Friday, September 20, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബംഗാളിൽ സംസ്ഥാന ജീവനക്കാരുടെ പ്രക്ഷോഭം

ബംഗാളിൽ സംസ്ഥാന ജീവനക്കാരുടെ പ്രക്ഷോഭം

ഷുവജിത് സർക്കാർ

പൊതുമേഖലയ്ക്കനുകൂലമായി എപ്പോഴും നിലകൊണ്ടിട്ടുള്ള സംസ്ഥാനമാണ് പശ്ചിംബംഗാൾ. 1977-ൽ ഇടതുപക്ഷമുന്നണി അധികാരത്തിൽ വന്നതുമുതൽ ഇതൊരു സാധാരണ പ്രതിഭാസമായി മാറി. മികച്ച ശമ്പളവും അലവൻസുകളും ഗവൺമെന്റ് ജീവനക്കാർക്ക് ലഭിക്കുകയും അവർ സമാധാനത്തോടെ ജീവിക്കുകയും ചെയ്തു. ഓരോ വ്യക്തിയും അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പൊതുമേഖലയുടെ ഭാഗമായിത്തീരാൻ ആഗ്രഹിക്കുകയും സംസ്ഥാന ഗവൺമെന്റ് ജീവനക്കാർ എന്ന നിലയിൽ തൊഴിലെടുക്കുകയും ചെയ്തു. ഇടതു പക്ഷ മുന്നണി ഗവൺമെന്റിന്റെ അവസാനപാദത്തിൽ ജീവനക്കാർക്കുള്ള ഡി.എ (ക്ഷാമബത്ത) നൽകുന്നതിൽ ചില പ്രശ്നങ്ങളുണ്ടായി. അന്ന് പ്രതിപക്ഷത്തായിരുന്ന തൃണമുൽ അത് മുതലെടുക്കുകയായിരുന്നു. 2011-ലെ പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃണമുൽ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ മമത ബാനർജി പറഞ്ഞത്, തൊഴിലാളികൾക്ക് ഡി.എ നൽകാത്ത ഗവൺമെന്റിന് അധികാരത്തിലിരിക്കാൻ അവകാശമില്ല എന്നാണ്. ഇപ്പോൾ സംസ്ഥാനം ഭരിക്കു ന്നത് തൃണമൂലാണ്. എല്ലാ മേഖലയിലും ഗവൺമെന്റ് ജീവനക്കാർക്കുള്ള ഡിഎ ഇതുവരെ നൽകിയിട്ടില്ല. ഈയടുത്ത കുറേനാളുകളായി സംസ്ഥാനത്തിന്റെ ഹൃദയഭാഗമായ കൊൽക്കത്തയിലെ തെരുവുകളിൽ ക്ഷാമബത്തയ്‌ക്കായി പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ഒരുവർഷമായി കൊൽക്കത്തയിലെ തെരുവിൽ പ്രക്ഷോഭം തുടരുന്ന ഇവർ ഉന്നയിക്കുന്ന ഏക ആവശ്യം കേന്ദ്ര ജീവനക്കാർക്കു തുല്യമായി സംസ്ഥാന ജീവനക്കാർക്കും ഡി.എ വേണമെന്നാണ്. എന്നാൽ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ജനകീയ മുന്നേറ്റത്തെ തകർക്കാൻ സംസ്ഥാനത്തെ മുഖ്യമന്ത്രിയും ഗവൺമെന്റും അടിച്ചമർത്തൽ നടപടികൾ കൈക്കൊള്ളുകയാണ്.


തൃണമൂൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ഗവൺമെന്റ് ജീവനക്കാരുടെ ഡിഎയ്ക്ക് അനുകൂലമായി സംസാരിക്കുകയും അന്നത്തെ ഇടതുമുന്നണി ഗവൺമെന്റിനെ വിമർശിക്കുകയും ചെയ്തിരുന്നു. ഇടതുമുന്നണി ഭരിച്ചപ്പോൾ ഡിഎ നൽകുന്നതിൽ, അവസാന വർഷങ്ങളിൽ ചില ബുദ്ധിമുട്ടുണ്ടായെങ്കിലും തൊഴിലാളികളുടെ ആവശ്യങ്ങൾ കേൾക്കാൻ ശ്രമിച്ചിരുന്നു. ജീവനക്കാർക്ക് അവരുടെ ശബ്ദമുയർത്താനും മുന്നേങ്ങൾ സംഘടിപ്പിക്കാനും സ്വതന്ത്രമായ ഇടമുണ്ടായിരുന്നു. എന്നാൽ ഇന്ന് തൃണമൂലിന്റെ ഏക മനോഭാവം ജനാധിപത്യപരമായ ഏതു മുന്നേറ്റമായാലും അതിനെ തകർക്കുക എന്നതാണ്. മുഖ്യമന്ത്രി മമത, തന്റെ അഭിപ്രായപ്രകടനത്തിനിടയ്‌ക്ക്‌ ജീവനക്കാരെ അധിക്ഷേപിക്കുകയും അവരെ നായ്ക്കളെയെന്നപോലെ കാണുകയുംചെയ്തു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും അവരുടെ പ്രസംഗങ്ങളെ അപലപിച്ചു. സർക്കാർ ജീവനക്കാരായ അവരുടെ അനുയായികൾപോലും മമതയുടെ ഇത്തരം അഭിപ്രായപ്രകടനങ്ങളെ വിമർശിച്ചു. സംസ്ഥാനത്ത് വരാൻ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുകാരായ സർക്കാർ ജീവനക്കാർ പറയുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ തങ്ങൾ അരക്ഷിതരാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സേനയെ നൽകുന്നതുവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെന്നുമാണ്‌. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ പ്രവർത്തകർ തിരഞ്ഞെടുപ്പുദ്യോഗസ്ഥരെ ആക്രമിക്കുകയും അവരുടെ പക്കലുണ്ടായിരുന്ന തിരഞ്ഞെടുപ്പ് സാമഗ്രികൾ കൊള്ളയടിക്കുകയും ചെയ്ത അനുഭവം അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ വിവിധ സംഘടനകളും വേദികളും തെരുവിലിറങ്ങുകയുണ്ടായി. ജൗതോ മഞ്ച് (ഇടതുപിന്തുണയുള്ള), സംഗ്രാമി ജൗതോ മഞ്ച എന്നിവ അതിൽ പ്രധാനപ്പെട്ട സംഘടനകളാണ്. മുഖ്യമന്ത്രിയുടെ മൂക്കിനുകീഴിൽത്തന്നെ സർക്കാർ ജീവനക്കാർ വൻറാലി സംഘടിപ്പിച്ചിരുന്നു. പോലീസ് റാലിയെ അടിച്ചമർത്താൻ ശ്രമിച്ചു. എന്നാൽ സംഖ്യാബലം വലുതായതിനാൽ പോലീസിന് റാലിയെ തടയാൻ കഴിഞ്ഞില്ല. ഈ മുന്നേറ്റം ക്രമണ ജനങ്ങളുടെ ശ്രദ്ധനേടി. ഗവൺമെന്റ് ജീവനക്കാർക്ക് ഐക്യദാർഢ്യവുമായി സംസ്ഥാനത്തെ ജനങ്ങളാകെ മുന്നോട്ടുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ തൃണമൂൽ സർക്കാർ ഗുരുതരമായ പ്രശ്നം നേരിടുകയാണ്. മറ്റ് പ്രതിപക്ഷ പാർട്ടികൾ പ്രത്യേകിച്ച് ഇടതുപക്ഷം ആദ്യദിനംമുതൽ തന്നെ സർക്കാർ ജീവനക്കാരുടെ സമരത്തിനൊപ്പമാണ്. പശ്ചിമബംഗാൾ സർക്കാരിനു കീഴിലുള്ള അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും നിയമനത്തിന്റെ കാര്യത്തിൽ വലിയതോതിലുള്ള അപാകതകൾ നിലവിലുള്ളതിനാൽ തൊഴിലന്വേഷകരും കഴിഞ്ഞ രണ്ടുവർഷമായി പ്രക്ഷോഭത്തിലാണ്. ഈയടുത്ത വർഷങ്ങളിലായി തൃണമൂൽ സർക്കാർ നടത്തിയ 32000 ഉദ്യോഗാർഥികളുടെ നിയമനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. നേരത്തെ നിയമനം ലഭിച്ച സർക്കാർ ജീവനക്കാരുടെ ഡിഎ വേതനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം കൂടാതെ വലിയതോതിൽ നിയമന അഴിമതിയും നടക്കുന്നു. ബംഗാളിലെ തെരുവുകളിൽ ജനങ്ങൾതന്നെ തൃണമുൽ ഭരണത്തിന്റെ അഴിമതിക്കുനേരെ വിരൽചൂണ്ടുകയാണ്‌. തൃണമുൽ സർക്കാരിന് അഴിമതിയുമായി ബന്ധമുണ്ടെന്നത്‌ ഇപ്പോൾ ജനകീയ അഭിപ്രായമായിരിക്കുന്നു. പൊതജനസേവകരായ സർക്കാർ ജീവനക്കാർക്കുപോലും ശബളം ലഭിക്കാത്തത് നിരാശാജനകമാണ്. ഇവരാകട്ടെ യഥാർഥത്തിൽ ഭരണനിർവഹണ ജോലിയാണ് ചെയ്യുന്നത്. അവരാണ് ഗവൺമെന്റിനെ പ്രവർത്തിപ്പിക്കുന്നത്. ഈ സർക്കാർ ജീവനക്കാർ ഒന്നടങ്കം. നിലവിലെ ഭരണത്തിനെതിരാവുന്ന പരമദയനീയമായ അവസ്ഥയാണ് ഇന്ന്‌ പശ്ചിമബംഗാളിൽ തൃണമൂൽ വാഴ്‌ചയിൻകീഴിൽ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + 13 =

Most Popular