സ്ത്രീ–പുരുഷ വരുമാനത്തിലെ 91.1% അന്തരവും ലിംഗവിവേചനം മൂലമാണ്.

ഒടുവിൽ, ഗുസ‍്തി താരങ്ങളും സംയുക്ത കിസാൻ മോർച്ചയും വിവിധ കർഷകസംഘടനകളും ഖാപ്പ് പഞ്ചായത്തുകളും ചേർന്ന് മെയ് 28ന് മോദിസർക്കാർ പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം നടത്തുമ്പോൾ അതിനു മുന്നിൽ മഹിള മഹാപഞ്ചായത്ത് നടത്തണമെന്നാഹ്വാനം ചെയ്തു. ഈ സമരം തുടങ്ങിയതുമുതൽ അതിനെ പിന്തുണയ്ക്കുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ അടക്കമുള്ള ഒട്ടേറെ സംഘടനകൾ ഈ ആഹ്വാനത്തെ അനുകൂലിച്ച് മുന്നോട്ടുവന്നു.

മെയ് 28ന്, മഹിള അസോസിയേഷൻ നേതാക്കളും പ്രവർത്തകരുമടക്കം സമരത്തെ പിന്തുണച്ചെത്തിയ ഒട്ടേറെ പേരെ ധർണ കേന്ദ്രത്തിനടുത്തുവച്ച് പൊലീസ് അറസ്റ്റു ചെയ്തു. പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിലേക്കു തിരിച്ച ഗുസ്തി താരങ്ങളെ ജന്തർമന്ദിറിൽ നിന്ന് അവർ തുടങ്ങിയപ്പോൾതന്നെ പൊലീസ് ക്രൂരമായി ആക്രമിച്ചു. രാജ്യമൊന്നാകെ സാക്ഷ്യം വഹിച്ച ഭീകരമായൊരു കാഴ്ചയായിരുന്നു അത്–ധീരരായ ഗുസ്തി താരങ്ങളെ തല്ലിച്ചതയ്ക്കുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തപ്പോൾ അതേസമയം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേദിയിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ആദരണീയമായ സ്ഥാനം നൽകുകയാണ് ഗവൺമെന്റ് ചെയ്തത്.

ഇതിനെതിരായി വമ്പിച്ച ജനരോഷമുയരുകയും അടുത്ത ദിവസങ്ങളിൽതന്നെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയുമുണ്ടായി. രോഷാകുലരായ ഗുസ്തി താരങ്ങൾ ഹരിദ്വാറിൽവച്ച് തങ്ങളുടെ മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കാൻ തീരുമാനിച്ചു; എന്നാൽ അതിൽ നിന്ന് കർഷക നേതാക്കൾ അവരെ പിന്തിരിപ്പിച്ചു. അവർ കർഷകനേതാക്കളുടെ നിർദേശമംഗീകരിക്കുകയും അതേസമയം തങ്ങളുടെ പോരാട്ടം തുടരുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. അവരുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നതിനും അവരെ പിന്തുണയ്ക്കുന്നവർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിനും വേണ്ടി ഒട്ടേറെ തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു; പക്ഷേ അത് ഒന്നുംതന്നെ വിജയം കണ്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി രാത്രിയിൽ തന്നെ അവരുമായി ചർച്ച നടത്തുകയും ചില വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. എന്നാൽ ഗുസ്തിതാരങ്ങൾ അവയൊന്നും സ്വീകരിച്ചില്ല. ഒടുവിൽ ജൂൺ 6ന് കായികമന്ത്രി അവരെ ചർച്ചയ്ക്കു വിളിച്ചു. യോഗത്തിന്റെ അവസാനം, ജൂൺ 30 ഓടുകൂടി ഗുസ്തി ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുമെന്നും ബ്രിജ് ഭൂഷണുമായി ബന്ധമുള്ളവരും അയാളെ പിന്തുണയ്ക്കുന്നവരുമായ ആരുംതന്നെ അതിൽ പങ്കെടുക്കില്ലായെന്നും കായികമന്ത്രി അവർക്ക് രേഖാമൂലം ഉറപ്പുനൽകി; എഫ്ഐആറിൽ പൊലീസ് അനേ-്വഷണം ഉടനടി പൂർത്തിയാക്കുമെന്നും ജൂൺ 15 ഓടുകൂടി കുറ്റപത്രം സമർപ്പിക്കുമെന്നും മന്ത്രി രേഖാമൂലം ഉറപ്പു നൽകി. അങ്ങനെ ഈ സമരത്തെ തകർക്കാൻ സാധ്യമായതെല്ലാം ചെയ്ത ഗവൺമെന്റിന് ഒടുവിൽ തലകുനിക്കേണ്ടി വന്നു.

പാർലമെന്റിലെ ബിജെപി 
ക്രിമിനലുകൾ

 ♦ 2014ൽ ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ബിജെപി പാർലമെന്റിലേക്കയച്ചവരിൽ 34% പേർ ക്രിമിനലുകൾ
♦ 2019ൽ ക്രിമിനലുകളായ ബിജെപി എംപിമാർ 43%
♦ ബലാത്സംഗം ഉൾപ്പെടെ സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട 2014ൽ, ബിജെപി എംപിമാർ 51 ആയിരുന്നെങ്കിൽ 2019ൽ അത് 159 ആയി വർധിച്ചു.

സ്രോതസ്സ്: അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, നാഷണൽ ഇലക്ഷൻ വാച്ച്

ജൂൺ 15 വരെ സമരം നിർത്തിവയ്ക്കുകയാണെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു. കുറ്റപത്രം പുറത്തുവന്നതിനു ശേഷം അവർ ഭാവികാര്യങ്ങൾ തീരുമാനിക്കും. അവരെ പിന്തുണയ്ക്കുന്ന എല്ലാവരും ആവർത്തിച്ചുയർത്തിക്കാണിച്ചത് നീതിക്കുവേണ്ടി പോരാടുന്നതിന് അവർ കാണിച്ച പ്രതിബദ്ധതയെയാണ്.

ഗുസ്തി താരങ്ങളുടെ സമരത്തിന് വളരെ പ്രധാനപ്പെട്ടതും അസാധാരണവുമായ സവിശേഷതകളുണ്ടായി എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. പീഡനവീരന്മാരെയും, സ്ത്രീകളോട് മോശമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്യുന്നവരെയും നിർലജ്ജമായി സംരക്ഷിക്കുന്നതിന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും തങ്ങളുടെ അധികാരങ്ങൾ ദുരുപയോഗിക്കുന്ന ബിജെപിയുടെ യഥാർഥ മുഖം ഈ സമരം പുറത്തുകൊണ്ടുവന്നു. സ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുംവേണ്ടിയുള്ള മുന്നേറ്റത്തിലേക്ക്, ഇക്കാലംവരെ ശക്തമായി പുരുഷാധിപത്യത്തെ അനുകൂലിക്കുകയും ലിംഗനീതിയോട് നിസ്സംഗത പുലർത്തുകയും ചെയ്തുവന്നിരുന്ന സമൂഹത്തിലെ അനേകം വിഭാഗങ്ങളെ കൊണ്ടുവരുവാനും അതിന് സാധിച്ചു. സ്ത്രീ സുരക്ഷയ്ക്കുവേണ്ടിയുള്ള സമരം എന്ന നിലയ്ക്ക് രാജ്യത്തുടനീളം സ്വീകരിക്കപ്പെട്ട ഒരു പൊതുസമരത്തിലേക്ക് ബിജെപി ഗവൺമെന്റിനോടെതിർപ്പുള്ള വിവിധ സംഘടനകളെ അത് യോജിച്ചണിനിരത്തി.

എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ട്, തങ്ങളുടെ കരിയറുപോലും ത്യജിച്ചുകൊണ്ട് നീതിക്കുവേണ്ടി പോരാടാനുറച്ച ഗുസ്തിതാരങ്ങളുടെ ധീരതയും ദൃഢനിശ്ചയവും തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. അവരുടെ പോരാട്ടം വിജയത്താൽ അടയാളപ്പെടുത്തപ്പെടണം. എല്ലാ സ്ത്രീകളുടെയും വിജയമായി അത് മാറും. അക്രമവും അപമാനവും നിശ്ശബ്ദമായി സഹിക്കുന്ന നൂറുകണക്കിനു സ്ത്രീകൾക്ക് മുന്നോട്ടുവന്ന് ഉറക്കെ സംസാരിക്കുവാനും നീതിക്കുവേണ്ടി പൊരുതുവാനുള്ള ആത്മവിശ്വാസവും ധെെര്യവും പകരാൻ ഈ വിജയത്തിന് സാധിക്കും തീർച്ച. 

പിൻകുറിപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കുമേൽ ഗവൺമെന്റ് നിരന്തരമായി സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു; അതവരെ ആദ്യം കൊടുത്ത പരാതികളിൽ വ്യത്യസ്തമായ പ്രസ്താവനകൾ നൽകാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. അവസാനം ആ കുട്ടിയെ ഡൽഹി കോടതിയിൽ ഹാജരാക്കുകയും താൻ പ്രായപൂർത്തിയാകാത്തയാളല്ലായെന്ന് പറയുന്ന ഒരു പ്രസ്താവന അവർ നൽകുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അവർ ഇപ്പോഴും പരാതിയിൽ ഉറച്ചു നിൽക്കുന്നു എന്നാണ് അവളുടെ അച്ഛൻ പറയുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 − two =

Most Popular