Friday, September 20, 2024

ad

Homeരാജ്യങ്ങളിലൂടെഅർജന്റിനയിൽ സ്ത്രീകൾക്കുനേരെയുള്ള അക്രമത്തിനെതിരായ മുന്നേറ്റം

അർജന്റിനയിൽ സ്ത്രീകൾക്കുനേരെയുള്ള അക്രമത്തിനെതിരായ മുന്നേറ്റം

സിയ റോസ

ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റിനയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും തോത് വളരെ കൂടുതൽ ആണ്. പുരുഷാധിപത്യ മൂല്യങ്ങൾ കൊടുമ്പിരിക്കൊണ്ടുനിൽക്കുന്ന സമൂഹത്തിൽ സ്ത്രീകളും ട്രാൻസ്ജെൻഡറുകളും അടക്കമുള്ള ദുർബല ലിംഗ വിഭാഗങ്ങൾ നേരിട്ടിരുന്ന പീഡനവും ലൈംഗികമായ അതിക്രമവും അത്രമേൽ വലുതാണ്. സ്ത്രീകൾക്കെതിരായ അതിക്രമം അർജൻറീന നേരിടുന്ന പ്രധാനപ്പെട്ടൊരു പ്രശ്നമായി മാറിയിട്ട് ഏറെ കാലമായി. ഏറ്റവും പുതിയ കണക്കുകൾ എടുത്താൽ,Now That They See Us എന്ന പേരിലുള്ള സംഘം നടത്തിയ പഠന റിപ്പോർട്ടുപ്രകാരം, 2015 ജൂണിനും 2023 മേയ്ക്കും ഇടയിൽ അർജന്റിനയിൽ 2257 പെൺഹത്യകൾ നടന്നിട്ടുണ്ട്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഇക്കഴിഞ്ഞ എട്ടു വർഷങ്ങളിൽ ഓരോ 31 മണിക്കൂ റിനുമിടയിൽ ഒരു സ്ത്രീ വീതം അർജന്റിനയിൽ കൊല്ലപ്പെടുന്നു. ഈ കൊല്ലപ്പെടുന്നവരിൽ 64 ശതമാനം സ്ത്രീകളും അവരുടെ ജീവിതപങ്കാളികളാലോ മുൻജീവിതപങ്കാളികളാലോ കൊല്ലപ്പെട്ടിട്ടുള്ളതാണെന്നും ഈ കൊലപാതകങ്ങളിൽ 64 ശതമാനവും ഇരകളുടെ വീടുകൾക്കുള്ളിൽവെച്ച് നടന്നിട്ടുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മറ്റൊരു റിപ്പോർട്ടിൽ 2023 ജനുവരി ഒന്നിനും ഏപ്രിൽ 30 നുമിടയിലുള്ള നാലുമാസ കാലയളവിൽ രാജ്യത്ത് 99 പെൺഹത്യകളും മൂന്ന് ട്രാൻസ്ഹത്യകളും 96 പെൺഹത്യാ ശ്രമങ്ങളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. ഈ കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടയിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും എതിരായ പുരുഷാധിപത്യപരമായ അതിക്രമം അനുദിനം വർധിക്കുകയാണെന്നും അതിനെ പിടിച്ചുനിർത്താൻ ഗവൺമെന്റിനു കഴിഞ്ഞിട്ടില്ല എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇത്തരത്തിൽ സ്ത്രീകൾക്കുനേരെയുള്ള ലൈംഗികമായ അടിച്ചമർത്തലും ചൂഷണവും ജീവഹാനിയും അതിവേഗം വർദ്ധിച്ചുകൊണ്ടിരുന്ന ഒരു പശ്ചാത്തലത്തിലാണ് എട്ടു വർഷങ്ങൾക്കു മുൻപ് 2015 ജൂൺ മൂന്നിന് ‘നീ ഉനാ മേനോസ്’ (Ni Una Menos) എന്ന കൂട്ടായ്മ രൂപംകൊണ്ടത്. 2015 മെയ് മാസത്തിൽ 14 വയസ്സുകാരിയായ ഷിയാറ പയസ്സിനെ അവളുടെ ആൺസുഹൃത്തായ 16 വയസ്സുള്ള മാനുവൽ മനസ്സില അതിക്രൂരമായി കൊല്ലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ഫെമിനിസ്റ്റുകളും മാധ്യമപ്രവർത്തകരും കലാകാരരും അക്കാദമിക്കുകളും ഒന്നിച്ച്ചേർന്ന് രാജ്യത്തെ ലിംഗപരമായ അക്രമങ്ങൾക്ക് അന്ത്യംകുറിക്കുന്നതിനുവേണ്ടി രൂപീകരിച്ച ബഹുജന കൂട്ടായ്മ ആയിരുന്നു നി ഉന മേനോസ്. അന്ന് ഈ വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട്, പുരുഷാധിപത്യപരമായ അക്രമങ്ങളെ എതിർത്തുകൊണ്ട്, ഇത്തരം അക്രമങ്ങൾക്കെതിരായ എല്ലാ ഇരകൾക്കും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നി ഉന മേനോസ് എന്ന ഈ കൂട്ടായ്‌മ 2015 ജൂൺ മൂന്നിന് വമ്പിച്ച പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്തു. ഞങ്ങൾക്ക് സഹിച്ചു മതിയായി എന്നു പറഞ്ഞുകൊണ്ട് ആയിരക്കണക്കിന് പതിനായിരക്കണക്കിന് സ്ത്രീകൾ അർജന്റിനയുടെ തെരുവുകളിലും ചത്വരങ്ങളിലും അണിനിരന്നു. രാജ്യത്തെ 80 നഗരങ്ങളിൽ പ്രക്ഷോഭം ആളിക്കത്തി. അർജന്റിനയുടെ തലസ്ഥാനമായ ബ്യുണസ് അയേഴ്‌സിൽ രണ്ട് ലക്ഷത്തോളം ജനങ്ങൾ ആണ് അവരുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പ്രകടനത്തിൽ അണിനിരന്നത്. സ്ത്രീകൾക്ക് എതിരായ അക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് അർജന്റീനയിൽ നടന്ന ഏറ്റവും വലിയ പ്രകടനമായി അത് മാറി. അങ്ങനെ ശക്തമായ പ്രക്ഷോഭത്തിലൂടെ ഉടലെടുത്ത നീ ഉന മേനോസ് എന്ന സ്ത്രീപക്ഷ കൂട്ടായ്മ രൂപീകരിക്കപ്പെട്ടിട്ട് 2023 ജൂൺ മൂന്നിന് എട്ടുവർഷം പൂർത്തിയായി.


കഴിഞ്ഞ എട്ടു വർഷങ്ങൾകൊണ്ട് സ്ത്രീകൾക്കും ഭിന്നലിംഗ വിഭാഗങ്ങൾക്കും അവരുടെ സാമൂഹിക പോരാട്ടങ്ങൾക്കുംവേണ്ടി ശക്തമായ നിലപാടെടുത്തുകൊണ്ട് കൂട്ടായ പ്രചരണം നടത്തിക്കൊണ്ട് നീ ഉന മേനോസ് എന്ന പ്രസ്ഥാനം അതിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. ഈ എട്ടു വർഷങ്ങൾ കൊണ്ട് ഈ സംഘടന ബോളിവിയ, എൽ സാൽവദോര്‍, ചിലി, ഗ്വാട്ടിമാല, പരാഗ്വേ, പെറു, ഉറുഗ്വേ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും പ്രബലമായി. ഇവിടങ്ങളിലും പുരുഷാധിപത്യ കടന്നാക്രമണങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാനും ശക്തമായ പോരാട്ടം നടത്തുവാനും ഈ സംഘടനയ്ക്ക് കഴിഞ്ഞു.

2015 മുതലിങ്ങോട്ട് എല്ലാവർഷവും ജൂൺ മൂന്നിന് പെൺഹത്യകൾക്കും പീഡനങ്ങൾക്കും ലൈംഗികമായ അപമാനത്തിനും മറ്റു രൂപത്തിലുള്ള ലൈംഗികമായ അതിക്രമങ്ങൾക്കും എതിരായും, അതേസമയം സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും സാമൂഹിക സാമ്പത്തിക അവകാശങ്ങളിൽ തുല്യത ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ഈ പ്രസ്ഥാനം അർജന്റിനയിലെ നഗരങ്ങളിലൂടനീളം വമ്പിച്ച റാലികൾ സംഘടിപ്പിക്കാറുണ്ട്. 2023ലും ആ പതിവ് തെറ്റിയില്ല. ജൂൺ 3, ശനിയാഴ്ച സ്ത്രീകളും ലെസ്ബിയനുകളും ട്രാൻസ്ജെൻഡറുകളും മറ്റു ലൈംഗിക ദുർബല ലിംഗ വിഭാഗങ്ങളും അണിനിരന്ന പതിനായിരക്കണക്കിന് പേർ അണിനിരന്ന പ്രകടനങ്ങളാണ് അർജൻറീനയുടെ തെരുവുകളിൽ സംഘടിപ്പിക്കപ്പെട്ടത്. പുരോഗമനപരമായ ജെൻഡർ കാഴ്ചപ്പാടോടുകൂടിയുള്ള സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ ജുഡീഷ്യൽ നയങ്ങൾ നടപ്പാക്കണമെന്ന് പ്രകടനത്തിൽ അവർ ആവശ്യപ്പെട്ടു.

ബ്യൂണസ് അയേഴ്‌സിൽ,”We Want To Live,Have Freedom And Be Debt-Free, With This Judiciary Not One Less Is Not Possible” എന്ന് ആലേഖനംചെയ്ത ബാനറിനുകീഴിൽ ആയിരക്കണക്കിന് ഫെമിനിസ്റ്റുകളും എൽജിബിടിക്യുഐ ആക്ടിവിസ്റ്റുകളും ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും സാമൂഹിക പ്രസ്ഥാനങ്ങളിലെയും ട്രേഡ് യൂണിയനുകളിലെയും അംഗങ്ങളും തലസ്ഥാന നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്ന് അർജന്റിനയുടെ നാഷണൽ കോൺഗ്രസിലേക്ക് മാർച്ച് ചെയ്തു. പുരുഷാധിപത്യാധിഷ്ഠിതമായ അക്രമങ്ങൾക്ക് അന്ത്യം കുറിക്കണമെന്നും സാധാരണക്കാരെ, പ്രത്യേകിച്ചും സ്ത്രീകളെ കൂടുതലും ബാധിക്കുന്ന ഐഎംഎഫ് വായ്പയുടെ പ്രത്യാഘാതങ്ങൾക്കു പരിഹാരം കാണണമെന്നും ജെൻഡർ അധിഷ്ഠിത അക്രമങ്ങളുടെ ഇരകൾക്ക് ജുഡീഷ്യൽ സംവിധാനത്തിൽ നേരിടേണ്ടിവരുന്ന വിഷമതകളും തടസ്സങ്ങളും നീക്കം ചെയ്യണമെന്നും ഇതിനെല്ലാം ഉതകുന്ന ഫലപ്രദമായ നയങ്ങൾ നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും രാജ്യത്ത് നേരിടേണ്ടിവരുന്ന കടന്നാക്രമണങ്ങൾക്കെതിരെ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും പുലർത്തുന്ന നിഷ്ക്രിയത്വത്തോടെയുള്ള ജനങ്ങളുടെ ശക്തമായ രോഷപ്രകടനമായി 2020 ജൂൺ മൂന്നിന്റെ റാലികൾ മാറി. തുടർന്നും സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായും നിരന്തരമായും ഇടപെടുവാനും ഇരകൾക്ക് നീതിയുറപ്പാക്കുവാനും ആത്യന്തികമായി പുരുഷാധിപത്യ മൂല്യബോധം നിൽക്കുന്ന വ്യവസ്ഥിതിയെ മാറ്റിമറിക്കുന്നതിനുംവേണ്ടിയുള്ള പ്രവർത്തനങ്ങളും പ്രചരണങ്ങളും നടത്താൻ ഈ നി ഉന മേനോസ് എന്ന ഈ പുരോഗമന സംഘടനയ്ക്ക് കഴിയട്ടെ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × three =

Most Popular