Sunday, September 8, 2024

ad

Homeചിത്രകലസജീവമാകുന്ന സർഗാത്മക ബാല്യം

സജീവമാകുന്ന സർഗാത്മക ബാല്യം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ധ്യവേനലവധിക്കാലത്ത്‌ സംസ്ഥാനത്തുടനീളം സാംസ്‌കാരിക സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും സംഘടനകളും ലൈബ്രറികളുമടക്കം കുട്ടികൾക്കായി അവധിക്കാല ക്യാമ്പുകളും ക്ലാസുകളും സംഘടിപ്പിക്കുകയുണ്ടായി. പ്രത്യേകിച്ച്‌ തിരുവനന്തപുരം ജില്ലയിൽ ഗ്രാമപ്രദേശങ്ങളിലടക്കം നൂറിലധികം ഇത്തരം ക്ലാസുകളാണ്‌ ഒരുക്കിയത്‌. പലയിടത്തും സമാപനവേളയിൽ ചിത്ര‐ശിൽപ പ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു എന്ന സവിശേഷതയുമുണ്ട്‌. ഒറ്റപ്പെട്ട ചില ക്ലാസുകൾ ചടങ്ങിനായിപ്പോവുമെങ്കിലും ഭൂരിഭാഗവും കുട്ടികൾക്ക്‌ പ്രയോജനപ്രദമാകുന്ന രീതിയിൽതന്നെയാണ്‌ സംഘടിപ്പിക്കുന്നത്‌.


കുട്ടികളിൽ സർഗാത്മകശേഷി വർധിപ്പിക്കാൻ ഈ ക്ലാസുകൾ എത്രമാത്രം സഹായിക്കുമെന്ന്‌ ചിന്തിക്കുമ്പോൾ പൊതുവായി പഠനത്തിന്‌ പൂർണത പകരാൻ സഹായിക്കുന്ന ചില ഘടകങ്ങളാണ്‌ മനസ്സിൽ വരിക. ഒന്ന്‌, പഠനത്തിന്‌ ഏകാഗ്രതയുണ്ടാവുക. രണ്ട്‌, പഠനം പ്രസാദാത്മകമാക്കുക. മൂന്ന്‌, കാണുന്ന കാഴ്‌ചയിലൂടെ സ്വപ്‌നം കാണാനും സർഗാത്മകമായി ചിന്തിക്കാനുമുള്ള മനസ്സ്‌ സ്വരൂപിക്കുക. നാല്‌, പരന്ന വായനയിലൂടെ വിവരസാങ്കേതികവിദ്യയിൽ വൈദഗ്‌ധ്യം നേടുക. മേൽ സൂചിപ്പിച്ച ഘടകങ്ങൾ കലയും കളിയുമായി ഇഴചേർത്തുകൊണ്ടാണ്‌ പലയിടത്തും അവധിക്കാല ക്ലാസുകൾ രൂപകൽപന ചെയ്‌തിട്ടുള്ളത്‌. കുട്ടികളിൽ ചിന്താശക്തിയും ഇച്ഛാശക്തിയും വളർത്തുന, സർഗാത്മകത വികസിപ്പിക്കുന്ന പ്രസക്തവും പ്രയോജനപ്രദവുമായ സാധ്യതകൾ ഈ ക്ലാസുകളിൽനിന്ന്‌ ലഭിക്കുന്നു. പുസ്‌തകങ്ങളിലെ അറിവിനോടൊപ്പം പ്രായോഗികതയും പരിസ്ഥിതിബോധവും സാമൂഹിക ഉത്തരവാദിത്വവും പഠിക്കുന്നുവെങ്കിലും പരിശീലനവും അത്യാവശ്യമാണ്‌. ഇത്തരം കൂട്ടായ്‌മകളിൽ ഇടപ്പെട്ടുകൊണ്ടുമാത്രമേ പ്രായോഗികപരിചയവും പരിശീലനവും അവർക്ക്‌ ലഭ്യമാകൂ. അതൊക്കെച്ചേരുന്ന സർഗാത്മകബാല്യമാണ്‌ സമൂഹത്തിനാവശ്യം.

പരിസ്ഥിതിയെ അറിയുന്ന കുട്ടിക്ക്‌ ചിത്രകലയുമായി ബന്ധപ്പെട്ട വിപുലമായൊരു വർണലോകമാണ്‌ മുന്നിലുള്ളത്‌. വീടിന്‌ പുറത്തേക്കു നോക്കിയാൽ എങ്ങും പച്ചപ്പാണ്‌. വിശാലമായ പച്ചയുടെ നിറക്കാഴ്‌ച. പക്ഷേ പച്ചയുടെ ഒരു നിറമാണോ അവിടെ കാണുന്നത്‌. നൂറിലധികം പച്ചയുടെ ടോണുകൾ/ഷേഡുകൾ അവിടെ കാണാനാവും. ഈ ഒരു നിറത്തിന്റെതന്നെ വൈവിധ്യം തിരിച്ചറിയാൻ കുട്ടികൾക്ക്‌ കഴിയണം. താഴെ വീണുകിടക്കുന്ന ഇലകളിൽ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളാണ്‌ കാണാനാവുക. ഇതൊക്കെ നിരീക്ഷണപാടവത്തോടെ കുട്ടികൾ മനസ്സിലാക്കേണ്ടതാണ്‌. ഓരോ ചെടിയുടെയും ഇലയുടെ രൂപമാതൃകകൾ, പ്രത്യേകതകൾ (പരിസ്ഥിതിയുടെയും ഒരു നിറത്തിന്റെയും പ്രത്യേകതകൾ സൂചിപ്പിക്കാൻ ഒരുദാഹരണം എടുത്തുകാട്ടിയെന്നേയുള്ളൂ). ഇതൊക്കെ മനസ്സിലാക്കിയിട്ടും പഠിച്ചിട്ടും വലിയ ചിത്രകാരനാകുന്നതിനപ്പുറം പഠനത്തിന്‌ പൂർണത പകരാനും ജീവിതത്തിന്റെ മുന്നോട്ടുപോക്കിന്‌ ഊർജമേകാനും ഇതാവശ്യമാണെന്നാണ്‌ സൂചിപ്പിച്ചത്‌.


ജീവിതത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്ന പ്രക്രിയ കലയിലൂടെയാണ്‌ നടക്കുക. അതുകൊണ്ടാണ്‌ കുട്ടികളിലെ മുതിർന്നവരായാലും അവരുടെ സർഗശേഷിയെ മെച്ചപ്പെടുത്താൻ കലാപഠനം, കലാസ്വാദനം എന്നിവ അനിവാര്യമാകുന്നത്‌. കുട്ടികൾക്ക്‌ ഇതിലേക്കുള്ള വഴിതുറക്കുന്നത്‌ ഒരു പരിധിവരെ വായനയിലൂടെയാണ്‌. മറ്റൊന്ന്‌ കാഴ്‌ചാനുഭവങ്ങളിലൂടെയും. അവധിക്കാല ക്യാമ്പുകളിൽ നടന്ന ചിത്ര‐ശിൽപ പ്രദർശനം ഇതിനോട്‌ ചേർത്തുവയ്‌ക്കാവുന്ന ആശയമാണ്‌. ഈ ആശയം അൽപം വിപുലപ്പെടുത്തിക്കൊണ്ടാണ്‌ എല്ലാ സ്‌കൂളുകളിലും ആർട്ട്‌ ഗ്യാലറികൾ സ്ഥാപിക്കുക എന്ന ആശയം സാംസ്‌കാരികവകുപ്പ്‌ മുന്നോട്ടുവച്ചത്‌. ലളിതകലാ അക്കാദമിയുടെ ശ്രമത്തിൽ ചില സ്‌കൂളുകളിൽ ഇത്‌ തുടങ്ങിവെച്ചുവെങ്കിലും പൂർണതോതിൽ പ്രാവർത്തികമായിട്ടില്ല. കുട്ടികൾ വരയ്‌ക്കുന്ന ചിത്രങ്ങളിൽനിന്ന്‌ തിരഞ്ഞെടുത്ത ചിത്രങ്ങൾ (പഠനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുക്കാം) ഗ്യാലറിയിൽ പ്രദർശിപ്പിക്കാം. രണ്ടോ മൂന്നോ മാസങ്ങൾക്കുശേഷം മറ്റ്‌ കുട്ടികളുടെ ചിത്രങ്ങളും മാറ്റി പ്രദർശിപ്പിക്കാം. ചിത്ര‐ശിൽപ കലാചരിത്രം, കലാശൈലികൾ, പ്രസ്ഥാനങ്ങൾ, വിശ്വോത്തര ചിത്ര‐ശിൽപകാരർ, അവരുടെ രചനകൾ പരിചയപ്പെടുത്തുംവിധമുള്ള ചിത്രങ്ങളും ഗ്യാലറിയിൽ പ്രദർശിപ്പിക്കാം. ഇതുവഴി ചിത്ര‐ശിൽപകലാ രംഗത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിലെത്തിക്കാൻ ചെറിയൊരളവുവരെയെങ്കിലും.സഹായിക്കും. പുതിയ കുട്ടികൾക്ക്‌ ആ വഴിക്ക്‌ ചിന്തിക്കുവാനുള്ള പ്രേരണ നൽകും. അതിനെല്ലാമുപരി വഴിതെറ്റുന്ന ചിന്തകളിൽനിന്ന്‌ കുട്ടികളുടെ മനസ്സിൽ കലയുടെ വെളിച്ചം പകർന്നുനൽകാനും കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × four =

Most Popular