Monday, November 25, 2024

ad

Homeചിത്രകലഅർധനഗ്നതാവിഷ്കാരം ചുവർചിത്രകലയിൽ

അർധനഗ്നതാവിഷ്കാരം ചുവർചിത്രകലയിൽ

ജി അഴിക്കോട്‌

കേരളീയ പരമ്പരാഗത ചുവർചിത്രങ്ങളിലെ സ്ത്രീകഥാപാത്രങ്ങളിൽ ചിലരെ അർധനഗ്നകളായാണ് (മാറുമറയ്ക്കാതെ) ആവിഷ്കരിച്ചിട്ടുള്ളത്. എന്തുകൊണ്ടാണിങ്ങനെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിനൽകാൻ ഈ രംഗത്തെ ചരിത്രകാരരും പണ്ഡിതരും ഗവേഷകരും ഇന്നോളം തയ്യാറായിട്ടില്ല. കേരളീയ സ്ത്രീസൗന്ദര്യത്തെ കാമസൂത്രലക്ഷണവുമായി താരതമ്യംചെയ്ത് വർണിക്കാനാണ് അവർക്കു താൽപര്യം.

‘കേരളീയരുടെ സ്ത്രീസൗന്ദര്യ സങ്കല്പം ചുവർ ചിത്രങ്ങളിലെ സുന്ദരിമാരിൽ പ്രതിഫലിച്ചുകാണാം. പത്മനാഭപുരം കൊട്ടാരത്തിലെ സുന്ദരിമാർ നീണ്ട മുഖത്തോടും ദൃഢശരീരത്തോടും കൂടിയ ലക്ഷണം തികഞ്ഞ ശംഖിനികളാണെങ്കിൽ മട്ടാഞ്ചേരി കൊട്ടാരത്തിലെ സുന്ദരിമാർ ഉരുണ്ട മുലകളും തുടുത്ത ദേഹവുമുള്ള പദ്മിനിമാരാണെന്നു കാണാൻ കഴിയും. നിറവയറും നിതംബഗുരുതയും സൗന്ദര്യലക്ഷണമായാണ് കേരളീയ കലാകാരന്മാർ കണ്ടത്, എന്നാണ് ഡോ. എം.ജി.ശശിഭൂഷൺ ‘കേരളത്തിലെ ചുവർചിത്രങ്ങൾ’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നിട്ടും അർധനഗ്നതാവിഷ്കാരത്തെക്കുറിച്ച് ഒരു സൂചനപോലും നൽകുന്നില്ല.


മുകളിൽ സൂചിപ്പിച്ച പത്മനാഭപുരം കൊട്ടാരത്തിലെ ചിത്രങ്ങളിലൊന്നായ വേണുഗോപാലം പാനലിലെ സുന്ദരിമാരും മട്ടാഞ്ചേരി ഡച്ച് പാലസിലെ ചിത്രങ്ങളിലൊന്നായ പാർവതി ചമയത്തിലെ പാർവതിയും തോഴിമാരും മുലക്കണ്ണുപോലും മറയ്ക്കാത്ത അർധനഗ്നകളാണ്. ഇവയെല്ലാം കണ്ടിട്ടും കണ്ടതായിപ്പോലും നടിക്കാതെയുള്ള പരാമർശങ്ങളാണവ.

കേരളത്തിലെ മുഖ്യധാരാ പെയിന്റിംഗുകളുടെ ആരംഭം 15‐-ാം നൂറ്റാണ്ടുമുതലാണ്. അതിനുമുമ്പ് തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിലെയും ചീറുമ്പകാവിലെയും ചുവർ ചിത്രങ്ങളും കളമെഴുത്തുമാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഈ കാലഘട്ടങ്ങളിലെ കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ മാത്രം മതി പരമ്പരാഗത ചുവർചിത്രങ്ങളിലെ അർധനഗ്നതാവിഷ്കാരത്തിന്റെ പൊരുൾ കണ്ടെത്താൻ.


സ്വാതിതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് (1829‐-1847) രാജാവിനുവേണ്ടി നാട്ടിൽ ഭരണം നടത്തിയിരുന്നത് ഭൂഉടമകളായ സവർണമേധാവികളും മാടമ്പി തമ്പുരാക്കന്മാരുമായിരുന്നു. അയിത്തവും അനാചാരവും എങ്ങും കൊടികുത്തിവാണിരുന്നു. ഈഴവർ, നാടാർ, പറയർ തുടങ്ങിയ പതിനെട്ടോളം പിന്നാക്ക അയിത്തജാതിക്കാർ മേലാളരുടെ അടിമകളായിരുന്നു. വളർത്തുമൃഗങ്ങൾക്കുള്ള പരിഗണനപോലും ഈ മനുഷ്യക്കോലങ്ങൾക്കു ലഭിച്ചിരുന്നില്ല. ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അടിമകളായി ഇക്കൂട്ടരെ കയറ്റിയയ്ക്കുന്ന പതിവും നിലവിലുണ്ടായിരുന്നു. ഭരണാധികാരികൾ അയിത്തജാതിക്കാരുടെമേൽ അടിച്ചേൽപ്പിച്ചിരുന്ന നികുതി സമ്പ്രദായം അതിക്രൂരവും വിചിത്രവുമായിരുന്നു. വിവാഹം കഴിക്കണമെങ്കിൽ താലിക്കരം, പശുമുതൽ പട്ടിവരെയുള്ള മൃഗങ്ങളെ വളർത്തണമെങ്കിൽ മാട്ടുക്കരം, അപ്രകാരം തറി, വള്ളം, വല, മൺവെട്ടി, അരിവാൾ തുടങ്ങിയ പണിയായുധങ്ങൾക്കുപോലും പ്രത്യേകം പ്രത്യേകം നികുതി കൊടുക്കണമായിരുന്നു.


ഇതുപോലെ അവർണ സമുദായത്തിലെ സ്ത്രീകൾ സവർണ സമുദായത്തിലെ സ്ത്രീകളെപ്പോലെ വസ്ത്രംധരിക്കാനും മുട്ടിനുതാഴെ മുണ്ട് ഉടുക്കാനും പാടില്ലായിരുന്നു. ഇതിനെ ധിക്കരിച്ചുകൊണ്ട് ആരെങ്കിലും റൗക്കയോ മേൽമുണ്ടോ ധരിച്ചുകൊണ്ട് പൊതുവീഥിയിലൂടെ നടന്നാൽ സവർണരുടെ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു. റൗക്ക ധരിച്ചുകൊണ്ട് പൊതുവഴിയിലൂടെ പോകുന്ന സാധുക്കളായ സ്ത്രീകളെ സവർണഹിന്ദുക്കളും അവരുടെ ഗുണ്ടകളും ചേർന്ന് തടഞ്ഞുനിർത്തി ബലംപ്രയോഗിച്ച് ചട്ട വലിച്ചൂരി ദേഹോപദ്രവമേൽപ്പിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. പൊതുനിരത്തിൽ വച്ച് സ്വന്തം അമ്മപെങ്ങന്മാരെ പരസ്യമായി അപമാനിക്കുന്നതിൽ പ്രകോപിതരായി തടയാനെത്തുന്ന പുരുഷന്മാരെ മാരകമായി മർദ്ദിക്കുകയും രാജകിങ്കരന്മാരുടെ കുതിരകളെക്കൊണ്ട് ദാരുണമായി ചവിട്ടിമെതിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിവരെ രാജഭരണത്തിൻ കീഴിൽ കേരളത്തിൽ നടമാടിയിരുന്ന സവർണ മേധാവിത്വത്തിന്റെ, സാമൂഹ്യ അനീതിയുടെ സംക്ഷിപ്തരൂപമാണിത്. ഇതിന്റെ പ്രതിഫലനമാണ് പരമ്പരാഗത കേരളീയ ചുവർചിത്രങ്ങളിലെ അർധനഗ്നതാവിഷ്കാരം. ഓരോ ദേശത്തും അത് നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളും വസ്ത്രധാരണരീതികളും അവിടത്തെ കലാസൃഷ്ടികളിൽ പ്രതിഫലിക്കും എന്നതാണ് ചരിത്രസത്യം.


ഇത് കേരളീയ പരമ്പരാഗത ചുവർചിത്രങ്ങളുടെമാത്രം കഥയല്ല. പ്രാകൃത കലയിൽ ഉദയംചെയ്ത കളമെഴുത്തിലും രവിവർമച്ചിത്രങ്ങളിലും ആധുനിക കാലഘട്ടത്തിലെ കെ.സി.എസ്. പണിക്കരുടെ ആദ്യകാലചിത്രങ്ങളിലും അർധനഗ്നതാവിഷ്കാരങ്ങളുണ്ട്.

കേരളത്തിലെങ്ങും സാരി വസ്ത്രമായി മാറാത്ത കാലത്താണ് രവിവർമ തന്റെ നായികമാർക്ക് സാരി നൽകിയത്. കേരളത്തിലെ കൊട്ടാരസ്ത്രീകൾ പോലും അണിഞ്ഞിരുന്നത് വേഷ്ടിയും ഉത്തരീയക്കെട്ടും റൗക്കയുമായിരുന്നു. ഇന്നത്തെ രീതിയിലുള്ള ഇറക്കം കുറഞ്ഞ ബ്ലൗസ് ഭാരതത്തിൽ അക്കാലത്ത് പ്രചരിച്ചിരുന്നില്ല. എന്നിട്ടും സ്ത്രീത്വത്തിനുചേരുന്ന ഭംഗിയുള്ള വേഷം സാരിയാണെന്ന് രവിവർമ വിശ്വസിച്ചു. ഒരുനൂറ്റാണ്ട് മുമ്പ് രചിച്ച സീതയുടെയും ദ്രൗപതിയുടെയും വേഷം ഇന്നും പുതുതായി നിൽക്കുന്നു. രവിവർമ പ്രചാരം നൽകിയ ഈ വേഷം കാലാന്തരത്തിൽ ഭാരതത്തിലെ പൊതു വസ്ത്രധാരണരീതിയായി സ്വീകരിക്കുകയായിരുന്നു.

ഇത്തരത്തിൽ ആർഷഭാരത സംസ്കാരസ്‌ത്രോതസ്സുകളായ പുരാണേതിഹാസങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള സ്ത്രീകഥാപാത്രങ്ങളെ ബ്ലൗസും സാരിയും അണിയിച്ച് അവതരിപ്പിച്ച് പ്രശംസപിടിച്ചുപറ്റിയ രാജാരവിവർമ അവർണസ്ത്രീകളെ അർധനഗ്നകളായാണ് രൂപകൽപന ചെയ്തിട്ടുള്ളത്. അദ്ദേഹം 1890ൽ വരച്ചതും വഡോദരയിലെ മഹാരാജാ ഫത്തേസിംഗ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളതുമായ ശന്തനുവും മത്സ്യകന്യകയും എന്ന വിഖ്യാത എണ്ണച്ചായാ ചിത്രം ഒരു ഉദാഹരണമാണ്. ഇതിൽ ശന്തനു രാജകീയവേഷത്തിലും മുക്കുവസ്ത്രീയായ മത്സ്യഗന്ധി അരയ്ക്കുമുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കാത്ത പാതി അനാവൃതയുമാണ്. രവിവർമയുടെ മറ്റൊരുചിത്രമായ കൊയ്ത്തുകാരിയും അർധനഗ്നയാണ്. രാജാരവിവർമയുടെ സഹോദരി മംഗളാബായി തമ്പുരാട്ടി വരച്ചതും തിരുവനന്തപുരം ശ്രീചിത്രാ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നതുമായ ഭിക്ഷക്കാരിയും അർധനഗ്നയാണ്.


രാജാരവിവർമ ഉന്നതകുലജാതനും ക്ഷത്രിയനുമായതുകൊണ്ടല്ല, അക്കാലത്തെ സാമൂഹ്യ പശ്ചാത്തലവും ജനജീവിതവും നാട്ടുനടപ്പും അതായിരുന്നു. അതിനു വിപരീതമായി സവർണസ്ത്രീകഥാപാത്രങ്ങൾക്കു സമാനം മത്സ്യഗന്ധിയെയും കർഷകസ്ത്രീയെയും മേൽവസ്ത്രം കൂടി അണിയിച്ചിരുന്നെങ്കിൽ 1910 സെപ്റ്റംബർ 26 ന് കേസരി എ ബാലകൃഷ്ണപിള്ളയെ നാടുകടത്തിയതുപോലെ രാജ്യദ്രോഹക്കുറ്റം ചുമത്തി രാജാരവിവർമയെയും കാരാഗൃഹത്തിൽ അടയ്ക്കുമായിരുന്നു.

സാമൂഹികമായി നിലനിന്ന ക്രൂരതയും അസമത്വവും അധികകാലം നിലനിന്നില്ല. ക്രിസ്ത്യൻ മിഷണറിമാരുടെ ശ്രമഫലമായി അവർണസ്ത്രീകൾക്ക് സാമാന്യവിദ്യാഭ്യാസം ലഭിച്ചുതുടങ്ങിയതോടെ അവർ സംഘടിക്കാനും സമനീതിക്കുവേണ്ടി പൊരുതാനും ആരംഭിച്ചു. അയിത്തജാതിക്കാരുടെ ആത്മാഭിമാനം പരിരക്ഷിക്കുന്നതിനുവേണ്ടി നടന്ന ഈ സമരം വൈകുണ്ഠസ്വാമിയുടെ ആഹ്വാനപ്രകാരം 1823 മേയ് മാസത്തിൽ കൽക്കുളത്തു നിന്നും ആരംഭിച്ചു.

അവർണ സ്‌ത്രീകൾക്ക്‌ മാറുമറയ്ക്കുന്നതിനുള്ള അവകാശത്തിനുവേണ്ടി നടന്ന സമരത്തെ പോലീസും പട്ടാളവും കരപ്രമാണിമാരും ചേർന്ന് അടിച്ചൊതുക്കാൻ ശ്രമിച്ചു. നാട്ടിലുടനീളം കൊള്ളയും കൊള്ളിവയ്‌പും നടന്നു. ഗ്രാമങ്ങൾ അഗ്നിക്കിരയാക്കി. ഒട്ടനവധി പിന്നോക്കക്കാരെ അതിദാരുണമാംവിധം കൊന്നൊടുക്കി.

ഇത്തരത്തിൽ പീഡിതരും നിന്ദിതരുമായ ഇന്ത്യൻ സ്ത്രീവർഗത്തിനാകമാനം വിധിക്കപ്പെട്ട പാതി അനാവൃതത്വത്തിനെതിരെ പടപൊരുതാനിറങ്ങിയത് തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ (നാടാർ) സ്ത്രീകളാണ്. ഇവിടെ ക്രിസ്ത്യൻ മിഷണറി സംഘടനകളുടെ പ്രവർത്തന ഫലമായി ചാന്നാർ സമുദായത്തിലെ ധാരാളംപേർ ക്രിസ്ത്യാനികളായതാണ് കാരണം. അതോടെ അവർക്കു ലഭ്യമായ സാമാന്യവിദ്യാഭ്യാസവും സാമൂഹ്യബോധവും അവരിൽ മറ്റ് സ്ത്രീകളെപ്പോലെ ചട്ടധരിച്ച് മാറ് മറച്ചു നടക്കാനുള്ള അവകാശബോധമുണ്ടാക്കി. എന്നാൽ ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകൾ പോലും മാറുമറയ്ക്കാൻ പാടില്ലെന്നായിരുന്നു സവർണ ഹിന്ദുക്കളുടെ പിടിവാശി നെടുനാളായി ഹൈന്ദവരിൽ നിന്നും ഹിന്ദുക്കളുടെ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന തിക്താനുഭവങ്ങളിൽനിന്ന് നേരിയ മോചനത്തിന്റെ ആശ്വാസം അനുഭവിച്ചുതുടങ്ങിയ ഈ പരിവർത്തിത ക്രിസ്ത്യൻ വനിതകൾ യാഥാസ്ഥിതിക ഹിന്ദുക്കളുടെ ശാഠ്യത്തിനു വഴങ്ങാതായി.

തങ്ങൾ തുടക്കംകുറിച്ച ഈ അവകാശസമരത്തിന്‌ അന്ത്യംകുറിക്കും വരെ പിന്തിരിയില്ലെന്ന പ്രതിജ്ഞയോടെ ഈ വനിതകൾ മുന്നോട്ടുഗമിക്കുമ്പോൾ ലഹള കൂടുതൽ വ്യാപകമായിക്കൊണ്ടിരുന്നു. ഇവരുടെ ദയനീയാവസ്ഥയിൽ ദൈവദൂതരെപ്പോലെ സഹായഹസ്തങ്ങളുമായെത്തിയ മിഷണറിമാരുടെ ധാർമ്മികവും മാനുഷികവുമായ പള്ളികളും പള്ളിക്കൂടങ്ങളും സവർണഹിന്ദുക്കൾ തീവച്ചുനശിപ്പിച്ചു. സ്വാഭാവികമായുണ്ടായ ചെറുത്തുനിൽപ്പിലും തിരിച്ചടിയിലും എരിതീയിലെണ്ണയെന്നോളം ലഹള ആളിപ്പടരുകയായിരുന്നു.

ലഹള നിയന്ത്രണാതീതമായതോടെ 1813ൽ തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോ ക്രിസ്ത്യൻ ചാന്നാർ സ്ത്രീകൾക്ക് ചട്ടധരിക്കാനുള്ള അവകാശം അനുവദിച്ചുകൊണ്ട് വിളംബരം പ്രഖ്യാപിച്ചു. എന്നാൽ സവർണസ്ത്രീകളെപ്പോലെ മേൽമുണ്ട് ധരിക്കാൻ പാടില്ലെന്നും വിളംബരത്തിൽ അടിവരയിട്ട് വിലക്കിയിരുന്നു.

ഭാഗികമായ ഈ പ്രഖ്യാപനത്തിൽ സംപ്രീതരാകാത്ത ചാന്നാർ സ്ത്രീകൾ ഹിന്ദു-ക്രിസ്ത്യൻ വേർതിരിവില്ലാതെ റൗക്കയും ഉത്തരീയവും ധരിച്ചുതുടങ്ങിയതോടെ ലഹളയ്ക്ക് പുതിയ രൂപവും ഭാവവും കൈവന്നു. അക്രമവും പ്രത്യാക്രമണവുമായി ലഹള വർഷങ്ങളോളം നീണ്ടുനിന്നു. 1829ൽ തിരുവിതാംകൂർ ഗവൺമെന്റിന്റെ ഒരു രാജകൽപന വിളംബരം ചെയ്യപ്പെട്ടു. ചട്ട ധരിക്കുന്നതിനുപുറമെ മേൽമുണ്ടുകൂടി ധരിക്കുന്നത് തിരുവിതാംകൂറിലെ ആചാരമര്യാദകളുടെ ലംഘനമാണെന്നും അതിനാൽ ചാന്നാർ സ്ത്രീകൾ ഉന്നതകുലജാതരെപ്പോലെ ഉത്തരീയം ധരിക്കാൻ പാടില്ലെന്നും ആ വിളംബരത്തിൽ അസന്ദിഗ്ധമായി വ്യക്തമാക്കപ്പെട്ടു.

ഈ വിളംബരത്തെ തൃണവൽഗണിച്ചുകൊണ്ട് ലഹള വീണ്ടും 19 വർഷത്തോളം നീണ്ടുനിന്നു. 1858ൽ അന്നത്തെ ദിവാനായിരുന്ന മാധവറാവു അസ്വസ്ഥബാധിത പ്രദേശങ്ങൾ നേരിൽ സന്ദർശിച്ച് സംഭവങ്ങളുടെ നിജസ്ഥിതി രാജാവിനെ ബോധ്യപ്പെടുത്തി. അതോടെ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കുന്നതിന് അനുമതി നൽകിക്കൊണ്ട് 1859 ജൂലൈ 26-ാം തീയതി തിരുവിതാംകൂർ ഗവൺമെന്റ് ഒരു രാജകീയ വിളംബരം പ്രസിദ്ധപ്പെടുത്തി. അങ്ങനെ 36 വർഷം നീണ്ടു നിന്ന ഐതിഹാസികമായ സമരം അവസാനിച്ചെങ്കിലും വടക്കൻകേരളത്തിൽ പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ ഈ അനീതിക്ക് അറുതിയുണ്ടായില്ല. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുവോളം ഈ രീതി തുടർന്നതിനു തെളിവാണ് കെ.സി.എസ്. പണിക്കരുടെ ആദ്യകാലചിത്രങ്ങൾ.

1941ൽ ആരംഭിക്കുന്ന ഒരുദശകമാണ് കെ.സി.എസ് പണിക്കരുടെ കലോപാസനയുടെ പ്രഥമഘട്ടം. അദ്ദേഹത്തിന്റെ ജലച്ചായ ചിത്രങ്ങളിൽ സിംഹഭാഗവും ഈ ഘട്ടത്തിലുള്ളതാണ്. തനിക്ക് സ്വായത്തമാക്കാനായ സാങ്കേതിക പരിജ്ഞാനവുമായി പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഏറനാടൻ ഗ്രാമങ്ങളുടെ നൈസർഗികത അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചിരുന്നു. തോടും തൊടികളും പുഴയും വഞ്ചിക്കടവും നിറഞ്ഞ ഗ്രാമീണദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ആദ്യകാലരചനകളിൽ സ്ഥാനം പിടിച്ചു. മറക്കുടകളിലൊതുങ്ങുന്ന ആത്തേമ്മമാരും കേവുവഞ്ചിയിൽ തൊപ്പിക്കുടകളണിഞ്ഞ യാത്രക്കാരും അർധനഗ്നകളായ കർഷകസ്ത്രീകളും ഈ കാലഘട്ടത്തിലെ രചനകളാണ്.

ഭക്ത (1955), നെല്ലുകുത്തുന്നവർ (1955) എന്നീ ചിത്രങ്ങളാണ് അർധനഗ്നതാവിഷ്കാരങ്ങൾ. ഈ കാലഘട്ടത്തിൽ അദ്ദേഹം വരച്ച മറക്കുടയിലൊതുങ്ങുന്ന സ്ത്രീകൾ മേൽമുണ്ട് മൂടിപ്പുതച്ചിരിക്കുന്നതായും കാണാം.

കെ.സി.എസ്. പണിക്കരുടെ ശിഷ്യനും എം.വി.ദേവന്റെ സഹപാഠിയുമായ തൃക്കടീരിമനയിൽ ജാതവേദൻ നമ്പൂതിരിപ്പാടിന്റെ (1928-–1984) ആദ്യകാല ചിത്രങ്ങളിലും അർധനഗ്നതാവിഷ്കാരങ്ങളുണ്ട്. വരച്ച വർഷം അടയാളപ്പെടുത്തിയിട്ടില്ലാത്ത ‘തൈരുകടയുന്ന സ്ത്രീ’ എന്ന ചിത്രം ഉദാഹരണമാണ്. ഇത്തരത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിവരെയുള്ള കാലഘട്ടത്തിലെ കേരളീയ ചിത്രകലയിൽ അവർണ സമുദായത്തിലെ സ്ത്രീകളെ അർധനഗ്നകളായാണ് ആവിഷ്കരിച്ചിരിക്കുന്നത്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − 2 =

Most Popular