സ്വാസിലാൻഡിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നിരന്തരമായ പോരാട്ടത്തിലാണ്. 1968ൽ ബ്രിട്ടീഷ് വാഴ്ചയിൽനിന്നും സ്വാതന്ത്ര്യം നേടിയ സ്വാസിലാൻഡിൽ പിന്നീട് രാജവാഴ്ച പ്രാബല്യത്തിൽ വരുകയായിരുന്നു. ഇന്ന് ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം മുഴുവനും ഊറ്റി കുടിക്കുന്ന രാജവാഴ്ചയ്ക്കെതിരായ നിരന്തരമായ പോരാട്ടമാണ് അവിടെ നടക്കുന്നത്. ആ പോരാട്ടമുഖത്ത് ധീരമായി നിന്നു പൊരുതിയ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ 21 വയസ്സുള്ള മൂവുസെലേലോ എംഖബേലയെയും മറ്റു രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുന്നതിനുവേണ്ടി വിപുലമായ ‘ചങ്ങല പൊട്ടിക്കൽ പ്രക്ഷോഭം’ നടത്താൻ ഒരുങ്ങുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സ്വാസിലാൻഡ്. ജൂൺ 22നാണ് മൂവുസെലേലോ എംഖബേലയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. അപ്പോഴേക്കും അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോഭം തന്നെ സംഘടിപ്പിക്കുവാനാണ് സ്വാസിലൻഡിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനം. ഗ്രാമീണ കേന്ദ്രങ്ങളിലും പ്രതിഷേധവും റോഡുപരോധവും നടത്തും. സ്വാസിലൻഡിലെ ഏറ്റവും ദരിദ്രമേഖലയായ ശിസെൽവേനിയിലെ ഹോസിയ നിയോജകമണ്ഡലത്തിലെ ഹ്‌ലുത്തി എന്ന ചെറിയ നഗരത്തിൽ നിന്നായിരിക്കും പ്രക്ഷോഭം തുടക്കം കുറിക്കുക. മൂവുസെലേലോ എംഖബേലയുടെ നാടാണത്. രാജവാഴ്ചയ്ക്കെതിരായി അദ്ദേഹം അവിടുത്തെ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
രാജവാഴ്ചയ്ക്കും, രാജ്യത്തെ രാഷ്ട്രീയ പാർട്ടികളെ എല്ലാം നിരോധിച്ചു കൊണ്ട് അത് നടത്തുന്ന പ്രഹസനമായ തിരഞ്ഞെടുപ്പിനും എതിരായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽ മൂന്നുതവണയാണ് അദ്ദേഹത്തെ പോലീസ് പീഡിപ്പിക്കുന്നത്. അതിൽ ഒരു തവണ വെടിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി ആറിന് രാഷ്ട്രീയ തടവുകാരെ വിട്ടയക്കണം എന്നും ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ജനാധിപത്യവിരുദ്ധമായ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രകടനവും റോഡ് ഉപരോധവും നടത്തുകയുണ്ടായി. ഈ സമരം ഏറെ വിജയകരമായി തീർന്നു. അതിനെ തുടർന്ന് അതിന്റെ പിറ്റേദിവസം ഫെബ്രുവരി 7ന് മൂവുസെലേലോ എംഖബേലയെ പുലർച്ചെ നാലുമണിക്ക് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മൂവുസെലേലോ എംഖബേലയെയും ഒപ്പം ഉണ്ടായിരുന്ന പാർട്ടി അംഗമായ ബോങ്കി മാമ്പയേയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയുണ്ടായി. കഞ്ചാവ് കൈവശം വെച്ചു എന്നും മറ്റുമുള്ള കുറ്റങ്ങൾ അദ്ദേഹത്തിന്റെപേരിൽ ചുമത്തപ്പെട്ടു. ഒരു ദിവസത്തെ ക്രൂരമായ പീഡനങ്ങൾക്ക് ശേഷം വിട്ടയക്കപ്പെട്ട എംഖബേല ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങുകയും കൂടുതൽ കരുത്തോടുകൂടി സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
ഏറെ കലുഷിതമായ ഒരു അന്തരീക്ഷമാണ് സ്വാസിലാന്റിൽ നിലവിലുള്ളത്. എംസ്വാതി മൂന്നാമന്റെ കീഴിലുള്ള രാജവാഴ്ച സംവിധാനം ജനങ്ങൾക്കുമേൽ നടത്തുന്ന കടന്നുകയറ്റവും അടിച്ചമർത്തലും അത്രത്തോളം തീവ്രമാണ്. രാജ്യത്തെ രാഷ്ട്രീയപാർട്ടികളെ എല്ലാംതന്നെ നിരോധിച്ചിരിക്കുകയാണ്. ഓഗസ്റ്റിൽ നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് രാജാവിന്റെ തദ്ദേശീയ മുഖ്യന്മാർ നിർദ്ദേശിക്കുന്ന ചില വ്യക്തികൾ മാത്രമായിരിക്കും. അവർ പാർലമെന്റിൽ ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുകയല്ല, മറിച്ച് രാജാവിന്റെ ഇഷ്ടങ്ങൾക്കൊത്തു നിൽക്കുക മാത്രമാണ് ചെയ്യുക, അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് വെറുമൊരു പ്രഹസനം മാത്രമാണെന്നും ഇതിനെ ബഹിഷ്കരിക്കണം എന്നുമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഹ്വാനം. തിരഞ്ഞെടുപ്പ് “ബഹിഷ്കരിക്കുക തടസ്സപ്പെടുത്തുക നിർത്തലാക്കുക” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ക്യാമ്പയിനിൽ ഇതൊരു പ്രഹസനം മാത്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നിരന്തരമായ പ്രക്ഷോഭങ്ങൾ നടത്തുന്നതിലും നിരന്തരമായി ജനങ്ങളോട് സംവദിക്കുന്നതിലും എംഖബേല സജീവമായിരുന്നു. രാജവാഴ്ചയ്ക്കെതിരായി നടത്തുന്ന ശക്തമായ പോരാട്ടമാണ് തുടരെത്തുടരെയുള്ള എംഖബേലയുടെ അറസ്റ്റിലേക്ക് നയിക്കുന്നത്.
പിന്നീട് ഫെബ്രുവരി 28ന് ആയിരുന്നു എംഖബേലയെ ഭരണകൂടത്തിന്റെ മർദ്ദനോപകരണമായ പോലീസ് അറസ്റ്റ് ചെയ്ത.ത് വോട്ട് ചെയ്യണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി മൂവുസെലേലോ എംഖബേലയുടെ നഗരത്തിൽ പൊലീസിന്റെ അകമ്പടിയോടുകൂടി എത്തിയ ഇലക്ഷൻ ഉദ്യോഗസ്ഥരെ തടയുന്നതിന് വളരെ പെട്ടെന്നാണ് യുവാക്കളുടെ വലിയൊരു സേനയെ അദ്ദേഹം അണിനിരത്തിയത്. എംസ്വാതിയുടെ തിരഞ്ഞെടുപ്പ് അല്ല ജനാധിപത്യമാണ് വേണ്ടത്, എംസ്വതി അധികാരത്തിൽനിന്ന് ഇറങ്ങണം, രാഷ്ട്രീയപാർട്ടികളുടെ മേലുള്ള നിരോധനം പിൻവലിക്കണം, എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണം എന്നീ ബാനറുകൾ ഉയർത്തിക്കൊണ്ട് യുവാക്കൾ റോഡുകൾ ഉപരോധിച്ചു. രാജാവിന് എതിരായി ഗാനമാലപിച്ചും നൃത്തച്ചുവടുകൾ വച്ചുകൊണ്ടും സർഗാത്മകമായ പ്രതിഷേധങ്ങൾ നടത്തി. ഇതിൽ രോഷംപൂണ്ട പോലീസ് എംഖബേലയുടെ തുടയിലേക്ക് വെടിവയ്ക്കുകയും തോക്കുകൾ പിടിച്ചെടുക്കാൻ ശ്രമിച്ച മറ്റ് സമരക്കാരക്കുനേർക്ക് തുടരെത്തുടരെ വെടിവയ്ക്കുകയും ചെയ്തു. അതിനുശേഷം പോലീസ് ബലമായി പിടിച്ചുകൊണ്ടുപോയ മൂവുസെലേലോ എംഖബേലയെ അടുത്തുള്ള ആശുപത്രികളിൽ ഒന്നും കാണിക്കാതെ 40 കിലോമീറ്റർ അദ്ദേഹത്തെ പോലീസ് വാഹനത്തിൽ കൊണ്ടുപോയി. വാഹനത്തിൽ വെച്ച് അദ്ദേഹത്തെ തുടരെത്തുടരെ അടിക്കുകയും ചവിട്ടുകയും വെടിയേറ്റ മുറിവിൽ വിരലുകൾകൊണ്ട് കുത്തുകയും ഇത്തരത്തിൽ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. ഇതിനെല്ലാം ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെക്യൂരിറ്റി ഉദ്യോഗസ്ഥർ തെല്ലൊന്നു മാറിയപ്പോൾ പാർട്ടി അംഗമായ ഒരു സഖാവ് ആശുപത്രിയിലേക്ക് കടക്കുകയും അദ്ദേഹത്തിന്റെ വേഷം മാറ്റി അദ്ദേഹത്തെ ആശുപത്രിയിൽനിന്നും രക്ഷപ്പെടുത്തുകയും ചെയ്തു. തന്റെ സഖാവിന്റെ തോളിൽ പിടിച്ചുകൊണ്ട് മുടന്തി മുടന്തി ആശുപത്രിയിൽ നിന്ന് കടന്ന അദ്ദേഹം ഉടൻതന്നെ കാടുകളിലേക്ക് കടക്കുകയും രാത്രിയോടുകൂടി ഒരു സഖാവിന്റെ വീട്ടിലെത്തുകയും അവിടെ നിന്ന് പാർട്ടി അദ്ദേഹത്തെ ഒളിതാവളത്തിലേക്ക് മാറ്റുകയും ചെയ്തു. അവിടെവച്ച് തൊഴിലാളി വർഗ്ഗത്തോടൊപ്പം നിൽക്കുന്ന ഒരു ഡോക്ടർ അദ്ദേഹത്തിന്റെ മുറിവ് ചികിത്സിച്ച് ഭേദമാക്കി. 21 വയസ്സ് മാത്രം പ്രായമുള്ള മൂവുസെലേലോ എംഖബേല തന്റെ മുറിവുമായി ദീർഘദൂരം കാട്ടിൽകൂടി ഓടിയത്. മൂവുസെലേലോ എംഖബേലയെ പിന്നീട് സർവ്വകലാശാലയിൽ വിദ്യാർത്ഥികൾക്കൊപ്പമാണ് പാർട്ടി ഒളിപ്പിച്ചത്. എന്നാൽ അവിടെയും അദ്ദേഹം വിശ്രമിക്കാൻ തയ്യാറായില്ല. ശമ്പളം വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് അധ്യാപകർ നടത്തുന്ന സമരത്തിലും സ്കോളർഷിപ്പുകളും അലവൻസുകളും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിലും അദ്ദേഹം സജീവമായി. അദ്ദേഹത്തിന്റെ സുരക്ഷയിൽ പരിഭ്രാന്തരായ പാർട്ടി നേതൃത്വം അദ്ദേഹത്തെ ആഫ്രിക്കയിലേക്ക് നാടു കെടുത്തുന്നതിനെപ്പറ്റി ചിന്തിച്ചു എങ്കിലും സദാ പോരാട്ട സന്നദ്ധനായ, മികച്ച ഗറില്ലയായ കർഷകർക്കും തൊഴിലാളികൾക്കും ഇടയിലും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇടയിലും ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ സംഘടനാ പ്രവർത്തനം നടത്തുവാൻ ശേഷിയുള്ള ഈ 21കാരന് പോരാട്ട മുഖത്തുനിന്നും മാറിനിൽക്കുവാൻ നിൽക്കുവാനോ തന്റെ നാടിന്റെ വിമോചനം മറന്ന് ജീവിക്കുവാനോ സാധിക്കുകയില്ല എന്ന് മനസ്സിലാക്കിയ പാർട്ടി അദ്ദേഹത്തെ നാട്ടിൽതന്നെ നിർത്തുവാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനിടയിൽ പൊലീസുകാർ അദ്ദേഹത്തെ വീണ്ടും കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്രൂരമായ പീഡനങ്ങൾ ആണ് അദ്ദേഹത്തിന് ജയിലിൽ നേരിടേണ്ടി വരുന്നത്. അറസ്റ്റ് ചെയ്ത നിമിഷം മുതൽ വലിയ രീതിയിൽ പോലീസുകാർ അദ്ദേഹത്തെ ദേഹോപദ്രവം ചെയ്യുകയും ജയിലിൽ എത്തിച്ചപ്പോൾ മെഡിക്കൽ ചെക്കപ്പ് നടത്താതെ ഇദ്ദേഹത്തെ അവിടെ പ്രവേശിപ്പിക്കാൻ കഴിയില്ല എന്ന് ജയിൽ അധികൃതർ പറയുന്ന വിധത്തിൽ അദ്ദേഹത്തെ അവശനാക്കുകയും ചെയ്തിരുന്നു. ജയിലിൽ എത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ചെവിയിൽനിന്ന് രക്തം വാർന്നൊഴുകുകയായിരുന്നു. “അദ്ദേഹത്തിന് എന്ത് രീതിയിലുള്ള മെഡിക്കൽ ചികിത്സയാണ് നൽകിയത് എന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ മെയ് 28ന് പാർട്ടിയുടെ വൈസ് പ്രസിഡണ്ട് ആയിട്ടുള്ള ലക്കി മാമ്പ ജയിൽ സന്ദർശിച്ചപ്പോൾ അദ്ദേഹം വളരെയേറെ അവശനായിരുന്നു”- പാർട്ടി അംഗമായ മങ്കൊബ പറയുന്നു. പോലീസ് വാഹനത്തിന്റെ ചില്ലുകൾ തകർത്തു എന്നതാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിട്ടുള്ള ഒരു കുറ്റം. എന്നാൽ ഇത് പോലീസുകാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ക്രൂരമായി മർദ്ദിച്ചതിന്റെ ഭാഗമായി ഉണ്ടായതാണ്. മറ്റൊന്ന് പോലീസ് കസ്റ്റഡിയിൽ നിന്നും അനധികൃതമായി പുറത്തുചാടി എന്നതാണ്. എന്നാൽ ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന് വിലങ്ങുവെച്ചിട്ടുണ്ടായിരുന്നില്ല എന്നും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല എന്നുമുള്ളതാണ് കോടതിയിൽ പാർട്ടിയുടെ വക്കീൽ വാദിച്ചത്. ഏപ്രിൽ 26 നും പിന്നീട് മെയ് രണ്ടിനും മൂവുസെലേലോ എംഖബേലയെ കോടതിയിൽ ഹാജരാക്കിയപ്പോൾ പുറത്ത് അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായ പ്രകടനം നടത്തുകയും നിരോധിക്കപ്പെട്ട പാർട്ടി കൊടികൾ ഉയർത്തി സമരം ചെയ്യുകയും ചെയ്തു. അരിവാളും ചുറ്റികയും ആലേഖനം ചെയ്ത ചുവന്ന ഷർട്ടുകൾ അണിഞ്ഞ് എത്തിയ പ്രകടനക്കാർ തങ്ങളുടെ പ്രിയപ്പെട്ട സഖാവിനെ വിട്ടയക്കണമെന്ന് ഉറക്കെ ഉറക്കെ മുദ്രാവാക്യം വിളിച്ചു. എംഖബേലയെയും ഒപ്പമുള്ള രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുന്നതുവരെ ശക്തമായ പ്രക്ഷോഭ സമരങ്ങളിലേക്ക് നീങ്ങുവാനുള്ള തീരുമാനത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. “ഞങ്ങൾ വീണ്ടും ഒരിക്കൽകൂടി ‘ചങ്ങല പൊട്ടിക്കൽ പ്രക്ഷോഭം’ നടത്തുവാൻ പോവുകയാണ്. 2008 ൽ സൗത്താഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ അമോസ് എംബദ്സിയെ അറസ്റ്റ് ചെയ്തപ്പോഴാണ് ആദ്യമായി ഞങ്ങൾ ഈ പ്രക്ഷോഭം നടത്തിയത്. രാഷ്ട്രീയ തടവുകാരെ വിട്ടയക്കുവാനുള്ള ഈ സമരം വെറും പ്രഹസനമായ തിരഞ്ഞെടുപ്പിനും രാജവാ ഴ്ചയ്ക്കും എതിരായ പ്രചരണത്തോടൊപ്പം ഞങ്ങൾ കൂട്ടിക്കെട്ടും” മങ്കൊബ പറയുന്നു. ♦