Saturday, November 23, 2024

ad

Homeരാജ്യങ്ങളിലൂടെസമാധാനത്തിനും ഐക്യത്തിനുംവേണ്ടി സൈപ്രസ്സുകാർ

സമാധാനത്തിനും ഐക്യത്തിനുംവേണ്ടി സൈപ്രസ്സുകാർ

ആശ ലക്ഷ്‌മി

വംശീയവും രാഷ്ട്രീയവുമായി വിഭജിക്കപ്പെട്ട സൈപ്രസ് എന്ന കൊച്ചു ദ്വീപരാഷ്ട്രത്തിൽ സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെയ് 27 ശനിയാഴ്ച ഇരു ഭൂപ്രദേശങ്ങളിലെയും, അതായത് റിപ്പബ്ലിക് ഓഫ് സൈപ്രസിലെയും തുർക്കിയുടെ നിയന്ത്രണത്തിലുള്ള സൈപ്രസിലെയും പുരോഗമന വിഭാഗങ്ങൾ പ്രകടനം നടത്തി. പീസ് ജനറേഷൻ യുണൈറ്റഡ് ബൈ ഹോപ്പ് എന്ന സംഘടനയും ബൈകമ്മ്യൂണൽ പീസ് ഇനിഷ്യേറ്റീവ് യുണൈറ്റഡ് സൈപ്രസ് എന്ന സംഘടനയും ചേർന്ന് ആഹ്വാനം ചെയ്ത പ്രകടനങ്ങളിൽ ‘ബ്രേക്കിംഗ് ന്യൂ ഗ്രൗണ്ട് – റീയൂണൈറ്റിങ് സൈപ്രസ്’ എന്ന ബാനറിനുകീഴിൽ രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ വിഭജിത നഗരമായ നിക്കോസിയയിലെ ഗ്രീൻ ലൈനിന്റെ ഇരുവശത്തുമായി അണിനിരന്നു. ഗ്രീൻ പ്രോഗ്രസീവ് പാർട്ടി ഓഫ് വർക്കിംഗ് പീപ്പിൾ (AKEL), യുണൈറ്റഡ് ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ (EDON), സൈപ്രസ് പീസ് കൗൺസിൽ, റിപ്പബ്ലിക്കൻ തുർക്കിഷ് പാർട്ടി (CTP), സി ടി പി യൂത്ത്, സോൾ ഹരേകേത്ത്, പാൻസിപ്രിയൻ ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (PEO), POGO വിമൻസ് മൂവ്മെന്റ് തുടങ്ങിയ അനവധി പുരോഗമന സംഘടനകൾ ഈ മാർച്ചിൽ പങ്കാളികളായി. സൈപ്രസിനെ വിഭജിക്കുന്ന ഗ്രീൻ ലൈനിനുകുറുകെ പുതിയ ക്രോസിംഗ് പോയിന്റുകൾ തുറക്കുവാനും രാജ്യത്തിന്റെ പുനരേകീകരണത്തിനുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുവാനും മാർച്ച് ആഹ്വാനം ചെയ്തു.

മെഡിറ്ററേനിയൻ ദ്വീപരാഷ്ട്രമായ സൈപ്രസ് നിലവിൽ റിപ്പബ്ലിക് ഓഫ് സൈപ്രസും തുർക്കിഷ് റിപ്പബ്ലിക് ഓഫ് നോർത്തേൺ സൈപ്രസും എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിരിക്കുകയാണ്. റിപ്പബ്ലിക് ഓഫ് സൈപ്രസിൽ ഗ്രീക്ക് വംശജരായ സൈപ്രസ് പൗരരാണ് ഭൂരിപക്ഷം എങ്കിൽ രാജ്യത്തിന്റെ വടക്കുഭാഗത്ത് തുർക്കിഷ് സൈപ്രസുകാരാണ് കൂടുതൽ എന്നുള്ളത് കൊണ്ട് അവിടം തുർക്കിയുടെ നിയന്ത്രണത്തിലാണ്. സൈപ്രസിലെ പ്രധാന നഗരമായ നിക്കോസിയയിൽ രേഖപ്പെടുത്തിയിട്ടുള്ള 180 കിലോമീറ്റർ നീണ്ട ഗ്രീൻ ലൈൻ അഥവാ ബഫര്‍ സോൺ ആണ് ഈ രണ്ടു മേഖലകളുടെയും അതിർത്തി നിർണയിക്കുന്നത്.

സൈപ്രസ് എന്ന കൊച്ചു രാജ്യത്തിന്റെ ഈ വംശീയ വിഭജനത്തിന് കൊളോണിയൽ കാലത്തിലേക്ക് വിരൽ ചൂണ്ടുന്ന നീണ്ട ചരിത്രമുണ്ട്. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്താൻ ഇവിടെ ഹിന്ദു മുസ്ലിം വർഗീയ വികാരം ഉയർത്തിക്കൊണ്ടുവന്നതുപോലെതന്നെ 1914 മുതൽ 1960 വരെ സൈപ്രസിനെ നേരിട്ട് ഭരിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയൽ ഭരണമാണ് സൈപ്രസ് വിഭജനത്തിലേക്ക് നയിച്ച ഈ വംശീയ വികാരത്തിന് തിരികൊളുത്തിയത്. അന്ന് സൈപ്രസിൽ ഉയർന്നുവന്ന സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുന്നതിനുവേണ്ടി ബ്രിട്ടീഷുകാരാണ് ഗ്രീക്ക് സൈപ്രസ്സുകാരും തുർക്കിഷ് സൈപ്രസുകാരും എന്ന നിലയ്ക്കുള്ള വംശീയത ഇളക്കിവിട്ടത്. അത് വളരെ ശക്തമായി ആളിപടരുകയും ചെയ്തു. 1960ൽ ബ്രിട്ടനിൽനിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും കൊളോണിയലിസ്റ്റുകൾ നട്ടുവളർത്തിയ വംശീയമായ ഭിന്നിപ്പ് ദ്വീപിൽ നിരന്തരം അസ്വസ്ഥതകൾ ഉണ്ടാക്കികൊണ്ടിരുന്നു. ഗ്രീസ്‌, തുർക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇരുവിഭാഗത്തെയും തീവ്രദേശീയവാദികൾ പരസ്പരം ഏറ്റുമുട്ടി. ഇത്‌ 1963‐64 കാലത്തെ വംശീയ കലാപത്തിനു വഴിവെച്ചു. 1974 ൽ ഗ്രീക്ക് സൈന്യത്തിന്റെയും തുർക്കി സൈന്യത്തിന്റെയും പിന്തുണയോടുകൂടി നടപ്പാക്കപ്പെട്ട അട്ടിമറി വംശിയാടിസ്ഥാനത്തിൽ സൈപ്രസിന്റെ വിഭജനത്തിലേക്ക് നയിച്ചു. ആയിരക്കണക്കിന് ജനങ്ങളെ ആഭ്യന്തരമായി ഒഴിപ്പിക്കുകയും പലരെയും വംശിയ അതിർത്തികൾക്കനുസരിച്ച് മാറ്റി പാർപ്പിക്കുകയും ചെയ്തു. 1983 നവംബർ 15ന് തുർക്കിയുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന വടക്കൻ സൈപ്രസിൽ അവർ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും തുർക്കിഷ് റിപ്പബ്ലിക് ഓഫ് നോർത്തേൺ സൈപ്രസ്‌ എന്ന് ഔദ്യോഗിക നാമകരണം ചെയ്യുകയും ചെയ്തു. ഇതിനെ റിപ്പബ്ലിക് ഓഫ് സൈപ്രസും ഐക്യരാഷ്ട്രസഭയും അംഗീകരിച്ചില്ല.

ഇരുവിഭാഗവും തമ്മിലുള്ള സംഘർഷത്തിന് അറുതി വരുത്തുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനുംവേണ്ടി റിപ്പബ്ലിക് ഓഫ് സൈപ്രസിലെയും തുർക്കി സൈപ്രസിലെയും രാഷ്ട്രീയനേതൃത്വങ്ങൾ തമ്മിൽ ഒരുപാട് തവണ ചർച്ചകൾ നടത്തുകയുണ്ടായി. എന്നാൽ, ഇരുഭാഗത്തെയും തീവ്ര വലതുപക്ഷ തീവ്രദേശീയവാദ നേതാക്കളും പാർട്ടികളും ചേർന്ന് ഈ ചർച്ചകളെയെല്ലാം പരാജയപ്പെടുത്തി. നിലവിൽ തുർക്കിയുടെ പ്രസിഡന്റായ എർദൊഗാൻ വടക്കൻ സൈപ്രസിലെ അംകാറയിൽ പിടിമുറുക്കുന്നതും സമാധാനത്തിന് പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നു. സർക്കാരിന്റെനിലപാടിനെ വിമർശിച്ചതിന് വടക്കൻ സൈപ്രസിലെ അനേകം പുരോഗമന രാഷ്ട്രീയക്കാരെയും പത്രപ്രവർത്തകരെയും തുർക്കിഷ് ഗവൺമെൻറ് വേട്ടയാടി. ഈ അടിച്ചമർത്തലുകൾക്കെല്ലാമിടയിലും സമാധാനത്തിനും ഐക്യത്തിനുംവേണ്ടി ഇരുഭൂപ്രദേശങ്ങളിലെയും പുരോഗമന ജനാധിപത്യ വിഭാഗങ്ങളും സമാധാനകാംക്ഷികളുമായ ആളുകൾ ശക്തമായി പോരാടുന്നു. രാജ്യത്തിന്റെ പുനരേകീകരണത്തിനുവേണ്ടി ഒരു മികച്ച പരിഹാരം എന്ന നിലയ്ക്ക് ഈ പുരോഗമന വിഭാഗങ്ങൾ ഫെഡറൽ സംവിധാനം എന്ന ആശയം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. ഗ്രീക്ക് സൈപ്രസുകാരും തുർക്കി സൈപ്രസുകാരും തമ്മിലുള്ള ബന്ധപ്പെടലിന് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുവേണ്ടി ഇനിയുമേറെ ക്രോസിങ് പോയിന്റുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഗ്രീക്ക് സൈപ്രസിലെയും തുർക്കിഷ് സൈപ്രസിലെ യും ഒട്ടധികം സംഘടനകൾ ചേർന്ന് നടത്തിയ ഈ പ്രക്ഷോഭത്തിൽ പ്രോഗ്രസീവ് പാർട്ടി ഓഫ് വർക്കിംഗ് പീപ്പിൾസ് (AKEL) പങ്കെടുത്തതെന്ന് മെയ് 27ന് ഇറക്കിയ പ്രസ്താവനയിൽ സംഘടനയുടെ ജനറൽ സെക്രട്ടറി സ്റ്റെഫാനോസ് സ്റ്റെഫാനൗ പറയുന്നു.

മനുഷ്യമനസ്സുകൾക്ക് കുറുകെ വംശീയതയുടെയും വർഗീയതയുടെയും വൻ മതിലുകൾ സ്ഥാപിക്കുന്നത് എത്രത്തോളം ഹീനവും നിഷ്ഠൂരവുമായ പ്രക്രിയയാണ് എന്ന് സൈപ്രസിലെ പുരോഗമന ജനത നമ്മെ ഓർമിപ്പിക്കുന്നു. കേവലമായ സ്വത്വബോധങ്ങൾക്കപ്പുറം മനുഷ്യർ എന്ന് ആശയത്തെക്കുറിച്ച് ചിന്തിക്കുവാനും തീവ്രദേശീയ തീവ്ര വലതുപക്ഷ സമീപനങ്ങളെയാകെ തള്ളിക്കളയുവാനും ഇരുഭാഗത്തുമുള്ള സൈപ്രസിലെ പുരോഗമന വിഭാഗം തയ്യാറായിരിക്കുന്നു. സൈപ്രസിന്റെ ഏകീകരണത്തിനും സമാധാനത്തിനും ഐക്യത്തിനും വേണ്ടി പുരോഗമന ജനവിഭാഗങ്ങൾ ഒന്നടങ്കം മുന്നോട്ടുവന്നിരിക്കുന്നു എന്നത് ഏറെ ആശാസ്യമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × two =

Most Popular