Friday, September 20, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഗുസ്തിതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷ സംഘടനകൾ

ഗുസ്തിതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷ സംഘടനകൾ

മുഹമ്മദ് ഇമ്രാൻ

ബിജെപി എംപിയും അഖിലേന്ത്യാ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺസിങ്ങിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്യമൊട്ടുക്ക് വിവിധ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരമായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായി.

ആരോപണവിധേയമായ ബിജെപി എംപിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹിമാചൽ പ്രദേശിലെ ഷിംലയിലും മറ്റു ജില്ലകളിലും ജില്ലാകമ്മീഷണറുടെ ഓഫീസിനു മുന്നിൽ വിവിധ സംഘടനകളും പൗരപ്രമുഖരും ഒത്തുചേർന്നു. അഖിലേന്ത്യാ കിസാൻ സഭ ഹിമാചൽ പ്രദേശ് സംസ്ഥാന പ്രസിഡിന്റ്  കുൽദീപ്സിങ് തൽവാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ബിജ്ഭൂഷൺസിങ്ങിന്റെ കോലം  കത്തിച്ചു കുട്ടികളെ ലൈംഗികാധിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്ന നിയമത്തിൽ (പോസ്കോ) ഭേദഗതികൾ വരുത്തണമെന്ന ആവശ്യം ഉയർത്തുന്നത് ലൈംഗിക വേട്ടക്കാരെ സഹായിക്കാനാണെന്നും ബേഠി ബച്ചാവോ ബേഠി പഠാവോ പോലുള്ള മുദ്രാവാക്യങ്ങൾ മോഡി ഗവൺമെന്റിന്റെ കാപട്യത്തെയാണ് തുറന്നു കാട്ടുന്നതെന്നും കുൽദീപ് സിങ്ങ് തൻവാർ ശക്തമായ ഭാഷയിൽ വിമർശിച്ചു.

ഹരിയാന ബിജ് ഭൂഷന്റെ കോലം കത്തിക്കാൻ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ നടന്നുവരുന്നതായി സിഐടിയു ഹരിയാന സംസ്ഥാന പ്രസിഡന്റ് സുരേഖ പറഞ്ഞു. പ്രതിഷേധത്തിനനുകൂലമായി ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണുണ്ടായത്. ജില്ലാ ആസ്ഥാനങ്ങളിലും തെരുവുകളിലും ഗ്രാമങ്ങളിലും തടിച്ചുകൂടിയ ആളുകൾ കുറ്റാരോപിതനായ ബിജെപി എംപിയോടുള്ള  തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുകയും “”ബി.ജെ.പി സർക്കാരിനെ താഴെയിറക്കുക, ബ്രിജ് ഭൂഷൻ സിങ്ങിനെ ഉടൻ അറസ്റ്റു ചെയ്യുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

കർണ്ണാടകയിലും ബാംഗ്ലൂരിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കോൺഫറൻസ് ഓഫ് റിലീജിയൻസ് ഇന്ത്യയുടെ (സി.ആർ.ഐ) ബാനറിൽ കന്യാസ്ത്രീകൾ ഗുസ്തിക്കാർക്കെതിരായ അതിക്രമങ്ങളെ അപലപിച്ചു. അതിനെതിരെ അവർ പ്രസ്‌താവനയിറക്കി. ‘‘തൊഴിലിടങ്ങളിലും പൊതുയിടങ്ങളിലുമൊക്കെ ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടിവരുന്ന നിസ്സഹായരായ സ്ത്രീകൾക്ക് വനിതാ ഗുസ്തിതാരങ്ങൾ മാതൃകയാണ്. പൊലീസ് ഈ താരങ്ങളോട് പെരുമാറിയ ക്രൂരവും അപരിഷ്കൃതവുമായ രീതിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു’’ ‐ അവർ പ്രസ്താവനയിൽ പറയുന്നു. ലൈംഗികപീഡനം, അക്രമം എന്നിവയെക്കുറിച്ചുള്ള പരാതികളിൽ നീതി ലഭിക്കുന്നതിനുവേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്രസർക്കാരിനോട് അവർ ആവശ്യപ്പെട്ടു.

പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഗുസ്തിതരങ്ങൾ ജൂൺ 10ന്  ഹരിയാനയിലെ സോനിപത്തിൽ പഞ്ചായത്ത് വിളിച്ചു ചേർത്തു. ഖാപ്പ് പ്രതിനിധികളും, കർഷക സംഘടനകളും, വനിതാ സംഘടനകളും  മറ്റ് ഒട്ടനവധി സാമൂഹ്യസംഘടനകളിൽ നിന്നുള്ളവരും പങ്കെടുത്തു. മുന്നോട്ടുള്ള സമരം സംബന്ധിച്ച സമരങ്ങളെക്കുറിച്ചു ചർച്ച നടത്തി. വരുംദിവസങ്ങളിൽ സമരം ഇനിയും ശക്തമാകും.  

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × four =

Most Popular